ഭാഗം 16
\" ഞങ്ങളുടെ കല്യാണ കാര്യമോ? എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ അമ്മായി? \"
കല്യാണിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു ശിവൻ വീണ്ടും രമയെ നോക്കി.
\" അതിപ്പോ പ്രത്യേകിച്ച് എന്താ ഇത്ര അറിയാൻ ഉള്ളത് ശിവാ.. ഇനിയിപ്പോൾ അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോ നിന്റെയും സ്വാതിയുടെയും കല്യാണം ഞങ്ങൾ നടത്താൻ തീരുമാനിച്ചു... \"
ഇത്തവണ മഹേന്ദ്രൻ ആണ് അത് പറഞ്ഞത്. ശിവൻ ഒന്ന് ചിരിച്ചു
\" ഞങ്ങളോ? ആരാ അമ്മാവാ ഈ ഞങ്ങൾ? \"
\" ഞാനും രമയും.. പിന്നെ നിന്റെ അച്ഛനും അമ്മയും.. \"
\" ഓഹോ.. ആണോ അച്ഛാ? അച്ഛനും അമ്മയും അങ്ങനെ ഒരു തീരുമാനം എപ്പോഴാണ് എടുത്തത്? എന്നോട് ഒന്നും പറഞ്ഞില്ലാലോ? \"
ശിവൻ തന്റെ അച്ഛനെയും അമ്മയെയും നോക്കി ചോദിച്ചു..
\" അങ്ങനെ ഒരു തീരുമാനം ഒന്നും ഞങ്ങൾ എടുത്തിട്ടില്ല.. നിന്റെ ജീവിതമാണ്. അപ്പോൾ നിന്റെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളുടെയും ഇഷ്ടം എന്നാണ് ഞാനും ആരുവും പറഞ്ഞതു . \"
വിശ്വനാഥൻ അവനോടു പറഞ്ഞു.
\" അതേ.. അത് തന്നെയാ മഹിയേട്ടനും പറഞ്ഞത്. നിന്റെ ഇഷ്ടം എന്ന് പറയുമ്പോൾ.. സ്വാതിയോട് നിനക്കു ഇഷ്ടക്കുറവ് ഒന്നുമില്ലെന്ന് ഞങ്ങൾക്ക് അറിയാമല്ലോ?\"
രമ പിന്നെയും ശിവനോട് പറഞ്ഞു.
\"അവൾ എന്റെ അമ്മാവന്റെ മകൾ ആയതു കൊണ്ടുള്ള ഒരു ഇഷ്ടം ഉണ്ടെന്നുള്ളത് സത്യമാണ്. അല്ലാതെ അവളെ കെട്ടാം എന്നൊന്നും ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല \"
ശിവൻ പറഞ്ഞു.
\" അതെന്താ ശിവാ? സ്വാതി നിന്റെ മുറപെണ്ണല്ലേ? മുറപ്പെണ്ണിനെ വിവാഹം കഴിക്കുക എന്ന് പറയുന്നത് ഒരു നാട്ടു നടപ്പ് അല്ലേ? \"
മഹേന്ദ്രൻ ചോദിച്ചു.
\" എന്ത് നാട്ടു നടപ്പ് അമ്മാവാ? നാട്ടു നടപ്പ് എന്ന് വച്ചു എല്ലാവരും അവരുടെ മുറപെണ്ണിനെ കല്യാണം കഴിക്കണം എന്നുണ്ടോ? \"
ശിവൻ തിരിച്ചു ചോദിച്ചു..
\" അങ്ങനെ അല്ല മോനെ.. പക്ഷെ എന്നാലും ഇവിടെ അങ്ങനെ നടക്കാമല്ലോ? ഞങ്ങൾക്ക് ഇത് പണ്ട് മുതലേ ആഗ്രഹം ഉള്ള കാര്യം ആണ്.. പിന്നെ ഇവൾക്ക് ആണെങ്കിൽ ശിവേട്ടൻ എന്ന് വച്ചാൽ ജീവനാണ്. \"
രമ പറഞ്ഞു.
