Aksharathalukal

സഹായം ചോദിച്ച പെൺകുട്ടി : 6






അലക്സാണ്ടറിൻ്റെ ക്യാബിന് അകത്തെ ക്ലോക്കിൽ സമയം രാവിലെ 9 മണി.

എന്താടോ, കലേഷിൻ്റെ മുഖത്തെ പരിഭ്രമം കണ്ട് സി ഐ അലക്സാണ്ടർ ഉദ്വേഗത്തോടെ ചോദിച്ചു.

സാർ... സാറിത് വിശ്വസിക്കില്ല ,  ജെയ്സനെയും അലക്സാണ്ടറെയും അത്ഭുതത്തോടെ മാറി മാറി നോക്കി കലേഷ് പറഞ്ഞു.

എന്താണെങ്കിലും,  ഒന്ന് പറഞ്ഞ് തുലക്കടോ! അലക്സാണ്ടർ അക്ഷമനായി.

പൂജയുടെ മൃതദേഹം കൊണ്ട് പോയ ആംബുലൻസ് ആക്സിഡൻറിൽ പെട്ടു സാർ , ജെയ്സൺ പറഞ്ഞ അതേ വളവിൽ വെച്ച്, നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ വണ്ടി വള്ളിപ്പടർപ്പിൽ കുരുങ്ങിയത് കൊണ്ട് മാത്രം  ആർക്കും ഒന്നും പറ്റിയില്ല.

.എന്നിട്ട്... അലക്സാണ്ടർ ചുണ്ടിൽ വിരൽ അമർത്തി ചോദിച്ചു.

രക്ഷാ ശ്രമത്തിന് ഇടയിൽ കൊക്കയിലെ പാറ മടക്കിൽ നിന്ന് മറ്റൊരു ബോഡി കൂടെ  കിട്ടി ചാക്കിൽ കെട്ടിയ നിലയിൽ!! . 

ആരുടെ ?!  , അലക്സാണ്ടർ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.

സാർ പൂജയുടെ 8 വയസ്സുള്ള അനിയത്തി എന്നാണ് ആദ്യ വിവരം,  അവളുടെ കയ്യിൽ പൂജയുടെ പേര് പച്ച കുത്തിയിട്ടുണ്ട്. 

അപ്പോൾ ഇതൊരു ഡബിൾ മർഡർ കേസായി അലക്സാണ്ടർ നെടുവീർപ്പിട്ടു . 

നോ സർ, അവൾക്ക് ജീവനുണ്ട് !!, അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്.

എന്ത്?!!,  അലക്സാണ്ടർ വായ പൊളിച്ചു പോയി.

അവൾക്ക് ഒന്നും പറ്റിയിട്ടില്ല,  അല്ലെ സർ... ജെയ്സൺ സന്തോഷത്തോടെ ചോദിച്ചു.ജെയ്സൺ തൻ്റെ കണ്ണുകൾ കൈ കൊണ്ട് തുടച്ചു.

കലേഷ് അവനെ നോക്കി പുഞ്ചിരിച്ചു.

സാർ പൂജയുടെ അനിയത്തിയുടെ ഫ്രോക്കിൽ കുടുങ്ങിയ നിലയിൽ ഒരു  ബ്രേസ്‌ലെറ്റ് കിട്ടിയിട്ടുണ്ട് ,  സി ഐ യുടെ ഫോണിലേക്ക് ഷെയർ ചെയ്തിരുന്ന പടം കലേഷ് അലക്സാണ്ടറെ കാണിച്ചു. 

സാർ ദാമുവേട്ടൻ്റെ ഇടത്തെ കയ്യിൽ ഒരു ബ്രേസ്‌ലെറ്റ് ഉണ്ടായിരുന്നു സാർ അതിൽ അയാളുടെ പേര് എഴുതിയിട്ടുണ്ട്. .ഇന്ന് രാവിലെ  അയാളെ കണ്ടപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു....,  അത് അയാളുടെ കൈത്തണ്ടയിൽ ഉണ്ടായിരുന്നില്ല !!ജെയ്സൺ പതുക്കെ പറഞ്ഞു. 

