ഭാഗം 14
അന്ന ശിവൻ വരുന്നതും കാത്തു വിഷ്ണു പറഞ്ഞ സ്ഥലത്തു പോയി നിന്നു. അവരുടെ സ്ഥിരം സ്ഥലം എന്ന് പറയുന്നത് ഒരു ചെറിയ തോടിനടുത്തുള്ള കലിങ്കു ആണ്. കാറ്റൊക്കെ കൊണ്ട്, തോട്ടിലേക്കു ചെറിയ കല്ലു എറിഞ്ഞു, ആ കലിങ്കിൽ ഇരുന്നു സംസാരിക്കുന്നതു അവരുടെ പതിവാണ്. ഇപ്പോൾ ജോലിതിരക്കുകൾ കാരണം പഴയ പോലെ പറ്റാറില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ രണ്ടാളും കൂടി അവിടെ വന്നിരിക്കാറുണ്ട്. വിഷ്ണുവും കൂടി വരാൻ ഇരുന്നതാണ് ശിവനോട് കാര്യങ്ങൾ പറയാൻ. പക്ഷെ ക്ലിനികിൽ നല്ല തിരക്കായി പോയി. വിഷ്ണുവിന് ഇറങ്ങാൻ പറ്റിയില്ല. അപ്പോൾ തന്നോട് പോയി കാര്യങ്ങൾ പറയാൻ പറഞ്ഞു. താൻ പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു. തിരക്ക് കഴിയുമ്പോൾ വിഷ്ണു ശിവനെ വിളിച്ചോളാം എന്ന് കൂടി പറഞ്ഞു. അഞ്ചു മണി എന്നാണ് പറഞ്ഞത്. അന്ന കുറച്ചു നേരത്തെ എത്തിയിരുന്നു. അഞ്ചു മണി ആകാറായപ്പോൾ ദൂരെ നിന്നു ബുള്ളറ്റിൽ ശിവൻ വരുന്നത് കണ്ടു. അടുത്ത് വന്നപ്പോൾ വിഷ്ണുവിന് പകരം അന്ന നിൽക്കുന്നത് കണ്ടു അവന്റെ മുഖത്ത് അതിശയം വായിച്ചെടുക്കമായിരുന്നു. ശിവൻ ബുള്ളറ്റ് മാറ്റി വച്ചു അവളുടെ അടുത്തേക്ക് വന്നു.
\" അന്ന എന്താ ഇവിടെ? വിഷ്ണു എവിടെ? \"
അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
\" വിഷ്ണുവിന് ക്ലിനികിൽ നിന്നു തിരക്ക് കാരണം ഇറങ്ങാൻ പറ്റിയില്ല. വിഷ്ണു ശിവനോട് അത്യാവശ്യമായി പറയാൻ ഉണ്ടെന്നു പറഞ്ഞ കാര്യം പറയാൻ തന്നെയാണ് ഞാൻ വന്നത്.. \"
ശിവൻ അവളെ സംശയത്തോടെ നോക്കി. വിഷ്ണുവിന് പറയാൻ എന്താ ഉള്ളതെന്ന് ഇവൾക്ക് എങ്ങനെ അറിയാം?
\" ഹോസ്പിറ്റൽ സൈറ്റിന്റെ ചില കാര്യങ്ങൾ പറയാൻ ആണ് വിഷ്ണു ശിവനോട് വരാൻ പറഞ്ഞത്. അത് കൊണ്ടാണ് ഞാൻ കൂടി ഈ വിഷയത്തിൽ ഇൻവോൾവ് ആയതു. വിഷ്ണു പറഞ്ഞിട്ടാണ് ഞാൻ ഇവിടെ വന്നതെന്ന് പറയാൻ പറഞ്ഞു. അത് പോലെ ക്ലിനിക്കിലെ തിരക്ക് കുറയുമ്പോൾ വിഷ്ണു ശിവനെ വിളിച്ചോളും. അപ്പോൾ ശിവന് മനസിലാവും..\"
അവന്റെ സംശയം മനസിലാക്കിയ പോലെ അന്ന പറഞ്ഞു. എന്തൊക്കെയോ കുഴപ്പം ഉണ്ടെന്നു ശിവന് അപ്പോഴേ മനസിലായി.
