ഭാഗം 17
വിഷ്ണുവിനോട് സംസാരിച്ച ശേഷം ശിവൻ വേഗം വന്നു ഭക്ഷണം കഴിച്ചു. സ്റ്റേഷനിൽ ആർക്കോ കൊടുക്കാൻ ആണെന്ന് പറഞ്ഞു അടുക്കളയിൽ നിന്നു ഒരു ചോറ് പൊതിഞ്ഞെടുപ്പിച്ചു. അതുമായി ഷണ്മുഖനെ ഒളിച്ചു താമസിപ്പിച്ചിരിക്കുന്നിടത്തേക്ക് ചെന്നു. മാമംഗലത്തു കാരുടെ ഏകദേശം അഞ്ചു ഏക്കറോളം വരുന്ന ഒരു പറമ്പ് ഉണ്ട് അവരുടെ തറവാടിന്റെ അടുത്തുന്നു കുറച്ചു മാറി. പണ്ട് അവിടെ സർപ്പാക്കാവ് ഓക്കെ ഉണ്ടായിരുന്നു. പിന്നീട് അത് അവിടുന്ന് ആവാഹിച്ചു മാറ്റിയതാണ്. അതിന്റെ നടുക്കായി ഒരു ചെറിയ വീടുണ്ടായിരുന്നു. സർപ്പക്കാവിലെ പൂജ ചെയ്തിരുന്ന തിരുമേനി അവിടെയായിരുന്നു താമസം. അത് ആയിരുന്നു ഷണ്മുഖനെ അവർ ഒളിച്ചു താമസിപ്പിച്ചിരുന്ന സ്ഥലം. അങ്ങോട്ടേക്കൊന്നും ഇപ്പോൾ ആരും അങ്ങനെ പോകാറേ ഇല്ല. മരങ്ങളൊക്കെ നിറഞ്ഞ വലിയ പറമ്പ് ആയതു കൊണ്ട് ഷണ്മുഖൻ ഇത്തിരി ഒച്ച വച്ചാലും ആരും കേൾക്കുകയും ഇല്ല. ആരും കാണുന്നില്ലന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ വീട് തുറന്നു അതിനുള്ളിലേക്ക് കയറി. ഷണ്മുഖൻ വാതിൽ തുറക്കുന്ന ഒച്ച കേട്ടു അകത്തേക്ക് കയറി വരുന്ന ശിവനെ നോക്കി.. അയാൾ അവനെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി.
\" എന്താ സാറിന്റെ ഉദ്ദേശം? എന്നേ പോലീസിൽ ഏല്പിക്കാതെ ഇവിടെ ഇങ്ങനെ തട്ടി കൊണ്ട് വന്നു കെട്ടി ഇട്ടിരിക്കുന്നത് എന്തിനാ? എനിക്കറിയാവുന്ന കാര്യങ്ങൾ ഒക്കെ ഞാൻ നിങ്ങളോട് പറഞ്ഞില്ലേ? \"
അവനെ കണ്ട ഉടനെ ഷണ്മുഖൻ ചോദിച്ചു..
\" ഇല്ലല്ലോ ഷണ്മുഖാ.. നിന്റെ അടുത്തുന്നു എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്. അതും കൂടി അറിഞ്ഞിട്ടേ നിന്നെ പോലീസിന് കൊടുക്കാൻ പറ്റൂ.. കാരണം നിന്റെ പിന്നിൽ ഉള്ളവർക്ക് നല്ല സ്വാധീനം ഉണ്ട്. പൈസയും.. നീ പിടിക്കപ്പെട്ടു എന്നറിഞ്ഞാൽ ഒന്നുകിൽ അവർ നിന്നെ എങ്ങിനെ എങ്കിലും രക്ഷപെടുത്താൻ നോക്കും.. അല്ലെങ്കിൽ നിന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കും. രണ്ടായാലും എനിക്ക് പിന്നെ നിന്നെ കിട്ടില്ല.. അത് കൊണ്ടാണ് ഇങ്ങനെ ഒരു തട്ടിക്കൊണ്ടു പോരൽ.. \"
ശിവൻ പറഞ്ഞു.. അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു ഷണ്മുഖനും തോന്നി.. താൻ കൊല്ലപ്പെടാൻ പോലും സാധ്യത ഉണ്ടെന്നറിഞ്ഞപ്പോൾ ഷണ്മുഖനു അല്പം ഭയം ഒക്കെ തോന്നുന്നുണ്ടായിരുന്നു. കേട്ടത് വച്ചു ഇവനും ആളത്ര പാവം ഒന്നുമല്ല. ഇവിടെയെങ്ങാനും ഇട്ടു തന്നെ വല്ലതും ചെയ്‌താൽ ഒരു ഈച്ച പോലും അറിയില്ല.. തത്കാലം ഇവനോട് സഹകരിക്കാം..
