Aksharathalukal

സെൽഫി

സമയം വൈകുന്നേരം 5 മണിയായിരുന്നു.
* \"പാരാ സൈക്കോളജിസ്റ്റ് മാത്യു വള്ളിക്കൽ\" ഗേറ്റിന് പുറത്തെ ചുവരിൽ പതിപ്പിച്ചിരിക്കുന്ന മാർബിൾ ഫലകത്തിൽ എൻഗ്രേവ് ചെയ്ത് കറുത്ത ഇനാമൽ പെയിൻ്റിൽ മനോഹരമായി എഴുതി വെച്ചിരിക്കുന്ന പേരിലേക്ക് തോമസ് ഒരു നിമിഷം  നോക്കി നിന്നു.ഡോക്ടർ മാത്യു വള്ളിക്കൽ അതീന്ദ്രിയ പഠനത്തിൽ ഇന്ത്യയിൽ തന്നെ പ്രശസ്തിയാർജിച്ച മലയാളി ഡോക്ടർ.

അസ്തമയ സൂര്യൻ്റെ മഞ്ഞ നിറമുള്ള കിരണങ്ങൾ ഗേറ്റിന് അകത്തെ വെളുത്ത പെയിൻ്റ് അടിച്ച രണ്ട് നില വീടിൻ്റെ ചുവരുകളിൽ,  കായ്ച്ചു നിൽക്കുന്ന ഈത്തപ്പഴ മരത്തിൻ്റെ നിഴൽ കാഴ്ചകൾ തോമസിന് സമ്മാനിച്ചു.ചെറു കാറ്റ് വീശിയടിക്കുമ്പോൾ  തോമസ് തോളത്ത് തൂക്കി ഇട്ടിരിക്കുന്ന ബ്രൗൺ ഓഫീസ് ബാഗിൻ്റെ വള്ളികൾ കയറ്റിയിട്ട് ഗേറ്റിന് അടുത്തേക്ക് നടന്നു.   ആരോ വീടിൻ്റെ രണ്ടാമത്തെ നിലയിലെ ചില്ല് ജനാലയുടെ കർട്ടന് പുറകിൽ വന്ന് പുറത്തേക്ക് നോക്കിയിട്ട്  പോയോ??..... തോമസ് ഗേറ്റിൻ്റെ ഓടാമ്പൽ തുറന്ന് അകത്തേക്ക് കയറി.

പല തരം ചെടികൾ വളരുന്ന ചെടിച്ചട്ടികൾ നിരയായി വെച്ചിരിക്കുന്ന രണ്ട് നില വീടിൻ്റെ ടൈൽസ് ഇട്ട മുറ്റം അപരിചിതമാം വിധം നിശ്ശബ്ദമാണെന്ന് തോമസിന് തോന്നി.അവൻ്റെ വിരൽ പൂമുഖത്തെ കോളിംഗ് ബെല്ലിൽ അമർന്നു.അകത്തളത്തിൽ എവിടെയോ ഒരു യന്ത്ര പക്ഷി മൂന്ന് വട്ടം കരഞ്ഞു.ചുറ്റും ഇത്രയധികം വീടുകൾ ഉണ്ടായിട്ടും എന്താണ് ഇത്ര നിശ്ശബ്ദത എന്ന്  തോമസിന് മനസ്സിലായില്ല.അവൻ്റെ ചിന്തകളെ ഭംഗിച്ചു കൊണ്ട് ഉമ്മറ വാതിൽ ഞരക്കത്തോടെ തുറന്നു.അകത്തേക്ക് വന്നോളു...,  വീടിൻ്റെ അകത്ത്  നിന്ന് മുഴക്കമുള്ള ഒരു ശബ്ദം പ്രതിധ്വനിച്ചു. ഷൂ അഴിച്ചിട്ട് പാതി തുറന്നു കിടക്കുന്ന വാതിൽ തുറന്ന് വീടിന് അകത്തേക്ക് പ്രവേശിക്കുന്നതിന് ഇടയിൽ വാതിലിന് അടുത്ത് മാർബിൾ തറയിൽ അണഞ്ഞിരിക്കുന്ന മെഴുകുതിരി തോമസ് ശ്രദ്ധിച്ചു.

