അവന്റെ മാത്രം ഇമ...!! 💕 - 13
പിറ്റേ ദിവസം ഉച്ചയോടെ സിദ്ധു തിരുവനന്തപുരത്തേക്ക് പോയി.. സുഭദ്രയോട് നന്നായി അടുത്തത് കൊണ്ട് പൂർണിയ്ക്ക് അവൻ പോകുന്നതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല.. സത്യത്തിൽ ഓർമ്മ വച്ച കാലത്തിന് ശേഷം ആദ്യമായി ഒരാളെ അമ്മ എന്ന് വിളിക്കാൻ കിട്ടിയ സന്തോഷം അവളുടെ ഉള്ളിൽ അത്രയും വേദനകൾക്കിടയിലും ഉണ്ടായിരുന്നു...
എന്നാൽ അങ്ങ് തിരുവനന്തപുരത്ത് നിൽക്കുമ്പോഴും പ്രണവിനെ ജയിലിൽ അടക്കാനുള്ള ഓരോ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന തിരക്കിൽ ആയിരുന്നു സിദ്ധു.. ഇടക്ക് ഒരു ദിവസം അവൻ തൃശൂർക്ക് പോയിരുന്നു.. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രണവിനെ റിമാൻഡ് ചെയ്തു...
ഇന്ന് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു പൂർണി സിദ്ധുവിന്റെ വീട്ടിൽ വന്നിട്ട്.. സിദ്ധു എന്നും രാത്രി വിളിക്കാറുണ്ട് വീട്ടിലേക്ക്.. എങ്കിലും പൂർണി അധികമൊന്നും അവനോട് സംസാരിക്കാറില്ല.. ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങി നിൽക്കും അവരുടെ സംഭാഷണം.. അതും സിദ്ധു എന്തെങ്കിലും ചോദിച്ചാൽ മാത്രമാണ് അവൾ മറുപടി പറയുന്നത്.. അവൾ ആകെ അവനോട് ചോദിക്കുന്ന ചോദ്യം \' കഴിച്ചോ \' എന്ന് മാത്രമാണ്.. അതിന് അവൻ ചിരിയോടെ തന്നെ മറുപടി പറയും.. ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് പൂർണിയിൽ സുഭദ്രയുണ്ടാക്കിയെടുത്ത മാറ്റം സത്യത്തിൽ അതിശയിപ്പിക്കുന്നതാണ്.. സംസാരവും ചെറിയ കുസൃതിയും ഒക്കെയായി ആളാകെ മാറി എന്ന് പറയുന്നതാണ് ശരി.. സിദ്ധുവിനോട് അധികം സംസാരമൊന്നും ഇല്ലെങ്കിലും നാട്ടിലുള്ള എല്ലാവരോടും ഇപ്പൊ അവൾ നല്ല കൂട്ടാണ്.. അമ്മയുടെയും അച്ഛന്റെയും ചെല്ലകുട്ടിയായി നടക്കുകയാണ് അവൾ ഇപ്പോൾ...
🔹🔹🔹🔹
രാവിലെ സുഭദ്രയുടെ അടുത്തിരുന്ന് തേങ്ങ തിന്നുന്ന തിരക്കിലാണ് പൂർണി.. പുറത്തേക്കുള്ള പടിയിൽ ഇരുന്ന് തേങ്ങ ചിരകുകയാണ് സുഭദ്ര.. അവരുടെ അടുത്തിരുന്ന് ഓരോന്ന് പറയുന്ന കൂട്ടത്തിൽ കുറച്ച് തേങ്ങ എടുത്ത് അവൾ വായിലേക്ക് ഇടും.. അവളെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് വീണ്ടും സുഭദ്ര ചിരിയോടെ തേങ്ങ ചിരകാൻ തുടങ്ങും...
\"\"\" അമ്മേ, കിച്ചൻ പറഞ്ഞല്ലോ ഇവിടെ അടുത്ത് വയലും പുഴയും ഒക്കെയുണ്ടെന്ന്.. അതെവിടെയാ? നല്ല ദൂരമുണ്ടോ? \"\"\" അവൾ അവരെ നോക്കി സംശയത്തോടെ ചോദിച്ചു...