\" നിങ്ങള്ക്ക് മാത്രം ആഗ്രഹം ഉണ്ടായിട്ടു കാര്യമില്ലലോ അമ്മായി.. എനിക്കും കൂടി ആഗ്രഹം ഉണ്ടാവണ്ടേ ഇവളെ കല്യാണം കഴിക്കാൻ? എനിക്കങ്ങനെ ഒരു ആഗ്രഹവും ഇല്ല.. \"
ശിവൻ തീർത്തു പറഞ്ഞു. സ്വാതിയുടെ മുഖം മങ്ങി.. മഹേന്ദ്രനും രമയ്ക്കും ദേഷ്യം വന്നു തുടങ്ങി. സഞ്ജു മാത്രം അപ്പോഴും ഫോണിൽ നോക്കി ഇരുന്നതേ ഉള്ളു. ശിവന് കല്യാണിയെ ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അച്ഛന്റെയും അമ്മയുടെയും ഉദ്ദേശം നടക്കില്ല എന്ന് അവനു അറിയാമായിരുന്നു.
\" അതെന്താ ശിവാ അങ്ങനെ ഒരു വർത്തമാനം? ഞങ്ങളുടെ സ്വാതി മോൾക്ക് എന്താ ഒരു കുഴപ്പം? സൗന്ദര്യം ഉണ്ട്... വിദ്യാഭ്യാസവും ഉണ്ട്.. പോരാത്തതിന് കുഞ്ഞിലേ മുതൽ നിനക്ക് അവളെയും ഞങ്ങളേയുമൊക്കെ അറിയുകയും ചെയ്യാം. ഇതിൽ കൂടുതൽ എന്താ നിനക്ക് വേണ്ടത്?\"
രമ ദേഷ്യത്തോടെ ചോദിച്ചു. ശിവൻ പതുക്കെ തന്റെ നെറ്റിയിൽ കൈ കൊണ്ട് ഉഴിഞ്ഞു. അല്ലെങ്കിലേ പ്രശ്നങ്ങൾ ആണ്.. അതൊക്കെ ഒന്ന് കെട്ടടിങ്ങിയിട്ടു മതി കല്യാണിയുടെ കാര്യം വീട്ടിൽ സംസാരിക്കുന്നതു എന്ന് തീരുമാനിച്ചിരുന്നതാണ്. സ്വാതിയുടെയും തന്റെയും കാര്യം പലപ്പോഴും അമ്മാവനും അമ്മായിയും പല രീതിയിൽ സൂചിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ മനസിലാവാത്ത രീതിയിൽ വിട്ടു കളയാറു ആയിരുന്നു പതിവ്. പക്ഷെ ഇന്ന് അവര് രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നത്. ഇനി എന്തായാലും തന്റെയും കല്യാണിയുടെയും കാര്യം മറച്ചു വച്ചിട്ട് കാര്യമില്ല എന്ന് ശിവനു തോന്നി. അല്ലെങ്കിൽ അമ്മാവനും അമ്മായിയും വെറുതെ പ്രശ്നം ഉണ്ടാക്കികൊണ്ട് ഇരിക്കും..
\" അതൊക്കെ ശരി തന്നെയാണ് അമ്മായി..
സ്വാതി നല്ല കുട്ടിയാണ്.. സൗന്ദര്യവും വിദ്യാഭ്യാസവും ഒക്കെയുണ്ട്.. പക്ഷെ എനിക്ക് അവളെ വിവാഹം കഴിക്കാൻ സാധിക്കില്ല.. \"
\" അത് എന്ത് കൊണ്ടാണെന്നാണ് ചോദിച്ചത്? \"
\" അത്.. എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്.. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.. \"
ശിവൻ അത് പറഞ്ഞു തീർന്നതും മഹേന്ദ്രനോ രമക്കോ പോലും എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുന്നേ തന്നെ സ്വാതി ചാടി എണീറ്റിരുന്നു. അവളുടെ മുഖം ദേഷ്യവും സങ്കടവും ഒക്കെ കൊണ്ട് ചുവന്നിരുന്നു.
