Aksharathalukal

ഈണമായ്‌ 10


വാതില് ചാരി അകത്ത് കയറുമ്പോൾ സിദ്ധി ആ മുറി മുഴുവൻ ഒന്ന് കണ്ണോടിച്ചു. അവൾക്കൊന്നു കിടന്നാമതിയെന്നേ ഉണ്ടായിരുന്നുള്ളു. ഗ്രേ കളറിലുള്ള വിരി വിരിച്ച കട്ടിലിലേക്ക് അവൾ ക്ഷീണത്തോടെ പോയിരുന്നു.

മോൾക്ക്‌ കയ്യും മുഖവുമൊക്കെ കഴുകണമെങ്കിൽ പോയി കഴുകിയേച്ചും വാ.

അന്നമ്മ നീളമില്ലാത്ത തന്റെ കൊറുക്ക മുടി അമ്മക്കെട്ട് കെട്ടിവെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.
ഇനി ഇപ്പൊ ഈ തണുപ്പത്ത് കുളിക്കാനൊന്നും നിൽക്കണ്ട കേട്ടോ ശീലമില്ലെങ്കിൽ ചിലപ്പോ വയ്യാണ്ടാവും. അന്നമ്മച്ചി കൂട്ടി ചേർത്തു.

ദേഹമൊക്കെ വല്ലാതെ ഒട്ടുന്നുണ്ട് അതുകൊണ്ട് തന്നെ കുളിക്കാനൊക്കെ തോന്നിയിരുന്നു അവൾക്ക്. പക്ഷെ മലകേറാൻ തുടങ്ങിയപ്പോൾ മുതൽ തുളഞ്ഞു കയറി കൊണ്ടിരുന്ന തണുപ്പ് ഇവിടെ എത്തിയപ്പോഴേക്കും സഹിക്കാൻ വയ്യാതെ ആയത് കൊണ്ടും ക്ഷീണം കൊണ്ടും അത് വേണ്ടെന്നു വെച്ചതാണ്.

അന്നമ്മ പറഞ്ഞപ്പോൾ അവൾക്കും കയ്യും മുഖവുമെങ്കിലും കഴുകിയിട്ടു കിടക്കാന്നു തോന്നി. തലയാട്ടി കൊണ്ട് സിദ്ധി ബാത്ത് റൂമിലേക്ക്‌ കയറുമ്പോൾ അന്നമ്മച്ചി പുറകെ ചെന്ന്‌ ബാത്‌റൂമിന്റെ ഡോറിന് സൈഡിലെ ചുമരിലുള്ള സ്വിച്ച് ഇട്ട്കൊടുത്തു.

ഇത് ചൂടുവെള്ളം വരാനുള്ള സ്വിച്ചാ. ചൂട് വെള്ളത്തിൽ കഴുകിക്കോ. അതും പറഞ്ഞ് അവർ തിരികെ കട്ടിലിലേക്ക് പോയി ഇരിക്കുന്നത് കണ്ടു.

ചൂട് വെള്ളമാണെന്ന് കേട്ടപ്പോൾ ഒന്ന് മേല് കഴുകിയേക്കാം എന്ന് കരുതി സിദ്ധി ബാഗിൽ നിന്നൊരു ഡ്രെസ്സും കൂടെ എടുത്ത് കൊണ്ട് വീണ്ടും കയറി.

കുളിച്ചിറങ്ങുമ്പോൾ അവൾക്ക് പല്ലുകൾ  കൂട്ടിയിടിച്ചു തുടങ്ങി. ചൂട് വെള്ളം ദേഹത്ത് വീഴുമ്പോൾ സുഖമായിരുന്നെങ്കിലും കുളിച്ച് കയറിയപ്പോൾ വിറക്കുന്ന സഹിക്കാൻ പറ്റാത്തത്ര തണുപ്പ്.

അന്നമ്മച്ചി കട്ടിലിൽ ഇരുന്ന് കണ്ണടച്ച് നല്ല പ്രാർഥനയിലാണ്. തെന്നി തെറിച്ചു കുറച്ച് വാക്കുകൾ പുറത്തേക്കു വരുന്നുണ്ടെന്നല്ലാതെ ചുണ്ടുകൾ മാത്രം അനക്കി വളരെ പതിയെ ആണ് പ്രാർഥന.