\" ഹോസ്പിറ്റൽ സൈറ്റിന്റെ എന്ത് കാര്യം? അന്ന പറയു.. \"
അന്ന അവനോടു ആദ്യം തനിക്കു അവിടെ തോന്നിയ സംശയങ്ങൾ മുതൽ കഴിഞ്ഞ ദിവസം താനും വിഷ്ണുവും സൈറ്റിൽ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ അടക്കം എല്ലാം ശിവനോട് പറഞ്ഞു. ഗിരി ആണ് ഇതിനു പിന്നിൽ എന്നും ആരോ അവനെ കൊണ്ട് ഇതെല്ലാം പൈസ കൊടുത്തു ചെയ്യിപ്പിക്കുന്നത് ആണെന്നും അവൾ അവനോടു പറഞ്ഞു. പിന്നെ താൻ എടുത്ത ഒറിജിനൽ മെറ്റീരിയൽസ് രജിസ്റ്ററിന്റെ ഫോട്ടോസ് കാണിച്ചു.
\" ഇതിൽ കാണിക്കുന്ന കണക്കു പ്രകാരം ഉള്ള പകുതി മെറ്റീരിയൽസ് പോലും ഇപ്പോൾ നമ്മുടെ സൈറ്റിൽ ഇല്ല. എല്ലാം അവർ മറ്റെങ്ങോട്ടോ മാറ്റി.. കൂടുതൽ വിലയ്ക്ക് വിൽക്കുന്നുണ്ടാവും. അല്ലെങ്കിൽ അവരുടെ ഏതെങ്കിലും സൈറ്റിലേക്ക് മാറ്റുന്നുണ്ടാവും. അത് ആരും അറിയാതെ ഇരിക്കാൻ അവർ മെറ്റീരിയൽസ് രജിസ്റ്റർ പോലും മാറ്റിയിരിക്കുകയാണ്. ഒറിജിനൽ രജിസ്റ്റർ ഗിരി എവിടെയോ സൂക്ഷിച്ചിട്ടുണ്ട്. അത് ലോഡ് വരുന്ന ദിവസം മാത്രമേ അവൻ സൈറ്റിലെ ഓഫീസിൽ കൊണ്ട് വരികയുള്ളു. ശിവന് ഇതെല്ലാം കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം ഉണ്ടാവും എന്നറിയാം. പക്ഷെ ഞാനും വിഷ്ണുവും നേരിട്ട് കണ്ടതാണ്. ഇനി എന്താ വേണ്ടതെന്നു ശിവൻ തന്നെ തീരുമാനിക്കണം. \"
അന്ന പറഞ്ഞു നിർത്തി. അവൾ പറഞ്ഞത് ശരിയായിരുന്നു. കേട്ടതൊക്കെ വിശ്വസിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു ശിവൻ. മാമംഗലത്തെ ഹോസ്പിറ്റൽ സൈറ്റിൽ ഇങ്ങനെ ഒരു തിരിമറി. അതും ഗിരി.. എത്രയോ നാളായി അറിയാവുന്നതാണ് അവനെ. അവൻ ഇങ്ങനെ ഒരു ചതി.. ആർക്കു വേണ്ടിയാവും? സാമൂവൽ അച്ചായനെ കാര്യങ്ങൾ ഏല്പിച്ചിരുന്നത് കൊണ്ട് താനും അച്ഛനുമൊക്കെ ഇടക്കൊക്കെയേ അങ്ങോട്ട് പോകാറുള്ളു. അച്ചായൻ അച്ഛന്റെ വിശ്വസ്തൻ ആണ്. എന്നിട്ട് ആ അച്ചായന്റെ വിശ്വസ്ഥൻ ആണ് ഈ പണി കാണിച്ചിരിക്കുന്നത്. ലോ ക്വാളിറ്റി മെറ്റീരിയൽസ് കൊണ്ട് കെട്ടിടം പണിയുക.. ഇതെങ്ങാനും ഇടിഞ്ഞു പൊളിഞ്ഞു വീണാൽ എത്ര ആളുകളുടെ ജീവനാണ് അപകടം ഉണ്ടാവുക? ആരാണ് ഇത്ര മനസാക്ഷി ഇല്ലാത്തവൻ? ശിവന്റെ മനസ്സിലൂടെ പല വിധ ചിന്തകൾ കടന്നു പോയി..
