Aksharathalukal

അമ്മൂമ്മയുടെ അത്താഴം

സായാഹ്നത്തിലെ അവസാന സൂര്യ കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ വിനയനും ശരണ്യയും മഞ്ഞ പെയിൻ്റ് അടിച്ച  ആ  രണ്ട് നില വീടിൻ്റെ ഗേറ്റിന് മുന്നിൽ നിന്നു.

ഇത് തന്നെ ആണോ മോളെ വീട്?,  വിനയൻ ശരണ്യയോട് ചോദിച്ചു.

ഇത് തന്നെയാണ്,  എൻ്റെ അച്ഛമ്മയുടെ വീട് കണ്ടാൽ എനിക്ക് അറിഞ്ഞു കൂടെ ശരണ്യ സംശയത്തോടെ ഗേറ്റ് തള്ളി തുറന്നു.

വിനയൻ്റെയും ശരണ്യയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ചയെ ആയിട്ടുള്ളൂ.ബന്ധു മിത്രാദികളുടെ വീട്ടിലേക്കുള്ള വിരുന്നു പോക്ക് എന്ന ചടങ്ങ് അതിൻ്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. അങ്ങിനെയിരിക്കെയാണ് ശരണ്യയുടെ അമ്മയുമായി പിണങ്ങി കഴിയുന്നതും, അവരുടെ വീട്ടിൽ നിന്ന് വളരെ ദൂരെ താമസിക്കുന്ന അച്ഛമ്മയുടെ വീട്ടിലേക്ക് വിരുന്ന് പോകണമെന്ന് ശരണ്യയുടെ അമ്മ വാശി പിടിച്ചത്.ശരണ്യയുടെ അമ്മൂമ്മയും അപ്പൂപ്പനും മാത്രമേ വീട്ടിൽ താമസം ഉള്ളൂ.അവർക്കാണെങ്കിൽ ആരുമായും ബന്ധം സൂക്ഷിക്കുന്ന സ്വഭാവം ഇല്ല താനും ശരണ്യയുടെ അച്ഛനോടും , അച്ഛൻ്റെ മരണം വരെയും അവർ മിണ്ടിയിട്ടില്ല.നേരം വൈകിയെങ്കിലും വിരുന്നിനെക്കാൾ ഒരു സന്ദർശനം മാത്രമായിരുന്നു ശരണ്യയുടെയും വിനയൻ്റെയും മനസ്സിൽ.

നീയാ കോളിംഗ് ബെല്ല് അടിക്ക് അക്ഷമനായി വിനയൻ പറഞ്ഞു.

ഞാൻ ഇവരെയൊക്കെ കണ്ടിട്ട് യുഗങ്ങളായി ശരണ്യ മനസ്സില്ലാ മനസ്സോടെ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി.

കാണാതെ പോകുന്നത് മോശമല്ലേ....,  വിനയൻ പതിയെ പറഞ്ഞു.

വീടിന് അകത്ത് നിന്ന് കാൽ പെരുമാറ്റം  കേട്ട്  അവർ ഇരുവരും ചേർന്ന് നിന്നു. ഈട്ടിയിൽ തീർത്ത അലങ്കാര പണികൾ ഉള്ള വാതിൽ തുറന്ന് നെറ്റിയിൽ വലിയ പൊട്ടുള്ള , ഇന്ദിര ഗാന്ധിയെ പോലെ മുടി ബോബ് ചെയ്ത നരകൾ  വീണ മുടിയുള്ള ,80 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു.

അച്ഛമ്മക്ക് എന്നെ മനസ്സിലായോ?,  വലിയൊരു ചിരിയോടെ ശരണ്യ അവളുടെ അമ്മൂമ്മ കമല ദേവിയുടെ അടുത്തേക്ക് മാർബിളിട്ട പടികൾ കയറി ചെന്നു .

