ഈണമായ് 13
സിദ്ധിയുമായി നിൽക്കുന്ന ഫോട്ടോ എടുത്ത് കെവിൻ അപ്പോൾ തന്നെ മുകളിൽ റൂമിലേക്ക് പോയി.
ഒരുനിമിഷം ഒരു ആശങ്കയോടെ ചിന്തിച്ച് നിന്നിട്ട് ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്ന് തുടങ്ങിയ സോഷ്യൽ മീഡിയയിൽ എല്ലാം അവൻ ആ ഫോട്ടോ പോസ്റ്റ് ചെയ്തു.
ഓരോ പോസ്റ്റിനൊപ്പവും \" my girl \" എന്നും \"my wife \" എന്നുമൊക്കെ ഉള്ള അടിക്കുറിപ്പുകളോടെയാണ് അവൻ അത് പോസ്റ്റ് ചെയ്തത്.
ഏതെങ്കിലും വഴിയിലൂടെ പാർത്ഥസാരഥി അത് കാണണം എന്നൊരു ചിന്ത മാത്രമായിരുന്നു അവന്റെ ഉള്ളിൽ.
പോസ്റ്റ് ചെയ്തു സെക്കന്റുകൾക്കുള്ളിൽ
ജോയൽ കെവിന്റെ റൂമിലെത്തി.
കട്ടിലിൽ ചാരി വലതു കൈ കണ്ണിനു കുറുകെ വച്ച് കിടക്കുവാണ് കെവിൻ.
കെവി...
ജോയലിന്റെ വിളിയിൽ കെവിൻ കണ്ണു തുറന്നു അവനെ ഒന്ന് നോക്കി എഴുന്നേറ്റിരുന്നു.
എടാ ഉടനെ എല്ലാരും ഇതറിയും. മമ്മയും കുടുംബക്കാരും എല്ലാവരും. നീ മമ്മയോട് എന്താ പറയാൻ പോണത്.
കെവിൻ എന്താ പറയുക എന്നൊരു നിശ്ചയം ഇല്ലാത്തത് കൊണ്ട് ജോയലിന് ആ കാര്യത്തിൽ ഒരു വ്യാകുലത ഉണ്ടായിരുന്നു.
ജോയൽ പറഞ്ഞു നാക്കെടുത്തില്ല ആ ക്ഷണം തന്നെ കെവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
വിളിച്ചത് ആരെന്നു പോലും നോക്കാതെ കെവി അത് കട്ട് ചെയ്തു വിട്ടു.
കട്ട് ചെയ്യും തോറും ഫോണിൽ പരിചയക്കാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ കാളുകൾ തുടരെ തുടരെ വന്നുകൊണ്ടിരുന്നു.
ആർക്കും നൽകാൻ വ്യക്തമായ ഒരു മറുപടിയും അവന്റെ പക്കലില്ലായിരുന്നു.
മാത്രമല്ല അതിനൊട്ടു താൽപ്പര്യവും അവനില്ലായിരുന്നു.
അത്കൊണ്ട് കെവിൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
കെവിനെ ഫോണിൽ കിട്ടാതായപ്പോൾ വിശ്രമം ഇല്ലാതെ ജോയലിന്റെയും എബിയുടെയും ഫോണിലേക്ക് ആയി പല കോളുകളും.
വേണ്ടപ്പെട്ട കോളുകൾക്ക് മാത്രം ജോയലും എബിയുംഎടുത്ത് മറുപടി കൊടുത്തു.
അതും കല്യാണം കഴിഞ്ഞെന്നും പെട്ടന്നായിരുന്നു എന്നും മാത്രം.
എത്ര അടുപ്പമുള്ളവർ ആയാലും അതിൽ കൂടുതൽ ഒന്നും ആരോടും പറയാനും നിന്നില്ല രണ്ടു പേരും.
ഡെന്നിച്ചന്റെ കോൾ വന്നപ്പോൾ മാത്രം ജോയലിനു എടുത്ത് സംസാരിക്കാൻ ഒരു സങ്കോജം തോന്നി.
