Aksharathalukal

സന്തോഷം

സംശയങ്ങൾ മനസ്സിൽ നൊമ്പരമായി വിരിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗുരുവിന്റെ അടുത്തെത്തി...
"അല്ലയോ സന്യാസി ശ്രെഷ്ഠാ.... പറഞ്ഞാലും, സ്ഥായിയായ സന്തോഷം ലഭ്യമാകാൻ ഞാൻ എന്തു ചെയ്യണം "-ഞാൻ ഗുരുവിനെ നോക്കി ചോദിച്ചു.
ഗുരു ചിരിച്ചു.
"എന്താണ് നിന്റെ സങ്കടത്തിനു കാരണം?"
"എനിക്ക് സമ്പത്തില്ല ഗുരുവേ...."
"അതു നേടിയാൽ നീ എന്നും സന്തോഷവനായിരിക്കുമോ?"-ഗുരു ചോദിച്ചു.
"തീർച്ചയായും. പിന്നെ ഞാൻ എന്നും സന്തോഷവനായിരിക്കും "-എന്റെ മറുപടി പെട്ടെന്നായിരുന്നു.
ഗുരു സമ്പത്ത് നേടിയെടുക്കാനുള്ള എളുപ്പമാർഗം എന്നോട് പറയുമെന്ന് കരുതി ഞാൻ കാതോർത്തിരുന്നു...

ഗുരു പറഞ്ഞു - "മകനെ, നീ കണ്ടെത്താൻ ശ്രമിക്കുന്ന സന്തോഷങ്ങൾ അവസ്ഥാന്തരങ്ങൾക്ക് വിധേയമാണെന്നോർക്കുക.നിനക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാൾക്ക്‌ സന്തോഷലബ്ധിക്കു ഉതകാത്തതോ ദുഖ ദായകമോ ആകാം.."
സന്യാസിയുടെ വാക്കുകൾ എനിക്ക് ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നു മനസിലാക്കിയത് കൊണ്ടാകും അദ്ദേഹം എന്നോട്  ഒരു കഥ പറഞ്ഞു.ഒരു രാജ്യത്തു സുഖലോലുപരായ ഒരു രാജാവും രാജ്ഞിയും ഉണ്ടായിരുന്നു.
രാജാവിന്റെ ഭരണത്തിൽ പ്രജകളെല്ലാം ദുഖിതരായിരുന്നു...
എന്നാൽ രാജാവും രാജ്ഞിയും രാജ്യസൗഭാഗ്യങ്ങളുടെ ആഡംബരങ്ങളിൽ ആനന്ദം കണ്ടെത്തി ജീവിക്കുകയായിരുന്നു...
സ്വർണം പതിച്ച കൊട്ടാരം.... എന്നും ചുറ്റും പരിചാരകർ ..... ഉടുക്കാൻ പട്ടുവസ്ത്രം... കഴിക്കാൻ ഏറ്റവും വിലപിടിച്ചതും സ്വാദിഷ്ടവുമായ ഭക്ഷണം.....
ലോകത്തു ഏറ്റവും സന്തോഷമനുഭവിക്കുന്നത് തനാണെന്നു
റാണി സ്വയം അഹങ്കരിച്ചു....
പെട്ടെന്നൊരുദിവസം അയൽ രാജാവ് ആ രാജ്യത്തെ ആക്രമിച്ചു രാജാവിനെ വധിക്കുകയും രാജ്ഞിയെ കാരാഗൃഹത്തിൽ അടക്കുകയും ചെയ്തു....
നീണ്ട പന്ത്രണ്ടു വർഷങ്ങൾ.....
 ഇരുണ്ട കാരഗൃഹ ജീവിതം രാജ്ഞിയെ വൃദ്ധയും ക്ഷീണിതയുമാക്കി...
ഒരുദിവസം അയൽ രാജാവ് രാജ്ഞിയൊട്
ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്ന ഒരു കാര്യം അറിയിച്ചാൽ സാധിച്ചു തരാം എന്നു അറിയിച്ചു.
റാണിയുടെ മറുപടി ഇപ്രകാരമാറിരുന്നു - "അന്ധകാരം നിറഞ്ഞ ജീവിതം എന്നെ ആകെ തളർത്തിയിരിക്കുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് അങ്ങ് ആവശ്യപ്പെടുന്നതെങ്കിൽ എന്നെ കൊട്ടാരത്തിനു പുറത്തെ സൂര്യന്റെ വെളിച്ചതിനു മുൻപിൽ കൊണ്ടു നിർത്തുക.അതാണ് എനിക്കിപ്പോൾ ഏറ്റവും ആനന്ദം......!"
കഥ അവിടെ അവസാനിപ്പിച്ചു ഗുരു പറഞ്ഞു - " സ്ഥിതിഭേദങ്ങളായ  കേവല സുഖങ്ങളെ പലരും സ്ഥായിയായി കാണുന്നു. ഇവിടെ രാജ്ഞിയുടെ യഥാർത്ഥ സന്തോഷം എവിടെയാണ് കുടിയിരിക്കുന്നത്....
ആദ്യം അനുഭവിച്ച ആർഭാടങ്ങലിലോ
അതോ പിന്നീട് അനുഭവിക്കാൻ കൊതിച്ച
സൂര്യന്റെ പ്രകാശത്തിലോ? "