എൻ്റെ മോളെ കണ്ടാൽ എനിക്ക് മനസ്സിലാകാതെ ഇരിക്കുമോ...,  കമല ദേവി ശരണ്യയുടെ സ്വർണ വളകൾ കിലുങ്ങുന്ന കയ്യിൽ പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു.

അത് വിനയൻ ചേട്ടൻ ശരണ്യ ചമ്മലോടെ പുറകിൽ നിൽക്കുന്ന ഭർത്താവിനെ പരിചയപ്പെടുത്തി.

കേറി വാ മോനെ...,  കമല ദേവി ചിരിച്ചു കൊണ്ട് ശരണ്യയെയും കൂട്ടി വീടിന് അകത്തേക്ക് നടന്നു.വിനയൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു .

മക്കൾ ഇരിക്ക് ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം,   അവരെ സോഫയിലേക്ക് ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയ അമ്മൂമ്മയെ ശരണ്യ തടഞ്ഞു.

ഇപ്പോൾ ഒന്നും വേണ്ട അച്ഛമ്മേ ശരണ്യ സ്നേഹത്തോടെ നിരസിച്ചു.

ഓ...,  സന്ധ്യ ആയല്ലോ..., എന്നാൽ നമുക്ക് അത്താഴം കഴിക്കാം....,  അതല്ലേ നല്ലത് . അത് പിന്നെ....,  ശരണ്യ പറഞ്ഞ് മുഴുമിക്കുന്നതിന് മുന്നേ കമല ദേവി അടുക്കളയിലേക്ക് നടന്നു.

നിനക്ക് പറയായിരുന്നില്ലേ?,  നമ്മൾ ഇനി തിരിച്ച് വീട്ടിൽ എത്തുമ്പോൾ നേരം എത്രയാകും..., വിനയൻ പരിഭവിച്ചു.

കുറച്ച് നേരം കഴിഞ്ഞ് കമല ദേവി തിരികെ വന്ന് പൂമുഖ വാതിൽ താക്കോലിട്ട് പൂട്ടി താക്കോലുമായി അടുക്കളയിലേക്ക് തിരിച്ച് നടന്നു.അപ്പൂപ്പനെ കണ്ടില്ലാ... ശരണ്യ സോഫയിലേക്ക് ചാരിയിരുന്നു. 

അപ്പൂപ്പൻ വരാറായി നടത്തം നിർത്തി  ചുവരിൽ ചത്തിരിക്കുന്ന ക്ലോക്കിലേക്ക് സൂക്ഷിച്ച് നോക്കി കമല ദേവി പറഞ്ഞു.അവർ വേഗം അടുക്കളയിലേക്ക് നടന്നു.



സമയം സന്ധ്യ 6 മണിയോട് അടുത്തിരുന്നു.അടുക്കളയിൽ നിന്ന് അമ്മൂമ്മ അത്താഴം ഒരുക്കുന്നതിൻ്റെ ശബ്ദം വരുന്നുണ്ടായിരുന്നു.

നീ കൂടി പോയി സഹായിക്ക് നമുക്ക് വേഗം പോകാം വിനയൻ വിരസതയോടെ ശരണ്യയോട് പറഞ്ഞു.

ശരി , ശരണ്യ സോഫയിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

വിനയൻ അവിടെ കിടന്നിരുന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി.ഇതേത് കാലത്തെ പത്രം ...., അയാൾക്ക് ചിരി വന്നു.



.....നീ അവിടെ പോയിരിക്ക്!!,  കമല ദേവിയുടെ ഉറക്കെയുള്ള സംസാരം കേട്ട് വിനയൻ പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി. കമല ദേവി അടുക്കളക്ക് പുറത്ത് നിന്ന് ശരണ്യയോട് ദേഷ്യപ്പെടുന്നു.നിൻ്റെ അമ്മയും ഇങ്ങിനെ തന്നെയായിരുന്നു അഹങ്കാരി!!,  ഒന്നും പറഞ്ഞാൽ സമ്മതിച്ച് തരില്ല,  കമല ദേവിയുടെ കയ്യിലിരുന്ന് ഇറച്ചിക്കത്തി വിറച്ചു.