സിദ്ധി വന്നതറിഞ്ഞതും അവർ കണ്ണ് തുറന്നു നോക്കി ചിരിച്ചു. അപ്പോഴും ചുണ്ടുകൾ എന്തോ മന്ത്രിച്ചു കൊണ്ടിരുന്നു അവരുടെ.

റൂമിന്റെ ഒത്ത നടുക്ക് കിടക്കുന്ന കട്ടിലിന്റെ മറു സൈഡിലൂടെ കയറി സിദ്ധി കിടന്നു. കാൽ ഭാഗത്തായി മടക്കി വച്ചിരുന്ന കട്ടിയുള്ള കംഫേർട്ടർ എടുത്ത് പുതച്ചു. തണുപ്പിൽ നിന്ന് രക്ഷ നേടിയ ആശ്വാസത്തിൽ അവൾ അതിനുള്ളിൽ കാലുകൾ മടക്കി വച്ച് ചുരുണ്ടു കൂടി.

അന്നമ്മച്ചി ഇപ്പൊ വരാം കേട്ടോ  കിടക്കയൊക്കെ അപ്പുറത്തെ മുറിയിലാ. ഇവിടെ തങ്ങുമ്പോ ഞാനപ്പുറത്താ കിടക്കുന്നത്. എടുത്തിട്ട് വരാം കേട്ടോ.

ഇവിടെ കിടക്കാല്ലോ ഇത് വലിയ കട്ടിലല്ലേ. താൻ കിടക്കുന്ന കുറഞ്ഞത് ഒരു നാലുപേർക്കെങ്കിലും കിടക്കാൻ കഴിയുന്ന കട്ടിലിലേക്ക് നോക്കി സിദ്ധി ചോദിച്ചു.

ഈ കുടുംബത്തുള്ളവർ അങ്ങനെ കാണുന്നില്ലേലും ഞാൻ ഇവിടുത്തെ വേലക്കാരിയാ കൊച്ചേ. മോള് അവിടെ കിടന്നോ അന്നമ്മച്ചി താഴെ കിടക്കയിട്ട് 
കിടന്നോളാം എനിക്കിതൊക്കെ ശീലമാ.
അവർ കട്ടിലിൽ നിന്നെഴുനേറ്റു.

സാരമില്ല എനിക്ക് കൂട്ടിനല്ലേ ഇവിടെ കിടക്കുന്നത്. താഴെ കിടന്നു തണുപ്പടിക്കേണ്ട അന്നമ്മച്ചി ഇവിടെ കിടന്നോ. സിദ്ധിയുടെ അന്നമ്മച്ചി വിളിയും അവളുടെ പറച്ചിലും ഒക്കെ കേട്ടപ്പോൾ അവർക്കും അത് നിരസിക്കാൻ തോന്നിയില്ല.

പറഞ്ഞു കഴിഞ്ഞപ്പോ സിദ്ധിക്കും അതിശയം തോന്നി. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും തികച്ചായിട്ടില്ല അവരെയാണ് താൻ ഇത്ര സ്വാതത്ര്യത്തോടെ അന്നമ്മച്ചി എന്ന് വിളിച്ചത്.

അന്നമ്മച്ചി വലിയ സംസാരപ്രിയായാണെന്നു ഇതിനോടകം മനസിലായതാണ് സിദ്ധിക്ക്. സംസാരത്തിനിടക്ക് അവര് തന്നെ സ്വയം അന്നമ്മച്ചിയെന്നു പത്തുവട്ടമെങ്കിലും പറയുന്നുണ്ട് അത് കേട്ട് കേട്ട് അറിയാതെ വായിൽ വന്നതാകുമെന്ന് അവൾക്ക് തോന്നി.

ലൈറ്റ് ഓഫ്‌ ചെയ്തു അന്നമ്മച്ചിയും അവളുടെ അടുത്ത് വന്നു കിടന്നു.

