Aksharathalukal

Psycho Love 10

\"വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. നീരവേട്ടന്റെ അച്ഛനും അമ്മയും ഹെമേച്ചിയുടെ അച്ഛനും അമ്മയും പിന്നെ ദർശു ചേച്ചിടെ അച്ഛനും അമ്മയും ഒക്കെ കൂടെ പറഞ്ഞു പറഞ്ഞാ അതിനു നിന്നു കൊടുത്തത്.. എന്നിട്ട് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുവാ.. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും ദർശു ചേച്ചിയെ വിശ്വാസം ഇല്ല.. എന്നിട്ടും ഇത്രയും നടന്നിട്ടും നീരവേട്ടൻ വിശ്വസിക്കുന്നു.. അഭിയേട്ടനാണ് ചേച്ചിയെ ഏറ്റവും മനസ്സിലാക്കിയതെന്നാ ഞാൻ കരുതിയിരുന്നത്.. എന്നാൽ അത് നീരവേട്ടനാ...\" നീരു പറഞ്ഞു നിർത്തിയതും അഭി ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.


\"അഭിയേട്ടന് അറിയോ.. ആ നിശ്ചയം കഴിഞ്ഞന്ന് ദർശു ചേച്ചിടെ വീട്ടിൽ ഞാനും ഉണ്ടായിരുന്നു. അന്ന് പാവം നീരവേട്ടൻ വന്നു ചേച്ചിയുടെ മുറിയിൽ കയറി അവിടെ ചേച്ചിടെ പ്രിയപ്പെട്ട ഓരോ സാധങ്ങളും കെട്ടിപിടിച്ചു കരയുകയായിരുന്നു.. \" അവൾ അന്ന് നടന്ന കാര്യങ്ങൾ അവനോട് വിശദീകരിക്കുവാൻ തുടങ്ങി.


നീരവ് ദർശിനിയുടെ മുറിയിൽ കരയുകയായിരുന്നു.


\"ചേട്ടാ...\" നീരു അവന്റെ അരികിൽ വന്നു വിളിച്ചു.


\"നീരു.. നിനക്ക് തോന്നുന്നുണ്ടോ ദർശിനിക്ക് നമ്മളോട് അങ്ങനെ ഒക്കെ ചെയ്യാൻ ആകുമെന്ന്? \"


അതിനു മറുപടി പറയുവാൻ ആകാതെ നീരു നിന്നു.


\"നിനക്കും അവളെ വിശ്വാസം ഇല്ലല്ലേ.. പക്ഷെ എനിക്ക് അറിയാം അവളെ.. അവൾക്ക് ഒരിക്കലും അങ്ങനെ പറ്റില്ല. അവളുടെ മനസ്സിൽ അതായിരുന്നെങ്കിൽ അവൾക്ക് അത് പണ്ടേ ആകാമായിരുന്നു. എന്നോട് വന്നു ഇഷ്ടം പോലും പറയേണ്ട കാര്യമില്ലായിരുന്നു. എന്റെ ദർശു.. അവൾക്ക് എന്തോ പറ്റിയിട്ടുണ്ട് നീരു.. എനിക്ക് അറിയണം. അവൾക്ക് എന്തു പറ്റിയെന്നു. \"


\"ചേട്ടാ.. സമാധാനപ്പെടു... \"


\"ഇല്ല നീരു.. ഞാൻ ഇപ്പൊ ദർശുവിനോട് തെറ്റ് ചെയ്യുവാ... ഹേമക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.. ദർശു പണ്ടേ പറഞ്ഞതാ. ഞാൻ കേട്ടില്ല. എന്നെ എന്നിട്ട് അന്ന് ഹേമ കിസ്സ് ചെയ്തപ്പോഴാ ഞാൻ അറിഞ്ഞത്. ഞാൻ ഞെട്ടി പോയി നീരു. എന്നിട്ട് ഇപ്പൊ എല്ലാവരും കൂടെ ദർശുവിനോടുള്ള വാശിക്ക് എന്നെ അവളെ കൊണ്ട് കെട്ടിക്കാൻ നോക്കുവാ.. എനിക്ക് പറ്റില്ല നീരു.. എന്നെകൊണ്ട് ആകില്ല... \" അവൻ കൊച്ചു കുഞ്ഞുങ്ങളെ പോലെ കരഞ്ഞു.