\" പക്ഷെ സാർ.. സത്യമായും ഇന്നലെ പറഞ്ഞതൊക്കെയേ എനിക്കറിയൂ.. കൂടുതലൊന്നും അറിയില്ല.. \"
ഷണ്മുഖൻ പറഞ്ഞു. ശിവനും ഇന്നലെ തിരികെയുള്ള യാത്രയിൽ ഇത് തന്നെ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷണ്മുഖൻ പറഞ്ഞ കാര്യങ്ങളിൽ അവനു പിന്നെയും കുറച്ചു സംശയങ്ങൾ ബാക്കി നിന്നിരുന്നു...
\" ഷണ്മുഖാ.. നീ ഇന്നലെ പറഞ്ഞില്ലേ അയാൾ നിനക്ക് അഞ്ചു ലക്ഷം രൂപ അഡ്വാൻസ് ആയി തന്നു എന്ന്. അത് എങ്ങനെയാ നിനക്ക് തന്നത്? \"
\" എന്റെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയായിരുന്നു സാർ.. \"
\" നിന്റെ അക്കൗണ്ട് നമ്പർ എങ്ങനെയാണ് അയാൾക്ക് കിട്ടിയത്? നീ കൊടുത്തോ? \"
\" ഇല്ല സാർ.. അത് എനിക്കും അത്ഭുദം ആയിരുന്നു. അൻപതു ലക്ഷം എന്നൊക്കെ പറഞ്ഞപ്പോൾ ആരോ എന്നെ കളിപ്പിക്കാൻ നോക്കുകയാണ് എന്നാണ് ഞാനും ആദ്യമേ കരുതിയത്. അത് കൊണ്ടാണ് അഞ്ചു ലക്ഷം അഡ്വാൻസ് ആയി തന്നാൽ ഈ പണി ചെയ്യാം എന്ന് ഞാൻ അയാളോട് പറഞ്ഞത്. പക്ഷെ ഞാൻ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അഞ്ചു ലക്ഷം എന്റെ അക്കൗണ്ടിലേക്കു വന്നു. \"
\" നിന്റെ ഫോൺ നമ്പറും അക്കൗണ്ട് നമ്പറും ഒക്കെ എങ്ങനെ അയാൾക്ക് കിട്ടി എന്ന് നീ അയാളോട് ചോദിച്ചില്ലേ ? \"
\" ഞാൻ ചോദിച്ചു.. അപ്പോൾ അയാൾ പറഞ്ഞതു അയാൾ സ്കോർപ്യൻസിന്റെ പഴയ ഒരു ക്ലയന്റ് ആണെന്നാണ്. പണ്ട് തൊട്ടേ എന്നെ പരിചയം ഉള്ള ഒരാളാണ് എന്റെ നമ്പർ കൊടുത്തതെന്നു പറഞ്ഞു.. ഞാൻ ശിക്ഷ കഴിഞ്ഞിറങ്ങിയെന്നും ഇപ്പോഴും ചെറിയ കൊട്ടേഷൻ പണികളൊക്കെ ചെയ്യുന്നുണ്ടെന്നും അയാളാണ് പോലും പറഞ്ഞത്. ഇപ്പോൾ അത്രയും അറിഞ്ഞാൽ മതിയെന്നും കൂടുതൽ അന്വേഷിക്കാൻ നിന്നാൽ ഇത് അയാൾ വേറെ വല്ലവരെയും ഏല്പിക്കുമെന്ന് പറഞ്ഞു. ഇത്രയും പൈസയുടെ കാര്യമായതു കൊണ്ട് ഞാൻ പിന്നെ..\"
ഷണ്മുഖൻ തല കുനിച്ചു.. പൈസക്ക് വേണ്ടി ആരെയും കൊല്ലാൻ മടിയില്ലാത്ത ഇവൻ കുറച്ചു അധികം പൈസ കിട്ടിയാൽ പിന്നെ അത് വന്ന വഴി ഒന്നും എന്തായാലും തിരക്കി പോവില്ല..
