Aksharathalukal

ഒരു ചുംബന രഹസ്യം തേടി

ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്താണ് അരവിന്ദന് പ്രമോഷൻ കിട്ടുന്നത്.
ആഗ്രഹിച്ചപ്പോഴൊന്നും അയാൾക്കത് കിട്ടിയില്ല.
തനിക്കൊപ്പം ജോയിൻ ചെയ്തവരൊക്കെ ഉയരത്തിലെത്തിയപ്പോൾ അരവിന്ദനും ആഗ്രഹിച്ചതാണ് ഒരു സ്ഥാനക്കയറ്റം. ഇതിപ്പോൾ ഏറെ വൈകിയെങ്കിലും അനവസരത്തിലായെങ്കിലും അരവിന്ദൻ ആ ഓഫർ സ്വീകരിച്ചു.

അതിനയാൾക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.
തൻ്റെ യൗവ്വനകാലത്ത് ചേക്കേറി, രണ്ടു വർഷത്തോളം ജോലി ചെയ്തിരുന്ന അതേ നഗരത്തിലേക്കാണ്, പ്രമോഷനോടൊപ്പം അയാളുടെ ഈ സ്ഥലംമാറ്റം. നോസ്റ്റാൾജിയ എന്നത് ചിലർക്ക് സ്വന്തം നാടിനോട് മാത്രമല്ല, മറുനാട്ടിലെ ജീവിത കാലത്തോടും ഉണ്ടാകാമല്ലൊ.

നഗരത്തിലെത്തി പുതിയ ഓഫീസിൽ ആദ്യത്തെ ആഴ്ച്ചയിലെ ജോലിത്തിരക്കുകളവസാനിച്ച നേരത്ത്, വെറുതെയൊരു രസത്തിന് സിറ്റി സർവ്വീസ് നടത്തുന്ന ബസ്സുകളിലൊന്നിൽ അയാൾ കയറി.

അത് വെറുതെ ഒരു രസത്തിനായിരുന്നില്ല എന്നതാണ് സത്യം.
മധുരമുള്ള ഒരു ഓർമയിലേക്ക് പുനർജനിക്കാനായിരുന്നു അയാളുടെ ആ ബസ്സ് യാത്ര.

പണ്ടത്തെ ഓർമയിലെന്നപോലെ രണ്ടു പേർക്കിരിക്കാവുന്ന സീറ്റിലാണയാൾ ഇരുന്നത്.
അയാൾക്കരികിൽ ഒരു പുരുഷനോ സ്ത്രീയോ ഇരിക്കാൻ വന്നില്ല.

പക്ഷേ ഇരുപത് വർഷങ്ങൾക്ക് മുൻപ് അയാൾ ഇതുപോലെയുള്ള ഒരു സീറ്റിൽ ഇരുന്നപ്പോൾ അന്ന് അയാൾക്കരികിൽ ഒരു സ്ത്രീ
വന്ന് ഇരുന്നു. വലിയ നഗരങ്ങളിൽ അതൊരു പുതുമയല്ലല്ലൊ.
അരവിന്ദൻ പക്ഷെ, നാട്ടിൽ നിന്ന് ആ വലിയ നഗരത്തിലെത്തിയിട്ട് അധികനാളായായിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ തൻ്റെ തൊട്ടരികിൽ ഒരു സ്ത്രീ വന്നിരുന്നത് അയാൾക്ക് ഒരു വല്ലായ്മ സൃഷ്ടിച്ചു.

ഇടം കണ്ണിട്ട് ആ പെണ്ണിനെയൊന്ന് നോക്കി, അരവിന്ദൻ. ഭംഗിയിൽ ബോബ് ചെയ്ത മുടിയിഴകൾ ബസ്സിനുള്ളിലേക്കടിച്ച കാറ്റിനൊപ്പം ഇളകി അരവിന്ദൻ്റെ ഇടം കവിളിനെ തലോടിക്കൊണ്ടിരുന്നു.

സ്ലീവ്ലെസ്സ് ബ്ലൗസ് ധരിച്ചിരുന്ന അവളുടെ ഗോതമ്പ് നിറമുള്ള തടിച്ചുരുണ്ട കൈകളുടെ മൃദുലത, ബസ്സിൻ്റെ ഇളക്കത്തിനനുസരിച്ച്, അരവിന്ദൻ്റെ ഇറക്കം കുറഞ്ഞ ഹാഫ് സ്ലീവ് ഷർട്ടിന് താഴെയുള്ള ഭാഗത്ത് മുട്ടിയും മുട്ടാതെയും അവൻ്റെ യൗവ്വന ചിന്തകളെ ഒരു നിമിഷം ചൂടുപിടിപ്പിച്ചു.

