നീലനിലാവേ... 💙 - 37
ഇരുവശത്തും കടകളും വീടുകളും ഒക്കെയായി അങ്ങിങ്ങെ പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഒരു റോഡിലൂടെ ദേവിന്റെ ബൈക്ക് മുന്നോട്ട് നീങ്ങി.. പരിചയക്കാരിൽ പലരും കൈ ഉയർത്തി കാണിക്കുമ്പോൾ തിരികെ അവർക്ക് നേരെയും ഒരു പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ച് ചെറു വേഗതയിൽ വണ്ടിയോടിച്ചവൻ ഒരു ഇടവഴി കടന്നുള്ള റോഡരികിൽ എത്തിയതും വണ്ടി ഇടത്തേക്ക് തിരിച്ചു...
\"\"\" ദേവർകാവ് \"\"\"
എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ബോർഡ് അടങ്ങിയ മതിക്കെട്ടും അതിന് അടുത്തായുള്ള തുറന്ന് കിടക്കുന്ന വലിയ ഗേറ്റും.. അവന്റെ ചൊടികളിൽ ഒരു മന്തസ്മിതം ഉണ്ടാക്കി.. നീണ്ട വിശാലമായ ആ മൺപാതയിലൂടെ ഗേറ്റ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യുമ്പോൾ തന്നെയവൻ കണ്ടു പത്തായപ്പുരയുടെ ഭാഗത്ത് നിന്ന് നാരായണേട്ടനോട് കോച്ച് വിടുന്ന തന്റെ എല്ലാമായ ആ കുഞ്ഞിപെണ്ണിനെ...
\"\"\" അത് ഇങ്ങോട്ട് എടുത്തിട്, നാരായണേട്ടാ.. അയ്യോ.. അങ്ങടല്ല.. ഇങ്ങട്.. ഈ നാരയണേട്ടന് ഒരു കുന്തോം അറിയില്ല... \"\"\" മഴയത്ത് നിന്ന് തൊണ്ടും മറ്റും അവ നനയാതിരിക്കാനായി അകത്തേക്ക് എടുത്തിടുന്ന നാരായണനെ നോക്കി പേടിപ്പിച്ച് കൊണ്ട് അതും പറഞ്ഞ് തലയുയർത്തി നോക്കിയവളുടെ കണ്ണുകൾ ഗേറ്റ് കടന്ന് വരുന്ന ദേവിന്റെ ബൈക്ക് കണ്ടതും പൂന്നിലാവ് ഉദിച്ചത് പോലെ വിടർന്നു...
\"\"\" ആദിയേട്ടാ .......!!! \"\"\" അടുത്ത് ബഹളം വെച്ചുകൊണ്ട് നിന്നവളുടെ പെട്ടന്നുള്ള വിളി കേട്ട് തലയുയർത്തി നോക്കിയ നാരായണന്റെ ശ്രദ്ധയും ഗേറ്റ് കടന്ന് തറവാടിന് സൈഡിലെ ഷെഡിലേക്ക് ബൈക്ക് കൊണ്ട് നിർത്തിയ ദേവിലേക്ക് നീണ്ടു...
\"\"\" ആഹാ.. ദേവൻ കുഞ്ഞ് വന്നല്ലോ... \"\"\" നിവർന്ന് നിന്ന് കൈയ്യിലെ പൊടി തട്ടി കളഞ്ഞ് അയാൾ മുകളിൽ എടുത്ത് വെച്ചിരുന്ന ടാർപ എടുത്ത് തൊണ്ടുകൾക്ക് മേലേ വിരിച്ചിട്ടു...
\"\"\" എല്ലാം എടുത്തിട്ടോ?, നാരായണേട്ടാ... \"\"\" കുഞ്ഞൊരു ചിരിയോടെ ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി ഇരുണ്ട് മൂടിയ ആകാശത്തേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ അവർക്ക് അരികിലേക്ക് ചെന്നു...
