Aksharathalukal

മരണം

മരണത്തിനു മുൻപിലുള്ള മരവിച്ച വിജനതയിലേക്ക് കൈകൾ കോർത്തു
അവർ നോക്കിനിന്നു......
രാത്രിയെ എന്തുകൊണ്ടോ അവർക്കു ഭയം തോന്നിയില്ല. പാലത്തിനു മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ കുത്തി ഒഴുകുന്ന പുഴയുടെ ശബ്ദം കാലപുരിയുടെ കാതടപ്പിക്കുന്ന ഗർജ്ജനമായി അവർക്കു തോന്നി.....
അതേ... നമ്മൾ മരിക്കാൻ തീരുമാനിച്ചിരിക്കുന്നു......
ഒന്നാകുമെന്ന് മോഹിച്ച നമ്മളെ വിധി രണ്ടാക്കിയെങ്കിലും മരണത്തിലൂടെ വീണ്ടും ഒന്നിക്കാനുള്ള വല്ലാത്ത തീരുമാനം......!
മോഹൻ നിത്യയെയും, നിത്യ മോഹനെയും പരസ്പരം നോക്കി......
ഇനി വൈകിക്കണോ.....
ചാടാം......
നല്ല ഒഴുക്കുണ്ട്..... നാളെ രണ്ട് ശവങ്ങൾ
നീർക്കുമിളകളെ പോലെ ഒഴുകി... ഒഴുകി....അങ്ങനെ കിടക്കും.

ഒരുമിച്ചു നമ്മളെ നാളെ മറ്റുള്ളവർ കണ്ടെത്തിയെന്ന് വരില്ല.....ഇനി ഒരുപക്ഷെ
വല്ലാത്ത വീർമതയിൽ മുഖം പോലും തിരിച്ചറിയാൻ കഴിയാതെ വന്നാൽ...!

നിത്യക്കു തല പെരുക്കുന്നതായി തോന്നി.
വീട് വിട്ട് ഇറങ്ങിയപ്പോൾ ഉറങ്ങിക്കിടക്കുന്ന രണ്ട് പോന്നോമനകളെ ഒരു വട്ടമേ നോക്കിയൊള്ളു....
അവരെ കെട്ടിപിടിച്ചു ഉറങ്ങുന്ന ഹരിച്ചേട്ടൻ. സ്വന്തം ഭർത്താവ്.....
ആ ചൂടിൽ സ്വയം മറന്നു ഉറങ്ങേണ്ടവളല്ലേ ഞാനും....
എന്നിട്ടും......
ഹരിച്ചേട്ടൻ ഒരിക്കലും ഒരു പരാജിതനായ ഭർത്താവായിരുന്നില്ലല്ലോ....
ഹരിച്ചേട്ടന് ഞാനില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല....
നിത്യ ഒരു ചായ....
നിത്യ ചെരിപ്പെവിടെ?
നിത്യ ഷർട്ട്‌...ഹരിച്ചേട്ടന്റെ അങ്ങനെ നീട്ടിയുള്ള വിളികൾ ഒരു ദിവസം ഒരായിരം വട്ടം സ്വന്തം കാതിൽ പതിക്കാതെ ഇരുന്നിട്ടുണ്ടോ.?
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മണിക്കുട്ടന്റെയും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പൊന്നൂസിന്റെയും കാര്യമോ.... തന്റെ ജീവന്റെ ജീവനായ മക്കൾ.
അവർക്കു അമ്മയില്ലത്ത ഒരു ലോകം ചിന്തിക്കാൻ പോലും പറ്റില്ല.
മരിക്കാൻ തീരുമാനിച്ചശേഷം രണ്ടുമക്കളെയും അടുത്തിരുത്തി ഭക്ഷണം കൊടുത്തപ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു,.... ഇനി ഒരിക്കലും ഇങ്ങനെ പറ്റില്ലല്ലോ.
"ഇന്നത്തെ ചോറിനു എന്തു രുചിയാ അമ്മേ. ഇനി അമ്മ തന്നെ എന്നും വാരി തന്നാൽ മതി "-മണിക്കുട്ടൻ സ്വന്തം മാറിടത്തിൽ ചേർന്നുകിടന്ന് പറഞ്ഞപ്പോൾ., പൊന്നൂസും പറഞ്ഞത് -"മണിച്ചേട്ടന് മാത്രമല്ല, എനിക്കും തരണം "-എന്നല്ലേ.....!
സ്വന്തം മാതൃ ഹൃദയത്തുനു അപ്പോൾ തോന്നിയ മുള്ളു തളച്ചിറങ്ങുന്ന വേദന സ്വയം കടിച്ചമർത്തുകയായിരുന്നു....

പെറ്റ വയറിന്റെ വേദനയുടെ ഭാരം നിത്യക്കു താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു..
നാളെ വിറങ്ങലിച്ച സ്വന്തം ശരീരം പട്ടടയ്ക്കു മുന്നിലെത്തുമ്പോൾ മറ്റൊരാൾക്കുവേണ്ടി മരിക്കപ്പെട്ട ഭാര്യയെ ഓർത്തു വേദനയിലും അപമാനിതനായി എല്ലാവർക്കും മുൻപിൽ തല കുനിച്ചു നിക്കുന്ന ഹരി ചേട്ടനെ അവൾ ഓർത്തു.
മാതൃപിണ്ടം സമർപ്പയാമി - പൊട്ടികരഞ്ഞുകൊണ്ട് തന്റെ പിണ്ടചോറിൽ
കൈകൾ കൂപ്പുന്ന ഉണ്ണിക്കുട്ടന്റെ മുഖവും അവൾ ഞെട്ടലോടെ ഓർത്തു.....
തന്റെ മക്കൾ....
ഹരിയേട്ടൻ....
ഇനി അവരാരുമില്ല.....
ഈശ്വരാ... വിധി....ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യത്തിന് അർത്ഥം തേടുകയായിരുന്നു അവളുടെ ഇരുണ്ടുണങ്ങിയ മനസ്....