നീരു പറഞ്ഞു നിർത്തിയപ്പോൾ അഭിയുടെ കണ്ണുകൾ നിറഞ്ഞു.


\"നീ ഇത് ദർശുവിനോട് പറഞ്ഞോ?\" അവൻ പതിയെ ചോദിച്ചു.


\"ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ പറയും.. അതിനു മുൻപേ ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് അറിയട്ടെ.. എന്തായാലും അറിഞ്ഞിടത്തോളം ചേച്ചിക്കും നീരവേട്ടനെ വിശ്വാസവും ഇഷ്ടവുമൊക്കെയാ.. പിന്നെ അഭിയേട്ടൻ കാണിച്ചു കൊടുത്ത ആ നീരവേട്ടന്റെയും ഹെമേച്ചിയുടെയും കിസ്സിങ്.. അതാ ദർശു ചേച്ചിക്ക് പ്രശ്നം ആയത്. അത് ചേട്ടന് എവിടെ നിന്നും കിട്ടിയെന്ന് എനിക്ക് അറിയില്ല. പക്ഷെ നീരവേട്ടനെ പറ്റി തെറ്റായ ധാരണ ആരോ ചേട്ടന്റെ മനസ്സിൽ കടത്തി വിട്ടെന്ന് മാത്രം എനിക്ക് മനസ്സിലായി..\"


\"മം.. നീ പൊക്കോ.. ഞാൻ ഒന്ന് ഉറങ്ങട്ടെ...\" അഭി അത് പറഞ്ഞു നീരുവിനെ ഒഴിവാക്കി.


അവൾ പോയതും അഭിയുടെ ചിന്ത കാട് കേറി. ചിന്തക്കൊടുവിൽ അവനു മനസ്സിലായി അവനെ മനീഷ് ചതിക്കുകയായിരുന്നെന്ന്.. ദർശിനിയോടുള്ള ദേഷ്യത്തിന് തന്നെ ബലിയാട് ആക്കുകയായിരുന്നെന്ന്. അവൻ കൊടുത്തതായിരുന്നു നീരവും ഹേമയും കിസ്സ് ചെയ്യുന്ന വീഡിയോ.. കണ്ടതല്ല സത്യമെന്ന് അവനു ബോധ്യപ്പെട്ടു.


അവന്റെ ഉള്ളിൽ പണ്ടത്തെ ഓരോ ഓർമകൾ നിറഞ്ഞു നിന്നു. അച്ഛനെ വളരെ ചെറുപ്പത്തിൽ നഷ്ടമായി. അമ്മ വേറെ കല്യാണം കഴിച്ചു. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. പക്ഷെ അവനു ഒരു അനിയൻ ജനിച്ചന്ന് മുതൽ എല്ലാം തല കീഴായ്‌ മറിഞ്ഞു. തനിക്ക് പണം കൊണ്ടു ഒരു കുറവും അവർ വരുത്തിയില്ല. പക്ഷെ സ്നേഹം... സ്നേഹം മാത്രം കിട്ടിയില്ല. അവൻ ഏറ്റവും ആഗ്രഹിച്ചിരുന്നതും അതായിരുന്നു. ദർശിനി ആകട്ടെ യഥാർച്ഛികമായി ജീവിതത്തിലേക്ക് കടന്നു വന്നു. അവൾ അവനെ അവളുടെ ഉറ്റ കൂട്ടുകാരനായി കണ്ടു. സ്നേഹിച്ചു.. ആരെക്കാളും അവൾ സ്നേഹിച്ചത് അവനെ ആയിരുന്നു. വിശ്വസിച്ചതും അവനെ ആയിരുന്നു.