\" ശെരി... സ്കോർപ്യൻസിന്റെ പഴയ ഏതു ക്ലയന്റ് ആണെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ? \"
\" അങ്ങനെ ചോദിച്ചാൽ അന്നത്തെ കാലത്ത് ഞങ്ങളുടെ ഗാങ് നല്ല ഫേമസ് ആയിരുന്നു.. ഞങ്ങൾക്ക് ഒരുപാട് ക്ലയന്റ്സും ഉണ്ടായിരുന്നു.. അവരിൽ മിക്കവരും നല്ല പിടിപാട് ഉള്ളവർ ആയിരുന്നു. അതിലിപ്പോ ആരാന്നു വച്ചാ.. \"
ഷണ്മുഖൻ ഇതൊക്കെ നല്ല അഭിനത്തോടെ ആയിരുന്നു പറഞ്ഞിരുന്നത്. അത് കേട്ടപ്പോൾ അവന്റെ മുഖത്തിനിട്ടു ഒരു തേമ്പ് വച്ചു കൊടുക്കാനാണ് ശിവന് തോന്നിയതെങ്കിലും അവൻ സംയമനം പാലിച്ചു..
\" സ്കോർപ്യൻസ് ഗാങ്ങിനെ നന്നായി അറിയാവുന്ന ആരെങ്കിലുമായി നിനക്ക് ജയിലിൽ നിന്നു വന്ന ശേഷവും കോൺടാക്ട് ഉണ്ടോ? നീ ഇപ്പോഴും കൊട്ടേഷൻ പണിയൊക്കെ ആയിട്ട് നടക്കുകയാണെന്ന് അറിയുന്നത് ആർക്കാണ്? \"
ഷണ്മുഖൻ കുറച്ചു നേരം ആലോചിച്ചു.. പിന്നെ പറഞ്ഞു..
\" അത് ഒരാളുണ്ട്.. \"
\" ആര്? \"
\" ബാബു .. ബ്രോക്കർ ബാബു\"
\" ബ്രോക്കർ ബാബുവോ? \"
\" ബാബുവിന്റെ പ്രധാന പണി എന്ന് പറയുന്നത് തന്നെ വലിയ വലിയ ക്ലയന്റ്സിനെ ഈ കൊട്ടേഷൻ സംഘങ്ങളുമായി മുട്ടിച്ചു കൊടുക്കുക എന്നതാണ്. പണി നടന്നു കഴിഞ്ഞാൽ അവനു നല്ല കമ്മീഷൻ കിട്ടും.. രണ്ടു ഭാഗത്തു നിന്നും.. \"
ചുമ്മാതല്ല അവനെ ബ്രോക്കർ എന്ന് വിളിക്കുന്നത്.. അവൻ വലിയ വമ്പന്മാരുടെയും കൊട്ടേഷൻകാരുടെയും ഇടനിലക്കാരൻ ആണ്.
\" നിനക്കെങ്ങാനാ അവനെ പരിചയം? \"
\"സ്കോർപ്യൻസ് ഗാങ്ങിനു ഈ ബാബുവിന്റെ കെയർ ഓഫിൽ ഒരുപാട് കൊട്ടേഷനുകൾ വന്നിട്ടുണ്ട്.. അതിൽ പലതിലും ഞാനും പോയിട്ടുണ്ട്.. അങ്ങനെ അറിയാം.. തന്നെയുമല്ല ഈ ബാബു ഞങ്ങടെ രവിയണ്ണന്റെ ബന്ധു ആയിരുന്നു. അത് കൊണ്ട് ഇടയ്ക്കിടെ ഞങ്ങടെ അടുത്ത് വരുമായിരുന്നു രവിയണ്ണനെ കാണാൻ \"
\"രവിയണ്ണൻ ആരാ? \"
\" രവിയണ്ണൻ ഞങ്ങടെ സ്കോർപ്യൻസ് ഗാങ്ങിന്റെ എല്ലാമായിരുന്നു സാറേ.. രവിയണ്ണനും ബഷീറും കൂടെയാണ് സ്കോർപ്യൻസ് ഗാങ്ങിനെ അന്നത്തെ കാലത്ത് ആ രീതിയിൽ എത്തിച്ചത്.. രവിയണ്ണനും ബഷീറും..രണ്ടു പേരും ഇണ പിരിയാത്ത കൂട്ടുകാർ ആയിരുന്നു. പോയപ്പോൾ രണ്ടു പേരും ഒരുമിച്ചങ്ങു പോയി \"
അവരെ പറ്റി പറയുമ്പോൾ മാത്രം ഷണ്മുഖനു ചെറിയൊരു വിഷമം ഉണ്ടെന്നു ശിവന് തോന്നി.
