Aksharathalukal

വസ്ത്രശാലയിലെ പെണ്‍പ്രതിമ

“സുമിനി എത്തിയില്ലേ ഇതുവരെ?” ഫ്ലോര്‍ മാനേജര്‍ ഗോവിന്ദ് ദേഷ്യമടക്കിക്കൊണ്ട് സീനിയര്‍ സെയില്‍സ്ഗേള്‍ സുനന്ദയോട് ചോദിച്ചു.

“ഇല്ല സര്‍, ചിലപ്പോള്‍ കണക്ഷന്‍ ബസ്‌ കിട്ടിക്കാണില്ല.” അവര്‍ വൈകുന്നത് തന്‍റെ കുറ്റമാണെന്ന് സമ്മതിക്കും പോലെയായിപ്പോയി അവരുടെ മറുപടി.

നഗരത്തിലെ തിരക്കുള്ള ടെക്സ്റ്റയില്‍ ഷോറൂമുകളില്‍ ഒന്നാണത്. 
രാവിലെ തന്നെ ഷോറൂം വൃത്തിയാക്കിയതിനു ശേഷം, ആദ്യം എല്ലാ മാനിക്വിനുകള്‍ക്കും (വസ്ത്രമണിഞ്ഞ പ്രതിമകള്‍) പുതിയ ഡ്രസ്സ്‌ അണിയിക്കുകയാണ് പതിവ്. അത് സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്നത് സുമിനിയും.

രണ്ടാം നിലയിലേക്ക് കയറിപ്പോയ ഗോവിന്ദ്, പത്തു മിനുട്ടിനകം വീണ്ടും തിടുക്കത്തില്‍ താഴേക്കിറങ്ങി വന്നു.
സുനന്ദയുടെ അടുത്തേക്ക് ചെന്ന്‍, തന്‍റെ മൊട്ടുസൂചിമുന പോലുള്ള നോട്ടത്തോടെ അയാള്‍ പറഞ്ഞു, “സുമിനി വരും വരെ കാക്കണ്ട. പുതുതായി ചാര്‍ജെടുത്ത കമ്പനി-ഡിസൈനര്‍ ഗായത്രി മേനോന്‍ കൊച്ചിയിലെ വിസിറ്റ് കഴിഞ്ഞ് ഇന്ന് ഇവിടേക്ക് വരുന്നുണ്ട്. എത്രയും പെട്ടെന്ന്‍ എല്ലാ മാനിക്വിനുകള്‍ക്കും ഉടന്‍ പുതിയ ഡ്രസ്സ്‌ സെറ്റ് ചെയ്യണം.”

“സര്‍, ഡെലിവറി സെക്ഷനിലെ ശ്രീകാന്ത്, സുമിനിയെ മിക്കപ്പോഴും ഹെല്‍പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആ കുട്ടിയോട് തല്‍ക്കാലം ചെയ്തു തുടങ്ങാന്‍ പറഞ്ഞാലോ സര്‍?” സുനന്ദ ഒരു വഴി പറഞ്ഞു.

“ഓകേ, ഗോ ആന്‍ഡ്‌ കാള്‍ ഹിം ദെന്‍.”

ഗോവിന്ദ് അതു പറഞ്ഞു തീരും മുന്‍പ്, സുനന്ദ ധൃതിപിടിച്ച്, മിനുസമുള്ള തറയിലൂടെ തെന്നിവീഴാതിരിക്കാന്‍ അല്‍പം പണിപ്പെട്ട് ഒരു പാച്ചിലായിരുന്നു, ഡെലിവറി സെക്ഷനിലേക്ക്. 

“ശ്രീകാന്തേ,........” ശ്വാസഗതി നിയന്ത്രിച്ചു കൊണ്ട് സുനന്ദ അവനോട് കാര്യം പറഞ്ഞു.

ലോകത്തിലൊരാളുടെയും കണ്ണില്‍പെടാതെ ജീവിക്കുവാന്‍ നോക്കുന്ന അവന്, പെട്ടെന്ന്‍ തന്‍റെ നേര്‍ക്കുവന്ന പുതിയ ജോലിയില്‍ ഉല്‍ക്കണ്‍ഠയായി.

സുമിനിയുടെ കൂടെ നിന്നും, സഹായിച്ചും മാനിക്വിനുകള്‍ക്കു ഡ്രസ്സ്‌ സെറ്റ് ചെയ്യുന്നത് അവനറിയാമെങ്കിലും, ഈ സന്നിദ്ധ ഘട്ടത്തില്‍ മുഴുവന്‍ ഉത്തരവാദിത്ത്വത്തോടെ അതേറ്റെടുക്കാന്‍ അവനു പേടി തോന്നി.

