Aksharathalukal

ഈണമായ്‌ 5

കെവിന്റെ മനസ് വീണ്ടും പഴയ ഓർമയിലേക്ക് പോയി. അന്ന് താനും അപ്പയും റോയിയുടെ കാര്യം സംസാരിച്ചു കൊണ്ട് നിന്നപ്പോഴാണ് മറിയം കേറി വന്നത്.

അപ്പാ........... ദേഷ്യത്തോടെയുള്ള മറിയത്തിന്റെ വിളികേട്ട് കെവിനും അപ്പയും തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ ഒരു ഗ്ലാസ്സ് ജൂസും പിടിച്ച് ഉറഞ്ഞുതുള്ളി നിൽപ്പുണ്ടായിരുന്നു ഡാനിയേൽ മാത്തന്റെ കടക്കുട്ടി.

അപ്പയോടു നൂറ് തവണ പറഞ്ഞിട്ടുണ്ട് എന്നെ മറിയാമ്മേന്നു വിളിക്കരുതെന്ന്. എന്റെ പേര് കൈറ മറിയം എന്നാണ്. ഒന്നുകിൽ കൈറ അല്ലെങ്കിൽ മറിയം. ഇതൊരുമാതിരി അമ്മിച്ചിമാരെ കൂട്ട് മറിയാമ്മ. അവൾ അപ്പനെ നോക്കി എന്തോ വൃത്തികേട് കേട്ടപോലെ മുഖം ചുളിച്ചു.

എന്റെ പൊന്നുകൊച്ചേ നീ ഈ വലിച്ചു നീട്ടി പറഞ്ഞില്ലേ ഇപ്പൊ കൈറ മറിയമെന്ന് ഈ പേര് നിനക്ക് ഇട്ടതേ നിന്റെ അപ്പനാ അതായത് ഈ ഞാൻ. അത് എന്നാത്തിനാന്നാ മരിച്ചു പോയ എന്റെ അമ്മച്ചിയുടെ മറിയാമ്മാന്നുള്ള പേര് സ്നേഹത്തോടെ നിന്നെ വിളിക്കാൻ. നീ ഇനി എന്തൊക്കെ ഇവിടെ കാണിച്ചു കൂട്ടിയാലും എനിക്കു നീ എന്റെ മാറിയാമ്മയാടി പെങ്കൊച്ചേ. അയാൾ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു.

ഡാനിയേലിനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ മറിയം അപ്പയിൽ നിന്ന് മുഖവും വെട്ടിച്ചുമാറ്റി ജ്യൂസുമയി ഇതെല്ലാം കണ്ട് ചിരിയോടെ നിൽക്കുന്ന കെവിന്റടുക്കലേക്കു നടന്നു.

ഞാനിറങ്ങുവാ മറിയം. എനിക്കിനി ഒന്നും വേണ്ട അത് നീ തന്നെ കുടിച്ചോ. മറിയം നീട്ടിപ്പിടിച്ച ഗ്ലാസ്സിലേക്കു നോക്കി കെവിൻ പറഞ്ഞു.

ഓ വേണ്ടായേ. ഇത് മമ്മ പൊന്നുമോന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ജൂസാ. മമ്മ അവിടെ ഇരുന്നു മീൻ വെട്ടുവാ ഞാനെങ്ങാനും ഇത് കുടിച്ചെന്നറിഞ്ഞാൽ ആ കത്തിയെടുത്തു വീശും റെയ്‌ച്ചേലമ്മ
എന്റെ നേരെ. കെവിച്ചായൻ തന്നെ കുടിച്ചാ മതി. അവൾ ഗ്ലാസ്സ് നിർബന്ധിച്ചു കെവിന്റെ കയ്യിൽ തന്നെ പിടിപ്പിച്ചു കൊടുത്തു.

കയ്യിൽ പിടിച്ചിരുന്ന ബാഗ് വീണ്ടും കട്ടിലിലേക്ക് വച്ച് അവൻ അത് കുടിക്കാൻ തുടങ്ങി.

അപ്പ പറഞ്ഞ പയ്യനെ നിനക്ക് ഇഷ്ടപ്പെട്ടോടി. ഗ്ലാസിലുള്ള ഓറഞ്ച് ജ്യൂസ് പകുതി കുടിച്ചു ബാക്കി മറിയത്തെ തന്നെ ഏൽപ്പിച്ച് കെവിൻ തിരക്കി.

