Aksharathalukal

ഭാഗം 13കവിതയുടെ ബാലപാഠങ്ങൾ ഭാഗം 13 കവിതയിലെ വൃത്തം ----------------------- ഇന്ന് കവിതയെഴുതുന്നവർ ഒരു വിവാദവിഷയമായി വൃത്തശാസ്ത്രത്തെ മാറ്റിയിരിക്കുകയാണ്. കവികൾ നാലു വിധത്തിലാണ് വൃത്തങ്ങളോട് പ്രതികരിക്കുന്നത്. 1. കവിതയ്ക്ക് വൃത്തം നിർബന്ധമാണെന്നു പറയുന്നവർ. 2. വൃത്തം ആവശ്യമില്ല എന്ന് ശക്തിയുക്തം വാദിക്കുമ്പോഴും വൃത്തം കലർന്ന കവിതകളെഴുതുന്നവർ. 3. വൃത്തം എന്താണെന്നറിയാതെ താളബദ്ധമായി കവിതയെഴുതുന്നവർ. 4. ഗദ്യം എഴുതുന്നതിലും മോശമായി കവിതയെന്ന പേരിൽ എന്തോ കുറിച്ചു വെക്കുന്നവർ. കവിതയിൽ വൃത്തം വേണമോ, വ

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 13

കവിതയിലെ വൃത്തം
-----------------------

ഇന്ന് കവിതയെഴുതുന്നവർ ഒരു വിവാദവിഷയമായി വൃത്തശാസ്ത്രത്തെ മാറ്റിയിരിക്കുകയാണ്. കവികൾ നാലു വിധത്തിലാണ് വൃത്തങ്ങളോട് പ്രതികരിക്കുന്നത്.
1. കവിതയ്ക്ക് വൃത്തം നിർബന്ധമാണെന്നു പറയുന്നവർ.
2. വൃത്തം ആവശ്യമില്ല എന്ന് ശക്തിയുക്തം വാദിക്കുമ്പോഴും വൃത്തം കലർന്ന കവിതകളെഴുതുന്നവർ.
3. വൃത്തം എന്താണെന്നറിയാതെ താളബദ്ധമായി കവിതയെഴുതുന്നവർ.
4. ഗദ്യം എഴുതുന്നതിലും മോശമായി കവിതയെന്ന പേരിൽ എന്തോ കുറിച്ചു വെക്കുന്നവർ.

കവിതയിൽ വൃത്തം വേണമോ, വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ്,
വൃത്തശാസ്ത്രത്തിന്റെ വികാസപരിണാമ ഘട്ടങ്ങളിലൂടെ നമുക്കൊരു യാത്ര നടത്താം.

ആദ്യകാലത്ത് മനുഷ്യശബ്ദവും പ്രകൃതിശബ്ദത്തിന്‍റെ ഭാഗംതന്നെയായിരുന്നു. അവൻ \\ അവൾ അദ്ധ്വാനിക്കാൻ തുടങ്ങിയപ്പോൾ പുതിയ ശബ്ദം പുറപ്പടുവിക്കാൻ തുടങ്ങി.              

അദ്ധ്വാനത്തെ ലഘൂകരിക്കാൻ വേണ്ടി താളത്തിൽ മൂളിപ്പോയ ശീലുകളാണ് മനുഷ്യന്റെ ആദ്യകാലകവിതകള്‍. പദാർത്ഥരഹിതമായ കവിത എന്നു പറയാം. പിന്നീട് അർത്ഥസംയുക്തമായ അക്ഷരത്തിലേക്ക് ഭാഷ പുരോഗമിച്ചപ്പോഴും അവയുടെ താളം നിലനിന്നിരുന്നു. രസിക്കാനും രസിപ്പിക്കാനുംവേണ്ടി പാടിയ പാട്ടുകളിൽ മാത്രമല്ല പരസ്പരമുള്ള ആശയ സംവേദനത്തിനുപാധിയായ സംസാരഭാഷയിൽപ്പോലും ഈ താളം നിലനിന്നു. ഈ വസ്തുത സംസ്കൃതാലങ്കാരികന്മാർ സൂചിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതും അത് ലോകത്തെ അറിയിച്ചതും ജർമ്മൻ ദാർശനികനായ നീഷേയാണ്.                    

