പുലി!! ഇറങ്ങിയേ..... പുലി!! നാട്ടുകാരെ... ഓടി വായോ.......!! ഭാസ്കരൻ, കവലയിലെ അജിച്ചേട്ടന്റെ കടയിലേക്ക് ഓടിക്കയറി. സമയം 6 മണി, രാവിലത്തെ പൂജയും കഴിഞ്ഞ്,അടുക്കളയിൽ ചായയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അജി, ബഹളം കേട്ടാണ് ചായക്കടയുടെ ഉമ്മറത്തേക്ക് ചെന്നത് കറവക്കാരൻ ഭാസ്കരൻ നിന്നു കിതക്കുകയാണ്. എന്താ....എന്താടാ? അജി ചോദിച്ചു. വെള്ളം.... വെള്ളം ഭാസ്കരൻ ബെഞ്ചിലേക്ക് വീണു. അജി വെള്ളത്തിന്റെ മഗ് കൊണ്ട് വന്ന് ഭാസ്കരന്റെ കയ്യിലേക്ക് കൊടുത്തു, വിറക്കുന്ന കൈകളോടെ മഗ് തുറന്ന് ഭാസ്കരൻ വെള്ളം വായിലേക്ക് കമിഴ്ത്തി. മഗ് ശബ്ദത്തോട് കൂടെ അയാൾ ഡെസ്കിലേക്ക് വെച്ചു , ചേട്ടാ പുലി... പുലിയിറങ്ങി ഭാസ്കരൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു. ഏഹ്! ശരിക്കും?! എവിടെ?! എവിടെ?... അജി ചുറ്റും നോക്കി. മൈലാനം കുന്നിന്റെ കുറ്റിക്കാട്ടിൽ ഞാൻ മുത്രം ഒഴിക്കാൻ നിന്നതാ....കാടിനകത്തു രണ്ട് കണ്ണുകൾ തിളങ്ങുന്നു, എന്റെ കാല് രണ്ടും മരവിച്ചു പോയി ചേട്ടാ, ഭാസ്കരന്റെ കൈകൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു. പുലിയാണെന്നു നിനക്ക് എങ്ങിനെ മനസ്സിലായി? സംശയത്തോടെ അജി ചോദിച്ചു. എന്റെ ചേട്ടാ...എന്റെ തലേടെ മോളിൽ കൂടെയാ പുലി വഴിക്ക് അപ്പുറത്തേക്ക് ചാടി പാഞ്ഞത്. ഞാൻ എന്റെ സൈക്കിൾ അവിടെ ഇട്ടേച്ചാ... ജീവനും കൊണ്ട് ഓടിയത്.നീ ശരിക്കും കണ്ടോ പുലിയെ?! അജി വീണ്ടും ചോദിച്ചു. ചേട്ടാ പുലി തന്നെ! ഒരു സംശയോം വേണ്ട ഭാസ്കരൻ മഗ് എടുത്ത് വായിലേക്ക് ഒന്ന് കൂടെ കമിഴ്ത്തി. എന്താ?...എന്താ പ്രശ്നം കവലയിൽ ടൈലറിങ് ഷോപ്പ് നടത്തുന്ന അന്തപ്പനും കുഞ്ഞാപ്പിയും. എടാ പുലി ഇറങ്ങിയെന്ന്! ഭാസ്കരൻ പറയുന്നു. ശരിയായിരിക്കും ചേട്ടാ കഴിഞ്ഞ വർഷം ഈ സമയത്ത് തന്നാ പുലി വന്ന് പാത്തുമ്മേടെ ആടിനെ കൊണ്ട് പോയത്,കുഞ്ഞാപ്പി ഓർത്തെടുത്തു. എല്ലാവരുടെയും മുഖത്തു ഭീതി നിഴലിച്ചിരുന്നു. പുലി ഇറങ്ങിയ വിവരം കാട്ടു തീ പോലെ മരുതാനം എന്ന മലയോര ഗ്രാമത്തിൽ പടർന്നു .
ആളുകൾ കൂട്ടം കൂട്ടമായി അജിയുടെ ചായക്കടയിലേക്ക് വന്നു കൊണ്ടിരുന്നു.ഭാസ്കര നീ കണ്ടോടാ പുലിയെ...? എന്ത് വലുപ്പം വരും? അന്തപ്പൻ ചോദിച്ചു. അജി കൊടുത്ത പുട്ടും പഴവും അകത്താക്കുന്ന തിരക്കിൽ പ്ലേറ്റിൽ നിന്ന് മുഖം ഉയർത്തി, രണ്ടു കയ്യും വിരിച്ചു കാട്ടി ഭാസ്കരൻ. എന്റെ ദൈവമേ!! നാട്ടുകാരുടെ ഇടയിൽ നിന്ന് പല തരം നിർദേശങ്ങളും അഭിപ്രായങ്ങളും വരാൻ തുടങ്ങി, ചിലർ പുലിയെ എങ്ങിനെ പിടിക്കാം എന്നും, മറ്റു ചിലർ പുലിയെ എങ്ങിനെ കൊല്ലണമെന്നും.