എങ്കിലും രണ്ടാമത് വീണ്ടും വിളിച്ചപ്പോൾ അവൻ എടുത്തു.
കെവി എവിടെ ജോയലെ? അവന്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ?
എന്തൊക്കെയാ ഈ കേൾക്കുന്നെ. ഇതിൽ എന്തേലും സത്യമുണ്ടോ. അവന്റെ കല്യാണം കഴിഞ്ഞോ.?
ഏതാ അവന്റെ കൂടെ നിൽക്കുന്ന ആ പെൺകുട്ടി.?
നിന്നെ അങ്ങോട്ടൊന്ന് വിളിക്കാൻ ഒരു മണിക്കൂറ് കൊണ്ട് ഞാൻ ശ്രമിക്കുവാ. അതിന് പോലും സമ്മതിക്കാതെ ഓരോരുത്തരും ഒരു സ്വസ്ഥത തരാത്ത രീതിയിൽ വിളിച്ച് കൊണ്ടിരിക്കുവാ.
അവന്റെ കല്യാണം കഴിഞ്ഞോ എന്നും ആരെയും അറിയിക്കാതെ നടത്തിയത് മോശമായിപ്പോയെന്നും പറഞ്ഞു പരാതി പറച്ചിലാ ബന്ധുക്കളൊക്കെ വിളിച്ചിട്ട്.
ഞാനും നിന്റെ മമ്മിയും ചേട്ടത്തിയൊക്കെ ഓരോരുത്തരോട് മറുപടി കൊടുത്തു കൊടുത്ത് ഒരു വഴിയായി.
ഇതിനിടക്ക് കഴിഞ്ഞത് കഴിഞ്ഞു പാർട്ടി വേണമെന്ന് പറഞ്ഞ് ഒരു ചെരപ്പും ഇല്ലാത്ത വേറെ കൊറേ എണ്ണം.
ദേ ഇപ്പോഴും എന്റെ ഫോണിൽ കോള് വന്നിട്ടിരിക്കുവാ. ഇതിനൊക്കെ ഞാനെന്തു മറുപടി കൊടുക്കുമെന്നൊന്ന്
പറഞ്ഞ് താ നിങ്ങള്.
ഡെന്നി കേട്ടത്തിന്റെയും കണ്ടതിന്റെയും ഒക്കെ അമ്പരപ്പിലും. തുടരെ തുടരെ ഫോണെടുത്ത് ഉത്തരം പറഞ്ഞുള്ള മടുപ്പിലും ഉള്ള ദേഷ്യം അപ്പാടെ ജോയലിനു നേരെ കൊട്ടിതീർത്തു.
അത്.. പപ്പാ...ഒക്കെ ഞാൻ പറയാം പപ്പയെ നേരിട്ട് കാണുമ്പോൾ. അല്ലാതെ ഫോണിൽ കൂടെ പറഞ്ഞാൽ ശെരിയാകില്ല.
ജോയൽ ഫോണിൽ കൂടെ എങ്ങനെ പറഞ്ഞ് അവരെ കാര്യങ്ങൾ ബോധ്യപെടുത്തും എന്ന സന്ദേഹത്തിലായിരുന്നു.
എന്നാ എന്റെ പൊന്നുമോനും ആരും അറിയാതെ ഈ പോക്രിത്തരമൊക്കേകാണിച്ചു വച്ചേക്കുന്ന നിന്റെ ചേട്ടായിയും കൂടെ പറയാനുള്ളതൊക്കെ എന്നതാണെന്നു വച്ചാ തയ്യാറാക്കി നിന്നൊ. ഞാൻ അങ്ങോട്ട് വന്നോണ്ടിരിക്കുവാ . ഞാൻ മാത്രമല്ല ഞങ്ങളെല്ലാവരും.
ചേട്ടത്തി ആകപ്പാടെ ഒരു സമാധാനം ഇല്ലാതിരിക്കുവാ. അത് നീ അവനോടൊന്നു പറഞ്ഞേരെ.
