Aksharathalukal

പിരിമുറുക്കം \'

\"8000 IITians  yet to find jobs in 2024 campus placement drive, many accepting below 6 lakh offers.\"
എന്തിനുവേണ്ടിയാണ് നാം ഐ ഐ ടി കൾ തേടി പോകുന്നത്. കഴിവുള്ളവർ ഇവിടെ പഠിച്ചാലും ജോലി കിട്ടുന്ന ഒരു സാഹചര്യമാണ് നമുക്കുള്ളത്. അപ്പോൾ ബുദ്ധിമാന്മാർക്ക് മാത്രം അവസരം ലഭിക്കുന്ന ഐഐടികളിൽ പഠിച്ചിറങ്ങുന്നവരുടെ തോതും അവരുടെ ശമ്പളവും നമ്മൾ തിരിച്ചറിയേണ്ടതാണ്. ഉന്നതമാർക്ക് വാങ്ങി പാസായവരെ പഠിപ്പിച്ചു ജോലി വാങ്ങി കൊടുക്കുന്നതിൽ എന്ത് ഹീറോയിസം ആണ് ഉള്ളത്. എന്നാൽ ഗവേഷണ മേഖലയിൽ ഐഐടികൾ നൽകുന്ന സംഭാവന നമ്മുക്ക് തള്ളിക്കളയാൻ കഴിയുകയില്ല .പക്ഷേ എത്രപേർ പഠനത്തിനുശേഷം ഗവേഷണത്തിലേക്ക് തിരിയുന്നുണ്ടെന്ന് പഠന വിഷയമാക്കേണ്ട ഒരു കാര്യമാണ്.പ്ലസ് ടു പഠനത്തിനൊപ്പം എൻട്രൻസ് കോച്ചിംഗ്. അതിൽ വിജയിച്ചില്ലെങ്കിൽ റിപ്പീറ്റും. എന്തും സാഹസവും കഴിച്ച് ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ എത്തിച്ചേരുക എന്ന ഒരു ലക്ഷ്യം മാത്രം \' എന്നാൽ എൻട്രൻസ് ക്ലിയർ ചെയ്തതുകൊണ്ട് ഇഷ്ടപ്പെട്ട കോഴ്സ് കിട്ടുമെന്ന് എന്താണ് ഉറപ്പ്. അതുമൂലം എന്ത് സംഭവിക്കുന്നു. കുട്ടിയുടെ ഭാവി നശിക്കുന്നു എന്നത് കൂടാതെ പ്രായവും കടന്നു പോകുന്നു .നമ്മുടെ രാജ്യം വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുൻപോട്ടു പോയിരിക്കുന്നു. നമ്മുടെ യുവതലമുറയിൽ ഉള്ള എല്ലാവരും തന്നെ വിദ്യാസമ്പന്നരാണ്. രാജ്യത്തിൻറെ പുരോഗതിക്ക് ഇത് നല്ലതാണെങ്കിലും നമ്മുടെ രാജ്യത്ത് തൊഴിലില്ലാതെ അലയുന്നവരുടെ എണ്ണം കൂടിവരികയാണ് . നമ്മൾ ഇതിനെപ്പറ്റി ആഴത്തിൽ വിശകലനം ചെയ്താൽ പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിച്ച എത്ര പേർ നമ്മുടെ രാജ്യത്തിൻറെ പുരോഗതിക്കുവേണ്ടി സേവനം ചെയ്യുന്നുണ്ട്. വിരലിൽ എണ്ണാവുന്നവർ മാത്രം ആയിരിക്കാം. ഭൂരിഭാഗം ആളുകളും പ്രശസ്തമായ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്നത് ഉന്നത ജോലിയും പണവും സമ്പാദിക്കാൻ വേണ്ടി മാത്രമാണ് . നിങ്ങൾ എപ്പോഴെങ്കിലും സമയത്തിന്റെ വിലയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മാറുന്ന ഈ ലോകത്ത് എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ ലഭിക്കുമ്പോൾ ടെക്നോളജി ഒപ്പം നടക്കണോ ടെക്നോളജിക്ക് മുമ്പേ നടക്കണോ. തീർച്ചയായും ഉത്തരം മുമ്പേ എന്ന് തന്നെയായിരിക്കും. നമ്മൾ എന്നും അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കിൽ നമ്മൾ ഔട്ട്ഡേറ്റഡ് ആയി പോകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല . പല കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിക്കുമ്പോൾ അവർ പറയുന്നു ഉത്തരം അവൻ കഠിനാധ്വാനിയാണ് അവൻ നല്ല മാർക്ക് വാങ്ങി പക്ഷേ അവന് ജോലി ലഭിച്ചില്ല. അപ്പോൾ കഠിനാധ്വാനമോ ഉന്നത മാർക്കോ ആണോ ഒരു ജോലി ലഭിക്കുന്നതിനുള്ള മാനദണ്ഡം. ഒരിക്കലും അല്ല ഇതിനെല്ലാം പ്രധാനം അറിവ് എന്ന മൂന്നക്ഷരങ്ങളാണ്. പഠിച്ച വിഷയങ്ങളെ പറ്റിയുള്ള ആഴമായി അറിവാണ് ഒരു വ്യക്തിയെ കഴിവുള്ളവൻ ആക്കുന്നത്. അത്തരം വ്യക്തിത്വങ്ങളെയാണ് സമൂഹം തിരിച്ചറിയുന്നത് നമുക്കറിയാം. ക്ലാസ്സിൽ പുറക് ബെഞ്ചിലിരുന്ന് പഠിക്കുന്നവരാണ് എപ്പോഴും ജീവിതത്തിൽ വിജയിച്ചിട്ടുള്ളതെന്ന്പലരും പറയാറുണ്ട് ഒരു പരിധിവരെ ഇത് ശരിയുമാണ് .