"വാമി...."
കാശി ചിന്തയിലാണ്ടിരുന്ന മിച്ചുവിന്റെ തോളിൽ കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്.
അവളുടെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നവന്റെ മുഖത്തേക്ക് നീണ്ടതും അവൾ ദേഷ്യത്തോടെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു.
"ഞാൻ സിമ്പതി പിടിച്ചു പറ്റാനായി കള്ളം പറയുന്നതാണെന്ന് തോന്നുന്നുണ്ടോ...
ഞാൻ ആരോട് കള്ളം പറഞ്ഞാലും നിന്നോട് കള്ളം പറയില്ല എന്ന് നിനക്കറിയാവുന്നതല്ലേ...."
അവൻ അത്രമേൽ ആർദ്രമായി അവളോട് ചോദിച്ചു.
"വേ... വേണ്ട...
എന്നോട് ഒന്നും പറയണ്ട...
കള്ളുകുടിയൻ...
ബോധമില്ലാതെ കള്ളുകുടിച്ചിട്ടല്ലേ അന്ന് അങ്ങനെയൊക്കെ സംഭവിച്ചത്..
വേണ്ട നീ എന്നോട് മിണ്ടണ്ട."
എന്തൊക്കെയോ പറഞ്ഞുകൊണ്ട് തന്റെ വയറിൽ അമർന്നിരിക്കുന്ന അവന്റെ കൈകൾ മാറ്റാൻ ശ്രമിക്കുന്ന മിച്ചുവിനെ കണ്ടവന് വാത്സല്യമാണ് തോന്നിയത്...
"എന്നെ തള്ളി മാറ്റിയിട്ട് എങ്ങോട്ടാ എന്റെ വാമി നീ പോകുന്നത്....
ഇല്ലെടീ... ഞാനിപ്പോ കുടിക്കാറില്ല.
ഇങ്ങനെയൊരു സംഭവം വിനീതയിൽ നിന്ന് അറിഞ്ഞതിനുശേഷം...
കുടിച്ചത് കൊണ്ടാണല്ലോ അങ്ങനെയൊക്കെ സംഭവിച്ചത്...
അതുകൊണ്ട് സത്യമായിട്ടും...
എന്റെ വാമി സത്യമായിട്ടും ഞാൻ ഒരു തുള്ളി പോലും അതിനു ശേഷം കുടിച്ചിട്ടില്ല...
ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഇപ്പോൾ കുഴപ്പമില്ല.."
അവൻ ഉറപ്പോടെ മിച്ചുവിന്റെ തലയിൽ തൊട്ട് സത്യം ചെയ്തു.
മിച്ചുവാണേൽ അവനെ ഒന്ന് നോക്കി പെട്ടെന്ന് മുഖം തിരിച്ചു.
"തെറ്റിദ്ധാരണ ഒക്കെ മാറിയില്ലേ വാമി...
ഒരുപാട് നാളുകൾക്കു ശേഷം എന്റെ മനസ്സിലുള്ളതെല്ലാം നിന്നോടിപ്പോ പറഞ്ഞപ്പൊഴാ എനിക്കും ആശ്വാസമായത്.
ഇനിയെന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചിരിക്കുന്നത്...
ഒന്ന് ചിരിക്കെടീ...
നല്ലൊരു ദിവസമായിട്ട് ഇങ്ങനെ മുഖം വീർപ്പിച്ചു വയ്ക്കാതെ..."
അവൻ ചിരിയോടെ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
"ഞാൻ ഉറങ്ങാൻ പോവുക..."
അവന്റെ കൊഞ്ചിക്കൽ കണ്ട് ചിരി വന്നെങ്കിലും കപട ഗൗരവത്തോടെ അവനെ നോക്കി താടിയിലിരിക്കുന്ന അവന്റെ കൈ തട്ടിയെറിഞ്ഞ് മിച്ചു തിരിഞ്ഞു കിടന്നു.
