Aksharathalukal

ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ...

ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ,

ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ,ഇന്ന് നിങ്ങളെനിക്ക് കൂട്ടിരിക്കണം
പാളം തെറ്റാൻ വെമ്പിയോടിക്കൊണ്ടിരിക്കുന്നൊരു
തീവണ്ടിയായി മാറികൊണ്ടിരിക്കുകയാണെന്റെ മനസ്.
ഇനിയുമെത്താത്ത അനേകപുലരികൾ കാണാൻ
കനവുകളോ പ്രതീക്ഷകളോ അവശേഷിക്കുന്നില്ല.
ഉള്ളിലുള്ളതെല്ലാം ഇനിയുമെങ്ങനെ തീർക്കുമെന്നറിയാത്ത
കുറേയധികം ബാധ്യതകളുടെ കണക്കുകൾ മാത്രമാണ്.
ഒപ്പം,ഇരുളിലൊരു പ്രതീക്ഷയുടെ വെട്ടം തെളിയിച്ച്,
ജീവിക്കാനെന്നിൽ മോഹമങ്കുരിപ്പിച്ചൊരു മുഖവും ...!
എന്നുമെന്റെ ജീവിതത്തിലെന്നപോൽ ഇത്തവണയുമീ
വെട്ടത്തിനുമായുസ് കുറവായിരുന്നു,നഷ്ട്ടം വീണ്ടുമെനിക്ക് തന്നെ.
ഈ പൊള്ളുംപകലിലും പിന്നെയിരുളിന്റെ ഏകാന്തതയിലും
ഇന്നെന്നെ മുറിപ്പെടുത്തുവതെൻ ബാധ്യതകളോ അതോ ഈ മുഖമോ ?
തിരിച്ചറിയാനാകുന്നില്ലെനിക്ക്,പക്ഷെ ഒന്നെനിക്കറിയാം,
പ്രതിസന്ധികളുടെ ഇരുളിൽ ഞാനീ ചെറുവെട്ടത്തെ സൂര്യനായ് കണ്ടിരുന്നു,
ആ സൂര്യപ്രകാശത്തിൽ ഞാനെന്റെ പ്രതീക്ഷകളുടെ പാത കണ്ടു.
അവസാനിക്കലിന്റെ വക്കത്തുനിന്നും തിരികെ വരാനൊരു ഒറ്റയടിപ്പാത.

ശെരിയാണ്,ഇതൊരു പുൽത്തകിടി തീർത്ത പാതയല്ലെന്ന് ഞാനും കണ്ടിരുന്നു.
കല്ലും ചില്ലുകഷ്ണങ്ങളും മുറിപ്പെടുത്താനായിരം മാർഗങ്ങളും നിറഞ്ഞൊരു ചെറുപാത.
പക്ഷെ,മുറിപ്പെടുത്തുന്നൊരു തുടക്കത്തിനപ്പുറം,ഇത്തിരിവെട്ടത്തിൽ,
പാതയെൻ പാദങ്ങളെ പൊതിയാൻ കാത്തുവെച്ച പുൽമേട് ഞാൻ കണ്ടിരുന്നു.

ജീവനവസാനിപ്പിക്കുവതേക്കാൾ മഹത്വമീ പ്രതിസന്ധിയെങ്കിലും പ്രതീക്ഷയല്ലേ...


ഞാനുമാ പ്രതീക്ഷയുടെ പാതയിൽ പ്രയാണമാരംഭിച്ചു...ഹാ സുന്ദരം...!

അഗാധമാം ആഴത്തിൻ ഇരുളകലാനെന്നപോൽ,അകലെ ഇത്തിരിവെട്ടം...

യാത്ര മുന്നേറവേ മുറിവേറ്റു ചോരചീറ്റുന്നു പാദമെങ്കിലും തെളിച്ചമേറുന്നു വെട്ടം.


രണമിറ്റുമാ മുറിവുകളൊക്കെയും എന്നിൽ പകർന്നത് വേദനകളായിരുന്നില്ല,

അണയാൻ തുടങ്ങുമൊരു മനസിനെ തഴുകിയുണർത്തുമാനന്ദമായിരുന്നു...

ഇപ്പൊഴീ പ്രതീക്ഷയുടെ യാത്രയിൽ ബാധ്യതകൾ  മറന്നിരിക്കുന്നു ഞാൻ,

എല്ലാ ഇരുളിലും വെട്ടം പകരുമൊരു ഊർജ്ജമായെനിക്കത്...



പെട്ടെന്ന്,ഒട്ടുമോർക്കത്തൊരാ നിമിഷം വെട്ടമൊന്ന് മിന്നിയണയുന്നപോലെ...

അണഞ്ഞും  തെളിഞ്ഞും പിന്നെയുമണഞ്ഞും ഒട്ടുനിമിഷങ്ങൾ...

പിന്നെ കുറച്ചൊരു ഇരുളിൻ ഇടവേള,പിന്നെയും വെട്ടം...

ഇത്തവണ പക്ഷെ,ഇരുളകന്ന് ഒരു ഞൊടിയിലേക്കെങ്കിലും വെട്ടമണഞ്ഞപ്പോൾ

ഞാനിതാ മുതലകളും പാമ്പുകളും വിഷമയമാക്കിയൊരു

അഗാധ ഗർത്തത്തിൻ അവസാന പടവിൽ നില്കുന്നു...

പിൻവലിയാൻ വഴികളില്ല,മിന്നും വെളിച്ചം കെടാനധികം സമയവുമില്ല

കെടുന്നനേരം തന്നെ വിഴുങ്ങാനൊരുങ്ങി വിഴജന്തുക്കളും...അതെ-

ചെറുപുഴവക്കിൽ നിന്നിതാ അലറുംസമുദ്രത്തിൽ നടുവിലെത്തി ഞാൻ...!

കാലിലൊരു വേദന പടരുന്ന പോലെ,മേലേക്ക്...

അതെ,മനസിനെ തഴുകിയുണർത്തിയ ആനന്ദം,

ശരീരത്തിൽ വേദനയായി പടരാൻ തുടങ്ങിയിരിക്കുന്നു.




അതെ ഇനി ഞാനീ പാതയവസാനിക്കുന്നിടത്തെ ഗർത്തത്തെയോ

അതിലെ വിഷജന്തുക്കളെയോ മാത്രമല്ല-

അവസാനത്തിൽ നിന്ന് കൈപിടിച്ചു നാളെയിലേക്ക് പ്രതീക്ഷ നൽകിയ,

പാതയേകിയ മുറിവുകളെയും സഹിക്കണം...ഹാ മനോഹരം..!

ഹാ എത്ര മനോഹരം...!




ഏറെ പ്രിയപ്പെട്ട അക്ഷരങ്ങളെ,ഇനി നിങ്ങളെനിക് കൂട്ടിരിക്കണം...

ഞാനീ ഗർത്തത്തിൽ വീഴാതെ,പാത നൽകിയ മുറിവുകൾ വൃണമാകാതെ

എല്ലാമൊരു സ്വപ്നമെന്നപോൽ എന്നിലേക്കുണർന്നെണീക്കാൻ

ഇനിയെനിക്കാശ്രയം നിങ്ങൾ മാത്രമായിരിക്കാം...

ഏറെ പ്രിയമുള്ള അക്ഷരങ്ങളെ,ഇനി നിങ്ങൾക്ക് മാത്രമാവാം

എന്നെ തിരികെ വിളിക്കാൻ സാധിക്കുക...

ഏറെയിഷ്ടമുള്ളവരെ നിങ്ങളെന്നെയതിന് സഹായിക്കുക...!