കുറച്ചകലെ കാഷ് കൗണ്ടറിനടുത്ത് തന്നെയും സുനന്ദയെയും നോക്കിക്കൊണ്ട് നില്‍ക്കുന്ന ഗോവിന്ദ് സാറിനെ കണ്ടതും അവന് കാര്യത്തിന്‍റെ ഗൗരവം പിടികിട്ടി.
അവന്‍ വേഗം വെഡിങ്ങ് സെക്ഷനിലേക്ക് സുനന്ദയേയും കൂട്ടി ചെന്ന്‍ ഡ്രസ്സ്‌ സെറ്റ് ചെയ്യാനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി.

ഷോറൂമിന്‍റെ പ്രധാനപ്പെട്ട അഞ്ചിടങ്ങളില്‍ ഡിസ്പ്ലേ ചെയ്തിട്ടുള്ള ഓരോ പെണ്‍പ്രതിമകളേയും ശ്രീകാന്ത് അതീവ ശ്രദ്ധയോടെ അണിയിച്ചൊരുക്കി.
ഫ്ലോര്‍ മാനേജര്‍ ഗോവിന്ദിന്‍റെ മുഖത്തെ പേശികളൊന്നയഞ്ഞു. അയാള്‍ എല്ലാ മാനിക്വിനുകളുടെയും അടുത്തേക്ക് പോയി നോക്കിയതിനു ശേഷം സുനന്ദയുടെ അടുത്തേക്ക് ചെന്നു.
“പയ്യന്‍ തരക്കേടില്ലല്ലോ അല്ലെ സുനന്ദാ?” ഒരു ചെറുചിരിയോടെ അയാള്‍ പറഞ്ഞു.

സനന്ദയുടെ സ്വതവേ പേടിച്ച മുഖത്തേക്ക് അകലെ നിന്ന്‍ പെട്ടെന്നടിച്ച കണ്ണാടിവെളിച്ചം പോലെ ഒരു ആശ്വാസച്ചിരി വിടര്‍ന്നു. 
“ശരിയാണ് സര്‍, അവന്‍ സുമിനിയില്‍ നിന്നും ഇത്രയും പഠിച്ചെടുത്തെന്ന് ഞാനും കരുതിയില്ല.”

കീഴ്ജീവനക്കാര്‍ തന്നോട് കൂടുതല്‍ സംസാരിക്കുന്നത് അനുവദിക്കാത്ത ഗോവിന്ദ്, ആ സംഭാഷണം കൂടുതല്‍ നീട്ടാതെ ഉടന്‍ മറ്റൊരിടത്തേക്ക് നടന്നകന്നു.

സുനന്ദ അവിടെ നിന്നുകൊണ്ട് ശ്രീകാന്തിനെ നോക്കി. അവന്‍ പതിവുപോലെ ഡെലിവറി സെക്ഷനിലെ പണിയില്‍ മുഴുകി നില്പുണ്ടായിരുന്നു.

ശ്രീകാന്ത് ഷോറൂമില്‍ ജോലിക്ക് കയറിയിട്ട് രണ്ടു മാസമാകുന്നതേയുള്ളു.
ആരോടുമവന്‍ കാര്യമായി ഇടപഴകാറില്ല. ചോദിക്കുന്നതിനുത്തരം പറയും. അത്ര തന്നെ.

അരണാട്ടുകര ഭാഗത്ത് ഒരു വാടകവീടിന്‍റെ പിന്നിലെ ഷെഡില്‍ അവന്‍ ഒറ്റക്കാണ് താമസം.
അധികം സംസാരിക്കാത്ത പ്രകൃതമാണെങ്കിലും ശ്രീകാന്തിന്‍റെ മുഖത്ത് ഗൗരവമൊന്നുമില്ല. പക്ഷെ, മനസ്സാകെ അടക്കിപ്പിടിച്ചാണ് നടപ്പ്.

ഷോറൂമിലെ ജോലിക്കിടയിലും ഡെലിവറി സെക്ഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോഴും ആരുടെ മുഖത്തേക്കും അവന്‍ നോക്കാറില്ല. തന്‍റെ വല്ലാതെ മെലിഞ്ഞ ശരീരം അവന് വളരെയധികം അപകര്‍ഷതാ ബോധം സൃഷ്ടിക്കുന്നുണ്ട്. 
തന്നോടൊപ്പം സ്കൂളില്‍ പഠിച്ച ആരെങ്കിലും ഈ ഷോറൂമിലേക്ക് കടന്നു വരുമോയെന്ന്‍ അവന്‍ പലപ്പോഴും ആകുലപ്പെടാറുണ്ട്. ഒന്നു പതുങ്ങാന്‍ ഇടമില്ലാത്തവിധം തിരക്കില്ലാത്ത ദിവസങ്ങളിലാണത് കൂടുതലാവുക.

