ഭാഗം 7
ഒഴിഞ്ഞു മാറാൻ സമയം ഇല്ലയെന്നു മനസിലായപ്പോൾ അന്ന കണ്ണുകൾ ഇറുക്കി അടച്ചു. പെട്ടെന്നാണ് ബലമേറിയ ഒരു ശരീരം എവിടുന്നോ അവളെ വന്നു പൊതിഞ്ഞു പിടിച്ചത്. തനിക്കു കിട്ടേണ്ടിയിരുന്ന അടി അയാളുടെ പുറത്തു വീഴുന്നത് അവൾ അറിഞ്ഞു. അതിന്റെ വേദന കൊണ്ടോ എന്തോ അയാളുടെ പിടുത്തം ഒന്ന് മുറുകി, ഒപ്പം കല്ലുവിന്റെ \"ഏട്ടാ.. \" എന്നുള്ള വിളിയും കേട്ടു. അടുത്തനിമിഷം \" ഡാ \" എന്നൊരു അലർച്ചയും ആരോ ആരെയൊക്കെയോ അടിക്കുന്ന ഒച്ചയും എല്ലാം അവൾ കേട്ടു. തന്നെ ചേർത്ത് പിടിച്ചിരുന്ന കൈകൾ അയയുകയും, ആ ആൾ തന്റെ ദേഹത്ത് നിന്നു മെല്ലെ അകലുന്നതും അവൾക്കു മനസിലായി. അന്ന കണ്ണ് തുറന്നു നോക്കി..
\" അന്ന.. ഓക്കേ ആണോ? \"
തൊട്ടടുത്തു നിന്നു വിഷ്ണു അവളോട് ചോദിച്ചു.. അവൾ അതേയെന്നു തലയാട്ടി.. അപ്പോഴേക്കും കല്ലുവും എണീറ്റു അവരുടെ അടുത്തേക്ക് വന്നിരുന്നു.
\" ഏട്ടാ.. ഏട്ടന്.. \"
\" എനിക്കൊന്നുമില്ല.. ഇവിടെ തന്നെ നിന്നോ.. അനങ്ങരുത്.. ഞാനിപ്പോ വരാം.. \"
എന്തോ പറയാൻ തുടങ്ങിയ കല്ലുവിനെ അത് പറയാൻ സമ്മതിക്കാതെ ശിവാ എന്ന് വിളിച്ചു കൊണ്ട് വിഷ്ണു അപ്പുറത്തേക്ക് ഓടി. അപ്പോഴാണ് ഒറ്റയ്ക്ക് രണ്ടു പേരോട് ഫൈറ്റ് ചെയ്തു കൊണ്ട് നിൽക്കുന്ന ശിവൻ അന്നയുടെ കണ്ണിൽ പെട്ടത്. വിഷ്ണുവും കൂടി അവരോടൊപ്പം കൂടിയപ്പോൾ ഇപ്പോൾ ഒന്നിനൊന്നായി. അന്ന ചുറ്റും നോക്കി. ആളുകൾ ഒക്കെ ഫൈറ്റ് ആസ്വദിച്ചു കാണുന്നുണ്ട്. പക്ഷെ സഹായിക്കാൻ ആരുമില്ല. അവർക്കു സഹായത്തിന്റെ ആവശ്യം ഉണ്ടെന്നും തോന്നിയില്ല. കലിപ്പൻ പോലീസ് ആയതു കൊണ്ടും, അടിപിടിയിൽ phd ഉള്ളത് കൊണ്ടും നല്ല വൃത്തിയിയായി മറ്റവനിട്ടു കൊടുക്കുന്നുണ്ട്. അന്നയെ അതിശയിപ്പിച്ചത് വിഷ്ണു ആണ്. സൗമ്യൻ എന്ന് അവൾ വിചാരിച്ചിരുന്ന വിഷ്ണു നിഷ്പ്രയാസമായി അവന്റെ എതിരാളിയെ കീഴടക്കുന്നത് അവൾ അമ്പരപ്പോടെ നോക്കി നിന്നു. ശിവന്റെ കൂടെ നടക്കുമെങ്കിലും വിഷ്ണുവിന് ഇതൊന്നും അത്ര പിടിയില്ല എന്നായിരുന്നു അന്നയുടെ ധാരണ. കണ്ടുനിന്നവരിൽ ആരോ വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് തോനുന്നു.. പോലീസ് എത്തി. അപ്പോഴേക്കും ശിവനും വിഷ്ണുവും കൂടി അവന്മാരെ അടിച്ചൊതുക്കിയിരുന്നു.
