Aksharathalukal

കാതലേ.. കാതലേ...



ഇനിയൊന്നും പറയാനില്ലേ? കഴിഞ്ഞോ മഴയും കോളും?
: മ്മ്, കയിഞ്ഞ്. അയിനിപ്പോ ന്ത്യെ?
ഒന്നുല്ല്യെ?  
:ഇല്ല.
ഒന്നും? ;
എങ്കില് ചൂടായിട്ട് ഒരു നാരങ്ങാവെള്ളം കാച്ചിയാലോ?
:വേണ്ട, നടക്കാം.
ശെരി നടക്കാം..പക്ഷെ എങ്ങോട്ടാ തബ്രാട്ടിക്ക് പോണ്ടേ പറ...
:സരോവരം പോവാം..
കൊറേ പോവാനില്ലേ.. ഓട്ടോർഷ അല്ലെ ശെരിയാവാ ?
: .......
മൗനം... സമ്മതം...വാ 
                നിങ്ങൾ പറഞ്ഞപോലെ പെണ്ണിന്റെ തലയിൽ ഇപ്പോഴും നിലാവെളിച്ചമാണോ ന്റെ സുൽത്താനെ.!!!
അത്യത്ഭുതം എന്ന് പറയട്ടെ ആധുനിക ലോകത്തിന്റെ പ്രതീകമായ ഒരു ഓട്ടോറിക്ഷാവണ്ടി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു. ഒരു കൊച്ചു പയ്യനാണ് ആ പേടകത്തിന്റെ ദളപതി , വിജയ് ആരാധകർക് അധികവും ഒരു യൂണിവേഴ്സൽ ഡ്രസിങ് കോഡ് ഉണ്ടാവാറുള്ളതായി കാണാം..ഒരു പഴയ പടത്തിന്റെ പ്രൊമോഷൻ പോലെ ഷർട്ടിനു മേലെ ജാക്കറ്റ് കണക്കെ കാക്കി, ഒരു ടവൽ കയ്യിൽ വരഞ്ഞു ചുറ്റി, മറുകയ്യിലൊരു ഇടിവളയുമിട്ട് ഒരു കൊച്ചു ആരാധകൻ.
   ചേട്ടാ, സരോവരം പോവ്വോ?
  : ആ ,കേറ്..
ആദ്യം കയറിയത് അവളായിരുന്നു. അതങ്ങനെയാണ്, എപ്പോഴും. കരണമൊന്നുമില്ല, ഞാൻ വഴി ഒരുക്കി കൊടുക്കുമെപ്പോഴും.
പേടകത്തിനുള്ളിലെത്തിയപ്പോഴാണ് അതൊരു അമ്പലമായിരുന്നെന്നക്കാര്യം മനസ്സിലായത്. ഒരു കൊച്ചു വലിയ അമ്പലം!! ആരാധനാമൂർത്തിയായി ഇളയ ദളപതിയും. എങ്കിൽ, നേരത്തെ കണ്ടത് പൂജാരിയായിരിക്കണം;
കാക്കിയിട്ട പൂജാരി!!
            അവളൊരു ഭക്തയല്ല അതിനാൽ എന്നെയും പൂജാരിയെയുമടക്കം അമ്പലത്തിന്റെ കാലുകളയും കൂട്ടി അഞ്ചു ഭക്തജനങ്ങളുടെ അകമ്പടിയോടെയാണ്ഞ ങ്ങൾ ചലിച്ചു തുടങ്ങിയത് .;
എന്നാൽ മാനസികമായി ഭക്തിഗാനം പ്രതീക്ഷിച്ച എന്നെ പൂജാരി ചതിച്ചിരിക്കുന്നു, വിശ്വാസവഞ്ചന!!
കടപ്പെട്ട ദൈവത്തോട് പോലും അയാളത് ചെയ്തിരിക്കുന്നു.
വഞ്ചിക്കപ്പെട്ട എന്റെ കണ്ണുകളും കാതുകളും ഒരേ സമയം ഞാനെന്റെ പ്രിയതമയിലേക്ക് തിരിച്ചു..
ഏഹ് എന്ത്!!!! അവളത് ആസ്വദിക്കുന്നു , 
എനിക്കേറ്റ ചതിയുടെ ആകെതുകയായ ഗാനത്തെ അവൾ നിസ്സംശയം ആസ്വദിക്കുന്നു.
എന്ത് അത്രമാത്രം അതിൽ ഗൗനിക്കാൻ? പ്രിയതമനായ എന്നെയിത്ര അരികിലിരുന്നിട്ടും കാണുന്നില്ലേ? അതോ ഈ ചതിയൻ പൂജാരിയെപ്പോലെ നീയും എന്നെ ചതിക്കാൻ ഒരുങ്ങുകയാണോ!! 