ദാമുവേട്ടനോ ? ആരെന്ന മട്ടിൽ അലക്സാണ്ടർ  ജെയ്സണെ നോക്കി.

ദാമോദരൻ സർ,  ഞാൻ അയാളുടെ ഒപ്പം എടുത്ത എല്ലാ സെൽഫികളിലും ബ്രേസ്‌ലെറ്റ് അയാളുടെ കൈത്തണ്ടയിൽ ഉണ്ട് അതാണ് എനിക്ക് നല്ല ഓർമ്മ. ജെയ്സൺ 

ഇതാണോ ആ  ബ്രേസ്‌ലെറ്റ്?   കലേഷിൻ്റെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി അലക്സാണ്ടർ ജെയ്സണെ കാണിച്ചു.

അതേ സർ , ഇത് തന്നെയാണ് സാർ . ജെയ്സൺ

മിടുക്കൻ .  അലക്സാണ്ടർ

തികച്ചും അവിശ്വസനീയമായ ഒന്നാണ് ആംബുലൻസ് ഡ്രൈവർക്ക് പറയാൻ ഉണ്ടായിരുന്നത് സർ. കലേഷിൻ്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

എന്താണത്? , അലക്സാണ്ടർ ചോദിച്ചു. 

  ആംബുലൻസ് ഡ്രൈവർ പറയുന്നത് പൂജയുടെ മൃതദേഹം ആ വളവിൽ എത്തിയപ്പോൾ ആംബുലൻസിന് അകത്ത് എഴുന്നേറ്റ് ഇരുന്നെന്ന്!! അത് കണ്ട് ഭയന്നാണ് അയാൾക്ക് വണ്ടിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതും,  ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞതും.   കലേഷ്

ഇനിയിപ്പോൾ ഒരു പ്രേത കഥ കൂടി വിശ്വസിക്കാതിരിക്കുന്നത് മണ്ടത്തരമായിരിക്കും അല്ലെ കലേഷ്... അലക്സാണ്ടർ ചിരിച്ചു.

അതേ സർ, മൊത്തം ഒരു പ്രേത മയം.

അങ്ങിനെ ഇവനും അവളുടെ പ്രേതവും കൂടെ അനിയത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചു, ഇനി വേറെ എന്തെങ്കിലും ബാക്കി ഉണ്ടോടാ?!, അലക്സാണ്ടർ ചിരിച്ചു കൊണ്ട് ജെയ്സണോട് ചോദിച്ചു.

അവൻ ചിരിച്ചു.

ജെയ്സൺ പുറത്തേക്കിരി ..., രാജുവിനോട് നിൻ്റെ ദാമുവേട്ടനെ ഇങ്ങോട്ട് കൊണ്ട് വരാൻ പറ,  അലക്സാണ്ടർ പുഞ്ചിരിച്ചു കൊണ്ട് തൻ്റെ ബലിഷ്ഠമായ കരങ്ങൾ നിവർത്തി കുടഞ്ഞു.

ജെയ്സൺ സന്തോഷത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റ് ക്യാബിന് പുറത്തേക്ക് നടക്കുമ്പോൾ,  ഒരു കൊലപാതക കേസ് തെളിഞ്ഞതിൻ്റെ ആഹ്ലാദം സി  ഐ അലക്സാണ്ടറുടെ മുഖത്ത് ഉണ്ടായിരുന്നു.




ദാമോദരൻ ഒരു വിജയിയുടെ ഭാവത്തോടെ സി ഐ അലക്സാണ്ടറിൻ്റെ ക്യാബിന് അകത്തെ കസേരയിൽ ചാരി ഇരുന്നു.കോൺസ്റ്റബിൾ രാജു മൊബൈലിൽ കളിച്ചു കൊണ്ട് അയാളുടെ പുറകിൽ നിന്നിരുന്നു.

