Aksharathalukal

അനംഗകാവ്യ രാഗിണി

അതിരാവിലെ തന്നെ കുളിച്ചു ഫ്രഷായി, ഹോട്ടലിലെ റിസപ്ഷന്‍ ലോഞ്ചിലിരുന്ന്‍ പത്രം വായിക്കുകയാണ് വിശ്വനാഥന്‍.

സീസണായതിനാല്‍ ഗോവയിലെ മിക്ക ഹോട്ടലുകളിലും ടൂറിസ്റ്റുകളുടെ തിരക്കാണ്.
അധികം ബഹളമില്ലാത്ത, അടുക്കും ചിട്ടയുമുള്ള ഈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് വിശ്വനാഥനിഷ്ടം. തന്‍റെ മൂഡിനനുസരിച്ച്, സ്വസ്ഥമായിരുന്നെഴുതാന്‍ പറ്റിയൊരിടം.
ഒരിടത്തരം നഗരത്തിലായതു കൊണ്ട്, ഒന്നു വിരസതയകറ്റാന്‍ ഇടയ്ക്കിടെ മറ്റിടങ്ങളിലേക്ക് പോയി വരാനുമെളുപ്പം.

ഗോവയിലെ രാഷ്ട്രീയ വാര്‍ത്തകളൊന്നും വിശ്വനാഥന്‍ വായിക്കാറില്ല. പത്രങ്ങളില്‍ വരുന്ന അവിടത്തെ കലാപരിപാടികളുടെ വാര്‍ത്തകളും, ഫീച്ചറുകളും, ഒന്നു കണ്ണോടിച്ചു നോക്കും. താല്‍പര്യം തോന്നുന്നവ കാണാന്‍ പോകും.

പത്രവായനക്കിടയില്‍ തന്‍റെ ഇടതു വശത്തുള്ള സെറ്റിയില്‍, ഒരു സ്ത്രീ വന്നിരുന്നത് വിശ്വനാഥന്‍ ശ്രദ്ധിച്ചു. രാവിലെ ഏഴു മണിയാകുന്നതേയുള്ളൂ. അവരൊരു ദൂര യാത്ര കഴിഞ്ഞ് എത്തിയ പോലുണ്ട്. പരിഭ്രമത്തോടെ അവരെഴുന്നേറ്റ് റിസപ്ഷനടുത്തേയ്ക്ക് പോകുന്നത് കണ്ടു.

വളരെ അസ്വസ്ഥത നിറഞ്ഞ മുഖഭാവത്തോടെ അവര്‍ വീണ്ടും വിശ്വനാഥനരികെയുള്ള സെറ്റിയില്‍ വന്നിരുന്നു.

കാണാനഴകുള്ളവളെങ്കിലും, പരിഭ്രമത്തിന്‍റെ നിഴലുകള്‍ വീണ മുഖം വല്ലാതെ വാടിയിരുന്നു.
തിടുക്കത്തിലവള്‍ ബാഗില്‍ നിന്ന്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു.

“ഹലോ, ഞാനിവിടെ റിസപ്ഷനിലുണ്ട്. ങ്ങാ, രാവിലെയെത്തിച്ചേരുന്ന ട്രെയിനിലെത്തി. 
അയ്യോ, എന്തു പറ്റി? ഇവിടത്തെ റൂം ബുക്കിങ്ങും ക്യാന്‍സല്‍ ചെയ്തോ? അയ്യോ, ഇനി ഞാനെന്തു ചെയ്യും?”

അവളുടെ ഫോണ്‍ കട്ടായത് പോലെ തോന്നി. അവള്‍ വീണ്ടും റീ ഡയല്‍ ചെയ്തു കൊണ്ടിരുന്നു. 

വിശ്വനാഥന്‍റെ ശ്രദ്ധ മുഴുവന്‍ അവളിലേക്കായി. അവള്‍ തിടുക്കത്തിലെഴുന്നേറ്റു വീണ്ടും റിസപ്ഷനിസ്റ്റിനടുത്ത് ചെന്നു.

തിരികെ തന്‍റെയരികിലുള്ള സെറ്റിയിലേക്കവള്‍ നടന്നു വരുമ്പോള്‍, പത്രം താഴ്ത്തിപ്പിടിച്ച് അവളെത്തന്നെ ശ്രദ്ധിച്ചിരുന്ന വിശ്വനാഥന്‍റെ കണ്ണുകള്‍ അവളുടെ നോട്ടത്തില്‍ കൂട്ടി മുട്ടി.

