Aksharathalukal

ഋതുമതി

പതിവുപോലെ സ്കൂൾവിട്ടത്തിനുശേഷം തൻ്റെ തറവാടുവീട്ടിൽ എത്തിയ അവൾ ഓടിച്ചെന്ന് ഭക്ഷണവും കഴിച്ച് തൻ്റെ യൂണിഫോമും ഊരിവെച്ച് തൻ്റെ അമ്മൂമ്മ തയ്പ്പിച്ച് നൽകിയ ആ വെളുത്ത കാൽമുട്ടറ്റം വരെയുള്ള
പെറ്റിക്കോട്ടും ധരിച്ച് നേരെ ചെന്നത് ആ തറവാടിൻ്റെ ഇടതുവശത്തായി പടർന്ന് പന്തലിച്ച് വാനോളം മുട്ടി നിൽക്കുന്ന പുളിമരചോറ്റിലായിരുന്നു. പുളികൾ കായ്ക്കുന്ന കാലമായതിനാൽ തന്നെ ആ മരത്തിൽ അനേകം കുലകൾ ആയി നിൽക്കുന്ന പുളികൾക്ക് പുറമെ ഒട്ടനേകം പുളികൾ താഴെ വീണുകിടപ്പുണ്ടായിരുന്നു.അങ്ങനെ വീഴുന്ന പുളികൾ എന്നും ഒരു കുട്ടയിൽ
വാരികൊണ്ട് പോയി പൊളിച്ചെടുക്കുന്നത് അവൾക്കെന്നും ഒരു ആവേശമായിരുന്നു. പുളിയുടെ തൊലി കളയുവാനായി പലപ്പോഴും അമ്മമ്മയോ അനുജത്തിയോ അവളോടൊപ്പം കൂടാറുണ്ടായിരുന്നു. അന്നും പതിവ്പോലെ പുളി പെറുക്കാനായി പോയ അവൾ ആവേശത്തോടെ ഓരോ പുളിയും തൻ്റെ കൂട്ടയിൽവാരിക്കൂട്ടുന്ന തിരക്കിലായിരുന്നു. പെട്ടെന്നാണ് തൻ്റെ വയറിൽ നിന്നും പുളഞ്ഞുപോകുന്ന ഒരു വേദന അവൾക്ക് അനുഭവപ്പെട്ടത്.അൽപനേരത്തിന് ശേഷം അത് താനേ ശമിക്കുകയും ചെയ്തു. ആ വേദന പെട്ടെന്ന് ശമിച്ചതുകൊണ്ടുത്തന്നെ അവൾ അത് അത്ര കാര്യമാക്കുകയോ അമ്മയോടോ മറ്റരോടെങ്കിലുമോ പറയുകയോ ചെയ്തില്ല.അങ്ങനെ അവൾ പുളി പെറുകികൊണ്ടിരിക്കുമ്പോഴാണ് വീടിൻ്റെ ഉമ്മറത്ത് നിന്നും അമ്മയുടെ വിളി കേട്ടത്.അമ്മ കുളിക്കാനായി വിളിച്ചത് കൊണ്ടുതന്നെ പുളി പെറുക്കൽ നിർത്തി തൻ്റെ കൂട്ടയുമായി അവൾ അമ്മയുടെ അടുത്തേക്ക് പോയി.അമ്മ തലയിൽ എണ്ണതേപിച്ചുകൊടുക്കകയും അതിനു ശേഷം അവൾ കുളിക്കുവാനായി കുളിമുറിയിലേക്ക് കയറി.തൻ്റെ ആ വെളുത്ത പെറ്റിക്കോട്ട് ഊരിയെടുത്തപ്പോൾ ഒരു കാഴ്ച്ച കണ്ട് അവള് ഞെട്ടി. ഒരു രൂപ നാണയതുട്ടിൻ്റെ വലിപ്പത്തിൽ വട്ടങ്ങൾ പോലെ അവിടവിടെയായി ഇളം നിറത്തിലുള്ള ചോര തുള്ളികൾ അവള് കാണാനിടയായി.തൻ്റെ വെളുത്ത കുപ്പായത്തിൽ ചുവന്നപുള്ളികൾ   ആരാണ്  തുന്നിച്ചേർത്തത് എന്ന് തെല്ലൊരു പരിഭ്രമത്തോടെ അവൾ ചിന്തിച്ചു.അവൾ  ആരോടും പറയാതെ അത് അലക്കുവനായി ഇട്ടിരുന്ന യൂണിഫോമിനിടയിൽ തിരുകിവെച്ചു.ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ കുളികഴിഞ്ഞിറങ്ങി.എന്നാലും അവളുടെ മനസ്സിനെ ആ നനുത്ത ചോരത്തുള്ളികൾ അലട്ടികൊണ്ടിരുന്നു.അവൾക്ക് രണ്ട് യൂണിഫോം ജോഡികൾ മാത്രം ഉള്ളതിനാൽ അവളുടെ അമ്മ നിത്യവും വൈകീട്ട് തന്നെ അവളുടെ യൂണിഫോർമുകൾ അലക്കാറുണ്ടായിരുന്നു.അലക്കാനായി യൂണിഫോം എടുക്കാൻ പോയപ്പോഴാണ് അമ്മ ആ കാഴ്ച്ച കണ്ടത്.അമ്മ  അവളെ വിളിച്ചു അതേ പറ്റി ചോദിച്ചപ്പോൾ ഭയവും സങ്കടവും ഒരുപോലെ നിഴലിച്ച മുഖവുമായി എത്തിയ അവൾ പെട്ടെന്ന് കരയുവാൻ തുടങ്ങി.അമ്മ അവളെ ചേർത്തുപിടിച്ച് അവളുടെ കണ്ണിൽ നിന്നും ധാരയായി ഒഴുകിയ കണ്ണുനീർ തുടച്ചു.എന്നിട്ട് അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ കാതുകളിൽ മന്ത്രിച്ചു:\"കരയേണ്ട കുട്ടി,നീ ഋതുമതിയായിരിക്കുന്നു.