Aksharathalukal

സൈക്കിൾ


പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻറെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിൻറെ ഏക വരുമാനം. നല്ല ചെരിപ്പ്, പുതിയ പുസ്തകങ്ങൾ, പുതിയ കളിപ്പാട്ടങ്ങൾ എല്ലാം ബാലുവിനെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങൾ മാത്രമായിരുന്നു.
 ബന്ധുക്കൾ ഉപേക്ഷിച്ച ഉടുപ്പുകളോ വല്ല കല്യാണത്തിനും മറ്റും അവർ വാങ്ങിത്തരുന്ന പുത്തനടുപ്പുകളും ഒക്കെയായിരുന്നു അവനുണ്ടായിരുന്നത്. ഉത്സവത്തിനും മറ്റു പോകുമ്പോൾ അവൻ കളിപ്പാട്ടം വിൽക്കുന്ന കടകളിലേക്ക് നോക്കി നിൽക്കും. കൊതിയോടെ. അവൻറെ അമ്മയുടെ ചേച്ചിയുടെ മക്കൾ ഉപയോഗിച്ച ബുക്കുകൾ കൊണ്ടാണ് അവൻ പഠിച്ചത്. അവർ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചാണ് അവൻ കളിച്ചത്.
 ചെറുപ്പം മുതലേ അവന് സൈക്കിളുകളോട് വലിയ ഇഷ്ടമായിരുന്നു. ബുദ്ധിയുറച്ച കാലം മുതൽ അവൻ മൂന്ന് ചക്രമുള്ള ഒരു സൈക്കിളിന് വേണ്ടി കൊതിച്ചു. അവൻറെ കൊച്ചു സ്വപ്നങ്ങളിൽ മിക്കവയിലും പ്രധാന കഥാപാത്രം സൈക്കിൾ ആയിരുന്നു. അവധിക്കാലത്ത് അവൻ അമ്മയുടെ വീട്ടിൽ പോകും. അവിടെ അവന്റെ അമ്മാവൻറെ മക്കൾക്ക് മൂന്നുചക്രമുള്ള ഒരു സൈക്കിൾ ഉണ്ട്. മഞ്ഞനിറത്തിൽ സീറ്റുകൾ ഉള്ള രണ്ടുപേർക്ക് ഇരിക്കാവുന്ന മൂന്ന് ചക്ര സൈക്കിൾ. അവൻ ആ വീട്ടിലെത്തിയാൽ പിന്നെ തിരിച്ചു വരുന്നതുവരെ സൈക്കിളിൽ നിന്ന് ഇറങ്ങില്ല.
 ചെറുപ്പകാലത്ത് അവൻ ഏറ്റവും കൂടുതൽ വാശിപിടിച്ചതും കരഞ്ഞതും ഒരു സൈക്കിളിനു വേണ്ടിയായിരുന്നു. തുച്ഛമായ ശമ്പളം മാത്രമുള്ള അവൻറെ അച്ഛന് ആ കാലത്ത് അത് വാങ്ങാനുള്ള ശേഷിയില്ലായിരുന്നു. ആയിടെയാണ് അവനെ അടുത്തുള്ള അംഗൻവാടിയിൽ ചേർത്തത്. അവിടെ ഒരു മുച്ചക്രസൈക്കിളും ആടുന്ന ഒരു കുതിരയും ഉണ്ടായിരുന്നു. അംഗൻവാടിയിൽ ഏകദേശം ഇരുപതോളം കുട്ടികൾ വരും. ഭാഗ്യമുണ്ടെങ്കിൽ ഒരു പ്രാവശ്യം സൈക്കിൾ ഓടിക്കാൻ കിട്ടിയാൽ ആയി.