"ആഹ്ഹ...
അതെന്നാ കിടപ്പാ വാമി...
ഇവിടെ ഒരുത്തൻ മലപോലെ കിടക്കുന്നത് കണ്ടില്ലേ...
ഞാനിവിടെ മസിലൊക്കെ ഉരുട്ടി കയറ്റി വച്ചിരിക്കുന്നത് തന്നെ എന്റെ വാമിക്ക് വിശാലമായിട്ട് എന്റെ നെഞ്ചിൽ കിടക്കാൻ വേണ്ടിയല്ലേ...
അങ്ങനെയുള്ളപ്പോൾ നീ ഇങ്ങനെ കിടന്നാലോ....
ഇങ്ങോട്ട് വന്നേ ...
എന്റെ നെഞ്ചിൽ കിടന്നാൽ മതി..."
അതും പറഞ്ഞ് കാശി തന്നെ മിച്ചുവിനെ അവന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി.
ബെഡിൽ ഇറങ്ങിക്കിടന്നാൽ അവൻ വീണ്ടും തന്നെ അവന്റെ നെഞ്ചിൽ കയറ്റി കിടത്തുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ മിച്ചു അവളിലെ അങ്ങനെ ഒരു ചിന്ത മുളയിലെ തന്നെ നുള്ളി വിട്ടു.
അവന്റെ നെഞ്ചിൽ തല വെച്ച് ഒരു കൈ അവന്റെ വയറിലും വെച്ച് അവനെ കെട്ടിപ്പിടിച്ച് അവന്റെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോ നോക്കി കിടക്കുന്ന വാമിയെ നോക്കിക്കൊണ്ട് കാശി ബെഡിനോട് ചേർന്നുള്ള സ്വിച്ചിൽ കൈ അമർത്തി ലൈറ്റ് ഓഫ് ചെയ്തു, ഒപ്പം ബെഡ് ലാമ്പ് ഓൺ ചെയ്തു...
മുറിയിലാകെ നിറഞ്ഞുനിന്ന വെളിച്ചം അപ്രത്യക്ഷമായി അവിടെ ബെഡ് ലാമ്പിന്റെ വെളിച്ചം മാത്രം തെളിഞ്ഞതും അവന്റെ നെഞ്ചിൽ കിടക്കുകയായിരുന്ന മിച്ചു അവനെ മുഖമുയർത്തി നോക്കി...
ബെഡ് ലാമ്പ് ഓൺ ചെയ്ത് മുഖം തിരിച്ച കാശിയും കാണുന്നത് തന്റെ മുഖത്തേക്ക് നോക്കുന്ന മിച്ചുവിനെയാണ്.
"എന്താടി നിനക്ക് ലൈറ്റ് വേണ്ടേ..
എങ്കിൽ ഓഫ് ചെയ്തേക്കാം..."
അവൻ ചോദിക്കുന്നതിനോടൊപ്പം തന്നെ അവന്റെ കൈകൾ ലാമ്പിന് നേരെ നീണ്ടു.
"വേണം..."
അവന്റെ കൈകളുടെ ദിശ മനസ്സിലാക്കിക്കൊണ്ട് അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
"ഹ്മ്മ്...
എങ്കിൽ ഉറങ്ങാൻ നോക്ക്..."
അവൻ അതും പറഞ് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ac അഡ്ജസ്റ്റ് ചെയ്ത് വച്ചവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
അവളും കണ്ണുകളടച്ചങ്ങനെ കിടന്നു.
❤️❤️
കുറച്ചുനേരം കൂടി കടന്നു പോയതും,
"അയ്യോ..."
