Aksharathalukal

കനകമയൂരം



ഭാഗം - 14


ചെവിയിൽ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുന്നു വീണ്ടും വീണ്ടും.

" അവനു മെൻ്റലി ചെറിയ പ്രോബ്ലം ഉണ്ട്. എന്ന് വെച്ചാ പ്രാന്തൊന്നും അല്ല. അവൻ്റെ അച്ഛൻ്റെ മരണത്തോടെ സംഭവിച്ചതാണ്. കുറച്ച് കാലം മുൻപാണ്. അച്ഛൻ മരിച്ചതിന് ശേഷം അവൻ അവരുടെ ബിസിനസ് ഏറ്റെടുക്കാനായി, പഠനം മതിയാക്കി വന്നിരുന്നു നാട്ടിൽ. അപ്പോളാണ് അവനു സുഖമില്ലാതെ ആയത്. പിന്നെ ഒരു കൊല്ലത്തോളം മെൻ്റൽ അസൈലത്തിലായിരുന്നു. ഭേദം ആയതിനു ശേഷം വീണ്ടും പോയി പഠനം പൂർത്തിയാക്കി തിരിച്ച് വരികയാണ് ചെയ്തത്. എന്നിട്ടാണ് ബിസിനസ് ഒക്കെ നേരെയാക്കി എടുത്തത്."

" ഞാൻ ഇതൊന്നും കേട്ടിട്ട് കൂടിയില്ലല്ലോ."

"നിനക്ക് അല്ലെങ്കിലും അവൻ ആരാണെന്ന് പോലും അറിയില്ലായിരുന്നല്ലോ. "

" അതല്ല, ഇങ്ങിനെ ഒരു സംഭവം"

" നീ മാത്രമായിരിക്കും കേൾക്കാത്തത്.നിൻ്റെ അമ്മക്കും അച്ഛനും ഒക്കെ അറിയുന്നുണ്ടാവും. എൻ്റെ അമ്മയുടെ ബന്ധു കൂടിയാണ് ഈ ഹരി. അതോണ്ടാ ഞാൻ ഇത്ര കൃത്യമായി പറയണേ."

" അല്ലെങ്കിലും ചേച്ചി, എനിക്ക് അയാളോട് അങ്ങിനെ ഒന്നും ഇല്ല."

"അങ്ങിനെ ആണെങ്കിൽ കുഴപ്പല്ല്യ. അതല്ല, നിൻ്റെ മനസ്സിൽ അരുതാത്തത് എന്തെങ്കിലും വളരുന്നുണ്ടെങ്കിൽ അത് കളഞ്ഞോട്ടെ എന്ന് വെച്ച് പറഞ്ഞതാണ്.നീ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ."

പിറകിലിരുന്ന എൻ്റെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ ചേച്ചി തുടർന്നു.

" ഇപ്പൊ അവനു കുഴപ്പം ഒന്നുമില്ല കുറേ കാലായിട്ട്. പക്ഷേ, ഇതെല്ലാം അറിയുന്ന ചെറിയച്ഛനും മേമയും നിന്നെ അവനു കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല."

" ചേച്ചീ..."

" അവനു നിന്നോട് പ്രേമാണെന്ന് അവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ?"

"ഇല്ല"

" പിന്നെ, നീ മാത്രം എന്തേലും മനസ്സിൽ കൊണ്ട് നടന്നിട്ട് എന്തിനാ?" 

" ചേച്ചീ, ഞാൻ...."


"എനിക്ക് നിന്നെ അറിയാം അമ്മൂ.കുഞ്ഞിലെ തൊട്ട് ഞാൻ കൊണ്ട് നടന്നിരുന്ന കുട്ടിയാ നീ. നിൻ്റെ മനസ്സ് മാറിയ എനിക്ക് അറിഞ്ഞൂടെ.
അവനു നിന്നോട് സീരിയസ് ആയി ഒന്നും ഉണ്ടാവണം എന്ന് പോലും ഇല്ല. ഇത് വരെ ഒന്നും പറഞ്ഞിട്ട് കൂടി ഇല്ലല്ലോ. ഇതൊരു നേരം പോക്കായിക്കൂടെ അവന്? അങ്ങിനെ കരുതി വിട്ട്കള നീ അത്"

വീടെത്തിയത് ആത്മാവില്ലാത്ത ശരീരം പോലെ ആണ്. കുളിക്കാൻ കേറി ചെന്ന പാടെ.ശബ്ദമില്ലാതെ കുറെ കരഞ്ഞു.കുറെ സങ്കടം വെള്ളത്തിൽ കൂടി ഒഴുക്കി കളഞ്ഞു.