\" ഇപ്പോൾ എങ്ങനെയുണ്ട്? ഞാൻ അച്ഛനോടും അമ്മയോടും അന്നേ പറഞ്ഞതല്ലേ ശിവേട്ടനും ഈ എഞ്ചിനീയർ പെണ്ണും തമ്മിൽ എന്തൊക്കെയോ ഉണ്ടെന്നു? എന്നിട്ട് നിങ്ങൾ ആരെങ്കിലും ഞാൻ പറഞ്ഞത് കേട്ടോ? ഇപ്പോൾ എല്ലാവർക്കും എല്ലാം മനസിലായില്ലേ? \"
ഇത്തവണ ശിവൻ അടക്കം അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി. വിശ്വനാഥനും അരുന്ധതിയും ശിവനെ തന്നെ നോക്കി. അത് അവരും തീരെ പ്രതീക്ഷിച്ചിരുന്നില്ല. കല്യാണി അന്നയെ പതുക്കെ തിരിഞ്ഞു നോക്കി. അന്ന അവളെ അങ്ങനെ ഒന്നുമില്ലയെന്നു തല കൊണ്ട് ആംഗ്യം കാണിച്ചു. സഞ്ജു പോലു. ഫോണിൽ നിന്നും മുഖം ഉയർത്തിയിരുന്നു. ശിവന് ആപ്പോഴും ഞെട്ടൽ ആയിരുന്നു.പെണ്ണിതെന്തൊക്കെയാ പറയുന്നത്? താനും അന്നയും തമ്മിൽ.. ഇവൾക്ക് ഇതൊക്കെ എവിടുന്നു കിട്ടി?
\" നീയൊന്തൊക്കെയാ സ്വാതി ഈ പറയുന്നത്? വെറുതെ ആളുകൾ ഒക്കെ ഉള്ളയിടത്തു വച്ചു അനാവശ്യം പറയരുത്.. \"
ശിവൻ അവളോട് രൂക്ഷമായി തന്നെ പറഞ്ഞു.
\" ഞാൻ അനാവശ്യം ഒന്നുമല്ല പറഞ്ഞത്.. ഞാൻ കണ്ട കാര്യങ്ങൾ തന്നെയാണ്.. \"
\" നീയെന്തു കണ്ടെന്നാ? \"
\" ഒരു ദിവസം ശിവേട്ടൻ ഇവളെയും കൊണ്ട് ബൈക്കിൽ പോകുന്നത് ഞാൻ കണ്ടതാ.. അത് പോലെ കഴിഞ്ഞ ദിവസം വൈകുന്നേരം നിങ്ങൾ രണ്ടു പേരും കൂടി തോടിനടുത്തുള്ള കലുങ്കിലെന്റെ അവിടെ നിന്നു സംസാരിക്കുന്നതും ഞാൻ കണ്ടു. നിങ്ങൾ തമ്മിൽ ഒന്നും ഇല്ലെങ്കിൽ പിന്നെ ഇതൊക്കെ എന്താ? \"
ശിവൻ അന്നയെ ഒന്ന് നോക്കി.. അവളും എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു. കല്യാണി അവരെ രണ്ടു പേരെയും മാറി മാറി നോക്കുനുണ്ട്.
\" ശിവാ.. എന്താടാ ഇതൊക്കെ? \"
വിശ്വനാഥൻ അവനോടു ചോദിച്ചു..
\" എന്റെ അച്ഛാ.. ഇവൾ പറയുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ.. അന്ന് കല്ലുവിന് പനി വന്ന ദിവസം കല്ലുവിനെ കാണാൻ പോയപ്പോൾ ഇവൾ കൂടെ വന്നതാണ്. അത് കൊണ്ട് ഞാൻ ഇവളെ ഒറ്റയ്ക്ക് വിടണ്ട എന്ന് കരുതി സ്റ്റേഷനിൽ പോകുന്ന വഴിക്കു സൈറ്റിൽ ഡ്രോപ്പ് ചെയ്തു എന്നെ ഉള്ളു. പിന്നെ കഴിഞ്ഞ ദിവസം ഇവൾ കലുങ്കിന്റെ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ വണ്ടി നിർത്തി ഞാൻ സംസാരിച്ചു. അത്രേയുള്ളൂ.. ഇതിന്റെ ഒക്കെ അർത്ഥം ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ട് എന്നാണോ? \"
ശിവൻ ചോദിച്ചു. വിശ്വനാഥൻ പിന്നെ ഒന്നും പറഞ്ഞില്ല. ശിവൻ സ്വാതിയുടെ നേർക്കു തിരിഞ്ഞു.