പെട്ടെന്നവൾ എന്തോ ഓർത്തത് പോലെ അവന്‍റെ നെഞ്ചിൽ നിന്ന് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
കാശിയും പെട്ടെന്നുള്ള അവളുടെ നിലവിളിയിൽ
കൈയ്യെത്തിച്ച് റൂമിൽ ലൈറ്റ് തെളിയിച്ച് അവളോടൊപ്പം ബെഡിൽ എഴുന്നേറ്റിരുന്നു.
"എ.. എന്താടി...."
അവൻ ടെൻഷനോടെ അവളോട് ചോദിക്കുന്നുണ്ട്.
അവളുടെ മുഖത്ത് ആണെങ്കിൽ കള്ളം ചെയ്ത കുട്ടിയെ പോലെ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മുഖഭാവവും.
"ദേ...വാമി എന്തെങ്കിലും ഉണ്ടെങ്കിൽ പറ...
എന്താ വയ്യേ...
നീ എന്തിനാ നിലവിളിച്ചത്...."
അവൻ ടെൻഷനോടെ അവളുടെ തോളിൽ പിടിച്ചു കുലുക്കി.
"അ...അത്..
സോറി....."
ശാരദാന്റി പാല് തന്നു വിട്ടിരുന്നു..
അത് കുടിക്കാൻ മറന്നു.
സോറി ഞാൻ പെട്ടെന്ന്..
അതോർത്തപ്പോൾ അറിയാതെ....
അത്....
കുറച്ചു വോളിയം കൂടിപ്പോയി..."
അവൾ വിരലുകൾ കൂട്ടി തിരുമ്മിക്കൊണ്ട് വളരെ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു.
"എന്റെ പൊന്നു വാമി നിന്റെ അയ്യോ വിളി കേട്ടപ്പോൾ ഞാൻ വിചാരിച്ചു...
വേറെ എന്തോ വലിയ പ്രശ്നമാണെന്ന്...
എന്തായാലും ചടങ്ങ് ഒന്നും തെറ്റിക്കണ്ട....
എവിടെയാ പാല്..."
അവളെ നോക്കി ചിരിയോടെ പറയുന്നതിനോടൊപ്പം തന്നെ അവന്റെ കണ്ണുകൾ പാൽ ഗ്ലാസിനായി ചുറ്റുംപരതി.
മിച്ചു പാൽ ഗ്ലാസിന് നേരെ കൈ ചൂണ്ടുന്നതിനു മുന്നേ കാശി ബെഡിനോട് ചേർന്നുള്ള കുഞ്ഞി ടേബിളിൽ അടച്ചു വച്ചിരുന്ന പാൽ ഗ്ലാസ്സ് കൈയിലേക്ക് എടുത്തു..
"ഇതാ..
കുടിക്ക്.."
അവൻ പാൽ ഗ്ലാസിലേക്ക് ഒന്ന് നോക്കിയ ശേഷം ഒരു കൈ മിച്ചുവിന്റെ ഒരു തോളിൽ വച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പാൽ ഗ്ലാസ് മുട്ടിച്ചു.
"ഞാനല്ലല്ലോ ആദ്യം കുടിക്കേണ്ടത്..."
കാശി ഗ്ലാസ് പിടിച്ചിരിക്കുന്ന കൈക്ക് മുകളിൽ തന്റെ കരമമർത്തിക്കൊണ്ടവൾ സംശയത്തോടെ ചോദിച്ചു.
"അതൊക്കെ പണ്ടത്തെ ആൾക്കാർ ഫോളോ ചെയ്തിരുന്ന കാര്യങ്ങൾ അല്ലേ...
നീ ഇത് കുടിക്കാൻ നോക്ക്...."
അവൻ വീണ്ടും അവളുടെ ചുണ്ടിൽ പാൽ ഗ്ലാസ് മുട്ടിച്ചു.
ഇനി താൻ അവനെ എത്ര നിർബന്ധിച്ചാലും അവൻ ആദ്യം കുടിക്കില്ല എന്ന് മനസ്സിലാക്കി മിച്ചു തന്നെ ആദ്യമേ പാൽ കുടിച്ചു..