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എൻറെ കാഴ്ചപ്പാടിൽ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും അതുപോലെ മറ്റുള്ളവരോട് ഇടപെടാനുമുള്ള കഴിവാണ് ഒരു മനുഷ്യൻറെ വ്യക്തിത്വം രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.അല്ലാതെ ആരെങ്കിലും പറയുന്നത് പൂർണമായി വിഴുങ്ങി അതു തന്നെയാണ് ശരിയെന്ന് വിചാരിച്ച് ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഒരു പരിധിയിൽ കൂടുതൽ മുന്നേറുവാൻ സാധിക്കുകയില്ല . ജീവിതത്തിൽ വിജയിച്ചു എന്ന് നാം അവകാശപ്പെടുന്ന പലരും ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുകയോ ഉന്നത ബിരുദങ്ങൾ സമ്പാദിക്കുകയോ ചെയ്തവരല്ല. ഒരുപക്ഷേ എന്തും ചെയ്യാനുള്ള ആത്മവിശ്വാസം ആയിരിക്കാം അവരെ വിജയത്തിലേക്ക് എത്തിച്ചത് \'ഇന്ന് നമ്മുടെ യുവതലമുറ വലിയ വലിയ ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ്.എന്നാൽ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്ന് നാം വിലയിരുത്തേണ്ടതാണ്. മറ്റുള്ളവരുടെ വാക്കുകേട്ട് സമയം കളയാൻ ഉള്ളതല്ല നമ്മളുടെ ജീവിതം. സ്വപ്നങ്ങൾ കാണാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ അതിനു കഠിന പ്രയത്നം മാത്രം പോര അതിനോടുള്ള ആഗ്രഹവും മനസ്സിൽ വേണം. നമുക്കറിയാം നമ്മളെല്ലാവരും  ചെറുതായാണ് വലുതായത്. അതുപോലെയാണ് ജീവിതവിജയവും. ഇപ്പോഴത്തെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്. അതിനനുസരിച്ച് കളിക്കുന്ന പാവങ്ങളായി മാറി നമ്മുടെ മക്കൾ. ജീവിതത്തിൽ എല്ലാ സുഖങ്ങളും മക്കൾക്ക് കൊടുക്കുന്നവരാണ് നമ്മൾ . അവരെ പാവകളെ പോലെ വളർത്തുന്നു. ചില രക്ഷപ്പെടുന്നു മറ്റു ചിലർ അവരവരുടെ സന്തോഷം തേടി പോകുന്നു. പഠിക്കുന്ന കാര്യം ചെറുതാണെങ്കിലും അത് ആത്മവിശ്വാസം കണ്ടെത്തുന്നതിനും സന്തോഷിക്കുന്നതിനും ശ്രമിക്കുക. ഏതുതരത്തിലുള്ള പഠനവും നമ്മുടെ ജീവിതത്തിന് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ തർക്കമില്ല .സ്വന്തം ആഗ്രഹങ്ങൾ വർഷങ്ങളോളം ത്യജിച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ആ ജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. മക്കൾക്ക് നല്ല വഴി കാണിച്ചു കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് . അവർക്ക് ജീവിതത്തിൻറെ അർത്ഥം പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് നമ്മൾ തന്നെയാണ്. സ്വന്തം അധ്വാനത്തിന് നമ്മൾ വില കൽപ്പിക്കുന്നത് പോലെ നമ്മളുടെ മക്കളും അതുകണ്ട് വളരട്ടെ .ചെറിയ രീതിയിൽ തുടങ്ങി കഠിനാധ്വാനം ചെയ്ത് വിജയം വരിക്കാൻ അവരുടെ കൂടെ നിൽക്കാൻ നമുക്ക് പരിശ്രമിക്കാം.