Aksharathalukal

അവിടെ ഞങ്ങൾക്കൊരു വീടുണ്ടായിരുന്നു..

ശാന്തമായൊഴുകുന്ന പുഴയെ നോക്കി ആ കടവത്ത് തന്നെ ഞാനിരുന്നു. ഇതിപ്പോ ഒരു മണിക്കൂറിലേറേയായി ഈ ഇരുപ്പ് തുടങ്ങിയിട്ട്. പുഴയിലിപ്പോൾ വെള്ളം കുറവാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഞങ്ങളുടെ ഗ്രാമമാകെ പരന്നൊഴുകിയതിന്റെ പാടുകൾ ഇവിടെ പുഴയുടെ തിണ്ടുകളിലും, പിന്നെ ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും കാണാം. അതൊരു ഭീതി നിറഞ്ഞ ഓർമ്മ തന്നെയാണ്. എല്ലാം അവസാനിച്ചെന്ന് ഓരോരുത്തരെയും തോന്നിപ്പിച്ച നാളുകൾ. ജാതിയും, മതവും, പണവും, വെറിയുമില്ലാതെ എല്ലാവരും ഒരുമിച്ച് കൂടിയ നാളുകൾ. തള്ളക്കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ കാക്കുന്നത് പോലെ, എല്ലാവരും ക്യാമ്പിനുള്ളിൽ തന്റെ വീട്ടുകാർക്കൊപ്പം ചേർന്നിരുന്നു. കറന്റില്ലാതെ മെഴുകുതിരി കത്തിച്ചിരുന്നത് തുടർച്ചയായ 3 ദിവസമാണ്. എല്ലാ നഷ്ടപ്പെട്ടെന്ന് കരുതിയവർക്ക് ചിലതെല്ലാം തിരിച്ചു കിട്ടി.


ഇപ്പൊ എല്ലാം പഴയ പടി ആയിരിക്കുന്നു. അന്യർക്ക് പ്രവേശനമില്ലെന്ന ബോർഡ്‌ ഒലിച്ചു പോയതോണ്ട്, അമ്പലത്തിന്റെ ചുമരിൽ തന്നെ നല്ല ഭംഗിയിൽ അതെഴുതി വെച്ചു. ഇനി അടുത്ത വെള്ളപ്പൊക്കത്തിന് മതിൽ ഒഴുകിപോയാൽ അന്നേരം നോക്കാം എന്ന മട്ടിൽ ചുവരിൽ നോക്കി ആശ്വാസത്തോടെ വിശ്വാസികൾ അകത്തേക്ക് കയറിപ്പോയി. ജാതി - മത സംഘടനാ ബോർഡുകൾ പതിയെ പൊന്തി വന്നു.


ഈ നാട് നന്നാവാനൊന്നും പോണില്ല. വെള്ളം വന്നത് ഓർമ്മപ്പെടുത്താനാണ്. ഇവിടെ ഇങ്ങനെയൊന്നുമല്ലായിരുന്നു എന്നോർമ്മപെടുത്താൻ.


"പുഴയൊഴുകിയിരുന്ന വഴി കയ്യേറിയ മനുഷ്യനെ കാണാൻ പുഴ വീണ്ടും വന്നു."


കവലയിൽ സാംസ്കാരിക നേതാവ് പ്രസംഗിച്ച വാക്കുകളാണ്. മഴയെ ആരും കാര്യമാക്കിയില്ല. പുഴ തിരിച്ചു വരുമെന്ന് തിരിച്ചറിഞ്ഞുമില്ല. നഷ്ടപ്പെട്ടതിനെ എല്ലാവരും മറന്നു തുടങ്ങി. പുതിയതായി എല്ലാം വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ഇടയിൽ അടുത്ത മഴക്കാലം ഒരു ചോദ്യമായി ഉയർന്നു വരട്ടെ.