മോളുടെ വീട്ടിൽ ആരൊക്കെയുണ്ട് അന്നമ്മച്ചി കിടക്കയിലേക്ക് കിടക്കുംനേരം ചോദിച്ചു.

മാമിയും.. ഏട്ടനും..   അതുപറയുമ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞ്  തൊണ്ട ഇടറി പോയിരുന്നു.

അച്ഛനും അമ്മയും കാണില്ലെന്നു അന്നമ്മച്ചിക്ക് തോന്നി . അവളുടെ ശബ്ദത്തിലുണ്ടായ വ്യത്യാസം മനസിലാക്കി അവർ പിന്നെ അവളെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല. പകരം തന്റെ കഥ പറയാൻ തുടങ്ങി.

എനിക്ക് ഒരു പെങ്കൊച്ച കേട്ടോ മോളുടെ പ്രായം തന്നെയാ ആലീസ്. ആലിന്നാ ഞാൻ വിളിക്കുന്നത്‌. വീട്ടിലില്ല അവളുടെ കൂടെ പ്ലസ് ടുവിന് പഠിച്ച കൊച്ചിന്റെ കല്യാണം കൂടാൻ പോയിരിക്കുവാ കൂട്ടുകാരുമൊത്തു. നാളെ കല്യാണം കഴിഞ്ഞു നേരെ ഇങ്ങോട്ടേക്കു പോരും അപ്പൊ മോൾക്ക്‌ കാണാം.

പിന്നെ അവളുടെ അപ്പച്ചനാണെങ്കിൽ ലോറി ഡ്രൈവറാ എപ്പോഴുമൊന്നും വീട്ടിൽ കാണത്തില്ല. അതിയാൻ ലോറിയും കൊണ്ട് പോയ്‌ കഴിഞ്ഞാൽ ഒരു പോക്കാ പിന്നെ വരവോക്കെ കണക്കാ. രണ്ടു ദിവസം മുന്നേ ലോഡും കൊണ്ട് പോയതെ ഉള്ളു ഇനി എന്നാ വരാവെന്നു അറിയുകേലാ. അത് പറയുമ്പോൾ അവരുടെ ഉള്ളിൽ ഒരു ഭയം നിറയുന്നുണ്ടായിരുന്നു. അവർ ഒരു ദീർഘനിശ്വാസം വിട്ടു.

അന്നമ്മച്ചി വീണ്ടും അവരുടെ വീട്ടുകാര്യവും നാട്ടുകാര്യവും അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. തുടങ്ങുന്നത് ഒരു കാര്യമാണെങ്കിൽ അവസാനിക്കുന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കാര്യത്തിലാകും അങ്ങനെയാണ് അവരുടെ സംസാരം.

അന്നമ്മച്ചിയുടെ നിർത്താതേയുള്ള ആ സംസാരം കേട്ടപ്പോൾ സിദ്ധിക്ക് മറ്റൊന്നും ചിന്തിച്ചു വിഷമിക്കാനുള്ള സമയപോലും കിട്ടിയില്ല. അതൊക്കെ കേട്ട് കിടന്നു എപ്പോഴോ അവൾ ഉറക്കം പിടിച്ചിരുന്നു. അവൾ ഉറങ്ങിയെന്നു മനസിലായപ്പോൾ അന്നമ്മച്ചിയും കഥയൊക്കെ നിർത്തി തിരിഞ്ഞു കിടന്നു കണ്ണുകളടച്ചു.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

എല്ലാവരും ഉറങ്ങിയിട്ടും അപ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട് മുകളിലെറൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ പുറത്തേ ഇരുളിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു കെവിൻ.

ക്ഷീണം കാരണം വന്ന ഉടനെ ഒരു കുളിയും കഴിഞ്ഞ് കട്ടിലിലേക്ക് മറിഞ്ഞതാണ്  അവൻ. പക്ഷെ യാതൊരു  പ്രയോജനവും ഉണ്ടായില്ല തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല അവന്.അങ്ങനെ എഴുനേറ്റു വന്നു നിന്നതാണിവിടെ ഓരോന്നോർത്തു കൊണ്ട്.