സെറ്റിയില്‍ വന്നിരുന്ന്‍ മൊബൈലെടുത്ത്, വീണ്ടും പ്രതീക്ഷയോടെ അവള്‍ വിളിച്ചു നോക്കി. വല്ലാത്ത നിരാശയില്‍, തുറന്ന്‍ വച്ചിരുന്ന ബാഗിലേക്കവള്‍ ആ ഫോണെടുത്തെറിഞ്ഞു.
ഒന്നു മുഖം പൊത്തിയിരുന്ന്‍, ഒരു നെടുവീര്‍പ്പിനപ്പുറം അവള്‍ വിശ്വനാഥന് നേരെ നോക്കി.

“സര്‍, മലയാളിയാണോ?”
അപ്രതീക്ഷിതമായി വന്ന ആ ചോദ്യത്തിന്, വിശ്വനാഥന്‍ അതേയെന്ന്‍ തലയാട്ടി.

“എന്‍റെ കൂടെ വരേണ്ട ആള്‍ക്ക് എത്തിച്ചേരാന്‍ പറ്റിയില്ല. അയാള്‍ റൂമും ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ദൂരയാത്ര ചെയ്ത് വരികയാണ് ഞാന്‍. ഇവിടെ വേറെ റൂമും ഒഴിവില്ലെന്ന് പറയുന്നു. ഒന്നു ഫ്രെഷാവാന്‍, സാറിന്‍റെ റൂമൊന്നു തുറന്നു തരാമോ?” 
അത്രയുമവള്‍ പറഞ്ഞത് ഒരൊറ്റ ശ്വാസത്തിലാണെന്നു തോന്നി.

വിശ്വനാഥന്‍ ഒന്നുമാലോചിക്കാതെ, വായിച്ചു കൊണ്ടിരുന്ന പത്രം ടീ-പോയിലേക്ക് തിരികെ വച്ച്, കൂടെ വന്നോളൂ എന്ന ഭാവത്തില്‍ അവളെയൊന്നു നോക്കി, തന്‍റെ റൂമിലേക്ക് നടന്നു.

രണ്ടാം നിലയിലെത്തി മുറി തുറന്നയുടനെ, വിശ്വനാഥനു മുന്‍പേ അവള്‍ അകത്തു കടന്നു. ബാഗ്‌ കട്ടിലിനരികെയുള്ള ടേബിളില്‍ വച്ച്, അവള്‍ ബാത്ത് റൂമില്‍ക്കയറി വാതിലടച്ചു.

അയാള്‍ക്ക് പാവം തോന്നി.

പുറത്തു നിന്ന്‍ റൂം ലോക്ക് ചെയ്ത്, ഹോട്ടലിലെ റെസ്ടോറണ്ടിലേക്ക് അയാള്‍ നടന്നു.
ഒരുകോഫിയും സാന്‍ട് വിച്ചും കഴിച്ചു കൊണ്ട്, തുറന്നിട്ട ജനാലയിലൂടെ, നഗരത്തിലെ തിരക്കേറി വരുന്ന പ്രഭാതത്തെ കണ്ടു കൊണ്ടിരുന്നു.

അര മണിക്കൂറിലേറെ കഴിഞ്ഞ്, അവള്‍ക്കായി ഒരു ജ്യൂസും സാന്‍ട് വിച്ചും വാങ്ങി റൂമിലേക്ക് ചെന്നു.
വാതില്‍ തുറന്ന്‍ അകത്ത് കടന്ന്‍ വിശ്വനാഥന്‍ അവളെവിടെയെന്നു നോക്കി. വാതില്‍ അകത്ത് നിന്ന്‍ അടച്ച് തിരിഞ്ഞു നോക്കുമ്പോള്‍, ബാല്‍ക്കണിയില്‍ നിന്ന്‍ നനഞ്ഞ മുടിയിഴകള്‍ കോതിക്കൊണ്ട്, നന്ദി പൂര്‍വ്വം പുഞ്ചിരിച്ച് അവള്‍ അയാള്‍ക്ക് നേരെ നടന്നു വരുന്നു.

അങ്ങിങ്ങ് നീല പൂക്കളുള്ള, വെളുത്ത നിറത്തിലുള്ള ടോപ്പും, കടും നീല നിറത്തിലുള്ള സ്കര്‍ട്ടുമാണവള്‍ ധരിച്ചിരുന്നത്.
അടുത്തു വന്നപ്പോള്‍ താനുപയോഗിക്കുന്ന സോപ്പിന്‍റെ ഗന്ധം അവളില്‍ നിന്നും ഒഴുകി വന്നു.

കൊണ്ടുവന്ന ഫ്രൂട്ട് ജ്യൂസും സാന്‍ട് വിച്ചും അവള്‍ക്ക് നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു: “ഞാന്‍ റെസ്ടോറണ്ടില്‍ നിന്ന്‍ കഴിച്ചു. നിനക്ക് വിശക്കുന്നുണ്ടാകും, ഇത് കഴിച്ചോളൂ.” 

