Aksharathalukal

ഈണമായ്‌ 8

കാറിനുള്ളിൽ തലതാഴ്ത്തി ഇരിക്കുന്ന സിദ്ധിയെ അകത്ത് നിന്ന് ഉമ്മറത്തെ ജനാലയിലൂടെ നോക്കുമ്പോൾ സീതയുടെ മനസിൽ ഒരു നോവ് തോന്നി.

         അവരോടൊപ്പം പോകാൻ താൻ പറഞ്ഞ ശേഷം അവൾ പിന്നെ തന്നെ ഒന്ന് നോക്കുകയോ ഒന്ന് കരയുകയോ ചെയ്തിട്ടില്ലെന്നു സീത ഓർത്തു. ഒരു തരം നിസങ്കതയായിരുന്നു അവളുടെ മുഖത്ത്.

      ഡ്രൈവിംഗ് സീറ്റിൽ എബിയും കോഡ്രൈവർ സീറ്റിൽ ജോയലും പുറകിലായി സിദ്ധി ഇരിക്കുന്നതിനു എതിർവശത്തു കൂടെ കെവിനും കാറിൽ
കയറി.

        കെവിൻ അപ്പുറത്ത് കയറി ഇരുന്നതും ഡോറിനോരം ചേർന്നിരുന്ന സിദ്ധി സ്ഥലമില്ലാഞ്ഞിട്ട് കൂടി വീണ്ടും ഒന്നിളകി ഡോറിൽ ചേർന്നിരുന്നു.

      കെവിനോട് ഒരുതരം ഭയം ഇതിനോടകം അവളുടെ മനസ്സിൽ രൂപം കൊണ്ടിരുന്നു. അവന്റെ നേരെ
നോക്കിയില്ലെങ്കിലും അവൻ കയറി നിവർന്നിരിക്കുന്നത് ഇടംകണ്ണാലെ അവൾ കാണുന്നുണ്ടായിരുന്നു.

          അമ്പല നടയിൽ തന്നെ പിടിച്ചു നിർത്തി ബലമായി താലി ചാർത്തിയ കെവിനോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.

സിദ്ധിക്ക് ആദ്യമായാണ് ഒരാളോട് ഇങ്ങനെ വെറുപ്പ്‌ തോന്നുന്നത്. അതു പോലെ അവൾ അവനെ വെറുത്തു. 

        എബി മുന്നോട്ടു വണ്ടി എടുക്കുമ്പോൾ തന്നെ യാത്ര അയക്കാനെന്നപോലെ അവിടെ കൂടി നിന്ന ആരെയും സിദ്ധി നോക്കിയില്ല.  അവൾക്ക് അവരോടും ദേഷ്യമായിരുന്നു. പരിഭവത്തോട് കൂടെയുള്ള ദേഷ്യം. തന്നെ കേൾക്കാൻ കൂട്ടാക്കാത്ത തനിക്ക് വേണ്ടി വാദിക്കാത്ത എല്ലാവരോടും.

        കാറ് മുന്നോട്ടു പോയി അഗ്രഹാരത്തിന്റെ കവാടം കഴിഞ്ഞതും സിദ്ധിക്ക് ഭയം തോന്നാൻ തുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന് ആണുങ്ങളാണ് തന്നെ കൊണ്ട് പോകുന്നത്.എങ്ങനെയുള്ളവരാണന്നോ തന്നെ എങ്ങാട്ടാ ഈ കൊണ്ട് പോകുന്നതെന്നോ ഒന്നും അറിയില്ല. ഉപദ്രവിക്കോ  അതോ കൊല്ലുമോ അതും അറിയില്ല. കൊല്ലുന്നെങ്കിൽ കൊന്നോട്ടെ തനിക്കിനി ആരാ ഉള്ളെ ആരുമില്ല. ഏട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ അവൾ ആഗ്രഹിച്ചു പോയി. ആലോചനകൾ മുന്നേറുന്നതിനനുസരിച്ചു അവളുടെ കണ്ണ് നിറഞ്ഞ് അത് ഒരു സാഗരമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.