പിറ്റേന്ന്, ആ ബസ് കിട്ടാതിരിക്കാൻ വേണ്ടി മനപൂർവ്വം നേരം വൈകിച്ചു. കീർത്തുവിനോട് ഒന്നും പറഞ്ഞില്ല. ആരും അറിയേണ്ടെന്നു തോന്നി. പക്ഷേ , അവൾക്ക് എൻ്റെ മാറ്റം പെട്ടെന്ന് മനസ്സിലായി. എന്തോ, അവളും ഒന്നും ചോദിച്ചില്ല.

കുറച്ച് ദിവസങ്ങൾ കാണാതെ കടന്നുപോയി. എൻ്റെ ഉള്ളിലെ കുഴമറി ആരും അറിയണ്ടെന്ന് തോന്നി. ഇത് ഇപ്പൊൾ ചെയ്തെ ഒക്കൂ എന്നും തോന്നി. ഓരോ ദിവസവും ഓരോ യുഗം പോലെ ആണ് കടന്ന് പോയത്.

അതിനു പിറ്റേന്ന്, സ്റ്റോപ്പ് എത്തിയപ്പോളെ കണ്ടു, ഈ വഴിയിലേക്ക് കണ്ണും നട്ട് ബുള്ളറ്റിൽ ഇരിക്കുന്ന ആളെ. കാവുമുണ്ടും ബനിയനുമാണ്. അപ്പോ ഇന്ന് ജോലിക്ക് പോയിട്ടില്ല. ഞങ്ങൾ ബസ് കയറുന്ന വരെ അവിടെ ഉണ്ടായിരുന്നു. അത്ര നേരവും നോക്കാതെ നിന്നു.

ബസിൽ കയറിയപ്പോൾ ഒന്ന് പാളി നോക്കി. മുഖം നിറയെ പരിഭവം ആണ്. ചുണ്ടിൽ ചിരിയില്ലാതെ ആദ്യം കാണുകയാണ്. എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

ഞാൻ തിരിച്ച് പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു. ചുണ്ടുകൾ ഒരു വശത്തേക്ക് തിരിച്ച് മുഖം അനക്കി. അറിയാതെ ചെയ്തു പോയതാണ്. ഇഷ്ടമില്ല എന്നാണ് കാണിച്ചത്. വിഷമം ആയിക്കാണും എന്ന് കരുതി നോക്കിയപ്പോൾ ആ കണ്ണുകൾ വിടർന്നിരിക്കുന്നു. ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരി. നേരത്തെ കണ്ട വിഷാദഭാവം മൊത്തം മാറിയിരിക്കുന്നു.

ഈ ഭാവം കണ്ടപ്പോൾ ആണ് ചെയ്തത് എന്താണെന്ന് മനസിലായത്.അത് ആളിൽ സന്തോഷം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മുഖം കണ്ടാൽ, നേരത്തെ ഉണ്ടായിരുന്ന എല്ലാ പിണക്കവും പരിഭവവും തീർന്ന പോലെ.

ഞെട്ടിപ്പോയി...ഈശ്വരാ....
ഞാനെന്താണ് ചെയ്തത്?

പ്രോത്സാഹിപ്പിച്ച പോലെ ആയില്ലേ ഇത്. എല്ലാം അവസാനിപ്പിച്ചു എന്ന് തീരുമാനിച്ചിട്ട്, എന്താ താൻ ചെയ്തു വെച്ചിരിക്കുന്നത്?

ഇത്ര ദിവസം കാണാതെ ഇരുന്നത്, ഒഴിഞ്ഞു മാറിയത് എല്ലാം പിന്നെ എന്തിനായിരുന്നു. ഇന്ന് തന്നെ തേടി വന്നതാണെന്ന് മനസ് പറയുന്നു.ഇത്ര ദിവസം എവിടെയായിരുന്നു എന്ന ചോദ്യം ആ കണ്ണുകളിൽ ഉള്ള പോലെ തോന്നി.