അവൾക്ക് എങ്ങിനെയുണ്ട് ക്യാബിൻ്റെ  ഡോർ തുറന്ന് അകത്തേക്ക് വന്ന  അലക്സാണ്ടർ പുറകിൽ നടന്നിരുന്ന കലേഷിനോട് ചോദിച്ചു.

ചെറിയ പരിക്കും ഒടിവും ഉള്ളതൊഴിച്ച് കുട്ടി സ്റ്റേബിൾ ആണ് സർ. കലേഷ്

രാജു കളി നിർത്തി മൊബൈൽ പോക്കറ്റിലേക്ക് ഇട്ട് സല്യൂട്ട് അടിച്ചു. ദാമോദരൻ  അലക്സാണ്ടറിനെ നോക്കി ഒരു ചിരി പാസാക്കി. 

ദാമുവേട്ടാ,  ഇനിയും നീ നുണ പറയുകയാണെങ്കിൽ ....നിൻ്റെ ഓരോ നുണക്കും സാറിൻ്റെ കയ്യിലുള്ള സാധനം മറുപടി തരും,  കലേഷിൻ്റെ കയ്യിലുള്ള ഉലക്കയിലേക്ക് വിരൽ ചൂണ്ടി അലക്സാണ്ടർ ഗൗരവത്തിൽ പറഞ്ഞു.

ദാമോദരൻ തിരിഞ്ഞു നോക്കി, ഉലക്കയും പിടിച്ച് നിൽക്കുന്ന കലേഷിനെ കണ്ടപ്പോൾ അയാളുടെ പാതി ജീവനും പോയി. 

അപ്പോ തുടങ്ങുവല്ലേ? അലക്സാണ്ടർ ദാമോദരന് മുന്നിലെ കസേരയിലേക്ക് ചാരിയിരുന്നു.

തൻ്റെ അടവ് നടക്കില്ലെന്ന് ദാമോദരന് ഏകദേശം ബോധ്യമായിരുന്നു.

ഞങ്ങൾക്ക് എല്ലാം അറിയാം....,  നിൻ്റെ വായിൽ നിന്ന് കേൾക്കണം...,  അത്രേയുള്ളൂ സി ഐ അലക്സാണ്ടർ തൻ്റെ സർവീസ് റിവോൾവർ അരയിലെ കവർ തുറന്ന് കയ്യിൽ എടുത്ത് പിടിച്ചു.

ദാമോദരൻ്റെ തൊണ്ടയിൽ നിന്ന് ഉമിനീർ ഇറങ്ങാതായി. 

പറയടാ നീയെന്തിനാ പൂജയുടെ അനിയത്തിയെ കൊന്നത്?!,  അലക്സാണ്ടർ ക്ഷുഭിതനായി തൊക്ക് അവന് നേരെ ചൂണ്ടി.

സ...സർ അതൊരു അബദ്ധം .

നീ വേറൊരു അബദ്ധം കൂടെ കാണിച്ചു തൻ്റെ കയ്യിൽ ഉണ്ടായിരുന്ന ദാമോദരൻ്റെ ബ്രേസ്‌ലെറ്റ് അലക്സാണ്ടർ ഉയർത്തിക്കാട്ടി.

ദാമോദരൻ്റെ മുഖം വിളറി വെളുത്തു.ഞാൻ ... ഞാൻ എല്ലാം പറയാം, സാർ ദാമോദരന് നിൽക്ക കള്ളിയില്ലാതായി.

