Aksharathalukal

കനകമയൂരം



ഭാഗം - 21


ഈശ്വരാ....
ഈ ഹരിയേട്ടൻ എന്താ ഇങ്ങിനെ..!

ഒരു ലക്കും ലഗാനും ഇല്ലാത്ത പെരുമാറ്റം. ഇനി ശെരിക്കും ആളു ഇങ്ങിനെ തന്നെ ആണോ.അറിയില്ല.ഇത്രയും അടുത്ത് കാണുന്നത് ,പെരുമാറുന്നത്, മിണ്ടുന്നത്, തൊടുന്നത്, അറിയുന്നത് എല്ലാം ആദ്യമാണ്. ആ മണം വരെ ഇപ്പൊൾ സദാസമയം എൻ്റെ മൂക്കിൽ ഉണ്ട്. എപ്പൊ വേണമെങ്കിലും ആ സാമിപ്യം തൊട്ടടുത്ത് പ്രതീക്ഷിക്കാം. 

ഒരിക്കൽ, ഒരു ജീവിതം മുഴുവൻ സ്വപ്നം കണ്ടത് ആളുടെ കൂടെയാണ്. അന്ന്, ഒരു വാക്ക് പോലും പറയാതെ എൻ്റെ ഇഷ്ടത്തെ കുഴിച്ചു മൂടിക്കളഞ്ഞു.ഇപ്പോളും ആ വേദന നെഞ്ചിനുള്ളിൽ കിടന്ന് നീറുന്നുണ്ട്. ഇപ്പൊ എനിക്ക് ഈ രണ്ടാം ജന്മം കിട്ടിയത് ഹരിയേട്ടൻ കാരണം തന്നെ ആണ്. പക്ഷേ, എല്ലാം മറക്കാനും പൊറുക്കാനും എനിക്ക് അത്ര പെട്ടെന്നാവില്ല. 


പക്ഷേ, എൻ്റെ എല്ലാ ഉറച്ച തീരുമാനങ്ങളും ഒന്ന് അടുത്ത് വന്ന് നിന്നാൽ തീരാവുന്നതേ ഉള്ളൂ. ഒന്ന് തൊട്ടാൽ ആ നിമിഷം ഞാൻ അലിഞ്ഞില്ലാതാകും. 


ഇന്നലെ കൂടി അത് ഞാൻ അറിഞ്ഞതാണ്. ഒരാഴ്ച്ച മുമ്പ് സ്ക്രാപ്പ് പെറുക്കുന്ന ആളുകൾ വന്നപ്പോൾ അമ്മ എന്നെയും കൂട്ടി, അടച്ച് കിടക്കുന്ന പഴയ കൊട്ടിൽ തുറന്ന് അകത്ത് കേറി.

"കുറച്ച് തിരഞ്ഞാൽ കുറെ സാധനങ്ങൾ ഉണ്ടാവും.എന്നും വിചാരിക്കും.അവർക്ക് എങ്കിലും ഉപകാരം ഉണ്ടാവട്ടെ."

ഞാനും കൂടി അമ്മേടെ കൂടെ തിരയാൻ. കൂട്ടത്തിൽ ചൈത്രയുടെയും ഹരിയേട്ടൻ്റെയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ. കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു കുത്തൽ പോലെ. അന്ന് ആൽബം കണ്ടപ്പോളും ഇങ്ങിനെ തന്നെ ആണ് തോന്നിയത്. പിന്നെ, അത് വേഗം മാറ്റിവെച്ചു.

പെട്ടെന്ന്, ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് കണ്ണിൽ പെട്ടു. എടുത്ത് തുറന്ന് നോക്കിയപ്പോൾ ഒരു കൊലുസ്സ്.കണ്ടിട്ട് അധികം പഴക്കം തോന്നിയില്ല. നല്ല ഭംഗി ഉണ്ട് കാണാൻ.അരികുകളിൽ ചെറിയ മുത്തുകൾ പിടിപ്പിച്ച്, നിറയെ തൂങ്ങലുകൾ ഉള്ള ഒന്ന്. കൈയ്യിൽ എടുത്ത് അനക്കിയപ്പോൾ കിലുകിലെ ശബ്ദമുണ്ടാക്കി. ഉള്ളിൽ വല്ലാത്ത ഒരു വിങ്ങലു തോന്നി.


