Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 6

രാത്രി തൃശൂർ എത്തുമെന്നാണ് കരുതിയതെങ്കിലും ഇടക്ക്, ഒന്ന് രണ്ട് സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തപ്പോൾ നന്നേ താമസിച്ചിരുന്നു.. അതുകൊണ്ട് തന്നെ അവർ അവിടെ എത്തിയപ്പോൾ പിറ്റേ ദിവസം വെളുപ്പിന് അഞ്ച് മണി കഴിഞ്ഞിരുന്നു...

അവർ ട്രെയിനിൽ നിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കടന്നപ്പോൾ തന്നെ കണ്ടു ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോറിൽ ചാരി നിൽക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരനെ.. സിദ്ധു പൂർണിയെ ഒന്ന് നോക്കി...

\"\"\" വാ... \"\"\" അത്ര മാത്രം അവളോടായി പറഞ്ഞിട്ട് അവൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് നടന്നു.. പിന്നാലെ പൂർണിയും.. സിദ്ധുവിനെ കണ്ടതും ആ ചെറുപ്പക്കാരൻ ചിരിച്ച് കൊണ്ട് മുന്നോട്ട് ഒരു ചുവട് വച്ചു...

\"\"\" ഒരുപാട് നേരമായോടാ വന്നിട്ട്..? \"\"\" അവന്റെ അടുത്ത് എത്തിയതും സിദ്ധു ചെറുചിരിയോടെ ചോദിച്ചു...

\"\"\" ഇല്ലടാ.. ഇപ്പൊ വന്നതേയുള്ളൂ... \"\"\" അവൻ മറുപടി പറഞ്ഞതും സിദ്ധു പൂർണിയെ നോക്കി...

\"\"\" ഇതെന്റെ ഫ്രണ്ടാണ്, ആദിത് ശങ്കർ.. ഇവിടെ അടുത്താണ് വീട്... \"\"\" അവൻ അവൾക്ക് അവനെ പരിചയപ്പെടുത്തി കൊടുത്തു.. അവൾ അവനെ സംശയത്തോടെ നോക്കി...

\"\"\" ആരതി ചേച്ചിയുടെ ഏട്ടനല്ലേ? \"\"\" അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി...

അവൻ ചുളിഞ്ഞ നെറ്റിയോടെ അതേയെന്ന പോലെ തലയനക്കി...

\"\"\" ഞാൻ പൂർണിമ.. കൃഷ്ണൻ മാഷിന്റെ ചെറുമകളാണ്... \"\"\" നേർത്ത ചിരിയോടെ അവൾ പറഞ്ഞതും അവനൊന്ന് ഓർത്തു...

\"\"\" ഭാമ മാമിയുടെ..? \"\"\" ബാക്കി പറയാതെ അവൻ അവളെ ഉറ്റു നോക്കി...

