Aksharathalukal

മുഖപടം



ജോലി കഴിഞ്ഞിറങ്ങിയപ്പോൾ തുടങ്ങിയ തലവേദനയാണ്.ഇന്നത്തെ വർക്കിൻ്റെ ആവും.ഇടക്ക് പതിവുള്ളതാണ്. അപ്പോൾ ഒരു ചായ കുടിക്കുകയാണ് പതിവ്. അടുത്തുള്ള കഫ്തീരിയയിൽ കയറി ചായയും സാൻവിച്ചും ഓർഡർ ചെയ്ത് ഇരുന്നു.


ഇതും കഴിഞ്ഞ് റൂമിൽ പോയിട്ട് വേണം വൈകീട്ടത്തേക്ക് ഭക്ഷണം ഉണ്ടാക്കാൻ. വീട്ടുപണികൾ വേറെയും.അപ്പോളേക്കും വിനയ് ജോലി കഴിഞ്ഞ് എത്തും. ചിലപ്പോൾ അതിനു മുന്നെയും വരും.


കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴേക്കും കുവൈറ്റിൽ എത്തിയതാണ്. വേഗം തന്നെ ഈ കമ്പനിയിൽ ജോലി ശെരിയായി.

ജോലിയും റൂമിലെ കാര്യങ്ങളും കൊണ്ട് ആകപ്പാടെ ബിസിയാണ്.വേറെ ഒന്നിനും നേരം ഇല്ലാത്ത പോലെയാണ്. വിനയ് എന്തിനും സപ്പോർട്ട് ആയത് ഒരു ഭാഗ്യമാണെന്നാണ് എല്ലാവരും പറയുന്നത്. അവരു മാത്രമല്ല, എനിക്കും തോന്നാറുണ്ട്.


ജോലിക്ക് പോകുന്നതുകൊണ്ട് തന്നെ കാലത്ത് നേരത്തെ എഴുന്നേറ്റ് എല്ലാ പണികളും തീർക്കണം.എന്നാലേ കൃത്യസമയത്ത് രണ്ടാൾക്കും ഇറങ്ങാൻ പറ്റുകയുള്ളൂ.

സ്വന്തം കാര്യങ്ങൾ എല്ലാം വിനയ് തനിയെ നോക്കും. ഒന്നിനും തന്നെ ബുദ്ധിമുട്ടിക്കാറില്ല. വൈകിട്ട് നേരം കിട്ടുന്നതിനനുസരിച്ച്, ആവുന്ന പോലെ അടുക്കളയിൽ വരെ സഹായിക്കും. എനിക്ക് ആവശ്യത്തിന് ഫ്രീഡവും അവൻ തന്നിട്ടുണ്ട്.എൻ്റെ ഫ്രണ്ട്സിൻ്റെ കൂടെ ഞാൻ പുറത്ത് പോകുന്നതിനും മറ്റും അവൻ സപ്പോർട്ട് ആണ്.

പക്ഷേ,ഞാൻ ഒരിക്കലും അങ്ങനെ പോവാറില്ലെന്ന് മാത്രം. വിനയ്‌യുടെ കൂടെ കിട്ടുന്ന സമയത്തിനാണ് ഞാൻ കൂടുതൽ വാല്യൂ കൊടുക്കുന്നത്,അത് വിനയ്ക്ക് അറിയില്ലെങ്കിലും പോലും.


കുവൈറ്റിൽ ഭർത്താവുമൊത്തുള്ള ജീവിതം, വേറാരുടെയും മൂക്കും മുഖവും കാണണ്ട, ഇഷ്ടം പോലെ നടക്കാൻ സ്വാതന്ത്ര്യം, ജോലിക്ക് ജോലി, കാശിനു കാശ്, വിനയിനെ പോലെ സപ്പോർട്ടീവ് ആയ ഒരു ഹസ്ബൻ്റ.

പെർഫക്ട് ലൈഫ്..


എല്ലാവരുടെയും മുന്നിൽ എപ്പോളും നല്ല സന്തോഷവതിയാണെന്ന് കാണിക്കാൻ ശ്രദ്ധിക്കാറുണ്ട്. മുഖം ഒന്ന് മാറിയാൽ എന്താ പറ്റിയത് എന്ന ചോദ്യം വരും.ഉത്തരം പറയാൻ കൂടി കാരണങ്ങൾ ഇല്ല. എനിക്ക് ഒക്കെ വിഷമിക്കാൻ കാരണങ്ങൾ ഉണ്ടോ എന്ന ഭാവമാണ് പലർക്കും.


