Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 15

ഭാഗം 15

ശിവന്റെയും വിഷ്ണുവിന്റെയും മാറി മാറി ഉള്ള പ്രയോഗം രണ്ടു തവണ കഴിഞ്ഞപ്പോഴേക്കും ഷണ്മുഖൻ അവശൻ ആയി മാറിയിരുന്നു. ഇനിയും തല്ലു വാങ്ങാനുള്ള ശേഷി അയാൾക്ക്‌ ഇല്ലയെന്നു തോന്നി.

\" ഷണ്മുഖാ.. ഇനിയും തല്ലു കൊണ്ടാൽ പിന്നെ നീ ബാക്കി ഉണ്ടാവില്ല. നീ ചത്തു പോയെന്നു വച്ചു ചോദിക്കാനും പറയാനും ആരും വരില്ല. ഈ സ്ഥലമോ നീ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ് ഉള്ളതെന്നോ ആർക്കും അറിയുകയും ഇല്ല. അത് കൊണ്ട്  തടി അധികം കേടാകുന്നതിനു മുന്നേ മര്യാദക്ക് കാര്യങ്ങൾ പറഞ്ഞോ.. \"

ശിവൻ അവനോടു പറഞ്ഞു..  ഷണ്മുഖൻ അവശതയോടെ അവരെ നോക്കി.. ശിവൻ വിഷ്ണുവിനെ നോക്കി പതുക്കെ കണ്ണ് കാണിച്ചു . വിഷ്ണു ഒരു കുപ്പി വെള്ളം കൊണ്ട് വന്നു ഷണ്മുഖന്റെ മുന്നിൽ വച്ചു. ഷണ്മുഖൻ ആർത്തിയോടെ അതിലേക്കു നോക്കി..കൈ കെട്ടിയിരുന്നതു കൊണ്ട് അവനു അത് എടുക്കാൻ പറ്റില്ലായിരുന്നു. 

\" നിനക്ക് വെള്ളം കിട്ടും.. ഞാൻ തരാം.  പക്ഷെ ഞങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ നീ പറയണം..പറയാമെന്നു സമ്മതിച്ചാൽ വെള്ളം തരാം \"

വിഷ്ണു പറഞ്ഞു. ഷണ്മുഖൻ മെല്ലെ പറയാമെന്നു തലയാട്ടി.. വിഷ്ണു അവന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു. അവൻ ആർത്തിയോടെ അത് കുടിച്ചു. 

\" ഇനി പറഞ്ഞു തുടങ്ങിക്കോ... ആരാ ഷണ്മുഖാ നിന്നെ തൃക്കുന്നപുഴയിലേക്ക് പറഞ്ഞു വിട്ടത്? \"

ശിവൻ ചോദിച്ചു.  

\" എനിക്കറിയില്ല.. \"

ശിവൻ അവനെ തല്ലാൻ വീണ്ടും കയ്യൊങ്ങി   

\" തല്ലല്ലേ സാറേ. സത്യം.. ഞാൻ സത്യമാണ് പറഞ്ഞത്.. എനിക്കറിയില്ല ആരാണ് അതെന്നു? ഞാൻ ഇത് വരെ ആ ആളെ കണ്ടിട്ടില്ല.. ഫോണിലൂടെ മാത്രമേ പരിചയം ഉള്ളു. ആ ആളുടെ പേര് എന്താണെന്നു പോലും എനിക്കറിയില്ല.. സത്യം. \"

ഷണ്മുഖൻ തളർച്ചയോടെ പറഞ്ഞു.

\" അപ്പോൾ നിന്റെ ഫോണിൽ അയാളുടെ നമ്പർ ഉണ്ടാവില്ലേ? \"

വിഷ്ണു ചോദിച്ചു...

\" ഇല്ല.. എനിക്ക് വരുന്നതെല്ലാം നെറ്റ് കാൾസ് ആണ്.. നമ്പർ ഇല്ല.. \"

എന്തായാലും ഷണ്മുഖനെ പറഞ്ഞയച്ചവൻ നല്ല കരുതലോടെ ആണ് കാര്യങ്ങൾ ചെയ്യുന്നത്. അവർ ഓർത്തു..