അവളത് കൈ നീട്ടി വാങ്ങി, ബാല്‍ക്കണിക്കരികിലുള്ള ടീ പോയില്‍ വച്ചു. പിന്നെ അതിനടുത്തുള്ള കസേരയിലിരുന്ന്‍ അയാള്‍ക്ക് നേരെ നോക്കി.

അവളുടെ കണ്ണുകളിലെ തിളക്കത്തിലേക്ക് നോക്കിക്കൊണ്ട് വിശ്വനാഥന്‍ ചോദിച്ചു, “എന്താ നിന്‍റെ പേര്?”

“രാഗിണി” അവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. 

അല്‍പം മാംസളമായ അവളുടെ ശരീരവും, തുടുത്ത മുഖവും കണ്ട്, വിശ്വനാഥന്‍ അവളുടെ പ്രായം ഇരുപത്താറിനും മുപ്പതിനും ഇടയിലായിരിക്കുമെന്ന്‍ കണക്കു കൂട്ടി.

“സാറ്....” അവള്‍ പൂര്‍ത്തിയാകാത്ത ഒരു ചോദ്യത്തോടെ അയാളെ നോക്കി.

“ഞാന്‍, വിശ്വനാഥന്‍....., രാഗിണി ഭക്ഷണം കഴിച്ചോളൂ....”
അതു പറഞ്ഞ്, രാത്രി വായിച്ചു വച്ച പുസ്തകം തുറന്ന്‍, തലയിണ’ ഒരു വശത്തേക്ക് ചാരിവച്ച്, അയാള്‍ ബെഡ്ഡില്‍ക്കിടന്ന്‍ വായിക്കാന്‍ തുടങ്ങി.

ഇടക്കൊന്ന്‍ പാളി നോക്കുമ്പോള്‍, ഭക്ഷണം കഴിച്ചു കഴിഞ്ഞ് ടീ-പോയ്‌ വൃത്തിയാക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു, അവള്‍.

“രാഗിണീ, യാത്രാക്ഷീണമുണ്ടെങ്കില്‍ ഒന്നുറങ്ങിക്കോളൂ....” വിശ്വനാഥന്‍ അവളെ നോക്കി പറഞ്ഞു.

അവള്‍ നടന്ന്‍ അയാള്‍ക്കരികില്‍ വന്ന്‍ ചോദിച്ചു, “സാറിന് എന്നെ അറിയാമോ?”

“ഇല്ല” അയാള്‍ പറഞ്ഞു. 
“രാഗിണിക്കുറങ്ങണമെങ്കില്‍ ഈ കട്ടിലില്‍ കിടന്നോളൂ..”

അവള്‍ അയാളെത്തന്നെ നോക്കിക്കൊണ്ട് കിടന്നു. പിന്നെ മെല്ലെ മിഴികള്‍ കൂമ്പി, നിദ്രയിലേക്കലിഞ്ഞു.
കുളിച്ച് ഈറന്‍ മുടിയോടെ, ഇടത്തേക്കൊന്ന്‍ ചെരിഞ്ഞ് കിടന്നുറങ്ങിയിരുന്ന അവളെ, വായിച്ചു കൊണ്ടിരുന്ന പുസ്തകം തന്‍റെ നെഞ്ചില്‍ കമിഴ്ത്തി വച്ചു കൊണ്ട്, വിശ്വനാഥന്‍ വെറുതെ നോക്കിയിരുന്നു.

ഭംഗിയുള്ള മുഖം. അഴകൊത്ത, പാകത്തിന് മാംസളമായ ശരീരം. അണിഞ്ഞിരുന്ന വസ്ത്രത്തിന്‍റെ യൗവ്വനം, അവളുടെ പ്രായത്തെ കുറച്ചു കാണിക്കുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്ത് ഒരു തരം നിഷ്ക്കളങ്കതയുടെ മിന്നലാട്ടം.

ജീവിതത്തിലെ ഓരോ നിമിഷത്തിലും അപ്പോഴപ്പോള്‍ തോന്നുന്ന തീരുമാനങ്ങളെടുത്ത്, അമ്പരപ്പില്ലാതെ നീങ്ങുന്ന വിശ്വനാഥന്, അപരിചിതയായ ഇവളുടെ സാമീപ്യം ഒരു തരം ആകാംക്ഷ നിറഞ്ഞ കൗതുകമായി. 

വീണ്ടും വായനയിലേക്ക് മടങ്ങാതെ വിശ്വനാഥന്‍ എഴുന്നേറ്റ് ബാല്‍ക്കണിയില്‍ വന്നിരുന്നു.

കുറച്ചു കഴിഞ്ഞ് ഉറക്കച്ചടവോടെ അവിടേക്ക് വന്ന അവളോടയാള്‍ ചോദിച്ചു: “ശരിക്കുറങ്ങാന്‍ കഴിഞ്ഞോ രാഗിണീ...?”

