Aksharathalukal

ഈണമായ്‌ 6

കെവി ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ ഇത് വേണോ? എനിക്കെന്തോ ഇത് ശെരിയായിട്ട് തോന്നുന്നില്ല. ആ കാറിനുള്ളിലെ ac യിലും ജോയലിനു വിയർക്കുന്ന പോലെ തോന്നി. അവൻ തന്റെ അടുത്തായി കണ്ണുകൾ അടച്ച് ചാരി കിടക്കുന്ന കെവിനെ ഒന്ന് നോക്കി.

ആലോചിക്കാൻ ഒന്നുമില്ല ജൊ. തീരുമാനിച്ചത് ഈ കെവിൻ ഫെലിക്സ് ഡാനിയേൽ ആണെങ്കിൽ അത് നടന്നു കഴിഞ്ഞു എന്ന് നിനക്കറിയില്ലേ. അതിലിനി ഒരു മാറ്റവും ഇല്ല. കണ്ണുകൾ അടച്ച് തന്നെ അവൻ മറുപടി കൊടുത്തു.

ഒരു ചിരിയോടെ കെവിന്റെ ശബ്ദം ആ കാറിനുള്ളിൽ പ്രതിധ്വനിച്ചു. എന്നാൽ ആ ചിരിക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അവന്റെ മനസിലെ വേദനയും അതേ അളവിൽ തന്നെ ജോയൽ തിരിച്ചറിഞ്ഞു.

ഭയ്യാ....
സ്റ്റിയറിങ്ങിൽ കൈകൾ പിടിച്ചുകൊണ്ട് മുന്നിലെ മിററിലൂടെ കാണുന്ന കെവിന്റെ പ്രതിബിംബത്തിൽ നോക്കി എബി വിളിച്ചു.

എത്തിയോ?കണ്ണുകൾ തുറന്ന് തല കുറച്ചൊന്നുയർത്തി ഗൗരവം നിറഞ്ഞ കെവിന്റെ നോട്ടം മുന്നിലെ മിററിലൂടെ തന്നെ എബിയുടെ നേർക്ക് ചെന്നു.

എബി അതിനു മൂളിക്കൊണ്ട് തല കുലുക്കി ഫ്രണ്ട് ഗ്ലാസിലൂടെ മുന്നിലേക്ക്‌ ദൃഷ്ടിപായിച്ചു. ആ വരുന്ന റെഡ് കളർ ആണ് സിദ്ധി. അതിനൊപ്പം തന്നെ എബി അടയാളവും പറഞ്ഞു കൊടുത്തു.

കെവിൻ മുന്നിലെ ഗ്ലാസ്സിലൂടെ തന്നെ പുറത്തേക്കു നോക്കി. ഒരു ഇരുപതു ഇരുപത്തി ഒന്ന് വയസു തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടി.  റെഡ് കളർ പാവാടക്കും ബ്ലൗസിനും മുകളിൽ  കരിനീല നിറത്തിലുള്ള ഒരു ദാവണി ഷോൾ ചുറ്റിയിരിക്കുന്നു.

വലം കയ്യിൽ വാഴയില ചീന്തിൽ നിറഞ്ഞിരിക്കുന്ന കൂവളം... അത് താഴെ വീഴാതെ സൂക്ഷിച്ചു പിടിച്ചാണ് നടക്കുന്നത്. ഇടം കൈകൊണ്ട് നടക്കാൻ എളുപ്പത്തിന് പാവാട ഒന്നുയർത്തി പിടിച്ചിട്ടുണ്ട്.

അവൾ അമ്പലത്തിന്റെ പടവുകൾ ഓരോന്നായി കയറി പോകുന്നത് മാറ്റിയിട്ടിരിക്കുന്ന കാറിൽ ഇരുന്ന് കെവിൻ നോക്കി കണ്ടു.

