Aksharathalukal

ചെമ്പകപ്പൂ

മറവി കൊണ്ടു എത്രയൊക്കെ മൂടിയിടാൻ ശ്രമിച്ചാലും ചിലപ്പോൾ പറന്നു ഉയരാറുണ്ട് ചില ഓർമ്മകൾ

അവനെ കുറിച്ചു ഓർക്കുമ്പോൾ എല്ലാം ചെമ്പക പൂക്കൾ ഓർമയിൽ വിരിഞ്ഞു നിൽക്കും.
ആദ്യമായി അവനെ കണ്ടത് അമ്പലത്തിലെ
ചെമ്പക ചോട്ടിൽ വെച്ചായിരുന്നു.
നിലത്തു വീണു കിടക്കുന്ന ചെമ്പകപ്പൂകൾ
ഓരോന്ന് പെറുക്കി എടുത്തവൻ ആൽത്തറയിൽ കൊണ്ടു വെക്കുമായിരുന്നു.
കൗതുകത്തിനോ അവനോടു ഉള്ള ഇഷ്ടം കൊണ്ടോ  എന്തോ എപ്പോഴും അവൻ പെറുക്കി കൂടിയ ചെമ്പകപ്പൂകളിൽ നിന്നും ഒന്ന് എടുത്തു എന്റെ ചുരുണ്ട മുടിയിഴകളിൽ ചൂടും.
അവൻ അടുത്തു വരുമ്പോഴേല്ലാം ചെമ്പകപ്പൂവിന്റെ നറു മണമായിരുന്നു.
അവന്റെ നോട്ട് ബുക്കിൽ എപ്പോഴും വാടി കരിഞ്ഞ ചെമ്പക പൂക്കളുടെ ഇതളുകൾ കാണാം...
           പിന്നീട് എപ്പോഴൊക്കെയോ എന്റെ കിടപ്പു മുറിയിൽ ചെമ്പക പൂക്കൾ സ്ഥാനം പിടിച്ചു.
ഒരിക്കൽ ചെമ്പക ചോട്ടിൽ വെച്ചു പ്രണയം തുറന്നു പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടവൻ നിലത്തു വീണു കിടക്കുന്ന ചെമ്പക പൂവെടുത്തു മണപ്പിച്ചു നടന്നു പോയെങ്കിലും 
.പിന്നെ ഒരു നാൾ മഴ പെയ്‌തു തോർന്ന ഇട വഴിയിൽ വെച്ച് ഒരു ചെമ്പക പൂ കൈയിൽ തന്നവൻ  ഇഷ്ടം പറഞ്ഞു കടന്നു പോയി.
കാലത്തിന്റെ  നീറി പുകയുന്ന കുത്തോഴുക്കിൽ എന്നോടൊപ്പം ചെമ്പക പൂക്കളും മാഞ്ഞു പോയി.. ഇന്നു തറവാട്ടിലേക്ക് ഉള്ള
യാത്രയിൽ കണ്ടു ആ ചെമ്പക മരത്തെ... .കാർ നിർത്തി അതിനു മുൻപിൽ ച്ചെന്നു നിന്നു ഒരു പൂവെടുത്തു മണപ്പിച്ചു നോക്കിയപ്പോൾ ഞാൻ ആ ഇരുപ്പത്തുകാരിയായി മാറി...
അവനെ അവസാനമായി കണ്ടതും
വരണ്ടു ഉണങ്ങിയ എന്റെ ചുണ്ടുകളിലേക്ക് ചെറു നനവായി അവന്റെ ചുണ്ടുകൾ ഒരു നിമിഷം പൊതിഞ്ഞു പിടിച്ചതും 
വിടപറഞ്ഞു പോകുമ്പോൾ വിറയാർന്ന എന്റെ കൈകളിലേക്ക് അവൻ ചെമ്പക പൂവ് തന്നിട്ട് പോയതുമെല്ലാം ഇന്നലെ കഴിഞ്ഞു പോയത് പോലെ തോന്നി.
ഞങ്ങളുടെ സിരകളിലെ രക്ത ധമനികളെയും ഇരു ഹൃദയങ്ങളെയും പ്രണയമെന്ന ചരടിനാൽ ഇന്നും കോർത്തു ഇണക്കുന്നത് ഈ 
 ചെമ്പക പൂവുകളാണ്. പൂത്തു തളിർത്തു കൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രണയത്തിനു ഏക സാക്ഷിയും ഈ ചെമ്പക പൂവുകളാണു....
കൈ നിറയെ ചെമ്പക പൂവുകൾ പെറുക്കി എടുത്തു കാറിന്റെ ബോണറ്റിൽ നിരത്തി ഞാൻ യാത്ര തുടരുകയാണ്......