ശരണ്യ കണ്ണ് തുടച്ച് അടുക്കളക്ക് പുറത്തേക്ക് ഓടി വന്നു.അവളണിഞ്ഞിരുന്ന ആഭരണങ്ങളുടെ കിലുക്കം വിശാലമായ മുറിയിൽ മുഴങ്ങി കേട്ടു.കമല ദേവി ശാന്തയായി ഇറച്ചി വെട്ടാൻ അടുക്കളക്ക് അകത്തേക്ക് നടന്നു.



എന്ത് പറ്റി?,  വിനയൻ സോഫയിൽ  നിന്ന് എഴുന്നേറ്റ് ,തൻ്റെ അരികിലേക്ക് ഓടി വന്ന ശരണ്യയോട് ആകാംക്ഷയോടെ ചോദിച്ചു.

ഒന്നുമില്ല,  ശരണ്യ മുക്കും കണ്ണും രണ്ട് കൈ കൊണ്ടും തുടച്ച് സോഫയിലേക്ക് ഇരുന്നു. 

നീ ..., എന്താ അമ്മൂമ്മയോട് പറഞ്ഞെ...,  വിനയൻ ചോദിച്ചു.ഒന്നുമില്ലന്നെ,  ഞാൻ അമ്മ പറഞ്ഞ് അറിവുള്ള ചില പഴയ കാര്യങ്ങൾ അമ്മൂമ്മയോട് ചോദിച്ചതാ..

എന്ത് കാര്യങ്ങൾ? വിനയൻ സോഫയുടെ അരികിലേക്ക്  ഇരുന്നു. 

അല്ല,  അമ്മ പറയുമായിരുന്നു,  അമ്മൂമ്മയെ അപ്പൂപ്പൻ ആദ്യം കണ്ട് മുട്ടിയത് പാർക്കിൽ വെച്ചായിരുന്നെന്ന് , ഇപ്പോൾ അമ്മൂമ്മ പറയുന്നു..,  അങ്ങിനെയല്ല അതൊരു കാട്ടിൽ വെച്ചായിരുന്നെന്ന്...,   ശരണ്യ സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു.

തമാശ പറഞ്ഞതായിരിക്കും...,  ഞാനും നിൻ്റെ അമ്മ പറയുന്നത് കേട്ടിരുന്നു,  വിനയൻ ശരണ്യയുടെ വാദം ശരി വെച്ചു. 

ഇതൊക്കെ കൊണ്ട് തന്നെയാണ് അമ്മൂമ്മ അമ്മയുമായി തെറ്റിയതെന്ന്,  ഇതിനൊക്കെ ഇത്ര മാത്രം ക്ഷോഭിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല,   ശരണ്യ കൈ മലർത്തി. 

നീ വിഷമിക്കാതിരിക്ക് നമുക്ക് അത്താഴം കഴിച്ചിട്ട് വേഗം പോകാം,  ആരെയും മുഷിപ്പിക്കണ്ട , വിനയൻ പത്രത്തിലേക്ക് കണ്ണും നട്ടിരുന്നു.

   


വീടിന് മുകളിലത്തെ നിലയുടെ സ്റ്റെയർ കേസിൽ നിന്ന് ആരോ പടിയിറങ്ങി വരുന്ന ശബ്ദം കേട്ട് ശരണ്യ മുകളിലേക്ക് നോക്കി.അവളുടെ അപ്പൂപ്പൻ സുരേന്ദ്രൻ ആയിരുന്നു അത് .

അപ്പൂപ്പാ ശരണ്യ ചിരിച്ചു.എന്നാൽ അയാൾ അവളെ ശ്രദ്ധിക്കാതെ പടികളിറങ്ങി അടുക്കളയിലേക്ക് പോകൂകയാണ് ഉണ്ടായത്.