കെവിൻ എനിക്കെന്തോ ഈ വഴി ശെരിയായി തോന്നുന്നില്ല. ഒന്നും അറിയാത്തൊരു പെൺകുട്ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് വേറെ വഴി നോക്കാം. ജോയൽ വീണ്ടും കെവിനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു.

ഞാൻ ഇത് പെട്ടന്ന് എടുത്ത തീരുമാനം അല്ല ജൊ.വളരെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. നാലഞ്ച് മാസമായില്ലേ അവരെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് എന്തെങ്കിലും വിവരം കിട്ടിയോ ഇല്ലല്ലോ. ഇവളെ അന്വേഷിച്ചു അവൻ വരാതിരിക്കില്ല.  എനിക്കറിയണം ജോ എന്റെ അപ്പയുടെ മരണം എങ്ങനെയാണ് നടന്നതെന്ന്.  നേരത്തെ പറഞ്ഞത് തന്നെയാണ് എനിക്ക് നിന്നോട് പറയാൻ ഉള്ളത്. ഞാൻ തീരുമാനിച്ചു കഴിഞ്ഞു ജോ എനിക്കിപ്പോ ഈ ഒരു വഴിയാണ് തോന്നുന്നത്. കെവിൻ  ജോയലിനെ നോക്കി അവനെ ഒന്ന് കൂടെ പറഞ്ഞു മനസിലാക്കി.

എബി മുന്നിലേക്ക്‌കയറ്റി നിർത്തിക്കോ. കെവിൻ എബിക്ക് നിർദേശം കൊടുത്തു.

ശെരി ഭയ്യാ. എബി ഉടൻ തന്നെ കാറ് മുന്നിലേക്കെടുത്തു.

കുറച്ച് സമയം കഴിഞ്ഞതും കെവിൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങി. നീല  ജീൻസിനു മുകളിൽ അവന്റെ ശരീരത്തോട് ചേർന്നു കിടക്കുന്ന   കറുത്ത ഷർട്ടിൽ അവന്റെ ഉറച്ച ശരീരം വ്യക്തമാകുന്നുണ്ടായിരുന്നു.

കോഫി ബ്രൗൺ കളർ കലർന്ന അവന്റെ ചുരുണ്ടു മുടിയിഴകൾ വീശിയടിച്ച കാറ്റിനൊത്തൊന്നുലഞ്ഞു.

കൈകൊണ്ടു മുടിയൊന്നു ഒതുക്കി അവൻ മുന്നിലേക്ക്‌ നടക്കുമ്പോൾ അമ്പലത്തിനു മുന്നിൽ നിന്ന ആളുകളും അമ്പലമുറ്റത്ത് ചെറിയ കടകൾ നടത്തുന്നവരും പടിക്കെട്ടിനു സൈഡിൽ പൂക്കട നടത്തുന്നവരുമടക്കം അവിടെ സ്ഥിരം കാണുന്ന പലരും മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ലാത്ത കെവിനെ നോക്കുന്നുണ്ടായിരുന്നു.

സിനിമ നടന്മാരെ വെല്ലുന്നരീതിയിൽ ഉള്ള സൗന്ദര്യവും ആറ്റിറ്റ്യൂടും സ്റ്റൈലും  ആറടി ഉയരത്തിൽ ഉള്ള അവന്റെ ഉറച്ച ശരീരവും എവിടെയും ശ്രെദ്ധയാകർഷിക്കുന്ന പോലെ തന്നെ ആ ഗ്രാമവാസികളെയും അതിശയിപ്പിക്കുന്നുണ്ടായിരുന്നു.

അമ്പലത്തിനു മുന്നിലെ പടിക്കെട്ടിനു സൈഡിലായി വന്നു കുനിഞ്ഞ് നിന്നു കാലിലെ ഷൂസ് അഴിച്ചു മാറ്റുമ്പോൾ അവന്റെ ഷർട്ടിനുള്ളിൽ നെഞ്ചോട്‌ ചേർന്ന് കിടന്ന കുരിശുമാല പുറത്തേക്കു വന്നൊന്ന് തൂങ്ങിയാടി.