\" ശിവാ.. ഇന്ന് ഇത് ചെയ്തവർ നാളെ നിങ്ങളുടെ ഹോസ്പിറ്റലിന്റെ എക്യുപമെൻറ്സ് വാങ്ങുമ്പോൾ അതിലും തിരിമറി കാണിക്കില്ലെന്നു പറയാൻ പറ്റുമോ? അത് അവിടെ വരുന്ന രോഗികളുടെ ജീവൻ തന്നെ അപകടത്തിൽ ആക്കും. ഉടനെ തന്നെ എന്തെങ്കിലും ചെയ്യണം. \"
അന്ന പറഞ്ഞു. അവൾ പറഞ്ഞത് ശരിയാണെന്ന് അവനു അറിയാമായിരുന്നു. എന്തായാലും ഇത് അങ്ങനെ വിടാൻ ശിവന് ഉദ്ദേശം ഇല്ലായിരുന്നു. മുഴുവൻ തെളിവുകളോടെയും ഇത് പുറത്തു കൊണ്ട് വരണം. അവൻ തീരുമാനിച്ചു. പക്ഷെ അതിനു കുറച്ചു കാര്യങ്ങൾ വേണം..
\" അന്ന.. ഇത് നമുക്ക് ഫുൾ പ്രൂഫ് വച്ചു വേണം പിടിക്കാൻ.. അതിനു അടുത്ത ലോഡ് വരുന്നത് വരെ കാത്തിരുന്നെ പറ്റൂ. പക്ഷെ അതിനു മുൻപായി നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്.. ഞാൻ എപ്പോഴും സൈറ്റിൽ കയറി ഇറങ്ങാൻ തുടങ്ങിയാൽ ഗിരിക്ക് ചിലപ്പോൾ ഡൌട്ട് വരും.. അത് കൊണ്ട് താൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു അത് പോലെ ചെയ്തു തരണം..\"
അതിനു ശേഷം അവൻ കുറച്ചു കാര്യങ്ങൾ അവളോട് പറഞ്ഞു. അവൾ അതെല്ലാം കേട്ടു അത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു.
\" അന്ന.. വളരെ സൂക്ഷിക്കണം. അവർക്കു ഒരു സംശയവും തോന്നാൻ ഇടാൻ വരരുത്. ആദ്യം വന്ന എഞ്ചിനീയരുടെ കാര്യം ഓർമ ഉണ്ടല്ലോ? എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നെയോ വിഷ്ണുവിനെയോ വിളിക്കണം.. അന്ന് രാത്രി പോയ പോലെ ഒറ്റയ്ക്ക് പോയിട്ടില്ല CID പണി ഒന്നും വേണ്ട. മനസ്സിലായോ? \"
വിഷ്ണുവിന്റെ കൂട്ടുകാരൻ തന്നെ.. ഒരേ ഉപദേശം.. അവൾ മനസിലായി എന്ന് തലയാട്ടി. പിരിയുന്നതിനു മുന്നേ ശിവൻ അന്നയുടെ ഫോണിലുള്ള ഫോട്ടോസ് ഒക്കെ തന്റെ ഫോണിലേക്കു സെൻറ് ചെയ്യിപ്പിച്ചു. അന്നയുടെ ഫോണിൽ നിന്നു അതെല്ലാം ഡിലീറ്റ് ചെയ്തു കളയാനും പറഞ്ഞു.