\"\"\" മകളാണ്... \"\"\" എന്തുകൊണ്ടോ അത് പറയുമ്പോൾ അവളുടെ മുഖത്ത് വേദന നിറഞ്ഞിരുന്നു.. \' കൃഷ്ണൻ \' എന്ന് പറയുന്നത് അവളുടെ അമ്മയുടെ അച്ഛനാണ്.. കഴിഞ്ഞ വർഷം വാർദ്ധക്യസഹജമായ അസുഖം മൂലം മരണപെട്ട അയാൾ ഒരു ഹൈസ്കൂൾ അധ്യാപകനായിരുന്നു.. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഭാമ വാസുദേവനുമായി പ്രണയത്തിലാകുന്നത്.. അവരുടെ വീടിന് തൊട്ട് മുന്നിലാണ് വാസവദത്തൻ ഇന്ന് താമസിക്കുന്ന അവരുടെ കുടുംബവീട്.. അവർ തന്നെയാണ് വാസുദേവന്റെ പിന്നാലെ നടന്നതും ഇഷ്ടമാണെന്ന് പറഞ്ഞതുമൊക്കെ.. വാസുദേവന്റെയും വാസവദത്തന്റെയും അച്ഛൻ, \' രാമൻ \' ഒരു കർഷകനായിരുന്നു.. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അയാൾക്ക്.. അതുകൊണ്ട് തന്നെ പത്ത് കഴിഞ്ഞ് വാസുദേവന് പഠിത്തം നിർത്തേണ്ടതായി വന്നു.. ആ കാരണത്താൽ അറിവ് വെച്ച കാലം മുതൽ അവരോട് തോന്നിയ പ്രണയം ഉള്ളിൽ മറച്ചു വെച്ച് അയാൾ പല തവണ അവരുടെ പ്രണയം നിരസിച്ചു.. എങ്കിലും അവർ പിൻമാറിയിരുന്നില്ല അതിൽ നിന്നും.. അത്രയ്ക്കും ഇഷ്ടമായിരുന്നു അവർക്ക് അയാളെ.. വാസുദേവൻ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയിൽ ഒരാൾ ആയത് കൊണ്ട് കൃഷ്ണന് അതിൽ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.. അങ്ങനെയായിരുന്നു അവരുടെ വിവാഹം നടക്കുന്നത്.. തീർത്തും സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്.. പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായില്ല.. പൂർണിമയുടെ മൂന്നാം വയസ്സിൽ ആയിരുന്നു ഭാമ കാൻസർ എന്ന രോഗം ബാധിച്ച് മരണപെട്ടത്.. പിന്നീട് വാസുദേവൻ തനിയെയാണ് പൂർണിയെ വളർത്തിയത്.. പണിയ്ക്ക് പോകുമ്പോൾ അവളെ കൃഷ്ണന്റെ അടുത്ത് ആക്കിയിട്ടാണ് അയാൾ പോയിരുന്നത്.. കുഞ്ഞ് നാളിൽ അവൾക്ക് ഒരമ്മയുടെ സ്നേഹം കൊടുത്തത് കൃഷ്ണന്റെ ഭാര്യയും അവളുടെ അമ്മയുടെ അമ്മയുമായ \' ഊർമ്മിള \' ആയിരുന്നു.. ഒരു പ്രായം വരെ കൃഷ്ണൻ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.. അങ്ങനെയാണ് അവൾ ആരതിയെ പരിചയപെടുന്നത്.. കൃഷ്ണന്റെ വിദ്യാർത്ഥിയായിരുന്നു അവൾ.. എന്നാൽ, പ്രീ - ഡിഗ്രി കഴിഞ്ഞ വാസവദത്തന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഭാഗ്യകുറി എടുത്തപ്പോൾ ഒന്നാം സമ്മാനം ലഭിക്കുന്നത്.. അതോടെ അയാൾ അത്യാവശ്യം നാട്ടിൽ അറിയപ്പെടുന്ന ധനികൻ ആയെങ്കിലും അതിലെ പകുതി പണവും അയാൾ തന്നെ സ്വയം പാഴാക്കി തീർക്കുകയായിരുന്നു.. അതിനിടക്കാണ് കാശ് പലിശയ്ക്ക് കൊടുക്കാൻ തുടങ്ങിയത്.. അത് അധികമാർക്കും അങ്ങനെ അറിയുകയും ഇല്ലായിരുന്നു.. രാമന്റെ മരണശേഷമാണ് വാസുദേവനും വാസവദത്തനും വീട് മാറുന്നത്.. മൂത്തമകൻ ആയതിനാൽ വീട് വാസവദത്തനാണ് കിട്ടിയത്.. അത് പത്ത് പതിനഞ്ച് വർഷം മുൻപായിരുന്നു...

\"\"\" എനിക്ക് കണ്ടപ്പോ മനസ്സിലായില്ല.. ആകെ ഒന്നോ രണ്ടോ തവണയല്ലേ കണ്ടിട്ടുള്ളൂ... \"\"\" അവൻ പറഞ്ഞതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.. പകരം വെറുതെയൊന്ന് ചിരിച്ചു...