\" ശെരി.. അപ്പോൾ എന്താണ് നിനക്ക് കിട്ടിയ കൊട്ടേഷൻ? \"

\" ഒരു പെൺകുട്ടിയെ കൊല്ലണം.. അതായിരുന്നു കൊട്ടേഷൻ.. \"

\" ഏതു പെൺകുട്ടിയെ? \"

ഉത്തരം അറിയാമെങ്കിലും ശിവൻ ഒന്നുടെ ചോദിച്ചു..

\" കല്യാണി.. അതാണ്‌ ആ പെൺകുട്ടിയുടെ പേര്.. ഫോട്ടോ എന്റെ ഫോണിൽ ഉണ്ട്.  \" 

വിഷ്ണു ടേബിളിൽ നിന്നു ഷണ്മുഖന്റെ ഫോൺ എടുത്തു കൊണ്ട് വന്നു. അവന്റെ തന്നെ വിരൽ കൊണ്ട് അൺലോക്ക് ചെയ്തു. അതിലെ ഗാലറിയിൽ കല്യാണിയുടെ ഫോട്ടോ അവർ കണ്ടു. ഫേസ്ബുക്കിൽ നിന്നോ മറ്റോ എടുത്തതാണെന്ന് തോനുന്നു.. ശിവനും വിഷ്ണുവും അന്യോന്യം നോക്കി. 

\" എന്നിട്ട്? പ്രശാന്തും രഘുവും എങ്ങനെ ഇതിൽ വന്നു പെട്ടു? \"

ശിവൻ ചോദിച്ചു..

\" പ്രശാന്തിന്റെ chettanevഎനിക്ക് പണ്ട് തൊട്ടു അറിയാം.. എന്റെ കൂടെ ഗാങ്ങിൽ ഉണ്ടായിരുന്നവൻ ആണ്.. അവനെ അന്വേഷിച്ചാണ് ഞാൻ ചെന്നത് . പക്ഷെ അവൻ മരിച്ചു പോയിരുന്നു. പ്രശാന്ത് ചെറിയ കൊട്ടേഷൻ പണികൾക്ക് പോകാറുണ്ട് എന്നറിഞ്ഞു ഞാൻ അവനെ കൂടെ വിളിച്ചു. പ്രശാന്ത് ആണ് അവന്റെ കൂട്ടുകാരൻ രഘുവിനെ കൂടെ ഇതിലേക്ക് കൊണ്ട് വന്നത്. \"

\" ശെരി..  എന്തായിരുന്നു നിങ്ങളുടെ plan? \"

\" ആർക്കും അധികം സംശയം തോന്നാത്ത രീതിയിൽ വേണമെന്നാണ് അയാൾ ആദ്യം എന്നോട് പറഞ്ഞത്. തൃക്കുന്നപുഴയിൽ  ഉത്സവം നടക്കുകയാണെന്നും തിരക്കിനിടയിൽ കാര്യങ്ങൾ നടത്താനും അയാൾ തന്നെ പറഞ്ഞു. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഞങ്ങളോട് എത്താൻ പറഞ്ഞിരുന്നത്. അന്ന് കല്യാണിയോടൊപ്പം മറ്റൊരു പെൺകുട്ടി കൂടി ഉണ്ടാവുമെന്നും ആ പെൺകുട്ടിയുടെ നേരെ നടക്കുന്ന ആക്രമണം പോലെ വേണം ഇത് നടക്കാൻ എന്നും അയാൾ പറഞ്ഞു. ആ അക്രമണത്തിനിടയിൽ കൂടെ ഉണ്ടായിരുന്ന കല്യാണി അബദ്ധത്തിൽ കൊല്ലപ്പെട്ടത് പോലെ തോന്നിക്കണം.. അതായിരുന്നു plan..  \"

ശിവനും വിഷ്ണുവും അപ്പോൾ ഒരേ കാര്യമാണ് ആലോചിച്ചു കൊണ്ടിരുന്നത്.  ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ആൾക്ക് മാമംഗലത്തെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. അന്നയ്ക്ക് നേരെ ഭീഷണി ഉണ്ടായതു ഉൾപ്പടെ.. അത് മുതൽ എടുത്തു കല്യാണിയെ വക വരുത്താൻ ആണ് അയാൾ ശ്രമിച്ചത്. 