\" സ്വാതി.. നീ വെറുതെ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ കണ്ടിട്ട് അതും ഇതും പറഞ്ഞു പരത്തരുത്.. അതും ഒരു പെൺകുട്ടിയെ കൂടി ബാധിക്കുന്ന കാര്യം ആവുമ്പോൾ.. \"
ശിവൻ അവളോട് പറഞ്ഞു.. സ്വാതിക്കു അപ്പോഴും അവൻ പറയുന്നത് വിശ്വാസം ഇല്ലായിരുന്നു.
\" നിനക്കു ഈ എഞ്ചിനീയർ പെണ്ണുമായിട്ട് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിന്നെ നീ കുറച്ചു മുൻപേ ഒരു പെൺകുട്ടിയോട് ഇഷ്ടം ഉണ്ടെന്നു പറഞ്ഞില്ലേ? അത് ആരാ? \"
രമ ചോദിച്ചു.. ശിവൻ ഒരു നല്ല ശ്വാസം എടുത്തു വിട്ടു. താൻ ഇനി പറയാൻ പോകുന്നത് കേൾക്കുമ്പോൾ അമ്മാവനും അമ്മായിയും ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കും എന്നവന് അറിയാമായിരുന്നു.
\" കല്യാണി.. എനിക്ക് കല്യാണിയെ ഇഷ്ടമാണ്.. അവളെ അല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ല.. \"
ശിവൻ അത് പറഞ്ഞു തീർന്നതും മുറിയിലാകെ നിശബ്ദത പരന്നു. അരുന്ധതിയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. കല്യാണി കേട്ടത് സത്യമാണോ കള്ളമാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ശിവേട്ടൻ.. ശിവേട്ടൻ പറഞ്ഞിരിക്കുന്നു തന്നെ ഇഷ്ടം ആണെന്ന്.. തന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന്.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. അന്ന അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു. വിശ്വനാഥന്റെ മുഖത്ത് സന്തോഷവും അത്ഭുദവും ഒക്കെ കൂടി കലർന്ന ഒരു ഭാവം ആയിരുന്നു. സഞ്ജു വീണ്ടും ഫോണിലേക്കു തിരിഞ്ഞു. പക്ഷെ മഹേന്ദ്രനും രമയും സ്വാതിയും ഒരു പോലെ ദേഷ്യത്തിൽ ആയിരുന്നു..
\" ഇവളോ? ഇവിടുത്തെ വെറും ഒരു കാര്യസ്ഥന്റെ മകളെ ആണോ ശിവാ നീ കല്യാണം കഴിക്കാൻ കണ്ടു വച്ചിരിക്കുന്നത്? \"
രമ പുച്ഛത്തോടെ ചോദിച്ചു..
\" അതേ അമ്മായി.. \"
\" വിശ്വാ.. ആരു.. നിങ്ങള്ക്ക് ഇതിൽ ഒന്നും പറയാനില്ലേ? ഇവൻ പറയുന്നത് നിങ്ങളും കേട്ടില്ലേ? \"
മഹേന്ദ്രൻ അവരോടായി ചോദിച്ചു..
\" വിശ്വേട്ടൻ ആദ്യമേ പറഞ്ഞില്ലേ ഏട്ടാ ശിവന്റെ തീരുമാനം ആണ് ഞങ്ങൾക്കും എന്ന്.. അവനു കല്ലുവിനെ ആണ് ഇഷ്ടം എങ്കിൽ ഞങ്ങൾക്ക് അതിനു എതിർപ്പൊന്നും ഇല്ല.. അവൾക്കും അവനെ ഇഷ്ടം ആണെങ്കിൽ.. \"
അരുന്ധതി സന്തോഷത്തോടെ പറഞ്ഞു. ശിവൻ അമ്മയെ നോക്കി കണ്ണിറുക്കി.. അവർ തിരിച്ചും..