അവർ കലിങ്കിൽ ഇരുന്നു കാര്യമായി ഹോസ്പിറ്റൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്വാതിയുടെ കാർ അതുവഴി പോയത് രണ്ടു പേരും ശ്രദ്ധിച്ചിരുന്നില്ല. അവർ കണ്ടില്ലെങ്കിലും കലിങ്കിൽ ഇരുന്നു കാര്യമായി സംസാരിച്ചു കൊണ്ടിരുന്ന ശിവനെയും അന്നയെയും അവൾ കണ്ടിരുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അന്ന് രണ്ടു പേരും ഒരുമിച്ചു ബൈക്കിൽ പോകുന്നത് കണ്ടപ്പോൾ തന്നെ താൻ വീട്ടിൽ പോയി പറഞ്ഞതാണ് മാമംഗലത്തു പോയി ശിവേട്ടന്റെയും തന്റെയും കല്യാണ കാര്യം ഉറപ്പിക്കാൻ. അച്ഛനാണ് അന്ന് മടിച്ചത്. പഠിത്തം കഴിയട്ടെ എന്ന് പറഞ്ഞു. അമ്മ അപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞതാണ്. ഇനി എന്തായാലും വച്ചു താമസിപ്പിക്കാൻ പറ്റില്ല. ഉടനെ തന്നെ മാമംഗലത്തു വന്നു സംസാരിക്കാൻ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണം. അമ്മയോട് പറയാം. അമ്മ പറഞ്ഞാൽ അച്ഛൻ എന്തായാലും അനുസരിക്കും. ഈ കല്യാണ കാര്യം ഒന്ന് ശരിയായിക്കോട്ടെ.. ഇവളെ ഞാൻ അടിച്ചോടിക്കും.. മാമംഗലത്തു നിന്നും ഈ തൃക്കുന്നപുഴയിൽ നിന്നും... പിന്നെ തനിക്കു ഒന്നും പേടിക്കാനില്ല.. സ്വാതി മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു.
അന്നയുമായി പിരിഞ്ഞു അധികം വൈകാതെ തന്നെ വിഷ്ണു ശിവനെ വിളിച്ചു. ശിവൻ അന്നയോടു പറഞ്ഞ കാര്യങ്ങളൊക്കെ വിഷ്ണുവിനോടും പറഞ്ഞു. തത്കാലം അടുത്ത ലോഡ് വരുന്ന വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നു വിഷ്ണുവിനും തോന്നി. എറണാകുളത്തു പോയതിന്റെ വിശേഷങ്ങൾ ചോദിച്ചപ്പോൾ ശിവൻ അതും അവനെ ധരിപ്പിച്ചു.
\" അപ്പോൾ നമുക്ക് നാളെ അത്യാവശ്യമായിട്ട് വേറെ ഒരാളെ കാണാൻ പോകണമല്ലോ ശിവാ..? \"
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ വിഷ്ണു ചോദിച്ചു.