അവൾ പാല് കുറച്ചു കുടിച്ച് ബാക്കി കുടിക്കാനായി അവനെ കണ്ണുകൊണ്ട് കാണിച്ചതും അവനും ചിരിയോടെ ബാക്കി പാല് കുടിച്ചു.
"ഇനി ചടങ്ങ് ഒന്നുമില്ലല്ലോ....
അപ്പോൾ നമുക്കിനി ഫസ്റ്റ് night ആഘോഷിച്ചാലോ..."
കുടിച്ചു കഴിഞ്ഞ് പാൽ ഗ്ലാസ് ടേബിളിലേക്ക് വച്ച് മിച്ചുവിന് നേരെ തിരിഞ്ഞുകൊണ്ട് കുസൃതി ചിരിയോടെയവൻ ചോദിച്ചതും അവൾ ഞെട്ടി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി.
"ഞാൻ വെറുതെ പറഞ്ഞതാ എന്റെ വാമി...
ഇപ്പോ അങ്ങനെ ഒന്നിന് നീ ഓക്കെ അല്ല എന്ന് എനിക്ക് നന്നായി അറിയാം...
ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല...
നമുക്ക് ജീവിച്ചു തുടങ്ങാമെന്നേ....
സമയം മുന്നോട്ട് ഒരുപാട് കിടക്കുവല്ലേ...
നിനക്ക് എപ്പോ തോന്നുന്നുവോ അന്ന് മതിയടി...
പക്ഷേ അത് അധികം വൈകിപ്പിക്കരുത് എന്ന് മാത്രം..."
അതും പറഞ്ഞ് മിച്ചുവിന്റെ നെറുകയിൽ കാശി അമർത്തി ചുംബിച്ചു.
അവന്റെ ആ വാക്കുകൾ കുറച്ചൊന്നുമല്ല അവൾക്ക് ആശ്വാസം നൽകിയത്.
✨✨
കാശിയുടെ നെഞ്ചിൽ തലവച്ച് ഉറങ്ങുമ്പോൾ അവളിലെ
സന്തോഷത്തിനതിരില്ലായിരുന്നു.
തങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറിയതിലും
തന്റെ പ്രണയത്തെ തന്നെ തന്റെ പാതിയുടെ സ്ഥാനത്ത് തനിക്ക് ലഭിച്ചതിലുമുള്ള സന്തോഷത്തിന്റെ സൂചകമായി മിച്ചുവിന്റെ ചുണ്ടിൽ ഉറക്കത്തിൽ വിരിഞ്ഞ പുഞ്ചിരിക്ക് പോലും പ്രത്യേക ശോഭ ഉണ്ടായിരുന്നു.
🤍 ✨✨✨ 🤍
"പിറ്റേന്ന് രാവിലെ ഉച്ചയോടെ അടുപ്പിച്ച് എല്ലാവരും തിരിച്ചു പോയി.
ആ വലിയ വീട്ടിൽ കാശിയും മിച്ചുവും മാത്രം ഒറ്റയ്ക്കായി."
" വാമി നീ പോയി സാധനങ്ങൾ ഒക്കെ വാങ്ങിക്കേണ്ട ലിസ്റ്റ് നേരത്തെ എഴുതിയില്ലേ അത് എടുത്തിട്ട് വാ....
മുൻപ് ഞാൻ മാത്രമായിരുന്നല്ലോ ഇവിടെ...
അതുകൊണ്ട് വപ്പുംകുടിയുമൊക്കെ പുറത്തു തന്നെയായിരുന്നു...
ഇനി അങ്ങനെ പറ്റില്ലല്ലോ...
നിനക്കൊരു സഹായത്തിനു വേണ്ടിയാ ത്രസ്യ ചേച്ചിയെ കൂടെ ജോലിക്ക് നിർത്തിയത്....
വെറുതെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന മിച്ചുവിന്റെ അടുക്കൽ വന്നിരുന്നുകൊണ്ട് കാശി പറഞ്ഞതും മിച്ചു അവനെ തലചരിച്ചു നോക്കി.
"എന്താടി എന്താ ഇങ്ങനെ നോക്കുന്നേ..."
"നമുക്ക് രണ്ടുപേർക്കുള്ള ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കിയാൽ പോരേ...
എനിക്ക് അടുക്കളയിൽ കയറാൻ വേറെ ബുദ്ധിമുട്ടൊന്നുമില്ല..
അങ്ങനെയുള്ളപ്പോ എന്തിനാ വെറുതെ..."
"അത് കുഴപ്പമില്ല...
ഞാൻ പുറത്തെങ്ങാനും പോകുമ്പോൾ...
നീ ഇവിടെ ഈ വീട്ടിൽ ഒറ്റയ്ക്കായി പോവില്ലേ...
അവർ എന്തായാലും രാവിലെ വന്നു കഴിഞ്ഞാൽ വൈകിട്ടേ തിരിച്ചു പോകു.
അപ്പോൾ നിനക്കൊരു കൂട്ടും ആവും..
അതുകൊണ്ട് നിന്നോട്ടെന്നെ..."
അവൻ കാര്യമായി അവളുടെ മുഖത്ത് നോക്കി പറഞ്ഞതും..
അവൾ വെറുതെ ഒന്നു മൂളുക മാത്രം ചെയ്തു.
"വീടൊക്കെ ഇഷ്ടായോ വാമി..."
അവളുടെ അഭിപ്രായം അറിയാനായി അവളുടെ വിരലുകൾ കോർത്തുപിടിച്ചുകൊണ്ട് കാശി ചോദിച്ചു.
ഹ്മ്മ്...
അവൾ ചിരിയോടെ തല കുലുക്കി.
അങ്ങനെ വീണ്ടും അവർ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയെയും അനിയത്തിയെയും വീട്ടിൽ കൊണ്ടാക്കിയ ശേഷം അനു തിരിച്ച് കാശിയുടെ അടുത്തേക്ക് വരുന്നത്.
" അനു വന്നല്ലോ നീ പോയി ആ ലിസ്റ്റ് എടുത്തിട്ട് വാ...
അപ്പോഴേക്കും ഞാൻ പോയി സാധനങ്ങൾ വാങ്ങിയിട്ട് വരാം...."
അനുവിനെ കണ്ടതും മിച്ചുവിനോട് പറഞ്ഞുകൊണ്ട് കാശി ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തവൻ മുറ്റത്തേക്ക് ഇറങ്ങി.
കാശിയെ ഒന്ന് നോക്കിയ ശേഷം മിച്ചുവും അകത്തേക്ക് പോയി ആ ലിസ്റ്റ് എടുത്തിട്ട് വന്നവനെ ഏൽപ്പിച്ചു.
കുറച്ചുകഴിഞ്ഞതും അവൻ തന്നെ പോയി വീട്ടിൽ വേണ്ട സാധനങ്ങളൊക്കെ വാങ്ങി വന്നു.
പത്രങ്ങൾ ഉൾപ്പെടെ.
🌿🌿
അങ്ങനെ രാത്രിയിലത്തെ ഫുഡ് ഒക്കെ കഴിച്ച് സിറ്റൗട്ടിൽ മിച്ചുവിന്റെ മടിയിൽ കിടക്കുകയാണ് കാശി.
അവന്റെ മാതാപിതാക്കളെ കുറിച്ചും അവന്റെ കൂട്ടുകാരെക്കുറിചും മിച്ചുവിനെ പ്രണയിച്ചു നടന്ന നാളുകളെ കുറിച്ചുമൊക്കെ അവൻ വാതോരാതെ സംസാരിക്കുന്നതിനെല്ലാം മിച്ചുവും ചിരിയോടെ എന്തൊക്കെയോ പറയുന്നുണ്ട്.