\" ഓഹോ.. അപ്പോൾ ഇത് എല്ലാവരും കൂടി അറിഞ്ഞു കൊണ്ടുള്ള പരിപാടി ആയിരുന്നു അല്ലേ? അല്ലെങ്കിലും പണ്ടേ ഞാൻ വിചാരിച്ചതാ.. ഇവളുടെ ഇങ്ങിട്ടുള്ള വരവും പോക്കും ഒക്കെ കണ്ടിട്ട്.. അമ്മയെ കുളിപ്പിക്കാനും പരിചരിക്കാനും എന്നുള്ള ഭാവേന ഇവിടെ വന്നു വന്നു മകനെ മയക്കി എടുത്തത് കണ്ടില്ലേ? ഇനിയിപ്പോ ഇവിടുത്തെ കെട്ടിലമ്മയായി വാഴാമല്ലോ? അല്ലേടി? \"
രമ കല്യാണിയെ നോക്കി ഒച്ച ഉയർത്തി.. അവൾ ഒന്നും പറയാതെ നിന്നതേ ഉള്ളു..
\" ആ ശങ്കരനും മക്കൾക്കും ഇത്രയും സ്വത്രന്ത്യം ഒന്നും കൊടുക്കരുത് എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്. സ്വന്തം അളിയൻ ആയ എന്നെകാളും എന്നും വിശ്വാസം കൂട്ടുകാരനെ ആയിരുന്നല്ലോ? ഇപ്പോൾ കണ്ടില്ലേ അയാളുടെ മകൾ മകനെ ഓരോന്നും പറഞ്ഞു പാട്ടിലാക്കിയത്? ഇവളെ പോലെ ഒക്കെ ഉള്ളവളുമാര് ഇതല്ല ഇതിനപ്പുറവും കാണിക്കും.. വീട്ടിൽ കയറ്റാൻ കൊള്ളാത്ത ഇനങ്ങളാണ്.. \"
\" മഹി.. നീ നിർത്തിക്കോ.. കല്ലുവിനെ പറ്റി നീ ഇനി ഒന്നും പറയരുത്.. \"
ശിവൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ വിശ്വന്റെ സ്വരം ഉയർന്നിരുന്നു. ശിവനെ പോലെ പെട്ടെന്നൊന്നും ദേഷ്യപ്പെടില്ലെങ്കിലും മാമംഗലത്തെ വിശ്വനാഥന്റെ സ്വരം ഉയർന്നാൽ പിന്നെ ആരും മറുത്തു പറയാറില്ല. മഹേന്ദ്രൻ പിന്നെ ഒന്നും മിണ്ടിയില്ല..
\" മഹി ഇപ്പോൾ തല്കാലം രമയെയും മക്കളെയും വിളിച്ചു കൊണ്ട് വീട്ടിലേക്കു പോകാൻ നോക്ക്. നമുക്ക് വിശദമായി ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം.. \"
വിശ്വനാഥൻ അവനോടു പറഞ്ഞു. മഹേന്ദ്രനും കുടുംബവും ദേഷ്യത്തോടെ ആണെങ്കിലും അവിടുന്ന് പോയി. അവർ പോയി കഴിഞ്ഞപ്പോൾ എല്ലാവർക്കും കുറച്ചു സമാധാനം ആയി. വിശ്വൻ ശിവനെ എന്തോന്നാടാ ഇതൊക്കെ എന്ന മട്ടിൽ ഒന്ന് നോക്കി.. അവൻ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു. അരുന്ധതി ശിവനോട് തന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു.. അവൻ അമ്മയുടെ അപ്പുറത്ത് പോയിരുന്നു..
\" കല്ലു.. ഇങ്ങു വാ \"
അവർ കല്യാണിയോട് തന്റെ ഇപ്പുറത്തെ വശത്തു വന്നിരിക്കാൻ പറഞ്ഞു. കല്യാണി മടിച്ചപ്പോൾ അന്ന പതുക്കെ അവളെ പോകാൻ എന്ന ഭാവത്തിൽ പതുക്കെ ഉന്തി.. അവൾ അരുന്ധതിയുടെ അടുത്തു ചെന്നിരുന്നു. ഈ സമയത്തൊക്കെ ശിവൻ അവളെ നോക്കുനുണ്ടായിരുന്നെങ്കിലും കല്ലു അവനെ നോക്കുന്നേ ഉണ്ടായിരുന്നില്ല. അരുന്ധതി അവളെ ചേർത്ത് പിടിച്ചു..