അപ്പയുടെ ഓർമ്മകൾ അതിനൊപ്പം തന്നെ മറിയം, പാർഥസാരഥി, സിദ്ധി അങ്ങനെ പല പല ചിന്തകൾ അവനെ വിടാതെ  ചുറ്റിവരിഞ്ഞുകൊണ്ട് ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.

മുന്നോട്ടു ഇനി എന്തെന്നുള്ള ആലോചനയിലായിരുന്നു കെവിൻ. പാർഥസാരഥി എവിടെ ആണെങ്കിലും അവൻ അറിയണം സിദ്ധിയുടെയും തന്റെയും വിവാഹം കഴിഞ്ഞത്.

താൻ അറിഞ്ഞത് വച്ച് പെങ്ങളോട് അമിത സ്നേഹവും വാത്സല്യവും ഉള്ള ഏട്ടനാണ് അവൻ. ഇതറിഞ്ഞാൽ അവൻ ഉറപ്പായും തേടി വരും. കെവിൻ കണക്കുകൂട്ടി. 

നാളെയോ അതിനടുത്ത ദിവസങ്ങളിലോ മമ്മയും ഇതറിയും. മമ്മ അറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എന്തായിരിക്കും. ആ ചിന്തയും അവനെ ഒന്ന് വലച്ചിരുന്നു.

അതിനിടയിൽ സിദ്ധിയുടെ നിറഞ്ഞ കണ്ണുകൾ ഓർമവന്നു. ആ കണ്ണുകൾ ഇനിയും ചിലപ്പോ താൻ കാരണം നിറയും അത് ഇന്നത്തെ പോലെ എന്നും തന്നെ വേട്ടയാടും. പക്ഷെ അതൊന്നും തന്റെ ലക്ഷ്യത്തെ ബാധിക്കാൻ പാടില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

ഷർട്ടിടാത്ത ശരീരത്തിൽ തണുപ്പ് തുളച്ചു കയറാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി എന്നിട്ടും ആവൻ ആ നിൽപ്പ് തുടർന്നു. പിന്നെയും കഠിനമായി തണുപ്പ് കാർന്ന് തിന്നാൻ തുടങ്ങിയപ്പോൾ അകത്തേക്ക് കയറി പോയി.

കുറച്ച് സമയമെടുത്തിട്ടാണെലും നേരം വെളുക്കാറായപ്പോൾ എപ്പോഴോ അവന്റെ കണ്ണുകളടഞ്ഞു പോയിരുന്നു നല്ലൊരുറക്കത്തിലേക്ക്.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

എന്നും രാവിലെ എഴുനേൽക്കുന്ന ശീലമുണ്ടായിട്ടും, പിറ്റേന്ന് രാവിലെ ഉണർന്നു കഴിഞ്ഞ് കോച്ചിപ്പിടിക്കുന്ന തണുപ്പ്  വീണ്ടും പുതപ്പിനുള്ളിലെ ചൂടിൽ പതുങ്ങിക്കിടക്കാൻ സിദ്ധിയെ നിർബന്ധിതയാക്കി.

അൽപനേരം കൂടെ കിടന്നിട്ട് ബാത്‌റൂമിൽ കയറി കുളിച്ച് മാറി പുറത്തിറങ്ങി.

ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു പത്ത് മിനിറ്റ് റൂമിൽ ഒന്ന് ചുറ്റി തിരിഞ്ഞു നിന്നു അവൾ. പിന്നെ പതിയെ ചാരിയിട്ടിരുന്ന വാതിൽ തുറന്നു പുറത്തേക്കു തലയിട്ടു നോക്കി. ചുറ്റും നിരീക്ഷിച്ചപ്പോൾ അടുക്കളയിലെക്കെന്നു തോന്നുന്ന ഒരു വാതിൽ കണ്ടു. അന്നമ്മച്ചി അവിടെ കാണുമെന്നുള്ള വിശ്വാസത്തിൽ സിദ്ധി അങ്ങോട്ട്‌ നടന്നു.

പ്രതീക്ഷിച്ച പോലെ അവർ അടുക്കള കഴിഞ്ഞുള്ള വർക്ക്‌ഏരിയയിൽ  ഉണ്ടായിരുന്നു.

