Aksharathalukal

താര

നഗര വീഥികൾ താണ്ടി ആ കാർ കാടിനുള്ളിലേക്ക് കയറി. ഇരുവശത്തും കാടുകൾ മൂടിയ പാതയിലൂടെ കാർ കു തിച്ചുപാഞ്ഞു. പെട്ടെന്ന് ഒരിടത്ത് വണ്ടി നിർത്തി ഡ്രൈവർ പിൻസീറ്റിൽ ഇരിക്കുന്ന യാത്രികനോട് ആയി പറഞ്ഞു: ഈ മല കയറിയാൽ താങ്കൾ പറഞ്ഞ സ്ഥലമായി. വണ്ടിയിലൂടെ പുറത്ത്നോക്കിയപ്പോൾ പച്ചപുതച്ച് പൂക്കൾ ചൂടി നിൽക്കുന്ന കുന്നാണ് അയാൾ കണ്ടത്. കുന്നിൻ ചെരുവിലെ ആ റോഡിലൂടെ വണ്ടി വീണ്ടും കുതിച്ച് പാഞ്ഞു. മുകളിൽ എത്താറായപ്പോൾ
ദൂരെ ആയി ആ കെട്ടിടം ദൃശ്യമായി. വണ്ടി പിന്നെയും മുന്നോട്ട് എടുത്തപ്പോൾ പൂപ്പൽ പിടിച്ച ആ പഴയ കെട്ടിടത്തിന് മുന്നിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു: \"നീലഗിരി മാനസികാരോഗ്യകേന്ദ്രം\". കെട്ടിടത്തിന് മുമ്പായി വണ്ടി നിർത്തിയപ്പോൾ ഡോക്ടറുടെ അസിസ്റ്റൻ്റ് കാറിൻ്റെ ഡോറിനരികിൽ വന്ന് അയാളെ സ്വീകരിച്ചു. അസിസ്റ്റൻ്റ് അയാളെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയി. അയാളെ കണ്ട ഉടൻ ഡോക്ടർ പറഞ്ഞു: ഗുഡ് മോണിംഗ്,താങ്കളുടെ പഠനത്തിന് വേണ്ടതെല്ലാം ഇവിടെ ഉണ്ട്. ഇന്ന് ഈ കിട്ടിയ ഒരു ദിവസം കൊണ്ട് ആവോളം രോഗികളെ പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ശേഖരിക്കാം. \"
ഡോക്ടറോട് അയാൾ ശരി എന്ന് പറഞ്ഞെങ്കിലും അയാളുടെ മനസ്സ് നിറയെ \"എങ്ങനെ ഒരു ദിവസം കൊണ്ട് രോഗികളെ അടുത്തറിയാനാകും എന്ന സംശയമായിരുന്നു.\"
ആ ചിന്തയിൽ നിന്നും അയാളെ ഉണർത്തികൊണ്ട് ഡോക്ടർ പറഞ്ഞു: \"താങ്കളുടെ സഹായത്തിന് എൻ്റെ അസിസ്റ്റൻ്റ് ഉണ്ടാകും.\"
ഡോക്ടറോട് നന്ദി പറഞ്ഞു അയാൾ രോഗികളെ കാണാനായി ഡോക്ടറുടെ റൂമിന് പുറത്ത് കടന്നു. ആ കെട്ടിടത്തിൻ്റെ ഇരുണ്ട അഴികളിലൂടെ നീങ്ങുമ്പോൾ അയാൾ പല കാഴ്ചകളും കണ്ടു. പല ഗോഷ്ടികൾ കാണിച്ചും ചിന്തയിലാണ്ട് ശില കണക്കെ ഇരുന്നും ചിരിച്ചും കരഞ്ഞും കുറേ രോഗികൾ. ആ കാഴ്ച്ച അയാളെ അംബരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് അയാൾ ആ കാഴ്ച്ച കണ്ടത്. ഒരു ജനാലയുടെ അരികിൽ പാറിപ്പറക്കുന്ന അഴിച്ചിട്ട നീണ്ട മുടിയുള്ള ഒരുത്തി ജനലിനു പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്നു.
അവളുടെ നിസ്സഹായവും ദുഖം തളം കെട്ടിനിൽക്കുന്നതുമായ ആ കണ്ണുകൾ അപ്പോഴും ആരെയോ തേടുകയായിരുന്നു.അയാൾ അസിസ്റ്റൻ്റിനോട് അവളെ പറ്റി തിരക്കി. അസിസ്റ്റൻ്റ് പറഞ്ഞു: അവളുടെ പേര് താര. 2 വർഷങ്ങൾക്കു മുൻപാണ് അവൾ ഇവിടെ എത്തിയത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇവൾ അമ്മാവൻ്റെ വീട്ടിലാണ് വളർന്നത്. അവർ ഇവളെ ഒരു വീട്ടുവേലക്കാരിയായി കരുതി.ചെറുപ്പം മുതലേ ആ വീട്ടിൽ കിടന്ന് നരകിച്ച അവൾക്ക് നേരിയ ആശ്വാസമായി ഒരു പ്രണയം കടന്നുവന്നു.അവൻ്റെ പേര് റഹ് മാൻ.
റഹ് മാൻ അങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തുന്ന ഒരു പാവം ചെറുപ്പക്കാരനായിരുന്നു. ഒരു രാത്രി ഒളിച്ചോടാൻ തീരുമാനിച്ച അവരുടെ പദ്ധതി എങ്ങനെയോ മനസ്സിലാക്കിയ അമ്മാവനും കൂട്ടരും അവളുടെ കൺമുന്നിൽ വച്ച് റഹ് മാനെ വെട്ടിക്കൊന്നു. തൻ്റെ പ്രാണനെ കൺമുന്നിൽ വെട്ടി തുണ്ടമാകുന്നത് കണ്ട അവൾ അന്ന് മുതൽ ഇങ്ങനെ ആയി. അമ്മാവനും കുടുംബത്തിനും ഭാരമായ ഇവളെ ഈ സൗജന്യ കേന്ദ്രത്തിലേക്ക് തള്ളി. പെട്ടെന്ന് അയാളെ കണ്ട അവൾ റഹ് മാൻ എന്ന് തെറ്റ് ധരിച്ച് അയാളെ കെട്ടിപ്പിടിക്കാൻ ഒരുങ്ങിയതും അവിടുത്തെ ജോലികാർ അവളെ ബലമായി പിടിച്ച് മാറ്റി. തിരിച്ച് പോകാനായി കാറിലേക്ക് കയറി ഇരുന്നപോളും അയാൾ അവളെ നോക്കി. ആ കണ്ണുകൾ അയാളെ തന്നെ ഉറ്റുനോക്കുകയായിരുന്നു. അയാളുടെ കാർ മറയുന്നത് വരെ ആ കണ്ണുകൾ അയാളെ പിന്തുടർന്നു.