Aksharathalukal

യാത്ര

       ഓരോ യാത്രകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പ്രേത്യകിച്ചു ബസിലെ വിൻഡോ സീറ്റിൽ ഇരുന്നു നല്ല പാട്ടൊക്കെ കേട്ടു  മുഖത്തേക്ക് പാറി പറക്കുന്ന മുടിയിഴകളെല്ലാം ഒതുക്കി വെച്ചു.....
വല്ലാതൊരു അനുഭൂതിയാണത്....

 ഇന്നും ബസിലെ സ്പീക്കറിൽ 
നിന്നുയരുന്ന  സിനിമ ഗാനത്തിന് ചെവിയോർത്ത് പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ട് ഞാനിരുന്നു.വിൻഡോ സീറ്റിൽ നേരിട്ട് പതിച്ചിരുന്ന സൂര്യരശ്മികൾ എന്റെ ശരീരം പൊള്ളിച്ചിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പാട്ടിൽ മാത്രം ശ്രെദ്ധിച്ചു.

   ബസിനെക്കാൾ വേഗത്തിൽ പിന്നിലേക്കോടുന്ന മരങ്ങളും, വീടുകളും, വലിയ വലിയ ബിൽഡിംഗുകളും 
നടന്നു നീങ്ങുന്ന ആൾക്കാരും 
തെരുവോര  കച്ചവടക്കാരും പതിവു കാഴ്ച്ചകളാണെങ്കിലും എനിക്കു എന്നും അത് പുതുമ തന്നെയാണ്.

 സിഗ്നൽ എത്തിയപ്പോൾ ബസ് നിന്നു..ഞാൻ തലയൊന്നു ഉയർത്തി ചുറ്റുമൊന്നു നോക്കിയപ്പോഴാണ് 
 റോഡരികിൽ  നാടോടി സ്ത്രീയും  അവരുടെ ഒക്കത്തു കുഞ്ഞും എന്റെ കണ്ണിൽ പെട്ടത്.മറ്റു രണ്ടു കുട്ടികൾ റോഡിന്റെ അരികിൽ ഇരുന്നു കളിക്കുന്നുണ്ട്.ആ കുട്ടികളുടെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരാൾ സിഗ്നനിൽ നിർത്തി ഇട്ടിരിക്കുന്ന കാറിന്റെയും മറ്റും ഗ്ലാസ്സ് വ്യർത്തിയാക്കുന്നുണ്ട്.

   ഇളം പച്ച നിറത്തിലുള്ള സാരിയും അതിനൊട്ടും മാച്ച് ചെയ്യാത്ത ബ്ലൗസും കൈ നിറയെ കുപ്പിവളകളും കാൽ വിരലിൽ നിറയെ മിഞ്ചിയുമണിഞ്ഞ് കാറ്റിൽ പാറുന്ന ചെമ്പൻ മുടിയുമായി വെളുത്തു മെലിഞ്ഞ ഒരു പെണ്ണ്.
അവൾക്ക് എന്റെ പ്രായം കാണുമായിരിക്കും.
ആ അമ്മ തിരക്കുകളോ, ചുറ്റുമുള്ള ആൾക്കാരെയോ 
 ഒന്നും നോക്കാതെ ഒക്കത്തു ഇരിക്കുന്ന കുഞ്ഞിനെ കളിപ്പിക്കുകയാണ്. കൈകളിൽ കുഞ്ഞിനെ പൊക്കി മേല്പോട്ട്   ഉയർത്തുന്നു. അമ്മയുടെ കൈ ചൂട്  ഒരു നിമിഷം അകന്നപ്പോൾ അവനൊന്നു ഭയന്നെങ്കിലും 
അമ്മയുടെ കൈകളെ അവനു മറ്റെന്തിനെക്കാളും വിശ്വാസമാണെന്ന് അവനെ കാണുബോൾ തന്നെയറിയാം..
അവന്റെ കുഞ്ഞു വയറിൽ  അവന്റെ അമ്മ മുഖം കൊണ്ടു ഉരസിയപ്പോൾ ഉണ്ടായ ചിരിക്ക് വല്ലാതൊരു ചന്തം തന്നെയായിരുന്നു.

   സിഗ്നൽ കഴിഞ്ഞു വണ്ടികൾ നിര നിരയായി ഇരമ്പികൊണ്ടു കുതിക്കാൻ തുടങ്ങി. ആ അമ്മ കയ്യിൽ എടുത്തിരുന്ന കുഞ്ഞിനെ നിലത്തു വിരിച്ച പഴയ ഒരു തുണിയിൽ കിടത്തി.മറ്റു രണ്ടു കുട്ടികളുടെ അടുത്തേക്ക് പോയപ്പോഴാണ് ഞാനൊരു സത്യം തിരിച്ചു അറിഞ്ഞത്..അവനു നടക്കാൻ കഴിയില്ലെന്നത് ഒരു വേദനയായി നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.

     ഭിന്നശേഷി കുട്ടികൾ ദൈവത്തിന്റെ വരദാനമാണെന്ന് ആരൊക്കയോ പറയുന്നത് കേട്ടിട്ടുണ്ട്.
ഇത്തരം വരദാനങ്ങൾ അത്യാവശ്യം സാമ്പത്തിക ഭദ്രത ഉള്ളവർക്കും
നോക്കാൻ ആരോഗ്യവും ഇഷ്ടവും ഉള്ളവർക്ക്  കൊടുക്കുക.എല്ലാത്തിനും ഉപരി മനസ്സിൽ നന്മ കൂടി കൊള്ളുന്നവർക്കു.കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ പ്രാർഥന തെറ്റാണെന്ന് നൂറു ശതമാനം എനിക്കും അറിയാം.
ദൈവത്തിന്റെ സൃഷ്ടിയിലെ ചെറിയൊരു പിഴവ് ആണെങ്കിൽ പോലും എന്തു മാതാ പിതാക്കളും തന്റെ മക്കൾ മറ്റുള്ളവരെ പോലെ  അല്ലല്ലോന്ന് ഓർത്തു കൊണ്ടവാം ഓരോ നിമിഷവും വേദനിക്കുക
ആ വേദന മരണം വരെ കൂടെ ഉണ്ടാവുകയും ചെയ്യും.
അംഗ വൈകല്യങ്ങൾ ഇല്ലാതെ നമ്മൾ ജനിച്ചു ജീവിക്കുന്നത് നമ്മുടെ മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജനനം അവരുടെ തെറ്റും അല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കുക.
കഴിയുന്ന സഹായങ്ങൾ ചെയുക..
ഇനി മുൻപോട്ടു ഉള്ള അതി വിശാലമായ ലോകത്തേക്ക് ചുവടു വെക്കുബോൾ അമ്മയുടെ ഉറച്ച കാൽ പാദങ്ങളും ശക്തമായ കൈകളും അവനു കൂടെ കാണും.
അല്ലെങ്കിലും ആ അമ്മ കൂടെ ഉള്ളപ്പോൾ അവൻ എന്തിനു ഭയപ്പെടണം..
 അവനും അവന്റെ അമ്മയും കണ്ണിൽ നിന്നും മറയും വരെ ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
   യാത്രകൾ
പലർക്കും പലതാണു..
ചിലർക്ക് അതൊരു തേടലാണ്.
ചിലർക്ക് അത് കാഴ്ച്ചകളാണ്.
ചിലർക്ക് കണ്ടെത്തലുകളാണ്... ചിലർക്ക് ഒളിച്ചോട്ടമാണ്..
എന്നാൽ എനിക്കു ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്..