\" എന്നിട്ട്? \"

\"ഉത്സവത്തിന്റെ എട്ടാം നാൾ വൈകിട്ട് ഞങ്ങൾ അവിടെ എത്തി. ആ പെൺകുട്ടികൾ ഒറ്റയ്ക്ക് ഒരു ഭാഗത്തു നിൽക്കുന്നത് ഞങ്ങൾ കണ്ടു. നേരത്തെ പറഞ്ഞു തീരുമാനിച്ച പോലെ ആദ്യം ഞാൻ പ്രശാന്തിനെയും രഘുവിനെയും അങ്ങോട്ട്‌ പറഞ്ഞയച്ചു.  അവരോട് അവരെ ആക്രമിക്കാൻ പറഞ്ഞു.  ഞാൻ കത്തിയുമായി അപ്പുറത്ത് മാറി നിന്നു. ആളുകൾ ചിതറി ഓടി മൊത്തത്തിൽ ബഹളം ആവുമ്പോൾ കല്യാണിയെ ഞാൻ വകവരുത്താം എന്നാണ് വിചാരിച്ചിരുന്നതു.. പക്ഷെ ആ പെൺകുട്ടികളെ അവർ ആക്രമിച്ചപ്പോൾ തന്നെ നിങ്ങൾ.. \"

ഷണ്മുഖൻ ബാക്കി പറയുന്നതിന് മുന്നേ തന്നെ വിഷ്ണുവിന്റെ അടി അവന്റെ മുഖത്ത് വീനിരുന്നു.

\" ഭാ.. പന്നെ.. നീ ഈ പറയുന്ന കല്യാണി എന്റെ അനിയത്തിയാ.  അവൾക്കു എന്തേലും സംഭവിച്ചിരുന്നെങ്കിൽ ഇപ്പൊ നീ ബാക്കി ഉണ്ടാവില്ലായിരുന്നു  \"

വിഷ്ണു അവന്റെ കോളേറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.  ശിവൻ പതുക്കെ അവന്റെ തോളത്തു തട്ടി.. വിഷ്ണു ഷണ്മുഖന്റെ കോളറിൽ നിന്നു പിടി വിട്ടു പുറകിലേക്ക് മാറി.. തങ്ങൾ അന്ന് അവരുടെ അടുത്ത് ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്നോർത്തപ്പോൾ വിഷ്ണുവിനും ശിവനും നടുക്കം തോന്നി.

\" ശെരി ഷണ്മുഖാ.. അപ്പോൾ അന്നത്തെ പരിപാടി നിങ്ങൾ വിചാരിച്ച പോലെ നടന്നില്ല.  തന്നെയുമല്ല പ്രാശാന്തും രഘുവും പോലീസിൽ ആവുകയും ചെയ്തു.  പിന്നെ എന്ത് സംഭവിച്ചു?  ഈ ബൈജു എങ്ങനാ ഇതിൽ വന്നു പെടുന്നത്? അവനെ നീ എന്തിനാ കൊന്നത്? \"

ശിവൻ വീണ്ടും ചോദിച്ചു..

\" അയ്യോ സാറേ.. ബൈജുവിനെ കൊന്നത് ഞാൻ അല്ല.  ഇത് ചെയ്തു കഴിഞ്ഞാൽ അതെല്ലാം ബൈജു എന്നൊരുത്തന്റെ തലയിൽ വച്ചു കെട്ടാനാണ് plan എന്ന് അയാൾ പറഞ്ഞിരുന്നു. ബൈജുവിനെ ഇല്ലാതാക്കാൻ അയാൾക്ക്‌ എന്തോ കാരണം ഉണ്ടായിരുന്നു \"

\" എന്ത് കാരണം? \"

ശിവൻ ചോദിച്ചു..

