Aksharathalukal

കേരളത്തിന്റെ രൂപാന്തരീകരണം


പശ്ചിമഘട്ട മലനിരകൾ രൂപംകൊണ്ടത് ഇരുപതുകോടി വർഷങ്ങൾക്കുമുമ്പ്, ജുറാസിക് കാലഘട്ടത്തിലാണ് എന്നു പറയപ്പെടുന്നു. ആ സമയത്താണ് ഇന്ത്യ ഉൾപ്പെടുന്ന വൻകര ആഫ്രിക്കയിൽ നിന്ന് അടർന്നകന്നത്.
1600 കിലോമീറ്റർ ദൂരമുള്ള സഹ്യപർവതം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഇത് ഡക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ വക്കാണ്.
ഇന്ന് ഈ മലനിരകൾ ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

ഭൂഗർഭശാസ്ത്രം പഠിച്ചവർ പറയുന്നത് ഈ മലനിരകൾ സമുദ്രതീരം മടങ്ങി ഉയർന്ന് രൂപംകൊണ്ടതാണ് എന്നാണ്.
ഈ മലഞ്ചെരുവുകൾ ദൃഢത കൈവരിച്ചിട്ടില്ല. അത് അടരുകയും ഒഴുകുകയും രൂപമാറ്റത്തിന് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ പല നാശനഷ്ടങ്ങളും ക്ഷണിച്ചു വരുത്തുന്നവയുമാണ്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് വളരെയധികം കുന്നുകളിലെ വൃക്ഷലതാദികൾ വെട്ടി നശിപ്പിച്ച്, മണ്ണിളക്കി തോട്ടങ്ങൾ നിർമിച്ചു.മറ്റു നിർമാണപ്രവർത്തനങ്ങൾ മലമടക്കുകളിൽ നടത്തി. വിദേശികളായ സസ്യങ്ങളെ വെച്ചുപിടിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ അവിടുത്തെ മണ്ണിനെ ദുർബലമാക്കി, മണ്ണിടിച്ചിലിനുള്ള കാരണം സൃഷ്ടിച്ചു.

സഹ്യന്റെ തെക്കുപടിഞ്ഞാറെ ചെരുവിൽ കിടക്കുന്ന കേരളത്തിന് ഏ. ഡി. ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലെ രേഖകളനുസരിച്ച് ശരാശരി ഇരുപത് കിലോമീറ്ററാണ് വീതി. ഏ. ഡി. 5, 6, 7 നൂറ്റാണ്ടുകളിൽ സംഭവിച്ച പ്രകൃതി ക്ഷോഭങ്ങൾ കടൽ പിൻവാങ്ങി വീണ്ടും ഒരിരുപതു കിലോമീറ്റർ വീതിയിൽ കരഭാഗം രൂപപ്പെടുത്തി. ഇങ്ങനെ ഉയർന്നുവന്ന ഭൂമിയാണ് പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നത്.
അക്കാലത്തുണ്ടായ പെരുമഴകളും മണ്ണിടിച്ചിലുകളും കടൽക്ഷോഭങ്ങളുമായിരിക്കണം ഈ കരഭാഗം ഉയർത്തിയത്. സമുദ്രാന്തർഭാഗത്തുണ്ടായ വിക്ഷോഭങ്ങളും മണൽമണ്ണ് തള്ളിക്കയറ്റിയിട്ടുണ്ടാവാം!

മറ്റൊരു കാഴ്ച്ചപ്പാട് അക്കാലത്ത് വലിയ ഉൽക്കകൾ കേരളതീരത്ത് പതിച്ചുവെന്നും അവ പൊട്ടിത്തകർന്നുണ്ടായ പൊടിപടലം അടിഞ്ഞുകൂടി കരയുടെ വീതി വർധിപ്പിച്ചു എന്നുമാണ്. ഉൽക്കയുടെ പൊടിയാണ് കേരളതീരത്തെ ധാതുമണൽ എന്ന നിഗമനവും നിലനില്ക്കുന്നുണ്ട്. ഏതായാലും
കടൽക്ഷോഭങ്ങളും ഉരുൾപൊട്ടലുകളും പ്രളയങ്ങളും കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നു. പശ്ചിമഘട്ട മലനിരകൾ ദൃഢത കൈവരിച്ചവയല്ല.
അത് തകരുകയും നിരക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവയാണ്!
മനുഷ്യന്റെ കുടിയേറ്റങ്ങളും നിർമാണപ്രവർത്തനങ്ങളും ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നുണ്ടാവാം. മനുഷ്യർ അധിവച്ചില്ലെങ്കിലും ഇതൊക്കെ നടക്കാൻ സാധ്യതകളുമുണ്ട്.

മലനാട്ടിൽ/ ഹൈറേഞ്ചിൽ നിർമിതികൾ നടത്തുമ്പോൾ, പട്ടണങ്ങൾ പടുത്തുയർത്തുമ്പോൾ, ഈ അസ്ഥിരതയുടെ ചരിത്രം മറന്നുകളയരുത്. മരണത്തിന്റെ വായിലേക്ക് ആൾക്കാരെ വിളിച്ചടുപ്പിക്കരുത്. ഗാഡ്ഗിലിനെ തെറിവിളിച്ചിട്ടോ, കേന്ദ്രത്തിനെ കുറ്റപ്പെടുത്തിയിട്ടോ, ഹർത്താൽ നടത്തിയിട്ടോ, കോടതികളിൽ പോയിട്ടോ പരിഹാരം കാണാവുന്നവയല്ല ഇത്തരം പ്രകൃതി ദുരന്തങ്ങൾ.

പ്രകൃതിയെ മനസ്സിലാക്കി, അതിനോടിണങ്ങി ഇടപെടുക. പ്രകൃതിയെ മര്യാദ പഠിപ്പിക്കാനുള്ള ബുദ്ധിയും ശക്തിയും നമുക്കില്ല. ദുന്തങ്ങൾക്ക് വഴിയൊരുക്കാതെ രൂപപ്പെടുത്തുന്ന ജീവിതശൈലിയാണ് സ്വീകരിക്കേണ്ടത്. എല്ലാം എനിക്കുവേണ്ടി, എന്റെ നിയന്ത്രണത്തിനുവേണ്ടി എന്ന ധാരണ മാറ്റിവെക്കേണ്ടിയിരിക്കുന്നു!