Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 32

തന്നെ മുറുകെ പിടിച്ച് നിന്ന് ഏങ്ങി കരയുന്ന സിദ്ധുവിനെ പൂർണി എങ്ങനെയൊക്കെയോ ആണ് ഒരുവിധം ആശ്വസിപ്പിച്ച് മുറിയിലേക്ക് കൂട്ടിയത്.. ഒരു കൊച്ചുകുട്ടിയെ പോലെയുള്ള അവന്റെയാ വേദന നിറഞ്ഞ ഭാവം അവളെയും ഏറെ വേദനിപ്പിച്ചിരുന്നു...

കട്ടിലിൽ സീലിംഗിലേക്ക് നോക്കി ഉറങ്ങാതെ കിടക്കുന്നവനെ കാൺകെ അവൾക്ക് പാവം തോന്നി...

\"\"\" സിദ്ധുവേട്ടാ... \"\"\"

അവൻ അവളെ നോക്കാതെ തന്നെ വെറുതെയൊന്ന് മൂളിയതും അവൾ അവന്റെ അടുത്തേക്ക് നീങ്ങി അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു...

\"\"\" അമ്മയ്ക്ക് ഭേദമാകും, സിദ്ധുവേട്ടാ... \"\"\" അവൾ അരുമയായി പറഞ്ഞു...

\"\"\" എന്നാണ്?, ഇമാ.. വർഷം എത്ര കഴിഞ്ഞു.. എല്ലാ മാസവും ഒരു ഡോക്ടർ വന്ന് നോക്കും എന്നല്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടില്ല ഇതുവരെ.. വീട്ടിലുള്ള ചികിത്സ വേണ്ട.. ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സിക്കാമെന്ന് ഞാൻ ഒരുപാട് പറഞ്ഞതാണ് അമ്മമ്മയോട്.. കേട്ടില്ല ആരും.. ഒറ്റക്ക് ഞാൻ എങ്ങനെയാ? എന്നെ അടുപ്പിക്കില്ല... ഇനി എന്നാണ് അതിന് കഴിയുക എന്നെനിക്ക് അറിയില്ലടോ... \"\"\" അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. ഒരു വശത്ത് സ്വന്തമായിട്ടും മനസ്സിന്റെ താളം തെറ്റിയതിനാൽ തന്നെ അടുപ്പിക്കാത്ത, ഇഷ്ടമല്ലാത്ത ഒരമ്മയും... മറുവശത്ത്, സ്വന്തമായിട്ടും ഒന്നും അറിയാതെ തന്നെ വെറുക്കുന്ന കൂടപ്പിറപ്പും ... അവൻ ഒന്ന് നിശ്വസിച്ചു...

\"\"\" ഒരുപക്ഷേ, മരണം വരെ ആ അമ്മയുടെ ഒരു ചേർത്തുപിടിക്കൽ പോലും ലഭിക്കാൻ ഭാഗ്യം ഇല്ലാത്ത മക്കളായിരിക്കും ഞങ്ങൾ... \"\"\"

\"\"\" ഞങ്ങൾ ..? \"\"\" പൂർണി നെറ്റിചുളിച്ചു...

\"\"\" ഞാൻ.. ഞാൻ എന്നാ, ഇമാ.. സ്വന്തമായി ഉള്ളവരാലെല്ലാം തള്ളിപറയപ്പെട്ട ഒരുവനായി പോയില്ലേ ഞാൻ... \"\"\" അവൻ തിരുത്തി പറഞ്ഞു.. അവൾ അവനെ മുറുകെ പിടിച്ചു...

\"\"\" ഞാനുണ്ടല്ലോ സിദ്ധുവേട്ടന്... \"\"\" അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി മൊഴിഞ്ഞു.. എന്നാൽ അവന്റെ മനസ്സിൽ ആ നിമിഷം മറ്റൊരു മുഖം നിറഞ്ഞു.. വേദനയോടെ അവളെ ചേർത്ത് പിടിച്ച് അവൻ കണ്ണുകൾ അടച്ചു...

                               🔹🔹🔹🔹

രാവിലെ തന്നെ പൂർണിയും സിദ്ധുവും പോകാനായി റെഡിയായി താഴേക്ക് ഇറങ്ങി ചെന്നു...