\" അത് അറിയില്ല.  ബൈജു അവർക്കു ഒരു ഭീഷണി ആണ് എന്ന് മാത്രം എന്നോട് പറഞ്ഞു. അന്ന് പ്രശാന്തും രഘുവും പോലീസ് പിടിയിൽ ആയപ്പോൾ അയാൾക്ക്‌ ഭയങ്കര ദേഷ്യം ആയിരുന്നു. എന്നോടും കുറെ ദേഷ്യപ്പെട്ടു.. അവന്മാരോട് ആരു എന്ത് ചോദിച്ചാലും ബൈജുവിന്റെ പേര് മാത്രമേ പറയാൻ പാടുള്ളൂ  എന്ന്. അന്ന് എന്നോട് അവിടുന്ന് മാറിക്കൊള്ളാൻ അയാൾ പറഞ്ഞു. ഞാൻ അവിടുന്ന് പോന്നതിനു ശേഷമാണ് ബൈജു മരിക്കുന്നതു. എനിക്ക് അതിൽ പങ്കില്ല.. സത്യമായിട്ടും.. \"

ബൈജുവിനോട് വിരോധം ഉള്ള ആരോ.. അവൻ ആർക്കായിരുന്നു ഇത്ര വലിയ ഭീഷണി 

\" എന്നിട്ട്? ബാക്കി പറ ഷണ്മുഖ.. \"

\" കുറച്ചു ദിവസം അവിടുന്ന് മാറി നിന്നിട്ടു അയാൾ പറഞ്ഞപ്പോൾ ഞാൻ വീണ്ടും അങ്ങോട്ട്‌ തന്നെ ചെന്നു. ഇത്തവണ ഒന്നും നോക്കണ്ട എങ്ങനെയെങ്കിലും ആ പെങ്കൊച്ചിനെ തീർത്തു കൊടുത്താൽ മതിയെന്ന് പറഞ്ഞു അയാൾ. അതിനു ഒരു അവസരം നോക്കി ഇരിക്കുകയായിരുന്നു ഞാൻ.  അപ്പോഴാണ് നല്ല മഴയുള്ള ഒരു ദിവസം ഇരുട്ടിയ സമയത്തു ആ പെൺകൊച്ചു ഒറ്റയ്ക്ക് എന്റെ കയ്യിൽ വന്നു പെട്ടത്.  തീർക്കാൻ തുടങ്ങിയപ്പോൾ പക്ഷെ അന്നും.. \" 

ഇത്തവണ ശിവന്റെ കയ്യിൽ നിന്നാണ് ഷണ്മുഖനു കിട്ടിയത് . അവന്റെ വായിൽ നിന്നും ചോര വരാൻ തുടങ്ങി. അടുത്ത അടിക്കായി ശിവൻ കൈ പൊക്കിയപ്പോൾ വിഷ്ണു അവനെ തടഞ്ഞു. 

\"ഇനി തല്ലിയാൽ അവൻ ചത്തു പോകും.  നമുക്ക് ഇനിയും ഇവന്റെ അടുത്തുന്നു കാര്യങ്ങൾ അറിയാൻ ഉണ്ട്.  \"

ശിവൻ കൈ കുടഞ്ഞു കൊണ്ട് മാറി നിന്നു.

\" രണ്ടാമതും അവളെ കൊല്ലാൻ പറ്റാഞ്ഞപ്പോൾ അയാൾ ദേഷ്യപ്പെട്ടില്ലേ? \"

വിഷ്ണു ചോദിച്ചു..

\" ഒരുപാട് ദേഷ്യപ്പെട്ടു.  പക്ഷെ ഇനി തത്കാലം അവിടെ നിൽക്കുന്നത് അപകടം ആണെന്ന് പറഞ്ഞു.. ശിവൻ എന്റെ പിറകെ ഉണ്ടാവുമെന്ന് അയാൾ ഭയന്നു. അത് പോലെ ആ പെൺകൊച്ചു എന്റെ മുഖം കണ്ടു കാണാനും സാധ്യത ഉണ്ട്. എല്ലാം ഒന്ന് ആറിതണുക്കുന്നത് വരെ എങ്ങോട്ടെങ്കിലും മാറാൻ അയാൾ തന്നെയാണ് പറഞ്ഞതു.\"

\" ഇനി എന്തായിരുന്നു നിങ്ങളുടെ plan?\"

