Aksharathalukal

ഒരേയൊരാൾ

 

ഇന്നേക്ക് ഇരുപത് വർഷം. 

ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിലേക്ക് നോക്കി ഞാൻ ഒന്ന് നെടുവീർപ്പിട്ടു. 

ഇനിയെത്ര വർഷം ഇതുപോലെ കാത്തിരിക്കേണ്ടിവരും. ഒടുക്കം കാത്തിരുന്ന് ഒടുവിൽ ഞാനും നിരാശയോടെ കണ്ണടക്കേണ്ടിവര്വോ..

" പാറൂട്ടീ.. എന്റെ ടിഫിൻ ആയോ...??"

സ്കൂളിലേക്ക് പോകാൻ ബാഗുമെടുത്ത് വരുന്നതിനിടയിലുള്ള അച്ചുവിന്റെ ചോദ്യമാണ് ഓർമ്മയിൽ നിന്നെന്നെ ഉണർത്തിയത്. 

" ഇല്ല പൊന്നേ.. ഇപ്പൊ റെഡിയാക്കിത്തരാം.."

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

" പാറൂട്ടി സ്വപ്നം കണ്ട് ഇരിക്ക്വായിരുന്നൂലേ.. ഇപ്പൊ ദിവാസ്വപ്നം കൊറച്ച് കൂടീട്ടുണ്ട്... "

ഒരു കള്ളചിരി ചിരിച്ച് അവളെന്റെ പിന്നാലെ അടുക്കളയിലേക്ക് വന്നു.

" എന്റെ അച്ചൂ.. നീയെന്നെ ഉപദേശിക്കാണ്ട് സ്കൂളിലേക്ക് ചെന്നേ.. ഇതാ ടിഫിൻ..."

ടിഫിനെടുത്ത് അവളുടെ കയ്യിൽകൊടുത്ത് ഞാനവളുടെ കൈയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു.

" എന്നെ പറഞ്ഞയക്കാൻ പാറുവമ്മക്ക് എന്താ തിടുക്കം ലേ.. ഇനിയും ഇവിടിരുന്ന് സ്വപ്നം കാണാണ്ട് പാറൂട്ടി ഓഫിസിലേക്ക് ചെല്ല്.. "

" അച്ചൂ... വേഗം വാ.. ഇന്നും ആ റോബിസാറിന്റെ  കയ്യീന്ന് തല്ലുമേടിക്കാൻ എനിക്കു വയ്യ..." 

ഗേറ്റിന്റടുത്തുനിന്ന് അച്ചൂന്റെ കൂട്ടുകാരി ദിയ വിളിച്ചുപറഞ്ഞു.

" ദേ... വരുന്നു ദിയാ... അപ്പൊ വൈകീട്ടു കാണാവേ പാറൂട്ടീ.."

എന്റെ കവിളിലൊരുമ്മ തന്ന് അവളിറങ്ങിയോടി. ഞാൻ അകത്തേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ പണിക്കരമ്മാവനാണ്. ഇന്നും ഏതെങ്കിലും ആലോചനയും കൊണ്ടുള്ള വരവായിരിക്കും.

" എന്താ പാറുകുട്ട്യേ... ഇന്ന് ഡൂട്ടിക്ക് പോവാനില്ലേ..?"

" ഞാൻ പോകാനിറങ്ങായിരുന്നു പണിക്കരമ്മാവാ.. കയറിയിരിക്കൂ..."

" അച്ചു ഉസ്കൂളിൽ പോയല്ലേ...?" 

അകത്തേക്ക് കയറിയിരിക്കുന്നതിനിടയിൽ പണിക്കരമ്മാവൻ ചോദിച്ചു.

" ആ... അവളിപ്പൊ പോയതേ ഉള്ളൂ... എന്താ അമ്മാവാ വിശേഷിച്ച്...??"

" എത്രകാലാന്ന് വെച്ചിട്ടാ കുട്ട്യേ നീയിങ്ങനെ ഒറ്റക്ക് കഴിയാ... രണ്ടുകൊല്ലം കൂടി കഴിഞ്ഞാ അച്ചൂനെ പറഞ്ഞയക്കാനായി.. അവളെ കെട്ടിച്ചയച്ചാ പിന്നെ നിനക്കാരാള്ളത്...? ചത്തോ ജീവനുണ്ടോ എന്നറിയാത്ത ആ ചെറുക്കനുവേണ്ടി  ഇങ്ങനെ കാത്തിരുന്ന് നിന്റെ ജീവിതം നശിപ്പിക്കണോ...?"