\"\"\" ഇതെന്താ മോനെ? നിങ്ങൾ എവിടേക്കെങ്കിലും പോകുവാണോ? \"\"\" മാധവന് ചായ കൊടുത്ത് തിരിഞ്ഞ ഭാഗ്യ അവരുടെ വേഷം കണ്ട് സംശയത്തോടെ ചോദിച്ചു...

\"\"\" ഞങ്ങള് തിരിച്ച് പോകുവാ, മാമീ.. അവിടെ തിരക്കുണ്ട്... \"\"\" സിദ്ധു പടിയിറങ്ങി അവർക്ക് അടുത്തേക്ക് ചെന്ന് അറിയിച്ചു...

\"\"\" അ.. അല്ല.. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? ഇന്നലെ വന്നല്ലേ ഉള്ളൂ..? അത് മാത്രമല്ല.. ഈ നേരം വെളുത്ത ഉടനേ പോകാൻ മാത്രം എന്താ? \"\"\" അവർ ആവലാതിയോടെയാണ് അത് ചോദിച്ചത്...

\"\"\" എന്റെ പൊന്ന് മാമി, മൂന്ന് ദിവസം കഴിഞ്ഞാൽ ഞങ്ങടെ വിവാഹമാണ്.. ഇവിടെ നിന്നാൽ എങ്ങനെയാ? പിന്നെ, രാവിലെ ഇറങ്ങിയതിന് പിന്നിൽ അങ്ങനെ കാരണമൊന്നുമില്ല... \"\"\" അവൻ അവരെ നോക്കി കണ്ണ് ചിമ്മി.. അവർ പൂർണിയെയും സിദ്ധുവിനെയും ഒരുപോലെ വിഷമത്തോടെ നോക്കി...

\"\"\" എന്നാ പിന്നെ പ്രാതൽ കഴിഞ്ഞ് പോയാൽ മതി.. കുറച്ച് കഴിയുമ്പോ തയ്യാറാകും... \"\"\" പൂർണിയുടെ കവിളിൽ ഒന്ന് തഴുകി പറഞ്ഞിട്ട് ഭാഗ്യ അടുക്കളയിലേക്ക് പോയതും അമ്മു മുറിയിൽ നിന്ന് ഓടി വന്ന് പൂർണിയുടെ കൈയ്യിൽ പിടിച്ചു...

\"\"\" ഏട്ടൻ ഏട്ടന്റെ പാട് നോക്കി പൊയ്ക്കോ.. ചേച്ചിയെ ഞാൻ തരൂല... \"\"\" അവൻ നോക്കി ചുണ്ട് കോട്ടി പറഞ്ഞിട്ട് അമ്മു പൂർണിയെ നോക്കി...

\"\"\" ചേച്ചി വാ... \"\"\"

\"\"\" അ.. അല്ല.. അത്... \"\"\" പൂർണി സിദ്ധുവിനെ നോക്കി.. അവൻ ചിരിച്ചു...

\"\"\" ചെല്ല്... \"\"\" അവൻ അതേ ചിരിയോടെ പറഞ്ഞതും അമ്മു അവളെയും വലിച്ച് തന്റെ മുറിയിലേക്ക് പോയി...

\"\"\" ദാ.. ഇവിടെ ഇരുന്നേ... ഞാൻ ചോദിക്കട്ടെ.. ഇന്നലെ ആ കാട്ടുമാക്കാൻ എന്നെ ഒന്നിനും സമ്മതിച്ചില്ല... \"\"\" അമ്മു അവളെ കട്ടിലിൽ പിടിച്ച് ഇരുത്തി.. അപ്പോഴാണ് തന്നെ കൂർപ്പിച്ച് നോക്കുന്ന പൂർണിയുടെ മുഖഭാവം അവൾ ശ്രദ്ധിച്ചത്...

\"\"\" എന്ത് പറ്റി? \"\"\" അമ്മു കണ്ണ് മിഴിച്ചു...

\"\"\" സിദ്ധുവേട്ടൻ കാട്ടുമാക്കാൻ ഒന്നുമല്ല.. പാവമാ... \"\"\" ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ട് അമ്മു അമ്പരന്നു...

\"\"\" അത്ര ഇഷ്ടമാ സിദ്ധുവേട്ടനെ? \"\"\" ആകാംക്ഷ നിറഞ്ഞ സ്വരത്തിൽ അമ്മു ആരാഞ്ഞു...