കൂടുതലൊന്നും പറയാൻ നിൽക്കാതെ ഡെന്നി ഫോൺ വച്ചു.
പപ്പയാ. അവരിങ്ങോട്ട് തിരിച്ചുവെന്ന് തന്റെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന കെവിനോട് ജോയൽ പറഞ്ഞു.
വരട്ടെ എപ്പോഴായാലും അറിയണമല്ലോ
മമ്മയെ ഓർക്കുമ്പോൾ മാത്രം ചെറിയൊരു വിഷമം. കെവിൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.
🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼
ഇതേ സമയം താഴെയാണെങ്കിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതും ഒന്നിനെ കുറിച്ചും യാതൊരറിവും ഇല്ലാതെ സിദ്ധി ആലിയുടെ വാതോരാതെയുള്ള സംസാരവും കേട്ട് അങ്ങനേ ഇരിക്കുവാണ്.
കെവിനാണ് സിദ്ധിയെ കല്യാണം കഴിച്ചത് എന്ന് അറിഞ്ഞശേഷം ഉടനെ തന്നെ ആലി സിദ്ധിയെ വന്ന് കണ്ടിരുന്നു.
സ്വമനസാലെ സിദ്ധിക്ക് നാത്തൂന്റെ പദവിയും കൊടുത്തു അവൾ.
കുറഞ്ഞ നിമിഷം കൊണ്ട് തന്നെ ആലിക്ക് അവളെ ഒത്തിരി ഇഷ്ടപ്പെട്ടു.
സിദ്ധിക്കും ശെരിക്കും ഇന്നലെ മുതൽ ഇന്ന് ഈ നേരം വരെ ഇല്ലാതിരുന്ന ഒരു പോസിറ്റീവ് വൈബ് തോന്നി അലിയുടെ കൂടെ ഇരിക്കുന്ന നേരം.
ആലി ഇന്നലെ പോയ കല്യാണത്തിന്റെ ഫോട്ടോസ് ഒക്കെ സിദ്ധിക്ക് കാണിച്ചു കൊടുക്കുകയും. അവളുടെ കൂട്ടുകാരികളെ ഒക്കെ പരിചയപ്പെടുത്തി കൊടുക്കുകയുമൊക്കെയാണ്.
ഓരോ ഫോട്ടോസ് മാറി മാറി വരുമ്പോഴും ഓരോ കഥയുണ്ടാകും ആലിക്ക് പറയാൻ.
ഒരു പുഞ്ചിരിയോടെ അവളെ കേൾക്കുമ്പോഴും ഇങ്ങനെ നിർത്താതെ സംസാരിക്കാൻ ഇവൾക്ക് വാ കഴക്കുന്നില്ലേ എന്ന് പോലും തോന്നിപ്പോയി സിദ്ധിക്ക്.
ഇതിനിടയ്ക്ക് ഫോണിൽ വാട്സാപ്പ് നോക്കിയപ്പോഴാണ് ആലി കെവിന്റെ സ്റ്റാറ്റസ് കാണുന്നത്.
ഹയ് ഇതു കൊള്ളാലോ ഇത് എപ്പോഴാ എടുത്തേ. ഇത് ഈ മുറിയല്ലേ ഈ ഡ്രെസ്സും. ഇരിക്കുന്ന മുറിയിലും ഒന്നാകെ നോക്കി സിദ്ധി ഇട്ടിരിക്കുന്ന ഡ്രസ്സിലേക്കും കണ്ണ് ചലിപ്പിച്ചു കൊണ്ട് സിദ്ധി വീണ്ടും ഫോണിലേക്കു നോക്കി
ഡ്രസ്സ് മാറാൻ ഞാനൊന്ന് വീട്ടിൽ പോയപ്പോ ഇവിടെ ഇതായിരുന്നു അല്ലേ പരിപാടി കൊച്ച് കള്ളി.
ആലി സിദ്ധിയുടെ ഇടുപ്പിലൊന്നു ഇക്കിളി കൂട്ടി.