\"\"\" എല്ലാം എടുത്തിട്ടു, കുഞ്ഞേ.. ഇനിയിപ്പോ മഴ പെയ്താലും ഒന്നും നനയില്ല... \"\"\" കൈലി ഒന്നുകൂടി മുറുക്കി ഉടുത്ത് അയാൾ ഉറപ്പോടെ പറഞ്ഞതും അവനൊരു ചിരിയോടെ അയാൾക്ക് അടുത്ത് ഇടുപ്പിൽ കൈ കുത്തി നിൽക്കുന്നവളെ നോക്കി.. എന്നത്തേയും പോലെ കണ്ണൊക്കെ കൂർപ്പിച്ച് തന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.. വൈകിയതിനാണ്.. പക്ഷേ, സാധാരണയും എന്നും ആ ഫോൺ വിളി കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ തന്നെയാണ് വീട്ടിൽ എത്തുന്നത്.. അത്രയും ദൂരം ഉണ്ട് ഓഫീസും വീടും തമ്മിൽ.. എന്നാൽ അരമണിക്കൂർ എന്ന് പറഞ്ഞാൽ പെണ്ണ് പിന്നെ സമാധാനം തരില്ല.. അവൾക്ക് തന്നെ അറിയാം എത്താൻ അത്രയും സമയമെടുക്കുമെന്ന്.. എങ്കിലും അഞ്ച് മിനിറ്റ് എന്ന് കേൾക്കുമ്പോൾ ഒരാശ്വാസം പോലെയാണ് പെണ്ണിന്..
\"\"\" എന്നാ ഞാൻ ഇറങ്ങട്ടെ, കുഞ്ഞേ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. കേട്ടോ.. ഇനിയും നിന്നാൽ മഴയിങ്ങെത്തും... \"\"\" കഴുത്തിൽ കിടക്കുന്ന തോർത്ത് എടുത്ത് നെറ്റിയിലെ വിയർപ്പ് ഒപ്പി അയാൾ തിണ്ണയിൽ വെച്ചിരുന്ന സഞ്ചി കൈയ്യിലേക്ക് എടുത്തു...
\"\"\" കൊണ്ട് വിടണോ?, നാരായണേട്ടാ... \"\"\" നേരം ഇരുട്ടിയല്ലോ എന്ന ചിന്തയിൽ അവൻ അയാളോട് ചോദിച്ചു...
\"\"\" അയ്യേ.. എന്തിന്.. കുഞ്ഞ് പോയി വേഷം മാറി ചായ കുടിക്ക്.. ഇതൊക്കെ ഞാൻ എന്നും പോകുന്നതല്ലേ... \"\"\" അവന്റെ ആ ചോദ്യത്തെ സ്നേഹത്തോടെ തള്ളി കളഞ്ഞ് അയാൾ ആ സഞ്ചിയുമായി ഗേറ്റിന് അരികിലേക്ക് നടന്നു.. ദേവ് നിളയെ നോക്കി...
\"\"\" കുഞ്ഞുവേ... \"\"\" നീട്ടി വിളിച്ച് അവൻ അവളുടെ കൈയ്യിൽ തോണ്ടി...
\"\"\" വൈകി വരുന്നോര് ഒന്ന് എന്നോട് കൂട്ടണ്ട... \"\"\" മുഖം കയറ്റി പിടിച്ച് അവൾ അവന്റെ കൈയ്യിൽ ഒരു തട്ട് വെച്ച് കൊടുത്തു...
\"\"\" ഹാ.. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?! എന്റെ കുഞ്ഞൂനോട് അല്ലാതെ ആദിയേട്ടൻ വേറെ ആരോടാ കൂടാ.. എനിക്ക് ആകെ എന്റെ ഈ മുത്തല്ലേ ഉള്ളൂ... \"\"\" അവൾക്ക് അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ തോളിൽ കൈയ്യിട്ട് അവനാ ഉണ്ട കവിളിൽ പിച്ചി...
\"\"\" ഓ.. വേണ്ട.. സുഖിപ്പിക്കണ്ട.. നീ മൊത്തം ഉടായിപ്പാ.. എന്നും എന്നെ പറ്റിക്കും... \"\"\" അവന്റെ കൊഞ്ചിക്കൽ ഇഷ്ടപ്പെട്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മുഖം വീർപ്പിച്ച് വെച്ചവൾ പരിഭവിച്ചു...