പോക്കറ്റിൽ നിന്നും ഒരു സിഗരെറ്റെടുത്ത് ഞാൻ കത്തിച്ചു. ആഞ്ഞു വലിച്ച പുക പതിയെ പുറത്തു വിടുമ്പോൾ, അതിനുള്ളിൽ ഞാൻ അവളുടെ മുഖം കണ്ടു... എന്റെ കുഞ്ഞിന്റെ മുഖം കണ്ടു.. അവർ ആ പുകച്ചുരുളുകൾക്കുള്ളിൽ ചിരിച്ചു കൊണ്ട് അന്തരീക്ഷത്തിൽ ലയിച്ചു.... എന്റെ കണ്ണ് നിറഞ്ഞൊഴുകി. എല്ലാവർക്കും നഷ്ടങ്ങളെ മറക്കാൻ കഴിയുന്നു. ചിരിച്ചു കൊണ്ടവർ ജീവിതം തുടരുന്നു. പക്ഷെ, എനിക്കെന്റെ നഷ്ടങ്ങളെ നികത്താൻ കഴിയില്ല. എന്റെ പിഴയാണ്. എന്റെ വലിയ പിഴ....


******************************


ശനിയാഴ്ച വൈകീട്ടത്തോടെ മഴ തുടങ്ങി. ഇടതടവില്ലാതെ തുടങ്ങിയ ചാറ്റൽമഴ പിന്നീട് രാത്രിയോടെ ശക്തമായി. ഇതിപ്പോ മൂന്ന് ദിവസമായി മഴ നിർത്താതെ പെയ്യുകയാണ്.


അനുവിന്റെ കോൾ വന്നപ്പോഴാണ് ഞാൻ ഞെട്ടി എണീറ്റത്.


"ഇന്ന് നേരത്തെ ഇറങ്ങാമോ?"


"എന്താ കാര്യം?"


ഞാൻ ഡെസ്കിന്മേൽ നിന്ന് കാലുകൾ പതിയെ താഴേക്ക് ഇറക്കി വെച്ചു.


"ധ്യാനൂട്ടന് ചെറിയ പനിയുണ്ട്. പിന്നെ ഇതെന്തൊരു മഴയാ.. ഇടയ്ക്കിടെ കറന്റും പോകുന്നുണ്ട്. എന്തോ ഒരു പേടി..."


"മിനിസ്റ്റർ വരുന്നുണ്ട്. ഗസ്റ്റ്‌ ഹൗസിൽ നിന്ന് 7 മണിക്ക് ഇറങ്ങും. ഇവിടെ മീറ്റിംഗ് കഴിഞ്ഞാൽ 9 മണിയോടെ ഇറങ്ങാം. പിന്നെ പത്തു മിനിറ്റോണ്ട് ഞാൻ എത്തിക്കോളാം."


ഫോൺ കട്ട്‌ ചെയ്തതിന് ശേഷം ഞാൻ ഒരു സിഗരറ്റും കത്തിച്ച് ഓഫീസിലെ കാബിനിൽ നിന്ന് ഹാളിലേക്ക് ചെന്നു. കോൺസ്റ്റബിൾ ജോസ് നനഞ്ഞ കുടയുമായി അകത്തേക്ക് കയറി.


"എന്താ ജോസെ, ഈ മഴ ഇനി നമ്മളെ വിട്ട് പോവില്ലെന്നുണ്ടോ..?"


"കുറുമാലി നിറഞ്ഞു.. ഏതു നിമിഷോം കരയിലേക്ക് കയറും. ഈ അടുത്തെങ്ങും ഇങ്ങനെ ഇണ്ടായിട്ടില്ല."


ജോസ് അകത്തേക്ക് കയറിപ്പോയി. പെട്ടെന്നാണ് ഓഫീസ് ഫോൺ ബെല്ലടിച്ചത്. ജോസ് ഫോൺ എടുത്തു.