“ഉവ്വ് സര്‍....”,ഒരു ചെറു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

“ഒന്നു മുഖം കഴുകി ഫ്രെഷാവ്.നമുക്കൊന്ന്‍ പുറത്ത് പോയി വരാം.” അതു പറഞ്ഞ് വിശ്വനാഥന്‍ അലമാരി തുറന്ന്‍ ഒരു ജീന്‍സും ടീ ഷര്‍ട്ടും എടുത്തണിഞ്ഞു. 

അവള്‍ മുഖം കഴുകിത്തുടച്ച്, അതേ സ്കര്‍ട്ടും ടോപ്പുമണിഞ്ഞ്, മുടിയൊന്ന് ഒതുക്കിക്കെട്ടി അയാള്‍ക്കൊപ്പം ചെന്നു.

താഴെ പാര്‍ക്കിംഗ് ഏരിയയില്‍ ചെന്ന്‍, താന്‍ ഗോവയില്‍ വരുമ്പോഴൊക്കെ വാടകക്കെടുക്കാറുള്ള ഹോണ്ട സ്കൂട്ടര്‍ എടുത്ത് അവള്‍ക്കരികിലെത്തി.

“ഇതില്‍ക്കയറാന്‍ രാഗിണിയ്ക്ക് ബുദ്ധിമുട്ടുണ്ടോ?” അയാള്‍ ചോദിച്ചു.

ഒരു കൗമാരക്കാരിയെപ്പോലെ ചിരിച്ചു കൊണ്ട്, ചുറു ചുറുക്കോടെ സ്കൂട്ടറിനിടത് വശത്തേക്ക് വന്ന്‍ അവള്‍ അയാളുടെ വലതു ചുമലില്‍ കൈ വച്ചുകൊണ്ട് പിന്‍ സീറ്റിലേക്ക് കയറിയിരുന്നു.

‘പോകാം..?” എന്നു ചോദിച്ചുകൊണ്ട് വിശ്വനാഥന്‍ ഹോട്ടലിനു മുന്നിലെ മെയിന്‍ റോഡിലേക്ക് സ്കൂട്ടര്‍ തിരിച്ചു.

സ്വദേശികളും വിദേശികളും തിങ്ങി നിറഞ്ഞു നീങ്ങുന്ന, ബാഗാ ബീച്ചിലേക്കുള്ള റോഡിലൂടെ ഒട്ടും വേഗത്തിലല്ലാതെ വിശ്വനാഥനും രാഗിണിയും സ്കൂട്ടറില്‍ നീങ്ങിക്കൊണ്ടിരുന്നു.

ഇരുപുറവുമുള്ള കാഴ്ചകള്‍ തെല്ലു വിസ്മയത്തോടെ കാണുന്ന അവളുടെ മുഖം, അയാള്‍ സ്കൂട്ടറിന്‍റെ കണ്ണാടിയിലൂടെ ഇടയ്ക്കിടെ കാണുന്നുണ്ടായിരുന്നു.

“രാഗിണി ഗോവയിലിതിനു മുന്‍പ് വന്നിട്ടുണ്ടോ?”

“ഉണ്ട് സര്‍, ഒരു തവണ. പക്ഷെ, പുറത്തെങ്ങും പോയില്ല. മുറിക്കുള്ളിൽത്തന്നെയായിരുന്നു. പിറ്റേ ദിവസം തന്നെ തിരിച്ചു പോവുകയും ചെയ്തു.\" അവൾ പറഞ്ഞു. 

വിശ്വനാഥന്‍ ഒരു സീ സൈഡ് റസ്റ്റോറണ്ടിന്‍റെ പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു. അവളുടെ കൈ പിടിച്ച്, ആള്‍ത്തിരക്കിലൂടെ, കടല്‍ കാണാവുന്ന ഒരിടത്തെ ടേബിളിനടുത്തേക്ക് നടന്നു.

അവള്‍ വിസ്മയത്തോടെ അവിടെ തിങ്ങി നിറഞ്ഞ വിവിധ ദേശക്കാരായ ആളുകളെയും, കടലിനേയും, ചുറ്റുമുള്ള എല്ലാറ്റിനേയും നോക്കിക്കൊണ്ടിരുന്നു. 

അവളുടെ കണ്ണുകളിലെ തിളക്കം, അതില്‍ അല്‍പാല്‍പമായി തെളിയുന്ന നനവ്‌, എല്ലാം വിശ്വനാഥന്‍റെ മനസ്സിനെ ആര്‍ദ്രമാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

“രാഗിണിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതാണ്?”

“എന്താ സാര്‍..?” മനസ്സുമായെങ്ങോ പൊയ്ക്കൊണ്ടിരുന്ന അവളാ ചോദ്യം കേട്ടില്ല.