\" ഞാൻ സ്റ്റേഷനിലേക്ക് വന്നേക്കാം.. ഇവന്മാരെ ലോക്ക് അപ്പിൽ ആക്കിയേക്ക്.. \"
അവരെ കൊണ്ട് പോകാൻ നേരം ശിവൻ മറ്റു പോലീസുകാരോട് പറഞ്ഞു. അവന്മാരെ പോലീസ് കൊണ്ട് പോവുകയും ചെയ്തു. അവന്മാരുടെ കാര്യം ഇന്ന് കട്ടപ്പൊക തന്നെ.. കലിപ്പൻ മിക്കവാറും ഉത്സവത്തിന്റെ വെടികെട്ടു അവന്മാരുടെ നെഞ്ചത്ത് നടത്തും.. അന്ന ഓർത്തു. അവർ പോയതും വിഷ്ണുവും ശിവനും കൂടി അന്നയുടെയും കല്ലുവിന്റെയും അടുത്തെത്തി..
\" നിങ്ങള്ക്ക് എന്തേലും പറ്റിയോ? \"
ശിവൻ ചോദിച്ചു..
\" എനിക്ക് ഒന്നും പറ്റിയില്ല.. താങ്ക്സ്.. \"
അവൾ വിഷ്ണുവിനെ നോക്കി പറഞ്ഞു.. അവൻ അത് സാരമില്ല എന്ന മട്ടിൽ ചിരിച്ചു. പിന്നെ കല്ലുവിന് നേരെ തിരിഞ്ഞു..
\" കല്ലു മോളെ വല്ലോം പറ്റിയോടി? \"
അവൾ ഇല്ലയെന്നു തലയാട്ടി..
\" ഏട്ടന്റെ പുറത്തു വേദനിക്കുന്നുണ്ടോ? \"
അതിനു വിഷ്ണു എന്തേലും പറയുന്നതിന് മുന്നേ അന്നദാനത്തിന്റെ കാര്യങ്ങൾക്കായി ഓടി നടക്കുകയായിരുന്ന വിശ്വനും ശങ്കരനും കാര്യങ്ങൾ അറിഞ്ഞു അങ്ങോട്ടേക്ക് എത്തി..
\" കല്ലു.. വിഷ്ണു.. ശിവാ..ആർക്കും കുഴപ്പം ഒന്നുമില്ലലോ? \"
ശങ്കരൻ ഓടി വന്നു ചോദിച്ചു.. തനിക്കു അടി കിട്ടിയത് അവരോടു പറയരുത് എന്ന മട്ടിൽ വിഷ്ണു കല്ലുവിനെ കണ്ണ് കാണിക്കുന്നത് അന്ന കണ്ടു.
\"ഇല്ലഛാ.. ഞങ്ങൾക്ക് കുഴപ്പം ഒന്നുമില്ല.. \"
അവൻ പെട്ടെന്ന് പറഞ്ഞു..
\" അന്നാ.. മോൾക്ക് വല്ലതും പറ്റിയോ? \"
\" ഇല്ല ശങ്കരേട്ടാ.. \"
തങ്ങളുടെ മക്കൾക്ക് ആർക്കും കുഴപ്പം ഒന്നുമില്ലയെന്നു ഉറപ്പു വരുത്തി കഴിഞ്ഞാണ് അവർക്കു സമാധാനം ആയതു. പക്ഷെ അവരുടെ മക്കളോടൊപ്പം തന്നെ അവർ അന്നയെ പറ്റിയും വേവലാതിപ്പെടുന്നത് കണ്ടപ്പോൾ അവരുടെ മനസ്സിലെ നന്മ അന്നക്കും മനസിലാവുന്നുണ്ടായിരുന്നു.