പൂർണി ചിരിച്ചു...

\"\"\" ആ മനുഷ്യനേയുള്ളൂ ഇപ്പൊ എനിക്ക് സ്വന്തമായി.. സ്നേഹിക്കാനും.. ഇഷ്ടപ്പെടാനും.. കൊഞ്ചാനും.. പിണങ്ങാനും.. ഇണങ്ങാനും ഒക്കെ... \"\"\" പുഞ്ചിരിയോടെയുള്ള അവളുടെ വാക്കുകൾ അമ്മുവിലും ചിരി വിരിയിച്ചു...

\"\"\" ചേച്ചിയുടെ നാട് എവിടെയാ? \"\"\" അമ്മു തിരക്കി...

\"\"\" തൃശൂർ... \"\"\"

\"\"\" ആഹാ.. അവിടെയാണോ.. അപ്പൊ നിങ്ങൾ എങ്ങനെയാ പരിചയപ്പെട്ടതൊക്കെ? \"\"\" അമ്മു സംശയിച്ചു...

\"\"\" അതൊക്കെ വലിയ കഥയാ.. മോൾക്ക് ഞാനത് പിന്നൊരിക്കൽ പറഞ്ഞ് തരാം... \"\"\" ചിരിയോടെ പറഞ്ഞ ശേഷം പൂർണി ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു...

\"\"\" ഇത് അമൂല്യയുടെ മുറിയാണോ? \"\"\" പൂർണി അവളെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" മ്മ്മ്.. പണ്ട് അച്ഛമ്മയുടെ ആയിരുന്നു.. ഇപ്പൊ എന്റെയാ.. പിന്നേ, ചേച്ചി എന്നെ ഇങ്ങനെ അമൂല്യ എന്ന് നീട്ടി വിളിച്ച് കഷ്ടപ്പെടണ്ട.. ഇവിടെ എല്ലാവരും എന്നെ അമ്മു എന്നാ വിളിക്കുന്നത്.. ചേച്ചിയും അങ്ങനെ വിളിച്ചാൽ മതി... \"\"\"

\"\"\" മ്മ്മ്.. അമ്മു ഏത് കോഴ്സാ ഡിഗ്രിയ്ക്ക് എടുത്തിരിക്കുന്നത് ? \"\"\"

\"\"\" നശിപ്പിച്ച്!! ഇങ്ങനെ പഠിത്ത കാര്യം ചോദിച്ച് മൂഡ് കളയാതെ എന്റെ ചേച്ചി... \"\"\" അവളുടെ തലയും ചൊറിഞ്ഞുള്ള വർത്താനം കേട്ട് പൂർണി ചുണ്ടിൽ വിരൽ വച്ച് ചിരി അകറ്റി...

\"\"\" അപ്പൊ മടിച്ചി ആണല്ലേ പഠിക്കാൻ? \"\"\"

\"\"\" ഏയ്.. അങ്ങനെയൊന്നു ഇല്ല.. എന്നാലും ഒരു മടി... \"\"\" അവൾ ഇളിച്ചു...

\"\"\" മ്മ്മ്.. നല്ലതാ.. പക്ഷേ, ഇന്നത്തെ കാലത്ത് പഠിച്ച് നല്ലൊരു ജോലി വാങ്ങിയാൽ മാത്രമേ നാട്ടിൽ വിലയുള്ളൂ.. ഒരുതരത്തിൽ വീട്ടിലും അങ്ങനെയൊക്കെ തന്നെയാണ്... ഇൻഡിപെൻഡന്റ് ആയി ജീവിക്കുക എന്നതാണ് ഇന്ന് ഏറ്റവും വലിയ കാര്യം... \"\"\" പൂർണി ഗൗരവത്തോടെ പറഞ്ഞ് നിർത്തി...

\"\"\" ഓഹോ.. അപ്പൊ ചേച്ചികുട്ടി ഒരു ബുജി ആയിരുന്നെന്ന് തോന്നുന്നല്ലോ... \"\"\" അമ്മു കുസൃതിയോടെ അവളുടെ കൈയ്യിൽ ഒന്നിടിച്ചു...