നിവർന്നു നിന്ന് മല പിടിച്ചു ഷർട്ടിനകത്തിട്ടു.

കുനിഞ്ഞപ്പോൾ  അനുസരണ ഇല്ലാതെ മുന്നിലേക്ക്‌ വീണുകിടന്ന മുടി ഇരു കൈകൾ കൊണ്ട് പിന്നിലേക്ക് കോതിയൊതുക്കി.

സോക്സ് ധരിച്ച പാതങ്ങൾ കൊണ്ട് പടികൾ ചവിട്ടി മുന്നോട്ടു കയറുമ്പോൾ അവന്റെ കണ്ണുകൾ ആരെയോ തേടി അലയുന്നുണ്ടായിരുന്നു.

അകത്ത് കയറി ഒരു തൂണിൽ ചാരി കൈകൾ മാറിൽ പിണച്ചു കെട്ടി നിന്ന അവന്റെ കണ്ണുകൾ അമ്പലം വലം വച്ച് വരുന്ന പെൺകുട്ടിയിൽ ഉടക്കി നിന്നു. സിദ്ധി അവന്റെ ചുണ്ടുകൾ അവളുടെ പേരൊന്നു മന്ത്രിച്ചു.

ഒരു നിമിഷം വന്ന കാര്യം മറന്നു അവൻ അവളെ നോക്കി നിന്നു പോയ്‌. തറക്ക് നോവും എന്ന പോലെ പതിയെ അടിവച്ചു അടിവച്ചു വരുന്ന അവളുടെ കാലുകളിലേക്ക് അവന്റെ കണ്ണുകൾ എത്തി നിന്നു. ഇടയ്ക്കിടയ്ക്ക് കറുത്ത മുത്തോട് കൂടിയ നൂല് പോലുള്ള വെള്ളി കൊലുസ് ആ വെളുത്ത കാലുകൾക്ക് കൂടുതൽ ഭംഗി കൊടുക്കുന്നുണ്ട്. ഇപ്പോഴും നടക്കാൻ എളുപ്പത്തിന് ഒരു കൈകൊണ്ടു പാവാട തുമ്പ് അല്പം പൊക്കി പിടിച്ചിട്ടുണ്ട്. ഒരു കൈ നെഞ്ചിൽ ചേർത്തു വച്ച് നടക്കുന്നവളുടെ മുഖത്ത് ഭക്തി നിറഞ്ഞു നിൽക്കുന്നു. അവളുടെ ചെറിയ ചുമന്ന ചുണ്ടുകൾ പ്രാർഥനയോ മന്ത്രമോ എന്തോ ഉരുവിടുന്നുണ്ട്.

വലം വച്ച് വന്നവൾ പൂജാരി കൊടുത്ത തീർത്ഥം വാങ്ങി കുടിച്ചു കയ്യിലിരുന്ന അഞ്ച് രൂപത്തുട്ട് തട്ടത്തിലേക്കിട്ട് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരികെ ആയാളും ചിരിച്ചു കൊണ്ട് തലയാട്ടി.

പൂജാരി കൊടുത്ത പ്രസാദം വാങ്ങി പുരികത്തിനു നടുവിലായി തൊട്ടിരുന്ന കറുത്ത കുഞ്ഞ് പൊട്ടിനു മുകളിലായി നെറ്റിയിൽ ഒരു കുറിയും വരച്ചു. ഒന്നുകൂടെ കണ്ണടച്ചു പ്രാർത്ഥിച്ചു അവൾ പുറത്തേക്കു ഇറങ്ങുന്നവരെ കെവിൻ അവളെ കണ്ണ് ചിമ്മാതെ നോക്കി നിന്നു.