എല്ലിൻ കഷ്ണം കിട്ടിയ നായികളെ പോലെ ഈ ഗാനം എന്റെ കാതുക്കളെ ഉറിഞ്ചി വലിക്കാൻ തുടങ്ങിയിരിക്കുന്നു..
ഒടുവിൽ അവക്ക് ഞാൻ നിന്നുകൊടുത്തു.. കൊല്ലട്ടെ..
പക്ഷെ അവയെന്നെ കടിച്ചില്ല!! എന്റെ മുഖമാസകലം തുടരെ നക്കിക്കിണ്ടിരുന്നു..
ഇങ്ങനെ; "കതലേ കതലേ 
                    തനി പെരുംതുണയേ..
                    കൂടവാ കൂടവാ..
                    പോതും പോതും..."
' തൊണ്ണൂറ്റിയാറ് ' എന്ന തമിഴ് പടത്തിലെ ഗാനമാണത് . പടത്തിൽ നായകന്റെയും നായകിയുടെയും പ്രണയത്തെ പ്രശസ്ത നാടോടികഥയായ തിമിംഗലത്തിന്റെയും പക്ഷിയുടെയും പ്രണയകഥയോട് ഉപമിച്ചിരിക്കുന്നു, ഒരിക്കലും ഒരുമിക്കാൻ വിധിയില്ലാതെ പോയ രണ്ട് ജന്മത്തോട്.
                പൂജാരി വിചാരിച്ചതിലും വേഗത്തിൽ ഞങ്ങളെ ലക്ഷ്യസ്ഥാനത് എത്തിച്ചിരിക്കുന്നു.. പ്രശംസനീയം, പക്ഷെ വഞ്ചനയാൽ ഏറ്റ പാടെന്റെ മുതുകത്തു ഇപ്പോഴും നീറുന്നതിനാൽ ആവിശ്യപ്പെട്ട തുക നൽകി അയാളെ ഞാൻ ഒഴിവാക്കി മുന്നിലേക്ക് നടന്നു.
        കോഴിക്കോട് സരോവരം ബയോ പാർക്ക്‌, പല രീതിയിലും കുപ്രസിദ്ധി നേടിയെടുത്ത മഹാ പ്രണയ നഗരം. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഈ പാർക്ക്‌ അന്നത്തെ മുഖ്യമന്ത്രിയായ വി. എസ്. ജനങ്ങൾക് വേണ്ടി തുറന്നുകൊടുക്കുന്നത്. അന്നതൊരു എക്കോ ടൂറിസം സ്പോട് ആയിരുന്നു. ഇന്നുമതെ, പക്ഷെ ഇതൊരു പ്രണയ നഗരമാണ്. മരങ്ങളുടെയും മനുഷ്യരുടെയും മഹാ പ്രണയനഗരം.
          ഞങ്ങളിരുവരും കല്ലുകൾ കൊണ്ടൊരുക്കിയ പരവതാനിയിലൂടെ പതിയെ നടക്കാനാരംഭിച്ചു.
ചുറ്റും നിശബ്ദത, വൃക്ഷങ്ങളാൽ ചെടികളാൽ ഇലകളാൽ പ്രണയമാൽ ഇവിടം മൂടിയിരിക്കുന്നു..
ചിലയിടങ്ങളിൽ പരവതാനി നിരതെറ്റിയ പല്ലുകൾ പോലെ അങ്ങിങ്ങും ചിതറിക്കിടക്കുന്നുണ്ട്. വലിയ വലിയ വേരുകൾ അവയെ അവരുടെ വഴിയിൽ നിന്നെടുത്തെറിഞ്ഞതാവാം..
അവളിപ്പോഴും മൗനവൃതം കാത്തുസൂക്ഷിക്കുന്നു!!
പെണ്ണിന്റെ ചിന്തകളെ മനസ്സിലാക്കാൻ ഒരാണിനു കഴിയില്ലന്നൊരു വാദമുണ്ട്. ശെരിയായിരിക്കാം സ്ത്രീകൾ ചിന്തകൾകൊണ്ട് അമ്മാനമാടുന്നവരാണ്.
പക്ഷെ ഞാനൊരു കാമുകനല്ലേ!! അവളുടെ കണ്ണുനീരും പുഞ്ചിരിയുമെല്ലാം അറിഞ്ഞിരിക്കേണ്ടവൻ. നിശബ്ദതയാണോ എനിക്കുള്ള ഉത്തരം!! അതുകൊണ്ട് ഞാനെന്ത് ചെയ്യാൻ.
 