\" ഇനി ഇവിടെ നിൽക്കേണ്ട.. വാ പോകാം.. \"
വിശ്വനാഥൻ പറഞ്ഞു. മാമംഗലത്തു ചെല്ലുമ്പോൾ ആരൊക്കെയോ പറഞ്ഞു അരുന്ധതിയും കാര്യങ്ങൾ അറിഞ്ഞിരുന്നു. അവർ പേടിയോടെ ഇവർ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു. ആർക്കും കുഴപ്പം ഒന്നും സംഭവിച്ചില്ല എന്ന് അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ തന്നെ പാടുപെട്ടു. ശിവൻ അപ്പോൾ തന്നെ സ്റ്റേഷനിലേക്ക് പോകാൻ ഇറങ്ങി.. എന്നാൽ ഇനി ഔട്ട് ഹൗസിലേക്ക് പോയേക്കാം എന്ന് വിചാരിച്ചു ശിവൻ ഇറങ്ങാൻ തുടങ്ങുമ്പോൾ അന്നയും എണീറ്റു..
\" അന്ന എങ്ങോട്ടാ? \"
അവൾ യാത്ര പറയാൻ തുടങ്ങിയപ്പോഴേക്കും വിഷ്ണു ചോദിച്ചു..
\" ഞാനും എന്നാൽ ഔട്ട് ഹൗസിലേക്ക് പോകാമെന്നു വിചാരിക്കുവാരുന്നു. നല്ല ക്ഷീണം.. \"
\" അന്ന ഔട്ട് ഹൗസിലേക്ക് പോകേണ്ട.. അവിടെ താൻ ഒറ്റയ്ക്ക് അല്ലേ ഉള്ളു.. തന്റെ ജീവന് ഇപ്പോൾ ആപത്തു ഉണ്ട്.. ഇന്ന് അവർക്കു തന്നെ ഒന്നും ചെയ്യാൻ പറ്റാത്തതു കൊണ്ട് ഇനിയും ചിലപ്പോൾ അവർ തന്നെ അപകടപെടുത്താൻ ശ്രമിച്ചേക്കാം.. ആ സമയത്തു ഒറ്റയ്ക്ക് അവിടെ താമസിക്കുന്നത് റിസ്ക് ആണ്.. അത് കൊണ്ട് അന്ന ഇവിടെ നില്ക്കു.. ഇവിടെ ഒരുപാട് മുറികൾ ഒക്കെ ഉണ്ടല്ലോ? \"
\" പക്ഷെ.. ഇന്ന് അവരെ അറസ്റ്റ് ചെയ്തില്ലേ? ഇനി പേടിക്കണോ? \"
അന്ന ചോദിച്ചു..
\" ഇന്ന് അറസ്റ്റ് ചെയ്തത് യഥാർത്ഥ കുറ്റവാളി ആണെന്ന് തോന്നുന്നില്ല.. അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് അവരേതോ വാടകഗുണ്ടകളെ പോലെയാണ് തോന്നിക്കുന്നത്. അവർ ഇനി എത്ര മാത്രം കാര്യങ്ങൾ വിട്ടു പറയുമെന്ന് കണ്ടറിയണം.. \"
ശിവനും പറഞ്ഞു..
\" അത് കൊണ്ടാണ് പറയുന്നത് എല്ലാം കലങ്ങി തെളിയുന്നത് വരെ അന്ന ഇവിടെ നില്ക്കു.. ഇവിടെ ആവുമ്പോൾ എപ്പോഴും ആളും അനക്കവും ഒക്കെ ഉണ്ടാവും.. \"
വിഷ്ണു വീണ്ടും പറഞ്ഞു. അന്നയ്ക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു. വിഷ്ണു പറയുന്നതിൽ കാര്യമുണ്ട് എന്നവൾക്ക് അറിയാമായിരുന്നു. പക്ഷെ ഇങ്ങനെ വേറൊരു ഫാമിലിയുടെ കൂടെയൊക്കെ കയറി താമസിക്കുക എന്നൊക്കെ പറഞ്ഞാൽ.. പപ്പയും മമ്മിയും അവളും മാത്രമുള്ള ഒരു ഫ്ലാറ്റിൽ ജീവിച്ച അവൾക്കു ഇത്രയും ആൾക്കാരുള്ള വലിയ തറവാട്ടിൽ ജീവിക്കുന്ന കാര്യം ആലോചിക്കാനേ ബുദ്ധിമുട്ടായിരുന്നു. ആ വീട്ടിൽ ഉള്ളവരോടൊന്നും ഇഷ്ടക്കുറവ് ഇല്ലായിരുന്നെങ്കിലും അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാൽ..