      സിദ്ധി ഒന്നേങ്ങി വലിച്ചതും മൂന്ന് പേരുടെയും ശ്രെദ്ധ അവളിലേക്കായി. എബി മുന്നിലെ കണ്ണാടിയിലൂടെ സിദ്ധിയെ നോക്കി കഴുത്തിൽ കിടക്കുന്ന ഷോള് കൊണ്ട് വായ് പൊതിഞ്ഞു പിടിച്ച് കരയുകയാണ്. അവന് പാവം തോന്നി.

       ജോയലും പിന്നിലേക്ക് തിരിഞ്ഞു നോക്കി. ആശ്വസിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ എന്ത് പറഞ്ഞാശ്വസിപ്പിക്കും. മറുവശത്തേക്കു നോക്കിയിരിക്കുന്ന കെവിനെ ഒന്ന് നോക്കിയിട്ട് ജോയൽ മുന്നോട്ടു തന്നെ തിരിഞ്ഞിരുന്നു.

          അവളുടെ കണ്ണുനീർ കെവിന്റെ  ഉള്ളു പൊള്ളിക്കുന്നുണ്ടായിരുന്നു. തന്റെ സ്വർത്ഥതക്ക് വേണ്ടി ഒരു പാവം പെണ്ണിനെ നോവിച്ചിരിക്കുന്നു. അപ്പക്ക് വേണ്ടിയെന്നു താൻ സമർഥിക്കുമ്പോഴും അപ്പ ഏതെങ്കിലും ലോകത്തിരുന്നു ഇതറിയുന്നുണ്ടെങ്കിൽ ഒരിക്കലും എന്നോട് ക്ഷമിക്കില്ല ഉറപ്പാണ്. കെവിൻ തന്റെ കൈ മുഷ്ടി ഒന്ന് ചുരുട്ടിപ്പിടിച്ചു.

      പക്ഷെ ജീവിച്ചിരിക്കുന്നത് താനാണ് 
അപ്പയുടെ അഭാവത്തിൽ മുന്നോട്ടു നടക്കേണ്ടത് താനാണ്. ഒരു പക്ഷെ മനഃപൂർവ്വം ആരെങ്കിലും അപ്പയെ എന്നിൽ നിന്നകറ്റിയതാണെങ്കിൽ അവരെ കണ്ടുപിടിക്കാതെ തനിക്ക് ഈ ജീവിതത്തിൽ സമാധാനമുണ്ടാകില്ല. കെവിന്റെ മനസ് സ്വയം ന്യായങ്ങൾ നിരത്തി ആശ്വസിക്കാൻ ശ്രെമിച്ചു. എന്നാൽ അടുത്തിരിക്കുന്ന പെണ്ണിന്റെ ഉയർന്നു വരുന്ന കരച്ചിൽ ചീളുകൾ ഒരു തരി ആശ്വാസം നൽകാതെ അവനെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

എബി... വീട്ടിലേക്ക് പോകണ്ട ഗസ്റ്റ്‌ഹൗസ്സിലേക്ക് പോകാം. സിദ്ധിയുടെ തേങ്ങൽ മാത്രം നിറഞ്ഞു നിന്ന കാറിനുള്ളിൽ കെവിന്റെ ശബ്ദം കേട്ടപ്പോൾ പുരികം ചുളിച്ചു കൊണ്ട് ജോയൽ തിരഞ്ഞു നോക്കി.

മമ്മ ഇപ്പൊ അറിഞ്ഞാൽ ശെരിയാകില്ല ജോ. ഒന്നാമതെ മമ്മ ഇതുവരെ അപ്പയുടെ കാര്യത്തിൽ നിന്ന് റിക്കവർ ആയിട്ടില്ല. അതിന്റെ കൂടെ ഇതുകൂടെ....  ഇപ്പൊ വേണ്ട. ഗൗരവത്തിലാണ് കെവിൻ പറഞ്ഞതെങ്കിലും അവന്റെ സ്വരത്തിലുണ്ടായിരുന്ന ഇടർച്ച ജോയലും എബിയും തിരിച്ചറിഞ്ഞു. അപ്പയെ ആയിരിക്കും അവൻ ഇപ്പോൾ ഓർത്തതെന്നു അവർക്ക് മനസിലായി. അവരുടെ മനസിലും അപ്പോൾ ഡാനിയേൽ ആയിരുന്നു.