\"\"\" ഇല്ല, മോളെ.. അതിവിടെ അടുത്ത് തന്നെയാ.. പക്ഷേ, അധികം ആരും അങ്ങോട്ട് പോകാറില്ല... \"\"\" അവർ അവളെ നോക്കി പുഞ്ചിരിയോടെ തന്നെ പറഞ്ഞു...
\"\"\" അതെന്താ? \"\"\" അവൾ നെറ്റിചുളിച്ചു...
\"\"\" വയലിന് അടുത്തൊരു വീടുണ്ട്.. ഒരു ശിവൻകുട്ടിയുടെ.. അയാൾ ആളത്ര ശരിയല്ല.. കുടിയും വലിയും ഒക്കെയായി നടക്കുന്നയാളാ.. അതുവഴി ആരെങ്കിലും പോകുന്നത് കണ്ടാൽ മതി.. അപ്പൊ വഴക്ക് ഉണ്ടാക്കും.. വെറുതെ പ്രശ്നം ഉണ്ടാക്കേണ്ടന്ന് കരുതി ആരും അതുവഴി പോകാറില്ല.. സത്യത്തിൽ ആ വയലൊക്കെ അയാളുടേത് ആണെന്നാണ് ചിലർ പറയുന്നത്.. ആവോ.. ഞങ്ങൾക്കറിയില്ല... \"\"\"
പൂർണി ഒന്ന് മൂളി...
\"\"\" മോളെ... \"\"\" മുറ്റത്ത് നിന്ന് വർദ്ധന്റെ വിളി കേട്ട് പൂർണി ഇരുന്നിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റ് അകത്തേക്ക് ഓടി...
\"\"\" പതിയെ പോ, മോളെ.. എവിടെയെങ്കിലും തട്ടി വീഴും... \"\"\" പിന്നിൽ നിന്ന് സുഭദ്ര വിളിച്ച് പറഞ്ഞു...
\"\"\" അഹ്, അമ്മേ... \"\"\" അവർക്ക് മറുപടിയായി പറഞ്ഞിട്ട് അവൾ ഉമ്മറത്തേക്ക് ഓടി.. ഉമ്മറം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും അവളുടെ കണ്ണുകൾ വിടർന്നു.. അവൾ അമ്പരപ്പോടെ പുറത്തേക്ക് ഇറങ്ങി.. അവിടെ ഒരു സൈക്കിളും പിടിച്ച് നിൽക്കുന്ന വർദ്ധനെയും ആ സൈക്കിളിലേക്കും അവൾ മാറി മാറി നോക്കി...
\"\"\" ഇതാർക്കാ?, അച്ഛാ... \"\"\" അവൾ അതേ ഭാവത്തിൽ അയാളോട് ആരാഞ്ഞു...
\"\"\" ഇതോ.. ഇതച്ഛന്റെ ഈ വഴക്കാളി കുട്ടിക്കാ... \"\"\" അവളുടെ തോളിൽ കൈയ്യിട്ട് കൊണ്ട് അയാൾ പറഞ്ഞതും അവളുടെ കണ്ണുകളൊന്ന് നിറഞ്ഞു.. അവൾ അയാളെ തന്നെ നോക്കി.. വീണ്ടും ഒരച്ഛന്റെ സ്നേഹം.. അത് കഴിഞ്ഞ കുറേ ദിവസങ്ങളായി ആവോളം അനുഭവിക്കുന്നുണ്ട്.. ഓരോ നിമിഷവും അവർ തന്നെ സ്നേഹിച്ച് തോൽപ്പിക്കുകയാണെന്ന് തോന്നി അവൾക്ക്...
\"\"\" ഹാ.. ഇങ്ങനെ മിഴിച്ച് നോക്കി നിൽക്കാതെ അങ്ങോട്ട് കയറിയേ... \"\"\" അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ച് കൊടുത്ത ശേഷം അയാൾ അവളെ സൈക്കിളിന് അടുത്തേക്ക് കൊണ്ട് പോയി...