\"\"\" പിണങ്ങാതെ, കുഞ്ഞൂസേ.. തിരക്ക് ആയോണ്ടല്ലേ.. ഇല്ലെങ്കിൽ ആദിയേട്ടൻ എന്റെ കൊച്ചിനെ പറ്റിക്കുവോ... \"\"\" കണ്ണൊക്കെ ചുരുക്കി അവൻ മുഖത്ത് സങ്കടഭാവം വരുത്തി.. ചിരി പൊട്ടിയെങ്കിലും അവളത് അടക്കി പിടിച്ചു...
\"\"\" മ്മ്മ്.. തൽക്കാലം പതഞ്ഞു.. പക്ഷേ, അത് നിന്റെ സോപ്പിന്റെ ഗുണം കൊണ്ടൊന്നുമല്ല.. എന്റേത് ഒരു വിശാല മനസ്സ് ആയതുകൊണ്ടാ... \"\"\" തോളിൽ നിന്ന് അവന്റെ കൈ എടുത്ത് മാറ്റി കുറച്ച് പുച്ഛം വാരി വിതറി അവൾ നേരെ വീട്ടിലേക്ക് നടന്നു...
\"\"\" കാല് കഴുകാതെ അകത്തേക്ക് കയറല്ലേ, കുഞ്ഞൂട്ടാ.. അപ്പടി ചെളിയാ നിന്റെ കാലില്... \"\"\" ബൈക്കിൽ നിന്നെടുത്ത ഫയലുമായി തനിക്ക് മുന്നേ ചവിട്ടി തുള്ളി നടന്ന് പോകുന്നവൾക്ക് പിന്നാലെ ചെല്ലുമ്പോൾ അവൻ അവളെ ഓർമ്മിപ്പിച്ചു...
\"\"\" അതൊക്കെ എനിക്ക് അറിയാം.. ഞാൻ നിന്നെ പോലെ കൊച്ച് കുട്ടിയല്ല... \"\"\" അതേ പോക്കിൽ കൈ ഒക്കെ ഉയർത്തി വിളിച്ച് പറഞ്ഞ് അവൾ പടിയുടെ അടുത്ത് വെച്ചിരിക്കുന്ന ബക്കറ്റിൽ നിന്ന് അല്പം വെള്ളം എടുത്ത് കാല് കഴുകി ഉമ്മറത്തേക്ക് കയറി...
\"\"\" സ്കൂളിൽ നിന്ന് വന്നിട്ട് എന്തെങ്കിലും കഴിച്ചായിരുന്നോടാ... \"\"\" ഷൂസ് ഊരി അകത്തേക്ക് വെച്ചിട്ട് കാല് രണ്ടും തേച്ച് കഴുകി കൊണ്ട് അവൻ ഉമ്മറത്ത് തന്നെ കാത്ത് നിൽക്കുന്നവളോട് തിരക്കി...
\"\"\" മ്മ്മ്.. ഇന്നലത്തെ പറോട്ടയും ഗോബി മഞ്ചൂരിയനും എടുത്ത് കഴിച്ചു.. നിനക്ക് ചായ എടുക്കട്ടെ?... \"\"\" പടികൾ കയറി ഉമ്മറത്തേക്ക് കയറിയവന്റെ കൈയ്യിൽ കൈ ചുറ്റി അവൾ അവനുമായി അകത്തേക്ക് കയറി...
\"\"\" ഇപ്പൊ വേണ്ടടാ.. ആദിയേട്ടൻ ഒന്ന് കുളിച്ചിട്ട് വരാം.. എന്നിട്ട് നമുക്ക് ഒന്നിച്ച് കുടിക്കാം.. ഇപ്പൊ എന്റെ മോള് ചെന്നിരുന്ന് എന്തെങ്കിലും പഠിച്ചോ... \"\"\" ഒത്തിരി ഇഷ്ടത്തോടെ അവളുടെ തലയിൽ ഒന്ന് കൈ അമർത്തി കുലുക്കിയിട്ട് പ്രവേശന മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് അവൻ മുകളിലേക്ക് നടന്നു...