എന്നിട്ട് ഞാനോ..?
എല്ലാ പരിശ്രമവും ഒറ്റ നോട്ടം കൊണ്ട് കുളമാക്കി വെച്ചിരിക്കുന്നു.
എൻ്റെ മുഖത്ത് വന്ന ഭാവങ്ങൾ സത്യം പറഞ്ഞാ ഞാൻ പോലും അറിഞ്ഞില്ല.


അന്നത്തെ ആ ഒറ്റ സംഭവത്തിൽ നിന്ന് ഒരു കാര്യം തീർത്തു മനസിലായി. എന്ത് പരിഭവം ഉണ്ടെങ്കിലും ആ മുഖം ഒന്ന് കണ്ടാൽ മതി,ഞാൻ എന്താണ് ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല. പിന്നെ എൻ്റെ മനസിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല. ഉള്ളിൽ ഉള്ളത് എന്തൊക്കെയൊ എങ്ങിനെയൊക്കെയോ പുറത്ത് വരുന്നു. ചുറ്റുമുള്ളതിനെക്കുറിച്ച് പോലും ചിന്ത ഇല്ല.

അതോടെ ഒരു തീരുമാനം കൂടി ഞാൻ എടുത്തു. ഇനി എന്തുണ്ടെങ്കിലും എൻ്റെ ആണ്. എനിക്ക് ഉപേക്ഷിക്കാൻ വയ്യ. എന്നിൽ അത്ര മേൽ പതിഞ്ഞു പോയിരിക്കുന്നു.എന്നെക്കൊണ്ട് ആവില്ല മറക്കാനും അവഗണിക്കാനും ഒന്നിനും.

എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ, ആ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കം ഉണ്ടായാൽ ഞാൻ തിരിച്ച് സമ്മതം പറയും.അച്ഛനെയും അമ്മയെയും ഞാൻ പറഞ്ഞ് സമ്മതിപ്പിക്കും. ആരു തടസ്സം നിന്നാലും എൻ്റെ ജീവിതം ഇതാണ്.ബാക്കി ഒന്നും എനിക്ക് അറിയണ്ട .എന്ത് വന്നാലും ഞാൻ ആ കൂടെയെ നിൽക്കൂ..


എൻ്റെ മനസ് ശാന്തമായി. എല്ലാ പേടികളും ഒഴിഞ്ഞ പോലെ ഞാൻ ശാന്തമായി ഉറങ്ങി.
രാത്രികൾ പിന്നെയും നിറമണിഞ്ഞു.ഞാൻ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി.





തുടരും..........






കനകമയൂരം

കനകമയൂരം

5
645

ഭാഗം -15കഴിഞ്ഞ ദിവസം അമ്മ പഴയ ആൽബം ഒക്കെ അമ്മുവിന് കാണിച്ച് കൊടുക്കുകയായിരുന്നു. ഓരോരുത്തരെയും കാണിച്ച് കൊടുക്കുന്നും ഓരോ കഥകൾ പറയുന്നും ഉണ്ട്. ഓഫീസ് വർക്ക് പെൻഡിങ് ഉണ്ടായിരുന്നത് ചെയ്യാൻ വേണ്ടി ഒരു ചെയർ ഇട്ട് മടിയിലൊരു ലാപും വെച്ച് ഞാനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഇടക്ക് കണ്ണുകൾ അവരുടെ നേരെ പോകുന്നും ഉണ്ട്. അതിനിടയിൽ ഒരു ആൽബം കണ്ടപ്പോൾ അമ്മയുടെ മുഖം മാറുന്നത് കണ്ടു. അമ്മ അതെടുത്ത് മാറ്റാൻ നോക്കിയപ്പോ അമ്മു അത് പിടിച്ച് വാങ്ങി. അത് അവൾ മറിച്ച് നോക്കുന്നതും കണ്ടു. പക്ഷേ, ആ മുഖം ഒന്ന് വിളറിയതായി എനിക്ക് തോന്നി. അത് കഴിഞ്ഞ് ആളു ചിരിച്ച് കൊണ്ട് ഓര