ഒരിക്കല്‍ നാട്ടിലെ സ്കൂളില്‍ തനിക്കൊപ്പം പഠിച്ച സുന്ദരിക്കോത വിനോദിനി ഷോറൂമിലേക്ക് കയറിവന്ന ദിവസം അവന്‍ പകച്ചുപോയി.
സ്കൂളില്‍ തനിക്ക് ‘ഈര്‍ക്കിലി’യെന്ന കുറ്റപ്പേരിട്ട് കളിയാക്കിയ അവളോട് മാത്രമാണ് ശ്രീകാന്തിന് ജീവിതത്തില്‍ മറന്നകലാത്ത വെറുപ്പ്. തന്‍റെ എല്ലുന്തിയ ശരീരം മറയ്ക്കാന്‍ അവന്‍ അന്നുമുതലേ ലൂസ് ഷര്‍ട്ടുകളില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. 

വീട്ടുജോലിക്ക് പൊയ്ക്കൊണ്ടിരുന്ന അമ്മ ഒരു ദിവസം തളര്‍ന്നുവീണു കണ്ണടച്ച് അവനെ തനിച്ചാക്കി പൊയ്ക്കളഞ്ഞു. ജീവനില്ലാതെ മരവിച്ചു കിടന്ന ആ ദിവസം, സങ്കടപ്പുക ശ്വസിച്ച് ശ്വാസം മുട്ടുന്ന നേരത്തും, അവന്‍ കേട്ടൊരു കളിയാക്കല്‍ചിരിയുടെ ഉറവിടം എത്ര ശ്രമിച്ചിട്ടും അവനിതുവരെ മറക്കാന്‍ കഴിഞ്ഞിട്ടില്ല.

അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍, അവനോട് പൂജാരി ഷര്‍ട്ടൂരാന്‍ പറഞ്ഞ നേരം, ആ സങ്കടത്തേങ്ങലുകള്‍ക്കിടയിലും തന്‍റെ അസാധാരണമാം വിധം മെലിഞ്ഞ ശരീരം മറ്റുള്ളവര്‍ കാണുമല്ലോ എന്നവന്‍ ലജ്ജയോടെ ഉല്‍ക്കണ്‍ഠപ്പെട്ടുകൊണ്ടിരുന്നു.

നനഞ്ഞൊട്ടിയ തോര്‍ത്തുമുണ്ട് ചുറ്റി, വലതു തോളില്‍ മണ്‍കുടം താങ്ങി, അമ്മയുടെ ചൂടില്ലാത്ത ദേഹം വലം വെയ്ക്കുന്നതിനിടയില്‍, കൂടി നിന്നവരുടെ കൂട്ടത്തിനിടയില്‍ നിന്ന്‍ കേട്ടൊരു പരിഹാസച്ചിരി വന്ന മുഖം അവനൊരു മിന്നായം പോലെ കണ്ടു. അവന് ‘ഈര്‍ക്കിലി’യെന്ന കളിപ്പേരിട്ട അഹങ്കാരി സുന്ദരിക്കോത വിനോദിനിയുടെ പാഷാണച്ചിരിമോന്തയായിരുന്നു അത്. 

ചിതയ്ക്കരികില്‍ നിന്നു കൊണ്ട് പിന്നിലേക്കിട്ടു പൊട്ടിയ മണ്‍കുടത്തിനൊപ്പം, ആത്മവിശ്വാസത്തിന്‍റെ കട്ടിച്ചുവരും പൊട്ടിവീണു ചിതറുംപോലെ തോന്നിയ ഒരു ചില്ലിട്ട ചിത്രമായി അത്.

പൊടിപിടിച്ചും മാറാല കെട്ടിയും പിന്നീട് കാഴ്ച മറച്ചുകളഞ്ഞ ചിത്രങ്ങളിലൊന്നായി അതു മാറിയില്ല.
അവനും പെണ്‍മനസ്സുകള്‍ക്കുമിടയില്‍ ആയിരം കാതം ദൂരമുണ്ടെന്ന്‍ എന്നും ഓര്‍മ്മിപ്പിക്കുന്ന അനുഭവമായിപ്പോയി അത്. 

അതിനാല്‍ത്തന്നെ ഷോറൂമിലെ സെയില്‍സ് ഗേള്‍സിലെ ഒരാളുടെ മുഖവും അവന്‍റെ മനസ്സിലില്ല.
അവരില്‍ ഏറ്റവും പ്രായം കൂടിയ സീനിയര്‍, സുനന്ദ മാത്രമാണ് എന്തെങ്കിലും അവനോട് മിണ്ടിയിട്ടുള്ളത്.

സുമിനിക്കൊപ്പം മാനിക്വിന്‍സിന്‍റെ ഡ്രസ്സ്‌ സെറ്റ് ചെയ്യാന്‍ നില്‍ക്കുമ്പോഴും അവളുടെ മുഖത്ത് നോക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്യാറില്ല അവന്‍.

വൈകീട്ട് നാലുമണിയോടെ കമ്പനിയുടെ പുതിയ ഡിസൈനര്‍ ഹെഡ് ഗായത്രി മേനോന്‍ വന്നു. കുറച്ചു സമയത്തിനകം ഡെലിവറി സെക്ഷനിലെ തിരക്കിനിടയിലേക്ക് സുനന്ദ ശ്രീകാന്തിനെ അന്വേഷിച്ചു ചെന്നു.