" അമ്മാവാ... എന്റെ ജീവിതം ഞാൻ സ്വപ്നം കണ്ടത് ഉണ്ണിയേട്ടനൊപ്പമാണ്.. ഉണ്ണിയേട്ടനില്ലെങ്കിൽ എനിക്കൊരു ജീവിതം വേണോന്നില്ല്യ.. ഇത് ഞാനെത്രയോ തവണ പറഞ്ഞതല്ലെ.. അമ്മാവന് വേറെന്തേലും പറയാനുണ്ടോ... ഇല്ലെങ്കിൽ ഞാൻ ഓഫീസിലേക്കിറങ്ങട്ടെ.. വൈകും..."

" നിന്നോടെത്ര പറഞ്ഞിട്ടും കാര്യല്ല്യ..."

അമ്മാവനെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.

" അവനിപ്പൊ ബോംബൈയിൽ കുടുംബും കുട്ട്യോളും ആയിട്ട് ജീവിക്ക്ണ്ടാവും... നീയിനിയും അവനെ കാത്ത് നിന്നോ... "

ദേഷ്യം കൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അമ്മാവൻ പുറത്തേക്ക് നടന്നു. ഓഫീസിലേക്ക് പോകാൻ വേണ്ടി ഒരുങ്ങുമ്പോഴും അമ്മാവന്റെ വാക്കുകളായിരുന്നു മനസ്സിൽ. ശരിയാണ്. ഉണ്ണിയേട്ടനു വേണ്ടി ഞാനെന്റെ ജീവിതം നശിപ്പിക്കാണ്. പക്ഷേ, ഉണ്ണിയേട്ടനാണെന്റെ ജീവിതമെന്ന്‌ ഇവർക്കാർക്കും മനസ്സിലാവാത്തതെന്താണ്. ഉണ്ണിയേട്ടന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെല്ലാം ഇപ്പോഴും മാഞ്ഞുപോകാതെ മനസ്സിലുണ്ട്.

" ഉണ്ണിയേട്ടൻ എന്നായാലും തിരിച്ചുവരും എന്നൊരു വാക്ക് താ..."

ബോംബൈക്ക് പോകുന്നതിന്റെ തൊട്ടുമുമ്പ് ഉണ്ണിയേട്ടൻ എന്നെ കാണാൻ വന്നതായിരുന്നു. കൈ നീട്ടിപിടിച്ച് ഞാനങ്ങനെ പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി.

" പാറു.... ഞാൻ..."

" ഉണ്ണിയേട്ടൻ തിരിച്ചുവരുംന്ന്ള്ള വാക്ക് മാത്രം മതി ഇനിക്ക്... വര്വോ..?"

എന്റെ കൈയിൽ കൈ വെച്ച് എന്നെ ചേർത്തു പിടിച്ച് നെറ്റിയിൽ മുത്തം തന്ന് ഉണ്ണിയേട്ടൻ എന്റെ കണ്ണിലേക്ക് നോക്കി.

" ജീവനോടെയുണ്ടെങ്കിൽ പാറൂന്റെ ഉണ്ണിയേട്ടൻ വരും..."

കണ്ണിൽനിന്നും രണ്ട് തുള്ളി ഒലിച്ചിറങ്ങി എന്റെ കവിൾ നനച്ച് താഴേക്ക് വീണു. അന്ന് അകലേക്ക് നടന്നുനീങ്ങിയ ഉണ്ണിയേട്ടന്റെ രൂപം കണ്ണിൽ നിന്നിപ്പോഴും മാഞ്ഞിട്ടില്ല. പിന്നീട് ഇടയ്ക്കിടെ ഉള്ള കത്തുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഒരുദിവസം അതും നിലച്ചു. എനിക്കെന്നല്ല, ഉണ്ണിയേട്ടന്റെ വീട്ടിലേക്കും പിന്നീട് കത്തുവന്നിട്ടില്ല. എന്റെ ജീവിതം അന്ന് തലകീഴായി മറിഞ്ഞപ്പോഴും ഉണ്ണിയേട്ടനെ അറിയിക്കാൻ പോലും ആർക്കും പറ്റിയില്ല. അയക്കുന്ന കത്തുകളെല്ലാം അതുപോലെ തന്നെ തിരിച്ചുവന്നു. അതോടെ കത്തയക്കുന്നതും നിർത്തി, ഉണ്ണിയേട്ടന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പായിരുന്നു. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു.