MBA ഒക്കെ കഴിഞ്ഞ് സ്വന്തം ബിസ്സിനെസ്സ് ഒനോക്കി നടത്തുന്ന ഒരു ഇടിവെട്ട് അച്ചായൻ. എന്നെ സഹിക്കാനുള്ള കപ്പാസിറ്റിയും പോറ്റാനുള്ള കഴിവും ഉണ്ടെന്നു കേട്ടു. പിന്നെ ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം. അവൾ രണ്ടുപേരെയും നോക്കി പുരികം പൊക്കി കൊണ്ട് കളിയോടെ ചോദിച്ചു.

തമാശ കളഞ്ഞിട്ട് കാര്യം പറ പെണ്ണെ? ഉടുത്തിരുന്ന സാരിയിൽ കൈ തുടച്ച് കൊണ്ട് റെയ്ച്ചലും അവരുടെ അടുത്തേക്ക് വന്നു മറിയത്തിന്റെ കൈക്കൊരു കുത്തുവച്ചുകൊടുത്തു.

എന്റെ അപ്പ എനിക്ക് വേണ്ടി കണ്ട് പിടിച്ചതല്ലേ അത് ഒരിക്കലും മോശമാകില്ല. റെയ്ച്ചല് കുത്തിയ കയ്യിലൊന്നു തടവി അവരെ നോക്കി ഒന്ന് ചുണ്ട് കോട്ടിയിട്ട് അവൾ ഡാനിയേലിനെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു.

എനിക്കു നൂറ് വട്ടം സമ്മതം. ഞാനിതു അപ്പയോടു നേരത്തെ പറഞ്ഞതല്ലേ അല്ലേ അപ്പാ. മറിയം അപ്പയുടെ തോളിലൂടെ കയ്യിട്ട് ചോദിച്ചു. ഡാനിയേലും ശെരിയാണെന്ന പോലെ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.

കെവിൻ ഓർമകളിൽ നിന്നുണരുമ്പോൾ എബിയും ജോയലും ഒഴികെ മറ്റുള്ളവരെല്ലാം ഇറങ്ങി പോയിരുന്നു.

എനിക്കവരെ വേണം എന്ത് വിലകൊടുത്തും എനിക്കവരെ വേണം. അറിയണം എനിക്ക്, തുറന്ന് പറയാതെ ഇത് പോലെ ചെയ്യാനും മാത്രം എന്ത് പ്രതിസന്ധിയായിരുന്നു അവർക്കെന്നു. ഇവരെല്ലാം പറയുന്നതുപോലെ ചങ്ക് പൊട്ടിയാണോ എന്റെ അപ്പ..... വാക്കുകൾ കെവിന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു.

എബി ഇന്ന് വൈകുന്നേരത്തിനു മുൻപ് എനിക്ക് വേണം പാർഥസാരഥിയുടെ ഫുൾ ഡീറ്റെയിൽസ്. എബി അനുസരണയോടെ തലകുലുക്കി

ജോ നമ്മുടെ ഇൻഫ്ലുൻസ് വച്ച് ഇപ്പൊ ഈ നിമിഷം മുതൽ അന്വേഷണം ആരംഭിക്കണം അവർക്ക് വേണ്ടി. പിന്നെ പോലീസിനെ ഇൻവോൾവ് ചെയ്യിക്കേണ്ട. കെവിൻ പറഞ്ഞപ്പോൾ തന്നെ ജോയൽ അവനെ അനുസരിച്ച് അപ്പോൾ തന്നെ ഫോണിൽ ആരെയോക്കെയോ വിളിച്ച് കൊണ്ട് തന്റെ ജോലി ആരംഭിച്ചിരുന്നു.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

മുറ്റത്ത് വരച്ചിരുന്ന പകുതി മാഞ്ഞ കോലത്തിൽ ചവിട്ടാതെ  നിവർത്തിപ്പിടിച്ചിരുന്ന കുടമടക്കി സിദ്ധി ഉള്ളിലേക്ക് കയറി.