അമ്മ കണ്ടു എന്ന് തോന്നിയപ്പോൾ, ഞാനും അമ്മയും ഒരേ സമയം വല്ലാതെ ആയി. 

" അതൊരു അടഞ്ഞ അദ്ധ്യായം ആണ് മോളേ, ഇപ്പോളും അവിടെ ഇവിടെ ആയി ചില ശേഷിപ്പുകൾ ഉണ്ടെന്ന് മാത്രം."

"ഇപ്പൊ ഒരു കൊല്ലം ആയോ അമ്മേ?"

" ആയിട്ടുണ്ടാവില്ല."

" ഹരിയേട്ടൻ അമ്മയോട് അതിനെപറ്റി ഇപ്പൊ സംസാരിക്കാറുണ്ടോ?"

" ഓ,ഇല്ല മോളേ. അവൻ പെട്ടെന്ന് അതുമായി പൊരുത്തപെട്ടിരുന്നു എന്ന് വേണം പറയാൻ."

" മ്മ്.."


മനസിൽ ആ കൊലുസ്സ് അങ്ങിനെ മായാതെ കിടന്നു. ഇടക്ക് ഇടക്ക് ഓർമ്മ വരും.ചൈത്ര ഒരുനാൾ ഹരിയേട്ടൻ്റെ ഭാര്യ ആയിരുന്നു. അത്കൊണ്ട് ഇതൊക്കെ സ്വാഭാവികം മാത്രമാണ്.പക്ഷേ, മനസ് അത് ഉൾക്കൊള്ളാൻ തയ്യാറായില്ല പലപ്പോളും.


ഓർമ്മ തിരിച്ച് വന്നത് ഈ വീട്ടിൽ വെച്ചാണ്. തളർന്ന് തുടങ്ങിയ തലച്ചോർ പൊടി തട്ടി എടുത്ത് ഓരോന്ന് ആയി ഓർത്തെടുത്ത കൂട്ടത്തിൽ ഹരിയേട്ടനെ തിരിച്ചറിഞ്ഞപ്പോൾ, ആദ്യം ഓർമ്മ വന്നത് ആ കല്യാണക്കുറി ആയിരുന്നു. പിന്നെ, അമ്മയും സുഭാഷിണിയമ്മയും കൂടി സംസാരിക്കുന്നത് കേട്ടാണ് പല കാര്യങ്ങളും പിടിച്ചെടുത്തത്.


ഒരു ബിസിനസ് ആവശ്യത്തിനായി ഹരിയേട്ടൻ ഇവിടെ ഇല്ലായിരുന്നു.പിറ്റേന്നാണ് ആളു വന്നത്. വന്ന് കേറിയത് ഞാൻ അറിഞ്ഞുകൂടി ഇല്ല. സ്റ്റൂൾ എടുത്ത് വെച്ച് അലമാരിയുടെ മുകളിൽ ഇരുന്ന കൃഷ്ണൻ്റെ ഒരു ഫോട്ടോ പുറത്തെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ.


വാതിൽ അടയുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, എന്നെയും നോക്കി വാതിലിൽ ചാരി കൈ കെട്ടി നിൽക്കുന്നു. സ്റ്റൂളിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും എൻ്റെ അടുത്തേക്ക് വന്നു.അരയിലൂടെ കൈ ഇട്ട് എന്നെ എടുത്ത് താഴെ ഇറക്കാൻ ഉള്ള പുറപ്പാടാണ്. ഞാൻ കുതറി മാറാൻ നോക്കിയിട്ട് നടക്കുന്നില്ല. അവസാനം ആ ശരീരത്തിലൂടെ ഊർന്നാണ് ഇറങ്ങിയത്.

എത്ര ശ്രമിച്ചിട്ടും എൻ്റെ നെഞ്ച് ആ മുഖം ഉരുമ്മിയാണ് താഴെ എത്തിയത്. വേഗം മാറാൻ നോക്കിയപ്പോളാണ് ആ കൈകൾ എന്നെ ചുറ്റിയിരിക്കയാണ് എന്നറിഞ്ഞത്. ഉന്തി മാറ്റാൻ നോക്കുംതോറും ആ കൈകളുടെ മുറുക്കം കൂടി വന്നു.