_________________________💙
ദേവ് കുളിയെല്ലാം കഴിഞ്ഞ് ലാപ്പും ഫയലുമായി താഴേക്ക് ഇറങ്ങി വരുമ്പോൾ ആർക്കാനോ വേണ്ടി പ്രവേശന മുറിയിലെ സോഫയിൽ ഇരുന്ന് ബുക്ക് നോക്കുന്ന നിളയെയാണ് കണ്ടത്.. കണ്ണ് മാത്രമേ അതിലുള്ളൂ മനസ്സ് മറ്റെവിടെയോ ആണ് എന്ന് ആ ഇരിപ്പ് കണ്ടപ്പോ തന്നെ അവന് മനസ്സിലായി...
\"\"\" ശ്രദ്ധിച്ച് വായിച്ച് പഠിക്ക്, കുഞ്ഞൂ... \"\"\" ഗൗരവത്തിലും ഒളിഞ്ഞ് കിടക്കുന്ന വാത്സല്യത്തോടെ പറഞ്ഞ് അവൻ ഗോവണി പടി ഇറങ്ങി ചെന്ന് കൈയ്യിലെ ലാപ്പും ഫയലും അവിടുത്തെ ടീ പോയിൽ കൊണ്ട് വെച്ചു...
\"\"\" ചായ എടുക്കട്ടെ?, ആദിയേട്ടാ... \"\"\" അവന്റെ വാക്കുകൾ കേട്ടതായി പോലും ഭാവിക്കാതെ ബുക്ക് അടച്ച് അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...
\"\"\" വേണ്ട.. അവിടിരുന്നോ.. ചായ ഞാൻ ഇട്ടോളാം... \"\"\" അവളെ പിടിച്ച് ആ സെറ്റിയിലേക്ക് തന്നെ ഇരുത്തി അവൻ അടുക്കളയിലേക്ക് നടന്നു.. പഴയ തറവാട് ആയതുകൊണ്ട് തന്നെ വിറക് അടുപ്പാണ് അവിടെ പ്രധാന സ്ഥാനത്ത് ഉള്ളത്.. കഴിഞ്ഞ കൊല്ലം ഓണത്തിന് അത് മാറ്റി ഗ്യാസ് സ്റ്റവ്വ് ആ സ്ഥാനത്തേക്ക് ആക്കാൻ നിള അവനോട് ഒത്തിരി പറഞ്ഞതാണ്.. പക്ഷേ, കുഞ്ഞായിരുന്ന കാലം മുതൽ വിശപ്പ് അകറ്റാൻ ഭക്ഷണം വെച്ച് ശീലിച്ചത് ആ വിറക് അടുപ്പിൽ ആയതിനാൽ അവന് ഇന്നും അതിൽ ഭക്ഷണം പാകം ചെയ്യാൻ ആണ് ഇഷ്ടം.. ഉടുത്തിരിക്കുന്ന മുണ്ടൊന്ന് മടക്കി ഉടുത്ത് ചായ പാത്രം എടുത്ത് അടുപ്പിലേക്ക് വെച്ച് അവൻ തീ കൂട്ടി.. ഫ്രിഡ്ജിൽ നിന്ന് പാലും പൈപ്പിൽ നിന്ന് വെള്ളവും ഒക്കെ എടുത്ത് അളന്ന് പാത്രത്തിലേക്ക് ഒഴിച്ച് കഴിഞ്ഞപ്പോഴേക്കും അവൻ ഹാളിൽ ഇരുത്തിയിരുന്ന ആള് തത്തി കളിച്ച് അങ്ങ് എത്തിയിരുന്നു...
\"\"\" പഠിച്ച് കഴിഞ്ഞോ ? \"\"\" പമ്മി പമ്മി അവൾ തന്റെ തൊട്ട് പിന്നിൽ നടന്ന് എത്തിയതും തിരിഞ്ഞ് നോക്കാതെ തന്നെ അവൻ ചോദിച്ചു...
\"\"\" കഴിഞ്ഞു, ദേവാ.. നിനക്ക് ഈ ഗ്യാസ് സ്റ്റവ്വിൽ ചായ ഇട്ടാൽ പോരേ.. എന്തിനാ ഈ ചെറിയ കാര്യത്തിന് വേണ്ടി ഈ പുക മൊത്തം കൊള്ളണത്... \"\"\" അവന്റെ അടുത്തായി ചെന്ന് നിന്ന് അവൾ ചായ തിളയ്ക്കുന്നുണ്ടോ എന്ന് എത്തി നോക്കി...