എബിക്കറിയാമായിരുന്നു കെവിൻ സിദ്ധിയെയും കൊണ്ട് ഒരിക്കലും വീട്ടിലേക്കു പോകില്ലെന്ന്. അവൻ എങ്ങോട്ടാണ് പോകുന്നതെന്ന്  ചോദിക്കാനിരിക്കുമ്പോഴാണ് കെവിൻ ഗെസ്റ്റ്ഹൗസിലേക്ക് പോകാമെന്നു പറയുന്നത്.

പോകേണ്ട സ്ഥലം കൃത്യമായി മനസിലായതും എബി തഴക്കം വന്ന ഒരു ഡ്രൈവറാണെന്ന് തെളിയിച്ചു കൊണ്ട് വണ്ടി ലക്ഷ്യസ്ഥാനത്തിലേക്കു പറപ്പിച്ചു. അതിന് അനുസരിച്ച് അവന്റെ കൈകളും കാലുകളും അതിവേഗം ചലിച്ചു.

മണിക്കൂറുകൾ യാത്രയുള്ളത് കൊണ്ട് ഈ സ്പീഡിൽ പോയാലേ വൈകുന്നേരത്തിനു മുന്നേ അടിവാരത്തെത്തൂ. പിന്നെയും പത്ത് പന്ത്രണ്ടു ഹെയർപിൻ വളവുകൾ താണ്ടിയാലേ തേയിലക്കാടിനു നടുവിലുള്ള കെവിന്റെ ഗസ്റ്റ്‌ഹൗസിൽ എത്താനാകൂ. ഒരു എട്ടൊൻപതു മണിയോടെ അവിടെ എത്തിയേക്കും എന്ന് വണ്ടി ഓടിക്കുന്നതിനിടയിൽ എബി കണക്കു കൂട്ടി.

വിചാരിച്ചപോലെ വൈകുന്നേരത്തോടെ അടിവാരത്തെത്തുകയും  ഹൈറേയ്ഞ്ചിലെക്കുള്ള ഒന്നാമത്തെ
വളവു താണ്ടുകയും ചെയ്തു.

ഏകദേശം ഉച്ചയോടടുത്തപ്പോഴായിരുന്നു അവിടന്ന് തിരിച്ചത്. മൂന്ന് മണി കഴിഞ്ഞപ്പോൾ വഴിയിൽ കഴിക്കാനായി ഇറങ്ങിയെങ്കിലും വാശികാണിച്ച് സിദ്ധി കഴിക്കാൻ കൂട്ടക്കാത്തത് കൊണ്ട് അവർ മൂന്ന് പേരും ഉച്ചയൂണ് ഓരോ ചായയിലൊതുക്കി.

സിദ്ധി ആദ്യമായായിട്ടായിരുന്നു ഇത്ര ദൂരം കാറിൽ ഒരു യാത്ര. രാവിലെ നടന്ന സംഭവങ്ങളും അതിന് പിന്നാലെ ഉണ്ടായ ബഹളങ്ങളും കരച്ചിലും ഒരേയിരിപ്പിരുന്നുള്ള യാത്രയും അവളെ വല്ലാണ്ട് തളർത്തിയിരുന്നു. ഇതിനിടക്ക്‌ ക്ഷീണം കാരണം അവൾ ഒരു ഉറക്കവും കഴിഞ്ഞിരുന്നു.

വാശിപിടിച്ച് ഒന്നും കഴിക്കാതിരുന്നത് 
മൂന്നാമത്തെ ഹെയർപിൻ വളവു തിരിയുമ്പോൾ സിദ്ധിക്ക് പണി കൊടുത്തു.

