ആർക്കെന്തു നേടുവാൻ?
മുഖംമൂടി അണിയുന്ന മാന്യതേ,
മലയാളി മനസ്സിന്റെ ജീർണതേ;
മന്ത്രവും തന്ത്രവും ലഹരിയും
മോഷണം മിഥ്യാഭിമാനവും
കാമവും ചൂതും മദിര, മദിരാക്ഷിയും
ധ്യാനിച്ചുറങ്ങുന്ന ക്രൂരതയാണു നീ!
നിന്റെ മനസ്സിനെ വിലയിട്ടെടുക്കുവാൻ
നിൻമനശ്ശാസ്ത്രം പഠിച്ച കുബുദ്ധികൾ,
ലഹരിയും കാവ്യവും നീളൻ കഥകളും
നിന്നെ ഭ്രമിപ്പിച്ച നഗ്ന ചിത്രങ്ങളും
കോരി വിളമ്പുന്ന വേദിയൊരുക്കിനിൻ,
ചടുലതാളത്തിലെ മനസഞ്ചലനത്തിന്നു
വർണവും വാദ്യവും മായാദ്യുതികളും
സർവം മയക്കുന്ന സ്വപ്നശില്പങ്ങളും
വിരചിച്ചു കാത്തു കാത്തങ്ങിരിക്കുന്നു!
മന്ത്രവാദത്തിനും ലഹരി മരുന്നിനും
രതിനൃത്ത ദർശനസുഖലാളനത്തിനും
അർത്തനായ് ദാഹിച്ചു കേഴുന്ന
സ്വർഗീയ സാക്ഷര മലയാളി വൃന്ദമേ;
ശുദ്ധ തട്ടിപ്പാണ്, നിങ്ങളും ഞാനും
തൂലിക ചാററലും ജ്ഞാന, വിജ്ഞാന
വൈയാകരണ ചർച്ചയും!
സർവജ്ഞ പീഠത്തിൽ ഗർവാണ്ടിരിക്കുവാൻ
സാധ്യായ മാർഗം ചരിക്കുന്ന
പണ്ഡിത ശ്രേഷ്ഠരും!
മൂടുവാൻ, പൊയ്മുഖം കാട്ടുവാൻ
ദാന,ദയാ, വാത്സല്യ പൂരം നടിക്കുവാൻ
പുത്തനുടുപ്പിട്ട കാപട്യ ഹൃത്തമേ
ഒന്നു ചിന്തിക്കുക,
ഒന്നു ചോദിക്കുക;
ആർക്കാണെഴുത്തുകൾ...
ആർക്കന്തു നേടുവാൻ...
അർഥം നശിച്ചൊരു
ശീലിനെ വാഴ്ത്തി നാം?
അറിയാതെ കൈയിലെ
തൂലികത്തുമ്പുകൾ
പെറ്റിട്ട കുഞ്ഞിനെ
ഒരുനോക്കു നോക്കാതെ,
അക്ഷര വീഥിക്കരുകിൽ
കളിക്കുന്ന ബാല്യത്തെ,
അല്പം തിരിഞ്ഞൊന്നു
നോക്കിച്ചിരിക്കാതെ...
പേനയിൽ കൊടികെട്ടി
പായുന്നു നിത്യവും?
എങ്ങോട്ട് എന്തിന്
ആരിലേക്കെത്തുവാൻ,
എന്തോന്നെഴുതുവാൻ?
വർഷിക്കൊരായിരം പൊൻ പണം
വാക്കിന്റെ മാന്ത്രികക്കാടു നിർമിച്ചതിൽഘോരവ്യാഘ്രങ്ങളെ പോറ്റി വളർത്തുന്ന നിർമമത്വത്തിന്റെ, കാവൽ ഭൂതങ്ങളേ;വർഷിക്ക, നിങ്ങളൊരായിരം പൊൻ പണം!നാടിനെ വെട്ടിപ്പകുത്തു കൊടുക്കുവാൻ,ചിന്തയിൽ കാകോള ധൂമം നിറയ്ക്കുവാൻ, തീതുപ്പുമായുധ ശേഖരം വാങ്ങുവാൻ,മന്ത്രാക്ഷരങ്ങളേ സ്വർണം പൊഴിക്കുക!മണ്ണിലെക്കാടിന്റടിവേരറുത്തുംഹൃത്തിലെക്കാട്ടിൽ വസന്തം നിറച്ചുംമാന്ത്രികക്കാന്തിയിൽ ചതിക്കൂടൊരുക്കിവാഴ്ത്തുന്ന ശീലിന്നു താളം പിടിക്കാം!