\"\"\" ഇഷ്ടമായോ മോൾക്ക്..? ഇഷ്ട നിറം മറൂൺ ആയത് കൊണ്ടാ അച്ഛൻ ആ നിറം തന്നെ വാങ്ങിയത്... \"\"\" അയാൾ പറഞ്ഞ് നിർത്തിയതും അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു...
കരയുകയായിരുന്നു അവൾ.. എന്തിനെന്ന് അറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു അവളുടെ കണ്ണുകൾ...
\"\"\" അയ്യേ.. കരയ്യാ അച്ഛന്റെ പൊന്ന്.. ദേ.. ഇങ്ങോട്ട് നോക്കിയേ.. ഇഷ്ടമായില്ലേ മോൾക്ക്? എന്നാ അച്ഛൻ വേറെ വാങ്ങി വരാം... \"\"\" അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി അയാൾ വിഷമം അഭിനയിച്ച് പറഞ്ഞതും അവൾ തന്റെ കണ്ണുകൾ രണ്ടും അമർത്തി തുടച്ച് അയാളെ നോക്കി ചിരിച്ചു...
\"\"\" ഇഷ്ടമായി, അച്ഛാ... \"\"\" അവൾ ചിരിയോടെ തന്നെ പറഞ്ഞു.. അയാൾ അവളുടെ കവിളിൽ ഒന്ന് തട്ടി...
\"\"\" ആഹാ.. ഇത് കൊള്ളാല്ലോ... \"\"\" വാതിൽക്കൽ നിന്ന് സുഭദ്രയുടെ വാക്കുകൾ കേട്ട് അവർ ഇരുവരും ഒരുപോലെ അവിടേക്ക് നോക്കി...
\"\"\" കണ്ടോ, അമ്മേ.. അച്ഛൻ വാങ്ങിയിട്ട് വന്നതാ എനിക്ക്... \"\"\" സുഭദ്രയുടെ അടുത്തേക്ക് ചെന്ന് അവൾ സന്തോഷത്തോടെ പറയുന്നത് കേട്ട് വർദ്ധൻ ചിരിയോടെ ഉമ്മറത്തേക്ക് കയറി.. എന്നാൽ, സുഭദ്രയുടെ കൈയ്യിൽ ഇരുന്ന ഫോണിൽ വീഡിയോ കോൾ ചെയ്ത സിദ്ധു ഞെട്ടി മിഴിച്ച് ഇരിക്കുകയായിരുന്നു...
അവൻ അവിടെ നിന്ന് പോകുമ്പോൾ കണ്ട ആളല്ല അവളെന്ന് തോന്നി അവന്.. അതിനേക്കാൾ ഉപരി അവനെ ഞെട്ടിച്ചത് അവളുടെ സംസാരമാണ്.. അവയിലെ മാറ്റമാണ്.. താൻ വിളിക്കുമ്പോൾ വായ തുറക്കുന്നത് തന്നെ കുറവാണല്ലോ ഇവൾ..? പിന്നെ, ഇപ്പൊ എന്താ ഇങ്ങനെ...?! അവൻ പെട്ടന്ന് ആലോചനയ്ക്ക് വിരാമം ഇട്ട് ഒന്ന് തലകുടഞ്ഞു...
\"\"\" അമ്മാ... \"\"\" ഫോണിൽ നിന്ന് അവന്റെ ശബ്ദം കേട്ട് പൂർണി ഞെട്ടി അതിലേക്ക് നോക്കി.. സിദ്ധുവിന്റെ മുഖം കണ്ടതും അവളുടെ കണ്ണ് മിഴിഞ്ഞു...
\"\"\" അവളുടെ ആധാർകാർഡിന്റെ ഫോട്ടോ എടുത്ത് അയക്കാൻ പറയ്യ്... \"\"\" അത്ര മാത്രം പറഞ്ഞ് അവൻ കോള് കട്ട് ചെയ്തു...
പൂർണിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.. സാധാരണ തന്നോട് ചിരിയോടെ ഓരോന്ന് സംസാരിക്കുന്നവന്റെ മുഖത്ത് ഇന്ന് ആ ചിരിയില്ലെന്നത് അവൾ ശ്രദ്ധിച്ചു...