“ശ്രീകാന്തേ, ദേ നിന്നെ ഫ്ലോര്‍ മാനേജരുടെ ഓഫീസിലേക്ക് വിളിക്കുന്നു.”

അവന്‍ പരിഭ്രമത്തോടെ വേഗം രണ്ടാം നിലയിലേക്ക് ചെന്നു. ഗോവിന്ദ് സാറിന്‍റെ കാബിനില്‍ മോഡേണ്‍ വേഷം ധരിച്ച ഒരു സ്ത്രീയെ ഗ്ലാസ്‌ ഡോറിനുള്ളിലൂടെ അവന്‍ കണ്ടു.
ഗോവിന്ദ് അവനോട് അകത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു.
അവന്‍ അകത്തേക്ക് ചെന്ന്‍ അവരുടെ മുന്‍പില്‍ തലതാഴ്ത്തി നീങ്ങി നിന്നു.

“ഇതാണാള്..” ഗോവിന്ദ് ഗായത്രി മേനോനെ നോക്കി പറഞ്ഞു.

“ശ്രീകാന്ത് എത്ര നാളായി ഇവിടെ വന്നിട്ട്?” അവര്‍ അവനോട് ചോദിച്ചു.

“രണ്ടു മാസം മാഡം.” അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 

“പക്ഷെ, ശ്രീകാന്ത് വളരെ ഭംഗിയായാണ് എല്ലാ മാനിക്വിന്‍സിന്‍റെയും ഡ്രസ്സ്‌ സെറ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ കൊച്ചി ഷോറൂമില്‍ പോലും ഇത്രയും ഭംഗിയായി ചെയ്യുന്നവരില്ല.” 

അവരില്‍ നിന്നും ഹൃദ്യമായൊരു സുഗന്ധം പരക്കുന്നത് അവനറിഞ്ഞെങ്കിലും അവരുടെ മുഖത്തേക്ക് അവന്‍ നോക്കിയില്ല.
അവരപ്പോള്‍ ശ്രീകാന്തിന്‍റെ മുഖത്തേക്ക് നോക്കി അഭിനന്ദനത്തിന്‍റെ ഒരു പുഞ്ചിരി അവന് നല്‍കുന്നുണ്ടായിരുന്നു. അവനത് മനസ്സില്‍ കണ്ടുവെങ്കിലും അവരുടെ മുഖത്തേക്ക് നോക്കാന്‍ മുതിര്‍ന്നില്ല.

ഗായത്രി തുടര്‍ന്നു, “Mr.Govind, You can give him this job permanently. I will tell the higher ups to increase his pay accordingly.’’

എന്നിട്ട് ശ്രീകാന്തിനോടായി അവര്‍ പറഞ്ഞു: “ശ്രീകാന്ത്, ഇനി മുതല്‍ നീ തന്നെ എല്ലാ മാനിക്വിന്‍സിന്‍റെയും ഡ്രസ്സ്‌ സെറ്റ് ചെയ്താല്‍ മതി കേട്ടോ. നീയത് വളരെ നന്നായി ചെയ്യുന്നുണ്ട്. നിന്‍റെ സാലറിയില്‍ ചെറിയൊരു മാറ്റം വരുത്താന്‍ ഞാന്‍ പറയാം.”

ഒരു സ്ത്രീശബ്ദത്തില്‍ ആദ്യമായി കേട്ട അഭിനന്ദനത്തിന്‍റെ അപൂര്‍വാനുഭവത്തില്‍, അവന് അവരെ നോക്കിയൊന്നു നന്ദിസൂചകമായി ചിരിക്കണമെന്നുണ്ടായിരുന്നു. പകരമവന്‍ ആ മനസ്സിന് നേര്‍ക്കൊന്ന് തൊഴുത്, ക്യാബിനു പുറത്തുകടന്നു.

പിറ്റേന്ന്‍ ശ്രീകാന്ത് നേരത്തേ എത്തി, പുതിയ സ്റ്റോക്കില്‍ നിന്നും ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് അഞ്ച് മാനിക്വിന്‍സിന്‍റെയും ഡ്രസ്സ്‌ മാറ്റി, അവയെ അണിയിച്ചൊരുക്കി.

മൂന്നാം നിലയിലെ ഫാന്‍സി സ്റ്റോറില്‍ നിന്ന്‍ ഒരു ചോക്കര്‍ നെക്ലസ്സും ചന്തമുള്ള ഒരു ബ്രേസ്ലെറ്റും കൊണ്ടു വന്ന്‍ ഷോറൂമിന്‍റെ ഫ്രണ്ട് ഫോയറില്‍ തന്നെയുള്ള ഏറ്റവും ക്യൂട്ടായ മാനിക്വിന് അവന്‍ അണിയിച്ചു. അപ്പോള്‍ അതിന്‍റെ അഴക് ഒന്നുകൂടി വര്‍ദ്ധിച്ചുവെന്ന് അവന് തോന്നി.