വീടു പൂട്ടി നേരെ ഓഫീസിലേക്ക് നടന്നു. അച്ഛന് പഞ്ചായത്തിലായിരുന്നു ജോലി. അച്ഛൻ മരിച്ചപ്പോൾ ആ ജോലി എനിക്കു ലഭിച്ചു. ഇപ്പോഴും ഒരല്ലലുമില്ലാതെ പോകുന്നത് ഈ ജോലിയുള്ളതുകൊണ്ടാണ്. ഓഫീസിലെത്തിയതും പെട്ടെന്ന് സമയം നീങ്ങി. ജോലിക്കിടയിൽ ചിന്തിച്ചിരിക്കാൻ സമയമില്ലല്ലൊ.

വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഉണ്ണിയേട്ടന്റെ വീട്ടിലൊന്ന് കയറാൻ തോന്നി. ഉണ്ണിയേട്ടന്റെ അമ്മ മരിച്ചതിൽ പിന്നെ അങ്ങോട്ടേക്ക്‌ പോയിട്ടില്ല. അവരും ഞാനും മാത്രമായിരുന്നു ഉണ്ണിയേട്ടനുവേണ്ടി കാത്തിരുന്നത്. മറ്റുള്ളവരെല്ലാം അവരുടെ ജീവിതം ആയപ്പോൾ ഉണ്ണിയേട്ടനെ മറന്നു. എന്നേയും അച്ചൂനെയും ഒറ്റക്കാക്കി എല്ലാരും പോയപ്പോളും എനിക്ക്‌ താങ്ങായി നിന്നത് ഉണ്ണിയേട്ടന്റെ അമ്മയായിരുന്നു.
 
അവിടെയെത്തിയപ്പോ ഉണ്ണിയേട്ടന്റെ അനിയത്തി ലക്ഷ്മി മുറ്റത്തുതന്നെ ഉണ്ട്‌. വഴിയിൽ നിന്ന് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. അൽപം നടന്നതും ലക്ഷ്മി പാറ്വേച്ചി ഒന്ന് നിൽക്കൂ എന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.

" എന്താ ലക്ഷ്മി...?"

" പാറുവേച്ചീ... ഇനിയും ഉണ്ണിയേട്ടനെ ഓർത്ത് ജീവിതം കളയരുത്... ഇത്രയും കാലം വരാതിരുന്ന ആൾ ഇനി വരുമെന്ന് എന്ത് ഉറപ്പാണുള്ളത്... ഞാൻ പറയുന്ന കാര്യം ഇഷ്ടമല്ല എന്നറിയാം.. ചേച്ചിക്ക് ഒരു നല്ല ജീവിതം കിട്ടണമെന്ന ആഗ്രഹം കൊണ്ടാണ്.. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടിയത് എന്റെ ചേട്ടന്റെ ഭാഗ്യമാണ്... പക്ഷെ, ചേട്ടൻ അത് മനസ്സിലാക്കിയിട്ടില്ല... ഞാൻ പറഞ്ഞത് ചേച്ചി ഒന്ന് കേൾക്കണം..."

" ലച്ചൂ, ഉണ്ണിയേട്ടനാണ് എന്നും എന്റെ ഹൃദയത്തിലുള്ളത്... അവിടെ മറ്റൊരാളെ സ്ഥാപിക്കാൻ ഈ ജന്മം എനിക്കു കഴിയില്ല... എന്നോട് മോൾ ക്ഷമിക്കണം..."

കൂടുതലൊന്നും പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു. അകത്തുകയറി സോഫയിൽ കണ്ണടച്ചിരുന്നു. എല്ലാവരും ഇത് തന്നെ പറയുമ്പോഴാണ് ഉള്ള് നീറുന്നത്. എനിക്കു വാക്കുതന്നതല്ലെ ഉണ്ണിയേട്ടാ..
 
" വാതിൽ തുറന്നിട്ട് സോഫയിൽ ഉറങ്ങാണോ.. ഇത് നല്ല കഥ.. എന്റെ പാറൂട്ടിയേ ആരേലും എടുത്തോണ്ട് പോയാലോ.."

കണ്ണ് തുറന്നപ്പൊ എന്നെ നോക്കി ചിരിക്കുന്ന അച്ചൂനെയാണ് കണ്ടത്. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവളടുത്തുവന്നിരുന്നു.

" എന്താ എന്റെ പാറൂന് പറ്റിയത്... ഇന്നാകെ മൂഡ്ഓഫാണല്ലൊ... ഞാൻ രാവിലെ കളിയാക്കിയതാണോ.. സോറി..."