വണ്ടി നിർത്ത്.... വണ്ടി നിർത്താൻ.... സിദ്ധിയുടെ അലറലിൽ മൂന്ന് പേരുടെയും നോട്ടം അവൾക്ക് നേരെയായി. എബി തിരിഞ്ഞ് നോക്കികൊണ്ട്‌ തന്നെ വണ്ടി റോഡിനോരം ചേർത്ത് ഒതുക്കി നിർത്തി.

ഇടത് കൈകൊണ്ടു വായും പൊത്തിപ്പിടിച്ചു ഡോർ തുറന്ന് പുറത്ത് ചാടാൻ നിന്നവളെ കെവിൻ പെട്ടന്ന് കൈ നീട്ടി എത്തി പിടിച്ചു നിർത്തി.

എങ്ങോട്ടാ ഈ ചാടിയിറങ്ങുന്നത് അപ്പുറത്ത് കുഴിയാണ്. വീണാൽ നിന്റെ പൊടിപോലും കിട്ടില്ല. അവന്റെ സൈഡിലുള്ള ഡോർ തുറന്നു അതുവഴി അവളെ പിടിച്ചു ഇറക്കുമ്പോൾ അന്തം വിട്ട് നോക്കുന്നവളോട് അല്പം ഭയം കലർന്ന ശബ്ദത്തിൽ അവൻ പറയുന്നുണ്ടായിരുന്നു.

ഇറങ്ങിയതും ഒരു ശബ്ദത്തോടെ സിദ്ധി റോഡിലേക്ക് ഛർദിച്ചൊഴിച്ചിരുന്നു.  ജോയാലും അപ്പുറത്തെ സൈഡിലൂടെ ഓടിയെത്തി.

വയറ്റിനകത്തു ഒന്നുമില്ലാത്തതു കൊണ്ട് തന്നെ കുറച്ച് വെള്ളം മാത്രം പുറത്തേക്ക് പോയി. അടുത്ത് നിൽക്കുന്ന കെവിൻ എന്താ ചെയ്യേണ്ടതെന്നറിയാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ജോയൽ പോയി അവളുടെ പുറം തടവികൊടുത്തു.

ആഞ്ഞുപിടിച്ചു ഛർദിക്കുന്നതിനിടക്കും സിദ്ധിയുടെ കണ്ണൊന്നു പാളി ജോയലിനെ നോക്കി. എന്തുകൊണ്ടോ അവനെ തടയാൻ അവൾക്ക് തോന്നിയില്ല. അപ്പോൾ അതവൾക്കൊരു ആശ്വാസമായിരുന്നു. വെള്ളമൊക്കെ പുറത്ത് പോയിട്ടും  അവൾ കുനിഞ്ഞ് നിന്ന് കുറച്ച് നേരം കൂടെ ഓക്കാനിക്കുന്നുണ്ടായിരുന്നു.

ഒന്നും കഴിക്കാഞ്ഞിട്ട ഇങ്ങനെ ഛർദിച്ചത്. മര്യാദക്ക് കഴിക്കാൻ വിളിച്ചപ്പോ വരാൻ പാടില്ലായിരുന്നോ?  ജോയൽ ഒരു ശാസനയോടെ പറയുമ്പോഴും അവളുടെ പുറം തടവികൊടുത്തുകൊണ്ടിരുന്നു.

എബി മിനറൽ വാട്ടറിന്റെ ബോട്ടിൽ നീട്ടുമ്പോൾ വിറക്കുന്ന കൈകൾ നീട്ടി അവൾ അത് വാങ്ങി.

വല്ലാതെ കുഴഞ്ഞു പോയ സിദ്ധിയെ ജോയൽ തന്നെ രണ്ടു തോളിലായി പിടിച്ചു സപ്പോർട്ട് കൊടുത്തു ഇപ്പുറത്തെ വശത്തേയ്ക്കു കൊണ്ട് പോയി നിർത്തി.

അവിടെ നിന്ന് വായ കഴുകിക്കോ മുന്നിലേക്ക്‌ പോകണ്ട അവിടെ കൊക്കയാ. അപ്പോഴും അവളുടെ കൈമുട്ടിനു മുകളിലായി ജോയലിന്റെ  പിടിയുണ്ടായിരുന്നു  ഒരു കരുതലെന്നോണം.