   വിദ്യാഭ്യാസം ലഭിക്കാത്ത ഗ്രാമീണരുടെ സംസാരഭാഷ അലങ്കൃതവും താളബദ്ധവുമായിരുന്നു. അതിൽ അലങ്കാരങ്ങളും ഛന്ദസ്സുമുണ്ട്. ‘ഉണ്ണീ വരൂ, മാമ്മം ഉണ്ണൂ’ എന്ന് അമ്മ പറയുന്നത് അനുഷ്ടുപ്പ്‌ ഛന്ദസ്സിലാണ്. അനുഷ്ടുപ്പ്‌ വൃത്തിന്‍റെ താളം പോലും ഈ വാക്യത്തിലുണ്ട്. കാലക്രമേണ സാധാരണ സംസാര ഭാഷ താളബദ്ധതയിൽനിന്നും പ്രത്യക്ഷത്തിൽ മുക്തി നേടി. ആസ്വാദനത്തിനും ആരാധനയ്ക്കും മാത്രമല്ല ഓർമ്മയിൽ സൂക്ഷിക്കുന്നതിനുകൂടി പ്രയോജനപ്രദമാകേണ്ട ഭാഷാനിർമ്മിതികൾ ഛന്ദോബദ്ധമായി തുടർന്നു.   
                                                      ചെറുശ്ശേരിയും നിരണംകവികളും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും മറ്റും കാവ്യങ്ങളിൽ ഉപയോഗിച്ചത് നമ്മുടെ നാട്ടുഭാഷയിലെ താളങ്ങളാണ്.          

 ‘നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ’ എന്നു തുടങ്ങുന്ന വരികളുടെ, അല്ലെങ്കില്‍ ‘കാടെവിടെ മക്കളേ’ എന്നു തുടങ്ങുന്ന വരികളുടെ വൃത്തം നിർണ്ണയിക്കാൻ വൃത്തമഞ്ജരിയുടെ സഹായത്തോടെ സാധ്യമല്ലതന്നെ. അവയൊക്കെ വൃത്തനിബന്ധന ഇല്ലാതെ എഴുതപ്പെട്ടവയല്ല. നാം കാലാകാലങ്ങളായി ചൊല്ലിക്കേട്ടുവരുന്ന ശീലുകൾക്കോരോന്നിനും നിയതമായ വൃത്തതാളമുണ്ട് എന്നതാണ്‌ വാസ്തവം. അതാവട്ടെ വൃത്തമഞ്ജരിയിലൂടെ നമ്മൾ പരിചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പ്രശസ്ത വൃത്തത്തിന്റെ താളക്രമം പാലിക്കുന്നതുമാണ്. പക്ഷേ അക്ഷരങ്ങളുടെ എണ്ണത്തിൽ ഇവയ്ക്കു തമ്മിൽ വ്യത്യാസമുണ്ടാവാമെന്നു മാത്രം. 
ഉദാഹരണത്തിന് ‘ഭടജനങ്ങടെ നടുവിലുള്ളൊരു....’ എന്നു തുടങ്ങുന്ന നമ്പ്യാരുടെ വരികൾ മാത്രാനിബന്ധന വെച്ചു നോക്കിയാൽ മല്ലികാവൃത്തമാണെന്ന്‌ പറയാം.
കടമ്മനിട്ടയുടെ കുറത്തിയും ഈ ശീലിൽ ചൊല്ലാവുന്നതാണ്. അതുകൊണ്ടുതന്നെ കുറത്തിയും ‘മല്ലികത്താളം’ എന്ന വൃത്തത്തിലാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം. നാടൻപാട്ടുകളുടെ വിപുലമായ ഒരു സഞ്ചയമുണ്ട് നമുക്ക്. പുതിയ ജീവിതക്രമം പുതിയ താളങ്ങളും അവയ്ക്കനുയോജ്യമായ പുതിയ ശീലുകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പഴയതും പുതിയതുമായ ശീലുകളിൽ അനേകം കവിതകൾ രചിക്കപ്പെടുന്നുമുണ്ട്. ഇവയൊക്കെ അക്ഷര, മാത്രാ സംഖ്യകളുടെയും, അവയുടെ സന്നിവേശത്തിന്റെയും ചൊല്ലലിന്റെ രീതിയേയും അടിസ്ഥാനമാക്കി വിവിധ വൃത്തങ്ങളായി വർഗ്ഗീകരിക്കുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അതൊരു തുടർ പ്രക്രിയയാണ്.    