\" ഏയ്.. അതൊന്നും ശരിയാവില്ല.. ഞാൻ ഔട്ട് ഹൌസിൽ തന്നെ താമസിച്ചോളാം.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം \"
അവൾ പെട്ടെന്ന് പറഞ്ഞു..
\" അതൊന്നും ശരിയാവില്ല അന്ന.. തനിക്കു വിളിക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിലോ? ഇത് സ്ഥിരം ഒന്നുമല്ല.. ഇതിനു പിന്നിലുള്ള ആളെ തിരിച്ചറിഞ്ഞു അയാളെ ജയിലിൽ ആക്കുന്നത് വരെ മതി.. \"
അവളുടെ മനസ് മനസിലാക്കിയ പോലെ വിഷ്ണു പറഞ്ഞു.
\" അതേ മോളെ.. ഞങ്ങളുടെ ഹോസ്പിറ്റലിന്റെ വർക്കിന് വന്നിട്ട്, ഞങളുടെ വീട്ടിലെ പ്രശ്‌നങ്ങളുടെ പേരിൽ മോൾക്ക് എന്തെങ്കിലും വന്നു പോയാൽ പിന്നെ ഒരിക്കലും ഞങ്ങൾക്ക് ആർക്കും സമാധാനം ഉണ്ടാവില്ല..മോളുടെ സുരക്ഷിതത്വം നിങ്ങളുടെ കമ്പനിയുടെ അടുത്ത് ഞങ്ങളാണ് ഏറ്റത്. ഈ വീട്ടിൽ കിട്ടുന്ന സുരക്ഷിതത്വം പുറത്തു എവിടെയും കിട്ടില്ല.. \"
വിശ്വനാഥൻ കൂടി അവളോട് പറഞ്ഞു. അന്ന പിന്നെയും മടിച്ചു.
\" അന്ന മോളെ.. പണ്ടൊരിക്കൽ ഇരു മകനെ നഷ്ടപ്പെട്ടതാണ് എനിക്ക്.. അതിന്റെ വിഷമം നന്നായി അറിയാം.. ആകെ ഉള്ള ഒരു മകൾക്കു എന്തേലും വന്നു പോയാൽ മോളുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന വിഷമം എനിക്ക് മനസിലാവും. അത് കൊണ്ട് ഒന്നുകിൽ കുട്ടി ഇങ്ങോട്ടേക്കു താമസം മാറ്റൂ.. അല്ലെങ്കിൽ ഈ വർക്ക് ഉപേക്ഷിച്ചു മുംബൈയിലേക്ക് തന്നെ തിരിച്ചു പോകൂ.. മോളുടെ കമ്പനിയിൽ മോൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ വിശ്വേട്ടൻ കാര്യങ്ങൾ പറഞ്ഞോളും.. \"
അരുന്ധതി അവളോട് പറഞ്ഞു. തിരിച്ചു മുംബൈയിലേക്ക് പോകുന്ന കാര്യം അവൾ ആലോചിച്ചു നോക്കി..പപ്പക്കും മമ്മിക്കും സന്തോഷം ആവും. പക്ഷെ കമ്പനിയിൽ.. ജോലിക്ക് കുഴപ്പം ഉണ്ടാവില്ലായിരിക്കും.. താനായിട്ട് ഡയറക്ടറിന്റെ മുന്നിൽ ഏറ്റെടുത്ത ജോലിയാണ്.. അത് പൂർത്തിയാക്കാതെ തിരിച്ചു ചെന്നാൽ.. ഒരിക്കൽ കൂടി എല്ലാവരുടെയും പരിഹാസപാത്രം ആവേണ്ടി വരും.. തന്നെയുമല്ല കിഷോറും അനുവും.. അവരെ ഫേസ് ചെയ്യാൻ താൻ തയ്യാറാണോ? ശരിയാണ്.. ഇപ്പോൾ തന്റെ മനസ്സ് പണ്ടത്തേതിനേക്കാളും സ്വസ്ഥമാണ്.. പക്ഷെ അതിനർത്ഥം താൻ പഴയതൊന്നും പൂർണമായും മറന്നു എന്നല്ല.. കുറച്ചു സമയം കൂടി തനിക്കു ആവശ്യമാണ്. എല്ലാത്തിലും ഉപരി പക മൂത്തു ഭ്രാന്ത് വന്ന ഒരാളുടെ ഭീഷണിക്കു വഴങ്ങി തന്റെ പണി പകുതിക്കു ഉപേക്ഷിച്ചു പോവാനും അവൾക്കു മനസിലായിരുന്നു.
