Aksharathalukal

അന്നൊരു അവധിക്കാലത്ത്


( കഥ)

വേനൽക്കാല അവധി തുടങ്ങി. മഴയെല്ലാം മാറി ആകാശം തീ പന്തം പോലെ വെന്തുരുകി! 
ചെടികളെല്ലാം കരിഞ്ഞുണങ്ങി. ജലാശയങ്ങൾ വറ്റി വരണ്ടു.
കുടിവെള്ളത്തിനായി പായുന്ന പക്ഷി മൃഗാതികൾ.
വേനൽക്കാലം പഴങ്ങളുടെയും കാലമായിരുന്നു.

സ്കൂൾ അടച്ചതിനാൽ കുട്ടികൾക്ക് അതിയായ സന്തോഷമുണ്ട്.
കാരണം ഹോം വർക്കുകൾ ചെയ്യണ്ട, ഇംഗ്ലീഷ് പഠിക്കണ്ട, വെളുപ്പിനെ ഉണരണ്ട, മതിയാവോളം കിടന്നുറങ്ങാം.

സന്തോഷത്തോടെ തുള്ളിച്ചാടി!
മകര കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പന്തുതട്ടിയും പട്ടം പറത്തിയും ക്രിക്കറ്റ് കളിച്ചും വേനലവധി ആഘോഷിച്ചു.

കുളങ്ങളെല്ലാം വറ്റിയതിനാൽ വെള്ളത്തിൽ മറിച്ചിലും നീന്തലും കുറവായിരുന്നു.
 
ചിലനേരം പറമ്പിലും തൊടികളിലുമായി കുട്ടിക്കുരങ്ങിനെ പോലെ മരങ്ങളിൽ ചാടി കേറിയും കായ്കൾ പറിച്ച് തിന്നും മാവിൽ കല്ലെറിഞ്ഞും പലതരം കളികൾ കളിച്ചും നടക്കും.
 

അന്നൊരു അവധി ദിവസം ഉച്ചകഴിഞ്ഞനേരം കൂട്ടുകാരൻ പറഞ്ഞു
“എടാ ദാമു ഈ പാടത്തിന്റെ അക്കരെ ഒരു കശുമാവ് ഉണ്ട്”.
“അതു നിറച്ചും കശുവണ്ടി പാകമായി കിടപ്പുണ്ട്, നമ്മൾക്ക് ഒന്നു പോയി നോക്കിയാലോ?”

അവിടെ കശുമാവ് ഉണ്ടെന്ന് എങ്ങനെ നിനക്കറിയാം? 
അതൊക്കെ ഞാൻ കണ്ടു പിടിച്ചു.

ആരെങ്കിലും കണ്ടാൽ പ്രശ്നമല്ലേ?
ദാമു തിരക്കി.

“അവിടെങ്ങും ആരും വരില്ല”! നത്തോലി പറഞ്ഞു .
അവർ അങ്ങനെയാണ് പരസ്പരം ഇരട്ടപ്പേര് വിളിക്കും, അതിൽ അവർക്കാർക്കും പരാധിയോ പിണക്കോ ഇല്ല.

“ശരി ശരി എന്നാൽനമ്മൾക്ക് പോകാം.
എടാ “നത്തോലി”  “കാപ്പിരിയേയും” “ചെമ്പനേയും” “കോലപ്പനേയും” ഒന്നും കാണുന്നില്ലല്ലോ?”
.
“നത്തോലി” പറഞ്ഞു സാരമില്ലന്നേ അവര് വരട്ടേ… അതിനുമുമ്പ് നമ്മൾക്ക് പോകാം.

അവർ രണ്ടുപേരും കൂടി പാടത്തിനു നടുവിലൂടെ നടന്നു. 

പാടത്ത് മേഞ്ഞു നടന്ന പശുക്കിടാങ്ങൾ തലപൊക്കി  അവരെ നോക്കി. 

പാടത്തിന്റെ നടുവിലൂടെ ഒഴുകുന്ന കൈത്തോട്  ചാടിക്കടന്നു  അക്കരെ ഉള്ള കശുമാവ് ലക്ഷ്യമാക്കി നടന്നു.

അവധിക്കാലത്ത് ഗ്രാമത്തിലെ കുട്ടികൾ കശുവണ്ടി പെറുക്കി വിറ്റ് കിട്ടുന്ന പണം കൊണ്ട് പന്ത് വാങ്ങി കഴിച്ചു.

ദാമുവിൻ്റെ വീട്ടിൽ കശുമാവ് ഇല്ല! എന്നാൽ പല ദിവസങ്ങളിലും അവൻ കശുവണ്ടി വിൽക്കാറുണ്ട്. 

പലപറമ്പുകളിലും പോയി ആരും കാണാതെ കശുവണ്ടി പെറുക്കി വിൽക്കും .

ബുധനാഴ്ചയും ശനിയാഴ്ചയും ആണ് നാട്ടിലെ ചന്തദിവസം.  അന്ന് ദാമുവും സംഘവും കശുവണ്ടി ചന്തയിൽ കൊണ്ടുപോയി വിറ്റ് ടൗണിലെ ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫും കഴിക്കുമായിരുന്നു.