അവൾക്കും അവനും ഇതൊക്കെ തീർത്തും പുതിയ അനുഭവങ്ങൾ ആണല്ലോ...
"വാമി..."
തന്റെ വയറിലായിരിക്കുന്ന മിച്ചുവിന്റെ കൈകൾ അമർത്തിപ്പിടിച്ചുകൊണ്ട് കാശി മിച്ചുവിന്റെ മുഖത്തേക്ക് നോക്കി.
"എന്താ ഇഷ്ടമാണെന്ന് എന്നോട് പറയാത്തത്.ഇന്നലെയും ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ...
നിനക്കെന്നെ ഇഷ്ടമാണെന്നറിയാം...
എന്നാലും....
അത് നിന്റെ വായിൽ നിന്ന് കേൾക്കാൻ കൊതിയാകുവാ "
കാശി കൊതിയോടെ അവളെ നോക്കി.
"സത്യമാണ്...
എനിക്ക് കാശി ഏട്ടനോട് ഇഷ്ടമാണ്.
കാശിയേട്ടൻ എന്നോട് ഇഷ്ടം പറയുന്നതിന് മുന്നേ എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു."
അവൾ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ആർദ്രമായി പറഞ്ഞു.
ഏഹ്...
കാശി ഞെട്ടി കൊണ്ട് അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റവളുടെ നേരെ തിരിഞ്ഞിരുന്നു.
"ഇളയച്ഛനെ പേടിച്ചാ ഞാൻ പറയാതിരുന്നത്..
അങ്ങനെ ഒരു ഇഷ്ടം എനിക്ക് ഉണ്ടെന്ന് അറിഞ്ഞു കഴിഞ്ഞാൽ എന്റെ പഠിപ്പ് പോലും നിർത്തി കളയും.
ഞാൻ കാരണം ഒരു പ്രശ്നം വേണ്ടെന്ന് തീരുമാനിച്ചത് കൊണ്ടാ കാശിയേട്ടൻ വന്നിഷ്ടമാണെന്ന് പറഞ്ഞപ്പോഴും..
ഉള്ളിലെ ഇഷ്ടം മറച്ചുവെച്ച് ഞാൻ ഒഴിഞ്ഞു മാറിയത്....
പക്ഷെ ഞാൻ വിനീതയോട് എല്ലാം പറഞ്ഞിട്ടുണ്ട്.
എനിക്ക് കാശിയേട്ടനെ വിധിച്ചിട്ടില്ല എന്ന്...
എനിക്ക് ഉറപ്പായിരുന്നു...
പക്ഷേ വിധി മറ്റൊന്നായിരുന്നു...
അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ കാശി ഏട്ടനോട് ചേർന്ന് ഇരിക്കുന്നത്...."
അവൾ നിറഞ്ഞു തുളുമ്പാൻ വെമ്പിനിൽക്കുന്ന അവളുടെ കണ്ണിനെ ഒന്ന് അമർത്തിത്തുടച്ച് അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയതും അവനവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഭ്രാന്തമായി ചുംബിച്ചു കഴിഞ്ഞിരുന്നു.
"നിയെന്നെ പ്രണയിക്കുന്നുവെന്ന വാക്ക് കേൾക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നറിയോ....
നെഞ്ച് പൊട്ടിപ്പോകുന്നത്രയും സന്തോഷം തോന്നുവാടി....
ഞാനിപ്പോൾ എന്താ ചെയ്യുക...."
അവന്റെ കലങ്ങിയ കണ്ണുകൾ ആവേശത്തോടെ അവളുടെ മുഖമാകെ ഓടി നടക്കുന്നുണ്ട്...
ഒടുവിൽ അവന്റെ കണ്ണുകൾ അവളുടെ ചൊടിയിൽ വിശ്രമം കൊണ്ടു.
