Aksharathalukal

ആശ

\"നമ്മുടെ ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരാളെ പൂർണ്ണമായി അറിയുന്നതിന് മുൻപേ അയാളെ ജഡ്ജ് ചെയ്യുക.. ഞാനടക്കമുള്ള സമൂഹം അങ്ങനെയാ... 
 ഒരു കുട്ടി സ്കൂളിൽ പോയി തുടങ്ങുമ്പോൾ തൊട്ട് അതിനെ ചുറ്റുമുള്ളവർ എല്ലാം ചേർന്ന് അറ്റാക്ക് ചെയ്യും... തൊട്ട് അയൽവക്കത്തെ കുട്ടിയേക്കാൾ പഠിപ്പു കുറവാണെന്ന് പറഞ്ഞു, ജനറൽനോളജ് കുറവാണെന്ന് പറഞ്ഞു, കഴിവുകൾ കുറവാണെന്ന് പറഞ്ഞു എല്ലാം..... സത്യം പറഞ്ഞാൽ ഒരിക്കൽ പോലും ആ കുട്ടിയിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് അറിയാൻ ആരും ശ്രമിക്കാറില്ല.... കാരണം എല്ലാവരും കുറവുകൾ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്.... കുറേ പുസ്തകങ്ങൾ പഠിച്ച് ഓർമ്മശക്തി എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുന്ന പരീക്ഷകൾ പാസാകാൻ പറ്റാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവർ ഉണ്ട്. അവർക്ക് വേറെ എന്തെങ്കിലും താല്പര്യങ്ങൾ ഉണ്ടാകും, കഴിവുകൾ ഉണ്ടാകും... ചുറ്റുമുള്ളവർ അതൊന്ന് പ്രോത്സാഹിപ്പിച്ചു കൊടുത്താൽ മതി... അവർക്ക് ഇഷ്ടപ്പെട്ട അവരെ കണ്ടെത്താൻ അവരെ ഒന്ന് സഹായിച്ചാൽ മതി... പൊതുവിജ്ഞാനം കുറവാണ് എന്നു പറഞ്ഞ് ചുറ്റുമുള്ളവർ കളിയാക്കുമ്പോൾ, ഈ പറയുന്ന ചുറ്റുമുള്ളവരെക്കാൾ മറ്റെന്തെങ്കിലും കഴിവ് അയാൾക്ക് കൂടുതൽ ഉണ്ടാകും... ഒരുപാട് പൊതുവിജ്ഞാനം ഉണ്ടായിട്ട് ഒന്നും കാര്യമില്ല.... കുറേ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുക എന്നല്ലാതെ.... കൂടെ നിന്നു ചതിക്കുന്നവരെയും സ്നേഹിക്കുന്നവരെയും മനസ്സിലാക്കുകയാണ് വേണ്ടത്... പ്രോത്സാഹനം നൽകാനും അംഗീകരിക്കുവാനും എല്ലാവർക്കും മടിയാണ്..... ഒരു വ്യക്തി അയാളുടെ സ്വന്തം കഴിവുകളെ, കണ്ടെത്തി സ്വയം പ്രോത്സാഹിപ്പിച്ച് മുന്നോട്ടേയ്ക്ക് നടക്കുന്ന വഴികളിൽ എല്ലാം തന്നെ ആണി കൊണ്ടുപോയി വിതറിയിട്ട് രസിക്കുന്നവരാണ് ചുറ്റുമുള്ളവർ... എന്നിട്ടോ ഈ ആണി ഒക്കെതാണ്ടി അയാൾ ദൂരെ അയാളുടെ സ്വപ്നസാക്ഷാത്കാരങ്ങളിൽ എത്തി നിൽക്കുമ്പോൾ, ഉയരങ്ങളിൽ എത്തി നിൽക്കുമ്പോൾ.. \" നീ ഇത്ര ഉയരത്തിൽ എത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു \". അവിടെ ഒരു ആവശ്യവും ഇല്ലാത്ത അംഗീകാരം.. 
 കൂടെ നിൽക്കണം എന്നും പ്രോത്സാഹിപ്പിക്കണം എന്നുമില്ല..... പിടിച്ചു വലിച്ചു താഴെയിടാൻ ശ്രമിക്കാതിരുന്നാൽ മതി. ഇത് ഒരാളുടെ മാത്രം കഥയല്ല... എല്ലാവരുടെയും ആണ്.. ആ ഒരാളിലും ഞാൻ വരും.... ആ എല്ലാവരിലും ഞാനുണ്ട്.... എല്ലാവരിലും ഒരാൾ ആവാതിരിക്കാൻ ഞാനിപ്പോൾ നന്നായി ശ്രദ്ധിക്കാറുണ്ട്... 