"ദാ ഇവിടെയിരിക്കാം."

ഒരൊഴിഞ്ഞ ഇരിപ്പിടം ചൂണ്ടികൊണ്ടവൾ പറഞ്ഞു.
ഭാഗ്യം..ശബ്ദമുണ്ട്. അവളാണ് ആദ്യം ഇരുന്നത്. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു, അറിയാവുന്ന ആരെങ്കിലും ഉണ്ടങ്കിലോ? ഉണ്ടെങ്കിലെന്ത് എന്റെപെണ്ണാണ് ഇവളെന്നങ്ങ് പറയണം അല്ലാതെന്ത്.
വീണ്ടുമൊരുപാട് നേരമാ ഭയാനകരമായ നിശബ്ദയിൽ ഞാനിരുന്നു. ഇപ്പോളെന്റെ കണ്ണുകൾ ഒരിലയിൽ തലോടുകയാണ്.. കണ്ണുകളടക്കാൻ ഞാൻ മറന്നിരിക്കുന്നു. കാഴ്ച ഒഴികെ എന്റെയെല്ലാ കഴിവുകളും നഷ്ടപെട്ടപോലെ ഞാനാ ഇളംപച്ച ഇലയിൽ തന്നെ നോക്കികൊണ്ടിരുന്നു..
പൊടുന്നനെ എന്റെ ദേഹത്തൊരു കരസ്പർശം.
അതെ എന്റെ പ്രിയതമയാണ്.
അഹ്..

: ചോദിച്ചത് കേട്ടില്ലേ?

ഏഹ്..ചോദ്യമോ?

:ആഹ് അതെ ചോദ്യം.

ന്താ ചോദിച്ചത്?

:ഞാൻ നിന്റെ ആരാണ് എന്ന്..

     അതിലെന്ത് ഇത്ര സംശയം നീയെന്റെ പ്രിയതമ ഞാനെഴുതുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ ഒരേയൊരു പ്രണയ ഗാനം.എന്റെ ഹൃദയത്തിന്റെ..

:നമ്മൾ നമ്മിൽ ശെരിക്കുമെന്താണ്?.

മറുപടിപറയാനനുവദിക്കാതെ അവൾ രണ്ടാമതൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നു. 

"നമ്മൾ പ്രണയിക്കുന്നു."

: ഉറപ്പാണോ?

അതെ.
             അല്ല..ഞാനിതുവരെ നിന്നെ സ്നേഹിച്ചിട്ടില്ല, ഹൃദയമിടറി മരിച്ചുവീണതാണ് അവിടെ.ഇനിയൊരു പുനർജന്മം എനിക്കുണ്ടാവില്ല.എനിക്കങ്ങനൊന്ന് വേണ്ടതാനും..
: എനിക്കൊരു കാര്യം സംസാരിക്കണം. അതിനാണീ സ്ഥലം തന്നെ തിരഞ്ഞെടുത്തത്.
   ഞാനൊന്നും മിണ്ടിയില്ല.. അവളുടെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും മാറി മാറി ശ്രദ്ധ കേന്ദ്രീകരിച്ചു .
പക്ഷെ ചിരാതുകൾ പോലുള്ള കണ്ണുകൾ എന്നിൽ നിന്ന് ദൂരേക്ക് വലിച്ചെറിഞ്ഞു കൊണ്ടവൾ തുടർന്നു.
:ഇതിനിയും മുന്നോട്ട് കൊണ്ടുപോവുക എന്നത് എന്നെ സംബന്ധിച്ച് വളരെ പ്രയാസമാണ്.