" ഹരിയേട്ടാ.."

അത്രയും തൊട്ടാണ് നിൽക്കുന്നത്.അത്കൊണ്ട് തന്നെ വളരെ പതുക്കെ ആണ് വിളിച്ചത്.

" ഓ..."
ആ കുറുകൽ എൻ്റെ ചെവിയിൽ ആണ് പതിച്ചത്.

" പ്ലീസ്... വിട് "

ഒന്നും മിണ്ടുന്നില്ല.എന്നെ തന്നെ നോക്കിയാണ് നിൽപ്പ്. ഒരു പ്രത്യേക ഭാവമാണ് ആ മുഖത്ത്.ഇല്ലാത്ത ശക്തി എടുത്ത് തിരിച്ചും കനപ്പിച്ച് ഒന്ന് നോക്കി.

എവിടെ..ഒരു കുലുക്കം ഇല്ല.

കുനിയുന്നതും കാതോരം ചേർന്ന് കണ്ണാ എന്നുള്ള വിളിയും കേട്ടു.


ഈശ്വരാ..നിലത്ത് നിന്ന് ഉയർന്നു പൊന്തിയിരുന്നു അപ്പോളേക്കും. പെട്ടെന്ന് ആ ചുണ്ടുകൾ എൻ്റെ ചുണ്ടിനെ പൊതിഞ്ഞു. ഞാൻ ഉന്തിമാറ്റാനായി കൈകൾ ഉയർത്തിയതും രണ്ട് കൈയും കൂടി പുറകിലേക്ക് കൂട്ടിപ്പിടിച്ചു. അപ്പോളും ചുണ്ടുകൾ ബന്ധനത്തിൽ തന്നെ ആയിരുന്നു.

കാലു നിലത്ത് കുത്താതെ ആയിരുന്നു എൻ്റെ നിൽപ്പ്. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. പതിയെ, എൻ്റെ ചുണ്ടുകളെ മോചിപ്പിച്ചതും ഞാൻ കുഴഞ്ഞ് ആ നെഞ്ചിൽ ചാഞ്ഞിരുന്നു.

" എൻ്റെ കണ്ണൻ തോറ്റുപോയോ ? "

ഞാൻ വേഗം ആ ദേഹത്ത് നിന്ന് പിടഞ്ഞു പിന്നാക്കം മാറി. മുഖത്ത് ഗൗരവം വരുത്താൻ ശ്രമിച്ച് നിൽക്കയാണു.

" ഇനിയും ഗമ കാണിച്ചാ ഞാൻ വീണ്ടും തരും.എന്തിനാ എന്നോട് പിണങ്ങിയെ?"

" ഞാ....ഞാൻ..പി..പിണങ്ങിയില്ല."

" അയ്യ. നിൻ്റെ മുഖം മാറിയാ എനിക്ക് അറിഞ്ഞൂടെ?..കാര്യം പറ കണ്ണാ..."

" ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങിനെ വിളിക്കരുതെന്ന് "

"പിന്നെന്താ വിളിക്കണ്ടെ.? "

മുഖം എന്നോട് ആവുന്നത്ര അടുപ്പിച്ചാണ് ചോദ്യം.ഞാൻ ആ ചുണ്ടുകൾ കൈ കൊണ്ട് പൊത്തി പിടിച്ചു. ആ കണ്ണുകൾ അത്ര അടുത്ത് കാണെ എനിക്ക് എൻ്റെ ശരീരത്തിൻ്റെ വരെ നിയന്ത്രണം പോയിക്കൊണ്ടിരുന്നു.


എൻ്റെ കൈയിലേക്ക് ഒരു ചെറിയ ബോക്സ് വെച്ച് തന്നു. നോക്കിയപ്പോൾ ഒരു കൊലുസ്സ്.
എനിക്ക് ദേഷ്യം ആണ് വന്നത്. ഞാൻ തിരിച്ച് ആ കൈയ്യിൽ തന്നെ വെച്ച് കൊടുത്തു.