വാഷ് ബെയ്‌സനിൽ എന്തോ ചെയ്തു കൊണ്ട് നിൽക്കുന്ന അന്നമ്മച്ചിയുടെ അടുത്തേക്ക് നടന്നപ്പോൾ ഒരു വല്ലാത്ത മണം മൂക്കിലേക്ക് അടിച്ചു കയറി, അപ്പോഴേക്കും അവൾ അവരുടെ അടുത്തെത്തിയിരുന്നു.

ഒരു കവറിൽ നിന്നും ബീഫ്‌ കഷ്ണങ്ങളാക്കി മറ്റൊരു ചട്ടിയിലേക്ക് മാറ്റുവായിരുന്നു അന്നമ്മ. അത് കണ്ടതും മനം പുരട്ടി വന്നു സിദ്ധിക്ക്. മുഖം ചുളിച്ചു കൊണ്ട് അവൾ കൈവച്ച് മൂക്കൊന്നു തൂത്ത് പുറകിലേക്ക് നീങ്ങി നിന്നു.

ആ മോളുണർന്നോ. വിശക്കുന്നില്ലേ മോൾക്ക്‌. അന്നമ്മച്ചി നല്ല അപ്പവും താറാവ് റോസ്റ്റും ഉണ്ടാക്കി വച്ചിട്ടുണ്ട്.  അകത്തുണ്ട് കൊച്ച് പോയെടുത്തു കഴിച്ചോ. എടുത്ത് തരാൻ കൈ ഒഴിവില്ല ദേ കണ്ടില്ലേ. അവര് കൈ  ഉയർത്തിക്കാട്ടി.

അവർ സ്നേഹത്തോടെ പറഞ്ഞപ്പോൾ താനിതൊന്നും കഴിക്കില്ലെന്നു പറയാൻ സിദ്ധിക്ക് തോന്നിയില്ല. നല്ല വിശപ്പുള്ളത് കൊണ്ട് അവൾ ചിരിയോടെ തലയാട്ടി തിരിച്ച് അടുക്കളയിലേക്ക് കയറി വന്നു. 

അടച്ച് വച്ചിരിക്കുന്ന പാത്രങ്ങൾ ഓരോന്നും തുറന്ന്‌ അപ്പം കണ്ടുപിടിച്ചു. രണ്ടു അപ്പം പ്ലേറ്റിൽ എടുത്ത് വച്ച് കബോർഡിനുള്ളിൽ തപ്പി പഞ്ചസാര ടിൻ എടുത്തു. അത് തുറന്ന്‌ ഒരു സ്പൂൺ പഞ്ചസാരയും പ്ലേറ്റിന്റെ  അറ്റത്തായി വച്ചു.

പഞ്ഞി പോലുള്ള പാലപ്പം മുറിച്ചു പഞ്ചസാരയിൽ ഒന്ന് കുത്തി വായിലേക്ക് വച്ചു. അവിടെ സ്ലാബിൽ ചാരി നിന്ന് തന്നെ കഴിക്കാനും തുടങ്ങി.

എന്റെ കൊച്ചേ ആ താറാവ് റോസ്റ്റ് കണ്ടില്ലായിരുന്നോ അതുകൊണ്ടാണോ ഈ പഞ്ചസാര കൂട്ടി കഴിക്കുന്നത്‌. കഴുകിയടുത്ത ബീഫുമായി അകത്തേക്ക് കയറിയപ്പോ കണ്ട കാഴ്ച്ചയിൽ അന്നമ്മച്ചി വിഷമത്തോടെ അലറി പോയി.

അന്നമ്മച്ചിയെ അത് നല്ല ഒന്നാന്തരം പട്ടര് കുട്ടിയ. അന്നമ്മച്ചിയുടെ പാചക പരീക്ഷണമൊന്നും അങ്ങോട്ട്‌ പയറ്റാൻ പറ്റത്തില്ല. അകത്തോട്ട് കയറി വന്ന എബി ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുത്ത് കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു.