\" കല്ലു.. ഇവന് നിന്നെ ഇഷ്ടം ആണെന്ന് പറയുന്നു.. നിനക്കോ മോളെ? \"
അവൾ താഴേക്കു നോക്കി ഒന്ന് മൂളി...
\" എന്തോ? കേട്ടില്ല.. ഉറക്കെ പറയെടി ഉണ്ടക്കണ്ണി നിനക്ക് എന്നെ ഇഷ്ടമാണെന്നു \"
ശിവൻ അപ്പുറത്തിരുന്നു അവളോട് പറഞ്ഞു..
\" പോടാ അവിടുന്ന്.. എന്റെ കുട്ടിയെ ബുദ്ധിമുട്ടിക്കാതെ.. \"
അരുന്ധതി ചിരിയോടെ അവന്റെ കയ്യിൽ അടിച്ചു..
\" വിശ്വേട്ടാ.. ഇന്ന് തന്നെ ശങ്കരേട്ടനോടും വിഷ്ണുവിനോടും സംസാരിക്കണം.. കല്ലുവിന്റെ എക്സാം കഴിയുമ്പോൾ തന്നെ നമുക്ക് ഇത് നടത്താം\"
അരുന്ധതി ആവേശത്തോടെ പറഞ്ഞു. ഒരുപാട് നാളുകൾക്കു ശേഷമാണ് അരുന്ധതിയെ ഇത്ര സന്തോഷത്തോടെ കാണുന്നതെന്നു വിശ്വനും ശിവനും ഒരു പോലെ ഓർത്തു.
\" ഞാൻ ഇന്ന് തന്നെ സംസാരിക്കാം ആരു.. പക്ഷെ മഹിയുടെയും രമയുടെയും കാര്യമാണ്.. \"
വിശ്വൻ പറഞ്ഞു..
\" അത് സാരമില്ല വിശ്വേട്ടാ.. ഈ ദേഷ്യം ഒന്ന് ഒതുങ്ങി കഴിയുമ്പോൾ ഞാൻ സംസാരിച്ചോളാം ഏട്ടനോടും ഏട്ടത്തിയോടും.. \"
അരുന്ധതി പറഞ്ഞു.. പക്ഷെ മഹിയുടെയും രമയുടെയും ദേഷ്യം അങ്ങനെ ഒന്നും മാറുമെന്ന് വിശ്വന് തോന്നുന്നുണ്ടായിരുന്നില്ല.
പക്ഷെ തത്കാലം അയാൾ ഭാര്യയോട് അത് പറയാൻ പോയില്ല. അത് കഴിഞ്ഞു ഒരു കാൾ വന്നു ശിവൻ പുറത്തേക്കു ഇറങ്ങിയപ്പോൾ കല്ലു അരുന്ധതിയെ മുറിയിൽ കൊണ്ട് കിടത്തി. പിന്നെ പതുക്കെ അടുക്കള വാതിൽ വഴി വീട്ടിലേക്കു നടന്നു. കാര്യം ഉള്ളിൽ സന്തോഷം ഇങ്ങനെ നുരഞ്ഞു പൊന്തുകയാണ്.. എത്രയോ നാളായുള്ള തന്റെ സ്വപ്നം.. അത് സത്യമായിരിക്കുന്നു. ശിവേട്ടൻ തന്റെ സ്വന്തം ആവാൻ പോകുന്നു.. അച്ഛനും ഏട്ടനും വിരോധം ഉണ്ടാവാൻ വഴിയില്ല. ശിവേട്ടൻ അവർ രണ്ടു പേർക്കും പ്രിയങ്കരൻ ആണ്. പക്ഷെ എന്നാലും ശിവേട്ടന്റെ മുഖത്ത് നോക്കാൻ ഒരു ധൈര്യം കുറവ് പോലെ.. അതാണ് ആള് കാണാതെ വീട്ടിലേക്കു പോന്നത്..
ശിവൻ കാൾ കട്ട് ചെയ്ത് നോക്കുമ്പോൾ പിറകിൽ കുറച്ചു മാറി അന്ന നിൽപ്പുണ്ട്..