\" ഈ ബാബു രവിയണ്ണന്റെ ബന്ധു ആയതു കൊണ്ട് അവൻ ഞങ്ങൾക്ക് ഒരുപാട് പണി ഒപ്പിച്ചു തരുമായിരുന്നു. കൊട്ടേഷൻ മാത്രമല്ല ബാബുബിനു ചില ഡീലിർ മാരെയും പരിചയം ഉണ്ടായിരുന്നു. അവൻ പറഞ്ഞിട്ട് അവർക്കു വേണ്ടി സാധനങ്ങൾ എത്തിക്കാനും അവരുടെ സാധനങ്ങൾ എടുക്കാനും ഒക്കെ ഞങ്ങൾ പോകുമായിരുന്നു.. \"
ഡ്രഗ്സ്.. ഈ ബാബു എന്ന് പറയുന്നവൻ ഒരു പക്കാ ഫ്രോഡ് ആണെന്ന് ശിവന് മനസിലായി.
\" അങ്ങനെയൊക്കെയാണ് സാറേ ഈ ബാബുവിനെ പരിചയം.. പണ്ട് ബഷീറുമായി അഭിപ്രായവ്യത്യാസം ഉണ്ടായി സ്കോർപ്യൻസുമായി ഉടക്കി പോയതിനു ശേഷം പിന്നെ അവനെ വീണ്ടും ഞാൻ കാണുന്നത് ജയിലിൽ നിന്നിറങ്ങി ഈയിടെ ആണ്.. \"
ഷണ്മുഖൻ പറഞ്ഞു.. ശിവന്റെ നെറ്റി ചുളിഞ്ഞു.
\" ബഷീറുമായി ബാബുവിന് എന്തായിരുന്നു അഭിപ്രായവ്യത്യാസം? \"
\" പത്തു പതിനൊന്നു കൊല്ലം മുന്നെയാണ്. ആ സമയം ഞാനും രവിയണ്ണനും ചരക്കും കൊണ്ട് ദൂരെ പോയിരിക്കുകയായിരുന്നു. ബാബു ഒരു കൊട്ടേഷൻ കാര്യവുമായി ബഷീറിന്റെ അടുത്ത് ചെന്നു. നല്ല പൈസ കിട്ടുമെന്ന് പറഞ്ഞത് കൊണ്ട് ബഷീർ അതിനു ചെല്ലാമെന്നു പറഞ്ഞു. പക്ഷെ അത് വിചാരിച്ച പോലെ നടന്നില്ല. ബാബുവിന്റെ ഭാഗത്തെ കുഴപ്പം ആണെന്ന് ബഷീറും അല്ല ബഷീറിന്റെ കുഴപ്പമാണെന്ന് ബാബുവും പറഞ്ഞു. എന്തായാലും ക്ലയന്റിന്റെ കയ്യിൽ നിന്നു പൈസ കിട്ടിയില്ല. അതോടെ ബഷീർ അവനെ ഇനി സ്കോർപ്യൻസിന്റെ സങ്കേതത്തിൽ വരുന്നതിൽ നിന്നു വിലക്കി.. ബാബുവും ഇനി സ്കോർപ്യൻസിന് വേണ്ടി ഒരു പണിയും ഏറ്റെടുക്കില്ല എന്ന് പറഞ്ഞുന്നാണ് കേൾക്കുന്നത്.. അതിനു ശേഷം അവനെ ഞാൻ അവിടെ കണ്ടിട്ടില്ല.. \"
\" അപ്പോൾ ഈ രവിയണ്ണനോ? അയാളുടെ ബന്ധു അല്ലായിരുന്നോ ഈ ബാബു? \"