\"\"\" അല്ല, ഇവളാണോ നീ പറഞ്ഞ..? \"\"\" ബാക്കി പറയാതെ അവൻ സിദ്ധുവിനെ അവിശ്വസിനീയമായി നോക്കി...

\"\"\" അതേ.. ബാക്കി പിന്നെ പറയാം.. നീ വണ്ടിയെടുക്ക്.. പോലീസ് സ്റ്റേഷനിൽ പോയിട്ടേ ഇവളുടെ വീട്ടിൽ പോകാൻ പറ്റു... \"\"\" സിദ്ധു ഗൗരവത്തോടെ പറഞ്ഞതും ശരിയെന്ന പോലെ ഒന്ന് തലകുലുക്കിയ ശേഷം ആദി കാറിലേക്ക് കയറി.. പിന്നാലെ സിദ്ധുവും പൂർണിയും കയറിയതും അവൻ വണ്ടിയെടുത്തു.. ആദിയുടെ അമ്മവീട് വയനാടാണ്.. കുഞ്ഞിലേ കുറച്ച് നാൾ അവൻ അവിടെയായിരുന്നു.. അങ്ങനെയാണ് അവൻ സിദ്ധുവുമായി സൗഹൃദത്തിലായത്...

അവർ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.. പൂർണിയ്ക്ക് വാസുദേവനെ ഒന്ന് കണ്ടാൽ മതിയെന്ന് ആയിരുന്നു.. എങ്കിലും സിദ്ധു പറഞ്ഞത് കൊണ്ട് അവൾ സ്റ്റേഷനിൽ പോകാൻ സമ്മതിച്ചതാണ്.. അവർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വാസവദത്തനുമായി പുറത്തേക്ക് ഇറങ്ങി വരുന്ന കോൺസ്റ്റബിളിനെയും എസ്ഐയെയും കണ്ടത്.. അവൻ കാറിൽ നിന്ന് ഇറങ്ങിയതും എസ്ഐ ഒരു സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്നു...

\"\"\" ഡി.സി.പി, സിദ്ധാർത്ഥ് ആര്യവർദ്ധൻ..? \"\"\" അയാൾ ചോദിച്ചതും സിദ്ധു അതേയെന്ന പോലെ തലയൊന്ന് ചലിപ്പിച്ചു.. അയാൾ അവനെ നോക്കി സല്യൂട്ട് ചെയ്തു...

\"\"\" ഞാൻ സാറിനെ വിളിക്കാൻ തുടങ്ങുകയായിരുന്നു... \"\"\"

\"\"\" എന്ത് പറ്റി? \"\"\" അവൻ കോൺസ്റ്റബിളിന്റെ അടുത്ത് നിൽക്കുന്ന വാസവദത്തനെ ഒന്ന് നോക്കി കൊണ്ട് അയാളോടായി ചോദിച്ചു...

\"\"\" അത്.. സാർ.. കുറച്ച് മുൻപ് ഇയാളുടെ വീടിനടുത്തുള്ള ഒരാള് വിളിച്ചിരുന്നു.. ഇയാളുടെ അനുജൻ, വാസുദേവൻ.. ഇന്ന് വെളുപ്പിന് മരിച്ചു... \"\"\" ഒരു നിമിഷം സിദ്ധുവിന് തന്റെ കാതുകൾ കൊട്ടിയടച്ചത് പോലെ തോന്നി.. അവൻ ഒരു വിറയലോടെ തിരിഞ്ഞ് കാറിൽ ഇരിക്കുന്നവളെ നോക്കി.. വാസവദത്തനിലേക്കാണ് നോട്ടമെങ്കിലും ആ മുഖത്ത് ഭയവും സ്വന്തം അച്ഛനെ കാണാനുള്ള തിടുക്കവുമുണ്ട്.. അവൻ ദയനീയമായി എസ്ഐയുടെ മുഖത്തേക്ക് നോക്കി...