അവൾ കുപ്പി തുറന്നു വെള്ളം വായിലേക്കൊഴിച്ചു കുലുക്കി തുപ്പി. ഒന്ന് മുഖം കഴുകി ബാക്കി വെള്ളം കുടിക്കുകയും ചെയ്തപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.

അപ്പോഴാണ് ശെരിക്കും അവൾ അവിടമാകെ കാണുന്നത്. കാറ് കൊണ്ട് വന്ന് നിർത്തിയിരിക്കുന്നത് ഏകദേശം
ആ കുഴിയോട്  ചേർന്നാണ്, അവിടെ അങ്ങനെ നിർത്താനെ സാധിക്കൂ.  കുറച്ച് മുൻപ് അതുവഴി താൻ ചാടിയിറങ്ങിയിരുന്നെങ്കിൽ ഉറപ്പായും കൊക്കയിലേക്കായേനെ തന്റെ ചാട്ടം.

അവൾ ഒരു ഉൾക്കിടിലെത്തോടെ ആ കൊക്കയിലേക്കും കാറിനടുത്തായി നിൽക്കുന്ന കെവിനെയും നോക്കി. അവന്റെ നോട്ടം ഇങ്ങോട്ടാണെന്ന് കണ്ടതും അവൾ വേഗം മുഖം തിരിച്ച് കളഞ്ഞു.

അവളുടെ അവസ്ഥയിൽ കെവിനും ഒരു വല്ലായ്മ തോന്നി. രാവിലെ അമ്പലത്തിൽ വച്ച് അവൻ ആദ്യമായി കണ്ട സിദ്ധിയെയും ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന വാടിതളർന്ന രൂപത്തെയും അവന്റെ മനസ് ഒന്ന് കമ്പാരിസൻ ചെയ്യുകയായിരുന്നു അപ്പോൾ. 

തിരികെ ജോയലിന്റെ സഹായത്തോടെ കാറിലേക്ക് കയറിയതെ വാടിക്കുഴഞ്ഞ പോലെ അവൾ സീറ്റിലേക്ക് ചരിഞ്ഞു കിടന്നു.

കണ്ണുകൾ അടച്ച് കിടക്കുമ്പോൾ സിദ്ധി അറിഞ്ഞു ഡോർ അടയുന്നതും കാറ് വീണ്ടും മുന്നോട്ടു ഓടുന്നതും.

ആരോ തട്ടി വിളിക്കുന്ന പോലെ തോന്നിയപ്പോൾ സിദ്ധി കണ്ണുകൾ തുറന്നു എഴുനേറ്റു. തലക്കൊക്കെ വല്ലാത്ത ഭാരം പോലെ തോന്നി സ്ഥലകാല ബോധം വരാൻ കുറച്ച് നേരമെടുത്തു. മുന്നിൽ നിൽക്കുന്ന ജോയലിനെ കണ്ടപ്പോൾ രാവിലെ മുതലുള്ള കാര്യങ്ങൾ ഓർമ്മ വന്നു.

വാ ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം. വേണ്ടെന്നു പറഞ്ഞോഴിയാൻ നോക്കണ്ട. നേരത്തെ പോലെ എട്ടുപത്ത് ഹെയർപിൻ വളവുകൾ ഇനിയും ഉണ്ട്. കഴിച്ചില്ലെങ്കിൽ അവടെ ഒക്കെ ഇറങ്ങി ഛർദിക്കേണ്ടി വരും. സിദ്ധി എന്തെങ്കിലും പറയാൻ വാ തുറക്കും മുന്നേ ജോയൽ അതിന് തടയിട്ടു.

ഇനി ഛർദിക്കാനുള്ള ത്രാണിയില്ലാഞ്ഞിട്ടോ ജോയൽ അവളോട്‌ കാണിക്കുന്ന പരിഗണനയും കരുതലും കൊണ്ടോ കഴിക്കാമെന്നു തീരുമാനിച്ചു. ഒപ്പം തന്നെ നല്ല വിശപ്പും ഉണ്ടായിരുന്നു. അവൾ കാറിനു പുറത്തേക്കിറങ്ങാനായി പോയി.