ദെ കൗൺസിലർ വരുന്നുണ്ട്....., സ്കൂട്ടറിൽ വന്ന കൗൺസിലറെ ചൂണ്ടിക്കാട്ടി അജി പറഞ്ഞു. സ്കൂട്ടർ സ്റ്റാൻഡിൽ വെച്ചിട്ട് കൗൺസിലർ സുഗുണൻ തിങ്ങി നിൽക്കുന്ന നാട്ടുകാർക്ക് ഇടയിലൂടെ ചായക്കടയിലേക്ക് കയറി. ആരും ബഹളം വെക്കേണ്ട, എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എല്ലാവരുടെയും നടുക്ക് നിന്നു കൊണ്ട് കൗൺസിലർ പ്രഖ്യാപിച്ചു. പ്രിയപ്പെട്ട മരുതാനം നിവാസികളെ...... വിവരം അറിഞ്ഞ ഉടൻ ഞാൻ പുറപ്പെട്ടു, പോലീസ് സ്റ്റേഷനിലും വിവരം പറഞ്ഞിട്ടുണ്ട്.അറിഞ്ഞോ... ഖദീജ ഓമനിച്ചു വളർത്തിയിരുന്ന ആടിനെ പുലി കൊണ്ടു പോയി ,ആരോ പറഞ്ഞു . കേട്ടത് പാതി കേൾക്കാത്ത പാതി നാട്ടുകാരും കൗൺസിലറും ഖദീജന്റെ വീട്ടിലേക്ക് ഓടി.ഭാസ്കര നീ ഇവിടെ ഇരിക്ക്...
ഞാൻ അവിടം വരെ പോയേച്ചും വരാം,കട നോക്കിക്കോണേ... അജി മുണ്ട് മടക്കി കുത്തി വേഗം നടന്നു. ഞാൻ നോക്കിക്കോളാം ചേട്ടാ, പഴം കഴിക്കുന്നതിന് ഇടയിൽ ഭാസ്കരൻ പറഞ്ഞു.
ഖദീജയുടെ വീട് മരണം നടന്ന വീട് പോലെ മ്ലാനമായിരുന്നു. പോലീസ് ഒക്കെ വന്നിട്ടുണ്ട്... നെറ്റിയിൽ ഉരുണ്ട് കൂടിയ വിയർപ്പ് തുടച്ച് ഭാസ്കരൻ നടന്നു. എടാ, നീയെന്താ ഇവിടെ?.., ഞാൻ നിന്നോട് കട നോക്കാൻ പറഞ്ഞതല്ലേ?!, ആൾ തിരക്കിൽ നിന്ന് അജി ചോദിച്ചു. കടേടെ ഷട്ടർ ഇട്ടേച്ചാ പോന്നത്, ഭാസ്കരൻ പറഞ്ഞു. എന്തായി? ഭാസ്കരൻ ചോദിച്ചു.കെട്ടിയിട്ടിരുന്ന ആടിനെ കയറോട് കൂടെയാ പുലി കൊണ്ടു പോയത്, പോലീസും, വനം വകുപ്പിലെ ഓഫീസർമാരും വന്നിട്ടുണ്ട്, രണ്ട് പേരും സംഭവ സ്ഥലത്തേക്ക് നടന്നു. വീടിന്റെ മുറ്റത്ത് കൗൺസിലറും ഓഫീസർമാരും ഇരുന്ന് ചായ കുടിക്കുന്നു, ഖദീജ വീടിന്റെ വരാന്തയിൽ തലക്ക് കൈ കൊടുത്ത് ഇരിക്കുന്നു അയൽപ്പക്കത്തെ സ്ത്രീകൾ ഖദീജയെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
വീടിന് പുറകിലാണ് ആടിനെ കെട്ടിയിരുന്നത്, ആടിനെ ഊട്ടാൻ ഉപയോഗിക്കുന്ന തൊട്ടി മറിഞ്ഞു കിടക്കുന്നു. അജിയേട്ടാ, ദേ പുലിന്റെ കാൽപാട്!!, വീടിന് പുറകിലെ കുറ്റി ക്കാട്ടിലേക്ക് പോകുന്ന കാൽപാടുകൾ കണ്ട് ഭാസ്കരൻ പറഞ്ഞു. എവിടെ!! എവിടെ!! അടുത്ത് നിൽക്കുന്ന ചാമ്പയ്‌ക്ക മരത്തിൽ നിന്ന് ചാമ്പയ്‌ക്ക പറിച്ചു തിന്നുവായിരുന്ന അജി ഭാസ്കരന്റെ അടുത്തേക്ക് ഓടിച്ചെന്നു. ശരിയാണല്ലോടാ... ഇത് പുലീടെ കാൽപ്പാട് തന്നെ. അജി സാറുമ്മാരെ വിളിക്കാൻ ഓടി.