\"\"\" അതാണോ സാർ.. ആ കുട്ടി? വാസുദേവന്റെ മകൾ..? \"\"\"

അവനൊന്ന് മൂളി...

\"\"\" ആ കുട്ടിയോട്... \"\"\" ബാക്കി പറയാതെ അയാൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി.. അവനൊരു നെടുവീർപ്പിട്ടു...

\"\"\" നിങ്ങൾ ഇറങ്ങ്.. ഞാൻ അവളെയും കൂട്ടി വന്നേക്കാം... \"\"\" അത്ര മാത്രം പറഞ്ഞ ശേഷം അവൻ തിരിഞ്ഞ് നടന്ന് കാറിലേക്ക് തിരികെ കയറി...

പൂർണി സിദ്ധുവിനെ തന്നെ ഉറ്റു നോക്കി.. ഇത്രയും നേരം ഉണ്ടായിരുന്ന മുഖഭാവമല്ല അവനിൽ ഇപ്പോൾ എന്നവൾ അവൻ സ്റ്റേഷനിൽ നിന്ന് കാറിൽ കയറിയപ്പോൾ തന്നെ ശ്രദ്ധിച്ചിരുന്നു.. അവന്റെ മൗനം കണ്ട് കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടിയില്ല...

അല്പ നേരത്തെ യാത്രയ്ക്ക് ശേഷം ആദി വാസവദത്തന്റെ വീടിന് മുന്നിൽ വണ്ടി നിർത്തി.. സിദ്ധു പറഞ്ഞത് പ്രകാരം പൂർണി തന്നെയാണ് അവന് വഴി പറഞ്ഞ് കൊടുത്തത്...

വീടിന് ചുറ്റുമുള്ള ആൾക്കൂട്ടം കണ്ട് പൂർണി നെറ്റിചുളിച്ചു.. അറിയാതെ അവളുടെ നെഞ്ചിടിപ്പ് ഉയർന്നു.. എന്താണ് അവിടെ നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.. അവളുടെ കണ്ണുകൾ ഉമ്മറത്തേക്ക് പാഞ്ഞു.. അവിടെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന \' സന്ധ്യ \' എന്ന അവളുടെ വല്യമ്മയെ കാൺകെ അവളുടെ മനസ്സാകെ മരവിച്ചത് പോലെ.. അവൾ വേഗം കാറിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി.. വീടിനടുത്തേക്ക് ഓരോ അടി വക്കുമ്പോഴും അവളുടെ കാലടികൾ വിറച്ചു.. കണ്ണുകളിലെ കൃഷ്ണമണികൾ വല്ലാതെ വികസിച്ചു...

\"\"\" മോളെ... \"\"\" അവളെ കണ്ട് ഒരു നിലവിളിയോടെ സന്ധ്യ ഓടി അവൾക്കടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിക്കുമ്പോൾ അവളുടെ കണ്ണുകൾ ഉമ്മറ തറയിൽ വെള്ളപുതച്ച് കിടത്തിയിരിക്കുന്ന വാസുദേവൻ എന്ന തന്റെ അച്ഛനിൽ തറഞ്ഞ് നിന്നു.. ശില പോലെ അയാളെ നോക്കി നിൽക്കെ അവളുടെ തലയാകെ തണുത്തുറഞ്ഞത് പോലെ തോന്നി അവൾക്ക്.. സന്ധ്യയുടെ കൈകളെ തന്നിൽ നിന്ന് അടർത്തി മാറ്റി അവൾ വാസുദേവന്റെ അടുത്തേക്ക് നടന്നു.. അയാൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് അവൾ അയാളുടെ ഇടം കവിളിലേക്ക് തന്റെ വലത് കരം ചേർത്ത് വച്ചു...