 അങ്ങനെ അടുത്തവർഷം അവൻ സ്കൂളിൽ ചേർന്നു. അതോടെ അംഗൻവാടിയിലെ സൈക്കിൾ അവന് കിട്ടാക്കനിയായിമാറി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ അവന്റെ കൂട്ടുകാരൻ്റെ സഹായത്തോടെ രണ്ട് ചക്രമുള്ള സൈക്കിൾ ചവിട്ടാൻ പഠിച്ചു. അതോടെ അവന്റെ ആഗ്രഹം മൂന്ന് ചക്രങ്ങളിൽ നിന്ന് രണ്ടുചക്രങ്ങളിലേക്കായി. വീട്ടിൽ ആരെങ്കിലും സൈക്കിളുമായി വന്നാൽ ഉടനെ തന്നെ അവൻ അവരുടെ പിറകെ കൂടും. വേറൊന്നിനുമല്ല സൈക്കിൾ ഒന്നും ഓടിക്കാൻ. അവൻറെ അച്ഛൻറെ അനിയന് പട്ടണത്തിലാണ് ജോലി. പോകാൻ സൗകര്യത്തിന് അദ്ദേഹം അവിടെ തന്നെയാണ് താമസിക്കുന്നത്. അവിടെ അദ്ദേഹത്തിന് ഒരു സൈക്കിൾ ഉണ്ട്. ചുവന്ന നിറമുള്ള ബി എസ് ഐ യുടെ ഒരു സൈക്കിൾ അവന് ചെറിയച്ഛൻ പറഞ്ഞു മാത്രമേ ആ സൈക്കിളിനെ പറ്റി അറിയൂ.
 അങ്ങനെ അവൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവൻറെ ചെറിയച്ഛൻ പട്ടണത്തിൽ നിന്ന് നാട്ടിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ചെറിയച്ഛൻ വരുന്നു എന്നറിഞ്ഞപ്പോൾ അവനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ചെറിയച്ഛന്റെ സൈക്കിൾ മാത്രമായിരുന്നു അവൻറെ മനസ്സിൽ .എന്തായാലും ആ സൈക്കിൾ ചെറിയച്ഛൻ തനിക്കുതരുമെന്ന് അവൻ വിശ്വസിച്ചു. സ്കൂളിൽ സൈക്കിൾ ചവിട്ടി ഗമയോടെ പോകുന്നത് അവൻ സ്വപ്നം കണ്ടു. അവൻ അവരുടെ കൂട്ടുകാരോട് വാതോരാതെ തനിക്ക് കിട്ടാൻ പോകുന്ന സൈക്കിളിനെ പറ്റി പറഞ്ഞു.
 അങ്ങനെ ആ ദിവസം വന്നു. ഇന്ന് അവന്റെ ചെറിയച്ഛൻ വരുന്ന ദിവസമാണിന്ന്. സൈക്കിൾ കൊണ്ടുവരും. അവൻ എന്തെന്നില്ലാത്ത സന്തോഷം തോന്നി. വൈകുന്നേരം വരുമ്പോൾ കിട്ടാൻ പോകുന്ന സൈക്കിൾ സ്വപ്നം കണ്ട് അവൻ സ്കൂളിലേക്ക് പോയി. സ്കൂളിൽ ഇരുന്നിട്ട് അവനെ ഇരിപ്പുറക്കിന്നില്ലായിരുന്നു. എങ്ങനെയെങ്കിലും വൈകുന്നേരമായാൽ ഓടി വീട്ടിൽ പോകണം. അവൻ സമയമെണ്ണി കാത്തിരുന്നു. സ്കൂളുകൾ വിട്ടപ്പോൾ നാളെ സൈക്കിളുമായി വരാമെന്ന് കൂട്ടുകാരോട് പറഞ്ഞു അവൻ വീട്ടിലേ ക്കോടി.
 ദൂരെ നിന്ന് തന്നെ അവൻ വീടിൻറെ ഭിത്തിയിൽ ചാരി വെച്ചിരിക്കുന്ന സൈക്കിൾ കണ്ടു. അവൻ ഉണ്ടായ ആനന്ദത്തിന് അതിരില്ലായിരുന്നു. അവൻ അവൻറെ സർവ്വശക്തിയും എടുത്ത് ഓടി. എങ്ങനെയെങ്കിലും സൈക്കിൾ ഓടിക്കണം. എന്ന് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. അവൻ ഓടി സൈക്കിളിന്റെ അടുത്ത് ചെന്നു. അതെടുത്ത് ഓടിക്കാൻ തുടങ്ങി. 
പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു ആക്രോശം കേട്ടത്. അത് അവൻറെ ചെറിയച്ഛന്റേതായിരുന്നു. സൈക്കിളിൽ കയറാനുള്ള കൊതിയിൽ ടയറിൽ കാറ്റില്ലാത്തത് അവൻ ശ്രദ്ധിച്ചില്ല. അയാൾ അവനെ വലിയ ശബ്ദത്തിൽ ശകാരിച്ചു ഇനി മേലാൽ അതിൽ തൊട്ടുപോകരുതെന്ന് വിലക്കി. അവന് ചങ്കുപൊട്ടുന്നതുപോലെ തോന്നി. ഇത്രയും ദിവസം താൻ കണ്ട സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു എന്ന് അവൻ മനസ്സിലാക്കി. അവൻ കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി.
 അവൻ അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പക്ഷേ കുഞ്ഞുമനസ്സല്ലേ. എത്ര സമയം പിടിച്ചു നിൽക്കാൻ കഴിയും. അവൻ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആ സൈക്കിൾ തേടി ചെന്നു. പക്ഷേ അവൻ അതിനെ അവിടെ എങ്ങും കണ്ടില്ല. അവൻ അവിടെ എല്ലാം സൈക്കിൾ അന്വേഷിച്ചു നടന്നു. അവസാനം ചായിപ്പിൽ ചങ്ങല കൊണ്ട് പൂട്ടിയ നിലയിൽ അവൻ ആ സൈക്കിൾ കണ്ടെത്തി. ഒരിക്കലും തുറക്കാത്ത ചങ്ങല. അത് അവൻറെ സ്വപ്നങ്ങളുടെ മേലുള്ള ചങ്ങല ആയിരുന്നു.
 വർഷങ്ങൾ കടന്നുപോയി. അപ്പോഴും ആ സൈക്കിൾ ചങ്ങലയിൽ ബന്ധിതനായി ആ ചായിപ്പിൽ തന്നെ ഉണ്ടായിരുന്നു. അവൻറെ ചന്തമെല്ലാം നശിച്ചു തുടങ്ങിയിരുന്നു. അവൻറെ ശരീരം തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ ബാലുവിന് ആ സൈക്കിൾ അപ്പോഴും അന്യമായിരുന്നു.
 കുറേക്കാലം കഴിഞ്ഞ് അവൻ അകലെയുള്ള കോളേജിൽ പഠിക്കാൻ പോയി. അവധിക്ക് വീട്ടിൽ വരും. അങ്ങനെ ഒരു ദിവസം അവധിക്ക് വീട്ടിലേക്ക് വരുന്ന വഴിയിൽ അവൻ ഒരു കാഴ്ച കണ്ടു. തന്റെ എല്ലാമെല്ലാമായിരുന്ന ആ സൈക്കിൾ ഒരു പാണ്ടിലോറിയുടെ മുകളിൽ കയറി പോകുന്നു. തുരുമ്പിച്ചു ഉപയോഗശൂന്യമായ അവനെ ചെറിയച്ഛൻ ഇരുമ്പ് വിലയ്ക്ക് വിറ്റു. ആ സൈക്കിളിൽ ലോറിയിൽ കിടക്കുന്നത് കണ്ടപ്പോൾ അവൻറെ ഉള്ളൊന്നു പിടഞ്ഞു. ഒരുകാലത്ത് തന്റെ ഹൃദയത്തിൻറെ ഭാഗമായിരുന്നു അവൻ. അവനുവേണ്ടി ഞാൻ ഒത്തിരി ആശിച്ചിട്ടുണ്ട് .കണ്ണീരൊഴുക്കിയിട്ടുണ്ട്. ഒരുപക്ഷേ ചെറിയച്ഛൻ അതെനിക്ക് തന്നിരുന്നെങ്കിൽ അവന് ഈ ഗതി വരില്ലായിരുന്നു. അങ്ങനെയാണ് ചില സമയങ്ങളിൽ ദൈവം ക്രൂരനാണെന്ന് തോന്നിപ്പോകും .എൻറെ ചെറിയച്ഛനെ പോലെ.