ഒന്നും മനസിലാകാതെ സന്ദേഹത്തോടെ നെറ്റിയിൽ വരകൾ വീഴുമ്പോഴും. ആലിയുടെ വിരലുകളുടെ കുസൃതിയിൽ.
സിദ്ധി ഒന്ന് പുളഞ്ഞു ചിരിച്ചു.
ഇത് ഇന്നെടുത്തതാണല്ലേ? ഫോൺ സിദ്ധിക്ക് നേരെ തിരിച്ച് കാണിച്ച് ആലി ചിരിച്ചു.
നേരത്തെ കെവിന്റെ ഫോണിൽ ഒറ്റ നോട്ടം കണ്ടതാണെങ്കിൽ കൂടി സിദ്ധി അത് കയ്യിലേക്ക് വാങ്ങി അതിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
സ്റ്റാറ്റസിന് താഴെ \" my girl ❤\" എന്നെഴുതിയിരിക്കുന്നതിൽ അവളുടെ കണ്ണുകളുടക്കി നിന്നു.
അത് കണ്ടപ്പോൾ അവൾക്കൊരു വല്ലായ്മ തോന്നി.
ഇതിനാവും കുറച്ചുമുന്നേ വന്ന് അവൻ ഫോട്ടോ എടുത്തതെന്നു അവൾക്ക് മനസിലായി.
ഇത് കണ്ടാൽ തന്റെ ഏട്ടൻ തിരിച്ചു വരുമെന്ന് അയാൾ കരുതുന്നുണ്ടാവും.
സത്യമാണ് ഇത് കണ്ടാൽ ഈ ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഏട്ടൻ ഉറപ്പായും തിരിച്ചുവരും എന്നവൾക്കും തോന്നി.
ഫോട്ടോയ്ക്ക് താഴെയായി ആരെയോ കാണിക്കാൻ എന്ന പോലെ എഴുതിയിരുന്ന വെറും വാക്കുകൾ.
അവൾ ഒന്നു മനസ്സിൽ പറഞ്ഞു നോക്കി. എന്തോ അത് ഉൾക്കൊള്ളാൻ കഴിയാത്ത പോലെ തോന്നി അവൾക്ക്.
തന്റെ ഇഷ്ടദേവന് മുന്നിൽ വച്ച് തന്റെ കഴുത്തിൽ താലികെട്ടിയവൻ തന്നെയാണ്. എന്നിരുന്നാലും പ്രതീക്ഷിക്കാതെ കഴുത്തിൽ വീണ താലിയോടും അതിന്റെ അവകാശിയോടും ഒട്ടും യോജിക്കാൻ കഴിയാത്തത് പോലെ.
ദേ നോക്കിയേ വാട്സാപ്പിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ ഉണ്ട്.
ഈ മസിലും പിടിച്ചു നടക്കുന്ന കെവിച്ചായൻ ഇത്രക്ക് റൊമാന്റിക് ആയിരുന്നു ഞാനറിഞ്ഞില്ലല്ലോ എന്റെ
മാതാവേ. കെവിനെ കുറിച്ച് ഇങ്ങനൊന്നും ചിന്തിച്ചു കൂടെ നോക്കിയിട്ടില്ലാത്ത ആലിക്ക് ആ ഫോട്ടോ കാണും തോറും ചിരിയാണ്.
എന്തായാലും എന്നാ ഒരു ലുക്കാ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും.
ആലി വളരെ ഉത്സാഹത്തോടെ ഫോട്ടോക്ക് താഴെയുള്ള ഓരോ കമെന്റും
വായിച്ച് വലിയ ചിരിയാണ്.
അന്നമ്മച്ചി വന്നപ്പോൾ ആ ഫോണും കൊണ്ട് അന്നമ്മച്ചിയുടെ പിറകെ ഓടി അവർക്കും കാട്ടിക്കൊടുക്കുന്നുണ്ടായിരുന്നു അവൾ.
അന്നമ്മച്ചിക്ക് അത് കണ്ടപ്പോൾ നാണമാണ് തോന്നിയത്. അവർ ഒളി കണ്ണിട്ടു സിദ്ധിയെ നോക്കിയിട്ട് ചിരിച്ചു കൊണ്ട് വേഗം അടുക്കളയിലേക്ക് പോയി.