\"\"\" അത് ഞാൻ അയച്ചോളാം.. മോള് പുതിയ സൈക്കിളിൽ ഒന്ന് പുറത്തൊക്കെ ചുറ്റിയിട്ട് വാ.. ചെല്ല്... \"\"\" അവർ അവളുടെ കവിളിൽ തട്ടി പറഞ്ഞതും അവൾ ശരിയെന്ന പോലെ തലയനക്കിയിട്ട് തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങി...
ഇതേ സമയം ഓഫീസിൽ മുഖവും വീർപ്പിച്ച് ഇരിക്കുകയായിരുന്നു സിദ്ധു...
\"\"\" എന്നോട് സംസാരിക്കുമ്പോ മാത്രം അവൾക്ക് വായ അനങ്ങില്ല.. കുട്ടിപിശാശ്.. നിനക്ക് ഞാൻ കാണിച്ച് തരാമെടി... \"\"\" അവൻ ഫോൺ മാറ്റി വച്ച് പിറുപിറുത്തു...
🔹🔹🔹🔹
പൂർണി സൈക്കിളും കൊണ്ട് നേരെ പോയത് കിച്ചനെ കാണാൻ ആയിരുന്നു.. കിച്ചന്റെ വീട്ടിലേക്കുള്ള ഇടവഴി കഴിഞ്ഞതും അവൾ സൈക്കിൾ നിർത്തി.. തൊട്ട് ഇപ്പുറത്തെ വീടിന് പുറത്ത് നിന്ന് ഫോൺ ചെയ്യുന്ന സച്ചിയെ കണ്ട് അവളൊന്ന് ആലോചിച്ചു.. അന്ന് ടെക്സ്റ്റൈൽസിൽ പോയി മടങ്ങി വരും വഴി ജംഗ്ഷൻ എത്തിയപ്പോൾ സച്ചിയെ സിദ്ധു അവൾക്ക് കാണിച്ച് കൊടുത്തിരുന്നു.. ആ ഓർമ്മയിലാണ് അവൾ അവനെ തിരിച്ചറിഞ്ഞത്...
\"\"\" കിച്ചനെ കണ്ടോ?, സച്ചിയേട്ടാ... \"\"\" അവൾ ഉറക്കെ വിളിച്ച് ചോദിച്ചതും ചുളിഞ്ഞ നെറ്റിയോടെ അവൻ തിരിഞ്ഞ് നോക്കി.. അവളെ കണ്ട് ആ കണ്ണുകൾ ചുരുങ്ങി.. അവനൊന്നും മിണ്ടാതെ അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് തിരിഞ്ഞ് അകത്തേക്ക് കയറി പോയി...
ഒരു നെടുവീർപ്പോടെ അവൾ സൈക്കിളുമായി കിച്ചന്റെ വീട്ടിലേക്ക് പോയി...
\"\"\" ഏഹ്.. ഇതെവിടുന്നാ ചേച്ചീ സൈക്കിള്..? \"\"\" പുസ്തകം അടച്ച് മാറ്റി വച്ച് കൊണ്ട് കിച്ചൻ പടിയിറങ്ങി ഗേറ്റ് കടന്ന് വന്നവളുടെ അടുത്തേക്ക് ചെന്നു...
\"\"\" അച്ഛൻ വാങ്ങി തന്നതാ... \"\"\" അവൾ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു...
\"\"\" ആഹാ.. കൊള്ളാമല്ലോ... \"\"\"
\"\"\" നീ പഠിക്കുവായിരുന്നോ? \"\"\" പടിയിൽ ഇരിക്കുന്ന പുസ്തകത്തിലേക്ക് കണ്ണ് പായിച്ചു കൊണ്ടവൾ ചോദ്യം ഉന്നയിച്ചു...
\"\"\" അടുത്ത മാസം തേർഡ് സെമെസ്റ്റർ എക്സാമാ.. അതുകൊണ്ട് വെറുതെ ഒന്ന് നോക്കിയതാ... \"\"\"
\"\"\" എന്നാ നീ പഠിച്ചോ.. ഞാൻ വെറുതെ വന്നതാ.. നേരം ഇരുട്ടാറായി.. ശരിയെന്നാ... \"\"\"
അവൾ സൈക്കിളിലേക്ക് കയറി ഇരുന്ന് കൊണ്ട് പറഞ്ഞു...
