Aksharathalukal

കരുത്തേറിയ ഉത്തരങ്ങൾ

                    ഘടികാരത്തിന്റെ സൂചികൾ നിശ്ചലമാകാതെ സമയത്തിനൊപ്പം ഓടുകയാണ്. പിടിച്ചു നിർത്താനാകാതെ എന്റെ സ്വപ്നങ്ങൾ പിന്നിലേക്കും ഓടി തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ എത്തി പിടിക്കാനാവുന്ന പലതും ഞാൻ വേണ്ടന്ന് വച്ചു. അകലെയുള്ളതിനെ  
നോക്കി അരികിലുള്ളതിനെ മറന്നു    കളഞ്ഞു. ഇന്ന് എനിക്ക്  അവയെല്ലാം വിധിയുടെ വിളയാട്ടം മാത്രമാണെന്ന് ആശ്വസിക്കാനെ കഴിയു.
മരുഭൂമിയിൽ മഴ കാത്തിരിക്കുന്ന മണൽ തരികളെ പോലെ കാലാകാലങ്ങൾ കഴിഞ്ഞിരിക്കുന്നു. കൊഴിഞ്ഞു വീഴാൻ ഇലകൾ ഇല്ലാത്ത മുൾചെടിയെ പോലെ കുറെ ആളുകളെ കണ്ടുമുട്ടി.അവരെ തണുപ്പിക്കാൻ പോലും ഈ മണൽതരികൾക്ക് കഴിഞ്ഞില്ല എന്ന നൊമ്പരം ബാക്കിയാണ്
ഇന്നാണ് ഞാൻ എന്നെ   തിരിച്ചറിഞ്ഞ് തുടങ്ങിയത് ഏതോ നിശബ്ദതയിൽ അലിഞ്ഞു പോയ എന്റെ ചിന്തകളെ തിരഞ്ഞിറങ്ങുമ്പോൾ പരാചയത്തേക്കാൾ ചോദ്യങ്ങളെയാണ് ഞാൻ ഭയന്നത്.
ഓരോ ചോദ്യങ്ങൾക്കും അമ്പിനേക്കാൾ മൂർച്ചയാണ്. അവ സൃഷ്ടിക്കുന്ന മുറിവ് ഭേദമാവാൻ കാലങ്ങൾ കഴിയേണ്ടി വരും.ചില മുറിവ് അതിനുമപ്പുറം മരണത്തോളം ആവാം.ഒരു യാത്രയിലുടെയാണ് ഞാൻ എന്റെ തിരിച്ചിൽ ആരംഭിച്ചത്.വിചനമായോരിടം ആകാശത്തിൽ മഴമേഘങ്ങൾക്ക് പകരം മഞ്ഞു പാളികൾ തല ഉയർത്തി നിർക്കുന്നു.
ഇന്ന് ഞാൻ  മഴ കാത്തിരിക്കുന്ന മണൽ തരിയല്ല, ഇളം വെയിലേറ്റ് തളിരിടാൻ കാത്തു നിൽക്കുന്ന പുൽമേടാണ്.
എന്റെ യാത്രായിൽ ആകസ്മികമായി ഒരാൾ കടന്നുവന്നു. എങ്കിലും ചോദ്യങ്ങളെ ഭയന്ന് ഞാൻ മൗനം നടിച്ചു.ഏറെ സമയം കഴിഞ്ഞിട്ടും സഹയാത്രികൻ ഒന്നുമെന്നോട് സംസാരിക്കുന്നനില്ല.ഒരു പക്ഷേ, എന്നെ പോലെ ചോദ്യങ്ങളെ വെറുക്കുന്നൊരാൾ ആയിരിക്കുമോ? അതോ, എന്നിലെ മൗനം അയാളിലേക്ക് പടർന്നതാണോ? ഒരു പക്ഷേ, താൻ വലിയ ആളാണെന്നുള്ള ഭാവമാണോ? അതും അല്ലെങ്കിൽ ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് ആവുമോ? പരസ്പരം നോക്കുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാവുന്നില്ല. ഒട്ടനവതി ചോദ്യങ്ങൾ  എന്റെ മനസ്സിൽ വീർപ്പുമുട്ടുന്നുണ്ടാരുന്നു.