\"\"\" എനിക്ക് ഇതാ ഇഷ്ടം... \"\"\" ഇടം കൈ ഉയർത്തി അവളുടെ തോളിലേക്ക് ഇട്ട് അവനൊന്ന് കണ്ണ് ചിമ്മി.. നിള അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
\"\"\" ആദിയേട്ടാ... \"\"\" ഒട്ടൊരു നേരത്തെ മൗനത്തിന് ശേഷം ചായ തിളച്ച് അവൻ പത്രം കൈയ്യിലേക്ക് എടുത്തപ്പോൾ അവന്റെ ടീഷർട്ടിൽ ചുരണ്ടി അവൾ വിളിച്ചു...
\"\"\" മ്മ്മ്? എന്തോ വശപിശക് ഉണ്ടല്ലോ... \"\"\" നെഞ്ചിൽ ചൊതുങ്ങി നിൽക്കുന്നവളെ മാറ്റി നിർത്തി അവൻ ചായ അരിച്ച് രണ്ട് ഗ്ലാസ്സിലേക്കായി പകർന്നു...
\"\"\" വശപിശക് ഒന്നും അല്ല, ദേവാ.. യൂത്ത് ഫെസ്റ്റ് വരാൻ പോവാ.. അപ്പൊ പിള്ളേരെല്ലാം അന്ന് സാരി ഉടുക്കുന്നുണ്ട്.. സെറ്റ് അല്ല.. അല്ലാത്ത മോഡലാ.. എനിക്ക് പക്ഷേ അതില്ലല്ലോ.. നീ എനിക്ക് ഒരെണ്ണം വാങ്ങിച്ച് തരുവോ, ദേവാ... \"\"\" അവന്റെ തോളിൽ ഇടം കൈയ്യാൽ ചിത്രം വരയ്ച്ച് അവൾ കൊഞ്ചി...
\"\"\" വളാ വളാന്ന് കിടക്കുന്നത് ആണെങ്കിൽ നടക്കില്ല, കുഞ്ഞുവേ.. ഉടുപ്പിച്ച് തരാൻ എനിക്കറിയില്ല.. സെറ്റ് ആണെങ്കിൽ നോക്കാം... \"\"\" രണ്ടാൾക്കുള്ള ചായയും ഒരു ട്രേയിലേക്ക് എടുത്ത് വെച്ച് അവൻ അതുമായി പ്രവേശനമുറിയിലേക്ക് നടന്നു...
\"\"\" ഹാ.. അങ്ങനെ പറയല്ലേ, ദേവാ.. എല്ലാവരും ഉടുക്കണതാ.. അപ്പൊ ഞാൻ മാത്രം സെറ്റ് ഉടുത്ത് പോയാൽ എങ്ങനെയാ.. കാണാൻ ഒരു ചേലും ഉണ്ടാവില്ല്യ... അതല്ലേ... \"\"\" അവൾ അവന് പിന്നാലെ ചെന്നു...
\"\"\" എന്തൊക്കെ പറഞ്ഞാലും നടക്കില്ല, കുഞ്ഞുവേ.. എനിക്കറിയില്ല അത് ഉടുപ്പിക്കാൻ... \"\"\" കട്ടായം പോലെ പറഞ്ഞ് ട്രേ ടീപോയിലേക്ക് വെച്ച് അവൻ തന്റെ ചായയുമായി സോഫയിലേക്ക് ഇരുന്നു...
\"\"\" ആദിയേട്ടാ, പ്ലീസ്.. നെറ്റിൽ ഒക്കെ ഇപ്പൊ അതിനുള്ള വീഡിയോസ് ഒക്കെ ഇല്ലേ.. നീ ഫോൺ തന്നാൽ ഞാൻ തന്നെ നോക്കി പഠിച്ചോളാം.. ഇങ്ങനെ അറുത്ത് മുറിച്ച് പറ്റില്ലാ പറയല്ലേടാ... \"\"\" അവന്റെ അടുത്ത് ചെന്നിരുന്ന് മുഖത്ത് വിഷാദം വരുത്തി അവൾ കണ്ണ് നിറച്ചു...