\" അവളെ ഒഴിവാക്കാൻ അയാൾ എന്തോ വഴി കണ്ടിട്ടുണ്ടെന്നും തിരിച്ചു തൃക്കുന്നപുഴയിലേക്ക് ചെല്ലാനും ഇന്നലെ വിളിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു. ഇത്തവണ കൂടെ എന്നെ കൊണ്ട് പറ്റിയില്ലെങ്കിൽ എനിക്ക് തന്ന അഡ്വാൻസ് തിരിച്ചു കൊടുക്കണമെന്നും പറഞ്ഞു. \" 

\" കല്യാണിയെ കൊല്ലാൻ നിനക്ക് എത്രയാ അയാൾ തരാമെന്നു പറഞ്ഞത്? \"

\" അൻപതു ലക്ഷം.. അഞ്ചു ലക്ഷം അഡ്വാൻസ് ആയി തരികയും ചെയ്തു.  \"

ഇത്തവണ അവർ രണ്ടാളും ശരിക്കും ഞെട്ടി.  കല്ലു നെ പോലെ ഒരു സാധാരണ പെൺകുട്ടിയെ കൊല്ലാൻ ആരോ ശ്രമിക്കുന്നുണ്ടെന്നുള്ളത് തന്നെ അതിശയം ആണ്. അപ്പോഴാണ് അതിനു ഇത്രയും വലിയ ഒരു തുക.. അവളെ ഒഴിവാക്കാൻ ആർക്കാണ് ഇത്രയും താല്പര്യം? ആർക്കാണ് തങ്ങളുടെ കല്ലുവിനോട് ഇത്രയും ദേഷ്യം?

\" എന്തിനു? എന്തിനാണ് ഇയാൾ കല്യാണിയെ കൊല്ലാൻ നോക്കുന്നത്? അയാൾക്ക്‌ കല്യാണിയോട് എന്താ ഇത്രയ്ക്കും ദേഷ്യം? അവൾ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരി അല്ലേ? \" 

വിഷ്ണു പതുക്കെ പകുതി തന്നോടായും പകുതി ഷണ്മുഖനോടായും ചോദിച്ചു.

\" എനിക്കും ശരിക്കും അറിയില്ല. എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നു അയാൾ എന്നോടും പറഞ്ഞിട്ടില്ല . പക്ഷെ പലപ്പോഴായി അയാളുടെ സംസാരത്തിൽ നിന്നു എനിക്ക് മനസിലായ ചില കാര്യങ്ങൾ ഉണ്ട്.  \" 

ഷണ്മുഖൻ അവരെ നോക്കി പറഞ്ഞു. ശിവനും വിഷ്ണുവിനും ഒന്നും മനസിലായില്ല 

\" എന്ത് കാര്യങ്ങൾ? \"

ശിവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.  

\" ആ പെൺകൊച്ചു ജീവിച്ചിരിക്കുന്നത് ആർക്കൊക്കെയോ ഭീഷണി ആണ് സാറേ .  അതും പണവും സ്വത്തും ഒക്കെ ഉള്ള ആർക്കൊക്കെയോ.. കാരണം ഇവൾ ജീവനോടെ ഉണ്ടെങ്കിൽ ആ സ്വത്തൊക്കെ അവൾക്കും കൂടെ കൊടുക്കേണ്ടി വരും.  \"

\" എന്തിനു? കല്യാണിക്ക് എന്തിനാണ് അയാളുടെ സ്വത്തുക്കൾ കൊടുക്കുന്നത്? \"

വിഷ്ണു ചോദിച്ചു..

\" കല്യാണി നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങളുടെ അനിയത്തി അല്ല.. അവൾ എങ്ങനെയോ നിങ്ങളുടെ അടുത്ത് വന്നു പെട്ടതാണ്.  അത്രയുമേ എനിക്കറിയൂ.. \"

ഷണ്മുഖൻ പറഞ്ഞു നിർത്തിയപ്പോൾ ശ്വാസം എടുക്കാൻ പോലും മറന്നു പോയത് പോലെ നിന്നു ശിവനും വിഷ്ണുവും. എന്തൊക്കെയാ ഇയാൾ ഈ പറയുന്നത്? കല്യാണി എങ്ങനെയാണ് തങ്ങളുടെ വീട്ടിലെ കുട്ടി അല്ലാതെ വരുന്നത്? പക്ഷെ പിന്നെ എങ്ങനെയൊക്കെ എത്രയൊക്കെ ചോദിച്ചിട്ടും ഷണ്മുഖനു കൂടുതൽ ഒന്നും അറിയില്ലായിരുന്നു.