\"\"\" ഇനിയിപ്പോ ഒറ്റക്ക് പോകണ്ട.. ഞാനും വരാം കൂട്ടിന്.. ഒരു മിനിറ്റ് നിൽക്ക്... \"\"\" അതും പറഞ്ഞ് അവൻ അകത്തേക്ക് ഓടി.. കിച്ചൻ ഇപ്പൊ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുകയാണ്.. ബോട്ടണിയാണ് എടുത്തിരിക്കുന്നത്...
അകത്തേക്ക് പോയ കിച്ചൻ ഫോണുമായി ഇറങ്ങി വന്നു...
\"\"\" ഇരുട്ടിയാൽ പിന്നെ വഴി കാണില്ല.. ചേച്ചി വാ... \"\"\"
\"\"\" എന്നാൽ പിന്നെ നിനക്ക് സൈക്കിളും എടുത്ത് വന്നാൽ പോരേ? \"\"\" അവൾ സൈക്കിളിൽ നിന്ന് ഇറങ്ങി അതുരുട്ടി ഗേറ്റിന് വെളിയിലേക്ക് ഇറക്കി...
\"\"\" അതിൽ കാറ്റില്ല, ചേച്ചീ.. അല്ല, ചേച്ചിയ്ക്ക് നേരത്തേ സൈക്കിൾ ഓടിക്കാൻ അറിയുമായിരുന്നോ? \"\"\" മുന്നോട്ട് നടക്കുന്ന കൂട്ടത്തിൽ അവൻ ചോദിച്ചു...
\"\"\" മ്മ്മ്.. കുഞ്ഞിലേ അമ്മാച്ഛൻ ഒരു സൈക്കിൾ വാങ്ങി തന്നിട്ടുണ്ട്.. അച്ഛൻ ഇടക്ക് അവധി കിട്ടിയപ്പോ പഠിപ്പിച്ച് തന്നു.. പിന്നെ, ആ സൈക്കിൾ കേടാകുന്നത് വരെ അതിൽ തന്നെയായിരുന്നു സഞ്ചാരം... \"\"\" അവൾ വേദനയാർന്നൊരു ചിരിയോടെയാണ് അത്രയും പറഞ്ഞത്...
\"\"\" ഹാ.. അതൊക്കെ പോട്ടെ.. സിദ്ധുവേട്ടൻ വിളിച്ചോ? \"\"\" അവൻ വിഷയം മാറ്റാനായി ചോദിച്ചു...
\"\"\" മ്മ്മ്.. അമ്മയെ വിളിച്ചിരുന്നു... \"\"\"
\"\"\" എന്നിട്ട് ചേച്ചിയോട് സംസാരിച്ചില്ലേ? \"\"\"
\"\"\" ഇല്ല.. ഇന്ന് ഒന്നും ചോദിച്ചില്ല... \"\"\" ആലോചനയോടെ അവൾ പറയുന്നത് കേട്ട് അവൻ അവളെ അന്തം വിട്ട് നോക്കി...
\"\"\" അതെന്താ ചോദിച്ചാലെ സംസാരിക്കു എന്നാണോ? ചേച്ചി ഒന്നും ചോദിക്കാറില്ലേ..? \"\"\" അവൻ അത്ഭുതപെട്ടു...
\"\"\" അത്.. നീ ആരോടും പറയില്ലെങ്കിൽ ഞാൻ പറയാം... \"\"\" അവൾ മടിച്ച് മടിച്ച് പറഞ്ഞതും അവൻ അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി.. അപ്പോഴേക്കും വീട് എത്തിയിരുന്നു...