ഇടക്കെപ്പോഴോ ഡെലിവറി സെക്ഷനിലെ തിരക്കൊഴിഞ്ഞപ്പോള്‍, അവന്‍ ഫ്രണ്ട്ഫോയറിലെ മാനിക്വിനെ ഒന്നു പാളിനോക്കി. അതിന് ഏറെ ഭംഗിയുള്ളതായി അവന് തോന്നി. അവന്‍റെ സെക്ഷനില്‍ നിന്നാല്‍ നന്നായതിനെ കാണാം. അന്നവനുടുപ്പിച്ച വയലറ്റും പിങ്കും ചേര്‍ന്ന സാരിയില്‍, അതിന് ജീവന്‍ തുടിക്കുന്ന ഒരു ഭംഗിയുണ്ടെന്ന് അവനറിഞ്ഞു. അതിനാല്‍ അവന്‍ ഇടയ്ക്കിടെ തിരക്കിനിടയിലും അതിനെ നോക്കികൊണ്ടിരുന്നു.

പിറ്റേന്ന് ശ്രീകാന്ത് മറ്റു മാനിക്വിന്‍സിന്‍റെയെല്ലാം ഡ്രസ്സ്‌ സെറ്റിംഗ് കഴിഞ്ഞ്, ഫ്രണ്ട് ഫോയറിലെ മാനിക്വിന് വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയമെടുത്തു. ഇഷ്ട്ടമുള്ളൊരാള്‍ക്കു വേണ്ടി പുതുവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്ര സമയം അവനറിയാതെതന്നെ അതിനെടുത്തു.

ഫാന്‍സി സ്റ്റോറില്‍ നിന്ന്‍ മാച്ചിംഗ് നെക്ലസ്സും ബ്രെയ്സ്ലെറ്റും കൂടി സെലക്റ്റ് ചെയ്ത് കൊണ്ടുവന്ന്‍ അവനതിന്‍റെ ഡ്രസ്സ്‌ സെറ്റ് ചെയ്യാന്‍ തുടങ്ങി.
അവന്‍റെ കരവിരുതില്‍ ആ മാനിക്വിന്‍ അതീവ സുന്ദരിയായി കാണപ്പെട്ടു.

എത്ര തവണ അവനതിനെ ഡെലിവറി സെക്ഷനിലെ തിരക്കിനിടയിലും നോക്കിനിന്നുവെന്ന് അവന് തന്നെയറിയില്ല.

ലഞ്ച് ടൈമില്‍ ഷോറൂമിന് പുറത്തു കടന്ന്‌, സ്വാഭാവികമായി ഒരാള്‍ അകത്തേക്ക് കടന്നു വരുമ്പോള്‍, അതിന്‍റെ ഭംഗിയെങ്ങിനെയുണ്ടെന്നറിയാന്‍ അവന്‍ അതിനു നേരെ നടന്നുവന്നു. അപ്പോളതിന്‍റെ കണ്ണുകള്‍ അവന്‍റെ കണ്ണുകള്‍ക്ക് നേര്‍ക്കുനേരെയായി. എത്ര സുന്ദരിയാണിവളെന്ന്‍ അവന്‍ ആനന്ദത്തോടെ പുഞ്ചിരിച്ചു.

അന്നുരാത്രി പാതിമയക്കത്തില്‍ ആ മാനിക്വിന്‍റെ ഭംഗിയുള്ള രൂപം അവന്‍ സ്വപ്നത്തില്‍ കണ്ടു. സുഖകരമായ ആ സ്വപ്നത്തില്‍ അവന്‍ അവളെ യമുനേയെന്നു വിളിച്ചു. ആ വിളി ചുണ്ടുകളില്‍ നിന്ന് വീണ്ടുമൊന്ന് പുറത്തേക്കു വന്ന നേരം അവന്‍ കണ്ണു തുറന്നു. ഒരു നിമിഷം മുന്‍പ് തന്‍റെ നാവില്‍ നിന്നുമുതിര്‍ന്ന ആ പേര് അവന്‍ മറന്നു പോയില്ല. സ്വപ്നത്തില്‍ കടന്നുവന്ന ആ പേര് കൂടി ചേര്‍ന്നപ്പോള്‍ ആ രൂപത്തിന് ഒന്ന്‍ കൂടി അഴകേറിയതായി അവന് തോന്നി. അതൊരു പുതിയ അനുഭവമായി അവന്‍റെ മനസ്സിനുള്ളിലൊളിച്ചു.