ഗസ്റ്റ് ഹൗസിൽ നിന്നുള്ള കോൾ ആയിരുന്നു. മിനിസ്റ്റർ വരുന്നില്ല. എമർജൻസി മന്ത്രിസഭായോഗം കൂടാനായി തിരുവനന്തപുരത്തേക്ക് പോകുന്നു എന്ന് ജോസ് അറിയിച്ചു.


ഞാൻ സിഗരറ്റ് പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞു, ജീപ്പിലേക്ക് ഓടി കയറി. നേരെ വീട്ടിലേക്ക് വിട്ടോളാൻ ഡ്രൈവറോട് പറഞ്ഞു സീറ്റിൽ തല ചായ്ച്ചു കിടന്നു.


മൊബൈലിൽ ഒരു മെസ്സേജ് വന്ന ശബ്ദം. തുറന്നു നോക്കിയപ്പോൾ, വാട്സാപ്പിൽ രമേശന്റെ വോയ്‌സ് മെസ്സേജ് ആണ്. ചിമ്മിനി ഡാമിന്റെ സെക്യൂരിറ്റിയാണ് രമേശൻ. തൊട്ടടുത്ത് തന്നെയാണ് വീട്. 


"സാറെ, ഡാം തുറക്കാൻ മെസ്സേജ് വന്നിട്ടുണ്ട്. കുറുമാലി വല്ലാതെ നിറഞ്ഞിട്ടുണ്ട്. ഡാം തുറന്നാൽ പുഴ കരയിലേക്ക് കയറും. തുറക്കാതെ നിവർത്തിയില്ല. എല്ലാവരോടും മാറാൻ പറയാൻ ഇനി സമയവുമില്ല. സർ വീട്ടിലോട്ട് വിളിച്ചു പറയണം. എന്റെ കെട്ട്യോളും കുട്ടികളും അവളുടെ വീട്ടിലാണ്. സാറിന്റെ വീട്ടിൽ വിളിച്ചിട്ട് കിട്ടാനുമില്ല. പെട്ടെന്ന് വേണം. ഞാൻ സാറിനെ കുറെയായി വിളിക്കുന്നു."


എന്റെ മേലാകെ ഒരു തരിപ്പ് പടർന്നു കയറി. സ്റ്റേഷനിൽ ഇടക്ക് മൊബൈൽ റേഞ്ച് പോകും. രമേശൻ വിളിച്ചിട്ടുണ്ടാകണം. അനുവിനെ വിളിക്കാൻ നോക്കിയിട്ട് കിട്ടുന്നില്ല. ഞാൻ ഡ്രൈവറോട് വേഗത്തിൽ വണ്ടി വിടാൻ പറഞ്ഞു. പുഴക്ക് അക്കരെയാണ് ഞങ്ങളുടെ വീട്. പാലത്തിലൂടെ ജീപ്പ് കടക്കുമ്പോൾ, എന്റെ നെഞ്ചിടിപ്പ് കൂടി വന്നു. പാലത്തിന്റെ തൊട്ടു താഴെ വരെ വെള്ളം പൊന്തിയിരിക്കുന്നു. കലങ്ങി മറിഞ്ഞാണ് പുഴ ഒഴുകുന്നത്. വല്ലാത്ത ദേഷ്യത്തിൽ... ആരെയോ തേടിപ്പിടിക്കാനുള്ള വെമ്പൽ പുഴക്കുണ്ടെന്ന് തോന്നി.