നല്ലൊരു കവിതയിൽ രചയിതാവ് അറിഞ്ഞോ, അറിയാതെയോ. ഒരു താളക്രമം രൂപപ്പെട്ടിരിക്കും.                    
                                                                           
 ഛന്ദശ്ശാസ്ത്രത്തെ ലക്ഷ്യ ലക്ഷണസഹിതം ശാസ്ത്രീയമായി അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ആദ്യത്തെ ഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണ്. ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും കാൾ പഴക്കം നാട്യശാസ്ത്രത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. നാട്യശാസ്ത്രത്തിനും എത്രയോ കാലംകഴിഞ്ഞ് ഉണ്ടായിട്ടുള്ള കേദാരഭട്ടന്‍റെ വൃത്തരത്നാകരം അടക്കമുള്ള വൃത്തശാസ്ത്രഗ്രന്ഥങ്ങൾ വൃത്തനിർണ്ണയത്തിനായി നാട്യശാസ്ത്രത്തെത്തന്നെയാണ് ഉപജവിക്കുന്നത്. 

വൃത്താലങ്കാരങ്ങൾ ഉരിഞ്ഞെറിയുന്ന പ്രവണതയാണല്ലോ പുതിയ കാലത്ത് കവിതകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തിൽ വൃത്തശാസ്ത്രത്തെപ്പറ്റി ചർച്ചചെയ്യുന്നത് തികച്ചും വ്യർത്ഥമായി തോന്നാം. മലയാളകവിതയുടെ ഹൃദയം സ്പന്ദിക്കുന്നത് വൃത്തതാളങ്ങളിലായതിനാൽ ആസ്വാദനം പൂർണ്ണമാകണമെങ്കിൽ വായനക്കാരനും അല്‍പം വൃത്തബോധം കൂടിയേ തീരൂ. 

 പുതുകവിതകൾ വൃത്തത്തെ പൊട്ടിച്ചെറിയുമ്പോഴും ശ്ലഥവൃത്തങ്ങളുടെയോ പദസംഘാതങ്ങളുടെയോ ചൊല്ലുവഴികളുടെയോ താളം നിലനിർത്തുന്നുണ്ട്. ഇതര സാഹിത്യ രൂപങ്ങളിൽന്നും കവിതയെ വ്യതിരിക്തമാക്കുന്നതും അതുതന്നെ. വൃത്താലങ്കാര നിബന്ധമായ കവിതകൾ തുടർന്നും ഉണ്ടായി ക്കൊണ്ടിരിക്കുകതെന്ന ചെയ്യും.  

സൂക്ഷ്മനിരീക്ഷകനായിരുന്ന ശ്രീ വക്കം അബ്ദുല്‍ഖാദർ തന്‍റെ തൂലികാ ചിത്രത്തിൽ ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞത് പ്രത്യേകം പ്രസ്താവ്യമാണ്. “ചങ്ങമ്പുഴ പാടുമ്പോൾ നമ്മുടെ മഹാകവികൾ ഉൾപ്പെടെയുള്ള കേരളത്തിലെ കണക്കറ്റ കവികളിൽ ഭൂരിഭാഗവും തങ്ങൾ പാടുകയല്ല പറയുകയാണ് ചെയ്തിട്ടുള്ളതെന്നു വിചാരിച്ച് തങ്ങളുടെ ഭാഗ്യഹീനതയിൽ സങ്കടപ്പെടുന്നു...’’ വൃത്തനിബദ്ധതയ്ക്കുപോലും കവിതയിൽ താളം സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മനസ്സിൽ സംഗീതമുള്ള കവിക്കുമാത്രമേ കവിതയിൽ സംഗീതത്തിന്‍റെ മധുരം നിറയ്ക്കാൻ കഴിയുകയുള്ളൂ. 

വൃത്തനിബദ്ധമായ കവിതകളോടൊപ്പം വളരെ മുമ്പുതന്നെ ഗദ്യകവിതകളും മലയാളത്തിൽ പ്രചാരത്തലുണ്ടായിരുന്നുവെങ്കിലും അവ ഗദ്യകവിത എന്ന പേരിൽത്തന്നെയാണ് നിലനിന്നിരുന്നത്. ആധുനികസാഹിത്യത്തിലെ വിശ്വകവിതകൾ വിവർത്തനം ചെയ്യാൻ തുടങ്ങിയപ്പോൾ വൃത്തം ഭേദിച്ചുകൊണ്ട് ആശയങ്ങൾ ഉൾക്കൊള്ളുവാൻ പര്യപ്തമായ ഒരു പുതിയ കാവ്യഭാഷ രൂപംപ്രാപിച്ചുവന്നു. പുതുകവിതയെ വൃത്തഭംഗത്തിലേക്ക് നയിച്ച ഒരു പ്രധാന കാരണം ഇതാണ്‌. മലയാളത്തിൽനിന്നു തികച്ചും വ്യത്യസ്തമായ താളക്രമം അനുസരിക്കുന്ന മറ്റു ഭാഷാകാവ്യങ്ങൾ ഭാവപൂർണ്ണതയോടെ ആവിഷ്കരിക്കുന്നതിന് പരമ്പരാഗത ഛന്ദസ്സുകൾ ഒരു ബാദ്ധ്യതയാണ്. ഈ പരിമിതിയെ അതിജീവിക്കാൻ അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും മറ്റും സൃഷ്ടിച്ചെടുത്ത കാവ്യഭാഷ മലയാളത്തിന്റെ പുതിയ കാവ്യഭാഷയായി മാറുകയാണുണ്ടായത്. ഇത് കവിതയിൽ ഒരു കലാപംതന്നെ സൃഷ്ടിക്കുകയും വൃത്തത്തിൽ എഴുതാന്‍ കഴിവില്ലാത്ത നിരവധിയാളുകൾ കവിതയുമായി അരങ്ങേറ്റംചെയ്യുകയും ചെയ്തു. ഇത് കവിതയ്ക്കു ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. 