പിറ്റേന്ന് ഷോറൂമിലെത്താന്‍ ശ്രീകാന്തിന് തിടുക്കമായി. ഉത്സാഹത്തോടെ ഏറെ നേരത്തെയെത്തിയ അവനെ കണ്ട് വാച്ച്മേന്‍ ജനാര്‍ദ്ദനന് കൗതുകമായി.
അയാളുടെ നോട്ടം കണ്ട്, എന്തോ മറന്നതു പോലെ അവന്‍ തിരികെപ്പോയി, സമയമാകും വരെ ഷോറൂമിലേക്ക് തിരിയുന്ന റോഡിനപ്പുറത്തെ വളവില്‍ കാത്തുനിന്നു.

മറ്റ് മാനിക്വിനുകളുടെ ഡ്രസ്സിങ്ങ് കഴിഞ്ഞ്, ശ്രീകാന്ത് ആഹ്ലാദം തുളുമ്പുന്ന മനസ്സോടെയാണ് യമുനയുടെ അടുത്തേക്ക് വന്നത്. യമുനയെന്ന പേരോര്‍ത്തു കൊണ്ടു തന്നെയാണ് അവന്‍ അന്നത്തെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തതും അതിനുള്ള മാചിങ്ങ് ഓര്‍ണമെന്‍റ്സ് തിരഞ്ഞെടുത്തതും.

പുതുവസ്ത്രങ്ങളും ആഭരണങ്ങളുമായി യമുനയുടെ അടുത്തേക്കവന്‍ നീങ്ങി. സാവധാനം യമുനയെ വസ്ത്രങ്ങളണിയിക്കുന്നതിനിടയില്‍ അവന്‍റെ മുഖത്തു തൊട്ട യമുനയുടെ വിരലുകളില്‍ ജീവന്‍ തുടിച്ചിരുന്നത് പോലെയും അന്നാദ്യമായി ജീവനുള്ള ഒരു പെണ്ണിനെ വസ്ത്രമണിയിക്കും പോലെയും അവന് തോന്നി. അതിന്‍റെ സങ്കോചവും സുഖകരമായ ഒരു തരം ആനന്ദവും അവന്‍റെ മനസ്സ് അനുഭവിച്ചുകൊണ്ടിരുന്നു.
അവന്‍റെ ലോകത്തേക്ക് മാത്രമായി ഒരു പെണ്ണ് കടന്നുവന്നപോലെ.

വസ്ത്രമണിയിക്കലെല്ലാം കഴിഞ്ഞിട്ടും പല ആംഗിളുകളില്‍ നിന്ന്‍ യമുനയെ നോക്കിക്കൊണ്ടും, ഇടയ്ക്കൊന്ന് അണിയിച്ച ഡ്രസ്സ്‌ വീണ്ടും അഡ്ജസ്റ്റ് ചെയ്ത് പിന്‍ മാറ്റിക്കുത്തിയും യമുനയെ തൊട്ടുകൊണ്ട് തന്നെ കുറച്ചു നേരം അവന്‍ നിന്നു.

പിന്നെ, മുന്‍പൊരിക്കല്‍ ചെയ്തപോലെ ഒന്നു പുറത്തേക്കുള്ള വാതില്‍ വരെ ചെന്ന്‍, തിരികെ യമുനയുടെ നേര്‍ക്ക് നോക്കിക്കൊണ്ട് അവന്‍ നടന്നു വന്നു. അപ്പോളവന്‍ കണ്ടത് അവളുടെ പ്രണയം വഴിയുന്ന മിഴികളും അല്‍പം വിടര്‍ന്നു നിന്ന അധരങ്ങളില്‍ നിന്നും, അവളുടെ തിളങ്ങിനിന്ന കവിളുകളിലേക്ക് പടര്‍ന്ന മന്ദഹാസവുമായിരുന്നു.

അവനുടുപ്പിച്ച പുടവയില്‍ അവളുടെ അഴകുള്ള ശരീരം, സൗന്ദര്യം നിറച്ചു വച്ചു.
സ്വന്തം മനസ്സിനെ സ്നേഹത്തോടെ സ്വയം പുണര്‍ന്ന് യമുനയെ ഒന്നു കൂടി നോക്കി, അവന്‍ ജോലിത്തിരക്കിലേക്ക് നടന്നു.

കാണാനധികം അനുവാദമില്ലാത്ത കാമുകിയെ കാണുംപോലെ അവന്‍ ഇടയ്ക്കിടെ യമുനയെ പാളി നോക്കി.

രാത്രിയിലവന്‍ യമുനയെക്കുറിച്ചോര്‍ക്കുകയും മറ്റാരോടും പങ്കുവയ്ക്കനാകാത്ത ഒരു രഹസ്യപ്രണയം പോലെ മനസ്സിനുള്ളില്‍ നുരയുന്ന ഒരു മധുചഷകമായി അതിനെ സൂക്ഷിക്കുകയും ചെയ്തു. അവളെക്കുറിച്ചൊരു മധുരസ്വപ്നം അന്നു രാത്രി കാണുവാന്‍ കഴിയണമെന്നും അവന്‍ ആഗ്രഹിച്ചു.