വീടിനടുത്തെത്തിയതും ഡ്രൈവർ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. തൊട്ടു മുന്നിലെ പഞ്ചായത്ത്‌ ഗ്രൗണ്ട് പുഴ കൊണ്ട് പോയിരിക്കുന്നു. വെള്ളം ഇരച്ചെത്തുകയാണ്. ഡ്രൈവർ വണ്ടി ഓഫാക്കി എന്റെ കൂടെ ഇറങ്ങി. മഴ ആർത്തലച്ചു പെയ്യുന്നുണ്ട്. വെള്ളത്തിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. ഇപ്പോൾ എനിക്ക് വീട് കാണാം. പകുതിയും വെള്ളത്തിലാണ്. ഇപ്പോൾ എന്റെ അരക്ക് മുകളിൽ വെള്ളം ഉണ്ട്. ഞാൻ ശ്രദ്ധയോടെ മുന്നോട്ട് നടക്കാൻ തുടങ്ങി. പെട്ടെന്ന്, ഡ്രൈവർ എന്റെ തോളിൽ പിടിച്ചു.


"സർ, എനിക്ക് നീന്താൻ അറിയില്ല."


അയാളോട് കരയിലേക്ക് കയറി നിൽക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ഞാൻ വീട് ലക്ഷ്യമാക്കി നടന്നു.


വെള്ളം പിന്നെയും ഉയരുകയാണ്. നെഞ്ചിനൊപ്പം വെള്ളമായി. പെട്ടെന്ന് കറന്റ്‌ പോയി. ചുറ്റും ഇരുട്ട്. ഉയർത്തിപ്പിടിച്ച കയ്യിലെ മൊബൈലിൽ കോൾ വന്നു. അനുവാണ്.


"ഞങ്ങൾ ടെറസിലാണ്.. വെള്ളം പൊന്തി വരുന്നുണ്ട്. എങ്ങനെയാ രക്ഷപ്പെടുക. സ്റ്റേഷനിൽ നിന്ന് എത്താറായോ.."


അവൾ പേടിയോടെ കരയുകയാണ്.


"നീ പേടിക്കേണ്ട. ഞാൻ എത്തി. താഴെയുണ്ട്. നീ അവിടെ തന്നെ...."


മുഴവനാക്കുന്നതിന് മുന്നേ കയ്യിലെ മൊബൈലും തട്ടിത്തെറിപ്പിച്ച്, വലിയൊരു കട പുഴകിയ മരത്തിന്റെ ചില്ല എന്നെ മുന്നിലേക്ക് വലിച്ചു കൊണ്ട് പോയി. പെട്ടെന്നുള്ള ആഘാതത്തിൽ എന്റെ ബോധം നഷ്ടപ്പെട്ടു. പിന്നെ കണ്ണ് തുറക്കുമ്പോൾ, ഒരു വലിയ മരത്തിന്റെ മുകളിൽ ഞാൻ കിടക്കുകയാണ്. ഏതോ കരയുടെ അരികിൽ തടഞ്ഞു നിൽക്കുകയാണ് മരം. കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. അനുവും കുഞ്ഞും.. ഞാൻ വെള്ളത്തിൽ നിന്നും കരയിലേക്ക് ചാടി. ഭ്രാന്തനെ പോലെ ഓടാൻ തുടങ്ങി. മഴക്ക് ശമനമുണ്ട്. ഇപ്പോൾ ചാറ്റൽ മഴയെ ഉള്ളൂ.. വീടിന്റെ ഇപ്പുറത്തെ കരയിൽ നിന്നും ഞാൻ എന്റെ വീട്ടിലേക്ക് നോക്കി. വീട് കാണാനില്ല.! അവിടെ മുഴുവൻ വെള്ളം കവർന്നെടുത്തിരിക്കുന്നു. വീടിനെക്കാൾ ഉയരത്തിൽ, പുഴ ഒഴുകുകയാണ്. എന്റെ ഹൃദയം നിലച്ചെന്നു തോന്നി.. അവർ എവിടെ.. എന്റെ അനുവും, മോനും..


ബോധം മറഞ്ഞ് ഞാൻ താഴെ വീണു. ആരൊക്കെയോ എന്നെ താങ്ങിയെടുത്ത് ആശുപതിയിലേക്ക് കൊണ്ടുപോയി.