\"\"\" നോക്കാം.. ഇപ്പൊ എന്തായാലും വേണ്ടല്ലോ.. ഇരുന്ന് പഠിക്കാൻ നോക്ക്.. യൂത്ത് ഫെസ്റ്റ് ഒക്കെ പിന്നെ... \"\"\" അവൾ നേരത്തെ അടച്ച് വെച്ച ബുക്ക് എടുത്ത് അവളുടെ മടിയിലേക്ക് വെച്ച് കൊടുത്ത് അവൻ ചായ ചുണ്ടോട് ചേർത്തു.. ചുണ്ട് ചുളുക്കി അവനെയൊന്ന് നോക്കിയെങ്കിലും ഇപ്പൊ ഇരുന്ന് പഠിച്ചാൽ സാരിയുടെ കാര്യത്തിൽ ഒരു നീക്ക് പോക്ക് ഉണ്ടാകുമെന്ന് അറിയുന്നതിനാൽ മറുത്തൊന്നും പറയാതെ അവൾ ബുക്കുമായി സോഫയുടെ ഒരറ്റത്ത് ചെന്നിരുന്ന് പഠിക്കാൻ തുടങ്ങി...
ദേവ് ടീപോയിൽ ഇരിക്കുന്ന ലാപ് ഓൺ ആക്കി സിസ്റ്റം ലോഗിൻ ചെയ്ത് വെച്ചിട്ട് നേരത്തെ ലാപ്പിനൊപ്പം കൊണ്ട് വെച്ച ഫയൽ കൈയ്യിലേക്ക് എടുത്ത് തുറന്ന് കൊണ്ട് അതുമായി സോഫയിലേക്ക് ചാരി...
June 22 ...... June 25 ...... July 1 ........ !!! ഈ മൂന്ന് ഡേറ്റുകളിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി... ആദ്യത്തെ കൊലപാതകം നടന്ന് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കൊലപാതകം നടന്നിരിക്കുന്നത്.. അത് കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തേതും.. അതിൽ മെയിൻ റിസെംമ്പ്ളെൻസ് എന്ന് പറയുന്നത് ആ ഒൻപത് പേരെയും കൊന്നിരിക്കുന്നത് അതിക്രൂരമായാണ് എന്നതാണ്...!! ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെ.. അല്ലെങ്കിൽ വേദനയിൽ ആനന്ദം കണ്ടെത്തുന്നത് പോലൊരു രീതി ..... May be a psychic killer ..... അതും അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേർ... പക്ഷേ.. മരണം സംഭവിച്ചിരിക്കുന്ന ഒൻപത് വ്യക്തികളിലും ഒരു അവയവം മിസ്സിംഗ് ആയിരിക്കുന്നു... മിസ്സിംഗ് മീൻസ്.. It isn\'t taken for a sake ..... ആർക്കും വേണ്ടിയല്ല.. ഒന്നിനും വേണ്ടിയല്ല.. Just cruelty!! ചുരുങ്ങിയ കണ്ണുകളാൽ ഓർത്ത് കൊണ്ട് ചായ കപ്പ് ട്രേയിലേക്ക് വെച്ച് അവൻ ലാപ്പിൽ സ്കൈപ്പ് ഓപ്പൺ ചെയ്ത് ഭദ്രന്റെ ഐഡിയിലേക്ക് വീഡിയോ കാൾ ചെയ്തു... നിമിഷങ്ങൾക്കുള്ളിൽ ആ കാൾ അറ്റൻഡ് ആയതും ദേവ് ഒന്ന് നിശ്വസിച്ചു...
\"\"\" പണിയൊക്കെ കഴിഞ്ഞോ ? \"\"\" കൈയ്യിലൊരു ഐസ്ക്രീം ടിന്നുമായി ലാപ്പിന് മുന്നിലെ സോഫയിൽ വന്നിരുന്ന ദുർഗയെ നോക്കി അവൻ ചോദിച്ചു...
\"\"\" ഫുഡിന്റെ കാര്യം ആണെങ്കിൽ കഴിഞ്ഞു.. അവൻ അവിടെ പാത്രം കഴുകുവാ.. നീ ചായ കുടിച്ചോ ? \"\"\" ഒരു സ്പൂൺ ഐസ്ക്രീം വായിലേക്ക് വെച്ച് അവൾ അവനെ നോക്കി പുരികം ഉയർത്തി...