പിറ്റേന്ന് ശ്രീകാന്തുണര്‍ന്നത്‌ വാലന്‍ന്‍റെയിന്‍ ഡേയിലെ പ്രഭാതത്തിലേക്കാണ്. അവനതറിഞ്ഞത് ഷോറൂമിലെ പുതിയ ഡിസ്പ്ലേ ബോഡുകളും അതിനു ചുറ്റും നിറഞ്ഞ അലങ്കാരങ്ങളും കണ്ടപ്പോഴാണ്.

കടും ചുവപ്പുനിറങ്ങളില്‍ ഹൃദയബലൂണുകള്‍ പ്രേമശ്വാസം നിറച്ച് ഇളംകാറ്റില്‍ തൊട്ടു തൊട്ട് ഇളകിയാടുന്നതും, പ്രണയം പതയുന്ന ആണ്‍പെണ്‍ മനസ്സുകള്‍ നിര്‍ലോഭം സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി മറയുന്നതും ശ്രീകാന്ത് വിസ്മയ മിഴികളോടെ നോക്കി നിന്നു.

യമുനയെ വാലന്‍ന്‍റെയിന്‍സ് ഡേ സ്പെഷലായി അവനുടുപ്പിച്ച കടും ചുവപ്പ് നിറത്തിലുള്ള വിലയേറിയ ട്രാന്‍സ്പേരന്‍റ് ഷിഫോണ്‍ സാരിയിലെ വയലറ്റു പൂക്കള്‍ അവള്‍ക്കൊരു ത്രസിപ്പിക്കുന്ന സൗന്ദര്യം നല്‍കി. 

അവളുടെ മിഴികളില്‍ പതിവില്‍ കവിഞ്ഞ ഒരു തിളക്കമുണ്ടെന്നും അവളെ സാരിയുടുപ്പിക്കുന്നതിനിടയില്‍ അവളെന്തോ തന്നോട് പറയാന്‍ പോകുകയാണെന്നും അവന് തോന്നിപ്പോയി.

അന്ന് അവളുടെ കൈകളില്‍ ബ്രയ്സ്ലെറ്റിനു പകരം ഒരുവശം തുറക്കാവുന്ന വജ്രത്തിളക്കമുള്ളൊരു വളയണിയിക്കുമ്പോള്‍, ആ കൈകളില്‍ ചെറിയൊരു ചൂട് തോന്നിയോ എന്ന്‍ അവന് സംശയമായി.

എല്ലാം കഴിഞ്ഞ് നീങ്ങുമ്പോള്‍ അവന്‍റെ കഴുത്തിലെ ഐ ഡി കാര്‍ഡിന്‍റെ റിബ്ബണ്‍ അവളുടെ സാരിയിലെവിടെയോ ഉടക്കി നിന്ന നിമിഷം അവന്‍ തരിച്ചു നിന്നുപോയി.
യമുനയുടെ കണ്ണുകളിലേക്കൊന്നു കൂടി നോക്കി, മനസ്സിലൊരു കള്ളച്ചിരി ചിരിച്ച് അവന്‍ തന്‍റെ തിരക്കേറിയ ജോലികളില്‍ മുഴുകി.

പതിവിലും കൂടുതല്‍ തിരക്കായിരുന്നു അന്നു മുഴുവന്‍. ഷോറൂമടയ്ക്കും മുന്‍പ് ശ്രീകാന്ത് മുകളിലത്തെ നിലയിലേക്ക് പോയി. ഏറ്റവും മുകളില്‍ ടെറസ്സില്‍നിന്നു നോക്കിയാല്‍ ആ നഗരത്തിന്‍റെ രാത്രിസൗന്ദര്യം മുഴുവന്‍ കാണാം. 

നക്ഷത്രങ്ങള്‍ വിതറിയിട്ട രാത്രിമാനം കണ്ടുകൊണ്ട് അവനവിടെ നിന്നു. യമുനയെന്ന വിസ്മയത്തെ കുസൃതിയോടെ ഓര്‍ത്തുകൊണ്ട് അവനങ്ങിനെ നിന്നുപോയി. അവന്‍റെ മനസ്സ് പറഞ്ഞു: ‘താന്‍മാത്രം ഒതുങ്ങിനിന്നൊരു കൂട്ടിലേക്ക് ജീവനില്ലാത്തൊരു ജീവനുമായി ഒരു കൂട്ടുപക്ഷി കടന്നുവന്നു. അവളുടെ തൂവലുകള്‍ക്ക് ചൂട് പകരാന്‍ തന്‍റെ പ്രണയനേത്രം മാത്രം മതി. അവളുടെ നിശ്ചലമായ മനസ്സിലേക്ക് പ്രണയം പകരാന്‍ തന്‍റെ പ്രണയാതുരമായ മനസ്സു മാത്രം മതി. എങ്കിലിപ്പോള്‍ ഈ വാലന്‍ന്‍റെയിന്‍-രാവില്‍ ഞാനൊറ്റക്കല്ല യമുനേ. നീ മാത്രം നിശ്ചലമായി നില്‍ക്കുന്നൊരു ലോകമില്ല. ഒരിക്കല്‍ ഞാനും നീയും ചേര്‍ന്നു പ്രണയം പങ്കു വെയ്ക്കുന്നൊരു ഗ്രഹം ജനിക്കും. അന്നതിലിരുന്ന്‍ ഈ വാനത്തിലെ ഏതെങ്കിലുമൊരു നക്ഷത്രത്തെ നമ്മള്‍ വലം വെയ്ക്കും.’