അവരുടെ ആ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ സിദ്ധിക്കും ഒരു ചടപ്പ് തോന്നി.
🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼
രാത്രി അത്താഴം കഴിക്കാൻ ആണുങ്ങളെ മൂന്നിനെയും നോക്കിയിരുന്നു കാണാതായപ്പോൾ സിദ്ധിക്കും ആലിക്കും വിളമ്പി അവരോടൊപ്പം അന്നമ്മച്ചിയും ഇരുന്ന് കഴിച്ചു.
സിദ്ധി ഉള്ളതുകൊണ്ട് ഉച്ചക്ക് അന്നമ്മച്ചിയുടെ വക വിഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.
അവൾക്ക് തൈരും അച്ചാറുമായാലും മതിയെന്ന് പറഞ്ഞിട്ടും കേൾക്കാതെ. രാവിലെ സ്റ്റാൻലിച്ചായനെ മാർക്കറ്റിൽ പറഞ്ഞ് വിട്ട് മലക്കറിയൊക്കെ വാങ്ങിപ്പിച്ചു. ഉച്ചക്ക് സാമ്പാറും അവിയലും കാച്ചിയ മോരും പപ്പടവുമൊക്കെയായി ഒരടിപൊളി ഊണ് തന്നെ അവൾക്ക് ഉണ്ടാക്കി കൊടുത്തു അന്നമ്മച്ചി.
രാത്രിയിലേക്കും അവൾക്കതുതന്നെ മതിയെന്നു പറഞ്ഞത് കൊണ്ട്. ബാക്കി ഉള്ളവർക്ക് ചപ്പാത്തിയും ചിക്കനും ഉണ്ടാക്കി.
ആഹാരം കഴിച്ച് ആലിയും സിദ്ധിയും മുറിയിലേക്ക് പോയപ്പോൾ ജോയലും എബിയും കൂടെ കഴിക്കാൻ വന്നു.
കെവി മോൻ എവിടെ? അന്നമ്മച്ചി ജോയലിനോട് തിരക്കി.
അവൻ ഉച്ചക്ക് കഴിച്ചത് ഒത്തിരി കൂടി പോയെന്ന്. ഫ്രൂട്സ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മതിയെന്ന്.
സ്റ്റാൻലി കൊണ്ട് തന്ന പഴുത്ത മാങ്ങ ഇരിപ്പുണ്ട് അതരിഞ്ഞു കൊടുക്കാം. അന്നമ്മച്ചി അതിനായി അടുക്കളയിലേക്ക് പോയി.
വേണോന്നുള്ളത് എടുത്ത് കഴിച്ചേക്കണേ മക്കളേ. അന്നമ്മ പോകുന്ന പോക്കിന് വിളിച്ചു പറഞ്ഞു.
ജോയൽ മൂന്ന് ചപ്പാത്തി പ്ലേറ്റിലേക്കു നിരത്തി വച്ച്. അതിന് നടുക്കായി അന്നമ്മച്ചി സ്പെഷ്യൽ വറുത്തരച്ച കോഴിക്കറി കോരിയൊഴിച്ചു.
ജോയൽ ഡെക്കറേറ്റ് ചെയ്യുന്ന സമയത്തിന് എബി ഒരു ചപ്പാത്തി കഴിച്ചു കഴിഞ്ഞിരുന്നു.
ഇതൊക്കെ എങ്ങോട്ട് പോകുന്നപ്പാ? എബിയുടെ പ്ലേറ്റിലേക്ക് നോക്കി ജോയൽ ഒന്ന് നിശ്വസിച്ചു.
നിന്നെ പോലെ ബിസിനെസ്സ് എന്നും പറഞ്ഞ് AC വച്ച ഓഫീസിൽ ദേഹമനങ്ങതെ ഇരിക്കുവല്ല ഞാൻ. നന്നായിട്ട് ശരീരം വിയർക്കേ അധ്വാനിക്കുന്നുണ്ട്. എബി അവനെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ട് കഴിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു.
