Aksharathalukal

പ്രേമസംഗീതം ഭാഗം 5

പ്രേമം സംഗീത ഭാഗം 5

പ്രപഞ്ചത്തെ ഒരു കൊച്ചു വീടായി കരുതാം. ആ വീട്ടിലെ അംഗങ്ങളാണ് സർവചരാചരങ്ങളും. ആ വീടിന്റെ നാഥനാണ് പ്രേമസ്വരൂപനായ ജഗദീശ്വരൻ! ഈ സന്ദേശമുൾക്കൊള്ളുന്ന, \'പ്രേമസംഗീതം\' എന്ന ഉള്ളൂർക്കവിതയുടെ വരികളിലൂടെ കടന്നു പോകാം:

\"പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം.\"

പദാർത്ഥങ്ങളുടെ ആന്തരിക ഗുണമാണ് ആകർഷിക്കുക എന്നത്. അതുപോലെ ജീവജാലങ്ങൾ പരസ്പര പ്രേമത്തിൽ മുഴുകിയിരിക്കുന്നു.

\"നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.\"

ഉയർച്ച വേണമെങ്കിൽ എളിമയുണ്ടാവണം. നട്ടാലേ തിന്നാനുള്ള വിളവുണ്ടാകു. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ജീവിതം സ്വർഗതുല്യമോ, നരകതുല്യമോ ആക്കുന്നത്.

\"മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ\"

മനസ്സും കണ്ണും നാക്കും കൈയും മറ്റുള്ളവരുടെ പ്രയാസങ്ങൾ ഇല്ലാതാക്കാൻ; അനുകമ്പ നിറച്ച് പ്രവർത്തന നിരതമാക്കുന്നവർ ദേവതുല്യരാണ്.

\"പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.\"

കല്ലിലും സസ്യങ്ങളിലും പക്ഷിമൃഗാദികളിലും പലപല രൂപങ്ങളിൽ, പലപല ഭാവങ്ങളിൽ, പരമോത്സവദാത്രിയായ പ്രകൃതി പരിലസിക്കുന്നു. മനുഷ്യനിലും മറ്റു തിര്യക്കുകളിലും സൂക്ഷമമായി പരിശോധിക്കുമ്പോൾ പരംപൊരുളായ അങ്ങ് ആത്മാവായി കുടികൊള്ളുന്നതു കാണാം.

\"ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം\"

ലോകമെന്ന വിദ്യാലയത്തിലെ ഗുരു (ഓതിക്കോൻ) വായ ജഗദീശ്വരൻ പരോപകാരോപനിഷത്ത് ഉപദേശിക്കുന്നത് നമുക്ക് കേൾക്കാം.

\"ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?\"

നമ്മളും ഇതര ജീവികളും ഒരേ അമ്മയുടെ മക്കളാണ്. ഒരേ അമ്മയുടെ സ്നഹദുഗ്ധം നുകർന്നാണ് നമ്മൾ വളരുന്നത്. ലോകമാകുന്ന വസ്ത്രത്തിലെ ഊടും പാവുമാണ് നമ്മുടെ സ്നേഹബന്ധം. അടുത്തു നില്ക്കുന്ന സഹോദരനെ കാണാൻ കഴിയാത്തവർക്ക് അരൂപനായ ഈശ്വരനെ കാണാൻ കഴിയാതായാൽ അദ്ഭുതപ്പെടേണ്ടതില്ല.

\"അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളിലവർ-
ക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം.\"

ഈ പ്രപഞ്ചത്തിന് ആധാരമായ, അഖണ്ഡമായ, രണ്ടാമതൊന്നില്ലാത്ത, ചിന്തകൾക്കതീതമായ അനാദിമധ്യാന്തമായ ആ ശക്തി; ഉന്നതരിലും ചെറിയവരിലും സർവചരാചരങ്ങളിലും തിളങ്ങുന്നു.
അത് സർവരിലും മന:സാക്ഷിയുടെ വെളിച്ചമായി ശോഭിക്കുന്നു.

\"നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തകഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;\"

എനിക്ക് ജീവൻ തന്ന് പരിപാലിക്കുന്ന അങ്ങ് നടേശനാണ്. അങ്ങയുടെ മനുഷ്യനെന്ന നർത്തകഗണത്തിലെ ഒരംഗം മാത്രമാണു ഞാൻ. അങ്ങെനിക്കു തരുന്ന വേഷം, ഞാൻ ജീവിത വേദിയിൽ അഭിനയിക്കുന്നെന്നുമാത്രം.

\"വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.\"

എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ ആടുകയാണ് അങ്ങയുടെ ദാസനായ എനിക്ക് ചെയ്യാനുള്ളത്. അരങ്ങു തകർത്താടുന്ന രാജാവിന്റെ അനുചരനായി രംഗത്തിനു കൊഴുപ്പേകുകയാണ് ഞാൻ. എന്റെ ഉടയാടകളല്ല, നടനമാണ് പ്രധാനം!

\"അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,\"

എന്റെ മനസ്സിലിരുന്ന് ശരിതെറ്റുകൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നവനാണ് പ്രേമസ്വരൂപനായ അങ്ങ് എന്നു ധരിക്കാത്തവനാണ് ഞാൻ. അങ്ങ് കൺതുറന്നൊന്നു നോക്കുമ്പോൾ, അരങ്ങും അണിയറയും പുകഴ്ത്തുമാറ് ഞാനാടിത്തകർക്കാം എന്നു ചിന്തിക്കുന്നവനാണു ഞാൻ!

\"പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !\"

പരമാത്മാവും ഭക്തിയിലൂടെ എത്തിച്ചേരാവുന്നവനുമായ അങ്ങയെ കാണണമെങ്കിൽ, ചരാചരസ്നേഹം എന്ന മഷിയെഴുതിയ കണ്ണു വേണം. മറ്റുള്ളവന്റെ സുഖം എനിക്കു സുഖവും മറ്റുള്ളവന്റെ ദു:ഖം എന്റെ ദു:ഖവുമാണ്.
വാസ്തവത്തിൽ മറ്റുള്ളവരും ഞാനും അങ്ങും ഒന്നുതന്നെയാണ്. എന്റെ ശരീരവും ജീവനും മറ്റുള്ളവർക്ക് സദാ നന്മ ചെയ്യുന്നതിനുവേണ്ടിയാക്കുക. പരമാത്മാവായ പ്രേമസ്വരൂപനായ അങ്ങേക്ക് നമസ്കാരം!

അങ്ങനെ അദ്വൈതം എന്ന ദാർശനികഭാവത്തിസേക്ക് നമ്മെയുയർത്തുന്ന പ്രേമസംഗീത. സനാതന ദാർശനികപ്പൊരുൾ തന്നെയാണ്. അത് എഴുതിയ മഹാകവിക്ക് പ്രണാമം!