ഒരു വേള അവന്റെ മനസും ജോ പറഞ്ഞത് പോലെ ഒന്ന് പിറകോട്ടു വലിഞ്ഞു ഇത് വേണോ എന്ന പോലെ. അതിലും ശക്തിയിൽ അപ്പയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും അവൻ കണ്ണുകൾ മുറുക്കിയടച്ചുതുറന്നു.

സിദ്ധി നടന്ന് കെവിന്റെ അടുത്ത് കൂടെ പോയതും കെവിന്റെ വലതു കൈ അവളുടെ വലം കയ്യിൽ പിടുത്തമിട്ടു. അവളുടെ കയ്യിലിരുന്ന പ്രസാദം ഇരുന്ന വാഴയില താഴേക്കു വീണു. അവൾ ഒരു ഞെട്ടലോടെ തലയുയർത്തി അവനെ നോക്കുമ്പോഴേക്കും അവളുടെ കയ്യിൽ പിടി മുറുക്കി അവൻ മുന്നോട്ടു നടന്നിരുന്നു.

ഇതുവരെ കാണാത്ത ഇയാൾ എന്തിനാ തന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്നോർക്കുന്നതിനൊപ്പം അവൾ ഒന്ന് കുതറി കൊണ്ട് അവന്റെ കയ്യിൽ നിന്നു കൈ മോചിപ്പിക്കാൻ ഒരു ശ്രമം നടത്തി.

അവൻ കൂടുതൽ മുറുക്കി പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു അവന്റെ ശക്തിയിൽ ഒന്നെതിർക്കാൻ കഴിയാതെ അവളും.

അമ്പല  നടക്കു മുന്നിൽ അവളെ കൊണ്ട് വന്നു നിർത്തിയപ്പോൾ തിരിഞ്ഞു ഓടാൻ പോയവളെ  ഒരു കയ്യാൽ പിടിച്ചു നിർത്തി മറു കൈ കൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലിമാല വലിച്ചെടുത്തു. പകപ്പോടെ നോക്കി നിൽക്കുന്നവളുടെ കഴുത്തിൽ  അവൻ അത് ചേർത്തു വച്ചു. ഞെട്ടലും പേടിയും കൊണ്ട് ഒന്ന് ശബ്ദിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.

അവന്റെ കയ്യിലും നെഞ്ചിലും മാറി മാറി അടിച്ചു കൊണ്ട് അവൾ പ്രതിഷേധിച്ചു.
അതൊന്നും അവന്റെ രോമത്തിൽ പോലും കൊള്ളുന്നില്ലെന്ന പോലെ താലി കെട്ടി മുറുക്കിയ ശേഷം മാത്രം അവൻ അവളിൽ നിന്നു കയ്യെടുത്തു.

നിറഞ്ഞ മിഴികളോടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കുമ്പോൾ അവ നിറഞ്ഞൊഴുകിയിരുന്നു . ചുറ്റിനും നോക്കിയപ്പോൾ കണ്ണീരിൽ മങ്ങിയ കാഴ്ച്ചയിൽ അവൾ കണ്ടു തന്നെ അതിശയത്തിൽ നോക്കി അടക്കം പറയുന്ന പരിചയക്കാരെയും നാട്ടുകാരെയും പൂജാരിയെയുമൊക്കെ മുന്നിൽ അപ്പോഴും ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന അപരിചിതനായ വ്യക്തിയെ നോക്കി കണ്ണീരൊഴുക്കി കൊണ്ട് അവൾ തിരിഞ്ഞോടി. അവൾക്ക് ഒന്നലറിക്കരയാൻ തോന്നി.

പടിക്കെട്ടുകൾ ഓടി ഇറങ്ങുമ്പോൾ പലപ്പോഴും പാവാട തുമ്പിൽ തട്ടി അവൾ വീഴാനായി മുന്നോട്ടാഞ്ഞു.  കണ്ണിൽ വെള്ളം നിറഞ്ഞ് മുന്നോട്ടുള്ള വഴികൾ ഒന്നും വ്യക്തമല്ല എന്നിട്ടും നിൽക്കാതെ അവൾ മുന്നോട്ട് തന്നെ പാഞ്ഞു.