\"\"\" ഔ.. അങ്ങനെയൊന്നും ഇല്ല... \"\"\" പൂർണി കൈ തടവി അവളെ നോക്കി ചിരിയോടെ പറഞ്ഞു...

\"\"\" മ്മ്മ്.. ഞാൻ ബോട്ടണിയാ എടുത്തിരിക്കുന്നത്... \"\"\"

\"\"\" ഏത് ഇയറായി? \"\"\" പൂർണി ചുവരിലേക്ക് ചാരി ഇരുന്ന് അന്വേഷിച്ചു...

\"\"\" ഇപ്പൊ സെക്കന്റ്‌... ചേച്ചി ഏതായിരുന്നു? \"\"\"

\"\"\" കെമസ്ട്രി ആയിരുന്നു... \"\"\" പൂർണി പറഞ്ഞ് നിർത്തിയതും അതുല്യയും അപ്പുവിനെയും കൂട്ടി അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു...

\"\"\" ഹായ്, ടോ.. ഇന്നലെ പരിചയപ്പെടാൻ പറ്റിയില്ല... \"\"\" അതുല്യ അവർക്ക് അടുത്ത് ചെന്നിരുന്നു...

\"\"\" ഞാൻ അതുല്യ.. പൂർണിമ എന്നാ അല്ലേ പേര്? \"\"\" അതുല്യ സ്വയം പരിചയപ്പെടുത്തിയ ശേഷം ചോദിച്ച് കൊണ്ട് അപ്പുവിനെ പൊക്കിയെടുത്ത് മടിയിലേക്ക് ഇരുത്തി...

പൂർണി ഒന്ന് മൂളി...

\"\"\" മോന്റെ പേര് അപ്പു എന്നാ അല്ലേ..?! \"\"\" പൂർണി അപ്പുവിന്റെ തലയിൽ ഒന്ന് തഴുകി.. അവൻ അവളെ നോക്കി കൊണ്ട് അതുല്യയോട് ചൊതുങ്ങിയിരുന്നു...

\"\"\" അതേ.. അർപ്പിത് എന്നാ ശരിക്കും പേര്.. വീട്ടിൽ അപ്പു എന്ന് വിളിക്കും... \"\"\" അതുല്യ അവന്റെ നെറ്റിയിൽ ഒന്ന് മുത്തിയ ശേഷം അറിയിച്ചു...

\"\"\" സിദ്ധുവേട്ടൻ പറഞ്ഞിരുന്നു.. എത്ര വയസ്സായി മോന്? \"\"\"

\"\"\" അടുത്ത മാസം ആറ് തികയും... \"\"\" 

പൂർണി അപ്പുവിനെ നോക്കി ചിരിച്ചു.. പിന്നെയും ഏറെ നേരം അവർ സംസാരിച്ചിരുന്നു.. അപ്പോഴും സിദ്ധു മാത്രം ഒന്നിനും വരാത്തത് പൂർണിയും അമ്മുവും ഒരുപോലെ ശ്രദ്ധിച്ചു.. പൂർണിയ്ക്ക് അതിന്റെ കാരണം മനസ്സിലായെങ്കിലും അമ്മുവിന് അതെന്താണെന്ന് മനസ്സിലായില്ല... പൂർണിയ്ക്ക് എവിടെയോ ഉള്ളിലൊരു നോവ് അനുഭവപ്പെട്ടു.. അവന് അവരോട് ഉള്ള അകൽച്ചയെല്ലാം മാറി.. ജാനി അവന്റെ സ്വന്തം അമ്മയാണെന്ന് അവന് എന്നെങ്കിലും ഈ ലോകം മുഴുവൻ കേൾക്കെ വിളിച്ച് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ ആശിച്ചു...