കുട പിടിചിട്ടാണെങ്കിലും ഉരുകി ഒലിച്ചു പോകുന്ന തരത്തിലെ വെയിലത്തുള്ള നടത്തം അവളെ വല്ലാതെ വശംകെടുത്തിയിരുന്നു. വിയർത്ത് കുളിച്ചായിരുന്നു അവളുടെ വരവ് തന്നെ.

പുറത്താരോ വന്നെന്നറിഞ്ഞ സീത അടുക്കള വാതിലിനടുത്ത് വന്ന് എത്തിനോക്കി. സിദ്ധിയാണെന്ന് കണ്ടതും അവർ തിരിഞ്ഞു അകത്തേക്ക് നടന്നു.

സിദ്ധി പൊളിഞ്ഞു കിടക്കുന്ന സ്വിച്ച് ബോർഡിലെ സ്വിച്ച് അമർത്തി ഫാൻ ഇട്ട് കസേരയിൽ വന്നിരുന്നു. ഫാനിന്റെ കാറ്റു പോരാഞ്ഞ് ഇട്ടിരുന്ന ചുരിദാറിന്റെ ഷോള് കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പിക്കഴിഞ്ഞു അത് കൊണ്ടും അവൾ വീശാൻ തുടങ്ങി.

പുറത്തുള്ള വെയിലിന്റെ കാഠിന്യം അറിയാവുന്നതുകൊണ്ട് സീത ഒരു ഗ്ലാസ് സംഭാരവുമായാണ് തിരികെ സിദ്ധിയുടെ അടുത്തേക്ക്  വന്നത്.

ഇതാ... ഇത് അങ്ങ് കുടിക്ക് കുട്ടി എന്നിട്ട് പറയ് എന്തായി കാര്യങ്ങൾ? അവിടെ പോയി അന്വേഷിച്ചോ? പാർത്ഥന്റെ ഓഫീസിൽ ഉള്ളോര് എന്താ പറഞ്ഞെ? അവനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? കയ്യിലിരുന്ന സ്റ്റീൽ ഗ്ലാസ്സ് അവൾക്ക് കൊടുക്കുന്നതിനിടക്ക് സീത നിർത്താതെ അത്രയും ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു.

സിദ്ധിയാ സംഭാരം വാങ്ങി മടമടാ കുടിച്ചിറക്കി. രാവിലെ ഒരുഗ്ലാസ് ചായ കുടിച്ചിട്ടിറങ്ങിയതാണ്. മണി ഒന്നാകാറായി. ഇതുവരെ ഒരുതുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഒറ്റയ്ക്ക് പുറത്ത് നിന്നൊക്കെ വാങ്ങി കഴിക്കുകയും കുടിക്കുകയുമൊക്കെ ചെയ്ത് ശീലമില്ലാത്ത കാരണം ദാഹിച്ച് വലഞ്ഞിട്ടും വെള്ളം കുടിക്കാൻ പോലും ഒരിടത്തും തിരിഞ്ഞു നിൽക്കാതെ നേരെ ഇങ്ങു പോരുവായിരുന്നു. അവൾക്ക് നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു.

അത് മാമി ഏട്ടൻ... ഏട്ടൻ ഏതോ ഒരു പെൺകൊച്ചിനെയും കൊണ്ടാ പോയിരിക്കുന്നതെന്ന് . ഏതോ.... വലിയ വീട്ടിലെ ഒരു... ഒരു.... ക്രിസ്ത്യാനി പെങ്കൊച്ചാണെന്നൊക്കെയാ അവിടെയുള്ളവര് പറയുന്നെ.
അവിടെ പോയി അറിഞ്ഞ കാര്യം സീതയോടു പറയാൻ സിദ്ധിക്ക് ഒരു ബുദ്ധിമുട്ട് തോന്നി. എങ്കിലും കള്ളം പറഞ്ഞ് ശീലമില്ലാത്തതുകൊണ്ട് അവൾ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം തുറന്ന് പറഞ്ഞു.

മാമിയാണെങ്കിൽ വയസായ ചില യാഥാസ്ഥിതികരായ ആൾക്കാരെ പോലെയാണ്. ആൾക്ക് ഇപ്പോഴും ചില നിഷ്ടകളൊക്കെയുണ്ട്.