ഇടനാഴി ഇരുട്ടിൽ മുങ്ങി കിടന്നിരുന്നു.തോമസ് തോളിൽ കിടന്നിരുന്ന ബാഗ് കയ്യിലെടുത്ത് മുന്നോട്ട് നടന്നു.

മഞ്ഞ വെളിച്ചം നിറഞ്ഞു നിൽക്കുന്ന ഡ്രോയിംഗ് റൂമിലേക്ക് കാലെടുത്തു വെച്ച തോമസിന് മുന്നിൽ 60 വയസ്സിന് അടുത്ത് പ്രായമുള്ള ഒരു മനുഷ്യൻ കാലിൻ മേൽ കാലും കയറ്റി വെച്ച് വിശാലമായ സോഫാ സെറ്റിൽ ഇരുന്നിരുന്നു.അദ്ദേഹത്തിന് ഇരു വശത്തും മഞ്ഞ പ്രകാശം ജ്വലിക്കുന്ന മുന്തിയ ഇനം ടേബിൾ ലാമ്പുകൾ.ടേബിൾ ലാമ്പുകളുടെ പ്രകാശം ഒഴികെ മുറി ഇരുട്ടിലായിരുന്നു.വരൂ ഇരിക്കൂ തൻ്റെ മുന്നിലെ സോഫ ചെയറിലേക്ക് ഇരിക്കുവാൻ അയാൾ തോമസിനെ ക്ഷണിച്ചു.

തോമസ് ഒരു ചെറു പുഞ്ചിരിയോടെ കയ്യിലെ ബാഗ് നിലത്ത് വിരിച്ചിരിക്കുന്ന മനോഹരമായ പരവതാനിയിലേക്ക് വെച്ച് സോഫാ ചെയറിൽ ഇരിപ്പുറപ്പിച്ചു.

മാത്യു സാർ...? തോമസ് അയാളെ നോക്കി ചോദിച്ചു.ഞാൻ തന്നെയാണ്... ഈ വീട്ടിൽ ഞാൻ മാത്രമേ താമസിക്കുന്നുള്ളൂ ,  കൈകൾ രണ്ടും മടിയിൽ പിണച്ചു വെച്ച് പാരാ സൈക്കോളജിസ്റ്റ് മാത്യു വള്ളിക്കൽ പറഞ്ഞു.ക്ഷമിക്കണം ഡോക്ടർ ....ഞാൻ തോമസ്...എൻ്റെ  ഫ്രണ്ട് വിനോദ് ആണ് ഡോക്ടറുടെ അഡ്രസ് തന്നത് ... ഞാൻ പറയാൻ പോകുന്ന കാര്യം നിസ്സാരമായി ഡോക്ടർക്ക് തോന്നിയേക്കാം... , തോമസ്  ജാള്യതയോടെ പറഞ്ഞു. എന്നെ കാണാൻ വരുന്ന ആരുടെയും പ്രശ്നങ്ങൾ ഞാൻ നിസ്സാരമായി കാണാറില്ല മിസ്റ്റർ തോമസ്, നിങ്ങൾക്ക് ധൈര്യമായി കാര്യങ്ങൾ തുറന്ന് സംസാരിക്കാം... എനിക്ക് സഹായിക്കാൻ പറ്റുന്നതാണെങ്കിൽ തീർച്ചയായും നിങ്ങൾ മന സമാധാനത്തോടെ ഇവിടെ നിന്ന് ഇറങ്ങും എന്ന് ഞാൻ ഉറപ്പ് തരാം.ഡോക്ടർ  മാത്യു വള്ളിക്കലിൻ്റെ കണ്ണുകളുടെ തീഷ്ണത തോമസിനെ ചെറുതായി അലട്ടുന്നുണ്ടായിരുന്നു.

