Aksharathalukal

ഭാഗം -3

പതിവുപോലെ മൂടൽ മഞ്ഞിന്റെ കുളിരുന്ന തണുപ്പിനെ മറികടക്കാൻ കരികിലകൾ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു ജോർജേട്ടൻ. തിണ്ണയുടെ പടിയിൽ മീനമ്മ കൊണ്ട് വച്ച കട്ടൻ കാപ്പി ഇടയ്ക്കു ഇടയ്ക്കു വന്നു കുടിച്ചിട്ട് തീയ്ക്കു ചുറ്റും ഒരു നടത്തം. ഈ നടത്തം കാപ്പി തീരുന്നതുവരെ ഉണ്ടാവും. പിന്നെ സ്ഥിരം ഉപദേശം,

   " മഞ്ഞത്തിരുന്നു കാപ്പികുടിച്ചു നോക്ക് അതൊരു പ്രേത്യേക സുഖാവാണ് മോളെ ...........   "

       ആ വാക്കുകൾ എന്തിലേക്കോ ഉള്ള ഓർമപ്പെടുത്തൽ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ താളുകളിൽ എഴുതി തീട്ടപ്പെടുത്തിയ അനുഭവങ്ങൾ ആയിരുന്നു...
അതിനെ അടുത്തറിഞ്ഞവർക്ക് മാത്രമേ അത് അനുഭവിക്കാനാവു എന്നതും ഒരു യഥാർഥ്യമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ജോർജേട്ടന്റെ മരണത്തോടെ ആയിരുന്നു.
അന്ന് അവസാനമായി ആ വാക്കുകൾ പറഞ്ഞിട്ട് പതിവിലും വ്യത്യസ്‌ഥമായി നടന്നിട്ട് വരാം എന്ന് പറഞ്ഞു പറമ്പിന്റെ കിഴക്കേ ചെരുവിലെ തൊണ്ടിലൂടെ താഴേക്കു ഒരു നടത്തം. പിന്നെ അറിഞ്ഞത് തേയില തോട്ടത്തിലേക്ക് പണിക്കുപോകുന്നവർ വഴിയിൽ വീണുകിടന്ന ജോർജേട്ടനെ വണ്ടിയിൽ കയറ്റി മാനന്തവാടി ഹോസ്പിറ്റലിൽ എത്തിച്ചു എന്നാണ്. വിവരം അറിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ജീവൻ പോയിരുന്നു.     അന്ന് ഞാൻ അടക്കിപിടിച്ച വേദനകൾ പലതും പുറത്തു വരും വിധം പൊട്ടി കരഞ്ഞു.

    " അത്രമേൽ സ്നേഹിച്ചവർ വേർപിരിഞ്ഞകലുമ്പോൾ നീറി പുകയുന്നെന് ഉള്ളം......... "
         
ഞാൻ പോലും അറിയാതെ എന്നിൽ കവിതകൾ പൊട്ടി കിളിർക്കുവാൻ തുടങ്ങി അതെല്ലാം ഞാൻ എഴുതിയത് മനസിലാണെന്നു മാത്രം..... ജോർജെട്ടന്റെ ഒരുനൂറു ഓർമ്മകൾ മഷി പോലെ മനസ്സിൽ പടർന്നുകൊണ്ടിരുന്നു.
         ഒരു വാസ സ്ഥലം മാത്രമായിരുന്നില്ല എനിക്കും മീനമ്മക്കും നഷ്ടമായത്തു ഒരു കാവലും വാത്സല്യവും അതിലുപരി ഒരു പിതാവിന്റെ സ്നേഹം കൂടെ ആയിരുന്നു.
         മക്കളുടെ വരവും കാത്തു പത്തു പന്ത്രണ്ടു ദിവസത്തോളം യന്ത്രങ്ങൾ ഉണ്ടാക്കിയ മഞ്ഞു കൊണ്ട് മോർച്ചറിയിൽ കിടന്നു . പക്ഷേ അന്നുവരെ കൊണ്ടിരുന്ന മഞ്ഞിന്റെ തണുപ്പ് ഒന്നും അതിനുണ്ടായിരുന്നില്ല. മക്കൾ വന്നതിലും തിടുക്കം ആയിരുന്നു മടങ്ങി പോകാൻ.അവർ രൂപം കൊണ്ട് അച്ഛന്റെ മക്കൾ എങ്കിലും ആ സ്നേഹവും മനസും ദൈവം ആർക്കും നൽകിയില്ല എന്നതാണ് മറ്റൊരു സത്യം.
സംസ്കാരം കഴിഞ്ഞു വീട്ടിൽ വന്നതും മൂത്ത മകൻ അഗസ്റ്റിൻ എന്നോട്  പറഞ്ഞത് ഇന്ന് തന്നെ ഇറങ്ങിക്കോണം എന്നാണ്.