ഇത്രയൊക്കെ ആയാലും, മനസ്സറിഞ്ഞ് ഒന്ന് ചിരിച്ചിട്ട് എത്രയോ ആയി എന്നതാണ് വാസ്തവം. പുറത്തുനിന്ന് നോക്കിയാൽ പറയാൻ കൂടി കാരണങ്ങൾ ഇല്ല. എന്നാൽ, എനിക്ക് എന്നെ തന്നെ നഷ്ടമായി തുടങ്ങിയിരിക്കുന്നു ചില സമയങ്ങളിൽ. 


" എക്സ്ക്യൂസ് മീ"

" യെസ്"

" ഓർമ്മയുണ്ടോ എന്നെ? "

" അജിത്, നീയോ നീയെന്താ ഇവിടെ ? "

" അപ്പോ ഓർമ്മയുണ്ട് എന്നെ അല്ലെ.. എല്ലാവരും കഫ്തീരിയയിൽ എന്തിനാ വരണേ..അതിനു തന്നെ"


ഞാൻ ചിരിച്ചു. എൻ്റെ കൂടെ കോളേജിൽ പഠിച്ചതാണ് അജിത്. അന്ന് അവനോട് ചെറിയ ക്രഷ് ഒക്കെ തോന്നിയിരുന്നു. പക്ഷെ, ഒരിക്കലും അത് അവനോട് പറഞ്ഞിട്ടോ ,അവൻ അറിഞ്ഞിട്ടോ ഇല്ല. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു.അത്കൊണ്ട് അവൻ്റെ മനസിൽ കൂടി അവൻ കരുതിയിട്ടുണ്ടാവില്ല.


ചായയും സാൻഡ്‌വിച്ചും വന്നു. കുറെ നേരം കൂടി അവനോട് സംസാരിച്ചിരുന്നു. പഴയ കൂട്ടുകാരുടെ വിവരങ്ങൾ, അവൻ്റെ ജോലിയെക്കുറിച്ച് അങ്ങിനെ എല്ലാം.

" അതേയ്, എനിക്ക് റൂമിൽ പോയിട്ട് പണി ഉണ്ട്.ഞാൻ പോട്ടെ? "

"വിനയ് എപ്പോഴാ ജോലി കഴിഞ്ഞ് വരാ? "

"നൈറ്റ് ആവും. എൻ്റെ പണികൾ പകുതി ആവുമ്പോഴേക്കും എത്തും.


പെട്ടെന്ന് അവൻ അവൻ്റെ കൈകൾ കൊണ്ട് മേശമേൽ ഇരുന്ന എൻ്റെ കൈകൾ പൊതിഞ്ഞു പിടിച്ചു.

" സുഖാണോ നിനക്ക് ?"

നെഞ്ച് പിളർന്ന് പോയി. ഒരു നിമിഷം എൻ്റെ ഉടലാകെ വിറച്ചുവെന്ന് തോന്നി. ഈ ഒരു ചോദ്യം വെറുതെ എങ്കിലും ആരെങ്കിലും ഒന്ന് ചോദിച്ച് കേട്ടിട്ട് തന്നെ വർഷങ്ങളായി.


വിനയ് ഒരിക്കൽ പോലും ഈ വക ചോദ്യങ്ങൾ ചോദിക്കാറില്ല. ' ഞാനില്ലെ കൂടെ, സാരല്ല്യ ' അങ്ങിനെ ഉള്ള വാക്കുകൾ ഉപയോഗിച്ച് കണ്ടിട്ടില്ല. സമാധാനിപ്പിക്കലുകളിൽ അർത്ഥം കണ്ടെത്തുന്ന ആളല്ല വിനയ്. ഇത്തരം കാര്യങ്ങളെല്ലാം അവനു തീർത്തും ബാലിശങ്ങളാണ്.


സ്നേഹത്തോടെയുള്ള ഒരു വാക്ക്, പൈങ്കിളിയെങ്കിലും ഇടക്ക് പ്രണയത്തോടെയുള്ള ഒരു നോട്ടം, ഓടി വന്നൊരു ചേർത്ത് പിടിക്കൽ, ഒരു അഭിനന്ദനം.. ഏതൊരു പെണ്ണിനേയും പോലെ, എൻ്റെയുള്ളിൽ ഉറങ്ങുന്ന അത്തരം മോഹങ്ങളെ പുതപ്പിട്ട് മൂടി വെക്കുകയാണ് പതിവ്.