പിന്നേ ഒരധ്വാനി കെവിന്റെ കൂടെ ജിമ്മിൽ പോയി വിയർക്കുന്നതല്ലേ? അല്ല ഞാൻ അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ. എന്തിനാ ഇത്ര കഷ്ടപ്പെട്ടു നീ ഇങ്ങനെ ഉരുട്ടി കേറ്റി വയ്ക്കുന്നത്.
ജോയൽ ചിക്കന്റെ കാല് കടിച്ചു പറിച്ചു കൊണ്ട് വേറെ പണിയില്ലേ എന്നുള്ള പോലെ എബിയെ നോക്കി.
മോനെ ജോ മോനെ അസൂയ പാടില്ല . ഒരുമിച്ചുള്ളപ്പോൾ നിന്നെയും വിളിക്കാറില്ലേ വർക്ക് ഔട്ട് ചെയ്യാൻ. പോത്തുപോലെ കിടന്നുറങ്ങിയിട്ടല്ലേ.
ഇല്ലേൽ പണ്ടേക്കു പണ്ടേ നിന്റെ ശരീരത്തിലുള്ള നെയ്യെല്ലാം കൂടെ ഉരുക്കിക്കളഞ്ഞ് സിക്സ് പാക്കുമായിട്ടു നടക്കാമായിരുന്നില്ലേ. ജോയലിന്റെ അൽപ്പം തടിച്ചുരുണ്ട ശരീരം നോക്കി എബി പറഞ്ഞു.
നീയും രണ്ടു കൊല്ലമായല്ലോ കിടന്നു വിയർക്കുന്നത് എന്നിട്ട് നിനക്ക് ഞാൻ കണ്ടില്ലല്ലോ പേരിനു പോലും ഒരു പേക്ക്.
എടാ അത് നടക്കാഞ്ഞിട്ടല്ല ഞാൻ ശ്രെമിക്കാഞ്ഞിട്ടാ. അത്യാവശ്യം അഞ്ചെട്ടുപേര് വന്നാൽ ഒറ്റയ്ക്ക് പൊരുതി നില്ക്കാനുള്ളതൊക്കെ ആയപ്പോൾ ഞാൻ നിർത്തിയതാ. എബി ഇരു കൈകളും ഉയർത്തി തന്റെ ബൈസെപ്സ് കാണിച്ചു കൊണ്ട് ജോയലിനോട് എങ്ങനെ ഉണ്ടെന്നു കണ്ണുകൊണ്ടു ചോദിച്ചു.
ജോയൽ അവനെ മൈന്റ് ചെയ്യാതെ ഫുൾ ശ്രെദ്ധ ചപ്പാത്തിയിൽ കൊടുത്തു.
എബിയുടെ ഹാഫ് കൈ ടീഷർട്ടിൽ പൊങ്ങി നിൽക്കുന്ന മസിലുകൾ ജോയൽ ശ്രെദ്ധിച്ചില്ലെങ്കിലും. സിദ്ധിയുടെ റൂമിന്റെ വാതിൽക്കൽ നിന്ന് അവനെ തന്നെ നോക്കി നിന്ന ആലി കാര്യമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ശ്... ശ്... ശബ്ദം കേട്ട ഭാഗത്തേക്ക് എബി തിരിഞ്ഞു നോക്കിയപ്പോൾ ആലിയാണ്.
അവൾ ഒരു ചിരിയോടെ കൈകൊണ്ടു 👌സൂപ്പർ എന്ന് കാണിച്ചു.
എബി അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് കൈ താഴ്ത്തിയിട്ടു.
അത് കണ്ടിരുന്നു ചിരിക്കുന്ന ജോയലിനെ ഒന്ന് കനപ്പിച്ചു നോക്കി അവൻ പുറത്തേക്കിറങ്ങി പോയി.