\"\"\" അ.. അച്ഛാ... \"\"\" അവൾ നിർവികാരമായ മുഖത്തോടെ മെല്ലെ വിളിച്ചു...

\"\"\" പൂർണി മോളാ, അച്ഛാ.. കണ്ണ് തുറന്നേ.. എന്നെ നോക്കിയേ... \"\"\" അവൾ അയാളുടെ കവിളിൽ തട്ടി വിളിച്ചു.. എന്നാൽ ആ കണ്ണുകൾ തന്നെയൊന്ന് നോക്കാനായി തുറക്കുന്ന് പോലുമില്ലെന്ന് അവൾക്ക് മനസ്സിലായി.. ആ കൈകൾ തന്നെ വാത്സല്യത്തോടെ തലോടുന്നില്ല.. സ്നേഹത്തോടെ മോളെ എന്ന് വിളിക്കാൻ ആ നാവ് ഉയരുന്നില്ല.. എന്ന തിരിച്ചറിവ് അവളുടെ മനസ്സിനെയാകെ പിടിച്ചുലച്ചു...

\"\"\" എനിക്ക്.. എനിക്ക് സങ്കടം വരുന്നു, അച്ഛാ.. കണ്ണ് തുറന്നേ.. ഇനിയും എന്നെ നോക്കിയില്ലെങ്കിൽ ഞാൻ പിണങ്ങുട്ടോ... \"\"\" അവളുടെ കണ്ണുകൾ നിറഞ്ഞു.. ശബ്ദം ഇടറി...

പുറത്ത് അവളെ നോക്കി നിന്ന സിദ്ധുവിന്റെ കണ്ണുകൾ പോലും നിറഞ്ഞ് പോയി...

\"\"\" കണ്ണ് തുറക്ക്, അച്ഛാ.. എന്നെ നോക്ക്.. മോളെ എന്ന് വിളിക്ക്.. എന്താ?, അച്ഛാ.. എന്തിനാ ഇങ്ങനെ മിണ്ടാതെ കിടക്കുന്നെ.. അച്ഛനെ കാണാനല്ലേ ഞാൻ ഓടി വന്നേ.. നമുക്ക് പോകാം, അച്ഛാ.. ഇവിടുന്ന് എവിടേക്കെങ്കിലും പോകാം.. ഞാൻ നോക്കിക്കോളാം, അച്ഛാ.. അച്ഛനെ.. കണ്ണ് തുറക്ക്, അച്ഛേ... \"\"\" ശബ്ദം ഉയർത്തി പറഞ്ഞ് തുടങ്ങി ഒടുവിൽ ഒരലർച്ചയായിരുന്നു അവൾ...

\"\"\" അച്ഛാ...!!!! മോൾക്ക് അച്ഛനല്ലാതെ ആരുമില്ലെന്ന് അറിയില്ലേ.. കണ്ണ് തുറക്ക്, അച്ഛാ...!! \"\"\" അലറി കരഞ്ഞ് കൊണ്ട് അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.. നോക്കി നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു...

\"\"\" അച്ഛാ........!!!! അഹ്...!!! കണ്ണ് തുറക്ക്, അച്ഛാ....!!! \"\"\" ആർത്തു കരഞ്ഞ് കൊണ്ട് അവൾ അയാളെ കുലുക്കി വിളിച്ചു.. ആരൊക്കെയോ ചേർന്ന് അവളെ പിടിച്ച് മാറ്റാൻ ശ്രമിച്ചു.. സന്ധ്യ പൊട്ടി കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു...

എന്നാൽ വാസുദേവന്റെ മൃതദേഹത്തിന് അടുത്ത് ഒരുവൻ മാത്രം കൈയ്യും കെട്ടി ഒരു വശത്ത് മാറി നിൽക്കുന്നത് കാൺകെ സിദ്ധുവിന്റെ കണ്ണുകളൊന്ന് ചുരുങ്ങി.. അവൻ അടുത്ത് നിൽക്കുന്ന ഒരാളെ തട്ടി വിളിച്ചു...