അവളുടെ ചുണ്ടിലേക്ക് നോക്കി അവൻ ഒന്നു നിശ്വസിച്ചു.
"ഞ.. ഞാൻ...
ഇത് സ്വന്തമാക്കാൻ പോകുവാ...
എന്നെ തടയല്ലേ വാമി..."
അവളുടെ ചുണ്ടിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് കാശി വാമിയുടെ കണ്ണുകളിലേക്ക് നോക്കിയതും അവൾ സമ്മതം പോലെ അവനെ കണ്ണ് ചിമ്മി കാണിച്ചു.
ആ ഒരു സമ്മതം മതിയായിരുന്നു അവനവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങാൻ.
അവളുടെ ഇരുചുണ്ടുകളെയും മാറി മാറി നുണഞ്ഞ്...
അവളിലെ മധു ആവോളം നുണഞ്ഞുകൊണ്ടവൻ അവളുടെ നാവിനെ പോലും ചുഴറ്റി വലിച്ച്
അവളെ ചുംബിച്ചു തളർത്തി അവളിൽ നിന്ന് അകന്നു മാറുമ്പോൾ...
മിച്ചു നന്നായി തന്നെ കിതയ്ക്കുന്നുണ്ടായിരുന്നു.
അതുപോലെതന്നെ കാശിയും.
കാശി വാമിയെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചവളുടെ പുറം നന്നായി ഒഴിഞ്ഞു കൊടുക്കവേയാണ് അവളെ ചുംബിക്കുന്ന തിരക്കിൽ തന്റെ കൈകൾ അവളുടെ ശരീരത്തിൽ അലഞ്ഞതിന്റെ ഭാഗമായി തെന്നി മാറി കിടക്കുന്ന അവളുടെ സാരി അവന്റെ ശ്രദ്ധയിൽപ്പെടുന്നത്....
കിതപ്പടങ്ങിയതും കാശിയെ മുഖമുയർത്തി നോക്കിയ മിച്ചു കാണുന്ന കാഴ്ച തെന്നി മാറിയ അവളുടെ സാരിയുടെ വിടവിലൂടെ കാണുന്ന വയറിലേക്ക് നോക്കുന്ന കാശിയാണ്...
കാശിയേട്ടാ....
അവൾ കപട ഗൗരവത്തോടെ അവനെ വിളിച്ചു കൊണ്ട് സാരി നേരെയിട്ട്.
വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി ആ സിറ്റൗട്ടിൽ അവനോട് ചേർന്നിരുന്ന് അന്ധകാരത്തിൽ വിദൂരതയിലേക്ക് നോട്ടമെറിയുമ്പോൾ
രണ്ടുപേരുടെയും ചുണ്ടിൽ പ്രണയത്തിൽ ചാലിച്ച പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.
❤️❤️✨✨✨❤️❤️
കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി.
ഇടയ്ക്ക് പുറത്ത് എവിടെയോ വച്ച് മാധവനെയും ഗിരിജയെയും മിച്ചു കണ്ടിരുന്നു.
കാശിയുടെ സമ്പത്ത് എത്രമാത്രം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ വീണ്ടും ബന്ധുത്വം പുതുക്കാൻ സ്നേഹം നടിച്ച് ഗിരിജ മിച്ചുവിന്റെ അടുത്തിട പഴകാൻ ശ്രമിച്ചെങ്കിലും...
ഈ കാഴ്ച കണ്ടു കൊണ്ടു വന്ന അനുവിന്റെ വായിലിരിക്കുന്നത് മുഴുവൻ ഗിരിജയും മാധവനും കേൾക്കേണ്ടിവന്നു.
ഒപ്പം ഇനി മിച്ചുവിനെ കാണാൻ ശ്രമിച്ചാൽ കാശിയോട് പറഞ്ഞുകൊടുത്ത് നല്ല പണി വാങ്ങി തരുമെന്ന് ഭീഷണി കൂടി ആയതും..