**************************************************
തന്റെ ഒളിസ്ഥലത്തു നിന്നു ഇറങ്ങി ചുറ്റും നോക്കി ആരും ഇല്ല എന്നുറപ്പു വരുത്തി ഷണ്മുഖൻ മുന്നോട്ടു നടന്നു . ഉച്ചക്കത്തേക്കുള്ള ഭക്ഷണം വാങ്ങാൻ ഇറങ്ങിയതാണ് അവൻ. പെട്ടെന്ന് ആരും തിരിച്ചറിയാതിരിക്കാൻ ഒരു കറുത്ത മാസ്ക് ധരിച്ചിരുന്നു. കൊറോണ വന്നപ്പോൾ തൊട്ടു മാസ്ക് ഉപയോഗം പതിവായതു കൊണ്ട് മാസ്ക് ധരിച്ചാലും ആളുകൾ ഇപ്പോൾ അങ്ങനെ അങ്ങ് ശ്രദ്ധിക്കില്ല. കുറച്ചധികം നടന്നപ്പോൾ റോഡിലെത്തി. തല താഴ്ത്തി അടുത്ത് കണ്ട കടയിൽ കയറി ഒരു ഊണ് പാർസൽ പറഞ്ഞു. കുറച്ചു ദിവസമായി ഇത് പതിവായതു കൊണ്ട് കടക്കാരൻ പെട്ടെന്ന് തന്നെ ചോറ് പൊതിഞ്ഞു കൊടുത്തു. അതുമായി അയാൾ പെട്ടെന്നു തന്നെ പുറത്തിറങ്ങി. തിരിച്ചു നടക്കുമ്പോൾ തന്നെ ആരോ ഫോളോ ചെയ്യുന്നതായി ഷണ്മുഖനു തോന്നി. തിരിഞ്ഞു നോക്കിയെന്കിലും റോഡ് വിജനമായിരുന്നു. അയാൾ ഒന്ന് രണ്ടു വട്ടം കൂടി തിരിഞ്ഞു നോക്കി. അപ്പോഴും ആരെയും കണ്ടില്ല. എങ്കിലും ഷണ്മുഖൻ നടപ്പിന്റെ വേഗത കൂട്ടി. പിന്നെ തന്നെ ഒളിസ്ഥലത്തു കയറിയാണ് അയാൾ നിന്നത്. ഒരുപാട് നാളായി പൂട്ടി കിടക്കുന്ന ഒരു പഴയ ഫാക്ടറി അവന്റെ ഇപ്പോഴത്തെ ഒളിത്താവളം. പണ്ട് സ്കോർപ്യൻസിന്റെ കൂടെ ഉള്ളപ്പോൾ തൊട്ടു അറിയാം ഈ ഫാക്ട്ടറിയെ പറ്റി. കുറച്ചു ദിവസമായി ഈ ഒളിവ്ജീവിതം തുടങ്ങിയിട്ട്. ഈ കൊട്ടേഷൻ ഏറ്റെടുക്കാൻ തോന്നിയ നിമിഷത്തെ അയാൾ പഴിച്ചു.പക്ഷെ പൈസക്ക് അത്യാവശ്യം ഉണ്ടായിരുന്നു. പഴയ കൊട്ടേഷൻ ഗാങ്ങിലെ മെമ്പർ, അതും എട്ടു വർഷം ജയിൽ ശിക്ഷ കഴിഞ്ഞു ഇറങ്ങിയവൻ... താൻ കൊട്ടേഷൻ പണി അല്ലാതെ എന്ത് ചെയ്യാനാണ്? സ്കോർപ്യൻസ് ഉണ്ടായിരുന്നപ്പോൾ താൻ ഒരു വലിയ സംഭവം ആയിരുന്നു. ഷണ്മുഖനെ എല്ലാവർക്കും പേടി ആയിരുന്നു. പക്ഷെ തലവന്മാർ രണ്ടും പോയതോടെ സ്കോർപ്യൻസിന്റെ പ്രതാപവും അതോടൊപ്പം പോയി മറഞ്ഞു. തനിക്കു ആണെങ്കിൽ പ്രായവും ആയി. ഇപ്പോൾ നഗരത്തിൽ വേറെ നല്ല കൊട്ടേഷൻ ഗാങ്ങുകൾ ഉണ്ട്. ജീവിക്കാനായി അല്ലറ ചില്ലറ മോഷണവും, ചെറിയ കൊട്ടേഷൻ പണികളും ഒക്കെയായി നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാൾ വരുന്നത്. ഒരു പണി.. ഒരു പെണ്ണിനെ കൊല്ലണം. കാര്യം നടന്നാൽ അൻപതു ലക്ഷം ആണ് ഓഫർ. തമാശ ആണെന്നാണ് കരുതിയത്. ഒരു പെണ്ണിനെ കൊല്ലാൻ അൻപതു ലക്ഷമോ? അത് കൊണ്ട് തന്നെ അവരോടു പറഞ്ഞു അക്കൗണ്ടിലേക്കു അഞ്ചു ലക്ഷം രൂപ ഇട്ടു തന്നാൽ ഈ കൊട്ടേഷൻ എടുക്കാം എന്ന്. അത് പറഞ്ഞപ്പോൾ അക്കൗണ്ട് നമ്പർ പോലും ചോദിക്കാതെ ഫോൺ കട്ട് ആയി. പക്ഷെ പിറ്റേ ദിവസം എങ്ങനെ എന്നറിയില്ല തന്റെ അക്കൗണ്ടിലേക്കു അഞ്ചു ലക്ഷം രൂപ വന്നു. ഒപ്പം കാൾ വീണ്ടും വന്നു. ഇനി കൊട്ടേഷൻ ഏറ്റെടുക്കാൻ പറ്റില്ലേ എന്ന് ചോദിച്ചു. പിന്നെ ഒന്നും നോക്കിയില്ല. സമ്മതം പറഞ്ഞു. പെൺകുട്ടിയുടെ ഫോട്ടോ വാട്സാപ്പിൽ അയച്ചു തന്നു. ഒരു പാവം പിടിച്ച പെൺകൊച്ചു.. ഇതിനെ കൊല്ലുന്നതു ഒരു വിഷയമായി തോന്നിയതെ ഇല്ല. ഒരു സഹായത്തിനായി ആരെയെങ്കിലും കൂടെ വേണമായിരുന്നു. ചെറിയ ചെറിയ കൊട്ടേഷനു വേണ്ടി നടക്കുമ്പോൾ പരിചയപ്പെട്ടതാണ് പ്രശാന്തിനെ.. അവനെ വിളിച്ചു.. കൂടെ അവന്റെ ഒരു കൂട്ടുകാരൻ രഘുവിനെയും.... കാര്യം നടന്നാൽ ഏഴു ലക്ഷം അവർക്കു കൊടുക്കാമെന്നു പറഞ്ഞു. അഡ്വാൻസ് ആയി 25000 കൊടുക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ നാൽപതി മൂന്നു ലക്ഷം രൂപയുമായി ഈ നാട്ടിൽ നിന്നെ പോകണം എന്നായിരുന്നു ഷണ്മുഖന്റെ പദ്ധതി..പക്ഷേ എല്ലാം തകിടം മറിഞ്ഞു. കൂടെ വന്നവന്മാർ ജയിലിലും ആയി, അവളെ കൊല്ലാൻ പറ്റിയതും ഇല്ല, താൻ ഒളിവിൽ ആവുകയും ചെയ്തു. എങ്ങനെയെങ്കിലും ഇതൊന്നു അവസാനിച്ചു കിട്ടിയാൽ മതിയെന്ന് തോന്നി ഷണ്മുഖനു..
ചോറുണ്ടു എണീറ്റപ്പോൾ പിന്നിൽ ഒരു അനക്കം പോലെ തോന്നി ഷണ്മുഖനു. പഴയ ഗാങ് ശീലങ്ങൾ അവനെ വിട്ടു പോയിട്ടില്ലാത്തതു കൊണ്ട് നിമിഷ നേരം കൊണ്ട് ഷണ്മുഖൻ തിരിഞ്ഞു. തന്നെ പിടിക്കാൻ വന്നവനെ തള്ളി മാറ്റി ഷണ്മുഖൻ പുറത്തേക്കുള്ള വാതിലിന്റെ അടുത്തേക്ക് ഓടി. ഒരു കാരണവശാലും ആർക്കും പിടി കൊടുക്കരുത് എന്നാണ് ഷണ്മുഖനോട് അവന്റെ ക്ലയന്റ് പറഞ്ഞിട്ടുള്ളത്. വാതിലിന്റെ തൊട്ടടുത്തു എത്തിയതും പ്രതീക്ഷിക്കാതെ അവനെ ഒരാൾ പിടിത്തമിട്ടു. അവർ ഒരാൾ അല്ല രണ്ടു പേര് ഉണ്ടായിരുന്നു എന്ന് ഷണ്മുഖനു മനസിലായി. ഷണ്മുഖൻ സകല ശക്തിയും ഉപയോഗിച്ച് കുതറി നോക്കിയെന്കിലും അവനെ പിടിച്ചിരിക്കുന്ന ആളും നല്ല ബലവാൻ ആയിരുന്നു..