നിങ്ങൾ കസേരയിലേക്ക് ചാരിയിരിക്കു ബോഡി റിലാക്സ് ചെയ്യൂ, എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നം തോമസിൻ്റെ പരിഭ്രമം ശ്രദ്ധിച്ച ഡോക്ടർ അവനെ normal അക്കാൻ വേണ്ടി പറഞ്ഞു.തോമസ് കസേരയിൽ ഒന്നിളകി ചാരിയിരുന്നു. ഇനി പറയൂ.

എൻ്റെ മൊബൈൽ ഫോൺ ആണ് എൻ്റെ പ്രശ്നം ഡോക്ടർ ... ഞാൻ ഇതിൽ എത്ര സെൽഫി എടുത്താലും എന്തോ ഒരു പ്രസൻസ് ചിലപ്പോൾ ഒരു ചെറിയ വെളിച്ചം അല്ലെങ്കിൽ കറുത്ത ഒരു പൊട്ട്... ഞാൻ എടുത്ത എല്ലാ സെൽഫികളിലും അതുണ്ട് . അതത്ര കാര്യം ആക്കാൻ ഉണ്ടോ? തോമസ്...,  മൊബൈലിൻ്റെ പ്രശ്നം ആയിക്കൂടെ.ഡോക്ടർ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞാൻ വാങ്ങിയ മൊബൈൽ ഫോണിൽ എടുക്കുന്ന സെൽഫികൾ എല്ലാം ഇങ്ങിനെയാണ് വരുന്നത് തോമസ് തൻ്റെ കയ്യിൽ കരുതിയിരുന്ന മൊബൈൽ ഫോൺ ഡോക്ടർക്ക് നേരെ നീട്ടി.