എനിക്ക് എന്തോ പൂജയോട് ഒരു ആകർഷണം തോന്നി സാർ അതാണ് ഞാൻ അവൾക്ക് ഡിപ്പോയിൽ ജോലി കൊടുത്തതും,  എൻ്റെ ഭാര്യ അറിയാതെ എൻ്റെ ഒഴിഞ്ഞു കിടന്ന ഒരു വീട് അവൾക്ക് താമസിക്കാൻ കൊടുത്തതും..ഇന്നലെ വൈകുന്നേരം പൂജ ജോലി കഴിഞ്ഞ് പോകാൻ നേരം ഞാൻ അവളോട് കുറച്ച് കണക്കുകൾ നോക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഡിപ്പോയിൽ പിടിച്ച് നിർത്തി.അവൾക്ക് സംശയം ഒന്നും തോന്നിയില്ല . സന്ധ്യ ആകുമ്പോൾ എനിക്ക് ഡിപ്പോക്ക് അകത്ത് തന്നെയുള്ള സ്വകാര്യ മുറിയിൽ ഇരുന്ന് മദ്യപിക്കുന്ന സ്വഭാവമുണ്ട്. 7 മണിയോട് അടുത്ത് പൂജ എൻ്റെ മുറിയിലേക്ക് വന്നു.ജോലിയൊന്നും ഇല്ലെങ്കിൽ അവൾക്ക് പോകണമെന്ന് പറഞ്ഞ്.മദ്യത്തിൻ്റെ ലഹരിയിൽ ഞാൻ അവളെ കേറിപ്പിടിച്ചു.അവൾ ഒച്ച വെക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ വായ പൊത്തിപ്പിടിച്ച് തല ചുവരിൽ ഇടിച്ചു.   ......മദ്യത്തിൻ്റെ കെട്ട് വിട്ടപ്പോഴാണ് ഞാൻ ചെയ്ത കുറ്റത്തിൻ്റെ വ്യാപ്തി ഞാൻ മനസ്സിലാക്കിയത്. പൂജ നിലത്ത് മരിച്ചു കിടന്നിരുന്നു അവളുടെ തലക്ക് പുറകിൽ നിന്നും ചോര ഒഴുകി കൊണ്ടിരുന്നു.ഞാൻ വേഗം പോയി ഡിപ്പൊക്ക് അകത്ത് നിന്ന് ഒഴിഞ്ഞ ഒരു ചാക്ക് സംഘടിപ്പിച്ചു. മുറിയിൽ എത്തിയപ്പോഴേക്കും കറൻ്റ് പോയി.ഇരുട്ടത്ത് നിന്ന് കൊണ്ട് തന്നെ ഞാൻ അവളെ ചാക്കിന് അകത്താക്കി.ചാക്ക് കൊക്കയിൽ കൊണ്ട് പോയി തള്ളാൻ ആയിരുന്നു എൻ്റെ പ്ലാൻ.

അപ്പോഴാണ് അവളുടെ അനിയത്തി അവിടേക്ക് വരുന്നത് അല്ലെ?,  അലക്സാണ്ടർ ചോദിച്ചു. 

അതെ സാർ ..., പൂജക്ക് ഒരു അനിയത്തി ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു സാർ.ഞാൻ പൂജയെ ചാക്കിൽ കയറ്റി കൊണ്ടിരിക്കുമ്പോൾ മുറിക്ക് പുറത്ത് നിന്ന് വിളി കേട്ടു. അവളുടെ അനിയത്തി ചേച്ചിയെ കാണാതെ തിരക്കി വന്നതായിരുന്നു . കാലക്കേടിന് അവൾ ഇരുട്ടത്ത് തപ്പി തടഞ്ഞ് എൻ്റെ മുറിക്ക് അകത്ത്   എത്തിയതും കറൻ്റ് വന്നു.ഞാൻ അവളുടെ ചേച്ചിയെ ചാക്കിലാക്കി കെട്ടുന്നത് കണ്ട് അവളുടെ അനിയത്തി ബഹളം വെച്ചു. എനിക്ക് വേറെ വഴിയില്ലായിരുന്നു ,  ഞാൻ അവളെയും... ദാമോദരൻ പറഞ്ഞു നിർത്തി. 