തനതായ വൃത്താലങ്കാരങ്ങൾ ഏതൊരു കാവ്യഭാഷയുടെയും സാംസ്കാരിക സമ്പത്താണ്. ആഗോളവല്‍ക്കരണകാലത്ത് വിപണിനിയന്ത്രിത സാമൂഹികവ്യവസ്ഥ സൃഷ്ടിക്കപ്പെടുമ്പോൾ പ്രാദേശികസംസ്കാരങ്ങളുടെ ബഹുസ്വരതകളെ ഉന്മൂലനം ചെയ്യേണ്ടത് നിക്ഷിപ്തതാത്പര്യത്തിന്‍റെ ഭാഗമാണ്. കവിതയിലെ വൃത്തലങ്കാരങ്ങൾ ഉൾപ്പെടെയുള്ള തനതുമൂല്യങ്ങളെ നിഷേധിക്കലും ഇതിന്റെ ഭാഗമാണെന്നുവേണം പറയാൻ. ഈ അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് വൃത്തപഠനം ആരംഭിക്കാം.

നിശ്ചിത മാത്രകളിൽ ആവർത്തിച്ചുവരുന്ന താളനിബന്ധമായ ശബ്ദമാണ് വൃത്തമായി രൂപംപ്രാപിക്കുന്നത്. പ്രത്യേക സന്ദർഭങ്ങളിൽ പക്ഷികളും മൃഗങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ താളനിബദ്ധവും മാത്രാബന്ധിതവുമായിരിക്കും. ഉദാഹരണമായി എല്ലാ കോഴികളും കൂവുന്നത് ലിപികളിൽ അടയാളം പ്പെടുത്തിയാൽ ‘കൊക്കരക്കോ’ എന്നാണല്ലോ. ഇതിനെ ഗണംതരിച്ചു പരിശോധിച്ചാൽ ഒരു ‘ര’ഗണവും ഗുരുവും കിട്ടും. നാലക്ഷരംമുള്ള പ്രതിഷ്ഠ ഛന്ദസ്സിൽ വരുന്ന ഈ വൃത്തത്തിന് ‘രംഗ,രാഗീ’ എന്നു ലക്ഷണം എഴുതാം. 

എന്ന സാധാരണ സംഭാഷണം വരിമുറിച്ചെഴുതിയാൽ ഇതേ വൃത്തത്തിലുള്ള പദ്യമാകുന്നതു കാണാം. അദ്ധ്വാനത്തിന്‍റെ വ്യത്യസ്തമേഖലകളിൽ വ്യാപൃതനാകുന്ന മനുഷ്യൻ പുറപ്പെടുവിക്കുന്നവാക്കുകളും വായ്ത്താരികളും താളാത്മകമാണ്. വിശ്രമവേളകളിൽ ഇതേ താളങ്ങൾ സർഗ്ഗാത്മകമായി പുനസൃഷ്ടിക്കപ്പെട്ടതാണ് നാടൻ പാട്ടുകൾ. സംസ്കൃതമടക്കമുള്ള എല്ലാ വൃത്തങ്ങളും ഇത്തരം നാടൻ പാട്ടുകളിനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ്.
പാഠഭേദം കൂടാതെ തലമുറകളിലേക്ക് അറിവു പകർന്നുനൽകുവാൻ വാമൊഴിമാത്രം ഉപാധിയായിരുന്നതുകൊണ്ടാവാം പ്രാചീനമനുഷ്യരുടെ സംഭാഷണങ്ങൾപോലും ഛന്ദോബന്ധമായിത്തീർന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിൽനിന്നുണ്ടാകുന്ന താളബോധത്തിൽനിന്നാണ് ഈ ഛന്ദസ്സുകൾ ഉരുവമായിട്ടുള്ളത്. 

