Aksharathalukal

ഭയം

അവൾക്ക് തണുക്കുന്നുണ്ടാകുമോ?!  അയാൾ പുതപ്പ് വലിച്ചിട്ട് കിടന്നു .ഡിസംബറിൻ്റെ തണുപ്പിന് കുറവൊന്നും വന്നിട്ടില്ല.ഉറക്കം കനിഞ്ഞിട്ട് ദിവസങ്ങൾ ആയി. അവൾ വന്നത്  ക്രിസ്മസിന് ആയിരുന്നു .അലക്ഷ്യമായി അവൾ എറിഞ്ഞിട്ട അവളുടെ ഫോൺ നോക്കാൻ പോയതെ തെറ്റ്.ചോദിച്ചപ്പോ ഒന്നുമില്ല എല്ലാം നിൻ്റെ തോന്നലാണ്, വേണ്ട അതൊന്നും ഓർക്കേണ്ട.അയാൾ വിയർക്കാൻ തുടങ്ങി.മൊബൈൽ അലാറം പതിവ് തെറ്റിച്ചില്ല, സ്‌നുസ് ചെയ്ത്,കിടക്കയിൽ എഴുന്നേറ്റിരുന്നു.അവളുടെ മണം ദേഹത്ത് നിന്ന് പോയില്ലേ,അയാൾക്ക് ഓക്കാനം വന്നു .ഇന്നലെ കുളിച്ചിരുന്നോ?  ഓർമ്മയില്ല  .അവളുടെ ഷോൾ കയ്യിൽ തടഞ്ഞു, രണ്ടാമത് ഒന്ന് ആലോചിക്കാതെ അയാള് അത് ദൂരേക്ക്  എറിഞ്ഞു ,ഇരുട്ടിൽ അതെവിടെയോ പോയി വീണു.സമയം 6 മണി , നേരം വെളുത്തു തുടങ്ങുന്നു, നാളെ പുതുവത്സരം .ലൈറ്റ് ഇട്ടു മൊബൈൽ എടുത്ത് അയാൾ കുളിമുറിയിലേക്ക് നടന്നു.ഫ്രിഡ്ജിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിരിക്കുന്നു.ലൈഫ്ബോയ് പരസ്യം പാടിക്കൊണ്ട് അയാൾ നന്നായി കുളിച്ചു,അവളുടെ മണം ദേഹത്ത് നിന്ന് പോയി എന്ന് ഉറപ്പു വരുത്തി , ടവൽ അരയിൽ ചുറ്റി കുളിമുറിയിൽ നിന്ന് പുറത്തിറങ്ങി, കിടപ്പ് മുറിയിൽ ചെന്ന് ഡ്രസ്സ് ചെയ്ത് അയാൾ അടുക്കളയിലേക്ക് നടന്നു.ഒരു ചായ ഇട്ട് തിരിച്ച് മുറിയിലേക്ക് നടക്കുമ്പോൾ അയാൾക്ക് എന്തോ മറന്നത് പോലെ തോന്നി.സൂര്യ പ്രകാശം റെഡ് ഓക്സൈഡ് ഇട്ട തറയിൽ പ്രതിഫലിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു  , ഒരു നിമിഷം നിന്ന അയാൾ മറ്റൊന്ന് കൂടെ കണ്ടു ഫ്രിഡ്ജിൽ നിന്ന് തൻ്റെ കിടപ്പ് മുറിയിലേക്ക് പോകുന്ന നനഞ്ഞ് നീണ്ട  കാൽപ്പാടുകൾ, ശ്വാസം എടുക്കാൻ അയാൾ നന്നേ പാട് പെട്ടു. അയാളുടെ നോട്ടം പോയത് ഫ്രിഡ്ജിലേക്ക് ആയിരുന്നു.അയാൾ അറിയാതെ കയ്യിലെ  ചായ കപ്പ് താഴെ വീണുടഞ്ഞു.കുളിമുറിയിലേക്ക് ഓടിക്കയറിയ അയാളുടെ കയ്യിൽ മൊബൈൽ ഫോൺ തടഞ്ഞു.വിറക്കുന്ന കൈകളോടെ അയാൾ കീപാടിൽ വിരൽ അമർത്തി ഡയൽ ചെയ്തു.ഹലോ പോലീസ് കൺട്രോൾ റൂം അങ്ങേ തലക്കൽ നിന്ന് വിളി വന്നു.  ഫ്രിഡ്ജിലെ  ദുർഗന്ധം അവിടം ആകെ പരന്നിരുന്നു.


                             < അവസാനിച്ചു >