സമയം വൈകി തുടങ്ങിയിരുന്നു. ഷണ്മുഖന്റെ ഫോണും ലാപ്ടോപ്പും പിന്നെ അവർക്കു ആവശ്യം ഉള്ളതെന്ന് തോന്നിക്കുന്ന കുറച്ചു സാധനങ്ങൾ അവർ ബാഗിൽ പാക്ക് ചെയ്തു. കയ്യും കാലും കെട്ടി വായും മൂടി അവർ ഷണ്മുഖനെ തങ്ങളുടെ ജീപ്പിന്റെ പിന്നിൽ ഇട്ടു.. പിന്നെ തൃക്കുന്നപുഴയിലേക്ക് തിരിച്ചു. യാത്രയിൽ ഉടനീളം അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. കേട്ട കാര്യങ്ങളുടെ ഞെട്ടൽ ഇത് വരെ അവരെ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. മാമംഗലത്തെ തറവാടിന്റെ അടുത്തുള്ള ഒരു പഴയ കെട്ടിടത്തിൽ തത്കാലം അവനെ ആക്കി.  രക്ഷപെടാൻ പറ്റാത്ത വിധം അവനെ കെട്ടിയിട്ടു.. വെള്ളം അവനു എടുക്കാൻ പാകത്തിൽ വച്ചു കൊടുത്തു. തത്കാലം ഷണ്മുഖനെ പോലീസിൽ ഏല്പിക്കേണ്ടെന്നു അവർ തീരുമാനിച്ചു. ശത്രു പൈസയും, സ്വാധീനവും ഉള്ളവൻ ആണ്. പോലീസിൽ ഏൽപ്പിച്ചാൽ ചിലപ്പോൾ അവനു രക്ഷപെടാൻ അവസരം ആവും, അല്ലെങ്കിൽ ബൈജുവിനെ ഇല്ലാതാക്കിയ പോലെ ഷണ്മുഖനെ ഇല്ലാതാക്കാനും മതി. അത് പോലെ അവനോടു മുഴുവൻ കാര്യങ്ങൾ ഇത് വരെ ചോദിച്ചറിഞ്ഞിട്ടില്ല. അവൻ ഇപ്പോൾ സേഫ് തങ്ങളുടെ കൂടെ ആണ്. വീട് നന്നായി പൂട്ടി ഇറങ്ങി വിഷ്ണുവും ശിവനും ആന്യോന്യം നോക്കി.  കേട്ട കാര്യങ്ങളെ പറ്റി ചർച്ച ചെയ്യാൻ അപ്പോൾ അവർക്കു കഴിയുമായിരുന്നില്ല.. അത് കൊണ്ട് ഒന്നും മിണ്ടാതെ അവർ രണ്ടാളും തങ്ങളുടെ വീടുകളിലേക്ക് പോയി.

*****-*************************************************

പിറ്റേന്ന് ഞായർ ആയിരുന്നു. ഹാളിൽ നിന്നു ഒച്ചയും ബഹളവും ഒക്കെ കേട്ടാണ് ശിവൻ എണീറ്റതു. അവൻ ചെന്നു നോക്കിയപ്പോൾ മഹേന്ദ്രനും കുടുംബവും എത്തിയിട്ടുണ്ട്.. ഇവർ എന്താണാവോ ഇത്ര രാവിലെ തന്നെ.. അച്ഛനും അമ്മയും സോഫയിൽ ഇരിപ്പുണ്ട്.  അപ്പുറത്തെ സോഫയിൽ അമ്മാവനും രമ അമ്മായിയും സഞ്ജുവും സ്വാതിയും ഉണ്ട്.  കല്യാണിയും അന്നയും മാറി നിൽക്കുന്നുണ്ട്. 