അവനു ബാറ്റ്മിണ്ടൻ വളരെ അധികം ഇഷ്ടമായിരുന്നു. അവനു സ്റ്റേറ്റ് ലെവലിലേക്ക് സെലെക്ഷൻ കിട്ടിയെന്ന് വീട്ടിൽ അറിയിച്ചത് അവനു ഓർമ വന്നു.


\"ഓ.. അതായിരുന്നോ... നിന്റെ ആവേശം കണ്ടപ്പോൾ വേറെ എന്തോ ആണെന്ന് വിചാരിച്ചല്ലോ... \" അങ്ങനെയായിരുന്നു അവന്റെ അമ്മയുടെ പ്രതികരണം.


\"അമ്മേ.. എനിക്ക് മറ്റന്നാൾ ആണ് തിരുവനതപുരം പോകേണ്ടത്. അന്നാ സ്റ്റേറ്റ് ലെവൽ മത്സരം. എന്റെ കൂടെ വരുമോ?\" അവനു അതിയായ ആഗ്രഹമുണ്ടായിരുന്നു അവന്റെ വീട്ടുകാർ അത് കാണണമെന്ന്.


\"പിന്നെ.. എനിക്ക് ഒന്നും വയ്യ.. അന്ന് അപ്പുവിനെയും കൂട്ടി സ്കിൻ ഡോക്ടറിനെ കാണാൻ പോകണം.\" അമ്മ പറഞ്ഞു.


\"അമ്മേ അത് അതിന്റെ പിറ്റേന്ന് പോകാലോ. മുഖക്കുരുവിനു കാണിക്കാൻ അല്ലേ..\"


\"അതിനു... പിന്നെ... നീ കളിച്ചു നടക്കുന്നതിന്റെ പിറകെ വരൽ അല്ലേ എനിക്ക് പണി..\"


അവൻ അപ്പുറത്തിരുന്നു ഭക്ഷണം കഴിക്കുന്ന അച്ഛനെ നോക്കി.


\"അച്ഛാ.. അച്ഛൻ വരാമോ?\"


അയാൾക്ക് അത് കേട്ടപ്പോൾ പെട്ടന്ന് നല്ല ദേഷ്യം വന്നു. എച്ചിൽ കൈ കൊണ്ട് തന്നെയുള്ള മുഖം അടച്ചുള്ള ഒരടി ആയിരുന്നു അയാളുടെ പ്രതികരണം.


\"പല തവണ പറഞ്ഞിട്ടുണ്ട് നിന്നോട് എന്നെ അച്ഛാ എന്ന് വിളിക്കാൻ വരരുതെന്ന്. ഞാൻ എപ്പോഴാടാ നിന്നെ ഉണ്ടാക്കിയത്. നിന്റെ തന്ത ചത്തു തലക്ക് മുകളിൽ എത്തി. എന്നിട്ട് അവൻ വന്നേക്കുന്നു അച്ഛാ എന്നും വിളിച്ചു..%%@@&\" അയാൾ അതും പറഞ്ഞു അവിടെ നിന്നും പോയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യത്തെ സംഭവമല്ല.. അമ്മയുടെ കണ്മുൻപിൽ വച്ചു ഇതൊക്കെ നടന്നാലും അവർ ഭർത്താവിനെ എതിർക്കാറുമില്ല.


അവൻ നേരെ അന്ന് ചെന്നത് ദർശിനിയുടെ വീട്ടിലേക്കായിരുന്നു.


ദർശിനിയുടെ ഫോണിൽ അവന്റെ കോൾ കണ്ടായിരുന്നു അവൾ ഉറക്കം ഉണർന്നത്.


\"എന്താ അഭി ഈ നേരത്ത്...?\" അവൾ ചോദിച്ചു.