 ഛന്ദസ്സും വൃത്തവും: 

കവിതയിൽ ഈണങ്ങൾ വാർന്നുവീഴുന്നത് കവിമനസ്സിന്‍റെ താളബോധത്തിൽനിന്നാണല്ലൊ. ഹൃദയതാളത്തിന്‍റെ തികച്ചും അബോധമായ ഒരു സർഗ്ഗപ്രക്രിയയിലൂടെയാണ് കവിത ഛന്ദോബദ്ധമായിത്തീരുന്നത്. നാടൻ പാട്ടുകളിലൂടെയും വാമൊഴികളിലൂടെയും പിറന്നുവീണ താളങ്ങൾ കവിതകളിലൂടെ വൃത്തങ്ങളായി രൂപപ്പെട്ടതിനുശേഷമാണ് അവയ്ക്ക് ലക്ഷണശാസ്ത്രങ്ങൾ ഉണ്ടായിട്ടുള്ളത്. പ്രതിഭാശാലികളായ കവികൾ ഹൃദയതാളത്തിന്‍റെ ചുവടുപിടിച്ച് വൃത്തബന്ധമായ കവിതകൾ സാക്ഷാത്ക്കരിച്ചു കഴിഞ്ഞതിനുശേഷമാണ് ലക്ഷണശാസ്ത്രവിശാരദന്മാർ അവയുടെ വൃത്തലക്ഷണങ്ങൾ നിർണ്ണയിക്കുകയും നാമകരണം ചെയ്യുകയും ചെയ്തിട്ടുള്ളത്.     

 നാട്യശാസ്ത്രം, വൃത്തരത്നാകരം, വൃത്തമഞ്ജരി തുടങ്ങിയ വൃത്തശാസ്ത്ര ഗ്രന്ഥങ്ങളിൽ ഛന്ദസ്സ്, വൃത്തം എന്നീ രണ്ടു സാങ്കേതിക സംജ്ഞകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇവരണ്ടും പലപ്പോഴും പര്യായപദങ്ങളെപ്പോലെ ഉപയോഗിച്ചുകാണാറുണ്ട്. എന്നാൽ ഭരതമുനിമുതൽ കേരളപാണിനിവരെയുള്ള പൂർവ്വസൂരികൾ വ്യക്തമായിത്തന്നെ ഇവയെ നിർവ്വചിച്ചിരിച്ചിട്ടുണ്ട്. പദ്യത്തിന്റെ ഒരു പാദത്തിൽ ഉൾക്കൊള്ളുന്ന അക്ഷരങ്ങളുടെ എണ്ണമാണ് ഛന്ദസ്സ് എന്ന സംജ്ഞകൊണ്ടു സൂചിപ്പിക്കുന്നത്. ഒന്നുമുതൽ ഇരുപത്തിയാറ് അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന പാദങ്ങളെയാണ് ഛന്ദസ്സായി പരിഗണിക്കുന്നത്. അതിനുമുകളിൽ വരുന്നവ ദണ്ഡകങ്ങളാണ്. 

(വൃത്തവിചാരം തുടരും...)

ഭാഗം 14

ഭാഗം 14

0
485

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 14ഭാഗം 14 ഗണങ്ങൾ --------------------പദ്യത്തിന്റെ ഒരു വരിയാണ് പാദം. ഓരോ പാദത്തിലുംവേണ്ട അക്ഷര നിബന്ധനയ്ക്ക് ഛന്ദസ്സ് എന്നു പറയും. ഒരു പാദത്തിൽ ഒന്നുമുതൽ ഇരുപത്തിയാറ് അക്ഷരങ്ങൾ വരെയാകാം. ഒരു പാദത്തിൽ ഇരുപത്തിയാറിലധികം അക്ഷരങ്ങൾ വരുന്നതിന് ദണ്ഡകം എന്നു പറയും. വൃത്തം നിർണ്ണയിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി അക്ഷരങ്ങളെ ഗണങ്ങളായി തിരിക്കും. മാത്ര വൃത്തങ്ങളിൽ ഗണങ്ങളിലെ മാത്രകളുടെ എണ്ണമനുസരിച്ച് അക്ഷരങ്ങളുടെ എണ്ണത്തിന് വ്യത്യാസം വരും.വർണ്ണവൃത്തങ്ങളിൽ ഒരു ഗണത്തിൽ മൂന്ന് അക്ഷരങ്ങൾ എന്നതാണ്വ്യവസ്ഥ. മൂന്ന് അക്ഷരങ്ങളുള്ള ഗണത്തിലെ ലഘു ഗ