മുന്നിലേക്കാഞ്ഞ് അവളുടെ കൈകളില്‍ തൊട്ടുകൊണ്ട് വിശ്വനാഥന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

“ഐസ്ക്രീം ...” അവള്‍ പെട്ടെന്ന്‍ പറഞ്ഞു.

“ശരി, പക്ഷെ അതിനു മുന്‍പ് കഴിക്കാന്‍....?”,അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു.

“സാറ് കഴിക്കുന്നതെന്തും.....” അവള്‍ പറഞ്ഞു.

സാധാരണ അയാള്‍ കഴിക്കാറുള്ള, രുചിയുള്ള വെജിറ്റേറിയന്‍ ഡിഷുകള്‍ക്കൊപ്പം രണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീമും അയാള്‍ ഓര്‍ഡര്‍ ചെയ്തു.

അസ്തമയത്തോടടുത്ത സൂര്യശോഭയില്‍ അവളുടെ കവിളുകള്‍ ഏറെ തുടുത്തിരുന്നു. കടലിനെ നോക്കിയിരുന്ന അവളുടെ കണ്ണുകളും, കുസൃതി കാട്ടി കാറ്റില്‍ പറന്നിളകുന്ന മുടിയിഴകളും, മുഖത്ത് മിന്നി മറയുന്ന നിഷ്ക്കളങ്ക ഭാവങ്ങളും അയാളുടെ മനസ്സില്‍ വരകളും വര്‍ണ്ണങ്ങളുമായി.

ഭക്ഷണം കഴിക്കുന്നതിനിടെ, പാശ്ചാത്യസംഗീതമാലപിച്ചു കൊണ്ട് തീന്‍മേശക്കിടയിലൂടെ നീങ്ങിയ ഗായകര്‍ക്കൊപ്പം നൃത്തം ചെയ്യാനെഴുന്നേറ്റ അതിഥികളെ അവള്‍ വിസ്മയത്തോടെ നോക്കി.

വേറേതോ ലോകത്തിരുന്ന്‍ കണ്ണിനിമ്പമാര്‍ന്ന കാഴ്ചകള്‍ കാണും പോലെ അവളതെല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു. തികച്ചും അപരിചിതരായ ജനങ്ങളും, ഇതുവരെ കാണാത്ത സംസ്ക്കാര വൈവിദ്ധ്യവും കണ്ട് അവളുടെ മുഖത്തെ പുഞ്ചിരി മായാതെ നിന്നു.

വിശ്വനാഥനവളോട് വല്ലാത്തൊരിഷ്ടം തോന്നി. റസ്റ്റോറണ്ടില്‍ നിന്നിറങ്ങും വഴി, സ്കൂട്ടറെടുക്കാതെ രാഗിണിയുടെ കൈ പിടിച്ചു കൊണ്ടയാള്‍ തിരക്കേറിയ മറ്റൊരു തെരുവിലേക്ക് നടന്നു.

അതിരില്ലാത്ത ഭാവനകളില്‍ വിരിഞ്ഞ, സുന്ദരവും ഭ്രമിപ്പിക്കുന്നതുമായ വര്‍ണ്ണ വസ്ത്രങ്ങളുടെ ഒരുത്സവത്തെരുവിലൂടെ അവര്‍ നടന്നു നീങ്ങി.

അവര്‍ക്കിടയിലൂടെ പോയ്ക്കൊണ്ടിരുന്ന വിദേശികളും സ്വദേശികളുമായ അല്‍പ വസ്ത്രധാരിണികളെ നോക്കി, അവള്‍ വിശ്വനാഥന്‍റെ കൈത്തണ്ടയില്‍ ഇടയ്ക്കിടെ നുള്ളിക്കൊണ്ടിരുന്നു.

അല്‍പം തിരക്കൊഴിഞ്ഞ ഒരു ഷോപ്പിലേക്ക് അയാളവളെ കൊണ്ടുപോയി.

“രാഗിണിക്കിഷ്ടപ്പെട്ടത് വാങ്ങിക്കോളണം”, വിശ്വനാഥന്‍ പറഞ്ഞു.

“സാറിനിഷ്ടമുള്ളത് വാങ്ങിത്തന്നാല്‍ മതി”, അവള്‍ സങ്കോചത്തോടെ പറഞ്ഞു.

ഇട്ടുകാണാന്‍ തനിക്കേറെയിഷ്ടമുള്ള മിഡിയും ടോപ്പും, വിവിധ നിറഭേദങ്ങളിലും ഡിസൈനിലുമുള്ള നാലഞ്ചെണ്ണം അയാള്‍ അവള്‍ക്കായി തിരഞ്ഞെടുത്തു.

അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കിച്ചിരിച്ചുകൊണ്ട് ആ ഷോപ്പിംഗ്‌ ബാഗയാള്‍ അവള്‍ക്കു നേരെ നീട്ടി.

അവിടെ നിന്നിറങ്ങി വലതു വശത്തു കണ്ട മറ്റൊരു ഷോപ്പിലേക്കയാള്‍ കയറി. പിന്നാലെയവളും.

നിറയെ കണ്ണാടിവളകള്‍ ഡിസ്പ്ലേ ചെയ്തിരുന്ന ചുമരിലേക്ക് നോക്കി വിശ്വനാഥന്‍ അവളോടു ചോദിച്ചു: “നിനക്ക് കുപ്പിവളകളിഷ്ടമാണോ?”

“ഉം..” അയാളുടെ കൈകളെ മുറുക്കിക്കൊണ്ടവള്‍ പറഞ്ഞു.

അതു വാങ്ങിക്കഴിഞ്ഞ് അവളോടയാള്‍ ചോദിച്ചു: “ഇനിയെന്തെങ്കിലും....?”

“വേണ്ട”, രാഗിണി പറഞ്ഞു.

തെരുവവസാനിക്കുന്നിടത്ത് കടല്‍ത്തീരത്തിനടുത്തുള്ള ഒരു ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ ഒരു ഗസല്‍ ഗായകന്‍ പാടിക്കൊണ്ടിരിക്കുന്നു.

“രാഗിണീ, നമുക്കല്പനേരം ഇവിടെയിരുന്നാലോ..?”
അവള്‍ ഇഷ്ടത്തോടെ തലയാട്ടി.

പ്രണയമധുരം ഊറിയൊഴുകുന്ന ഗസലുകളില്‍ നിന്നും അതു കേട്ടിരുന്ന മനസ്സുകളിലെ ചഷകങ്ങള്‍ നിറഞ്ഞു കൊണ്ടിരുന്നു. അനുരാഗ സുഗന്ധം പരന്ന ആ ഇളം നിലാവില്‍ പ്രേമ താപത്താല്‍ കൈ കോര്‍ത്തു ചേര്‍ന്നിരിക്കുകയായിരുന്നു എല്ലാവരും.

കേട്ടു മതിയായില്ലെങ്കിലും രാഗിണിയും വിശ്വനാഥനും പതിയെ പോകാനായി എഴുന്നേറ്റു.

രാവേറും തോറും തിരക്കേറി വന്ന ഗോവന്‍ വീഥികളിലൂടെ വിശ്വനാഥനും രാഗിണിയും ഇളം തണുപ്പുള്ള കാറ്റേറ്റു കൊണ്ട് അധികം വേഗത്തിലല്ലാതെ സ്കൂട്ടറില്‍ ഹോട്ടലിലേക്ക് തിരിച്ചു.

ബാത്ത്റൂമില്‍ പോയി ഒന്നു ഫ്രഷായി വന്ന്‍ വിശ്വനാഥന്‍ ബെഡ്ഡിലൊന്നു ചാരിക്കിടന്നു.
രാഗിണി അവള്‍ക്കായി അയാള്‍ വാങ്ങിയതൊക്കെ പൊതി തുറന്നു നോക്കി. 
വിശ്വനാഥന്‍ ഒരു മയക്കത്തിലേക്ക് വഴുതിപ്പോയി, ഇടക്കെപ്പോഴോ കണ്ണു തുറന്നു. 

രാഗിണിയെ മുറിയിലെങ്ങും കണ്ടില്ല. ബാത്ത്റൂമിലുമില്ല. അടഞ്ഞു കിടന്ന ബാല്‍ക്കണിയുടെ വാതില്‍ അയാള്‍ തുറന്നു.
അവളവിടെ നില്‍പ്പുണ്ട്.

താഴെ ആരോ ചവറു കൂനക്ക് കൊളുത്തിയ ആളുന്ന തീയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.
തൊട്ടടുത്ത് വിശ്വനാഥന്‍ അവളോട് ചേര്‍ന്ന്‍ നിന്നപ്പോഴാണ്, അവള്‍ അയാളുടെ സാന്നിദ്ധ്യമറിഞ്ഞത്.

അയാളുടെ കൈ അവളെ ഒന്നു ചുറ്റിപ്പിടിച്ച നേരം, അതു വരെ അടക്കിപ്പിടിച്ച തേങ്ങലിന്‍റെ കെട്ടഴിച്ച്, അവള്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, താഴെയെരിഞ്ഞു നിന്ന തീയിലേക്കെറിഞ്ഞു.