എന്തിനെ കുറിച്ചാണ് പറയുന്നത്? നമ്മുടെ..?

: "നീ കരുതുന്നപോലെ നമ്മൾ           എന്നൊന്നില്ല.ഉണ്ടായിരുന്നു,പക്ഷെ ഇനിയില്ല.

എനിക്ക് മനസ്സിലാവുന്നില്ല. നമ്മൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലല്ലോ!!! പിന്നെ നമ്മൾ തമ്മിൽ..വേറെയൊന്നും.. അങ്ങനെ...?

: "എടാ, വേണ്ട. നമുക്ക് സന്തോഷത്തോടെ പിരിയണം.ആദ്യമായി നമ്മൾ വന്ന ഇടവും ഇതായതുകൊണ്ടാണ് ഇവിടുന്ന് തന്നെ ഞാനിത് പറയാമെന്നു തീരുമാനിച്ചത്."

       ഓഹ് തീരുമാനിച്ചു കഴിഞ്ഞതാണ്.. എങ്കിലത് ഫോണിലൂടെയോ മറ്റോ അറിയിച്ചാൽ മതിയായിരുന്നല്ലോ? എന്തിനെന്നെ നേരിട്ട് വിളിച്ചു? എന്റെ വിഷമം കണ്ടു സന്തോഷിക്കാനോ? എന്റെ.. എന്റെ ഹൃദയം തകരുന്നത് നുറുങ്ങുന്നത് നേരിട്ട് കാണണോ.. എന്തിന്??
എനിക്കൊന്നും സംസാരിക്കാൻ കഴിയുന്നില്ല.. എന്നിലെ വാക്കുകളെല്ലാം എന്നിൽ നിന്നൊളിച്ചോടിയിരിക്കുന്നു.