\"നീ ബാൽക്കണിയുടെ വാതിൽ തുറക്ക്...\"


\"ബാൽക്കണിയുടെ വാതിലോ... നിന്റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ അഭി... എന്താ പറ്റിയെ.\"


\"ഞാൻ പറയാം.. നീ ഒന്ന് തുറന്നെ...\"


അവൾ പോയി വാതിൽ തുറന്നതും കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അഭിയെ ആയിരുന്നു. അവൻ പെട്ടന്ന് അവനെയും കൂട്ടി അവളുടെ മുറിയിലേക്ക് ചെന്നു. അവനെ കട്ടിലിൽ ഇരുത്തി.


\"എന്ത് പറ്റി അഭി...? \" അവൾ അവന്റെ മുഖം കയ്യിലെടുത്തു ചോദിച്ചു.. അവൻ നടന്നതൊക്കെ പറഞ്ഞു.


അവൻ അവളുടെ തോളിൽ തല ചായിച്ചു ഇരിക്കുകയായിരുന്നു. അവൾ മെല്ലെ അവന്റെ തലയിൽ തലോടി ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. 


\"നീ കഴിച്ചായിരുന്നോ അഭി..?\"


\"ഇല്ല..\"


\"നീ ഇവിടെ ഇരിക്ക്.. ഞാൻ താഴെ പോയി എടുത്ത് കൊണ്ട് വരാം. എന്തെങ്കിലും ഒക്കെ കാണുമായിരിക്കും..\" അതും പറഞ്ഞു ദർശിനി താഴെ പോയി ഭക്ഷണം കൊണ്ട് വന്നു അവനു വാരി കൊടുത്ത് കഴിപ്പിച്ചു. അവന്റെ കണ്ണുകൾ അപ്പോഴും ഈറൻ അണിഞ്ഞു തന്നെ ആയിരുന്നു.


\"ഞാൻ ഇന്ന് പോകുന്നില്ല ദർശു അങ്ങോട്ടേക്ക്.. എനിക്ക് മടുത്തു..\"


\"വേണ്ട പോകണ്ട.. നീ ഇവിടെ കിടന്നോ..\" അതും പറഞ്ഞു അവൾ ഷെൽഫ് തുറന്ന് അവനു പുതപ്പെടുത്തു കൊടുത്തു.


അവർ രണ്ടുപേരും ആ കട്ടിലിൽ ഒരുമിച്ച് ഉറങ്ങി. ഈ സംഭവം പിന്നീടും ആവർത്തിച്ചു. അവൻ അവളെ ഒരിക്കലും തെറ്റായ് ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്തിട്ടില്ല. അവൾക്കാക്കട്ടെ അവൻ തെറ്റായി തന്നെ കണ്ടേക്കാം എന്നൊരു ചിന്ത പോലും മനസ്സിൽ വന്നുമില്ല. അത്രയ്ക്കും ആയിരുന്നു അവനെ അവൾക്ക് വിശ്വാസം.


അവന്റെ ആ സ്റ്റേറ്റ് ലെവൽ മത്സരത്തിലും പിന്നീടുള്ള എല്ലാ കാര്യങ്ങൾക്കും അവന്റെ രക്ഷകർത്താക്കളായി കൂടെ ചെന്നത് ദർശിനിയുടെ അച്ഛനും അമ്മയുമായിരുന്നു. അവരും തന്നെ ഒരുപാട് നിസ്സ്വാർത്ഥമായി സ്നേഹിച്ചിരുന്നെന്ന് അവൻ ഓർത്തു. എന്നിട്ട് താൻ ചെയ്തതോ... അവരുടെ ഏക മകളെ അവരിൽ നിന്നും അകറ്റി. അവളെ അവരെ കൊണ്ട് തന്നെ വെറുപ്പിച്ചു. 