ആരൊക്കെയാ വന്നിരിക്കുന്നത് ...., ഇവറ്റകളുടെ ബന്ധങ്ങൾ രസകരമാണ്..., അപ്പൂപ്പൻ അമ്മൂമ്മയോട് സംസാരിക്കുന്നതിൻ്റെ പതിഞ്ഞ ശബ്ദം അടുക്കളയിൽ നിന്ന് വരുന്നത് ശരണ്യക്ക് കേൾക്കാമായിരുന്നു.

എങ്ങിനെയുണ്ട് ?, കമല ദേവി ചോദിച്ചു.

കൊള്ളാം!!,  അപ്പൂപ്പൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് ശരണ്യയെ എത്തി നോക്കി പറഞ്ഞു.

ശരണ്യക്ക് ഇതെല്ലാം വളരെ വിചിത്രമായി തോന്നി.നമുക്ക് പോകാമെന്നെ ശരണ്യ അസ്വസ്ഥയായി പത്രം വായിക്കുന്ന വിനയനോട് പറഞ്ഞു . നീ അവിടിരിക്ക് ശരണ്യേ. 




....വരൂ അത്താഴം കഴിക്കാം അമ്മൂമ്മ തീൻ മേശയിലേക്ക് രണ്ട് പ്ലേറ്റ് എടുത്ത് വെച്ച് വിനയനെയും ശരണ്യയെയും ഭക്ഷണം കഴിക്കുവാൻ ക്ഷണിച്ചു.ശരണ്യയുടെ അപ്പൂപ്പൻ എന്തൊക്കെയോ വിഭവങ്ങൾ തീൻ മേശയിലേക്ക് എടുത്ത് വെച്ച് അടുത്തുള്ള കസേരയിൽ ശരണ്യയെ തുറിച്ച് നോക്കി ഇരിപ്പുറപ്പിച്ചു.ശരണ്യ നീരസം ഒന്നും പ്രകടിപ്പിക്കാതെ ഭർത്താവിന് ഒപ്പം വാഷ്  ബേസിനിൽ കൈ കഴുകി തീൻ മേശക്ക് അടുത്തേക്ക് നടന്നു.

ഇരിക്ക് കുട്ടികളെ,  നിങ്ങൾ നോൺ വെജ് കഴിക്കുമല്ലോ അല്ലെ....?,  കമല ദേവി പ്ലേറ്റിലേക്ക് ഇറച്ചി കറി വിളമ്പി. 

അല്ല അപ്പൂപ്പൻ കഴിക്കുന്നില്ലേ?,  ശരണ്യ കസേരയിലേക്ക് ഇരുന്നു. 

നിങ്ങൾ കഴിക്ക് അപ്പൂപ്പൻ തൻ്റെ കയ്യിലെ ഉണങ്ങിയ വ്രണങ്ങൾ ചൊറിഞ്ഞു. 

അപ്പൂപ്പന് കുക്കിംഗ് ആണ് ഇഷ്ടം കമല ദേവി ഭർത്താവിനെ തോണ്ടി വിലക്കി.



വിനയനും ശരണ്യയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അപ്പൂപ്പൻ അവരെ മാറി മാറി നോക്കി കൊണ്ടിരുന്നു. 

നിങ്ങൾക്ക് നാളെ പോയാൽ പോരെ?,  നേരം ഇരുട്ടിയല്ലോ....,  കമല ദേവി ചോദിച്ചു.

അയ്യോ അത് പറ്റില്ല ... ശരണ്യ പറഞ്ഞു.

നിങ്ങളുടെ ഇഷ്ടം . നിങ്ങൾ ഇവിടെ താമസിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല അപ്പൂപ്പൻ ചിരിച്ചു.