ആശുപത്രിയിൽ നിന്നാണ് വീടൊലിച്ചു പോയി എന്ന് ഞാനറിഞ്ഞത്. വാവിട്ടു കരഞ്ഞ എന്നെ ആർക്കും സമാധാനിപ്പിക്കാനായില്ല. അവരുടെ ശരീരം പോലും കണ്ടെത്താനായില്ല. ഞാൻ ഒറ്റ രാത്രികൊണ്ട് അനാഥനായിരിക്കുന്നു.


വീട് പണിയാൻ സ്ഥലം വാങ്ങിയ അന്നേ അവൾ പറഞ്ഞതാ. പുഴയുടെ അടുത്തൊന്നും വേണ്ട, എന്നും പേടിയോടെ ജീവിക്കണം എന്ന്. അവൾക്ക് പാമ്പിനെ വല്ല്യ പേടിയായിരുന്നു. പുഴയുടെ അടുത്തൊക്കെ താമസിച്ചാൽ പല ജീവികളും കേറി വരുമെന്ന് ആരോ അവളോട്‌ പറഞ്ഞത്രേ. ഞാൻ അത് കാര്യമാക്കിയില്ല. പ്രകൃതി സൗന്ദര്യമുള്ള സ്ഥലത്ത് ഒരു വീട് - അതായിരുന്നു എന്റെ സ്വപ്നം. ഇന്ന് ആ സൗന്ദര്യം എന്റെ ഏറ്റവും വലിയ ശാപമായിരിക്കുന്നു...


ഇടക്കൊരു രാത്രിയിൽ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു..


"എന്നെങ്കിലും ഈ പുഴയിലെ വെള്ളം കയറി വന്നാൽ, എനിക്ക് നീന്താൻ പോലും അറിയില്ലാട്ടോ.. അങ്ങനെ പുഴയെന്നെ കൊണ്ടോയാൽ, നീ എന്ത് ചെയ്യും.?"


ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..


"പുഴയിലേക്ക് ഞാനും ഇറങ്ങി വരും. എന്നിട്ട് ഇത് പോലെ കെട്ടിപ്പിടിച്ച് ചേർന്ന് കിടക്കും."


_മഴ ഒരു ഹുങ്കാരവത്തോടെ പാഞ്ഞു വന്നു.._


ഓർമ്മകളിൽ നിന്ന് ഞാൻ ഞെട്ടിയുണർന്നു. കണ്ണുനീരെല്ലാം മഴ മായ്ച്ചു കളഞ്ഞിരിക്കുന്നു. അകലെ ഞങ്ങളുടെ വീട് നിന്ന ഇടത്തേക്ക് കൈ ചൂണ്ടി, പുഴയോട് പറഞ്ഞു - "അവിടെ ഞങ്ങൾക്കൊരു വീടുണ്ടായിരുന്നു."


പുഴ ശാന്തമായൊഴുകുകയാണ്. എന്നെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പുഴയിലേക്ക് ഇറങ്ങി ചെന്നു.


"എന്റെ അനുവിനെയും, കുഞ്ഞിനേയും നീ എവിടെയാണ് ഒളിപ്പിച്ചത്?"


പുഴ അന്നേരം എന്നെ ആഴത്തിനുള്ളിലേക്ക് വലിച്ചു കൊണ്ട് പോയി. അവിടെ എന്റെ നേരെ കൈ നീട്ടി അതാ എന്റെ അനുവും കുഞ്ഞും.. ഞാൻ അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നു. അവളുടെ നെഞ്ചിൽ ഞാൻ തല ചേർത്ത് നിന്ന നേരം, എന്റെ മകന്റെ കുഞ്ഞ് കൈകൾ എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു. ആഴത്തിനുള്ളിൽ ഞങ്ങളുടെ ആലിംഗനത്തിന് മീതെ മഴ അപ്പോഴും ആർത്തലച്ചു പെയ്യുകയായിരുന്നു....

🌧️

അമൽ ഗീതൂസ്