നിക്കറും ഉടുപ്പും എല്ലാം അണ്ടിക്കറപറ്റി ആകെ വൃത്തികേടായിരുന്നു.
കൈയ്യാണങ്കിൽ അണ്ടിക്കറ വീണ് ആകെ കറുത്തിരുന്നു.

കശുമാവിൻ്റെ ചുവട്ടിലെത്തി  മുകളിലേക്ക് നോക്കിയപ്പോൾ ത്തന്നെ ദാമുവിൻ്റെ മനസ്സിൽ കുളിരുകോരി.

ചുവന്നു തുടുത്ത കശുമാങ്ങ കുല കുലകളായി അവരെ നോക്കി ചിരിച്ചൂ!

അവയുടെ തുടുത്ത കവിളിൽ മുത്തം വെക്കാൻ അവന് കൊതിയായി.!

ആരെങ്കിലും വരുന്നുണ്ടോ എന്ന് നാലുപാടും നോക്കി.
ആരുമില്ലന്ന് ഉറപ്പു വരുത്തിയ ശേഷം  അവർ കശുമാവിൽ വലിഞ്ഞു കയറി അതിന്റെ ചില്ലകൾക്കിടയിൽ മറഞ്ഞു.

അങ്ങനെ കശുമാങ്ങ പറിച്ചു തിന്നും കശുവണ്ടി ഓരോന്നായി ഇറുത്ത് കീശയിലാക്കിക്കൊണ്ടിരുന്നൂ.

പെട്ടെന്നാണ് “നത്തോലി” ചവിട്ടിയ കൊമ്പൊടിഞ്ഞ് അവൻ നിലത്തു വീണത്.

വീഴ്ചയിൽ അവൻ്റെ കാലൊടിഞ്ഞു
അവൻ അലറിവിളിച്ചു കരഞ്ഞു.

കൂട്ടുകാരൻ്റെ നിലവിളി കേട്ട് ദാമു സാവധാനം നിരങ്ങി ഇറങ്ങി!

ഒരു സഹായത്തിന് അടുത്തെങ്ങും ആരുമില്ല. 

അവൻ ഓടിച്ചെന്നു നത്തോലിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി പക്ഷേ കഴിയുന്നില്ല!

കൂട്ടുകാരൻ്റെ അവസ്ഥകണ്ട് അവനും കരഞ്ഞു.

വേഗം എങ്ങനെ എങ്കിലും കൂട്ടുകാരനെ അക്കരെ എത്തിക്കണം.

എഴുന്നേൽക്കാനോ നടക്കാനോ പറ്റാത്ത കൂട്ടുകാരനെ ഒരുവിധത്തിൽ താങ്ങിയെടുത്ത് ദാമു തോട്ടുവരമ്പിൽ എത്തിച്ചു. പിന്നെ തോളത്ത് എടുത്ത് ഒരു വിധത്തിൽ കരക്കെത്തിച്ചു.

ദാമിനെയും നത്തോലിയെയും കാണാഞ്ഞ് തിരക്കായിറങ്ങിയ മറ്റ് കൂട്ടുകാർ അപ്പോഴേക്കും അവിടെ എത്തി.

അവരോട് കൂട്ടുകാരൻ്റെ കാലൊടിഞ്ഞ വിവരം അവൻഅറിയിച്ചു.
അപ്പോഴേക്കും അവൻ്റെ കാല് നീരുവന്ന് വീർത്തു! തീരെ വയ്യാതായി.

വേദനയോടെ പുളഞ്ഞ അവൻ്റെ
കണ്ണുകൾ നിറഞ്ഞൊഴുകി.

അവനെ എങ്ങനെയാണ് ആശുപത്രിയിൽ എത്തിക്കുക എന്ന് ദാമുവും സംഘവും ആലോചിച്ചു.

ഒരു കൂട്ടുകാരൻ സൈക്കിൾ കൊണ്ടുവന്നു.അതിൽ അവനെ കൊണ്ടുപോകാൻ തീരുമാനിച്ചു.

എന്നാൽ അതിവേദനയിൽ കരയുന്ന അവനെ സൈക്കിളിൽ കൊണ്ടുപോകാൻ കഴിയില്ല.

അപ്പോഴാണ് വിവരം അറിഞ്ഞ് അവൻ്റെ ഏട്ടൻ വണ്ടിയും വിളിച്ചുകൊണ്ടുവന്നത്. എല്ലാവരും ചേർന്ന് അവനെ ആശുപത്രിയിൽ എത്തിച്ചു.

പ്ലാസ്റ്റർ ഇട്ടു, അങ്ങനെ ഒരുമാസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.
സംഭവം അറിഞ്ഞ് ദാമുവിൻ്റെ അച്ഛൻ അവനെ വടി ഒടിയുന്നതുവരെ തല്ലി.

പിന്നെ നാലഞ്ചു മാസങ്ങൾ കഴിഞ്ഞാണ് പ്ലാസ്റ്റർ എടുത്തത്.

അപ്പോഴേക്കും അവധിയും. കഴിഞ്ഞ് പുതിയ അദ്ധ്യയന വർഷം തുടങ്ങി കഴിഞ്ഞിരുന്നു. .
പിന്നെയും വേനലവധികൾ പലതും വന്നുപോയി. എന്നാൽ കശുമാവിൻ ചുവട്ടിൽ മാത്രം അവർ പോയില്ല.

                 _____________

                 മോഹനൻ പീ കെ