ആന്നോ കൊച്ചേ? മോള് മീനും ഇറച്ചിയൊന്നും കഴിക്കാത്ത കൂട്ടരാന്നോ? അന്നമ്മച്ചി എബി പറഞ്ഞത് ഉറപ്പിക്കാൻ അവളോട്‌ തന്നെ ചോദിച്ചു.

സിദ്ധി പതിയെ തലയാട്ടി ആണെന്ന് പറഞ്ഞു.

ആ... അത് പറ ഇതൊന്നും കഴിക്കാത്തോണ്ടാ ഇങ്ങനെ നരുന്ത് പോലെ ഇരിക്കുന്നെ. ഇവിടെയുള്ള കെവി മോനെയും ദേ ഇവനെയൊക്കെ കണ്ടോ ഇരുമ്പ് പോലെ ഇരിക്കുന്നത് ഇതൊക്കെ കഴിച്ചിട്ട. നമ്മുടെ കൂട്ടത്തിലെ പെൺപിള്ളാരും ആ കാര്യത്തിലൊട്ടും പിറകിലല്ല അല്ലേടാ എബിയെ. അവർ തെല്ലൊരു അഭിമാനത്തോടെ പറഞ്ഞു 

പിന്നല്ല. അങ്ങനെ പറഞ്ഞു കൊടുക്ക്‌ അന്നമ്മച്ചി. എബി കുപ്പിയിലുള്ള വെള്ളം വായിലേക്കൊഴിച്ചു കൊണ്ട് അവരെ സപ്പോർട്ട് ചെയ്തു.

എന്റെ പെങ്കൊച്ചിനെയൊക്കെ ഒന്ന് കാണണം എങ്ങനാ ഇരിക്കുന്നെന്ന്. മോളുടെ പ്രായമൊക്കെയാ എന്നാലും മോളെക്കാളും ആളിലുണ്ട് അവൾ അല്ലിയോടാ എബിയെ. അന്നമ്മച്ചി വീണ്ടും എബിയെ വിളിച്ചു ചോദിച്ചു.

ആ ചോദ്യത്തിന് മാത്രം എബി കുടിച്ചുകൊണ്ടിരുന്ന വെള്ളം വിക്കി  തരിപ്പിൽ കേറി. വായിൽ നിന്ന് പുറത്തേക്കു ചീറ്റിയ വെള്ളം പുറം കൈകൊണ്ടു അവൻ തുടച്ച് മാറ്റി.

ആ എനിക്കറിയാൻമേല. അന്നമ്മച്ചി എന്തേലും കഴിക്കാനെടുത്തെ വിശന്നിട്ടു പാടില്ല. അവൻ അലസമായി പറഞ്ഞു കൊണ്ട് കുപ്പി തിരിച്ച് ഫ്രിഡ്ജിൽ കയറ്റി. 

ഈ പെൺകൊച്ചു ആ കെവി മോനെ എങ്ങനെ താങ്ങുവോ എന്തോ?

അന്നമ്മച്ചി അവസാനം പിറുപിറുത്തതാണെങ്കിലും സിദ്ധിയും എബിയും അത് വ്യക്തമായി കേട്ടിരുന്നു.
സിദ്ധി ഒരു ചമ്മലോടെ കണ്ണൊന്നു പാളി എബിയുടെ നേരെ നോക്കിയതും അവന് പിറകിൽ എല്ലാം കേട്ടുകൊണ്ട് കെവിൻ നിൽപ്പുണ്ടായിരുന്നു.

കെവിന്റെ കണ്ണുകൾ വന്നപ്പോഴേ സിദ്ധിയിലായിരുന്നു.  അവൾ അപ്പോൾ മാത്രമാണ് അവനെ കണ്ടത്. അവന്റെ പൂച്ചക്കണ്ണുകളുടെ തീഷ്ണതയിൽ 
ഒരു പിടച്ചിലോടെ സിദ്ധി കണ്ണുകൾ വെട്ടിച്ചു മാറ്റി പെട്ടന്ന് തന്നെ പ്ലേറ്റുമായി തിരിഞ്ഞു നിന്നു.

