Aksharathalukal

പ്രണയപ്പക

അയാളെ കാണുമ്പോഴെല്ലാം

ഞാൻ ഒരു കവിതയായി മാറും.

വാൾത്തലപ്പിനെക്കാൾ വീര്യമുള്ള വാക്കുകൾക്കിടയിൽ 

ഞാൻ അയാളെ വലിച്ചിഴയ്ക്കും.

തൂലികത്തുമ്പിൽ ഊർന്നിറങ്ങുന്ന രക്തത്തിൽ കലർന്ന്

ഞാൻ എന്നെ മറക്കും.

എന്റെ കണ്ണിലെ പ്രതികാരച്ചൂടിൽ

ഞാൻ അയാളെ വെണ്ണീറാക്കും.

ശ്വാസംമുട്ടി, കണ്ണുകൾ നരകം കാണും വരെ 

ഞാൻ അയാളെ ചുംബിക്കും.

അലറി കരഞ്ഞ്,
കിതച്ചണഞ്ഞില്ലാതാകും വരെ

ഞാൻ അയാളെ പുണരും.

കവിളിലെ നുണക്കുഴി കടിച്ചടർത്തി

ഞാൻ അയാളുടെ ചിരിയെ കൊല്ലും.

വാക്കുകൾ കോർത്ത കയറ് 

ഞാൻ അയാളുടെ കഴുത്തിൽ ചാർത്തും.  

വാക്കുകൾ അറിയാതെ പ്രണയിക്കുമ്പോൾ

ഞാൻ അയാളെ കഴുമരത്തിൽ ഏറ്റും.

അയാളുടെ പിടച്ചിൽ നിലയ്ക്കുമ്പോഴും 

ഞാൻ മറ്റേതോ ജന്മത്തിൽ എന്നപോലെ നോക്കി നിൽക്കും.

പ്രണയമാം പാപം കണ്ണീരിൽ കഴുകി

ഞാൻ ഒന്നു മന്ദഹസിക്കും.

നെഞ്ചിൻ കൂടിൽ എന്റെ തകർന്ന ഹൃദയത്തിൻ മിടിപ്പ് 

ഞാൻ ഒന്ന് തൊട്ടു നോക്കും.

ഒരിക്കലും തിരിഞ്ഞു നോക്കാതെ 
നിഴലും നിലാവും കണ്ണീരും കടലും കടന്ന്

ഞാൻ ആഞ്ഞു നടക്കും. 

ഓർക്കാൻ മറന്ന് എന്നോ നഷ്ടപ്പെട്ട വികാരത്തിലേക്ക്.

ജീവിതത്തിലേക്ക്!