\" ശെരി.. എന്നാൽ ഞാൻ ഇങ്ങോട്ടേക്കു വന്നു താമസിക്കാം.. അയാളെ കിട്ടുന്നത് വരെ \"
അതോടെ എല്ലാവർക്കും സമാധാനം ആയി. അതിനു തീരുമാനം ആയതു കൊണ്ട് ശിവൻ സ്റ്റേഷനിലേക്ക് പോയി. വിഷ്ണുവും അന്നയും കൂടി ഔട്ട് ഹൗസിൽ പോയി അവളുടെ അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തു. ബാക്കി സാധനങ്ങൾ അടുത്ത ദിവസം എടുക്കാമെന്ന് വിഷ്ണു പറഞ്ഞു.
\" ഞങ്ങളുടെ വീട്ടിൽ സൗകര്യങ്ങൾ കുറവാണ്. മുറികളും.. അതാണ് അങ്ങോട്ട് വിളിക്കാഞ്ഞത്.. മാമംഗലത്തു ആവുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടാവും.. \"
സാധനങ്ങൾ എടുത്തു തിരികെ വരുമ്പോൾ വിഷ്ണു അവളോട് പറഞ്ഞു.
\" അങ്ങോട്ടേക്ക് വിളിച്ചിരുന്നെങ്കിൽ ഞാൻ അപ്പോഴേ സമ്മതിച്ചേനെ.. \"
\" ങേ.. \"
വിഷ്ണു ഒരു ഞെട്ടലോടെ അവളെ നോക്കി.
\"ആ.. അവിടെ കല്ലു ഉണ്ടല്ലോ? \"
\" ഓ.. \"
ആ ഓ യിൽ ചെറിയൊരു നിരാശ ഉണ്ടായിരുന്നോ?
\" പിന്നെ നിങ്ങളുടെ അവിടെ കലിപ്പനും ഇല്ല.. \"
\" കലി.. അല്ല ശിവൻ അങ്ങനെ പ്രശ്‌നക്കാരൻ ഒന്നുമല്ല.. പിന്നെ തനിക്കു പേടിയാണെങ്കിൽ ഞാൻ അവനോടു പറയാം ദേഷ്യം കുറയ്ക്കാൻ.. \"
പേടി ഒന്നുമല്ല.. എന്നാലും ചെറിയൊരു ഭയം.. പോട്ടെ.. സൗമ്യൻ പറയാമെന്നു പറഞ്ഞ സ്ഥിതിക്ക് ഇനി സമാധാനം ഉണ്ട്.
\" പുറത്തു വേദന ഉണ്ടോ?\"
അവൾ അവനോടു ചോദിച്ചു.. കുറച്ചു നേരം അവൻ മിണ്ടിയില്ല.. പിന്നെ പറഞ്ഞു..
\" കുറച്ചു.. \"
\" മരുന്ന് വയ്ക്കണം.. ഞാൻ കല്ലുനോട് പറയാം.. \"
അവൾ മെല്ലെ പറഞ്ഞു.. അവൻ അതിനു മൂളി.. പിന്നെയും ഓരോന്ന് പറഞ്ഞു നടന്നു അവർ മാമംഗലത്തു എത്തി.
************************************************
ശിവൻ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ കോൺസ്റ്റബിൾ മാർ അവന്മാർക്ക് നല്ലത് കൊടുത്തിട്ടുണ്ടായിരുന്നു..