ദർശിനി.. പാവം അവൾ തന്നെ സ്നേഹിച്ചിട്ടേ ഉള്ളൂ. അവളെ നീരവിന് വിട്ടു കൊടുക്കാൻ അവനു സമ്മതമായിരുന്നു. അവൾ സന്തോഷമായി ഇരിക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളു. പക്ഷെ മനീഷ്... അവൻ നീരവ് മോശമാണെന്നു തന്നെ വിശ്വസിച്ചപ്പോൾ അവളെ അത് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾ കേട്ടില്ല. അവനെ കെട്ടിയാൽ അവൾ കണ്ണീരു കുടിക്കേണ്ടി വരുമെന്ന് ഓർത്താണ് ഇത്രയൊക്കെ ചെയ്തു കൂട്ടിയത്. പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ അവൾ തന്നെ വിട്ടുപോകരുതെന്നും തന്റെ ഭാര്യയായി ജീവിതാവസാനം വരെ കൂടെ വേണമെന്നും ആഗ്രഹിച്ചു പോയി. എന്നിട്ടെന്തായി.. അവളെ ഒരുപാട് വിഷമിപ്പിച്ചു. അവളുടെ ജീവിതം താൻ തകർത്തു.. അവളോട് തെറ്റായി പെരുമാറാൻ നോക്കി.


അവൾക്ക് തന്നോടുണ്ടായിരുന്ന സ്നേഹം വിശ്വാസം എല്ലാം തന്നെ തകർത്തു. അവൻ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.

ആരോ അങ്ങോട്ട് വരുന്നെന്നു തോന്നിയതും അഭി കണ്ണുകൾ തുടച്ചു. ദർശിനി അവനു കുടിക്കാൻ കഞ്ഞിയും കൊണ്ട് വന്നതായിരുന്നു . 


\"റൂമിലേക്ക് ഉടനെ മറ്റുമെന്ന് ഡോക്ടർ പറഞ്ഞു..\" ദർശിനി സ്പൂൺ കൊണ്ട് കഞ്ഞി കൊടുക്കുന്നതിനു ഇടയിൽ പറഞ്ഞു.


\"ദർശിനി.. ഇനി എന്താ നിന്റെ ഉദ്ദേശം. വീട്ടിൽ എല്ലാം പറഞ്ഞു ഡിവോഴ്സ് വാങ്ങാൻ ആണോ? അതോ എന്റെ കൂടെ ജീവിക്കാനാണോ? \" അവൻ അവളോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും ദർശിനി അവനെ ഞെട്ടി നോക്കി.


(തുടരും )





















Psycho Love 11

Psycho Love 11

4.5
1614

\"ദർശിനി.. ഇനി എന്താ നിന്റെ ഉദ്ദേശം. വീട്ടിൽ എല്ലാം പറഞ്ഞു ഡിവോഴ്സ് വാങ്ങാൻ ആണോ? അതോ എന്റെ കൂടെ ജീവിക്കാനാണോ? \" അവൻ അവളോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും ദർശിനി അവനെ ഞെട്ടി നോക്കി.\"പറ ദർശിനി...\"\"സത്യം പറയണോ അതോ കള്ളം പറയണോ?\"\"എന്നെ പേടിച്ചു നീ ഒന്നും പറയാൻ നിക്കണ്ട. നിന്റെ മുൻപിൽ ഉള്ളത് പണ്ടത്തെ നിന്റെ അഭിയാണ്. നിനക്ക് അങ്ങനെ കാണാൻ ആകില്ലെന്ന് അറിയാം. പക്ഷെ പണ്ടത്തെ നിന്റെ അഭിയോട് എങ്ങനെ പറയും അതേ പോലെ പറയു.. നിന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് എനിക്ക് അറിയണം..\"\"അഭി... സത്യം പറഞ്ഞാൽ എനിക്ക് പറ്റില്ല നിന്റെ കൂടെ ജീവിക്കുവാൻ. എന്തിന്റെ പേരിൽ ആയാലും നീ എന്നോട് കാണിച്ച