നിങ്ങൾ പറഞ്ഞത് ശരിയാണ്...,  പക്ഷേ  വിഷമിക്കാൻ മാത്രം ഇതിൽ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല ഡോക്ടർ മാത്യു തോമസ്സിൻ്റെ മൊബൈലിലേക്ക് സൂക്ഷ്മമായി നോക്കി അയാളെ മൊബൈൽ ഫോൺ തിരികെ ഏൽപ്പിച്ചു.അത് മാത്രമല്ല ഡോക്ടർ തോമസ് പറഞ്ഞു നിർത്തി.ഡോക്ടർ മാത്യു  കസേരയിലേക്ക് ചാരിയിരുന്നു.ഞാൻ...ഞാൻ ഈയിടെ എടുത്ത ചില സെൽഫികൾ അതിൽ ഉണ്ടായിരുന്ന രണ്ട് പേർ ഇപ്പോൾ ജീവനോടെയില്ല ഡോക്ടർ..,   തോമസ്      ഡോക്ടറെ ആകാംക്ഷയോടെ നോക്കി.നിങ്ങൾ പറയുന്നത് നിങ്ങളുടെ സെൽഫിയിൽ വന്നത് കൊണ്ട് അവർ മരണപ്പെട്ടെന്നാണോ?  മാത്യു കൈ വിരൽ ചുണ്ടിൽ മുട്ടിച്ചു കൊണ്ട് ചോദിച്ചു.അതേ ഡോക്ടർ ഇപ്പോൾ എനിക്ക് കൂട്ടുകാരുടെ ഒപ്പം സെൽഫി എടുക്കാൻ കൂടെ പേടി തോമസിൻ്റെ കയ്യിലെ മൊബൈൽ ഫോൺ ചെറുതായി  വിറക്കുന്നുണ്ടായിരുന്നു.റിലാക്സ് തോമസ് take a deep breath , തോമസിൻ്റെ അസ്വസ്ഥത മനസ്സിലാക്കിയ ഡോക്ടർ പറഞ്ഞു.യെസ് ഡോക്ടർ, തോമസ് കൈ കൊണ്ട് മുഖം തുടച്ചു.നിങ്ങൾ സിനിമകൾ കാണുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു കൂടുതലും പ്രേത സിനിമകൾ ഞാൻ പറഞ്ഞത് ശരിയല്ലേ?..,  ഡോക്ടർ രംഗം മയപ്പെടുത്തനായി ചിരിച്ചു.അതേ ഡോക്ടർ  എനിക്ക് ഇഷ്ടമാണ് പേടിപ്പെടുത്തുന്ന സിനിമകൾ തോമസ് കൂടെ ചിരിച്ചു.സിനിമകളിൽ കാണുന്ന പ്രേതവും ചെകുത്താനുമല്ല യഥാർത്ഥത്തിൽ ഉള്ളത്, അവർ ഓരോ എനർജി ഫീൽഡുകളാണ് അവർക്ക്  ആരെയും ഉപദ്രവിക്കണമെന്നോ...   കൊല്ലണമെന്നോ...  ഒന്നും ഉണ്ടാകില്ല , ജലോപരിതലത്തിലേക്ക് ഉയർന്നു വരുന്ന നീർക്കുമിളകളുടെ ആയുസ്സ് മാത്രമേ അവർക്കുണ്ടാകു...,  ഇത് പോലെ ഡോക്ടർ തൻ്റെ വിരൽ ഞൊടിച്ചു, പിന്നെ വേറൊരു ചുരുക്കം വിഭാഗമുണ്ട് അവർക്ക് സമയത്തെ  ഇഷ്ടമുള്ളത് പോലെ ചലിപ്പിക്കാൻ കഴിയും ഞാൻ ഇപ്പോൾ അവരെ കുറിച്ചുള്ള പഠനത്തിലാണ് .ഡോക്ടർ പ്രേതങ്ങളെ കണ്ടിട്ടുണ്ടോ തോമസിൻ്റെ മുഖത്ത് ആവേശം പ്രകടമായിരുന്നു.എനിക്കെപ്പോഴും ലഭിക്കുന്ന ചോദ്യമാണ് തോമസ്,  അങ്ങിനെയും ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നിരുന്നാലും അവർ എന്നെ ഉപദ്രവിച്ചിട്ടില്ല.പിന്നെ എന്തായിരിക്കും ഡോക്ടർ ഇതിന് കാരണം ഇനിയൊരു മരണം കൂടെ എൻ്റെ സെൽഫി ഭ്രമം മൂലം ഉണ്ടായാൽ എനിക്ക്  ഭ്രാന്ത് പിടിക്കും ഡോക്ടർ.   തോമസ് നിങ്ങൾ  എപ്പോൾ മൊബൈൽ ഫോൺ വാങ്ങിയാലും ചെയ്യുന്ന ഒരു പ്രത്യേക കാര്യം അല്ലെങ്കിൽ ഒരു സെറ്റിംഗ്സ് ആകാം നിങ്ങളുടെ പ്രശ്നത്തിന് കാരണം , ഓർത്തു നോക്കു എന്തായിരിക്കും അത്??.  അങ്ങിനെ ... ഒരു കാര്യം... ഉണ്ട് ഡോക്ടർ!! ... ഞാൻ ക്യാമറ സെറ്റിംഗ്സ് ഡിഫോൾട്ട് ഇട്ട് നോക്കാം തോമസ് കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു. അവൻ തൻ്റെ ക്യാമറ സെറ്റിംഗ്സ് reset ചെയ്തു.ഇനി ഒരു സെൽഫി എടുത്ത് നോക്കൂ തോമസ് കാർട്ടൂൺ കാണുന്ന കൊച്ചു കുട്ടിയെ പോലെ ഡോക്ടർ മാത്യു സോഫയിൽ തോമസിനെ നോക്കിയിരുന്നു.

ഡോക്ടർ പറഞ്ഞത് ശരിയാണ് ...., ഇപ്പോൾ ഇതിൽ വേറെയൊന്നും കാണുന്നില്ല.... , മൊബൈൽ ഫോണിൽ എടുത്ത തൻ്റെ സെൽഫിയിലേക്ക് സൂക്ഷിച്ചു നോക്കി തോമസ് സന്തോഷത്തോടെ പറഞ്ഞു, വളരെ ഉപകാരം ഡോക്ടർ . .ഇപ്പോൾ മനസ്സിലായില്ലേ തോമസ് ആവശ്യമില്ലാതെ ഒന്നിനെ കുറിച്ചും ചിന്തിച്ച് വിഷമിക്കരുത് എപ്പോഴും പോസിറ്റീവ് ആയിരിക്കണം , പിന്നെ നിങ്ങൾ പറഞ്ഞ മരണങ്ങൾ അതിന് ഇപ്പോൾ എന്തെങ്കിലും സാധ്യത നിങ്ങൾ കാണുന്നുണ്ടോ തോമസ്?,  ഡോക്ടർ മാത്യു ചോദിച്ചു.ഇല്ല ഡോക്ടർ....,  എന്നെ ഏറ്റവും വിഷമിപ്പിച്ചിരുന്നത് സെൽഫിയിലെ വെളിച്ചം ഒക്കെ ആയിരുന്നു...,  അതിനെ തുടർന്നുണ്ടായ സംഭവങ്ങളും..., അത് കാരണം ഞാൻ അകാരണമായ  ഭയത്തിന് അടിമപ്പെട്ടിരുന്നു , തോമസ് ആശ്വാസത്തോടെ നെടുവീർപ്പിട്ടു.നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മളുടെ തലച്ചോർ അതിന് തോന്നുന്ന ആശയങ്ങൾ വെച്ച് അവിടം നിറച്ച് വെക്കും, നിങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചത് തോമസ് ,  ഡോക്ടർ പറഞ്ഞു.താങ്കളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഡോക്ടർ മാത്യു,   തോമസ് ചിരിച്ചു കൊണ്ട് സോഫാ ചെയറിൽ നിന്ന് എഴുന്നേറ്റു.നിങ്ങൾക്ക് പറഞ്ഞതെല്ലാം വ്യക്തം ആയല്ലോ അല്ലെ?,  ഡോക്ടർ മാത്യു സോഫാ സെറ്റിയുടെ മുകളിലേക്ക് കൈകൾ വിടർത്തി വെച്ച് പറഞ്ഞു.ഡോക്ടർ എനിക്കൊരു സെൽഫി തോമസ് ചിരിച്ചു കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് നടന്നു.എനിക്ക് സെൽഫിയിൽ ഒന്നും താൽപ്പര്യമില്ല തോമസ് ..., നിങ്ങൾ എടുത്തു കൊള്ളൂ...,  ഡോക്ടർ മാത്യു ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.അവൻ സോഫയിൽ ഡോക്ടർ ഇരിക്കുന്നത് കിട്ടും വിധം തൻ്റെ ഒരു സെൽഫി ക്ലിക്ക് ചെയ്തു.വളരെ ഉപകാരം ഡോക്ടർ,  മൊബൈൽ ഫോൺ പോക്കറ്റിലേക്കിട്ട് തോമസ് തൻ്റെ ബാഗ് എടുത്ത് തോളിലേക്കിട്ടു.പിന്നെ... തോമസ്...,  നിങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ വാതിൽ ചേർത്ത് അടച്ചേക്കു...,  എനിക്ക് രാവിലെ മുതൽ നല്ല സുഖമില്ല.എന്ത് പറ്റി ഡോക്ടർ മാത്യു ?, ഞാൻ ആരെയെങ്കിലും വിളിക്കണോ?,  തോമസ് ആകാംക്ഷയോടെ ചോദിച്ചു.അതിൻ്റെയൊന്നും ആവശ്യമില്ല തോമസ്...,  നിങ്ങൾ പൊക്കോളൂ റെസ്റ്റ് എടുത്താൽ മാറിക്കോളും.ശരി ഡോക്ടർ,  ഞാൻ എന്നാൽ ഇറങ്ങട്ടെ...,  തോമസ്         ഡോക്ടർ മാത്യുവിനോട് വിട പറഞ്ഞ് പുറത്തേക്കുള്ള വാതിലിന് നേരെ നടന്നു.

