ഒരിക്കൽ.....
ചിതകളെരിയുന്ന നേരത്തെ സ്നേഹം
ചാരമായ് കാറ്റിൽ തെറിച്ചു പോവും
മൺകുടം വാർക്കുന്ന കണ്ണുനീരെല്ലാം മണ്ണതിൽ ചേരാതെ ആവിയാകും സ്മരണതൻ മലയേറി വെട്ടു പൂക്കൾ അഴുകാനായ് കൊണ്ട മൃതിയിടത്തിൽ
ചത്തതിനെന്തിനീ പ്രാർത്ഥന
ഇനിയും മരിക്കാത്തവരെ ശാന്തരാകൂ......
വിളിക്കാതെ വന്ന വിശിഷ്ടാതിഥികളെ മരണം തഴമ്പിച്ച കാർമ്മികളെ
മരണക്കണക്കിൽ ഞാനെത്രാമതായ് വരും എൻറെ കണക്കിൽ ഞാൻ ഒന്നാമതെങ്കിലും
എൻറെ മൗനം ഭജിച്ചിതാ
നിലവിളികൾ ഭജനയായ്
മരവിച്ചൊരെന്നെ പട്ടിട്ട് പൂവാൽ
മൂടി തൊഴുതു മടങ്ങുന്നോരെ
ഞാനെങ്ങനെ ദൈവമായ്?..
ഓർത്തു വിതുമ്പിയീ കണ്ണുനീർ ചാലിൽ
ഒറ്റയായ് പോകാതെ...
സങ്കടനൂലിലാടുന്ന പ്രേയരെ
രണ്ടു ദിനം ഓർത്തു ഹൃത്തിൻ
ഭിത്തിയിൽ വെയ്ക്കെന്നെ
മാറാലയിന്നെൻ മാലയാകട്ടെ...
രാവിൽ തിളങ്ങുന്ന താരമായില്ല
കൈകൊട്ട് കേൾക്കുന്ന കാക്കയായില്ല
അലയുന്ന പ്രേതമോ മൂളുന്ന മൂങ്ങയോ
കാട്ടുപൂച്ചയോ കോഴിയോ
മൺതരിയുമായില്ല
പിന്നെയോ?....
ഇനിയും മരിക്കാത്ത മനസ്സുകളുടെ
കോണിൽ പഴകുവാൻ വെമ്പുന്ന
ചായം പതിഞ്ഞ
ചുവർ ചിത്രമായ്...