എബി അന്നമ്മച്ചിയുടെ പറച്ചിൽ കേട്ട് ഒരു നാണച്ചിരിയോടെ തിരിഞ്ഞു നോക്കിയതും കെവിനെ കണ്ടു. അതോടെ അവന്റെ ചിരിയും നിന്നു.

അന്നമ്മച്ചി കഴിക്കാനെടുക്ക്. എബിയെ ഒന്നിരുത്തി നോക്കി അന്നമ്മയോടായി വിളിച്ചു പറഞ്ഞിട്ട് കെവിൻ പോയി ഡയനിംഗ് ടേബിളിൽ ഇരുന്നു.

ജോയലും കൂടെ ഇറങ്ങി വന്നതും അവർ മൂന്ന് പേരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അന്നമ്മച്ചി ഓരോന്ന് സംസാരിച്ച് അവർക്ക് ആവശ്യമുള്ളതൊക്കെ വിളമ്പി കഴിപ്പിച്ച്കൊണ്ട് അവരുടെ കൂടെത്തന്നെ നിന്നു. അപ്പോഴും സിദ്ധി ഡയനിംഗ് ടേബിളിലെ സംസാരമൊക്കെ കേട്ട് അടുക്കളയിൽ താളം ചവിട്ടി നിന്നു.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

വൈകുന്നേരത്തോടടുത്തപ്പോൾ കെവിന്റെ ഗെസ്റ്റ്ഹൌസിനു മുന്നിലായി ഒരു ഓട്ടോ വന്നു നിന്നു.

അതിൽ നിന്ന് പച്ചക്കളറിലുള്ള ഒരു പട്ടുസാരി ഉടുത്ത് വെളുത്തു അത്യാവശ്യം തടിയൊക്കെയുള്ളൊരു പെൺകുട്ടി വന്നിറങ്ങി.

കയ്യിലിരുന്ന പേഴ്സിൽ നിന്ന് കാശെടുത്തു അവൾ ഓട്ടോക്കാരന് കൊടുത്തു ബാക്കി മേടിച്ച് പേഴ്സിൽ തിരുകി. ഓട്ടോയുടെ പിറകിലെ സീറ്റിൽ ഇരുന്ന കോളേജ് ബാഗ് എടുത്ത് തോളിൽ തൂക്കി ഗേറ്റിനു നേരെ നടന്നു.

ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ മുറ്റത്ത്‌ കിടക്കുന്ന കാറ് കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി ചുണ്ടിൽ ആരെയും മയക്കുന്ന രീതിയിൽ ഒരു കള്ളച്ചിരി തെളിഞ്ഞു. 

കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼

പണി വരുന്നുണ്ടവറാച്ചാ. പക്ഷെ ആർക്കുള്ളതാണെന്നറിയില്ല 😂😂😂😂


ഈണമായ്‌ 11

ഈണമായ്‌ 11

4.6
586

വൈകുന്നേരത്തോടടുത്തപ്പോൾ കെവിന്റെ ഗെസ്റ്റ്ഹൌസിനു മുന്നിലായി ഒരു ഓട്ടോ വന്നു നിന്നു.അതിൽ നിന്ന് പച്ചക്കളറിലുള്ള ഒരു പട്ടുസാരി ഉടുത്ത് വെളുത്തു അത്യാവശ്യം തടിയൊക്കെയുള്ളൊരു പെൺകുട്ടി വന്നിറങ്ങി.അവൾ കയ്യിലിരുന്ന പേഴ്സിൽ നിന്ന് കാശെടുത്തു ഓട്ടോക്കാരന് കൊടുത്തു ബാക്കി മേടിച്ച് പേഴ്സിൽ തിരുകി. ഓട്ടോയുടെ പിറകിലെ സീറ്റിൽ ഇരുന്ന കോളേജ് ബാഗ് എടുത്ത് തോളിൽ തൂക്കി.ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ മുറ്റത്ത്‌ കിടക്കുന്ന കാറ് കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ആരെയും മയക്കുന്ന രീതിയിൽ ഒരു കള്ളച്ചിരി തെളിഞ്ഞു.അവളുടെ കാലുകളുടെ ചലനം വേഗത്തിലായി. ഒര