പ്രത്യേകിച്ച് തന്റെയും ഏട്ടന്റെയും അന്യമതക്കാരായ കൂട്ടുകാരെയൊന്നും മാമിക്കത്ര പിടുത്തംപോരാ. തങ്ങളെ തിരക്കി ആരെങ്കിലും ഇവിടേയ്ക്ക് വരുമ്പോൾ തന്നെ മാമി മുഖവും കയറ്റിപ്പിടിച്ചു അന്ന് മുഴുവൻ തനി മൂശേട്ട സ്വഭാവം കാട്ടും. അത് അറിവുള്ളത് കൊണ്ടുതന്നെ മാമിയുടെ പ്രതികരണം ഓർത്തു അവൾക്കൊരു ഭയം ഉണ്ടായിരുന്നു.

എന്റെ മഹാദേവ എന്തായി കേക്കണത്
നമ്മുടെ പാർഥനോ? അവര് നെഞ്ചിൽ കൈവച്ചു വിളിച്ച്കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.

ഈ അഗ്രഹാരത്തിലുള്ളൊരു അറിഞ്ഞാൽ എന്താകും സ്ഥിതി. പിന്നെ പുറത്തിറങ്ങി നടക്കാനൊക്കോ എന്റെ ദേവാ. സീത എന്തോ അപവാതം കേട്ടപോലെ ചെവി പൊത്തിപ്പിടിച്ചു കൊണ്ട് തല വിലങ്ങനെ ആട്ടികൊണ്ടിരുന്നു.

അവരൊക്കെ എങ്ങനെയാ അറിഞ്ഞത്. അവൻ അവരെ വിളിച്ചിരുന്നോ? ഇപ്പോൾ എവിടെയാ ഉള്ളത് അവൻ നീ അതൊന്നും ചോദിച്ചില്ലേ? ഇനി ആ നസ്രാണിപ്പെണ്ണിനേയും കൂട്ടി ഇങ്ങോട്ടേക്കു കേറി വരുവെങ്ങാനും ചെയ്യോ അവൻ? ഈ പടി കയറ്റില്ല ഞാൻ അവിടെ ഉണ്ടല്ലോ ഒരു വീട് നിങ്ങടെ അപ്പയുടെ അങ്ങോട്ടേക്ക് കൊണ്ട് പോകട്ടെ. സീതക്കു അവിടുള്ളവരുടെ മുന്നിൽ നാണം കെടുമോ എന്നുള്ള ഭയമായിരുന്നു കൂടുതലും.

എവിടാന്നൊന്നും ആർക്കും അറിയില്ല. ആ കുട്ടിയുടെ വീട്ടിൽ നിന്ന് ഓഫീസിൽ അന്വേഷിച്ച് ചെന്നിരുന്നുന്ന് ഹരിയേട്ടനാ പറഞ്ഞെ. അപ്പഴാത്രെ അവരൊക്കെ കാര്യങ്ങൾ അറിയുന്നത്. സിദ്ധി അതിനും മറുപടി കൊടുത്തു.

നിന്നെ കുറിച്ച് പോലും ഒന്നും ഓർക്കാതെ ഈ പാർഥനിത് എന്തൊക്കെയായി കാണിച്ചു കൂട്ടി വെച്ചേക്കുന്നത്. അതും ഒരന്യജാതിയിൽ പെട്ട പെണ്ണിനെ.....  അത് പറയുമ്പോൾ അവരുടെ മുഖം അറപ്പോടെ ചുളിയുന്നുണ്ടായിരുന്നു.

ഇവിടെ ആരെങ്കിലും ഇതറിയുവാണേൽ നമ്മളെക്കൂടെ ഇവിടെ ജീവിക്കാനനുവദിക്കില്ല മറ്റുള്ളോര്. എന്റെ മഹാ ദേവ. സീത വീണ്ടും
ഭയത്തോടെ  നെഞ്ചിൽ കൈ വച്ചു.

ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല മാമി. ഏട്ടന് അങ്ങനെ ആരോടും ഒരു ഇഷ്ടവുമില്ല. ഇതൊക്കെ എല്ലാവരും വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാതിരിക്കില്ല.
ഇത് ഏട്ടന് എന്തോ അപകടം പറ്റിയതാണെന്ന എനിക്ക് തോന്നണേ. ഇതൊക്കെ കേട്ട് എങ്ങനെ ഇവിടെ വരെ എത്തിയെന്ന് പോലും എനിക്കറിയില്ല. എന്റെ കയ്യും കാലും ഒക്കെ വിറക്കുവാ. പറയുന്നതിനൊപ്പം തന്നെ സിദ്ധി വിതുമ്പി കരയുകയും ചെയ്തു.