പിന്നെ അവരുടെ ശല്യം മിച്ചുവിന് ഉണ്ടായിട്ടില്ല.
മിച്ചു ഇപ്പോൾ...
വീട്ടിൽ ചുമ്മാതിരിക്കുന്നുവെന്ന പരാതി പറഞ്ഞത് കൊണ്ട് അവളെയവൻ ഇടയ്ക്കിടയ്ക്ക് ഫിനാൻസിലെ കാര്യങ്ങൾ നോക്കാൻ അവളെ കൂടി കൊണ്ടു പോകും.
വീട്ടിലെ ഒറ്റയ്ക്കിരിപ്പിൽ നിന്ന് അവൾക്കതൊരു ആശ്വാസം തന്നെയായിരുന്നു.
വിനീതയും അവിടെത്തന്നെയാണ് വർക്ക് ചെയ്യുന്നത്.
അങ്ങനെ ഒരു ദിവസം തലവേദന കാരണം ഫിനാൻസിൽ നിന്ന് മിച്ചു ഉച്ചകഴിഞ്ഞതും ഇറങ്ങിയിരുന്നു.
പൊതുവേ അവൾ കാശിയോടൊപ്പം ആണ് വരുന്നതും പോകുന്നതും.
കാശിയില്ലെങ്കിൽ അനു കാണും.
ഇന്ന് രണ്ടുപേരും ഉണ്ടായിരുന്നില്ല.
രണ്ടുപേരും തടി മില്ലിൽ എന്തോ ആവശ്യത്തിനുവേണ്ടി പോയിരിക്കുകയാണ്..
കാശിയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട് തന്നെ...
കാശി വരുമെങ്കിൽ താൻ വീട്ടിലേക്ക് പോയിയെന്ന് പറയണമെന്ന് വിനീതയോട് പറഞ്ഞ ശേഷമാണ് അവൾ അവിടെ നിന്നിറങ്ങിയത്.
പെട്ടെന്നാണ് ആളൊഴിഞ്ഞ ഒരു റോഡിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്ന മിച്ചുവിന്റെ മുന്നിലായി ഒരു ജീപ്പ് വന്നു നിന്നത്...
പെട്ടെന്നുണ്ടായ നീക്കത്തിൽ മിച്ചു പേടിച്ച് രണ്ടടി പുറകിലേക്ക് വച്ചെങ്കിലും എന്താണ് സംഭവിച്ചത് എന്നറിയാനായി തല ഉയർത്തി നോക്കിയപ്പോഴാണ്
അവളുടെ കണ്ണുകൾ ആ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് പതിച്ചത്...
സാം....
ആ വ്യക്തിയെ തിരിച്ചറിഞ്ഞതുപോലെ അവൾ ദേഷ്യത്തോടെ ആ പേര് മൊഴിഞ്ഞു.
ഒപ്പം അവൻ അന്ന് തന്നെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളിലും ചെവിയിലേക്ക് തുളച്ചു കയറിയതും അവളിൽ ഭയം ഉടലെടുത്തു..
അവൾ അതേ പേടിയോടെ ചുറ്റും നോക്കി...
ഒന്ന് രക്ഷിക്കാൻ പോലും ആരും തന്നെ അവിടെയില്ല...
അവൾ പേടിയോടെ തിരിഞ്ഞ് സാമിനെ നോക്കിയപ്പോഴേക്കും അവൻ ജീപ്പിന്റെ കോ= ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു.
To be continued 🚶♀️🚶♀️🚶♀️
അപ്പോ എല്ലാവരും വായിച്ചു റിവ്യൂ ഇട്ടോ😘😘😘
ഉടനെ വരാട്ടോ😘😘😘
വായിക്കുന്നവർ ഫോളോ കൂടി ചെയ്തേക്കണേ😘😘😘