\" അതേ. പക്ഷെ രവിയണ്ണന് കൂട്ടുകാരൻ പറയുന്നത് തള്ളാൻ പറ്റില്ലായിരുന്നു. എന്നാലും പുറത്തൊക്കെ വച്ചു രവിയണ്ണൻ ബാബുവിനെ കാണാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്..സത്യമാണോന്നു അറിയില്ല.. \"
\" ഈയിടെ നീ ബാബുവിനെ കണ്ടു എന്നല്ലേ പറഞ്ഞത്? എവിടെ വച്ചു കണ്ടു? \"
\" അത് ഞാൻ താമസിച്ചു കൊണ്ടിരുന്ന ലോഡ്ജിന്റെ മുന്നിൽ വച്ചു തന്നെ.. അവൻ അവിടെ ആരെയോ കാണാൻ വന്നതാണെന്ന പറഞ്ഞത്. അന്ന് അവൻ എന്നെ ബാറിൽ വിളിച്ചു കൊണ്ട് പോയി കള്ളൊക്കെ വാങ്ങി തന്നു. എന്റെ ഇപ്പോഴത്തെ അവസ്ഥ ഒക്കെ കേട്ടപ്പോൾ എനിക്ക് പറ്റിയ എന്തേലും പണി വരുവാണേൽ വിളിക്കാം എന്ന് പറഞ്ഞു നമ്പർ ഒക്കെ അവൻ വാങ്ങി കൊണ്ട് പോയാരുന്നു. അവന്റെ നമ്പർ ഞാനും വാങ്ങിയിരുന്നു. \"
\" ഓഹോ.. \"
\" പക്ഷെ സാറേ ഇത് ബാബു വഴി വന്ന കൊട്ടേഷൻ ആണോന്നു എനിക്ക് വലിയ ഉറപ്പില്ല.. \"
\"അതെന്താ ഷണ്മുഖാ? \"
\"പണ്ട് ഈ ബാബു വഴി വരുന്ന കൊട്ടേഷനുകളിൽ ഒന്നിലും ഞങ്ങൾക്ക് ക്ലയന്റുമായി നേരിട്ട് യാതൊരു ബന്ധവും ഉണ്ടാവില്ല. എല്ലാം ബാബു ആണ് നോക്കിയിരുന്നത്. ആരെയാണ് തട്ടേണ്ടത്, എവിടെ, എങ്ങനെ ഒക്കെ അവനാണ് പറയുക.. അവസാനം പൈസയും അവൻ തന്നെയാണ് എത്തിച്ചു തന്നിരുന്നത്. പക്ഷെ ഇതിപ്പോ ക്ലയന്റ് എന്നെ നേരിട്ട് വിളിക്കുകയല്ലേ ചെയ്തത്? ബാബുവിന്റെ ഒരു രീതി അങ്ങനെ അല്ല.. അതാ ഞാൻ അങ്ങനെ പറഞ്ഞത്.. \"
ഷണ്മുഖൻ പറഞ്ഞു
\" അതിപ്പോ ഇനി ബാബുവിന്റെ രീതികൾ മാറിയതാണോ എന്ന് പറയാൻ പറ്റില്ലലോ ഷണ്മുഖാ.. നമുക്ക് അവനോടു തന്നെ ചോദിക്കാം.. എന്താ? \"
ശിവൻ ചോദിച്ചു..
\"
സാറേ.. ഈ ബാബുവിനെ കിട്ടാൻ വിചാരിക്കുന്ന പോലെ അത്ര എളുപ്പം ഒന്നുമല്ല. അവനു പല കൊട്ടേഷൻ ടീമുകളും ഡീലർമാരും ഒക്കെയായി പരിചയം ഉള്ളത് കൊണ്ട് ഒളി സ്ഥലങ്ങളും ഒരുപാടുണ്ട്. \"
ഷണ്മുഖൻ പറഞ്ഞു..