\" ശിവേട്ടൻ വന്നു.. \"

അവനെ കണ്ട ഉടനെ സ്വാതി സന്തോഷത്തോടെ പറഞ്ഞു.  എല്ലാവരും അവനെ നോക്കി. അമ്മായിയും സ്വാതിയും വലിയ സന്തോഷത്തിൽ ആണ്. മഹേന്ദ്രൻ അവനെ നോക്കി ഇരുന്നതേ ഉള്ളു. സഞ്ജു ഫോണിൽ എന്തോ നോക്കുന്നു. അവൻ തന്റെ അച്ഛനെയും അമ്മയെയും നോക്കി.  അമ്മയുടെയും അച്ഛന്റെയും നോട്ടത്തിൽ തന്നെ എന്തോ ഒരു ചെറിയ പന്തികേട് അവനു തോന്നി. 

\" വാ.. ശിവാ.. നിന്നെ കാണാൻ കൂടി വേണ്ടിയാ ഞങ്ങൾ രാവിലേ തന്നെ വന്നത്.   ഒരു അത്യാവശ്യ കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.  \"

രമ പറഞ്ഞു . ശിവൻ വന്നു സോഫയിൽ തന്റെ അമ്മയുടെ അടുത്തായി ഇരുന്നു.

\" എന്താ അമ്മായി എന്നോട് സംസാരിക്കാൻ? \"

\" അത് പിന്നെ വേറൊന്നും അല്ല.. ഞങ്ങൾ അരുന്ധതിയോടും വിശ്വേട്ടനോടും പറയുകയായിരുന്നു നിന്റെയും സ്വാതിയുടെയും കാര്യം ഇനി വച്ചു താമസിപ്പിക്കാതെ അങ്ങ് നടത്താം എന്ന്.. \"

സ്വാതിയുടെ മുഖം ചുവന്നു. കല്യാണി കരയാതെ പിടിച്ചു നിൽക്കാൻ പ്രാർത്ഥിക്കുകയായിരുന്നു അപ്പോൾ.. ശിവൻ നെറ്റി ചുളിച്ചു. 

\" എന്റെയും സ്വാതിയുടെയും കാര്യമോ? ഞങ്ങളുടെ എന്ത് കാര്യം? \"

\" അത് എന്ത് ചോദ്യമാ ശിവാ.. നിങ്ങളുടെ കല്യാണ കാര്യം തന്നെ.. \"

രമ സന്തോഷത്തോടെ പറഞ്ഞു. ശിവന്റെ നോട്ടം കല്യാണിയുടെ മുഖത്തേക്ക് നീണ്ടു. ഇപ്പോൾ കരയും എന്ന അവസ്ഥയിൽ നിൽക്കുകയായിരുന്നു അവൾ. 

തുടരും.

( കഥ ഇഷ്ടപെടുന്നുണ്ടെന്നു വിശ്വസിക്കുന്നു.  മോനു സുഖമായി കേട്ടോ. നിങ്ങളുടെ പ്രോത്സാഹനം ആണ് എഴുതാൻ ഉള്ള പ്രചോദനം. ) 


ഒരു നിയോഗം പോലെ - ഭാഗം 16

ഒരു നിയോഗം പോലെ - ഭാഗം 16

4
1214

ഭാഗം 16\" ഞങ്ങളുടെ കല്യാണ കാര്യമോ? എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ അമ്മായി? \"കല്യാണിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു ശിവൻ വീണ്ടും രമയെ നോക്കി.\" അതിപ്പോ പ്രത്യേകിച്ച് എന്താ ഇത്ര അറിയാൻ ഉള്ളത് ശിവാ.. ഇനിയിപ്പോൾ അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോ നിന്റെയും സ്വാതിയുടെയും കല്യാണം ഞങ്ങൾ നടത്താൻ തീരുമാനിച്ചു... \"ഇത്തവണ മഹേന്ദ്രൻ ആണ് അത് പറഞ്ഞത്.  ശിവൻ ഒന്ന് ചിരിച്ചു   \" ഞങ്ങളോ? ആരാ അമ്മാവാ ഈ ഞങ്ങൾ? \"\" ഞാനും രമയും.. പിന്നെ നിന്റെ അച്ഛനും അമ്മയും.. \"\" ഓഹോ.. ആണോ അച്ഛാ? അച്ഛനും അമ്മയും അങ്ങനെ ഒരു തീരുമാനം എപ്പോഴാണ് എടുത്തത്? എന്നോട് ഒന്നും പറഞ്ഞില്ലാലോ? \"ശിവൻ തന്റെ അച്