______________💕

പ്രാതൽ കഴിച്ച കഴിഞ്ഞതും സിദ്ധുവും പൂർണിയും ഇറങ്ങാൻ തുടങ്ങി.. ഇറങ്ങുന്നതിന് മുൻപ് ഒരിക്കൽ കൂടി സിദ്ധു പൂർണിയെയും കൂട്ടി ജാനിയുടെ അടുത്തേക്ക് പോയിരുന്നു.. എന്നാൽ അകത്തേക്ക് കയറി കാണാൻ കഴിഞ്ഞില്ല അവർക്ക്.. നിദ്രയിൽ നിന്ന് ഉണർന്നിരുന്നു അവർ അപ്പോഴേക്കും.. ഉണർന്ന് കഴിഞ്ഞാൽ ആരെയും അടുപ്പിക്കാറില്ല.. ഭക്ഷണം കൊടുക്കുന്നതും മറ്റും ഭാഗ്യയാണ്.. ചില നേരം മാത്രമാണ് അവർ സമാധാനത്തോടെ ഇരിക്കുന്നത്... അല്ലെങ്കിൽ കൂടുതൽ നേരവും അസ്വസ്ഥത പ്രകടിപ്പിക്കാറാണ് പതിവ്.. അങ്ങനെയുള്ള സമയങ്ങളിൽ ഭാഗ്യയെ കണ്ടാൽ ഉച്ചത്തിൽ കരയുകയൊക്കെ ചെയ്യാറുണ്ട് അവർ... 

ജനാലയിലൂടെ തന്റെ അമ്മയെ നിറകണ്ണുകളാൽ നോക്കി നിൽക്കുന്ന സിദ്ധുവിനെ കാൺകെ നെഞ്ച് വിങ്ങിയിരുന്നു പൂർണിയുടെ.. നൊന്ത് പ്രസവിച്ച അമ്മയെ മാറി നിന്ന് നോക്കി കാണേണ്ടി വരുന്ന ഒരു മകന്റെ വേദന..! അതും അവരുടെ ഈ അവസ്ഥ...! എല്ലാം അവനെ എത്രമാത്രം നോവിക്കുന്നുണ്ടാകും.. അവൾ വേദനയോടെ ഓർത്തിരുന്നു...

താഴേക്ക് ഇറങ്ങി വന്ന അവരെ ഇരുവരെയും ഭാഗ്യ പരിഭവത്തോടെ നോക്കി...

\"\"\" പോട്ടെ, മാമീ... അമ്മൂ... അപ്പുവേ.. ടി.. ശരിയെന്നാ... \"\"\" സിദ്ധു അതുല്യയുടെ കൈയ്യിൽ ഇരിക്കുന്ന അപ്പുവിന്റെ കവിളിൽ ഒന്ന് മുത്തിയിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഭാഗ്യ അവനെ പിടിച്ച് നിർത്തി...

\"\"\" എന്താ?, മാമീ... \"\"\" അവൻ ചിരിച്ചു...

\"\"\" വിവാഹം കഴിഞ്ഞ് ഒരു ദിവസം ഇങ്ങട് വരണം.. നിങ്ങള് രണ്ടാളും കുടുംബക്ഷേത്രത്തിൽ പോയി തൊഴണം.. കുടുംബത്തിലെ ഏക ആൺതരിയാണ് നീ.. നിന്റെ വിവാഹം ഇങ്ങനെയൊന്നുമല്ല നടക്കേണ്ടിയിരുന്നത്... \"\"\" അവർ ഗൗരവത്തോടെ പറഞ്ഞ് പൂർത്തിയാക്കിയതും അവന്റെ ചുണ്ടിന്റെ കോണിൽ പരിഹാസം കലർന്നൊരു ചിരി വിരിഞ്ഞു...

\"\"\" തെക്കേപ്പാട്ടെ സുഭദ്രയുടെ സ്വന്തം മകനൊന്നുമല്ലല്ലോ, മാമീ.. അപ്പൊ ഇതൊക്കെ മതി... \"\"\" കുറച്ച് അപ്പുറത്തായി ചാരുപടിയിൽ ഇരുന്ന് തന്നെ നോക്കുന്ന മഹേശ്വരിയെ ഒന്ന് നോക്കി കൊണ്ടാണ് അവനത് പറഞ്ഞത്.. അവരുടെ മുഖം വിളറി.. അവർ പറഞ്ഞിട്ടാണ് ഭാഗ്യ തന്നോട് അങ്ങനെയൊരു കാര്യം പറഞ്ഞതെന്ന് അവന് മനസ്സിലായിരുന്നു...