\" എന്തായാലും ഞാൻ ഒന്ന് തപ്പി നോക്കട്ടെ അവനെ കിട്ടുമോന്നു.. നീ തത്കാലം ഇവിടെ ഇരിക്ക് \"
ഷണ്മുഖന്റെ ഫോണിൽ നിന്നും ബാബു ഷണ്മുഖനു കൊടുത്തിരുന്ന നമ്പർ എടുത്തു തന്റെ ഫോണിലേക്കു സേവ് ചെയ്തു. അത് പോലെ അവന്റെ അക്കൗണ്ടിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം കയ്യിലെയും കാലിലെയും കെട്ടൊക്കെ മുറുക്കമാണെന്ന് ഒന്നുടെ ഉറപ്പു വരുത്തിയതിനു ശേഷം ശിവൻ വീണ്ടും വീട് പൂട്ടി ഇറങ്ങി. ശേഷം വിക്ടറിനെ വിളിച്ചു ബ്രോക്കർ ബാബുവിനെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു. ഒപ്പം അവന്റെ നമ്പറും കൊടുത്തു. അവനെ പറ്റി എന്തെങ്കിലും വിവരം പോലീസ് ഫയൽസിൽ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചറിയിക്കണം എന്ന് പറഞ്ഞാണ് ശിവൻ ഫോൺ വച്ചതു.
*************************************************
ക്ലിനികിൽ ഇരുന്നിട്ടും വിഷ്ണുവിന് ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത് ആദ്യമായിട്ടാണ് ഇങ്ങനെ. അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ക്ലിനികിൽ വന്നു ജോലിയിൽ മുഴുകി കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കും. പക്ഷെ ഇതങ്ങനെ ഒരു പ്രശ്നം അല്ലല്ലോ? കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തോളം തന്റെ കൂടെപ്പിറപ്പു എന്ന് പറഞ്ഞു സ്നേഹിച്ചവൾ.. പെട്ടെന്നൊരു ദിവസം ആരോ വന്നു അവൾ തന്റെ ആരുമല്ല എന്ന് പറഞ്ഞാൽ.. എങ്ങനെയാണ് വിശ്വസിക്കാൻ പറ്റുക? അത് പോലെ എങ്ങനെയാണ് അത് അങ്ങനെ വിട്ടുകളയാൻ പറ്റുക? വിഷ്ണു തന്റെ ബാഗിൽ നിന്നു രാവിലേ അച്ഛന്റെ അലമാരിയിൽ നിന്നെടുത്ത കല്ലുവിന്റെ ബർത്ത് സർട്ടിഫിക്കറ്റ് എടുത്തു..
\" കല്യാണി മേനോൻ
20 ജൂൺ 1998
അച്ഛൻ - ശിവശങ്കര മേനോൻ
അമ്മ - സീതാലക്ഷ്മി
ജനന സ്ഥലം - സിറ്റി ഹോസ്പിറ്റൽ, മടവൂർ \"
അതിലെ വിവരങ്ങളിലൂടെ വിഷ്ണു കണ്ണോടിച്ചു. കല്യാണിയും താനും തമ്മിൽ നാലര അഞ്ചു വയസ്സിന്റെ വ്യത്യാസം ആണ്. അത് കൊണ്ട് അമ്മ ഗർഭിണി ആയിരിക്കുന്നത് ഒക്കെ വിഷ്ണുവിന് ചെറിയ ഓർമയെ ഉള്ളു.. എങ്കിലും കല്ലുവിനെ ഗർഭിണി ആയിരുന്ന തന്റെ അമ്മയെ തനിക്കു ഓർമ ഉണ്ട്.. മരിക്കുവോളം അമ്മയും ഈ നിമിഷം വരെ അച്ഛനും അവളോട് ഒരു വേർതിരിവ് കാണിച്ചിട്ടില്ല.. കൂടുതൽ സ്നേഹിച്ചിട്ടുണ്ടെങ്കിലേ ഉള്ളു.. രാവിലെ അച്ഛനോട് ഒന്ന് സംസാരിക്കണം എന്ന് കരുതിയതാണ്.. പക്ഷെ എന്താണ് അച്ഛനോട് ചോദിക്കുക? കല്ലു അച്ഛന്റെ മകൾ അല്ലേ എന്നോ? അത് കൊണ്ട് അവൻ അത് വേണ്ടാന്നു വച്ചു. ആദ്യം ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോന്നു അറിയണം. ശിവൻ അവന്റെ വഴിക്കു