കാറിന് വെളിയിലിറങ്ങി നിന്നു കെവിന്റെ വരവും കാത്തു നിൽക്കുന്ന ജോയലും എബിനും കണ്ടു കരഞ്ഞു കൊണ്ട് ഓടിപ്പോകുന്ന സിദ്ധിയെയും ചലിക്കുന്ന അവളുടെ ശരീരത്തിനനുസരിച്ച് അവളുടെ നെഞ്ചിൽ തൂങ്ങിയാടുന്ന താലിയും.

തെളിനീരുപോലെ ഒരു പെൺകുട്ടി അമ്പലത്തിലേക്ക് കയറി പോയത് ഒരു നിമിഷം ജോയലിന്റെ മനസിൽ തെളിഞ്ഞു. അവളാണ് ഇപ്പോൾ കരഞ്ഞു കൊണ്ട് തന്റെ മുന്നിലൂടെ ഓടിപ്പോയതെന്നോർക്കേ ജോയലിനു അവളോട്‌ അലിവ് തോന്നി.
പക്ഷെ കെവിൻ കൂട്ടുകാരൻ മാത്രമല്ല സഹോദരനുമാണ് ഇന്നുവരെ അവൻ തെറ്റായൊന്നും ചെയ്തിട്ടില്ല. എല്ലാത്തിനും അവന്റെ കൂടെ മുന്നിൽ തന്നെ താനുണ്ടാകും. എന്തിന്റെ പേരിലാണെങ്കിലും ഇന്നവൻ ചെയ്തതിന് കൂട്ട് നിൽക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല.

എബിയുടെ കണ്ണുകളും ഓടി പോയ പെൺകുട്ടിയിലായിരുന്നു. അവനും  അവളോട്‌ പാവം തോന്നി. എന്നാൽ കെവിനോട് വെറുപ്പും തോന്നിയില്ല. എബിക്ക് കെവിന്റെ സൈഡിൽ നിന്ന് ചിന്തിക്കാനും അവനെ അനുസരിക്കാനുമായിരുന്നു താൽപ്പര്യം.

കാറിനടുത്തേക്ക് വരുന്ന കെവിനെ കണ്ടതും ഉടൻ തന്നെ എബി മനസിലെ ചിന്തകളൊക്കെ മാറ്റി നിർത്തി.

കെവി ആ കുട്ടി കരഞ്ഞുകൊണ്ട് അങ്ങോട്ടോടി പോയി. നീ ഇനി എന്താ ചെയ്യാൻ പോകുന്നത്. ജോയലിനോട് യഥാർത്ഥത്തിൽ ഇന്നത്തെ പ്ലാനിങ്ങിനെ കുറിച്ച് കെവിൻ ഒന്നും തന്നെ പറഞ്ഞിട്ടില്ലായിരുന്നു. അവൻ എതിർക്കും എന്നുള്ളത് കൊണ്ട് ഇവിടെ വന്നപ്പോഴാണ് ജോയലിനെ എല്ലാം അറിയിക്കുന്നത് തന്നെ ആ ഒരു ടെൻഷനും കാര്യങ്ങളും ജോയലിനു ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു ജൊ. ഇനി എന്താന്ന് നിനക്കറിയില്ലേ പെണ്ണിനെ കൂട്ടികൊണ്ട് പോകുക. നിസാരം പോലെയുള്ള കെവിന്റെ സംസാരത്തിൽ ജോയലിനു ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

നീ വണ്ടിയിൽ കയറു ജോ നമുക്ക് പോകുന്ന വഴി സംസാരിക്കാം. കെവിൻ ജോയലിനെ അനുനയിപ്പിക്കാൻ നോക്കി.