മനസ്സില്‍ സോമരസം പോലെ നുരയുന്ന പ്രണയലഹരിയില്‍ അവന്‍ താഴത്തെ നിലയിലെത്തിയപ്പോഴേക്കും ഷോറൂം പൂട്ടി എല്ലാവരും പോയ്‌ക്കഴിഞ്ഞിരുന്നു. അടഞ്ഞ ഷട്ടറുകള്‍ക്കപ്പുറത്ത് വാലന്‍ന്‍റെയിന്‍സ് ദിനാഘോഷങ്ങളുടെ ഇനിയും തീരാത്ത ഇരമ്പല്‍.

ഒന്നു പരിഭ്രമിച്ച്, ശ്രീകാന്ത് തന്‍റെ മൊബൈല്‍ എടുത്ത് പുറത്തുള്ള വാച്ച്മാന്‍ ജനാര്‍ദ്ദനേട്ടനെ വിളിക്കാനൊരുങ്ങി. മൊബൈല്‍ ചെവിയില്‍ ചേര്‍ത്തുകൊണ്ട് അവന്‍ ഇടത്തോട്ടൊന്നു തിരിയവേ, യമുനയുടെ കണ്ണുകള്‍ അവനെത്തന്നെ നോക്കുന്നതവന്‍ കണ്ടു. അമ്പരപ്പോടെ ഫോണ്‍ കട്ട് ചെയ്ത്, അവന്‍ യമുനയുടെ അരികിലേക്ക് നീങ്ങി.

അവന്‍റെ നെഞ്ചിടിപ്പ് കൂടി. 
യമുനയുടെ വാലന്‍ന്‍റെയിന്‍സ് ഡേ സ്പെഷല്‍ സാരിയിലെ വയലറ്റ് പൂക്കളില്‍ അവനൊന്നു തൊട്ടുനോക്കി. അടുത്ത നിമിഷം അനങ്ങാനാവാത്ത വിധം അവന്‍ മരവിച്ചു പോയി.

അവന്‍റെ കണ്ണുകള്‍ തുറന്നു തന്നെയിരുന്നു. അവന്‍റെ വലതുകരം യമുനയുടെ വലതു തോളിലും ഇടതുകരം അവളുടെ അരക്കെട്ടിലുമായിരുന്നു. പക്ഷെ, അവന് അനങ്ങാനാവുന്നില്ല. മിണ്ടാനാവുന്നില്ല. ശ്വാസത്തിന്‍റെ ഇളം ചൂട് അവനറിയുന്നുണ്ട്‌. അവന്‍റെ കണ്ണുകള്‍ കാണുന്നുണ്ട്. കാതുകള്‍ പുറത്തു നിന്നും ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ, ദേഹമൊന്നനക്കാന്‍ കഴിയുന്നില്ല. 

യമുന അവന്‍റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ പ്രണയതാപത്തിന്‍റെ ശ്വാസം അവന്‍റെ കവിളുകളില്‍ തൊട്ടു. മൃദുലമായ അവളുടെ കരങ്ങള്‍ അവനെ ചേര്‍ത്തുപിടിച്ചു.

ഒന്നു വിടര്‍ന്നുനിന്ന അവളുടെ അധരങ്ങള്‍ പ്രേമമലിയുന്ന ചിരിയാല്‍ അവനെ മയക്കി. 

പിന്നെ അവനെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചുകൊണ്ട് മധുരമൂറുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു, “ശ്രീകാന്ത്, നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കു മാത്രമേ നിന്നെയറിയൂ. എനിക്കു മാത്രമേ നിന്നിലെ പ്രണയം കാണാനാവൂ. കാരണം, നമ്മള്‍ രണ്ടാളുകളല്ല. നമ്മള്‍ ഒരാള്‍ മാത്രമാണ്. നമ്മള്‍ വേര്‍തിരിവുള്ളവരല്ല. നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്നിരിക്കുന്നു. നമ്മുടെ പ്രണയം അനശ്വരമായി എന്നും നില നില്‍ക്കും. ഈ മാനവും നക്ഷത്രങ്ങളും അപ്രത്യക്ഷമാകും വരെ.”
******* ******* *******