" അല്ല.. മോളെ... നിനക്കറിയോ ഉണ്ണിയേട്ടൻ പോയിട്ട് ഇന്നേക്ക് ഇരുപത് വർഷമായി..."

" ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ എന്റെ പാറൂനു മാത്രേ കഴിയൂ... ഉണ്ണിയങ്കിൾ... യൂ ആർ ദ ലക്കിയസ്റ്റ് മാൻ ഇൻ ദി വേൾഡ്..."

ഞാനൊന്നു ചെറുതായി ചിരിച്ചു.

" ഇന്ന് പണിക്കരമ്മാവൻ വന്നിരുന്നു... വരുന്നവഴിക്ക് ലച്ചൂനേം കണ്ടു.. അവർക്കൊക്കെ ഉണ്ണിയേട്ടനെ മറക്കുന്ന കാര്യം മാത്രേ പറയാനുള്ളൂ.. ഞാൻ അത് ചെവികൊള്ളാത്തതിന് ചീത്ത വിളിച്ചാണ് പണിക്കരമ്മാവൻ പോയത്..."

" എന്റെ പാറൂട്ടി.... അവരൊക്കെ പറഞ്ഞോട്ടെ.. എന്റെ പാറൂന്റെ ജീവനാണ് ഉണ്ണിയങ്കിളെന്ന് ഞാനല്ലേ മനസ്സിലാക്കിയിട്ടുള്ളൂ.. അവർക്കാർക്കും പാറൂട്ടിയേ ഉപദേശിക്കാനുള്ള അർഹതയില്ല.. എന്റെ പപ്പേടേം മമ്മേടേം മുഖം പോലും എനിക്കോർമ്മല്ല്യ.. എന്നിട്ടും പാറൂട്ടി എനിക്കെന്ത് കൊറവാ വരുത്തിയേ.. എനിക്കും ഉണ്ണിയങ്കിളിനും വേണ്ടിയല്ലേ പാറൂട്ടി ജീവിച്ചത്... "

ശരിയാണ്. അച്ചൂന് ഒരുവയസ്സുള്ളപ്പോഴാണ് ഒരാക്സിഡന്റിൽ അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും മരിച്ചത്. അമ്മയെ ഡോക്ടറെ കാണിക്കാൻ വേണ്ടി അച്ചൂനെ എന്റെ കൈയിൽ ഏൽപ്പിച്ചു പോയതായിരുന്നു. പക്ഷെ, പിന്നീട് ആരും തിരിച്ചുവന്നില്ല. എല്ലാം നഷ്ടപ്പെട്ട്‌ വിഷാദരോഗിയായി മാറുമായിരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് അച്ചുവായിരുന്നു. അച്ഛന്റെ ജോലി കൂടെ കിട്ടിയതോടെ ഞാനവൾക്ക് അമ്മയും അച്ഛനും എല്ലാമായി. അച്ചൂന് വേണ്ടിയല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇവിടെ എത്തില്ലായിരുന്നു.

" പാറൂട്ടി വെഷമിക്കണ്ട... ഇത്രേം സ്നേഹവുമായിട്ട് പാറൂട്ടി കാത്തിരിക്കുമ്പോ ഉണ്ണിയങ്കിളിന് വരാണ്ടിരിക്കാൻ പറ്റില്ല... ഉണ്ണിയങ്കിൾ വരും..."

എനിക്കൊരുമ്മ തന്ന് അവളകത്തേക്ക് നടന്നു. 

" ഞാൻ ഗേറ്റടച്ചിട്ടില്ല... സന്ധ്യയാവാറായി.. പാറൂട്ടി അടക്കൂലേ... പ്ലീസ്..."

മുറിയിലേക്ക് കയറി അവൾ വിളിച്ചുപറഞ്ഞു. മനസ്സിലപ്പോ അവളുടെ വാക്കുകളായിരുന്നു. ഉണ്ണിയേട്ടൻ വരും. ചെറിയൊരു പുഞ്ചിരിയോടെ ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഉമ്മറത്തെത്തിയതും ഗേറ്റ് അടക്കുന്ന ശബ്ദം കേട്ടു. ഗേറ്റ് കടന്ന്‌ വീട്ടിലേക്ക് വരുന്ന ഒരു രൂപത്തിൽ എന്റെ കണ്ണുകളുടക്കി. അടുത്തെത്തിയതും കാലം വരുത്തിയ മാറ്റങ്ങൾക്കിടയിലും ഞാൻ ആ മുഖം തിരിച്ചറിഞ്ഞു.

" ഉണ്ണിയേട്ടൻ..."

*******************************

 

✍ ഹബീബ