വീട്ടിൽ പറഞ്ഞില്ല, ഞങ്ങൾ വേഗം വരാമെന്ന് പറഞ്ഞാണ് പോന്നത് , അത്താഴം അസ്സലായി!,  ഒരു പ്രത്യേക രുചിയും മണവും!!...,  വിനയൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കമല ദേവിയോട് സന്തോഷത്തോടെ പറഞ്ഞു.



വാഷ് ബേസിനിൽ കൈ കഴുകുന്നതിന് ഇടയിൽ വിനയൻ്റെ നോട്ടം ജനാലയിലൂടെ വീടിൻ്റെ വർക്ക് ഏരിയയിലേക്ക് പോയി.അവിടെ കുറെ ബാഗുകളും ചെരിപ്പുകളും വസ്ത്രങ്ങളും കൂട്ടിയിട്ടിട്ടുണ്ടായിരുന്നു അതൊക്കെ ആരുടേത് ആണെന്ന് അവൻ അതിശയിച്ചു.അതൊക്കെ അപ്പൂപ്പൻ്റെയാ മോനെ,  വിനയൻ്റെ മനസ്സ് അറിഞ്ഞ വണ്ണം കമല ദേവി പറഞ്ഞു.

എനിക്ക് എന്തോ നല്ല മയക്കം തോന്നുന്നു വിനയൻ തലയിൽ കൈ വെച്ച്  ,       വേച്ച് വേച്ച് കസേരയുടെ അടുത്തേക്ക് നടന്നു.

എന്ത് പറ്റി ചേട്ടാ?, തീൻ മേശയിലേക്ക്  മയങ്ങി വീണ അവനെ ശരണ്യ എഴുന്നേറ്റ് നിന്ന് തട്ടി വിളിച്ചു.

യാത്രയുടെ ആകും,  മോള് മുഴുവൻ കഴിക്ക് കമല ദേവി നിന്ന് ചിരിച്ചു.

എനിക്ക് മതി അച്ഛമ്മേ,  ശരണ്യ കൈ കഴുകാൻ വാഷ് ബസിന് അടുത്തേക്ക് നടന്നു . 

പകുതിയെത്തിയപ്പോൾ അവളും മയങ്ങി തറയിലേക്ക് വീണു.



നാം രണ്ട് നമുക്ക് രണ്ട് , ആ കൊടും കാട്ടിൽ മൂട്ട കടി കൊണ്ട് കിടക്കുന്നതിലും നല്ലത് അല്ലെ , ഇവറ്റകളുടെ ശരീരത്തിൽ കയറി ജീവിക്കുന്നത്,  അപ്പൂപ്പൻ അമ്മൂമ്മയെ നോക്കി ചിരിച്ചു.

പെണ്ണിൻ്റെ ബോഡി എനിക്ക്,  പയ്യൻ്റെ നീ എടുത്തോ,  അപ്പൂപ്പൻ കസേരയിൽ നിന്ന് എഴുന്നേറ്റ് വ്രണം വന്ന് പൊട്ടി തുടങ്ങിയ ശരീരം കുപ്പായം പോലെ തല വഴിക്ക് ഊരി കയ്യിലെടുത്ത് തറയിലേക്ക് എറിഞ്ഞു.അതിനകത്ത് വിരൂപമായ  ഉടലും തലയും കുറുകിയ കൈകളും കാലുകളും ഉള്ള ഒരു കുള്ളൻ ജീവിയായിരുന്നു, അത് ചെറു പാദങ്ങൾ വെച്ച് തറയിൽ മയങ്ങി കിടന്നിരുന്ന ശരണ്യക്ക് അടുത്തേക്ക് നടക്കുമ്പോൾ.അമ്മൂമ്മയും അവരുടെ തൊലി ഊരി മാറ്റുന്ന തിരക്കിലായിരുന്നു.കിർ... കിർ  ...കിർ അപ്പൂപ്പൻ ശരണ്യയുടെ ശരീരം മോഷ്ടിക്കുന്ന രംഗം കണ്ട് അമ്മൂമ്മ ചിരിയമർത്തി.

               
                            < അവസാനിച്ചു >