\" സർ.. ആ ബൈജു പറഞ്ഞിട്ട് ചെയ്തത് ആണെന്ന അവന്മാർ പറയുന്നേ.. \"
\" ബൈജുവോ? \"
\" അതേ.. കഴിഞ്ഞ ദിവസം ആരെയോ ശല്യപെടുത്തിന്നു പറഞ്ഞു സാറും വിഷ്ണുവും കൂടി സൈറ്റിൽ ഇട്ടു തല്ലില്ലേ? അതിന്റെ പ്രതികാരം.. അതിനു പകരം ചെയ്യാൻ വിഷ്ണുവിന്റെ പെങ്ങളെയും, ഹോസ്പിറ്റലിന്റെ പണി നിർത്തി നിങ്ങളെ ദ്രോഹിക്കാൻ ആ എഞ്ചിനീയറെയും ഉപദ്രവിക്കാൻ അവൻ കൊച്ചീന്നു പൈസ കൊടുത്തു കൊണ്ട് വന്നതാണ് പോലും.. \"
ആരോ പറഞ്ഞു കൊടുത്തു പഠിപ്പിച്ചത് പോലെയുണ്ട്. തന്നോടും വിഷ്ണുവിനോടും പക ഉണ്ടെങ്കിൽ തങ്ങളെ തല്ലാൻ അല്ലേ ആളെ വിടേണ്ടത്? കല്ലുവിനെ ഉപദ്രവിക്കുന്നതും പോട്ടെ.. അന്നയെ എന്തിനാണ് ഉപദ്രവിക്കുന്നത്.. ഹോസ്പിറ്റലിന്റെ പണി നിർത്തിയിട്ടു ബൈജുവിന് എന്താ ഉപകാരം? അല്ലെങ്കിലും വിഷ്ണുവിനോട് ബൈജുവിന് എന്തിനാണ് പക? വിഷ്ണു അവനെ ഒന്ന് തൊട്ടിട്ടു പോലുമില്ല.. അവസാനം താൻ തല്ലി കൊല്ലാൻ തുടങ്ങിയപ്പോൾ അവനാണ് വന്നു തടഞ്ഞത്.. എങ്ങനെ ഒക്കെ ആലോചിച്ചിട്ടും ബൈജു ആണ് ഇതിനു പിന്നിൽ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്നാലും അവന്റെ പേര് പറയുന്നതിന് പിന്നിൽ എന്തേലും കാര്യം കാണുമല്ലോ?
\" ഒരു കാര്യം ചെയ്യൂ.. ഈ ബൈജുവിനെ ഇപ്പോൾ തന്നെ കസ്റ്റഡിയിൽ എടുക്കണം.. നിങ്ങൾ രണ്ടു പേര് ഉടനെ അവന്റെ വീട്ടിലേക്കു പൊ.. \"
അവർ പോയിക്കഴിഞ്ഞപ്പോൾ ശിവൻ തന്നെ ലോക്ക് അപ്പിൽ കയറി.. എങ്ങനെ പെരുമാറിയിട്ടും ബൈജുവിന്റെ പേരല്ലാതെ മറ്റൊന്നും പറയാൻ അവർ തയ്യാറായില്ല. കല്ലുവിനെയും അന്നയെയും ഉപദ്രവിക്കാൻ ബൈജു അവർക്കു ഇരുവർക്കും 15,000 രൂപ വച്ചു കൊടുത്തു എന്ന് കൂടി അറിഞ്ഞപ്പോൾ ശിവന് ഉറപ്പായി ഇത് ബൈജു അല്ലയെന്നു. കെട്ടിടം പണിക്കു നടക്കുന്ന ബൈജുവിന് വാടകഗുണ്ടകൾക്ക് കൊടുക്കാൻ 30, 000 രൂപ എവിടെ? രൂപ ക്യാഷ് ആയാണ് കൊടുത്തിരക്കുന്നത്. ഒരു രീതിയിലും ട്രേസ് ചെയ്യരുത് എന്ന രീതിയിൽ ആണ് കാര്യങ്ങൾ.
അതേ സമയം ബൈജുവിനെ അന്വേഷിച്ചു പോയ കോൺസ്റ്റബിൾ മാർ അവൻ വീട്ടിൽ ഇല്ലയെന്നു വന്നു പറഞ്ഞു. അവൻ ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നു പോയത് ആണത്രേ.. പിന്നീട് ശിവനും കൂടി പോയി അവൻ പോകാൻ സാധ്യത ഉള്ളയിടത്തെല്ലാം തിരക്കി എങ്കിലും അവനെ കണ്ടെത്താൻ സാധിച്ചതെ ഇല്ല.. ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും. പോലീസ് പിടിക്കും എന്നോർത്ത് അവൻ മുങ്ങിയത് ആവാം എന്ന് എല്ലാവരും കരുതി എങ്കിലും പെട്ടെന്ന് അവനെ കാണാതായതിലും ശിവന് എന്തൊക്കെയോ സംശയങ്ങൾ തോന്നാൻ തുടങ്ങി.
