Aksharathalukal

അമ്മ

മാതൃസ്നേഹത്തിന്റെ മാറിലെ ചൂടേറ്റ്..
 താരാട്ട് കേട്ട് ഉറങ്ങേണ്ട പ്രായത്തിൽ

മെല്ലെ തലോടുവാൻ താളം പിടിക്കുവാൻ 
അമ്മയില്ലാത്തൊരു പാഴ്ജന്മമായ് ഞാൻ.

അമ്മിഞ്ഞപ്പാലിന്റെ രുചിയെന്തന്നറിയില്ല
ആറ്റുനോറ്റുണ്ടായ തങ്കക്കുടമല്ല
അറിയാതെ കിട്ടിയ പാപക്കറയാവാം....?

വഴി വക്കിലെങ്ങോ കളഞ്ഞിട്ടു പോയി
വിറയാർന്ന കൈകളാൽ എന്നെ അമ്മ..!

പാഴ്ച്ചെടിക്കുള്ളിലെ കുഞ്ഞു ഞരക്കങ്ങൾ
   തെല്ല് നേരം നോക്കി നിന്നുവോ അമ്മ     
      
കുഞ്ഞിളം കവിളിൽ മുത്തം കൊടുക്കുവാൻ
പിൻ തിരഞ്ഞ് ഒരുവേള നിന്നുവോ  അമ്മ
           
അധരത്തിൽ അമ്മിഞ്ഞപ്പാല് പകരുവാൻ
കല്ലിച്ച മാറിടം വിറകൊണ്ട് നിന്നുവോ....!

വിശ്വാസമർപ്പിച്ചു മനസ്സാ വരിച്ചവൻ
ബീജം കൊടുത്ത് കടന്നു കളഞ്ഞുവോ...?

ഇരുൾ വീണ വഴിവക്കിൽ തനിച്ചായ നേരത്ത്
ഇരുട്ടിന്റെ സന്തതികൾ കടന്നാക്രമിച്ചുവോ..?

അറിയില്ല എനിക്കെന്റെ പിറവിക്കു പിന്നിലെ
അറിയപ്പെടാത്ത മഹാരഹസ്യം...!

നെറിയില്ലാ ലോകത്ത് ഞാൻ തനിച്ചാകുവാൻ
കാരണം നീ മാത്രമല്ലെന്നറിയുന്നു..

ഇല്ല തരിമ്പും വെറുപ്പെനിക്കമ്മേ
ഉള്ള കാലത്തോളം സ്നേഹം മാത്രം.....!