നീ ഇനി ഇവിടെ കിടന്ന് കരഞ്ഞു വിളിച്ചിട്ട് എന്താ കുട്ടി കാര്യം. എത്രയൊക്കെ എല്ലാം വന്ന് പറയും എന്ന് പറഞ്ഞാലും ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഒരു ഒളിയും മറയും കാണും ചിലർക്ക്. അതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടക്കാറില്ല ആരും. പ്രത്യേകിച്ച് അന്യജാതിയിൽപ്പെട്ട ഒരു പെണ്ണിനെ സ്നേഹിക്കുന്നതവൻ നിന്നോട് വന്നു പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? സീതയുടെ വാക്കുകളിൽ അപ്പോഴേക്കും ദേഷ്യം കൂടെ കലർന്നിരുന്നു.

എല്ലാരും പറയുന്നത് പോലെ വിശ്വസിക്കാൻ ബുദ്ധി പറയുന്നുണ്ടെങ്കിലും അവളുടെ മനസ്സ് അപ്പോഴും ഏട്ടൻ അങ്ങനെ ചെയ്യില്ല എന്ന് തന്നെ വിശ്വസിച്ചു. അതിനൊപ്പം തന്നെ അവന് എന്തോ അപകടം പറ്റിയെന്നുള്ള ഭയവും അവളെ കാർന്നു തിന്നുന്നുണ്ടായിരുന്നു.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

പാർത്ഥസാരഥി ആളൊരു പ്രൈവറ്റ് ന്യൂസ്‌ ചാനലിൽ വർക്ക് ചെയ്യുവാ. ഞാൻ ഓഫീസിൽ പോയി അന്വേഷിച്ചു എല്ലാർക്കും അവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ഓരോ വർക്കും ഫിനിഷ് ചെയ്യാൻ എന്ത് റിസ്‌ക്കും എടുത്ത് ഏതറ്റം വരെയും പോകുമെന്നൊക്കെ പറഞ്ഞ് അവിടുള്ളവന്മാര് അവനെ പറ്റി ഒടുക്കത്തെ ബിൽഡപ്പാ. പാർത്ഥസാരഥിയെ കുറിച്ച് ഓഫീസിൽ അന്വേഷിച്ചറിഞ്ഞ കാര്യം എബി കെവിനോട് പറഞ്ഞു.

മറിയവുമായിട്ട് അവനെങ്ങനെയാ  പരിചയം? കെവിൻ എബിയെ നോക്കി.

മറിയത്തിന്റെകൂടെ ഡിഗ്രിക്ക്  എന്തോ ഒരുമിച്ച് പഠിച്ചതാണെന്ന്. അവരുടെ കൂടെ പഠിച്ച ഫ്രണ്ട്സിനോടൊക്കെ ചോദിച്ചപ്പോൾ നമ്മൾ വിചാരിക്കുമ്പോലൊരു അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്നാണ് ഭയ്യാ അറിഞ്ഞത്. അവര് നല്ല ഫ്രണ്ട്‌സ് ആയിരുന്നുന്ന്.

ഇപ്പൊ ഉള്ള ഫ്രണ്ട്സിനോടോ അവരോട് തിരക്കിയോ നീ.  ഡിഗ്രി കഴിഞ്ഞിറങ്ങിയിട്ടാണ് അവര് തമ്മിൽ അങ്ങനൊരു ബന്ധം ഉള്ളതെങ്കിൽ  പഴയ ഫ്രണ്ട്സിനൊന്നും അതറിയാൻ വഴിയുണ്ടാകില്ല.ജോയൽ പറഞ്ഞു.

ആ വഴിക്കും ഞാൻ പോയി ജോ. ഇപ്പോഴും മറിയവും പാർത്ഥസാരഥിയും തമ്മിൽ കോൺടാക്ട് ഉണ്ടെന്നല്ലാതെ വേറൊന്നും അവർക്കും പറയാനില്ല. എബി ജോയലിനോട് മറുപടി പറഞ്ഞ്കൊണ്ട് കെവിനെ നോക്കി.