അവളുടെ മുഖമൊന്നു കാണാൻ അരവിന്ദനു തിടുക്കമായി.
ഇടതു ഭാഗത്തുള്ള മറ്റെന്തിലേക്കോ നോക്കുന്ന പോലെ പെട്ടെന്ന് കഴുത്ത് വെട്ടിച്ച് അവൻ അവളുടെ മുഖത്തേക്ക് പാളിനോക്കി.
ആ ഒറ്റനോട്ടത്തിൽ അവളുടെ ചുവന്നുതുടുത്ത അധരങ്ങൾ വിതുമ്പുന്നതായി അവൻ കണ്ടു.
അവൻ്റെ ഉള്ളിലെ യൗവ്വനച്ചൂട് പെട്ടെന്ന് തന്നെ തണുത്തുപോയി.
അവൻ അവളുടെ മുഖത്തേക്ക് മുൻപത്തെപ്പോലെ തന്നെ പാളി നോക്കി. കൺമഷി പടർന്ന കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ അവളുടെ തുടുത്ത കവിളിണകളെ നനച്ചു താഴേക്കൊഴുകുന്ന കാഴ്ച്ച അരവിന്ദൻ്റെ ഹൃദയത്തെ ആർദ്രമാക്കി.

തന്നേക്കാൾ പ്രായമുണ്ടെങ്കിലും കാണാൻ അതിസുന്ദരിയായ അവളോട് വല്ലാത്തൊരാകർഷണം തോന്നി അരവിന്ദന്.

എന്തായിരിക്കും ഇവളുടെ ഈ കരച്ചിലിൻ്റെ കാരണം?
ഒരു ആംഗ്ലോ ഇന്ത്യൻ ലുക്കുള്ള അവളോട്, കാണാൻ സുന്ദരനെങ്കിലും ഒന്നു മിണ്ടാനുള്ള ധൈര്യമൊന്നും ഇളംപ്രായക്കാരനായ പാവം അരവിന്ദനുണ്ടായിരുന്നില്ല.

അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. ആ നിറഞ്ഞൊഴുകിയ കണ്ണുകളും വിതുമ്പുന്ന അധരങ്ങളും കണ്ട് അരവിന്ദൻ്റെ മിഴികളും നനഞ്ഞു തുടങ്ങി. 

തികച്ചും അപരിചിതയെങ്കിലും, അവളുടെ ദുഃഖത്തിൻ്റെ കനം അവൻ്റെ ലോലമായ ഹൃദയത്തിലേക്കും പടർന്നു.

ഇതിനിടെ അവരുടെ നോട്ടങ്ങൾ ഒരേ സമയത്ത് കൂട്ടിമുട്ടിത്തുടങ്ങി. അവൾ അരവിന്ദൻ്റെ നിറഞ്ഞ കണ്ണുകൾ കണ്ട് ഒരു നിമിഷം വിസ്മയം പൂണ്ടു.
അടുത്ത നിമിഷം അവൾ അരവിന്ദൻ്റെ ഇടം കയ്യിൽ മുറുകെപ്പിടിച്ചു.
അവളുടെ പെട്ടെന്നുണ്ടായ ഈ ഭാവമാറ്റം അവനെ ഞെട്ടിക്കുകയും അതേ സമയം അവൻ്റെ യൗവ്വന മനസ്സിനെ തരളിതമാക്കുകയും ചെയ്തു.

ജീവിതത്തിലിതുവരെ ഒരു പെണ്ണിനെ തൊടാത്ത അരവിന്ദൻ്റെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലായി.

അവളുടെ വിതുമ്പുന്ന ചുണ്ടുകളുടെ തിളങ്ങുന്ന ചുവപ്പിലേക്ക് നോക്കിയ അവൻ്റെ നോട്ടം, വീണ്ടും അവളുടെ നിറഞ്ഞ നയനങ്ങളിലേക്കായി. ആ നിമിഷം അവൻ്റെ മനസ്സിൽ നിന്നും, സ്നേഹപ്രവാഹത്തിൻ്റെ കുറേ നൂൽക്കൊളുത്തുകൾ അവളുടെ ഹൃദയത്തിലേക്ക് ചെന്ന് കെട്ടുപിണഞ്ഞു.

ഇന്ദ്രിയങ്ങൾക്കും അതീതമായ ആ സ്നേഹ ക്കൊളുത്തിൽപ്പെട്ട്, അവൾ അവൻ്റെ കൈവിരലുകൾ കോർത്തുപിടിച്ച് അവനോട് ഇറുകിച്ചേർന്ന് ഇരുന്നു.

അവളുടെ കണ്ണുനീർ, അമർത്തി പിടിച്ച അവൻ്റെ കൈപ്പത്തിക്ക് മുകളിലേക്ക് വീണു നനഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്നവൾ സീറ്റിൽ നിന്നും എഴുന്നേറ്റു. 
അവൾക്കിറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയ ബസ്സിൽ നിന്ന് തിടുക്കത്തിൽ അവൾ പുറത്തേക്കിറങ്ങി.