"ഇത്രയും നാൾ അപ്പച്ചനെ പറ്റിച്ചത് പോരെ ചത്തു കഴിഞ്ഞിട്ടും ഇറങ്ങാൻ ഉദേശം ഇല്ലേ "
 
        കൂട്ടത്തിൽ അയാളുടെ ഭാര്യ സൂസന്റെ കുത്തു വാക്കുകൾ കൂടെ ആയപ്പോൾ ഇറങ്ങാൻ തീരുമാനിച്ചു. എവിടേക്ക് പോകണമെന്ന് ഒരു എത്തും പിടിയും ഇല്ല, ഒടുക്കം മീനമ്മയുടെ പരിചയത്തിലുള്ള ബാബു മെസ്റ്റീരിയുടെ ഒരു പണിപുരയുണ്ടെന്നു അറിവ് കിട്ടി. അവിടെ കുറെ വർഷങ്ങൾ ആയി പണി ഒന്നും നടക്കാതെ വാടകക്ക് കൊടുത്തേക്കുവാണെന്നു കേട്ടതു അപ്പോൾ തന്നെ മീനമ്മ അയാളെ ചെന്നുകണ്ടു എല്ലാം കാര്യങ്ങളും പറഞ്ഞു ക്രമീകരിച്ചു. 
      അങ്ങനെ പിറ്റേന്ന് ദിവസം തന്നെ ഞങ്ങൾ രണ്ടാളും ജോർജട്ടന്റെ ഓർമകൾ നിറഞ്ഞ ആ വീട്ടിൽ നിന്ന് പടിയിറങ്ങി. എന്റെ സംമ്പാദ്യങ്ങളുടെ കൂടെ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓർമ്മകളുടെ ഒരു ശേഖരം എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു... ഓരോ സാധനം ഇറക്കുമ്പോഴും ജോർജേട്ടൻ പിന്നിലേക്ക്‌  വിളിക്കുന്നത്‌ പോലെ, അവസാനം സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വണ്ടിയിൽ കയറ്റി ബാബു ചേട്ടന്റെ പണിപുരയിലേക്ക്....
ആത്മാർത്ഥമായി വർഷങ്ങളോളം പ്രണയിച്ചവരെ തമ്മിൽ വേർപിരിക്കുമ്പോലെ ആയിരുന്നു ആ വീട്ടിൽ നിന്നുള്ള ഞങ്ങളുടെ പടിയിറക്കം.......
നാട്ടിൽ പോകാൻ ഇറങ്ങുമ്പോൾ ചെറുപുഞ്ചിരിയോടെ വാതിൽ പടിയിൽ നിന്ന് ഇരുകൈകളും വീശികാണിക്കുന്ന ആൾ ഇന്നവിടെ ഇല്ല, എന്നിട്ടും അദ്ദേഹത്തിന്റെ ഒരു നിഴൽ കണിക എങ്കിലും അവിടെ ഉണ്ടാകും എന്ന പ്രേതീക്ഷ  ഇല്ലാഞ്ഞിട്ടുകൂടി ഞാൻ ആ വാതിൽ പടിക്കു നേരെ കണ്ണുകൾ തുറന്നുവച്ചിരുന്നു. എന്റെ കണ്ണുകൾക്ക് കാണാത്ത വിധത്തിൽ അതു മറയും വരെ ഞാൻ നോക്കി നിന്നു. അകന്നു പോകുമ്പോഴും അവിടേക്കു തിരിച്ചെത്തിക്കുന്ന ഒന്നും ഇന്ന് അവിടെ ഉണ്ടായിരുന്നില്ല, തികച്ചും ശൂന്യമായ സ്മശാനം പോലെ മൂകത മാത്രം........
  
                                                       
(തുടരും.... )