*************************************************
പിറ്റേ ദിവസം മുതൽ അന്ന മാമംഗലത്തെ ഒഫീഷ്യൽ താമസക്കാരി ആയി. രാവിലെ കല്ലു വരുന്നതും, അരുന്ധതിയെ കുളിപ്പിച്ചു ഡ്രസ്സ് ഒക്കെ മാറ്റി തിരികെ പോകുന്നതും അന്ന കണ്ടു. ഇതൊന്നും ആ കലിപ്പൻ കാണുന്നില്ലേ ആവോ?അന്ന അരുന്ധതിയോടും വിശ്വാനാഥനോടും ഒപ്പം കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കലിപ്പൻ എണീറ്റു വരുന്നത്. ഇന്നലെ ബൈജുവിന് വേണ്ടിയുള്ള തിരച്ചിൽ ഒക്കെ കഴിഞ്ഞു വൈകിയാണ് വന്നത്. ഡൈനിങ് ടേബിളിൽ വന്നിരുന്നു ചായ കുടിച്ചെങ്കിലും അന്നയെ നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല. വിശ്വനാഥൻ എന്തൊക്കെയോ ചോദിച്ചപ്പോൾ അതിനു മറുപടി പറയുന്നത് കണ്ടു. എന്ത് കൊണ്ടോ ബൈജു ആണ് ഇതിനു പിന്നിൽ എന്ന് അന്നക്കും തോന്നുണ്ടായിരുന്നില്ല.. പിന്നെ കലിപ്പന്റെ വായിൽ ഇരിക്കുനത് കേൾക്കണ്ടല്ലോ എന്ന് വിചാരിച്ചു അവൾ ഒന്നും പറഞ്ഞില്ല.
വൈകിട്ട് പതിവ് പോലെ അവൾ വീട്ടിലേക്കു വീഡിയോ കാൾ വിളിച്ചു. തലേദിവസം നടന്നത് ഒന്നും അവൾ വീട്ടിൽ പറഞ്ഞിരുന്നില്ല. ഔട്ട് ഹൗസിൽ എന്തോ പണി നടക്കുവാണു അത് കൊണ്ട് തത്കാലം അവരോടൊപ്പം നിൽക്കുന്നു എന്നാണ് പറഞ്ഞത്. അന്ന് അവൾ തന്റെ പപ്പയെയും മമ്മിയെയും അരുന്ധതിക്കു പരിചയപ്പെടുത്തി.. നല്ല ഫാമിലിയുടെ കൂടെ ആണ് മകൾ എന്നറിഞ്ഞതിൽ അവർക്കും സന്തോഷം തോന്നി. അന്ന് വൈകിട്ട് അരുന്ധതിയെ മേൽ കഴുകിക്കാൻ വന്നിട്ട് കല്ലു അന്നയോടും അരുന്ധതിയോടും വിശ്വനോടും വർത്തമാനം പറഞ്ഞു കുറച്ചധികം നേരം ഇരുന്നു. ശിവന്റെ ബുള്ളറ്റിന്റെ ഒച്ച കേട്ടപ്പോഴാണ് എട്ടു മണി കഴിഞ്ഞു എന്നവൾ ഓർത്തത്.അത്താഴം വച്ചിട്ടില്ല എന്നു പറഞ്ഞു അവൻ കയറി വന്നപ്പോഴേക്കും അവൾ പോകാനായി ഇറങ്ങി..
\" അമ്മേ.. വിശ്വച്ഛാ.. ഞാൻ പോവാണേ.. നാളെ വരാം..\"
അവൾ കൈ പൊക്കി ടാറ്റാ കാണിച്ചു..
\" ഡീ ഒന്ന് നിന്നെ.. \"
തന്നെ മറികടന്നു പോകാൻ തുടങ്ങിയ കല്ലുവിനെ അവൻ വിളിച്ചു.. അവൾ നിന്നിട്ടു അവനെ എന്താണെന്ന് നോക്കി..
\" നിന്റെ കയ്യിൽ എന്താ? \"
അവളുടെ വലത്തേ കയ്യിലേക്ക് ചൂണ്ടി അവൻ ചോദിച്ചു.. കല്ലവിന്റെ മുഖത്ത് കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവം വന്നു.. അവൾ തല കുനിച്ചു നിന്നു..