അന്വേഷിക്കട്ടെ.. സിറ്റി ഹോസ്പിറ്റൽ തൊട്ടടുത്തുള്ള ടൗണിൽ ആണ്.. ക്ലിനിക്കിലെ ചികിത്സ പോരാതെ വരുമ്പോൾ വിഷ്ണു രോഗികളെ അങ്ങോട്ടേക്കാണ് റെഫർ ചെയ്യാറ്.. തന്നെയുമല്ല ക്ലിനിക്കു തുടങ്ങുന്നതിനു മുന്നേ വിഷ്ണു അവിടെ പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് അവിടുത്തെ ഡോക്ടർമാരെ ഒക്കെ വിഷ്ണുവിന് നല്ല പരിചയം ആണ്. നാളെ എന്തായാലും സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോകണം. സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് അവൾ ഉണ്ടായതെങ്കിൽ അവളുടെ ബർത്ത് റെക്കോർഡ്സ് അവിടെ ഉണ്ടാവും.. ഇപ്പോൾ എല്ലാം സിസ്റ്റത്തിൽ ആണ്. പക്ഷെ ഇരുപത്തഞ്ചു വർഷം മുന്നത്തെ ഒക്കെ ഫയലിൽ ആയിരിക്കും.. റെക്കോർഡ് റൂമിൽ കയറി പറ്റണം.. അല്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് അവിടുന്ന് എടുപ്പിക്കണം.. വിഷ്ണു മനസ്സിൽ ഉറപ്പിച്ചു.
****************************************************
അതേ സമയം വീട്ടിൽ തിരിച്ചെത്തിയ രമ നല്ല ദേഷ്യത്തിൽ ആയിരുന്നു. കാറിൽ നിന്നിറങ്ങിയതും സ്വാതി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി.. കാറിലും അവൾ കരച്ചിൽ തന്നെ ആയിരുന്നു. മാമംഗലത്തെ കാര്യസ്ഥന്റെ മകളുടെ മുന്നിൽ താൻ തോറ്റു പോയത് അവൾക്കു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എല്ലാവരുടെയും മുന്നിൽ തന്റെ മാനം പോയത് പോലെയാണ് അവൾക്കു തോന്നിയത്. എന്നാലും ഇത് അങ്ങനെ വിട്ടു കൊടുക്കാൻ രമ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ശിവൻ കോടി കണക്കിന് സ്വത്തിന്റെ ഒരേ ഒരു അവകാശി ആണ്. അത് തന്റെ മകൾ തന്നെ അനുഭവിക്കണം..അവൻ തന്റെ ഇഷ്ടം പറഞ്ഞു എന്നല്ലേ ഉള്ളു? കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലലോ? ഇനിയും സമയം ഉണ്ട്. രമ തന്റെ മുറിയിലേക്ക് ചെന്നു. മഹേന്ദ്രൻ ഒരു കുപ്പിയും ഗ്ലാസുമായി ഇരിപ്പു തുടങ്ങിയിട്ടുണ്ട്..ഇനി കള്ള് സേവ ആയിരിക്കും.. രമ മനസ്സിൽ ഓർത്തു.. അല്ലെങ്കിലും മഹേന്ദ്രനെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്നാണ് രമയുടെ അഭിപ്രായം. അയാളുടെ സ്വത്തു മാത്രം കണ്ടാണ് രമ അയാളെ വിവാഹം കഴിച്ചത്. കാര്യം നടക്കണമെങ്കിൽ തന്റെ ആങ്ങളയെ തന്നെ വിളിക്കണം.. ഡ്രസ്സ് മാറി ഫോൺ എടുത്തു രമ രാജീവിന്റെ നമ്പർ ഡയൽ ചെയ്തു..
തുടരും..
( പുതിയ കുറച്ചു ആളുകളെ കൊണ്ട് വന്നിട്ടുണ്ട്.. കഥ മുന്നോട്ടു കൊണ്ട് പോകാൻ അവരെ ആവശ്യമാണ്.. അത് കൊണ്ടാണ്.. അത് പോലെ സ്കോർപ്യൻസിന്റെ കാര്യങ്ങളും പറയണ്ടതായിട്ടുണ്ടായിരുന്നു .. ബോർ അടിച്ചില്ലെന്നു കരുതുന്നു )