ഇറങ്ങേണ്ട അവിടെ നല്ല തിരക്കാ. ഇരിക്കാൻ സ്ഥലമില്ല നിന്ന് കഴിക്കനെ പറ്റു. ഇവിടെ കൊണ്ട് തരാം അകത്തിരുന്നു കഴിച്ചോ. അതും പറഞ്ഞ് ജോയൽ തിരിഞ്ഞു നടന്നു പോയി.

കാറിനുള്ളിലിരുന്നു അവൾ പുറത്തേക്കു നോക്കി ഒരു ചെറിയ തട്ടുകടയാണ്. ഉള്ളിൽ കിടക്കുന്ന ബഞ്ചിലും കസേരകളിലും ഒക്കെ നിറച്ചും ആളാണ്‌. കൂടുതല് പേരും നിന്നാണ് കഴിക്കുന്നത്. കടയുടെ പുറത്തും ഒത്തിരിപേര് പ്ലേറ്റും കയ്യിൽ പിടിച്ച് നിന്ന് കഴിക്കുന്നുണ്ട്. ഒരു സൈഡിലായി എബിയും കെവിനും നിന്ന് ചായ കുടിക്കുന്നത് കണ്ടു അവളുടെ നോട്ടം അങ്ങോട്ടേക്ക് ആയി.

അന്നേരമാണ്കെവിനെ അവൾ നേരെ കാണുന്നത് . അവൾ അവന്റെ മുഖത്തേക്ക് നോക്കി ഹിന്ദി സീരിയലിൽ വരുന്ന നായകനെ പോലെ  തോന്നി അവൾക്കു അവനെ കണ്ടപ്പോൾ.
പക്ഷെ അവന്റെ എണ്ണമയമില്ലാതെ പാറിപറന്ന് കിടക്കുന്ന കളർ ചെയ്ത മുടിമാത്രം  എന്തുകൊണ്ടോ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അതിലേക്ക് നോക്കിയപ്പോൾ അയ്യേ എന്നൊരു ഭവമായിരുന്നു സിദ്ധിയുടെ മുഖത്ത്.

അവളുടെ കണ്ണുകൾ വീണ്ടും താഴേക്കു ചലിച്ചു. ഷർട്ടിനുള്ളിൽ വീർപ്പുമുട്ടിയപോലെയുള്ള  അവന്റെ കരുത്തുറ്റ ശരീരം കണ്ടപ്പോൾ അമ്പലത്തിൽ വച്ച് അവൻ പിടിച്ചുടച്ച ഇപ്പോഴും ചുമന്ന് കിടക്കുന്ന തന്റെ കയ്യിലേക്ക് അവൾ ഒന്ന് നോക്കി. അവന്റെ കരുത്തു അമ്പലത്തിൽ വച്ച്  വ്യക്തമായി അവൾ അറിഞ്ഞതാണ്.

വീണ്ടും തിരികെ കെവിനെ നോക്കുമ്പോൾ അവന്റെ രണ്ടു പൂച്ചക്കണ്ണുകളും തന്റെ നേരെയാണെന്ന് കണ്ടതും അവൾ മുഖം വെട്ടിച്ചു മാറ്റി അവനു കാണാൻ പറ്റാത്ത രീതിയിൽ ഉള്ളിലേക്കൽപ്പം നീങ്ങിയിരുന്നു. അല്പംനേരം കഴിഞ്ഞപ്പോൾ കള്ളം ചെയ്യുന്ന പോലെ തലമാത്രം നീട്ടി വീണ്ടും ഒന്നെത്തി നോക്കി കെവിൻ എബിയോട് സംസാരിക്കുന്നതു കണ്ടപ്പോൾഒരു സമാധാനത്തോടെ കണ്ണടച്ച് സീറ്റിലേക്കു ചാഞ്ഞുകിടന്നു.