നീ അവളെയും കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിലാക്കി അതിനിടയിൽ നിൻ്റെ കയ്യിലെ   ബ്രേസ്‌ലെറ്റ്   അവളുടെ ഫ്രോക്കിൽ കുരുങ്ങി അലക്സാണ്ടർ ദീർഘമായി നിശ്വസിച്ചു.

അതേ, രാത്രി 10 മണിയോടെ ഞാൻ രണ്ട് ചാക്കും ജീപ്പിൽ കയറ്റി കൊക്കക്ക് അടുത്ത് എത്തിച്ച് ജീപ്പിൽ ഇരുന്ന് തന്നെ തള്ളിയിട്ടു.

ഇരുട്ട് ആയത് കൊണ്ട് ഒരു ചാക്ക് വളവിൽ തന്നെ കിടന്നത് നീ അറിഞ്ഞില്ല, പക്ഷെ നിനക്ക് അറിയാത്ത വേറെ ഒന്ന് കൂടെ കുറച്ച് മുമ്പ് നടന്നു അലക്സാണ്ടർ പറഞ്ഞു.

ദാമോദരൻ സംശയത്തോടെ അലക്സാണ്ടറെ നോക്കി.

നീ കഴുത്ത് ഞെരിച്ചു കൊന്ന അവളുടെ അനിയത്തി ജീവനോടെയുണ്ട്!!, അലക്സാണ്ടർ കസേരയിൽ നിന്ന് എഴുന്നേറ്റു.

ദാമോദരൻ ഞെട്ടിത്തരിച്ചു.

അവളെ പോറ്റാൻ വേണ്ടി ആയിരുന്നെടാ,  നിന്നെ പോലൊരു ദുഷ്ടൻ്റെ അടുത്ത് അവൾ ജോലിക്ക് വന്നിരുന്നത്, അരിശം മൂത്ത അലക്സാണ്ടറുടെ  കാലിലെ ബൂട്ട് ദാമോദരൻ്റെ നെഞ്ചത്ത് പതിച്ചു. 

അയാൾ വലിയ ശബ്ദത്തോടെ കസേരയുടെ ഒപ്പം തറയിലേക്ക് വീണു.

എനിക്ക് തെറ്റ് പറ്റിപ്പോയി സർ... തല്ലല്ലേ സാർ ..., ദാമോദരൻ തറയിൽ കിടന്ന് തൊഴുത് കൊണ്ട് കേണപേക്ഷിച്ചു. 

വേണ്ട സാർ,  അവൻ ചത്ത് പോകും...,  വീണ്ടും  ചവിട്ടാൻ ഓങ്ങിയ അലക്സാണ്ടറെ കലേഷ് തടഞ്ഞു.

കലേഷും രാജുവും കൂടെ ദാമോദരനെ നിലത്ത് നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.

ഇവനെയങ്ങ് കൊന്നാലോ?!, കലി തീരാതെ അലക്സാണ്ടർ പല്ലിറൂമ്മി .

അയാൾ മേശക്ക് അടുത്തേക്ക് ചെന്ന് മേശപ്പുറത്ത് ഇരുന്നിരുന്ന ഗ്ലാസിലെ  അവശേഷിച്ച വെള്ളം വായിലേക്ക് കമിഴ്ത്തി,  അലക്സാണ്ടർ തൻ്റെ ഓഫീസ് ചെയറിൽ കിതച്ച് കൊണ്ട് ഇരിപ്പുറപ്പിച്ചു..

ഇവനെ മജിസ്ട്രേറ്റിൻ്റെ മുൻപിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിക്കോ കലേഷ്,  ബാക്കി പ്രോസീജറുകൾ അതിൻ്റെ മുറക്ക് നടക്കട്ടെ. മുരടനക്കി അലക്സാണ്ടർ പറഞ്ഞു. 

കലേഷ്  ദാമോദരനെ കൊണ്ട് പൊക്കൊള്ളാൻ രാജുവിനോട് ആംഗ്യം കാണിച്ചു. 