\"\"\" അത്.. ഞാൻ എന്തെങ്കിലും സംസാരിക്കുമ്പോ ഇടക്ക് സാർ എന്ന് വിളിച്ച് പോകും.. അപ്പൊ, ഈ സാർ വിളി ഒന്ന് നിർത്താൻ എത്ര തവണ പറഞ്ഞു, കുഞ്ഞേ.. എന്ന് ചോദിക്കും.. അത് കേൾക്കുമ്പോ എനിക്ക്.. എന്തോ പോലെ തോന്നും.. ഞാൻ എന്ത് ചെയ്യാനാടാ? ആദ്യമേ ശീലിച്ചത് കൊണ്ട് ആ വിളി മാറുന്നില്ല... \"\"\" അവൾ അല്പം ജാള്യതയോടെ പറഞ്ഞ് നിർത്തി അവനെ നോക്കി.. അടുത്ത നിമിഷം ഒരു പൊട്ടിചിരിയായിരുന്നു അവൻ.. അവൾ അവനെ കൂർപ്പിച്ച് നോക്കി...
\"\"\" നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? \"\"\" അവൾ അവന്റെ കൈയ്യിൽ തല്ലി...
\"\"\" പിന്നെ ചിരിക്കാതെ? ചേച്ചിയ്ക്ക് ഇരുപത്തിമൂന്ന് വയസ്സാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ശരിക്കും എത്ര വയസ്സുണ്ട്? ഈ ബിഎഡ് കഴിഞ്ഞതാണെന്ന് ഒക്കെ പറയുന്നത് ഉള്ളതാണോ? \"\"\" ചോദിച്ച് കഴിഞ്ഞാണ് അവൻ അവളുടെ മുഖം ശ്രദ്ധിച്ചത്.. ചുവന്ന് തക്കാളി പോലെ ഇരിക്കുന്ന മൂക്കും.. വീർത്ത കവിളും.. കൂർപ്പിച്ച നോട്ടവും കണ്ട് അവനൊന്ന് ഇളിച്ച് കാണിച്ചു...
\"\"\" പോടാ പട്ടീ...!! ഇനി നീ പൂർണിയേച്ചി കോച്ചീ എന്നൊക്കെ വിളിച്ച് വാ.. തിരിഞ്ഞ് നോക്കില്ല ഞാൻ.. നിന്നോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ!! മിണ്ടില്ലടാ തെണ്ടീ ഞാൻ നിന്നോട്.. അലവലാതി..!! നീ എക്സാമിന് സപ്ലി വാങ്ങുമെടാ.. നോക്കിക്കോ...!!! \"\"\" ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് അവൾ മുന്നിലെ ഗേറ്റ് തള്ളി തുറന്ന് സൈക്കിളുമായി അകത്തേക്ക് കയറി പോയി.. അവൻ പകച്ച് പണ്ടാരമടങ്ങി പോയി.. എന്താ ഇപ്പൊ ഇവിടെ ഉണ്ടായെ? എന്ന എക്സ്പ്രഷനിൽ അവൻ തിരിഞ്ഞ് നടന്നു...
തുടരും...................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 14
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ പൂർണി മുറിയിൽ തന്നെയായിരുന്നു.. ഭക്ഷണം കഴിക്കുന്ന നേരവും മുഖവും വീർപ്പിച്ച് അവൾ ഇരിക്കുന്നത് കണ്ട് സുഭദ്ര കാര്യം തിരക്കി...\"\"\" എന്താ?, മോളെ.. എന്തിനാ നീ ഇങ്ങനെ ഇരിക്കുന്നെ? ഇന്നലെ മുതൽ തുടങ്ങിയതല്ലേ ഈ ഇരിപ്പ്? എന്താ കാര്യം? \"\"\" അവളുടെ നെറുകയിൽ തലോടി കൊണ്ട് അവർ അരുമയായി ചോദിച്ചു...\"\"\" ഒന്നുമില്ല, അമ്മാ... \"\"\"അവരൊന്ന് മൂളി...\"\"\" സിദ്ധു വിളിച്ചിരുന്നോ, സുഭദ്രേ... \"\"\" വർദ്ധനായിരുന്നു അത് ചോദിച്ചത്...\"\"\" ഇല്ല.. ഇന്നലെ മോളുടെ ആധാർ കാർഡിന്റെ ഫോട്ടോ അയക്കാൻ പറഞ്ഞ് വിളിച്ചത് തന്നെയാ.. അതിന് ശേഷം ഈ നേരം വരെ വിളിച്ചിട്ടില്ല.. അല്ലെങ്കിലും ഇതവന് ഉള്ളത്