\"\"\" അതൊക്കെ കുടിച്ചു.. നീ അവനോട് ഇങ്ങോട്ട് വരാൻ പറയ്.. ഞാൻ അനിയെയും വിനുവിനെയും കൂടി ഒന്ന് ആഡ് ചെയ്യട്ടെ... \"\"\" അവളോടായി അത് പറഞ്ഞ് കഴിഞ്ഞ് അവരെ ആഡ് ചെയ്യും മുൻപ് തലയൊന്ന് ചരിച്ച് അവൻ നിളയെ നോക്കി.. ബുക്കിൽ തന്നെയാണ് കണ്ണെങ്കിലും ശ്രദ്ധ തന്നിലേക്ക് ആണ് എന്ന് അവളെ കണ്ടാലേ ഏതൊരാൾക്കും മനസ്സിലാകും...
\"\"\" ശ്രദ്ധ തെറ്റുന്നെങ്കിൽ മുറിയിൽ പോയിരുന്ന് പഠിച്ചോ, കുഞ്ഞുവേ.. ദേ.. ഈ ചായയും കൂടി എടുത്ത് കുടിക്ക്.. തണുത്തിട്ടുണ്ടാകും... \"\"\" ടീപോയിൽ ഇരിക്കുന്ന ചായയിലേക്ക് കണ്ണ് കാണിച്ച് അവൻ പറഞ്ഞതും നിളയുടെ മുഖം വീർത്തു...
\"\"\" നീ എന്നെ ഇവിടെ സ്വസ്ഥമായിരുന്ന് പഠിക്കാൻ സമ്മതിക്കില്ല, അല്ലേ... \"\"\" തന്നോട് മുറിയിൽ പോയിരിക്കാൻ അവൻ പറഞ്ഞത് ഇഷ്ടമാകാത്തത് കൊണ്ടോ എന്തോ അവളുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു...
\"\"\" ഓ.. ഇനി അതിന് ചൂടാകണ്ട.. അവിടെ തന്നെ ഇരുന്ന് പഠിച്ചോ.. പക്ഷേ, പഠിക്കുന്നത് ഒക്കെ തലയിലോട്ട് തന്നെ എത്തിയാൽ മതി... \"\"\" ഒന്ന് ആക്കി പറഞ്ഞ് അവളിൽ നിന്ന് നോട്ടം മാറ്റി ലാപ്പിലേക്ക് ശ്രദ്ധ തിരിച്ച് അവൻ അനിയെയും വിനുവിനെയും കൂടി വീഡിയോ കാളിൽ ആഡ് ചെയ്തു.. ചുണ്ട് കോട്ടി മുഖം തിരിച്ച് കൊണ്ട് ചായ ഗ്ലാസ് കൈയ്യിലേക്ക് എടുത്ത് നിള വീണ്ടും ബുക്കിലേക്ക് കണ്ണ് നട്ടു...
\"\"\" ആഹാ.. ഇന്ന് നേരത്തെ ആണല്ലോ... \"\"\" കാൾ എടുത്തയുടൻ വിനു ഒരു ചിരിയോടെ അവനെ നോക്കി ചോദിച്ചു...
\"\"\" അത് നീ ഇന്ന് ലേറ്റ് ആയതുകൊണ്ട് തോന്നുന്നതാ... \"\"\" ഐസ്ക്രീം ടിൻ മാറ്റി വെച്ച് ദുർഗ അവിടേക്ക് വന്ന ഭദ്രന് ഇരിക്കാനായി സ്ഥലം ഒരുക്കി ഒന്ന് നീങ്ങിയിരുന്നു...
\"\"\" എന്തായി? നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ ? \"\"\" അവൾക്ക് അടുത്തേക്ക് ഇരുന്ന് ഭദ്രൻ ദേവിനെ ചോദ്യഭാവത്തിൽ നോക്കി...
\"\"\" കിട്ടിയോ എന്ന് ചോദിച്ചാൽ.. ഇല്ല.. പക്ഷേ.. ഈ കൊല ചെയ്തിരിക്കുന്ന പാറ്റേർൺ കുറച്ചധികം weird ആണ്... \"\"\" ദേവ് വീണ്ടും സോഫയിലേക്ക് ചാഞ്ഞു...