\" നിന്നോടാ ചോദിച്ചത് കയ്യിൽ എന്ത് പറ്റിന്നു? \"
കലിപ്പന്റെ ഒച്ച പിന്നേം പൊങ്ങി..
\" അത്.. അത് ഞാൻ ഇന്നലെ വീണപ്പോൾ ചെറുതായിട്ട് ഒന്ന് പറ്റിയതാ.. \"
ശിവൻ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ ചുരിദാറിന്റെ കൈമുകളിലേക്കു ഉയർത്തി.. വലത്തേ കയ്യിന്റെ അടിവശത്തു കുറച്ചു നന്നായി തൊലി പോയിട്ടുണ്ട്.. ഇന്നലെ കല്ലു ഫുൾ സ്ലീവ് ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. അത് കൊണ്ടാണ് ആരും കാണാതെ പോയത്. അവൾ ആണെങ്കിൽ ആരോടും പറഞ്ഞതും ഇല്ല. ചേട്ടനും കൊള്ളാം അനിയത്തിയും കൊള്ളാം... അന്ന ഓർത്തു..
\" ഇതാണോടി കുറച്ചു പറ്റിയത്.. ഇന്നലെ ഞങ്ങൾ മാറി മാറി വല്ലോം പറ്റിയൊന്നു ചോദിച്ചപ്പോൾ നിന്റെ വായിൽ എന്താ പഴം ആയിരുന്നോ? \"
കല്ലു ഒന്നും മിണ്ടാതെ നിന്നു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.
\" പോട്ടെ ശിവാ.. അവളുടെ അടുത്ത് ഇങ്ങനെ ഒച്ച വയ്ക്കാതെ നീ.. ഇങ്ങു വാ മോളെ.. നോക്കട്ടെ.. \"
അരുന്ധതി പറഞ്ഞു. കല്ലു അങ്ങോട്ട് ചെന്നു.
\" അമ്മയാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്.. \"
ശിവൻ പിന്നെയും ദേഷ്യത്തോടെ പറഞ്ഞു. അരുന്ധതി അവളുടെ മുറിവ് നോക്കി വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അന്ന അപ്പോൾ ശിവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.. അവന്റെ മുഖത്ത് ദേഷ്യത്തിനപ്പുറം എന്തൊക്കെയോ ഭാവങ്ങൾ.. ആശങ്ക, കരുതൽ, പിന്നെ.. പിന്നെ..പ്രണയം.. ഓഹോ.. അപ്പോൾ ഇതായിരുന്നു കലിപ്പന്റെ കലിപ്പിന് പിന്നിലെ രഹസ്യം..
അന്ന കൂടുതൽ ചിന്തിക്കുന്നതിനു മുന്നേ ശിവന്റെ ഫോൺ റിംഗ് ചെയ്തു.. അത് അറ്റൻഡ് ചെയ്തു സംസാരിച്ചു കൊണ്ടിരുന്ന ശിവന്റെ ഭാവം മൊത്തത്തിൽ മാറി..
\" എന്താടാ? \"
ഫോൺ വച്ചു കഴിഞ്ഞപ്പോൾ വിശ്വൻ ചോദിച്ചു..
\" ആ ബൈജു മരിച്ചു.. കായലിൽ നിന്നു അവന്റെ ബോഡി കിട്ടി.. അവൻ ആത്മഹത്യാ ചെയ്തത് ആണത്രേ.. പോലീസിന്റെ പിടിയിൽ ആകുമോന്നു പേടി ആയിരുന്നു എന്ന്.. എന്നേ പേടിച്ചാണ് ആത്മഹത്യാ ചെയ്യുന്നതെന്നു കുറിപ്പ് എഴുതി വച്ചിട്ടുണ്ട് പോലും.. \"
ശിവൻ ഫോണും കൊണ്ട് കസേരയിലേക്ക് ഇരുന്നു..
തുടരും..
( കല്ലുവിനെ സിംഗിൾ ആകണമെന്ന് ആരോ എന്നോട് പറഞ്ഞിരുന്നു.. വര്ഷങ്ങളായി ശിവന് വേണ്ടി നോക്കി ഇരുന്നതല്ലേ? ശിവനെ അവൾക്കു കൊടുത്തേക്കാം.. അല്ലേ? എല്ലാ കമന്റ്‌സ്നും നന്ദി.. ഇനിയും സപ്പോർട് ചെയ്യണേ.. )