ഏതോ ഒരുൾപ്രേരണയാൽ അരവിന്ദൻ നൊടിയിടയിൽ അവൾക്ക് പിന്നാലെ ബസ്സിൽ നിന്നിറങ്ങി.

ഇരുട്ട് പരന്നു തുടങ്ങിയ ആ നേരത്ത്, അവൾക്ക് പിന്നാലെ അവൻ ഒരു മായാവലയത്തിലെന്നപോലെ പോയി.
റോഡിനപ്പുറത്തേക്ക് ക്രോസ് ചെയ്ത് ഒരു ഫ്ലാറ്റ് സുച്ചയത്തിലേക്ക് നടന്നുനീങ്ങിയ അവളെ അരവിന്ദൻ പിന്തുടർന്നു.

ഒരിടത്തരം ഫ്ളാറ്റിൻ്റെ ഗോവണിച്ചുവടിനരികിൽ പൊടുന്നനെ അവൾ നിന്നു. അവൾക്കരികിലേക്കെത്തിയ അരവിന്ദനെ പെട്ടെന്നാണവൾ തന്നിലേക്ക് വലിച്ച് ചേർത്ത് ആലിംഗനം ചെയ്തത്.

അവളുടെ കണ്ണീർനനഞ്ഞ തുടുത്ത കവിളുകൾ അവൻ്റെ മുഖത്തേക്കടുത്തു.
അവളുടെ ചുവന്നുതുടുത്ത അധരങ്ങൾ അവൻ്റെ അധരങ്ങളിലമർന്നു.
ഇതുവരെയറിയാത്ത ആ മധുരാനുഭൂതിയിൽ അരവിന്ദൻ മറ്റൊരു ലോകത്തേക്കെന്നപോലെ തൂവലായ് പറന്നുയർന്നു.

ആ സുഖവലയത്തിൽ എത്ര നേരമങ്ങിനെ നിന്നുവെന്ന് അവനറിഞ്ഞില്ല.
പെട്ടെന്നവനെ തള്ളിമാറ്റിക്കൊണ്ട് അവൾ ഇരുട്ടിലേക്ക് മറഞ്ഞു.

അപരിചിതമായ ആ സ്ഥലത്ത്, ദിക്കറിയാതെ കുറച്ചു സമയം മരവിച്ചങ്ങനെ നിന്നുപോയി അരവിന്ദൻ.

ഇത്ര നേരത്തിനുള്ളിൽ എന്തൊരു മായയാണ് ഈ നടന്നതെന്ന് അവന് മനസ്സിലായില്ല.

ആ ലഹരിയുടെ ഹാങ്ങോവറിൽ അവൻ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന്, സ്വന്തം ഫ്ളാറ്റിലേക്കുള്ള ബസ്സിനായി കാത്തിരുന്നു.

അവൻ്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയ ആ അനുഭവത്തിലെ നായികയെത്തേടി, പിന്നീട് പലപ്പോഴും അരവിന്ദൻ ആ ഫ്ലാറ്റ് സമുച്ചയത്തിൽ കറങ്ങി നടന്നു. മിക്ക ഞായറാഴ്ച്ചകളിലും അവൻ്റെ ഒറ്റക്കുള്ള യാത്ര അങ്ങോട്ടായി.

അവൻ്റെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ അവളുടെ പേര് മറിയാ ഫെർണാണ്ടസ് എന്നാണെന്നും, അവൾ ആ കോളനിയിലെ ഒരു ഫ്ളാറ്റിൽ ഒറ്റക്കാണ് താമസിക്കുന്നതെന്നും, കുറച്ചകലെയുള്ള ഒരു ഓഫീസിലാണ് അവളുടെ ജോലിയെന്നും അവൻ കണ്ടെത്തി.

പക്ഷെ അവളെയൊന്നു വീണ്ടും നേരിൽ കാണാൻ അരവിന്ദനു കഴിഞ്ഞില്ല.

രണ്ടു വർഷത്തിനുള്ളിൽ, നാട്ടിലൊരു ജോലി കിട്ടി ആ നഗരത്തിൽ നിന്ന് വിട പറയുന്നതിന് തൊട്ടു തലേന്ന് അരവിന്ദൻ വീണ്ടും അവളുടെ ഫ്ളാറ്റ് തേടി ചെന്നു.

അവളുടെ അച്ഛനെന്ന് തോന്നിക്കുന്നൊരാളുടെ കൂടെ മുന്നോട്ട് നടന്നുവന്ന അവളെ പെട്ടെന്നാണ് അരവിന്ദൻ കണ്ടത്.