\"\"\" മനസ്സിലായില്ല..? \"\"\" - ദുർഗ
\"\"\" മ്മ്മ്.. അതായത്.. മനഃപൂർവം ചിലർ ഒരാളെ ദ്രോഹിക്കാൻ ശ്രമിക്കില്ലേ.. അതിൽ നിന്ന് ആനന്ദം കണ്ടെത്തില്ലേ.. അങ്ങനെ.. അത്തരമൊരു ഉദ്ദേശത്തോടെ.. ആ ഒരു ലക്ഷ്യത്തോടെ ചെയ്തത്.. ഈ സാഡിസ്റ്റിക് ബിഹേവിയർ പോലെ... I mean, It seems like the entire purpose of this murder is cruelty! അല്ലാതെ.. മറ്റൊന്നും ഇതിന് പുറകിൽ ഇല്ല.. No motive, Nothing! \"\"\" ആദ്യം ഫയൽ വായിച്ചപ്പോൾ മുതൽ തോന്നുന്ന ആ കാര്യം അവൻ അവരോട് പങ്ക് വെച്ചു...
\"\"\" അങ്ങനെ തോന്നാൻ കാരണം ? \"\"\" ഇത്തവണ അനിയാണ് ചോദിച്ചത്...
\"\"\" The way how he or she or they have done it .....!!! \"\"\" ഫയലിലെ പേജ് ഒന്ന് മറിച്ച് അവൻ അതിൽ നിന്നൊരു പേപ്പർ കട്ടിംഗ് കൈയ്യിലേക്ക് എടുത്ത് അവർക്ക് അഭിമുഖമായി തിരിച്ചു...
\"\"\" See this ..... എല്ലാ കൊലയും.. അതായത് മൂന്നിടങ്ങളിൽ നടന്ന ആ ഒൻപത് കൊലയും ചെയ്തിരിക്കുന്നത് മറ്റേതോ സ്ഥലത്ത് വെച്ചാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.. ഈ സ്ഥലങ്ങളിൽ ഒന്നും ആ മരണപ്പെട്ടവരുടെയോ ആരുടെയുമോ ബ്ലഡ് സ്റ്റെയിനോ ഒന്നും ഉണ്ടായിരുന്നില്ല എന്നത്.. അതുപോലെ, കൊല ചെയ്തതിന് ശേഷം.. മണിക്കൂറുകൾ പിന്നിട്ട് ആ ശരീരങ്ങൾ ബർൺ ചെയ്ത ശേഷമാണ് അവയെ ഈ പറഞ്ഞിരിക്കുന്ന കുളത്തിലോ നദിയിലോ ഒക്കെ കൊണ്ടിട്ടിരിക്കുന്നത്... & പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എന്തോ ഒരു കാരണത്താൽ അതിൽ അധികം കത്തി കരിയാതിരുന്ന ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സെമെന്റെ പ്രെസെൻസ് ഉണ്ടായിരുന്നു.. But, It wasn\'t a rape .....!!! \"\"\" ഓരോന്നും വിവരിച്ച് അവൻ പറഞ്ഞ് നിർത്തിയതും അവരുടെയെല്ലാം പുരികം ചുളിഞ്ഞു...
\"\"\" പ്രണയം നടിച്ച് വിളിച്ച് വരുത്തി ചതിച്ച്.. അങ്ങനെ എന്തെങ്കിലും ആകുമോ ഇനി ? \"\"\" വിനു ഒരുതരം അന്ധാളിപ്പോടെ ചോദിച്ചു...
\"\"\" അതെനിക്ക് അറിയില്ല.. പക്ഷേ, ആളിനെ ഐഡന്റിഫൈ ചെയ്തത് പ്രകാരം, SHE WAS A SEX WORKER !!! വയസ്സ് മുപ്പത്തി രണ്ട് ..... പേര്, മീര ഹരിന്ദർ !!!!............ \"\"\" ഉറച്ച വാക്കുകളിൽ ഫയലിൽ നിന്നൊരു ഫോട്ടോ എടുത്ത് ഉയർത്തി ലാപ്പിന്റെ ക്യാമിലേക്ക് കാണിച്ച് അവൻ അവരെ അറിയിച്ചു...
തുടരും.............................................
Tanvi 💕