കൂടുതൽ ഒന്നും പറയാതെ സിദ്ധു പുറത്തേക്ക് ഇറങ്ങി പോയതും പൂർണി ഭാഗ്യയെ നോക്കി ഒന്ന് ചിരിച്ചിട്ട് മഹേശ്വരിയെ നോക്കി.. അവർ മുഖം മാറ്റിയതും അവൾ അവർക്കടുത്തേക്ക് ചെന്ന് അവരുടെ കാലിൽ കൈകൾ തൊട്ട് അവ കണ്ണിലേക്ക്‌ വച്ചു.. അവരൊന്ന് ഞെട്ടി അവളെ നോക്കി... എന്തൊക്കെയായാലും സിദ്ധുവേട്ടന്റെ അമ്മയുടെ അമ്മയല്ലേ!! എന്ന ചിന്തയിൽ അവളൊരു നെടുവീർപ്പിട്ടു.. ശേഷം പുഞ്ചിരിയോടെ നിവർന്നു നിന്ന് അവരുടെ കൈയ്യിൽ പിടിച്ചു...

\"\"\" അച്ഛനില്ലാത്ത ഒരു കുഞ്ഞും ഈ ഭൂമിയിലില്ല, അമ്മമ്മേ.. ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജന്മം കൊണ്ടിട്ടുണ്ടെങ്കിൽ ആ കുഞ്ഞിന് തീർച്ചയായും ഒരമ്മയും അച്ഛനും ഉണ്ടാകും!! അതുപോലെ തന്നെയാണ് എന്റെ സിദ്ധുവേട്ടനും..! അമ്മ മാത്രമല്ല.. അച്ഛനും ഉണ്ട് അദ്ദേഹത്തിന്..!! അതുകൊണ്ട്, അച്ഛൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് അപമാനിക്കരുത് ആരെയും! അതുപോലെ, സ്വന്തം മകളല്ലേ?!, അമ്മമ്മേ.. ആ മകളെ എങ്ങനെയാണ്‌ പിഴച്ചു പെറ്റു എന്ന് പറഞ്ഞ് ആക്ഷേപിക്കാൻ കഴിയുന്നത് ? \"\"\" അവരുടെ കൈയ്യിൽ ഒന്ന് അമർത്തി വിട്ടുകൊണ്ട് ചോദിച്ച ശേഷം പൂർണി പുറത്തേക്ക് ഇറങ്ങി പോയതും തരിച്ചിരുന്നു പോയി മഹേശ്വരി... അവരൊരു പകപ്പോടെ തലയുയർത്തി നോക്കി.. അതുല്യയും അമൂല്യയും ഭാഗ്യയും അവരെ ഉറ്റു നോക്കി നിൽക്കുന്നത് കാൺകെ അവർ അതേ ഭാവത്തിൽ പൂർണിയെ തിരിഞ്ഞ് നോക്കി.. കാറിൽ കയറും മുൻപ് അവളും അവരെയൊന്ന് നോക്കി.. ശേഷം മെല്ലെയൊന്ന് പുഞ്ചിരിച്ചു.. തന്റെ പ്രാണനായവനെ വേദനിപ്പിക്കാൻ ഇനി താൻ സമ്മതിക്കില്ല! എന്ന് പറയാതെ പറയുകയാണ് അവളെന്ന് തോന്നി അവർക്ക്... അതുപോലെ സിദ്ധു അനാഥൻ അല്ലെന്ന് ഭാഗ്യയും മറ്റും അറിയണമെന്നൊരു വാശിയും...! ജാനി സിദ്ധുവിനോട് കാണിക്കുന്ന അകൽച്ച കാരണം മാത്രമല്ല സിദ്ധുവിന് ജാനിയെ കൊണ്ട് പോകാൻ കഴിയാത്തത് എന്ന് പൂർണിയ്ക്ക് ഇന്നലെ തന്നെ മനസ്സിലായിരുന്നു... മഹേശ്വരിദേവിയുടെ വാശി...! കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി എന്ന പേരിൽ ജാനകി രാമമൂർത്തി എന്ന സ്വന്തം മകൾ ജീവിച്ചിരിക്കുന്നു എന്നുപോലും ആരെയും അറിയിക്കാതെ, കുടുംബത്തിന്റെ മാനവും അഭിമാനവും നോക്കി അവരെ ചങ്ങലയ്ക്കിട്ടിരിക്കുന്നവർ ...! അതിന് കൂട്ടായി ഒരു മകനും...! പുച്ഛം തോന്നി പോയി അവൾക്ക് അവരോട്... 








തുടരും..................................








Tanvi 💕