മറുപടി പറഞ്ഞില്ലെങ്കിലും എനിക്കതിനു ഉത്തരം കിട്ടിയിരുന്നു. എങ്കിലും ഗുരുസന്നിധിയിൽ ഒരു സംശയവും ബാക്കി നിർത്തരുത്തല്ലോ.
"ഗുരുവേ, ധനമുള്ളവന്റെ സന്തോഷം സ്ഥായിയായതല്ലേ?"-ഞാൻ വീണ്ടും ചോദിച്ചു.
മറുപടിയായി ഗുരു, തന്നെ അനുഗമുക്കുവാൻ കല്പിച്ചു.
ഞങ്ങൾ തൊട്ടടുത്തുള്ള ഒരു ധനാഢ്യന്റെ വീട്ടിലെത്തി.സമ്പത്ത് കുമിഞ്ഞു കൂടിയിരുന്ന ആ വീട്ടിൽ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല.....
സന്യാസിശ്രേഷ്ഠനെ കണ്ടതും ധനാഢ്യൻ ഓടിവരികയും പരവധാനി വിരിച്ചു ആനയിക്കുകയും ചെയ്തു. നല്ല ഭക്ഷണം വിളമ്പി അദ്ദേഹവും ഭാര്യയും വിനയത്തോടെ ഞങ്ങൾക്കരികിൽ നിന്നു. പക്ഷെ അവരുടെ മുഖത്തു ഒരു സന്തോഷവും കണ്ടില്ല.
"ഇത്രയും സമ്പത്തുണ്ടായിട്ടും ഇവരെന്താണ് സന്തോഷിക്കാത്തത്...?" ഞാൻ ചോദിച്ചു
ഗുരു തൊട്ടടുത്ത മുറിയിലേക്ക് കൈകൾ ചൂണ്ടി. അവിടെ ധനാഢ്യന്റെ ആകെ ഉള്ള ഒരു മകൻ തീരാരോഗിയായി തളർന്നു കിടന്നിരുന്നു...
ഗുരു ചോദിച്ചു : "ഈ സമ്പത്ത് ഇദ്ദേഹത്തിന്
എന്തു സന്തോഷമാണ് കൊടുത്തത്? "
ശരിയാണ്.... എനിക്കു മനസിലായി....
ധനമൊരിക്കലും സ്ഥായിയായ സന്തോഷമേ അല്ല.
"അപ്പോൾ എന്താണ് സ്ഥായിയായ സന്തോഷം?"-ഞാൻ അവസാനമായി ചോദിച്ചു.
ഗുരു ഇപ്രകാരം പറഞ്ഞു :-"മറ്റുള്ളവരിലേക്ക് വ്യാപാരിപ്പിക്കാൻ നിന്റെ  നിന്റെ പ്രവർത്തികൾക്ക് കഴിയുന്നുവെങ്കിൽ അതിലൂടെ ലഭിക്കുന്ന സന്തോഷം സ്ഥായി ആയതായിരിക്കും. നോക്കു, വൃക്ഷങ്ങൾ ആർക്കുവേണ്ടിയാണു തണലും ഫലങ്ങളും നൽകുന്നത്...ഗുരു ആർക്ക് വേണ്ടിയാണു ജ്ഞാനം ഉപദേശിച്ചു കൊണ്ടിരിക്കുന്നത്....
എല്ലാം ലോകത്തിന്റെ സന്തോഷത്തിനു വേണ്ടി മാത്രം. അതിലൂടെ ലഭിക്കുന്ന അനന്ദമാണ് യഥാർത്ഥത്തിൽ സ്ഥായിയായിട്ടുള്ളത്.....!
ഗുരുവിനു നന്ദിയും പറഞ്ഞു പരമമായ ആനന്ദത്തിലേക്കു ഞാൻ തിരിച്ചു നടന്നു.....!