നേരം ഇത് വരെ ഇരുട്ടിയില്ലേ... .  വാതിൽ വലിച്ചടച്ച് പുറത്തേക്കിറങ്ങി ഷൂ ഇടുമ്പോൾ തോമസിന് അത്ഭുതം തോന്നി. താൻ ഒരു മണിക്കൂറോളം ഡോക്ടറോട് സംസാരിച്ചിട്ടുണ്ടാകും!,  ഗേറ്റിന് അടുത്തേക്ക് നടക്കുമ്പോൾ അവൻ ആലോചിച്ചു.ഗേറ്റിൻ്റെ ഓടാമ്പൽ ഇടുമ്പോൾ അവൻ കയറി വന്നപ്പോൾ വീടിൻ്റെ ചുവരിൽ കണ്ട ഈത്തപ്പനയുടെ നിഴൽ  അൽപ്പം പോലും മാറിയിട്ടില്ലെന്നത്  തോമസിനെ അതിശയപ്പെടുത്തി . ഇരുട്ടുള്ള മുറിയിൽ ഇരുന്നത് കൊണ്ട് തനിക്ക് സമയത്തെ കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടത് ആകുമോ തോമസ് ഗേറ്റിന് കുറച്ച് അകലെ പാർക്ക് ചെയ്തിരുന്ന തൻ്റെ ബൈക്കിന് അടുത്തേക്ക് നടന്നു.കുറച്ച് സ്ത്രീകൾ തോമസിനെ കടന്ന് നടന്നു പോയി അവരുടെ വസ്ത്രത്തിൽ കറുത്ത റിബൺ പിൻ ചെയ്തിരുന്നത് നടക്കുന്നതിന് ഇടയിൽ തോമസ് ശ്രദ്ധിച്ചു.അവൻ ബൈക്ക് സ്റ്റാർട്ട് ആക്കാൻ മുതിർന്നതും മൊബൈൽ ഫോൺ ശബ്ദിച്ചു.

നീ എവിടെയാ തോമസ്?,  വിനോദാണ് ഫോണിൽ.ഞാൻ നീ പറഞ്ഞ ഡോക്ടറെ കണ്ട് ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ , he is a real genius !!,  തോമസ് സന്തോഷത്തോടെ പറഞ്ഞു.നീ എന്താണ് പറയുന്നത് ....., ഡോക്ടർ മാത്യു വള്ളിക്കൽ ഇന്ന് ഉച്ചക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചു ഞാൻ ഡോക്ടറുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു വരുന്ന വഴിയാണ് അൽപ്പ നേരത്തെ നിശ്ശബ്‌ദതക്ക് ശേഷം,  വിനോദ് പറഞ്ഞു . അവിടെ വരാന്തയിൽ  മെഴുക് തിരി കത്തിച്ച് വെച്ചിട്ടുണ്ടായിരുന്നല്ലോ...,  വിനോദ് പറയുന്നതൊന്നും തോമസ് കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ കൈ അവനറിയാതെ ഡോക്ടറുടെ ഒപ്പം എടുത്ത സെൽഫിയിലേക്ക് പോയി. ഫോൺ സ്ക്രീനിൽ തെളിഞ്ഞ സെൽഫിയിൽ തോമസിൻ്റെ പുറകിലെ സോഫാ സെറ്റ് ശൂന്യമായിരുന്നു.സമയം വൈകുന്നേരം 5:05.

* പാരാ സൈക്കോളജി: അതീന്ദ്രിയ ജ്ഞാനത്തെ കുറിച്ചും അമാനുഷിക ശക്തികളെയും കുറിച്ചുള്ള പഠനം.

                      < അവസാനിച്ചു >