എങ്കിലും  വഴിയോരങ്ങളിലെ കാഴ്ചകൾ എന്നിൽ ആനന്ദം ജനിപ്പിക്കുന്നവ ആയിരുന്നു. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾ വഴിയോരത്ത് വരിവരിയായി നിർക്കുന്നു.ആ കാഴ്ച തന്നെ സംസാരത്തെക്കാൾ അനുഭൂതി പകരുന്നവയാണ്. അവയുടെ ഭാഷയും എനിക്ക് മനസ്സിലാക്കാനാവുന്ന പോലെ. മുറിപ്പെടുത്തുന്ന അമ്പുകളായിരുന്നില്ല. തഴുകി എത്തുന്ന കാറ്റായിരുന്നു.
    ഏകാന്തതയും മൗനവും ഒരേ നാണയത്തിന്റ ഇരുവശങ്ങൾ പോലെയാണ്. രണ്ടിനും ഒരേ വീർപ്പുമുട്ടൽ. ഞാൻ എന്റെ മൗനം അവസാനിപ്പിച്ച് ഒന്ന്  മിണ്ടി തുടങ്ങിയാലോ! അയാൾ എപ്രകാരം പ്രതികരിക്കും? ഒന്നും അറിയില്ല, എങ്കിലും ഞാൻ  ഒരു "Hello" പറഞ്ഞു. പക്ഷേ  മറുപടിയായി വലതു കൈ ഉയർത്തി ഒരു പുഞ്ചിരി തന്നു. പിന്നേയും അതേ മൗനം.
തന്നോട് സംസാരിക്കാൻ താൽപര്യം ഉണ്ടാവില്ലായിരിക്കും.! പിന്നെ എന്തിനാണ് പുഞ്ചിരിച്ചതും കൈ വീശിയതും? എന്തായാലും പേര് ചോദിക്കാം.
എന്റെ ചോദ്യം കേട്ട് ഒരു നിമിഷം അയാൾ നിന്നു. ശേഷം കൈവിരലുകൾ കൊണ്ട് ഒരോ അക്ഷരങ്ങളും കാണിച്ചു തന്നു. 
*_A_L_E _X_* 
അലക്സ്  അതാണ് അയാളുടെ പേര്. ഒടുവിൽ താൻ ഊമയാണെന്നും കാണിച്ചു പറഞ്ഞു.
കുറച്ചു നിമിഷം ഞാൻ ശൂന്യമായപോലെ തോന്നി. ചോദ്യങ്ങളില്ലാത്ത പരീക്ഷ പോലെ എന്താണെഴുതുക? അറിയില്ല! ഞങ്ങൾ ദൂരങ്ങൾ  നടന്നു നീങ്ങി.യാത്ര അവസാനിക്കുന്നത് വരെ പരസ്പരം  ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. 
നിശബ്ദമായ ചോദ്യങ്ങൾക്ക് ശബ്ദമുള്ള ഉത്തരങ്ങൾ ഞാൻ പറഞ്ഞു തുടങ്ങി. തികച്ചും അപ്രതീക്ഷിതമായി തിരഞ്ഞിറങ്ങിയ എന്റെ ചിന്തകളെ കണ്ടെത്താൻ ഒരുങ്ങുകയാണ് ഞാൻ  അതിന് ഇന്നെന്റെ കൂടെ ചോദ്യങ്ങളെ ഭയപ്പെടാത്ത കരുത്തേറിയ ഉത്തരങ്ങൾ ഉണ്ട്.
     
                                   🌷 ശുഭം🌷