എനിക്ക് ഇത് അങ്ങോട്ട്‌ ഡൈജസ്റ്റാകുന്നില്ല കെവി. നീ ആ കുട്ടിയെ കല്യാണം കഴിച്ചിരിക്കുവാ അതും അവളുടെ സമ്മതമില്ലാതെ. ഇത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?
ജോയൽ കെവിനെ ചോദ്യം ചെയ്തു.

ഇതിലൊരു ശെരിയെ ഉള്ളു ജോ. ഏതു വഴിയിലൂടെയും എനിക്ക് എന്റെ അപ്പയുടെ മരണത്തെ കുറിച്ചറിയണം. പാർത്ഥസാരഥിക്കും മറിയത്തിനും അതിനുള്ള ഉത്തരം അറിയാമെന്ന് എന്റെ മനസ് പറയുന്നു. അവളുടെ സമ്മതമില്ലാതെ താലികെട്ടിയത് തെറ്റ് തന്നെയാ. എന്റെ ഈ തെറ്റ് അറിഞ്ഞാൽ ഞാൻ തേടി നടക്കുന്നവൻ എന്നെ തേടിവരും ഉറപ്പാ.

അപ്പൊ ആ പെൺകുട്ടിയുടെ ജീവിതം. അതോ? കെവി പറഞ്ഞു നിർത്തിയതും
ജോയൽ രോഷത്തോടെ തിരികെ ചോദിച്ചു.

ഉപേക്ഷിക്കില്ല ഞാൻ ഒരിക്കലും അവളെ. അത്രമാത്രേ എനിക്കിപ്പോ പറയാൻ കഴിയൂ. ജോയൽ തന്നെ മനസിലാക്കാൻ ശ്രെമിക്കുന്നില്ലെന്നു തോന്നി കെവിന്.

ഓഹോ നിന്റെ മഹാമനസ്കത. നിർബന്ധപൂർവ്വം താലി കെട്ടിയിട്ടു ഉപേക്ഷിക്കില്ലെന്ന്. ആ കുട്ടിയുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു വാല്യുവും ഇല്ലെന്നാണോ?
നിനക്കെന്താ കുഴപ്പം മിഡിൽ ക്ലാസ്സ് പെൺകുട്ടിയാണെങ്കിലും കാണാൻ കൊള്ളാല്ലോ അപ്പൊ കൂടെകൂട്ടാൻ മടിക്കണ്ടകാര്യമില്ലല്ലോ അല്ലേ.

ജോ.... നീ ഇതെന്തൊക്കെയാ ഈ പറയുന്നത്? തന്റെ യജമാനനെ പറഞ്ഞത് ഇഷ്ടപ്പെടാതെ എബി ജോയലിനു നേരെ ശബ്ദമുയർത്തി.

കെവി ഒരു ചിരിയോടെ ജോയലിനടുത്തേക്ക് നടന്ന് വന്ന് അവന്റെ തോളിൽ പിടിച്ചു.

ജോ നൂറ് ശതമാനം തെറ്റാണെന്നു അറിഞ്ഞുകൊണ്ടു തന്നെ ഞാൻ മൂന്ന് ദിവസം മുൻപേ പാർത്ഥസാരഥിയുടെ സഹോദരിയെ വിവാഹം ചെയ്യാൻ  തീരുമാനിച്ച് കഴിഞ്ഞതാണ്. കല്യാണം കഴിക്കാതെ അവളെ ഇവിടെനിന്നു കൂട്ടികൊണ്ട് പോകാനോ എനിക്കൊപ്പം നിർത്താനോ പറ്റില്ല.

അവളുടെ ജീവിതം എന്താകും എന്റെ ജീവിതം എന്താകും ഒരുമിച്ച് മുന്നോട്ടു പോകുമോ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമോ ഈ കാര്യങ്ങളൊന്നും ഒന്നും ഞാൻ ഇപ്പൊ ചിന്തിക്കുന്നില്ല. എന്റെ കൺമുന്നിൽ അപ്പ മാത്രേ ഉള്ളു.