അന്നേരത്തിനു ഒരു പ്ലേറ്റിൽ ദോശയും കറിയും കൊണ്ട് ജോയൽ വന്നിരുന്നു.  അതവൾക്ക് കൊടുത്തു അവൻ വീണ്ടും തിരികെ പോയി കെവിന്റെയും എബിയുടെയും ഒപ്പം നിന്ന് കഴിച്ചക്കാൻ തുടങ്ങി.

പ്ലേറ്റിലുണ്ടായിരുന്ന മൂന്ന് ദോശയും ബാക്കി വയ്ക്കാതെ അവൾ മുഴുവൻ കഴിച്ചു തീർത്തപ്പോഴേക്കും ജോയൽ ഒരു ഗ്ലാസ്സ് ചായ കൊണ്ട് വന്നു അവൾക്കു കൊടുത്തു.

ഒരു ദോശ കു‌ടെ പറയട്ടെ? ഓരോ വിരലുകൾ വായിലിട്ടു ഉറിഞ്ചി എടുക്കുന്ന സിദ്ധിയെ നോക്കി ജോയൽ ചോദിച്ചു. അവന്റെ മുഖത്തൊരു പുഞ്ചിരിയും ഉണ്ടായിരുന്നു ആ സമയം.
പെട്ടന്ന് കൈ താഴ്ത്തിയിട്ടു സിദ്ധി വേണ്ടെന്നു പറഞ്ഞു. 

ചായ കുടിച്ചിട്ട് ഇത് കൊണ്ട് ഇവിടെ ഇരുന്നു തന്നെ കൈ കഴുകിക്കോ. ഒരു കുപ്പി വെള്ളവും അവൾക്കു നേരെ നീട്ടി പ്ലേറ്റും വാങ്ങി അവൻ വീണ്ടും തിരികെ പോയി.

കഴിച്ചു കഴിഞ്ഞു മൂന്ന് പേരും തിരിച്ച് കാറിൽ കയറി. കാറ് വീണ്ടും മുന്നോട്ടു  പോയി.

ഈ കുറച്ച് സമയം കൊണ്ട് ഇവരെയൊന്നും അങ്ങനെ പേടിക്കേണ്ടതില്ലെന്നു തോന്നി സിദ്ധിക്ക്. എങ്കിലും ഇനിയും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവളുടെ മനസ്സിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു. അതൊക്കെ അവരോടു ചോദിക്കാനാണെങ്കിൽ ഒട്ടു ധൈര്യവും പോരാ. 

കാത്തിരിക്കൂ 🌼🌼🌼🌼🌼

ഗസ്റ്റ്‌ഹൗസിൽ നാളെ എത്തിക്കാം കേട്ടോ


ഈണമായ്‌ 9

ഈണമായ്‌ 9

4.3
597

ഇരുവശവുമുള്ള തേയിലതോട്ടത്തിന് നടുവിലൂടെ എബി മെല്ലെ കാറ് ഓടിച്ചു. ആ ടാറിട്ട റോഡ് അവസാനിക്കുന്നത്  ഒരു വലിയ ഇരുനില വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്.കഴിക്കാൻ വഴിയിൽ ഇറങ്ങിയ കാരണം ഒൻപതു മണിയോടെടുത്തു അവർ ഗസ്റ്റ്‌ഹൗസിൽ എത്താൻ.എബി നീട്ടി ഒരു ഹോൺ അടിച്ചതും \"Place of rest \" എന്ന് അർഥമാക്കുന്ന Retreat എന്ന ആ വലിയ വീടിന്റെ ഗേറ്റ് അവർക്ക് മുന്നിൽ തുറന്നു കൊടുത്തുസ്റ്റാൻലിച്ചായൻ.കാറ് പതിയെ അകത്തേക്ക് കയറ്റുമ്പോൾ തന്നെ കാറിനുള്ളിലെ മൂന്നുപേരെയും നോക്കി സ്റ്റാൻലി തലയാട്ടി ചിരിച്ചു കാണിച്ചു.സിദ്ധി കാറിൽ ചരിഞ്ഞു കിടന്ന്‌ ഉറങ്ങുന്ന കാരണം അയാൾ അവളെ  കണ്ടിരുന്നില്ല.കാർ വീടി