\" കോൺഗ്രാറ്റ്ലഷൻസ് \"
അവൾ ചിരിയോടെ അവന്റെ നേരെ കൈ നീട്ടി..
\" താങ്ക് യൂ.. \"
അവനും ചിരിച്ചു.. ശിവൻ അവളുടെ പിന്നിലും മുറിക്കകത്തും ഒക്കെ കണ്ണോടിച്ചു..
\" ആള് മുങ്ങി.. ചമ്മൽ ആണെന്ന് തോന്നുന്നു \"
അവൻ കല്ലുവിനെയാണ് നോക്കുന്നതെന്നു അറിയാവുന്നതു കൊണ്ട് അന്ന പറഞ്ഞു..
\" അത് സാരമില്ല.. ഞാൻ പിന്നെ പോയി കണ്ടോളാം.. സോറി.. തന്റെ പേരും വെറുതെ ഇതിലേക്ക് കയറി വന്നു.. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല. \"
ശിവൻ പറഞ്ഞു..
\" നോ പ്രോബ്ലം.. അതൊക്കെ അപ്പോഴേ ക്ലിയർ ചെയ്തല്ലോ? \"
അന്ന അവനോടു പറഞ്ഞു.. പക്ഷെ പിന്നെയും അവൾക്കെന്തോ പറയാൻ ഉണ്ടെന്നു ശിവന് തോന്നി.. ഇനി സൈറ്റിലെ എന്തെങ്കിലും കാര്യം ആയിരിക്കുമോ?
\" എന്താ അന്ന? എനി പ്രോബ്ലം? \"
\" ഏയ്.. ഇല്ല.. നോ പ്രോബ്ലം.. ഹ്മ്മ്.. പിന്നെ ശിവൻ വിഷ്ണുവിനെ കണ്ടിരുന്നോ ഇന്ന്? \"
അന്ന ചോദിച്ചു.. ഓ.. അപ്പോൾ അതാണ് കാര്യം.
\" ഇല്ലാലോ.. കണ്ടില്ലലോ.. സഞ്ജു ഇവിടെ ഉണ്ടായിരുന്നല്ലോ? അപ്പോൾ അവൻ എന്തായാലും ക്ലിനികിൽ പോയിട്ടുണ്ടാവും \"
ശിവൻ പറഞ്ഞു.
\" ആഹ്. ഓക്കേ.. ശെരി അപ്പോൾ.. \"
അവൾ അകത്തേക്ക് പോയി.. റൂമിൽ എത്തി അവൾ തന്റെ തലയിൽ കൈ കൊണ്ട് ശക്തിയായി അടിച്ചു. തനിക്കിതു എന്തിന്റെ കേടാണ്.. ഒരു ദിവസം ഒരു മെസ്സേജോ കോളോ കാണാത്തപ്പോൾ ഉടനെ പോയി അന്വേഷിക്കാൻ.. അന്ന് സൈറ്റിൽ നിന്നു രാത്രി പോന്നതിൽ പിന്നെ എന്നും വിഷ്ണു വൈകിട്ട് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യും.. എന്തെങ്കിലും പ്രശ്നമുണ്ടോ താൻ ഓക്കേ ആണോ.. അങ്ങനെ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം.. പക്ഷെ ഇന്നലെ ഒന്നും ഉണ്ടായില്ല. ഇന്നലെ ശിവനും വിഷ്ണുവും അത്യാവശ്യമായി എവിടെയോ പോകുന്നു എന്ന് മാത്രം പറഞ്ഞിരുന്നു. രാവിലെ വിഷ്ണുവിന് ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചിട്ട് അത് കണ്ടിട്ട് പോലുമില്ല. അതാണ് ശിവനോട് ചോദിച്ചത്. വേണ്ടായിരുന്നു.
അന്ന അകത്തേക്ക് കയറി പോകുന്നതും നോക്കി ശിവൻ ചിരിച്ചു കൊണ്ട് വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു..