അപ്പയുടെ ആക്‌സിഡന്റ് നടന്ന അന്ന് മറിയം പോയിരുന്ന കൂട്ടുകാരിയുടെ വീട്ടിലും ഞാൻ പോയിരുന്നു. രാത്രി പത്തുമണി കഴിഞ്ഞപ്പോൾ എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞ് വെപ്രാളത്തിൽ മറിയം അവിടെന്നു ഒന്നും പറയാതെ ഇറങ്ങി പോയെന്നാ ആ പെൺ കൊച്ചു പറഞ്ഞത്. പിന്നെ അവൾ അറിയുന്നത് അപ്പയുടെ ആക്സിഡന്റ്റും മറിയത്തെ കാണാനില്ലെന്ന കാര്യവുമാണെന്ന്.

അവന്റെ ഫാമിലിയോ? കെവിൻ വീണ്ടും ചോദിച്ചു.

ഇവിടുന്നു ഒരു പത്ത് പതിനഞ്ചു കിലോമീറ്റർ മാറി ഒരു അഗ്രഹാരം ഉണ്ട് അവിടെയാണ് അവന്റെ താമസം. സ്വന്തം നാട് പാലക്കാടാണ്. അമ്മയും അച്ഛനും മരിച്ച ശേഷം ആകെയുള്ള സഹോദരിയെയും കൊണ്ട് ഇവിടെ  ഒരു ബന്ധുവിനൊപ്പമാണ് താമസം.

അവിടെയും ഈ നാട്ടിൽ അവൻ പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെയും ഞാനും അന്വേഷിച്ചിരുന്നു കെവി  എവിടെയും അവരില്ല. എബി പറഞ്ഞതിന്റെ ബാക്കി എന്നോണം ജോയലും പറഞ്ഞു.

ഒന്നും അങ്ങോട്ട്‌ ക്ലിയറാകുന്നില്ലല്ലോ ജോ? അവര് തമ്മിൽ അങ്ങനൊരു ബന്ധമില്ലെങ്കിൽ പിന്നെ അവനോടൊപ്പം അവളെങ്ങോട്ട് പോയി? എന്തിനു പോയി?
എല്ലാം കൂടെ ഓർത്തു കെവിൻ ഒരെത്തും പിടിയും ഇല്ലാതെ  നിന്നു. ഒരു വേള അപ്പയുടെ മരണത്തിൽ പോലും അവനെന്തൊക്കെയോ ദുരൂഹത തോന്നി. തുറന്ന് പറഞ്ഞില്ലെങ്കിലും എബിയുടെയും ജോയലിന്റെയും മനസിലും അത് തന്നെയായിരുന്നു.

കാത്തിരിക്കൂ 🌼🌼🌼🌼🌼

നിങ്ങൾക്ക് തോന്നിയിരുന്നോ ദുരൂഹത?

റിവ്യൂ വേണം🙏🙏🙏🙏🙏.


ഈണമായ്‌ 6

ഈണമായ്‌ 6

4.6
654

കെവി ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ ഇത് വേണോ? എനിക്കെന്തോ ഇത് ശെരിയായിട്ട് തോന്നുന്നില്ല. ആ കാറിനുള്ളിലെ ac യിലും ജോയലിനു വിയർക്കുന്ന പോലെ തോന്നി. അവൻ തന്റെ അടുത്തായി കണ്ണുകൾ അടച്ച് ചാരി കിടക്കുന്ന കെവിനെ ഒന്ന് നോക്കി. ആലോചിക്കാൻ ഒന്നുമില്ല ജൊ. തീരുമാനിച്ചത് ഈ കെവിൻ ഫെലിക്സ് ഡാനിയേൽ ആണെങ്കിൽ അത് നടന്നു കഴിഞ്ഞു എന്ന് നിനക്കറിയില്ലേ. അതിലിനി ഒരു മാറ്റവും ഇല്ല. കണ്ണുകൾ അടച്ച് തന്നെ അവൻ മറുപടി കൊടുത്തു. ഒരു ചിരിയോടെ കെവിന്റെ ശബ്ദം ആ കാറിനുള്ളിൽ പ്രതിധ്വനിച്ചു. എന്നാൽ ആ ചിരിക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അവന്റെ മനസിലെ വേദനയും അതേ അളവിൽ തന്നെ ജോയൽ തിരിച്ചറി