മറുവശത്തും ചിന്തകൾ കനം വച്ചു തുടങ്ങിയിരുന്നു.......
"മോഹനേട്ടാ. പിണങ്ങല്ലേ...."
അല്പസമയം ഒന്നുപിണങ്ങി നിന്നാൽ പോലും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്ന ഭാര്യ ശ്രീദേവിയെ മോഹൻ ഓർത്തു....
ഒരനാഥ....
നിത്യയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം കുറേനാൾ മോഹൻ വിവാഹമേ വേണ്ടെന്നു കരുതി. പിന്നെ ഒരുനാൾ ഒരനാഥാലയത്തിൽ വച്ചു കണ്ടു മുട്ടിയതാണ് ശ്രീദേവിയെ.
ഒരാനാഥയൊടുള്ള അനുകമ്പ സ്വന്തം ജീവിതത്തിലേക്ക് അവളെ കൈപിടിച്ച് കൂട്ടിയപ്പോൾ ശ്രീദേവി അയാൾക്ക്‌ എല്ലാമായി....
 അയാൾക്കും.....!
വിവാഹത്തിന് ശേഷം അവർ ഒരു നിമിഷം പോലും പിരിഞ്ഞിരുന്നിട്ടില്ല.മോഹൻ ഓഫീസിൽ നിന്നു വരുവാൻ അല്പം വൈകിയാൽ അവൾക്കു ആധിയാണ്...
 നേരാത്ത നേർച്ചകൾ ഉണ്ടാകില്ല. പിന്നെ മോഹൻ ഒരുമാസമെങ്കിലും എടുത്താകും ആ വഴുപാടുകൾ ചെയ്തു തീർക്കുന്നത്....
അത്രക്കിഷ്ടമായിരുന്നു അവർ തമ്മിൽ....
നാളെ മോഹന്റെ പിറന്നാളാണ്....
"നേരത്തെ എഴുനേൽക്കണം മോഹനേട്ടാ...
അമ്പലത്തിൽ പോകണം, സദ്യ ഉണ്ടാക്കണം, പായസം വെക്കണം,.. എന്തൊക്കെ ജോലിയാ. എന്നെ സഹായിക്കണ്.. ട്ടോ "-
ഉറങ്ങും മുൻപ് ഓർമപ്പെടുത്തികൊണ്ടാണ് അവൾ കിടന്നതു....
മോഹൻ അസ്വസ്ഥനായി...
സ്വന്തമായി ഒരു കുഞ്ഞിനെ ദൈവം തന്നില്ല. മാറ്റാരുമില്ലാത്ത അവൾക്കു തന്നെ എത്രത്തോളം സ്നേഹവും  വിശ്വാസവുമാണ്...  ആ സാധു പെൺകുട്ടിയെ തനിച്ചാക്കി ഒരു ഒളിച്ചോട്ടം....
നാളെ മുതൽ  അവൾ വീണ്ടും ആരുമില്ലാത്തവൾ....
ജീവനേക്കാൾ സ്നേഹിച്ച ഭർത്താവ് മറ്റൊരു പെണ്ണിന് വേണ്ടി മരിക്കുന്നു....
അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി..
 നിത്യയുടെ കൈകളിൽ അല്പം മുൻപ് പിടിച്ചപ്പോൾ ഉണ്ടായിരുന്ന ബലം അയാൾക്ക്‌ നഷ്ടപ്പെട്ടിരുന്നു.
"നിത്യ "അയാൾ അവളെ നോക്കി
"നിനക്ക് മരിക്കണോ ".... അയാളുടെ വാക്കുകൾ ദുർബലമായിരുന്നു
"വേണ്ട "-അവളുടെ വാക്കുകൾ വിറച്ചു.
"വേണ്ടേ?"
"എല്ലാവരെയും മറന്നു ഒരു മരണം നമുക്കെന്തിനാണ് മോഹൻ..... പറ്റുന്നില്ല... എനിക്ക് പറ്റുന്നില്ല..... മോഹൻ.....!"അവൾ വിതുമ്പി കരയാൻ തുടങ്ങി
"ശരിയാണ്... ദൈവം ഒന്നിച്ചതേ ചേരു..."
മോഹൻ അവളുടെ കൈകൾ വിട്ടു
"നീ പൊക്കൊളു..... നിന്റെ ജീവിതത്തിലേക്ക്..."
അയാൾ മെല്ലെ പറഞ്ഞു
കണ്ണുകൾ തുടച്ചു തിരിഞ്ഞു നടക്കുന്ന നിത്യയെ നോക്കി മോഹൻ നിന്നു
എത്രയും വേഗം ശ്രീദേവിയുടെ അടുത്തെത്താൻ അയാൾക്കും ധൃതി ആയിരുന്നു........!