: "ഇത് നിന്നെ എത്രത്തോളം വേദനിപ്പിക്കുന്നു എന്നെനിക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, പക്ഷെ ഒരിക്കൽ പ്രണയിച്ചിരുന്നു എന്നതുകൊണ്ട് എന്നുമൊരുമിച്ചു ജീവിക്കാൻ കഴിയില്ലല്ലോ..ഞാൻ എന്നും നിന്റെ നല്ലൊരു സുഹൃത്തായിരിക്കും".
      ഓഹ് സുഹൃത്ത്, ഒരിക്കൽ അവിടെ നിന്നല്ലേ ഇത്രദൂരം ഓടികയറിയത്. എന്നിട്ടിപ്പോ എന്നെ ഒറ്റക്ക് ഇറക്കിവിടാൻ മാത്രം മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നോ..
ഒരിക്കൽ പ്രണയിച്ചു പോലും!! ഞാനിപ്പോഴും നിന്നെ പ്രണയിക്കുവല്ലേ? ഇനിയും പ്രണയിക്കില്ലേ..
: "സമയമൊരുപാടായി. വീട്ടില് എത്തണം.ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവുമോ എന്നറിയില്ല,ഉണ്ടാവുമെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കൾ ആയിട്ടാവണം."
അവൾ എഴുന്നേറ്റു.
എന്റെ മുഖത്തേക് അവളൊന്ന് നോക്കിയത് പോലുമില്ല. ഞാൻ കരണത്ത് അടിക്കുമെന്ന് കരുതിയാവുമോ!! ഇല്ല ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. എനിക്കതിനു കഴിയില്ല.. അവൾ.. അവൾ.. ഞങ്ങൾ..അല്ല ഞാൻ... ഇല്ല അറിയില്ല.. പറ്റണില്ല ഇതെനിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഞാൻ ചോദിച്ചു :
കുറച്ചു നേരം ഇവിടെയിരിക്കാമോ?
:ഇല്ല, ഇപ്പൊത്തന്നെ നേരം വൈകി. ഞാൻ പോവുന്നു. എല്ലാം നന്നായി ആലോചിക്കൂ.. നമ്മുടെ നല്ലതിന് വേണ്ടിയാണിതെന്ന് കരുതിയാൽ മതി.
അവൾ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി.
    നമ്മുടയോ? അതിന് നമ്മെളെന്നൊന്ന് ഇല്ലല്ലോ? മിഥ്യയല്ലേ എല്ലാം.. എന്റെ തോന്നൽ മാത്രം.. എന്റെ മാത്രം.
അവളുടെ കാലുകൾ എന്നിൽ നിന്നക്കലുന്നത് മാത്രമായി എന്റെ കണ്ണുകളിൽ. വീണ്ടും കണ്ണുകളടക്കാൻ ഞാൻ മറന്നിരിക്കുന്നു.. പക്ഷെ തളംകെട്ടി കിടന്ന കണ്ണുനീരുകൾ എന്റെ കണ്ണുകളെ അവരുടെ ബലിഷ്ഠമായ കരങ്ങളാൽ അടപ്പിച്ചു.
പക്ഷെ എന്റെ കാതുകളിൽ വീണ്ടുമാ വരികൾ അലയടിച്ചു കയറി ;
                  "കതലേ കതലേ 
                    തനി പെരുംതുണയേ..
                    കൂടവാ കൂടവാ..
                    പോതും പോതും..."
കണ്ണുകൾ രണ്ടും മൂടിപ്പോത്തി ഞാനാ ഒറ്റബെഞ്ചിലൊത്തിരി നേരമിരിന്നു.എന്തുകൊണ്ട് ഞാനൊന്നും പറഞ്ഞില്ലവളോട്‌.. ഒന്നും ചോദിച്ചില്ലവളോട്!! അതിനുള്ള അവകാശമില്ലായിരുന്നോ എനിക്ക്? പിന്നെന്താ ഞാൻ സംസാരിക്കാൻ പോലും അവകാശമില്ലാത്തവനെപ്പോലെ ഇരുന്നത്!! ഒരായിരം ചോദ്യങ്ങളില്ലേ നിനക്ക്? ഇതിനല്ലല്ലോ നീ വന്നത്, ഇതല്ലല്ലോ നീ കണ്ട സ്വപ്നം?പിന്നെയെന്തിനവൾ? എന്തിനു നീ?
കണ്ണുകൾ വീണ്ടും അണപ്പൊട്ടിയൊഴുകാൻ തുടങ്ങിയിരിക്കുന്നു.. വേണ്ട അറിയണ്ട ഒന്നും..എല്ലാം അവൾ നേരത്തേ തീരുമാനിച്ചതാണ്.. അതെ അറിയണ്ട ഒന്നും..ഇടക്കെപ്പോഴോ തലയുയർത്തി നോക്കിയപ്പോൾ നേരത്തെ കണ്ട ഇളംപച്ചയില അവിടെയില്ല.. കൊഴിഞ്ഞു വീണതാവാം.. എല്ലാം പൊഴിയട്ടെ.. എല്ലാം തുലയട്ടെ..
..ചുറ്റും നിശബ്ദത, വൃക്ഷങ്ങളാൽ ചെടികളാൽ ഇലകളാൽ പ്രണയമാൽ ഇവിടം മൂടിയിരിക്കുന്നു..
പ്രണയനഗരമെന്ന് ഞാൻ വിശേഷിപ്പിച്ച ഇവിടെ ഇനിയെന്റെ സ്ഥാനം !!.





ഇനിയൊരു പകലുകളുമിങ്ങനെ പുലരാതിരിക്കാൻ... ഇനിയൊരു രാവുകളുമിങ്ങനെ അടരാതിരിക്കാൻ...
എന്നെന്നേക്കും വിട.