അത്കൊണ്ട് തന്നെ അജിത്തിൻ്റെ ഈ ചോദ്യം വല്ലാതെ ഞെട്ടിപ്പിച്ചിരുന്നു. കൈകൾ അവൻ്റെ കൈക്കുളളിൽ നിന്ന് എടുത്ത് മാറ്റാൻ പോലും കഴിയുന്നില്ല. മഞ്ഞ്കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്ന പോലെ ആണ് തോന്നുന്നത്. മനസ് എവിടെയൊക്കെയോ പോയിക്കൊണ്ടിരിക്കുകയാണ്.


" നീ എന്താ ഒന്നും പറയാത്തത് ? എന്തേലും വിഷമം ഉണ്ടോ ? "

" എന്ത് വിഷമം..ഞാൻ ഹാപ്പി ആണ് "

" എന്നാ ഓകെ. പഴയ നിന്നിൽ നിന്ന് ഈ ഇരിക്കുന്നവളിലേക്ക് ഒരുപാട് ദൂരമുണ്ട്. എൻ്റെ തോന്നലാവാം ഒരു പക്ഷെ "

പിടിക്കപ്പെട്ടുവെന്ന് തോന്നി. തൊറ്റുകൊടുക്കാൻ മനസ് വന്നില്ല. പിന്നെ, വിനയുടെ ഗുണഗണങ്ങൾ വിവരിക്കുകയായിരുന്നു ഞാൻ വായ കഴക്കും വരെ. എനിക്ക് കല്യാണശേഷം ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ച്, വിനയ്ക്ക് എന്നോടുള്ള അടങ്ങാത്ത സ്നേഹത്തെക്കുറിച്ച്, എനിക്ക് കിട്ടിയ സ്വർഗതുല്യമായ ജീവിതത്തെക്കുറിച്ച്.


യാത്ര പറഞ്ഞു പോരാൻ നേരം, അജിത് ബലമായി തന്നെ എന്നെ ഹഗ് ചെയ്തു. അതിനിടയിൽ എൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു.

" നാടകം കലക്കിയിട്ടുണ്ട്. പക്ഷേ, അഭിനയം അത്ര പോര.ഒന്നുകൂടി നന്നാക്കണം"

ഞാൻ വെട്ടിവിറച്ചു പോയി. അടിമുടി അപമാനം ഏറ്റ പോലെ തോന്നി. 


" ശെരിയെന്നാൽ.എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്, നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ടാവും."


തിരിച്ചൊന്ന് തലയാട്ടാനോ ചിരിക്കാനോ കഴിഞ്ഞില്ല. അവനും ഒന്നും പ്രതീക്ഷിച്ചില്ലെന്ന് തോന്നി. വേഗം തിരിഞ്ഞ് റൂമിലേക്ക് നടന്നു. കണ്ണുകൾ നിറഞ്ഞ് വന്നത് എന്തിനാണെന്ന് മാത്രം മനസിലായില്ല. 

ഇടത് കൈ കൊണ്ട് അമർത്തി തുടച്ചു. താഴെ എന്നും കാണുന്ന സെക്യൂരിറ്റി ചേട്ടൻ.

ചിരിച്ചു.ആളും തിരിച്ച് നിറഞ്ഞ് ചിരിച്ചു.

ആർക്കും മുഷിച്ചിൽ ഉണ്ടാക്കണ്ട. അവൻ പറഞ്ഞത് പോലെ നാടകം തുടരുക തന്നെ. അഭിനയം ഒന്നുകൂടി മികച്ചതാക്കണം. ഒരാൾക്കും മനസിലാകരുത്.


റൂമിൽ കയറി വാതിലടച്ചു ,ഫ്രഷ് ആയി മുഖം അമർത്തി തുടച്ച് വന്ന്, എന്നത്തേയും പോലെ അമ്മയെ വിളിച്ചു. വീഡിയോ ഓൺ ആകുന്നതിനുമുമ്പ് വീണ്ടും മുഖത്ത് ഒരു ചിരി എടുത്തണിഞ്ഞു.


എന്നെ കണ്ടപ്പോ ഉടനെ അമ്മയും ചിരിച്ചു.


അതേ.എല്ലാവർക്കും സന്തോഷം..


എനിക്കോ.....എനിക്ക്....എനിക്കും സന്തോഷം.....!!!!!!!!!!!!!!!!!!!!!!!!!!!!!