എല്ലാരും ആഹാരമൊക്കെ കഴിഞ്ഞതും അന്നമ്മച്ചിയും ആലിയും വീട്ടിലേക്കു പോകാൻ ഇറങ്ങി.
അവിടന്ന് ഒരു രണ്ടു വീടപ്പുറത്താണ് അന്നമ്മയുടെ വീട്. ഇവിടന്ന് ഉറക്കെ ഒരു വിളി വിളിച്ചാൽ അവിടെ കേൾക്കാം അത്ര അടുത്താണ്.
രണ്ടു പേരും പോകാനിറങ്ങിയപ്പോൾ സിദ്ധിക്ക് ആകെ പ്രയാസമായി.
നാളെ രാവിലെ നീ ഉറക്കം എഴുന്നേൽക്കും മുന്നേ ഞങ്ങളിങ്ങെത്തും അല്ലേ അമ്മച്ചി. ആലി സിദ്ധിയെ ആശ്വസിപ്പിച്ചു.
ജോലിക്കൊക്കെ വിടുമെങ്കിലും ഇവിടെ തങ്ങുന്നതൊന്നും ഇവളുടെ അപ്പച്ചന് പിടിക്കത്തില്ല. ഇന്നലെ പിന്നെ ആലിയും ഇല്ലായിരുന്നു പിന്നെ മോളെ തനിച്ചാക്കാൻ തോന്നിയില്ല. ഇറങ്ങുവാ കേട്ടോ. അന്നമ്മച്ചി അവളുടെ കവിളിൽ തഴുകി യാത്ര പറഞ്ഞു.
റ്റാ.. റ്റാ നാളെ കാണാം കേട്ടോ. ആലിയും കൈ വീശി കാണിച്ചു അന്നമ്മയുടെ പിറകേ നടന്നു.
ഇതേ സമയം ഡെന്നിയുടെ കാറ് ഒരിരമ്പലോടെ ഗസ്റ്റ്‌ഹൗസിന്റെ മെറ്റൽ നിരത്തിയ മുറ്റത്തേക്ക് വന്ന് നിന്നു.
കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼
റിവ്യൂ ഒന്നും കാണുന്നില്ല കേട്ടോ. വളരെ കുറവാണ്.
വായനക്കാരെ വച്ച് നോക്കുമ്പോൾ വളരെ കുറച്ച് റിവ്യൂ ആണ് കിട്ടുന്നത്.
റിവ്യൂ ഇട്ടില്ലെങ്കിലും വായിക്കുന്നവർക്കും ഒത്തിരി നന്ദിയുണ്ട് കേട്ടോ🥰🥰🥰🥰🥰
ഈണമായ് 14
കാറിൽ നിന്നിറങ്ങിയ ഡെന്നിയെയും മോളിയെയും റെയ്ച്ചലിനെയും കണ്ടപ്പോൾ അന്നമ്മ ചിരിയോടെ അവരുടെ സമീപത്തേക്ക് ചെന്നു.അന്നമ്മ അവരെയൊക്കെ കണ്ടിട്ട് ഒത്തിരി നാളായിരുന്നു. അവസാനം എല്ലാവരും ഇവിടെ ഒത്തുകൂടിയത് ഡാനിയേൽ മരിക്കുന്നതിന് രണ്ടു മാസം മുൻപ് മറിയത്തിന്റെ പിറന്നാളിനാണ്.അതിന് ശേഷം എല്ലാവരെയുംകണ്ടത് ഡാനിയേലിന്റെ മരണനന്തര ചടങ്ങുകൾക്ക് ഇവിടത്തെ പള്ളിയിൽ വച്ച് നാട്ടുകാർക്കൊപ്പമാണ്. കുടുംബ കല്ലറ ഇവിടെ ആയത് കൊണ്ടു ഇവിടത്തെ പള്ളിയിലായിരുന്നു അടക്കമൊക്കെ. അതിൽപിന്നെ ഇന്നാണ്.റെയിച്ചൽ പഴയതിനേക്കാളും നന്നായി ക്ഷീണിച്ച പോലെ അന്നമ്മച്ചിക്ക് തോന്നി.