സാറെ, ഇത് WD40 യുടെ കാൽപ്പാട് അല്ലെ?! ബീറ്റ് ഓഫീസർ രാജു കയ്യിലുണ്ടായിരുന്ന ലെൻസിലൂടെ പുലിയുടെ കാൽപ്പാടിലേക്ക് സസൂഷ്മം നോക്കി പറഞ്ഞു.ആയിരിക്കും... റേഞ്ച് ഓഫീസർ വസന്ത്, രാജുവിന്റെ പുറകിൽ നിന്ന് എത്തി നോക്കി, ചായ കുടി പൂർത്തിയാക്കാൻ പറ്റാത്തതിന്റെ നീരസം അയാളുടെ മുഖത്തുണ്ടായിരുന്നു.എന്തായി സർ? സുഗുണൻ, വസന്തിനോട് ചോദിച്ചു. നമുക്ക് കൂട് വെച്ച് നോക്കാം.....കൗൺസിലറെ, പുലി വീഴും.
ശാന്തരാകുവിൻ നാട്ടുകാരെ.... റേഞ്ച് ഓഫീസർ സർ, പുലിയെ പിടിക്കാമെന്ന് ഉറപ്പു നൽകിയിട്ടുള്ള സ്ഥിതിക്ക് എല്ലാവരും പിരിഞ്ഞു പോകേണ്ടതാണ്, പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചെത്തുന്ന മുറക്ക് ഖദീജക്ക് മുന്തിയ ഇനം ഒരു ആട്ടിൻ കുട്ടിയെ കൊടുത്ത്, അവരുടെ ദുഃഖം മാറ്റുമെന്ന് ഈ കൗൺസിലർ സുഗുണൻ ഉറപ്പു തരുന്നു. അത് മതി, നാട്ടുകാർ കൗൺസിലറുടെ വാക്കുകൾ കയ്യടിച്ച് പാസ്സാക്കി. എന്തായാലും പുലിയെ പിടിക്കുന്നത് വരെ സൂക്ഷിക്കണം, നാട്ടുകാർ പരസ്പരം പറഞ്ഞു.വീടിന്റെ വരാന്തയിൽ ഇരുന്നിരുന്ന ഖദീജന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
ഒരു മാസം കഴിഞ്ഞിട്ടും പുലി കെണിയിൽ വീണില്ല. മരുതാനം നിവാസികളുടെ ഇടയിലും പുലിപ്പേടി എന്നെന്നേക്കുമായി ഒഴിഞ്ഞു. പുലിക്കെണിയിൽ പട്ടി വീണതോടെ, കെണി വനം വകുപ്പുകാർ എടുത്ത് കൊണ്ട് പോയി. പുലി പോയതിന്റെ ആശ്വാസത്തിൽ നാട്ടുകാരും അവരുടെ ദിനചര്യകളിൽ വ്യാപ്രുതരായി. പഞ്ചായത്തിൽ നിന്നും ജമ്‌നാപ്യാരി ഇനത്തിൽപ്പെട്ട ആട്ടിൻ കുട്ടിയെ ലഭിച്ച ഖദീജക്കും സന്തോഷം.
ഭാസ്കരൻ സൈക്കിൾ, സ്റ്റാൻഡിൽ വെച്ച് അജിയുടെ കടയിലേക്ക് കയറി. ഒരു സ്ട്രോങ്ങ്, ബെഞ്ചിലേക്ക് ഇരിക്കുമ്പോൾ അയാൾ പറഞ്ഞു. ചായ ഗ്ലാസ്സ് ഭാസ്കരന്റെ മുന്നിൽ വെച്ച് അജി മാറി നിന്നു.രാവിലെ തന്നെ പച്ചക്കറി ഒക്കെ വാങ്ങിയോ ഭാസ്കരൻ... സൈക്ലിന്റെ കാരിയറിൽ ഇരിക്കുന്ന സഞ്ചി കണ്ട് അയാൾ ചോദിച്ചു. കുറച്ച് ആട്ടിറച്ചിയാ അജിയേട്ടാ, അമ്മൂമ്മ കുറച്ച് നാളായി പറയുന്നു......, ചായ കുടിക്കുന്നതിന് ഇടയിൽ ഭാസ്കരൻ പറഞ്ഞു.
അന്ന് രാത്രി ഭാസ്കരൻ ആട്ടിറച്ചി പാകം ചെയ്തു.ആട്ടിറച്ചി കൂട്ടി ഊണ് കഴിക്കുമ്പോൾ ഭാസ്കരന്റെ അമ്മൂമ്മ ചോദിച്ചു, നീ ആയിരുന്നല്ലേ പുലി?!. അമ്മൂമ്മ കഴിക്ക്, ചോറ് ഉരുളയാക്കി വായിലേക്ക് വെക്കുമ്പോൾ ഭാസ്കരൻ പറഞ്ഞു.ആട്ടിറച്ചി കറിയുടെ മണം ഭാസ്കരന്റെ അയൽപക്കകാരി ബീവാത്തുവിന്റെ മൂക്കിലും എത്തി.... ഇവനെന്താ, ലോട്ടറി അടിച്ചോ?! അവർ വിചാരിച്ചു.
*** For business enquiries : viruthan.writes@gmail.com
*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ് സപ്പോർട്ട് "വിരുതൻ " പ്രതിലിപി ***
< END >