 കഴിവുകളെ തിരിച്ചറിയുക മുന്നേറുക..... നിന്നെ തടയാൻ ഒരാൾക്കും അവകാശമില്ല അധികാരമില്ല.... പൊരുതുക വിജയിക്കുക.... 
Good luck \"

 ഇത്രയും പറഞ്ഞ് മൈക്ക് താഴെ വെച്ച് ആശ അവളുടെ കസേരയിലേക്ക് വന്നിരുന്നു.
\" നിങ്ങൾ വളരെ കുറച്ച് സംസാരിച്ചുള്ളൂ എങ്കിലും അതിൽ എല്ലാം ഒരുപാട് അർത്ഥമുണ്ടായിരുന്നു \" അടുത്തിരുന്ന എംഎൽഎ, പി. രാഘവൻ ആശയോട് പറഞ്ഞു.
\" ഒരുപാടു വലിച്ചു നീട്ടി സംസാരിച്ചിട്ട് എന്താണ് സർ!! പലരും അത് കേൾക്കുക പോലും ചെയ്യില്ല.... ഞാനിന്ന് അറിയപ്പെടുന്ന ഒരു കവിത്രിയായി മാറിയതിൽ, എന്നെ ഞാൻ മാത്രമേ പ്രോത്സാഹിപ്പിച്ചിട്ടുള്ളൂ.. അതുകൊണ്ടാണ് ഇങ്ങനെയൊരു വേദിയിൽ ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞത്. വരും തലമുറയ്ക്ക് എങ്കിലും പ്രോത്സാഹനം കിട്ടട്ടെ.... \"
\" അടുത്തതായി വേദിയിൽ ആശംസ പ്രസംഗം നടത്തുവാനായി നമ്മുടെയെല്ലാം പ്രിയപ്പെട്ട എംഎൽഎ, പി. രാഘവനെ ക്ഷണിച്ചുകൊള്ളുന്നു... സർ പ്ലീസ്.. \" സ്കൂൾ പ്രധാന അധ്യാപകനായ വേണു മാഷ്, എംഎൽഎ വിളിച്ചു.

 പരിപാടികളെല്ലാം സമാപിച്ചതിനുശേഷം, എല്ലാ പങ്കെടുത്ത കുട്ടികളോടും, അവരവർ ചെയ്ത കാര്യങ്ങളൊക്കെ നന്നായിരുന്നു എന്നും ഗംഭീരമായിരുന്നു എന്നും പറഞ്ഞ് ആശ തന്റെ കാറിൽ കയറി വീട്ടിലേക്ക് മടങ്ങി. ആശ പഠിച്ച് സ്കൂളിലാണ്, ഇന്ന് വിശിഷ്ട അതിഥിയായി പോയിരിക്കുന്നത്. ഒരിക്കൽപോലും തന്റെ കവിതകൾ പഠിക്കുന്ന കാലത്ത് ആ ക്ലാസ് മുറിയിൽ വായിച്ചു കേട്ടിട്ടില്ല... എന്നാൽ തന്റെ കവിതകൾ ഇന്ന് ആ സ്കൂളിലെ പല ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിൽ, ഒരു പാഠമായി പഠിക്കാനുണ്ട്. ഒറ്റയ്ക്ക് പൊരുതി ജയിച്ചതാണ് ആശ. പഠിപ്പിൽ മറ്റു കുട്ടികളെ അപേക്ഷിച്ച് വലിയ മിടുക്കി ഒന്നുമായിരുന്നില്ല എന്നാലും അത്യാവശ്യം കുഴപ്പമില്ലാതെ അവൾ പഠിക്കുമായിരുന്നു. ഒരുപാട് കഥകളും കവിതകളും എഴുതും, എന്നാൽ അതൊന്നും ആരും വായിച്ചു പോലും നോക്കാറില്ല... 
 കോളേജിൽ പഠിക്കുന്ന സമയത്ത്, ആർട്സ് ക്ലബ്ബിന്റെ ഭാഗമായി നടത്തിയ കവിതാ രചനയ്ക്ക് ആശ പങ്കെടുത്തതും, കിഷോറിന്റെ ശ്രദ്ധയിൽ അത് പെട്ടതും, പിന്നീട് ആ കവിതയും മറ്റു പല കവിതകളുമായി ആശയുടെ കോളേജ് മാഗസിനിൽ അച്ചടിച്ചു വരുന്നതുമുതലാണ് അവളുടെ ജീവിതം മാറിയത്. ഒരർത്ഥത്തിൽ കിഷോറാണ് അവളുടെ ഇരുണ്ട ജീവിതത്തിൽ പ്രകാശം പരത്തിയത് മറഞ്ഞിരുന്ന അവളുടെ കവിതകളെ പുറം ലോകത്തെ എത്തിച്ചത്. ഇപ്പോഴും ആശ കിഷോറും ആയി നല്ല സൗഹൃദത്തിലാണ്. അവളിലെ അവളെ തന്നെ കണ്ടെത്തി കൊടുത്ത കിഷോറിനോട് അവൾക്ക് എന്നും ബഹുമാനവും സ്നേഹവും ആണ്. കിഷോറിന്റെ സുഹൃത്തും, കവിയുമായ വിവേകിനെയാണ് ആശ വിവാഹം കഴിച്ചത്. കിഷോർ വഴിയാണ് അവർ രണ്ടുപേരും പരിചയപ്പെട്ടതും സംസാരിച്ചതും സ്നേഹിച്ചതും എല്ലാം.. പിന്നീട് വിവേക് വിവാഹബന്ധം വേർപിരിഞ്ഞ്, പുതിയ ലോകങ്ങളും കവിതകളും തേടി പോയപ്പോഴും ആശയെ തളരാൻ കിഷോർ സമ്മതിച്ചിരുന്നില്ല. \"നിന്റെ സന്തോഷങ്ങൾ പോലെ തന്നെ നിന്റെ സങ്കടങ്ങളും കവിത ആവട്ടെ \" കിഷോറിന്റെ ഈ വാക്കുകൾ ആശയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.