\"\"\" അതാരാ..? ആ നിൽക്കുന്നത്..? \"\"\" അവനെ ചൂണ്ടി സിദ്ധു ചോദിച്ചു...

\"\"\" അത് വാസവദത്തന്റെ മകനാണ്.. പ്രണവ്...!! \"\"\" അയാൾ പറയുമ്പോൾ സിദ്ധു അവനെ തന്നെ നോക്കി.. സങ്കടത്തിന്റെ ഒരു കണിക പോലുമില്ല അവന്റെ മുഖത്ത്.. പകരം ഒരു സംതൃപ്തിയാണ്.. എന്തോ നടന്നതിന്റെ.. അല്ല.. എന്തോ നടത്തിയതിന്റെ..! 

സിദ്ധു തന്റെ കുറച്ച് അപ്പുറത്തായി നിൽക്കുന്ന എസ്ഐയ്യെ നോക്കി അടുത്തേക്ക് വരാൻ കണ്ണ് കാണിച്ചു.. അയാൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു...

\"\"\" ആ നിൽക്കുന്നവനെ ഇവിടുത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞൊന്ന് സ്റ്റേഷനിൽ എത്തിക്കണം! എനിക്ക് അവനെയൊന്ന് കാണണം.. വിശദമായിട്ട്..!! ഒപ്പം അവന്റെ തന്തയെയും!!! \"\"\" കടുത്ത സ്വരത്തിൽ അത് പറയുമ്പോൾ അവന്റെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന ശാന്തഭാവം ഉണ്ടായിരുന്നില്ല.. ആ നിമിഷം അവന്റെ ഉള്ളിൽ നീതി നടപ്പിലാക്കുന്ന ഒരു ഐപിഎസ് ഓഫീസറുടെ കർത്തവ്യം ആയിരുന്നില്ല നിറഞ്ഞ് നിന്നത് പകരം പൂർണിയുടെ വേദനയായിരുന്നു..! അച്ഛനെ കാണാൻ ഓടി എത്തിയ ആ പാവം പെണ്ണിന്റെ അവസ്ഥ...!! അതായിരുന്നു അവനിൽ രോഷവും വൈഷമ്യവും നിറച്ചത്...!!!








തുടരും......................................








Tanvi 💕 



അവന്റെ മാത്രം ഇമ...!! 💕 - 7

അവന്റെ മാത്രം ഇമ...!! 💕 - 7

4.9
1212

വാസുദേവന്റെ മൃതശരീരം സംസ്കരിക്കാൻ എടുക്കുമ്പോൾ മാറാൻ കൂട്ടാക്കാതെ ഉച്ചത്തിൽ അലറി കരയുന്ന പൂർണിയെ ആരൊക്കെയോ ചേർന്ന് പിടിച്ച് മാറ്റി.. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയുമായിരുന്നില്ല.. വാസവദത്തന്റെ വീടിന് എതിർവശത്തായുള്ള കൃഷ്ണന്റെ വീട്ടിൽ ഭാമയെ അടക്കിയ സ്ഥലത്തിന് അടുത്ത് തന്നെ തന്നെയും അടക്കണമെന്ന് പണ്ട് എപ്പോഴോ വാസുദേവൻ പറഞ്ഞിരുന്നത് പ്രകാരം അവിടെ തന്നെയാണ് അടക്കം നടത്താൻ തീരുമാനിച്ചത്...അടക്കം ചെയ്യാൻ നേരം തളർന്ന് വീണ പൂർണിയെ ആരൊക്കെയോ അകത്തേക്ക് കൊണ്ട് പോയി കിടത്തുമ്പോൾ സിദ്ധുവിന് ഉള്ളിൽ വല്ലാത്ത നോവ് അനുഭവപ്പെട്ടു...ചടങ്ങുക