ഒരു നിമിഷം നേർക്കുനേർ ഇരുവരുടേയും കണ്ണുകളിടഞ്ഞ നേരത്ത്, അവൾ അവനെ നോക്കി മനോഹരമായ ഒരു ചിരി ചിരിച്ചു. ആ നിമിഷം ഒരു മറുചിരിക്കാൻ പോലും അവൻ മറന്നുപോയി! 

അവൾ അവനെക്കടന്ന് അയാൾക്കൊപ്പം നടന്നകലുകയും ചെയ്തു.

എങ്കിലും അന്നത്തെ ആ ചുംബനമധുരവും, മനച്ചെപ്പിലേക്ക് കയറിയൊളിച്ച ആ ചിരിയും അരവിന്ദന് ഇപ്പോഴും മറക്കാനായിട്ടില്ല.
അതുകൊണ്ടാണല്ലൊ പ്രമോഷനും സ്ഥലംമാറ്റവുമായി ഇവിടേക്ക് വന്ന്, ഒരാഴ്ച്ചത്തെ തിരക്കും കഴിഞ്ഞ്, മറിയാ ഫെർണാണ്ടസ്സിനേയും തേടി അരവിന്ദൻ വീണ്ടും ഇങ്ങനെ ഇറങ്ങിയത്.

അന്നത്തെ അതേ ബസ്സ് സ്റ്റോപ്പിലിറങ്ങി അരവിന്ദൻ നടന്നു. വർഷമെത്ര കഴിഞ്ഞിട്ടും ഇവിടെങ്ങും വലിയ മാറ്റമില്ലല്ലോ എന്ന് അയാൾ അത്ഭുതപ്പെട്ടു.
എൻ്റെ അന്നത്തെ മനസ്സിനും ഒരു മാറ്റവുമില്ലല്ലൊ എന്ന് അയാൾ തെല്ലു കുറുമ്പോടെ ഓർത്തു.

അന്നത്തെ ഇരുട്ടു മറച്ച ഗോവണിച്ചുവടിനെ പകലിൻ്റെ വെളുപ്പിൽ കണ്ട് അയാളുടെ മുഖത്ത് പ്രണയരസം കലർന്ന പ്രകാശം പരന്നു.

മറിയാ ഫെർണാണ്ടസ്സിൻ്റെ ഫ്ളാറ്റിൻ്റെ ഡോർ ബല്ലിൽ വിരലമർത്തിയ അരവിന്ദനു മുന്നിൽ വാതിൽ തുറന്ന് നിറചിരിയുമായി നിന്നത് അവൾ തന്നെയായിരുന്നു! മറിയ!

യൗവ്വനം കത്തി നിന്ന തൻ്റെ ഉടലിലേക്ക് ഒരു ഒറ്റനിമഷ പ്രണയത്തിൽ, ചുംബന മധുരത്തിൻ്റെ മധുലായനി നിറച്ച ആംഗ്ലോ ഇന്ത്യൻ പെണ്ണ്!

ഇവളെന്താണ് ഇപ്പോഴും ഇങ്ങനെ ചെറുപ്പമായിരിക്കുന്നത്!
എനിക്കുതന്നെ പ്രായമെത്രയായി!
അന്നത്തെ അതേ പ്രായത്തിലുള്ള അവളെക്കണ്ട് അന്തംവിട്ടു നിന്ന അരവിന്ദനെ അവൾ പ്രണയാവേശത്തോടെ മുറിക്കുള്ളിലേക്ക് കൈപിടിച്ച് വലിച്ചുകയറ്റി കതകടച്ചു.

എന്നിട്ട്, നിറഞ്ഞു നിന്ന കണ്ണുകളാൽ അവനെ പ്രേമത്തോടെ നോക്കി, നനഞ്ഞ കവിൾ ചേർത്ത്, പതിയെ വിതുമ്പിയ അവളുടെ ചുവന്നുതുടുത്ത അധരങ്ങളാൽ അവൻ്റെ ചുണ്ടുകൾ ചേർത്തു വച്ച് മധുരം നിറഞ്ഞ അന്നത്തെ ഓർമകൾ മുഴുവൻ അവനു നൽകി.

ഏറെ നേരം ആ പ്രണയലഹരിയിൽ ലയിച്ച് കൂമ്പിയടഞ്ഞ കണ്ണുകൾ, അയാൾ പതിയെ തുറന്നു.

നേരെ എതിർവശത്തെ ചുമരിൽ മറിയാ ഫെർണാണ്ടസ്സിൻ്റെ മാലയിട്ടു വച്ച വലിയ ചിത്രത്തിന് താഴെ ജ്വലിച്ചു നിന്ന ദീപനാളം, അയാളുടെ മനസ്സിനുള്ളിൽ ഒരാന്തലായ് തീ പിടിപ്പിച്ചു കൊണ്ട് നിന്നു. 
*******