\" ഹലോ.. എന്താടാ രാവിലെ തന്നെ? \"
\" രാവിലെ തന്നെ വലിയ വിശേഷങ്ങൾ അല്ലേ.. അളിയാ ? \"
\" അളിയനോ? \"
അവൻ അമ്മാവനും അമ്മായിയും വന്ന കാര്യങ്ങൾ ഒക്കെ വിഷ്ണുവിനോട് പറഞ്ഞു.
\"ഓഹോ.. അപ്പോൾ കാര്യങ്ങൾ ഒക്കെ സെറ്റ് ആയി.. അതിന്റെ സന്തോഷം ആണ്.. \"
വിഷ്ണു പറഞ്ഞു..
\" ഹ്മ്മ്. അതൊക്കെ പോട്ടെ. നമ്മൾ ഒരുത്തനെ കൊണ്ട് വന്നു ഇവിടെ വച്ചിട്ടില്ലേ? നീ അങ്ങോട്ടേങ്ങാനും പോയിരുന്നോ? \"
ശിവൻ പതുക്കെ ചോദിച്ചു..
\"ഞാൻ രാവിലെ ക്ലിനിക്കിലേക്ക് വരുന്ന വഴി കാപ്പി കൊണ്ട് കൊടുത്തു.. ഡാ.. അവൻ ഇന്നലെ പറഞ്ഞത് സത്യം ആയിരിക്കുമോ? കല്ലു.. \"
വിഷ്ണു ചോദിച്ചു..
\" എനിക്കറിയില്ല.. എന്തായാലും ഞാൻ അവനെ ഇന്ന് പോയി കാണുന്നുണ്ട്.. കുറച്ചു കൂടി കാര്യങ്ങൾ അവനോടു ചോദിക്കാൻ ഉണ്ട്. അവന്റെ പിന്നിലുള്ളത് ആരാണെന്നു അറിയണം.. അയാളെ കണ്ടെത്തിയാലേ നമുക്ക് സത്യങ്ങൾ കണ്ടെത്താൻ പറ്റൂ. തന്നെയുമല്ല എത്ര നാൾ നമുക്ക് അവനെ ഇങ്ങനെ ഒളിപ്പിച്ചു താമസിപ്പിക്കാൻ പറ്റും. നമുക്ക് അറിയേണ്ടത് അറിഞ്ഞിട്ടു അവനെ അറസ്റ്റ് ചെയ്യണം.. \"
ശിവൻ പറഞ്ഞു.
\" ഓക്കേ.. പക്ഷെ സൂക്ഷിച്ചു വേണം കേട്ടോ\"
വിഷ്ണു വാൺ ചെയ്തു..
\" ഓക്കേ.. പിന്നെ \"നിന്റെ\" എഞ്ചിനീയർ കൊച്ചു ഇവിടെ നിന്നെ അന്വേഷിച്ചു നടക്കുന്നുണ്ട്.. ഒന്ന് വിളിച്ചെക്ക് \"
\" ആരു? അന്നയോ? ഞാൻ വിളിച്ചോളാം. \"
വിഷ്ണു കട്ട് ചെയ്തു. .. നിന്റെ എഞ്ചിനീയർ എന്ന് പറഞ്ഞത് വിഷ്ണു തിരുത്തിയില്ല എന്നുള്ളത് ശിവൻ പ്രത്യേകം ശ്രദ്ധിച്ചു.
ശിവന്റെ കാൾ കട്ട് ചെയ്തു വിഷ്ണു സീറ്റിലേക്കു ചാരി ഇരുന്നു. ഇന്നലെ കല്ലുവിനെ കുറിച്ച് അയാൾ പറഞ്ഞു കേട്ടത് മുതൽ ഉള്ളിൽ ഒരു ആന്തൽ ആണ്. അയാൾ പറഞ്ഞത് എങ്ങനെ സത്യം ആവും എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല. ശിവൻ അതിന്റെ പിന്നിലുള്ളവരെ കണ്ടെത്തട്ടെ.. പക്ഷെ തനിക്കു ഇതിന്റെ സത്യം അറിയണം.. അതിനു വിഷ്ണു വേറെ കുറച്ചു വഴികൾ ആലോചിച്ചു വച്ചിരുന്നു.
തുടരും..
( അഭിപ്രായങ്ങൾ പോരട്ടെ.. )