\" എന്താ ഷണ്മുഖാ? ഞങ്ങൾ നിന്നെ കാണാൻ വേണ്ടി മാത്രം എത്ര ദൂരത്തു നിന്നു വന്നതാ? എന്നിട്ട് ഞങ്ങളെ കാണുമ്പോൾ നീ ഇങ്ങനെ ഓടിയാലോ? \"
ശിവൻ അകത്തു നിന്നു ഇറങ്ങി വന്നു കൊണ്ട് അവനോടു ചോദിച്ചു. ഷണ്മുഖൻ അപ്പോഴും വിഷ്ണുവിന്റെ പിടിയിൽ നിന്നു രക്ഷപെടാനായി കുതിക്കുകയായിരുന്നു.
\" ഒന്ന് അടങ്ങെടാ. നീ എത്ര കുതിച്ചിട്ടും കാര്യമില്ല. എന്തായാലും നീ പെട്ടു..ഇനിയിപ്പോ മര്യാദക്ക് നിന്നാൽ നിനക്ക് തന്നെ കൊള്ളാം..\"
വിഷ്ണു അവനോടു പറഞ്ഞു. ഈ വന്നിരിക്കുന്നവർ ആരായിരിക്കും എന്ന് ഷണ്മുഖനു ഏകദേശം ഊഹം ഉണ്ടായിരുന്നു. താൻ വീണ്ടും പോലീസ് പിടിയിൽ ആയിരിക്കുന്നു. പക്ഷെ തന്റെ ഈ ഒളിത്താവളം വരെ അവന്മാർ എങ്ങനെ എത്തി എന്ന് ഷണ്മുഖനു മനസിലായില്ല. ശിവനും വിഷ്ണുവും കൂടി അവന്റെ കയ്യും വായും എല്ലാം കെട്ടി.. പിന്നെ അവനെ അകത്തൊരു ചെയറിലേക്ക് ചേർത്ത് കെട്ടി.. എന്നിട്ട് അകത്തെല്ലാം കയറി നോക്കി . പുറത്തു പാർക്ക് ചെയ്തിരുന്ന തങ്ങളുടെ ജീപ്പിലേക്ക് കയറ്റി. ഇങ്ങോട്ട് വരുമ്പോൾ തന്നെ പുറത്തു കിടന്നിരുന്ന ഷണ്മുഖന്റെ എറണാകുളം രെജിസ്ട്രേഷൻ ജീപ്പ് ഫാക്റട്ടറിയുടെ സൈഡിലായി മാറ്റി പാർക്ക് ചെയ്തിരിക്കുന്നത് അവർ കണ്ടിരുന്നു. എല്ലായിടവും ഒന്ന് നോക്കിയ ശേഷം അവർ അവന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു.
\"അപ്പൊ ഷണ്മുഖാ.. നിന്റെ അടുത്തുന്നു കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്.. അത് കൊണ്ടാ ഞങ്ങൾ നേരിട്ട് നിന്നെ കാണാൻ വന്നത്. ചോദിക്കുന്ന ചോദ്യത്തിന് മര്യാദക്ക് ഉത്തരം തന്നാൽ നിന്റെ തടി അധികം കേടാകാതെ ഇരിക്കും.. \"
അവന്റെ വായിലെ കെട്ടഴിച്ചു കൊണ്ട് ശിവൻ പറഞ്ഞു.
തുടരും...
( മോന്റെ അസുഖവും ന്യൂയിയറും എല്ലാം കൂടി നല്ല തിരക്കായി പോയി.. അതാണ് ലേറ്റ്.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.. )