വിശ്വനാഥന്‍ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് അകലേക്ക് നോക്കി അല്‍പ നേരം നിന്നു. പിന്നെ, ബാല്‍ക്കണിയില്‍ നിന്ന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. നടക്കുമ്പോള്‍ അയാള്‍ കേട്ട കുപ്പിവളക്കിലുക്കത്തില്‍ തിരിഞ്ഞു നോക്കുമ്പോഴാണ്, അവള്‍ക്കായന്ന്‍ വാങ്ങിയ മിഡിയും ടോപ്പുമാണവള്‍ ധരിച്ചിരുന്നതെന്നയാള്‍ ശ്രദ്ധിച്ചത്.

കിടക്കയിലേക്ക് വന്നിരുന്ന്‍ രാഗിണി ചോദിച്ചു: “സര്‍, ഈ ലൈറ്റുകളൊക്കെ ഒന്നണക്കാമോ?”

“എന്തിന്..?” വിശ്വനാഥന്‍ ചോദിച്ചു.

“എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.”

“അതിന് ലൈറ്റ് ഓഫ് ചെയ്യണോ?”

“വേണം സര്‍, പ്ലീസ്.....” അവളയാളെ നിര്‍ബന്ധിച്ചു.

വിശ്വനാഥന്‍ ലൈറ്റെല്ലാം ഓഫ് ചെയ്തു.
ഇരുട്ടില്‍ അവളുടെ മുഖം മറഞ്ഞു. കിടക്കയുടെ മറുവശത്ത് കേട്ട വളകിലുക്കത്തില്‍ നിന്നും, അയാളില്‍നിന്ന്‍ അല്പമകലേക്കവള്‍ മാറിയിരുന്നതായി വിശ്വനാഥന്‍ മനസ്സിലാക്കി.

“സര്‍, ഞാനൊരു ചീത്ത പെണ്ണാണ്.”, പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

“എനിക്കങ്ങനെ തോന്നിയില്ല”, അയാള്‍ പറഞ്ഞു.

“സത്യമാണ് സര്‍, ഞാനൊരു കാള്‍ഗേളാണ്”, അവള്‍ ഉറപ്പിച്ചു പറഞ്ഞു.

“അതു ശരിയായിരിക്കാം. പക്ഷെ, ആദ്യം പറഞ്ഞ പോലെ ഒരു ചീത്ത പെണ്ണാണെന്ന്‍ എനിക്ക് തോന്നുന്നില്ല.

“ഞാന്‍ ഒരുപാട് തവണ ഇതേ പോലുള്ള ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞിട്ടുണ്ട് സര്‍”, അവള്‍ ഒന്നു കൂടി ഉറപ്പിച്ചു പറഞ്ഞു.

“അതും ശരിയായിരിക്കാം. പക്ഷെ, നീയൊരു ചീത്ത പെണ്ണാണെന്ന്‍ എനിക്ക് തോന്നുന്നില്ല.” വിശ്വനാഥന്‍റെ സ്വരത്തിനൊപ്പം സ്നേഹത്തിന്‍റെ തണല്‍ക്കാറ്റുണ്ടായിരുന്നു. 

“സര്‍, ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. സാറിനെന്നോട് വെറുപ്പൊന്നും തോന്നുന്നില്ലേ?” ഇരുട്ടിലൂടെ അവളില്‍ നിന്നു വന്ന ചോദ്യം അയാളുടെ കവിളില്‍ത്തട്ടി കടന്നു പോയി.

“ഇല്ല” വിശ്വനാഥന്‍ സ്നേഹത്തോടെ പറഞ്ഞു.

കുറച്ചു സമയം നീണ്ട നിശ്ശബ്ദതക്കപ്പുറം, വിശ്വനാഥന്‍ ഇരുട്ടിലേക്ക് നോക്കി ചോദിച്ചു: “ഇനി ഞാന്‍ ലൈറ്റ് ഓണ്‍ ചെയ്തോട്ടെ?”

അവള്‍ ഒന്നും പറഞ്ഞില്ല.
അയാള്‍ ലൈറ്റ് ഓണ്‍ ചെയ്തു.
രാഗിണി കട്ടിലിന്‍റെ മറ്റേയറ്റത്തോട് ചേര്‍ന്ന്‍ നിലത്ത് ഇരിക്കുകയായിരുന്നു.

കിടക്കയിലേക്കാഞ്ഞ് തല താഴ്ത്തി മുഖം മറച്ചിരുന്നു. 
വിശ്വനാഥന്‍ അടുത്തു ചെന്ന്‍ അവളെ എഴുന്നേല്‍പ്പിച്ചു.
കണ്ണീരൊഴുകാതെ കരഞ്ഞ അവളുടെ കണ്ണുകളില്‍ നോക്കി അയാള്‍ ചോദിച്ചു: “നമുക്കൊന്ന്‍ നടക്കാന്‍ പോയാലോ?”
അവള്‍ സമ്മതമെന്നു തലയാട്ടി.