അലക്സാണ്ടറുടെ ചവിട്ടിൻ്റെ വേദനയിൽ കൈ തൊഴുത് നിന്നിരുന്ന ദാമോദരനെ പിടിച്ച് വലിച്ച് കോൺസ്റ്റബിൾ രാജു ക്യാബിന് പുറത്തേക്ക് നടന്നു. 

ജെയ്സൺ പൊക്കോട്ടെ അല്ലെ സാർ?,  കലേഷ് ചോദിച്ചു. 

താൻ അവനെ ഇങ്ങോട്ട് വിളിക്ക് വാഷ് ബേസിന് അടുത്തേക്ക് മുഖം കഴുകാനായി നടക്കുമ്പോൾ, അലക്സാണ്ടർ പറഞ്ഞു.



ജെയ്സൺ പഠിക്കുകയാണോ? അലക്സാണ്ടർ ഓഫീസ് ചെയറിൽ ഇരുന്ന് തൻ്റെ ഭാര്യയെ ഫോണിൽ വിളിച്ചു കൊണ്ട് ചോദിച്ചു.

അതേ സാർ ഡിഗ്രി ഫൈനൽ ഇയർ ജെയ്സൺ കസേരയിൽ ഇളകിയിരുന്നു.

സാർ  പൂജയുടെ അനിയത്തി... . 

ഷീ ഈസ് പെർഫെക്ട്‌ലി ആൾറൈറ്റ് ജെയ്സൺ ഫോൺ ചെവിയിൽ വെച്ച് കൊണ്ട് അലക്സാണ്ടർ പറഞ്ഞു.

സർ അവളുടെ പേര്?. ജെയ്സൺ 

അവളുടെ പേര്... ലൂസി, അലക്സാണ്ടർ ചിരിച്ചു. 

എൻ്റെ അനിയത്തിയുടെ പേര് ... ജെയ്സൺ പുഞ്ചിരിച്ചു.

what a big coincidence!! , jaison അലക്സാണ്ടർ വെളുക്കനെ ചിരിച്ചു. ആ ഹലോ... എന്നാ ജെയ്സൺ പൊക്കൊള്ളൂ... ബി ഗുഡ് ജെയ്സൺ,  അലക്സാണ്ടർ പുഞ്ചിരിച്ച് തലയാട്ടി.

വളരെ ഉപകാരം സർ , ജെയ്സൺ അലക്സാണ്ടറിനോട് നന്ദി പറഞ്ഞ് ക്യാബിന് പുറത്തേക്ക് നടന്നു . 

നേരത്തെ വരും എന്നല്ലേടി പറഞ്ഞത്, അതേ വരും ഉറപ്പ് അലക്സാണ്ടർ ഫോണിലൂടെ ഉറക്കെ തൻ്റെ ഭാര്യയോട് പറഞ്ഞു .



ജെയ്സൺ ജീപ്പുമെടുത്ത്  വണ്ടന്മേട് പോലീസ് സ്റ്റേഷന് മുന്നിലൂടെ വേഗത്തിൽ ഓടിച്ചു പോകുമ്പോൾ  വൈകുന്നേരമായിരുന്നു.  ജീപ്പ് ഡ്രൈവ് ചെയ്യുമ്പോൾ ജെയ്സൻ്റെ മനസ്സിൽ മുഴുവൻ അവൻ തൻ്റെ പെങ്ങളോട് പറയാൻ പോകുന്ന കഥയായിരുന്നു, അവളുടെ ചേട്ടൻ മറ്റൊരു ലൂസിയുടെ ജീവൻ രക്ഷിച്ച വിചിത്രവും അവിശ്വസനീയവുമായ കഥ. ജെയ്സൻ്റെ പെങ്ങൾ അത് വിശ്വസിക്കുമോ?.   വിശ്വസിക്കുമായിരിക്കും...,  അല്ലേ.... .

                            < അവസാനിച്ചു >