പിന്നെ ഇന്നാണ് ആദ്യമായിട്ട് അവളെ ഞാൻ കാണുന്നത്. അവള് കാണാൻ വിരൂപ ആയിരുന്നെങ്കിലും കാലോ കയ്യോ കണ്ണോ കാതോ ഒന്നുമില്ലായിരുന്നെങ്കിലും എന്റെ അപ്പക്ക് വേണ്ടി ഞാൻ അവളെ കല്യാണം കഴിക്കുമായിരുന്നു. അവൾക്ക് താൽപ്പര്യമാണെങ്കിൽ ജീവിതകാലം മുഴുവൻ കൂടെ കൂട്ടുകയും ചെയ്യുമായിരുന്നു.

കെവിൻ പറഞ്ഞു നിർത്തിയതും ഒന്നും മിണ്ടാതെ ജോയൽ വണ്ടിയിലേക്ക് കയറി.

എബി വണ്ടിയെടുക്ക് അവളുടെ വീട്ടിലേക്ക്. കെവിന്റെ അജ്ഞക്ക് കാത്തിരുന്ന പോലെ രണ്ടുപേരും കയറിയതും എബി വണ്ടി മുന്നോട്ടെടുത്തു.

അതേസമയം അവിടെ നിന്ന് കരഞ്ഞുകൊണ്ടു പോയ സിദ്ധി കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരുപോലും തുടയ്ക്കാൻ കൂട്ടാക്കാതെ തണുത്ത കോൺക്രീറ്റ് പാകിയ ആഗ്രഹഹാര വീഥിയിലൂടെ ഓടുകയായിരുന്നു.  അവൾ ഭയം കൊണ്ട് വിറച്ചു അപമാനം കൊണ്ട് ഉരുകി.

അപ്പോഴും അവൻ അണിയിച്ച മഞ്ഞ ചരടിൽ കോർത്ത താലിമാല അവളുടെ ഉള്ളിൽ കേൾക്കുന്ന ഹൃദയമിടിപ്പിന് കൂട്ടായി അവളുടെ നെഞ്ചിൽ തന്നെ താളം കൊട്ടുന്നുണ്ടായിരുന്നു.

കാത്തിരിക്കൂ🌼🌼🌼🌼🌼🌼


ഈണമായ്‌ 7

ഈണമായ്‌ 7

5
269

അവിടെ നിന്ന് കരഞ്ഞുകൊണ്ടു പോയ സിദ്ധി കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരുപോലും തുടയ്ക്കാൻ കൂട്ടാക്കാതെ തണുത്ത കോൺക്രീറ്റ് പാകിയ ആഗ്രഹഹാര വീഥിയിലൂടെ ഓടുകയായിരുന്നു. അവൾ ഭയം കൊണ്ട് വിറച്ചു അപമാനം കൊണ്ട് ഉരുകി. അപ്പോഴും അവൻ അണിയിച്ച മഞ്ഞ ചരടിൽ കോർത്ത താലിമാല അവളുടെ ഉള്ളിൽ കേൾക്കുന്ന ഹൃദയമിടിപ്പിന് കൂട്ടായി അവളുടെ നെഞ്ചിൽ തന്നെ താളം കൊട്ടുന്നുണ്ടായിരുന്നു. രാവിലെ തന്റെ കയ്യാൽ പിറവികൊണ്ട അരിപ്പൊടി കോലത്തിന് പുറത്ത് ചവിട്ടി അവൾ പൂട്ടിയിട്ട വാതിലിൽ ചെന്നിടിച്ചു നിന്നു. കുറച്ച് മുന്നേ താൻ തന്നെ പൂട്ടിയിട്ട് പോയതാണെന്ന് ഓർക്കാതെ അത് തള്ളി തുറക്കാൻ അവൾ ഒര