ഇളം തണുപ്പുള്ള കാറ്റും, ഇടയ്ക്കിടെ തെളിയുന്ന നിലാവും തലോടുന്ന ഗോവന്‍ വീഥികളിലൂടെ രാഗിണിയുമൊത്ത് വിശ്വനാഥന്‍ നടന്നു.

അവരൊന്നും സംസാരിച്ചില്ല. അവള്‍ അയാളുടെ കൈകളെ തന്നോട് ചേര്‍ത്ത് പിടിച്ചു. ഇടയ്ക്കിടെ അയാളുടെ മുഖത്തേയ്ക്ക് സ്നേഹത്തോടെ നോക്കി.

തിരിച്ച് അയാള്‍ സ്നേഹപൂര്‍വ്വം അവളെ നോക്കി മന്ദഹസിച്ചു. അവളുടെ കുപ്പിവളകളെ തലോടി ചിരിപ്പിച്ചു.

തിരികെ റൂമിലെത്തിയപ്പോള്‍ വിശ്വനാഥന്‍ പറഞ്ഞു: “രാഗിണി കിടന്നോളൂ. എനിക്ക് കുറേ എഴുതാനുണ്ട്.”
അയാള്‍ റയിറ്റിംഗ് പാഡുമെടുത്ത് മേശയ്ക്കരികിലേക്ക് നീങ്ങി.

രാഗിണി കട്ടിലിനൊരറ്റത്ത് തലയിണ നിവര്‍ത്തി വച്ച് ചാരിയിരുന്നു. വിശ്വനാഥന്‍ എഴുതിക്കൊണ്ടിരിക്കുന്നതും നോക്കി അവള്‍ ഏറെ നേരമിരുന്ന്‍, ഒടുവില്‍ ഉറങ്ങിപ്പോയി. 

നേരം പുലരാന്‍ മണിക്കൂറുകളേ ഉള്ളൂ. വിശ്വനാഥന്‍ എഴുത്ത് നിര്‍ത്തി ബാല്‍ക്കണിയില്‍ ചെന്ന്‍ ഇരുന്നു.

പുലര്‍കാലത്തെ തണുപ്പിനും കാറ്റിനും എന്തു ജീവനാണ്! അയാളതാസ്വദിച്ചു കൊണ്ട് ഏറെ നേരമങ്ങിനെയിരിക്കാനാഗ്രഹിച്ചു.

വിശ്വനാഥനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുളിച്ച് ഈറന്‍ മുടിയോടെ പുതു വസ്ത്രമണിഞ്ഞ് കണ്ണാടിവളകളുടെ മൃദുസ്വനവുമായി രാഗിണി അരികിലേക്ക് വന്നു.

അയാളുടെ ചുമലില്‍ കൈ വച്ച് അവള്‍ ചോദിച്ചു: “സാറിതു വരെ ഉറങ്ങിയില്ലേ..?”

“ഇല്ല രാഗിണീ, കുറെ എഴുതിക്കഴിഞ്ഞപ്പോ, പുലരിയുണരുന്നത് കാണണംന്ന്‍ തോന്നി. അതിനായിവിടെ കാത്തിരിപ്പാണ്.”

സമയം അഞ്ചു മണി കഴിയുന്നതേയുള്ളൂ. 

“ഞാനും സാറിനടുത്തിരുന്നോട്ടെ?” രാഗിണി ചോദിച്ചു.

“പിന്നെന്താ രാഗിണീ, അകത്ത് നിന്നും ഒരു കസേരയെടുത്തു വാ”, വിശ്വനാഥന്‍ പുഞ്ചിരിയോടെ പറഞ്ഞു.

രാഗിണി കസേര കൊണ്ടു വന്ന്‍, വിശ്വനാഥനരികിലിട്ട് അതിലിരുന്നു.
അയാളുടെ മുഖത്തേക്കവള്‍ സ്നേഹത്തോടെ മന്ദഹസിച്ചു കൊണ്ട് പാളി നോക്കി.

വിശ്വനാഥന്‍റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയില്‍, അവള്‍ അയാളോടൊന്നു കൂടി ചേര്‍ന്നിരുന്നു.

അവളുടെ അരക്കെട്ടിലൂടെ ചുറ്റി വന്ന വിശ്വനാഥന്‍റെ കൈകളെ ചേര്‍ത്ത് പിടിച്ച്, അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.

അകലെ ഗോവന്‍ കുന്നുകള്‍ക്കിടയിലെ കുളിര്‍ മഞ്ഞു പുതപ്പ് പതിയെ വകഞ്ഞു മാറ്റി വന്ന ഉദയ സൂര്യനെക്കണ്ട് കണ്ട്, രാഗിണിയും വിശ്വനാഥനും ആ ബാല്‍ക്കണിയില്‍ സ്വയം മറന്നിരുന്നു.
*******