" എനിക്ക് എങ്ങും വേണ്ട.ആർക്കാച്ചാ കൊടുത്തോ"

പോകാൻ നിന്ന എന്നെ മുറുകെ പിടിച്ച് ആ ശരീരത്തോട് അടുപ്പിച്ച് നിർത്തി.

" എൻ്റെ വലിയ ആഗ്രഹമായിരുന്നു നിൻ്റെ കാലിൽ ഇടാൻ ഒരു കൊലുസ്സ് വാങ്ങി തരണം എന്ന്. ഒരിക്കൽ വാങ്ങുകെം ചെയ്തിരുന്നു. അന്നത് തരാൻ പറ്റിയില്ല. പിന്നെ, ഒരിക്കേ ചൈത്ര അത് എടുക്കാൻ നോക്കിയപ്പോൾ അത് വാങ്ങി മാറ്റി വെച്ചു.പിന്നെ, അത് എങ്ങും കണ്ടില്ല.

അപ്പോ അതാണ് കണ്ടപ്പോൾ പഴക്കം തോന്നാഞ്ഞത്. ഉള്ളിൽ ചെറിയ സന്തോഷം തോന്നി.എന്നാലും, അത്ര പെട്ടെന്ന് തോറ്റു കൊടുക്കരുതല്ലോ.മിണ്ടാതെ നിന്നു.

" ഇനി വാങ്ങിക്കൂടെ?"

കൊഞ്ചിക്കൊണ്ടാണ് ചോദ്യം.മെല്ലെ കൈ നീട്ടി വാങ്ങി. പെട്ടെന്ന് ചിരിച്ചു കൊണ്ട് എൻ്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. ഒരു ആന്തലോടെ ഞാൻ ഉയർന്നു പൊങ്ങി. ആ ചുണ്ടുകൾ എൻ്റെ കഴുത്തിൽ പതിഞ്ഞു.അറിയാതെ തന്നെ എന്നിൽ നിന്ന് ഒരു ശബ്ദമുയർന്നു.

എന്നെ നോക്കി ഒന്ന് ചിരിച്ച് ആളു റൂമിൽ നിന്ന് പോയി.
ഞാനോ.. ആ കൊലുസ്സും പിടിച്ച് എത്ര നേരം ഇരുന്നെന്ന് എനിക്ക് തന്നെ അറിയില്ല.ഓരോന്നും ഓരോ ഷോക്ക് ആണ് ഉണ്ടാക്കുന്നത്. എത്ര വെയിറ്റ് പിടിച്ച് ഇരുന്നാലും എന്നെ വീഴ്ത്താൻ ആൾക്ക് അറിയാം.

അതോടെ ,ഗൗരവം കാണിക്കാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു.മുഖഭാവം മാറിയാൽ പിന്നെ ഇതാണ് അങ്കം. ആ സാമിപ്യം പോലും എന്നെ അത്രമേൽ വിറകൊള്ളിച്ചു.





തുടരും .....








കനകമയൂരം

കനകമയൂരം

4
588

 ഭാഗം - 22അനന്തു ആയിട്ടുള്ള കല്യാണത്തിന് സമ്മതിച്ചത് ഒരു വാശിപ്പുറത്ത് ആണെങ്കിലും, ഒരിക്കലും എൻ്റെ വാശി എന്നെ സ്നേഹിക്കുന്ന ആരുടെയും ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. പിന്നെ, എൻ്റെ മണ്ടത്തരം കൊണ്ട് ഞാൻ വേദനിക്കുന്നതിന് വേറെ ആരും കാരണം അല്ല എന്നും ഞാൻ കരുതി. അതിനു ബാക്കി ഉള്ളവരെ ശിക്ഷിച്ചിട്ട് എന്താ കാര്യം..പക്ഷെ, അനന്തു ഞാൻ വിചാരിച്ച പോലെ ഒരാളെ അല്ലായിരുന്നു. കല്യാണത്തിന് ഞാൻ സമ്മതം പറഞ്ഞപ്പോൾ എത്രയും വേഗം അത് നടത്തണം എന്നായിരുന്നു എല്ലാവർക്കും. അതിനിടയിൽ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഒന്നും ഉള്ള ടൈം കിട്ടിയില്ല. പക്ഷ